അതെ, ഫെയ്സ്ബുക്ക് രാഷ്ട്രങ്ങള്‍ക്കും മീതെ തന്നെ

എൻ.പി.രാജേന്ദ്രൻ

ഫെയ്സ്ബുക്കിനെക്കുറിച്ചുള്ള ഏത് ഇംഗ്ലീഷ് ലേഖനത്തിലും കാണാനിടയുള്ള ഒരു പ്രയോഗമുണ്ട്.’ഫെയ്സ്ബുക്ക് ഒരു രാജ്യമായിരുന്നുവെങ്കില്‍ അത് ലോകത്തിലെ ഏറ്റവും വലിയ രാജ്യമാവുമായിരുന്നു’ ! ഈയിടെ മറ്റൊരു വിശേഷണം കൂടി വായിച്ചു. ഫെയ്സ്ബുക്ക് ഒരു മതമായിരുന്നെങ്കില്‍ അത് ക്രിസ്തുമതത്തേക്കാള്‍ വലിയ മതമാകുമായിരുന്നു….

മാനവരാശിയില്‍ മൂന്നിലൊന്ന് -220 കോടി-മാസത്തിലൊരിക്കലെങ്കിലും ഫെയ്സ്ബുക്ക് സന്ദര്‍ശിക്കുന്നു എന്നതില്‍നിന്നാണ് ഈ അതിശയോക്തികളെല്ലാം ജന്മമെടുത്തത്.

പെട്രോളോ മറ്റേതെങ്കിലും ഉപഭോഗവസ്തുവോ വില്‍ക്കുന്ന ഒരു വ്യാപാരസ്ഥാപനമാണ് ഈ വിധം ഫെയ്സ്ബുക്കിനോളമോ അതിലേറെയോ വളരുന്നത് എങ്കില്‍ നമ്മള്‍ അതിനെക്കുറിച്ച് ഇതുപോലെയൊന്നും വേവലാതിപ്പെടുകയില്ല. ഫെയ്സ്ബുക്ക് മനുഷ്യരചനകളാണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്, നമ്മളവിടെ എഴുതുകയും വായിക്കുകയുമാണ് ചെയ്യുന്നത്, ആശയങ്ങളാണ് കൊടുക്കുന്നതും വാങ്ങുന്നതും, വാര്‍ത്തകളും അഭിപ്രായങ്ങളുമാണ് ആളുകളില്‍ എത്തിക്കുന്നത്, വ്യക്തികള്‍ എന്ന നിലയിലും സംഘങ്ങളായും ഇതില്‍കൂടി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു,ആത്യന്തികമായി ഇതെല്ലാം രാഷ്ട്രീയമാണ്. ഏറ്റവും വലിയ രാഷ്ട്രമോ ചില അര്‍ത്ഥങ്ങളില്‍ മതംതന്നെയോ ചെലുത്തുന്നതിലേറെ സ്വാധീനം ഈ സാമൂഹ്യമാധ്യമം സമൂഹത്തില്‍ ചെലുത്തുന്നു.

