അര്‍ണാബ് ഗോസ്വാമി പ്രതിഭാസം

എൻ.പി.രാജേന്ദ്രൻ

‘ സനാതനധര്‍മ്മം പിന്തുടരുന്ന എണ്‍പതു ശതമാനം ഹിന്ദുക്കളുള്ള ഈ രാജ്യത്ത് രണ്ടു സന്ന്യാസിമാര്‍ പകല്‍വെളിച്ചത്തില്‍ കൊലചെയ്യപ്പെട്ടിരിക്കുന്നു. ഹിന്ദുവാകുന്നത് ഇവിടെ ഒരു കുറ്റകൃത്യമായിരിക്കുന്നു. എന്റെ രാജ്യത്ത് ഞാന്‍ ഇതു അംഗീകരിക്കില്ല. ഇതെന്റെ രാജ്യമാണ്. ഒരു പാതിരിയോ മൗലവിയോ ആയിരുന്നു ഇങ്ങനെ കൊല്ലപ്പെട്ടിരുന്നതെങ്കില്‍ ഇതുപോലെ എല്ലാവരും മിണ്ടാതിരിക്കുമോ?’

ഇതൊരു ഹിന്ദുത്വ സംഘടനാനേതാവിന്റെ പ്രസംഗമൊന്നുമല്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ദിവസവും സന്ധ്യക്കു ശേഷം താല്പര്യപൂര്‍വം കാണുകയും ആവേശം കൊള്ളുകയും ചെയ്യുന്ന ഒരു ടെലിവിഷന്‍ ചാനലിലെ അവതാരകന്‍ കൂടിയായ എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയുടെ ആക്രോശമാണ്. ആക്രോശമാണ് അര്‍ബിന്റെ സാധാരണരീത. മഹാരാഷ്ട്രയിലെ പാല്‍ഘോര്‍ ഗ്രാമത്തില്‍ രണ്ടു സന്ന്യാസിമാരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു എന്നറിഞ്ഞാണ് അര്‍ണബ് ഗോസ്വാമി ‘ആക്രോശാസക്ത’നായത്. കൊല്ലപ്പെട്ടത് ഹിന്ദു സന്ന്യാസിമാരാണ്. കോണ്‍ഗ്രസ് കൂട്ടുകെട്ടാണ് സംസ്ഥാനം ഭരിക്കുന്നത്. ഭൂരിപക്ഷസമുദായത്തെ വികാരം കൊള്ളിക്കാന്‍ പറ്റിയ വിഷയം കിട്ടിയതോടെ ഒരു രാത്രിച്ചര്‍ച്ച സഫലമായി.

മുകളില്‍ എടുത്തുചേര്‍ത്തത് അദ്ദേഹത്തിന്റെ പതിവ് വികാരപ്രകടനത്തിന്റെ സാധാരണ നിലവാരത്തോളമേ എത്തിയിട്ടുള്ളൂ. തുടര്‍ന്നു നടത്തിയതാണ് അര്‍ണാബ് സ്റ്റൈല്‍ അതിവികാരപ്രകടനം. അതു വിവാദവും അക്രമവും പൊലീസ് കേസ്സും എഫ്.ഐ.ആര്‍ പ്രവാഹവുമെല്ലാം സൃഷ്ടിച്ചു.. ‘കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയാണ് സന്ന്യാസിമാരെ കൊല്ലിച്ചത്. കൊല്ലിച്ച ശേഷം സോണിയ ആ വിവരം ഇറ്റലിയിലുള്ളവരെ അറിയിച്ചിട്ടുണ്ടാകും. തന്റെ പാര്‍ട്ടിക്കു ഭരണാധികാരമുള്ള സംസ്ഥാനങ്ങളില്‍ എങ്ങനെയാണ് താന്‍ ഹിന്ദുക്കളെ വകവരുത്തുന്നത് എന്നും അറിയിച്ചുകാണും. ഇറ്റലിയിലെ സ്വന്തം മതക്കാര്‍ അവരെ ഇക്കാര്യത്തിനു അഭിനന്ദിച്ചിട്ടുണ്ടാവും.ഹിന്ദുക്കള്‍ കൊല്ലപ്പെട്ടത് ആന്റോണിയ മെയ്‌നോവിനെ സന്തോഷിപ്പിച്ചുകാണും’

” ഹിന്ദുക്കള്‍ ദുര്‍ബലമായ സമുദായമാണെന്ന് ധരിക്കരുത്. നമ്മള്‍ ദുര്‍ബലരല്ല. നിങ്ങള്‍ ഞങ്ങളുടെ ക്ഷമയേ കണ്ടിട്ടുള്ളൂ. ശക്തി കണ്ടിട്ടില്ല, അതെത്ര ഉണ്ടെന്ന് നിങ്ങള്‍ അറിയണം’ (1)
റിപ്പബ്ലിക് ടി.വി.യിലൂടെയും അതിന്റെ ഹിന്ദി എഡിഷനിലൂടെയും സംപ്രേഷണം ചെയ്യപ്പെട്ട ഈ ആക്രോശത്തിനു സമാനമായി വല്ലതും മുസ്