അങ്ങനെ പറയുന്നതിലും ഒരു പ്രശ്നമുണ്ട്. സമൂഹമാധ്യമം എന്ന് ഈ സമ്പ്രദായത്തെ പേരുവിളിക്കുന്നു. ഫെയ്സ്ബുക്ക് ഒരു മാധ്യമമാണോ? മാധ്യമപ്രവര്‍ത്തനത്തിന്റെ നിര്‍വചനങ്ങളില്‍ പെടുന്ന ഒരു പ്രവര്‍ത്തനവുമല്ല ഫെയ്സ്ബുക്ക് നടത്തുന്നത്. അവര്‍ സ്വന്തമായി ഒരു ലേഖനം പോലും എഴുതുന്നില്ല, എഴുതിക്കുന്നില്ല, പ്രസിദ്ധീകരിക്കുന്നില്ല. സക്കര്‍ബര്‍ഗ് ഒന്നിന്റെയും ചീഫ് എഡിറ്ററല്ല. ആ സ്ഥാപനത്തില്‍ എഡിറ്റിങ്ങേ ഇല്ല. ഫെയ്സ്ബുക്ക് ഒരു ചുമരു മാത്രമാണ്, ആര്‍ക്കും എന്തും അതിലെഴുതാവുന്ന ചുമര്‍. ഒരു ചുമര്‍ എന്നു പറയുന്നതും തെറ്റ്. ഫെയ്സ്ബുക്ക്  കോടിക്കോടി ചുമരുകളാണ്. ചുമര്‍ എന്ന വാക്കുതന്നെയാണ് അവര്‍ ഉപയോഗിക്കുന്നത.് ഇരുനൂറു കോടി ആളുകള്‍ ഫെയ്സ്ബുക്കില്‍ ഉണ്ടെങ്കില്‍ ഇരുനൂറു കോടി ചുമരുകള്‍ ആണ് ഉള്ളത് എന്നര്‍ത്ഥം. നാട്ടില്‍ ഒരു ചുമരിലെഴുതിയാല്‍ അത് അവിടെ കിടക്കുകയേ ഉളളൂ. ഫെയ്സ്ബുക്കില്‍ എഴുതുന്നത് അമ്പതോ നൂറോ ആയിരമോ ലക്ഷമോ കോടിയോ ചുമരുകളിലേക്ക് ഷെയര്‍ ചെയ്യാം. ഷെയര്‍ എന്നതാണ് സാങ്കേതികപദം. അതേ, നമ്മളാണ് എഴുതുന്നത്, നമ്മളോട് എന്തെങ്കിലും എഴുതാന്‍ അവര്‍ ആവശ്യപ്പെടുന്നില്ല. അവര്‍ ഒന്നിനുമൊപ്പം നില്‍ക്കുന്നില്ല. മുഖപ്രസംഗം എഴുതുന്നില്ല. അതു കൊണ്ടു തന്നെ ഫെയ്സ്ബുക്ക് ഒരു മാധ്യമമല്ല. അതേസമയം, എണ്ണമറ്റ മാധ്യമങ്ങളില്‍ ആയിരക്കണക്കിന് എഴുത്തുകാരും ലേഖകരും എഴുതുന്നതെല്ലാം എടുത്തുവിറ്റ് ഫെയ്സ്ബുക്ക് ലോഡ്കണക്കിനു ഡോളര്‍ സമ്പാദിക്കുകയും ചെയ്യുന്നു!  എല്ലാം നിയമവിധേയമായ പ്രവര്‍ത്തനം തന്നെ.

ഒന്നും സ്വന്തമായി പ്രസിദ്ധപ്പെടുത്തുന്നില്ലെങ്കിലും, സ്ഥാപിച്ച് പതിനാലു വര്‍ഷമാവുമ്പോഴേക്ക് ഫെയ്സ്ബുക്കിന് അമേരിക്കയിലെ മുഴുവന്‍ പത്രങ്ങള്‍ക്ക് ആകെ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ പരസ്യവരുമാനം കിട്ടും എന്നായി. ഇതുകേട്ട ഞെട്ടാനല്ലാതെ പത്രങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും! ഫെയ്സ്ബുക്കിന് വലിയ പരസ്യവരുമാനം കിട്ടുന്നു എന്നതിലല്ല, ഈ വരുമാനത്തില്‍ നല്ലൊരു പങ്ക് പത്രങ്ങളില്‍ നിന്നുള്ള ഉള്ളടക്കം ഉപയോഗിച്ചുണ്ടാക്കുന്നതാണ് എന്നതാണ് മാധ്യമങ്ങളുടെ വലിയ പരിഭവം. ഫെയ്സ്ബുക്ക് ഇതിനു പത്രങ്ങള്‍ക്ക് അര ഡോളര്‍ പോലും പ്രതിഫലം നല്‍കുന്നില്ല. ഫെയ്സ്ബുക്കിന് ലോകത്തൊരിടത്തും ഒരു ലേഖകന്‍ പോലുമില്ല, പക്ഷേ, ഫെയ്സ്ബുക്ക് നിറയെ വാര്‍ത്തയാണ്, അഭിപ്രായമാണ്, ലേഖനമാണ്, ചര്‍ച്ചയാണ്-പണമാണ്.

അവസാനം പറഞ്ഞതാണ്് പ്രധാനം-പണം. പല മാധ്യമങ്ങള്‍ക്കും അതല്ലേ പ്രധാനം എന്നു വേണമെങ്കില്‍ ചോദിക്കാം. അതും സത്യമാണ്. പക്ഷേ, മാധ്യമങ്ങള്‍ക്ക് ജനങ്ങളോട് വേറെയും പല പല ബാധ്യതകളും ഉത്തരവാദിത്തങ്ങളും ഉണ്ട്്. അതു നിറവേറ്റുന്നതിനും നിറവേറ്റാതിരിക്കുന്നതിനും ഇടയിലാണ് അവര്‍ പണമുണ്ടാക്കുന്നത്. അത് മറ്റൊരു വിഷയം-അവിടെ നില്‍ക്കട്ടെ. ഇന്ത്യയില്‍ അതിവിഷം നിറഞ്ഞ വിദ്വേഷപ്രസംഗങ്ങള്‍/ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നത് തടയാന്‍ ഫെയ്സ്ബുക്ക് കൂട്ടാക്കുന്നില്ല എന്നു നമ്മള്‍ വിലപിക്കുന്നതും രോഷം കൊള്ളുന്നതും എന്തിന്റെ അടിസ്ഥാനത്തിലാണ്? ഓഗസ്ത് മാസാദ്യം ഇത് വലിയ വിവാദവുമായി. ഒരു ബി.ജെ.പി എം.പിയുടെ വിദ്വേഷപ്രസംഗം ഫെയ്സ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പ്രഖ്യാപിത നയം അനുസരിച്ചുതന്നെ പ്രസിദ്ധീകരണയോഗ്യമല്ലാത്ത ഉള്ളടക്കമാണ്. പക്ഷേ, അതു എടുത്തുകളയാന്‍ ഫെയ്സ്ബുക്കിന്റെ ഇന്ത്യന്‍ പ്രതിനിധി കൂട്ടാക്കിയില്ല. അങ്ങനെ ചെയ്യുന്നത് ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ക്ക് ഇഷ്ടപ്പെടില്ലെന്നും അത് ഫെയ്സ്ബുക്കിന്റെ വ്യാപാരതാല്പര്യങ്ങളെ ബാധിക്കുമെന്നുമാണ് സ്ഥാപനത്തിന്റെ ഇന്ത്യന്‍ പ്രതിനിധി പറഞ്ഞത്. ഇന്ത്യ സര്‍ക്കാറോ കോടതിയോ വല്ല നടപടിയും എടുത്തോ എന്നു ഫെയ്സ്ബുക്ക് തിരിച്ചുചോദിച്ചാല്‍ നമ്മുടെ ഉത്തരം മുട്ടും. പിന്നെ എന്തിന് ഫെയ്സ്ബുക്കിനെ ശിക്ഷിക്കാന്‍ നടക്കുന്നു. പെറ്റ തള്ളക്ക് ഇല്ലാത്ത നോവ് പോറ്റിയ അയല്‍ക്കാരിക്ക് ഉണ്ടാകുമോ?

ഇതെല്ലാം ഒരു യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നു. ഫെയ്സ്ബുക്ക് ഒരു വാണിജ്യസ്ഥാപനം മാത്രമാണ്. മാധ്യമങ്ങളില്‍നിന്നു ചിലതെല്ലാം പ്രതീക്ഷിക്കാന്‍ നമുക്ക് അവകാശമുണ്ട്. അതെല്ലാമൊന്നും കിട്ടില്ല, കിട്ടാത്തതിനെക്കുറിച്ച് രോഷം കൊള്ളാനും നമുക്ക് അവകാശമുണ്ട്. ടൈംസ് ഓഫ് ഇന്ത്യ ഒഴികെ മറ്റൊരു പ്രസിദ്ധീകരണവും-റുപര്‍ട്ട് മര്‍ഡോക് പോലും- വാര്‍ത്തയല്ല, പരസ്യമാണ് തങ്ങളുടെ വില്‍പ്പനവസ്തു  എന്നു പറഞ്ഞിട്ടില്ല. മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിന് ലവലേശം മനസ്സാക്ഷിക്കുത്ത് ആവശ്യമില്ല. അദ്ദേഹം വാര്‍ത്ത ഉണ്ടാക്കുകയോ വില്‍ക്കുകയോ ചെയ്യുന്നില്ല. അദ്ദേഹം പണമുണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്.

ലോകത്ത് ഇരുനൂറോളം രാഷ്ട്രങ്ങള്‍ ഉള്ളതില്‍ പത്തെണ്ണമേ വാര്‍ഷിക മൊത്തവരുമാനത്തിന്റ കാര്യത്തില്‍ ഫെയ്സ്ബുക്കിന്റെ മുകളില്‍ വരുന്നുള്ളൂ എന്നാണ് ചില വിദേശ കണക്കപ്പിള്ളമാര്‍ എഴുതിയിട്ടുള്ളത്. പരിശോധിക്കാന്‍ ശ്രമിച്ചിട്ടില്ല. ഗൂഗ്ള്‍, ആപ്പ്ള്‍, ഫെയ്സ്ബുക്ക്, ആമസോണ്‍, മൈക്രോസോഫ്റ്റ്് (GAFAM) എന്നിവയെല്ലാം വന്‍ശക്തികളാണ്. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ സ്്ഥിരം അംഗത്വമുള്ള അഞ്ചു രാജ്യ(അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ്, ചൈന)ങ്ങളുടെ അതേ ബലമുള്ള ടെക്നോളജി വന്‍ശക്തികള്‍. നമ്മുടെ റിലയന്‍സിന്റെ നാലിരട്ടി വരും ഫെയ്സ്ബുക്കിന്റെ ധനശക്തി. അമേരിക്കയില്‍ അപാര സ്വാധീനമുണ്ട് എന്നു കരുതുന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ ആസ്തികണക്ക് ഫെയ്സ്ബുക്കിന്റെ നൂറിലൊന്നാണ്. ലോകം ഭരിക്കുന്ന മാധ്യമ മഹാശക്തിയായി ഞെളിയാറുള്ള റുപര്‍ട് മര്‍ഡോക്ക് മാര്‍ക്ക് സക്കര്‍ബര്‍ഗിനു മുന്നില്‍ മുട്ടോളം മാത്രം ഉയരമുള്ള ശിശുവാണ്.

ഇതേ കണക്കുകള്‍ യൂട്യൂബില്‍ ഒരു വീഡിയോ പംക്തിയില്‍ അവതരിപ്പിച്ച ദ് പ്രിന്റ് എഡിറ്റര്‍ ചീഫ് എഡിറ്റര്‍ ശേഖര്‍ ഗുപ്ത ഒരു സത്യം പറഞ്ഞു. GAFAM  ഗ്രൂപ്പിനെ ഇങ്ങനെ അധിക്ഷേപിക്കാനൊക്കെ പറ്റും. പക്ഷേ, അവരില്ലാതെ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇക്കാലത്ത് ഒന്നും ചെയ്യാനാവില്ല. ‘ എന്റെ ഈ വീഡിയോ യുട്യൂബിലാണ് നിങ്ങള്‍ കാണുന്നത്. ആപ്പ്ള്‍ ക്യാമറയിലാണ് ഇത് ചിത്രീകരിച്ചത്. ഞാന്‍ ഈ ലേഖനത്തിനായി ഗവേഷണം നടത്തിയത് ഗൂഗ്ള്‍ ഉപയോഗിച്ചാണ്്. മൈക്രോസോഫ്റ്റിന്റെ സഹായത്തോടെയാണ് നിങ്ങളിത് ലാപ്ടോപ്പില്‍ കാണുന്നത്.’  സത്യമല്ലേ?  ഏതു പത്രപ്രവര്‍ത്തകനാണ് ഇതു ബാധകമല്ലാത്തത്! ഈ കമ്പനികള്‍ക്കെല്ലാം ഇതറിയാം. അതുകൊണ്ടു തന്നെ അവര്‍ തങ്ങള്‍ വന്‍ശക്തികളാണ് എന്നു കരുതുന്നു. അതാണ് അവരെ നയിക്കുന്ന തത്ത്വശാസ്ത്രം. സക്കര്‍ബര്‍ഗ്ഗിന്റെ പ്രസംഗമെഴുത്തുകാരനായ കെയ്റ്റ് ലോസ്സെ VOX.COM ല്‍ എഴുതിയ ലേഖനത്തില്‍  പറഞ്ഞു- കമ്പനീസ് എബവ് കണ്‍ട്രീസ് എന്നതാണ് തന്റെ ലക്ഷ്യമെന്ന് സക്കര്‍ബര്‍ഗ് വര്‍ഷങ്ങള്‍ക്കു മുമ്പ് തുറന്നു പറഞ്ഞിട്ടുണ്ട്! രാഷ്ട്രങ്ങളേക്കാള്‍ വലിയ കമ്പനികള്‍! വിപണി വലുപ്പത്തിന്റെ കാര്യത്തില്‍ ലോകത്തിലെ രണ്ടാമത്തെ വന്‍ശക്തിയാണല്ലോ ഇന്ത്യ. ഫെയ്സ്ബുക്കിന് ഇന്ത്യ ഒന്നാമത്തെ വന്‍ശക്തിയാണ്. കാരണം അവര്‍ക്ക് ചൈനയില്‍ വിപണിയില്ല. അതുകൊണ്ട് മാത്രമാണ് അവര്‍ക്ക് ഇന്ത്യാ ഗവണ്മെന്റിനോട് തെല്ല് ബഹുമാനമുള്ളത്. വിപണിയെ മാത്രമാണ് ഫെയ്സ്ബുക്കിനു ഭയം.

രാഷ്ട്രങ്ങളെപ്പോലെ രാഷ്ട്രീയാധികാരം കൈയ്യാളാന്‍ വന്‍മൂലധനശക്തികള്‍ക്കും സാധിക്കേണ്ടതാണ് എന്നു കരുതുന്നവര്‍ വേറെയും കണ്ടേക്കും. ഗവണ്മെന്റുകളുടെ പരിധിയില്‍ വരുന്ന കറന്‍സി അച്ചടിയും കൈകാര്യകര്‍ത്തൃത്വവും ഏറ്റെടുക്കുന്നതിനെക്കുറിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ് ആലോചിക്കായ്കയല്ല. ലിബ്ര എന്ന പേരില്‍ കറന്‍സി ഇറക്കുന്നതിനെക്കുറിച്ച് അദ്ദേഹം 2019 ജൂണില്‍ ചില സൂചനകള്‍ നല്‍കുക പോലുമുണ്ടായി. അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ ഇക്കാര്യം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെട്ടു. മറ്റ് അപ്രതീക്ഷിത പ്രതിസന്ധികളില്‍ ഫെയ്സ്ബുക്ക് ചെന്നു പെട്ടതുകൊണ്ടാവാം, അതു മുന്നോട്ടുപോയില്ലെന്നു മാത്രം. പരമ്പരാഗത കമ്പനികളോടെന്നതിനേക്കാള്‍ ഫെയ്സ്ബുക്കിന് ഗവണ്മെന്റുകളോടാണ് കൂടുതല്‍ സാദൃശ്യം എന്നും സക്കര്‍ബര്‍ക്ക് ചിലപ്പോഴെല്ലാം പറഞ്ഞിട്ടുണ്ട്. ഫെയ്സ്ബുക്കില്‍ അംഗങ്ങളായ 200 കോടിയിലേറെപ്പേര്‍ക്ക് ബാധകമായ ഇന്റര്‍നെറ്റ് നിയമങ്ങളെല്ലാം ഉണ്ടാക്കുന്നത് ഫെയ്സ്ബുക്കാണ്. വേറെ ആര്‍ക്കും അതിലൊരു പങ്കുമില്ല. എന്തു ചെയ്താലും അതിലൊരു ഗവണ്മെന്റിനും ഇടപെടാനാവില്ല.

ഇതിന്റെ മറ്റൊരു വശം എന്തുകൊണ്ടോ ആരും ചര്‍ച്ച ചെയ്യുന്നുപോലുമില്ല. ഫെയ്സ്ബുക്ക് പേജുകളില്‍ പലരും എഴുതിക്കൂട്ടുന്നത് നമ്മുടെ എന്നല്ല, ഒരു രാജ്യത്തിലെയും നിയമങ്ങള്‍ക്കു നിരക്കുന്നതല്ല. മാനഹാനിയും രാജ്യദ്രോഹവും അശ്ലീലവും സ്ത്രീവിരുദ്ധതയും അക്രമപ്രേരണയും കോടതിയലക്ഷ്യവും തുടങ്ങിയ നിരവധി നിരവധി നിയമങ്ങളുടെ ലംഘനങ്ങള്‍ അവയില്‍ ഉണ്ടാകുന്നുണ്ട്. ചിലപ്പോഴെല്ലാം പരാതികള്‍ പൊലീസ് സ്റ്റേഷനിലും കോടതികളിലും എത്താറുണ്ട്. ഈ കേസ്സുകളിലൊന്നും ഫെയ്സ്ബുക്ക് പ്രതികളാകുന്നില്ല. എന്തുകൊണ്ട്്? അപകീര്‍ത്തികരമായ ഒരു പ്രസംഗം റിപ്പോര്‍ട്ട് ചെയ്താല്‍ റിപ്പോര്‍ട്ടറും എഡിറ്ററും മാത്രമല്ല പത്രം വില്‍ക്കുന്ന ഏജന്റിനെ വരെ പ്രതിക്കൂട്ടില്‍ കയറ്റാറുണ്ട്. ഉള്ളടക്കത്തിനു തങ്ങള്‍ ഉത്തരവാദികളല്ല എന്നു ഒരു സോ കോള്‍ഡ് സാമൂഹ്യമാധ്യമവും പറഞ്ഞിട്ടില്ല. പിന്നെ, എന്തുകൊണ്ട് നിയമലംഘനങ്ങള്‍ക്ക് ഫെയ്്സ്ബുക്കിനെ കോടതിയില്‍ വിചാരണ ചെയ്യുന്നില്ല, അവരെ ഇതില്‍നിന്നെല്ലാം ഒഴിച്ചുനിര്‍ത്തുന്നു? ഫെയ്സ്ബുക്ക് തന്നെയും ഒരു ഗവണ്മെന്റ് ആയതുകൊണ്ടോ?

ഇതൊക്കെയാണെങ്കിലും സക്കര്‍ബര്‍ഗ് ഈയിടെയായി ലേശം പ്രയാസത്തിലാണ്. ഈ ഇന്റര്‍നെറ്റ് ഭീമന്മാരെല്ലാം വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയാണല്ലോ കാശുണ്ടാക്കുന്നത്. നമ്മള്‍ വായിക്കുന്നതും കേള്‍ക്കുന്നതും എഴുതുന്നതും തെരയുന്നതും എന്ത് എന്നു നോക്കി ഓരോരുത്തരെയും തിരിച്ചറിഞ്ഞാണ് ഓരോരുത്തര്‍ക്കും വേണ്ടയിനം പരസ്യങ്ങള്‍ ഗൂഗ്ള്‍ തന്റെ മെയ്ല്‍ സന്ദേശങ്ങളുടെ അരികുകളില്‍ ഇടുന്നത്. ഞാന്‍ അശ്ലീലം തെരയുന്ന ആളായതുകൊണ്ടാണ് എന്റെ മെയില്‍ സന്ദേശങ്ങളുടെ സൈഡില്‍ സെ്ക്സ് വീഡിയോവിന്റെ പരസ്യം ഇടുന്നത് എന്നു ഞാനുണ്ടോ അറിയുന്നു!  ഈ സ്ഥിതിവിവര ചോര്‍ത്തല്‍ പല തലത്തിലേക്കു വളര്‍ന്നപ്പോഴുണ്ടായ പ്രശ്നങ്ങള്‍ നിരവധിയാണ്. വ്യക്തികളെ സംബന്ധിച്ച വിവരങ്ങള്‍ കമ്പനികള്‍ വിപണനത്തിനായി വാങ്ങുന്നതില്‍നിന്നുള്ള വരുമാനം ചെറുതല്ല. ഇതിനൊപ്പം, പല രാജ്യങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വരെ ഇവര്‍ ഇടപെടുന്നു എന്നത് ലോകത്ത് ഇന്നു പാട്ടായിക്കഴിഞ്ഞു. യു.എസ് പ്രസിഡന്റ്  സ്ഥാനത്തേക്കു ട്രംപിനെ ജയിപ്പിക്കാന്‍ റഷ്യയില്‍നിന്നുണ്ടായ ഇടപെടല്‍ സോഷ്യല്‍ മീഡിയ വഴിയായിരുന്നു എന്ന ആരോപണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടല്ലോ. സമ്മതിദായകരെ തിരിച്ചറിഞ്ഞ് ഓരോരുത്തരുടെയും ചിന്താഗതികളെ സ്വാധീനിക്കാന്‍ പാകത്തിലുള്ള പ്രത്യേക ഉള്ളടക്കം ഫെയ്സ്ബുക്കിലൂടെ നല്‍കാമെന്നു പരീക്ഷിച്ച് വിജയിച്ചതിന്റെ അനുഭവങ്ങള്‍ ഇപ്പോള്‍ ഈ രംഗത്തു ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

സാമൂഹ്യമാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ വ്യാജ വാര്‍ത്താമാധ്യമങ്ങളാണ്. ലോകത്തെ വ്യാജവാര്‍ത്തകളില്‍ 99 ശതമാനത്തിന്റെയും ജന്മവും പ്രചാരവും ഏതെങ്കിലും സാമൂഹ്യമാധ്യമത്തിലാണ് എന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഇന്ത്യയിലെ ആള്‍ക്കൂട്ടക്കൊലകള്‍ തുടങ്ങി റോഹിങ്്ഗ്യന്‍ കൂട്ടക്കൊലകള്‍ വരെ സംഭവിച്ചത് സാമൂഹ്യമാധ്യമം കാരണമാണ് എന്ന് തിരിച്ചറിഞ്ഞ് നയങ്ങള്‍ അല്പമെല്ലാം മാറ്റാന്‍ ഫെയ്സ്ബുക്ക് തന്നെ തയ്യാറായിട്ടുണ്ട്. ഓരോ പൗരനും അതു സ്വന്തം മാധ്യമമായി ഉപയോഗപ്പെടുത്താനാവുമെങ്കിലും ഒരുപാട് പ്രയോജനങ്ങള്‍ അതിലൂടെ കിട്ടുന്നുണ്ടെങ്കിലും ജനകോടികള്‍ക്ക് അത് അഭിപ്രായപ്രകടനത്തിന് അവസരം ഒരുക്കുന്നുണ്ടെങ്കിലും ആത്യന്തികമായി ഈ സംവിധാനം സമൂഹവിരുദ്ധവും ജനാധിപത്യവ്യവസ്ഥയെ നശിപ്പിക്കുന്നതും ആണ് എന്നു  ലോകം തിരിച്ചറിഞ്ഞു വരികയാണ്.

(പാഠഭേദം 2020 സപ്തംബര്‍ ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത്)

Leave a Reply

Your email address will not be published. Required fields are marked *

Go Top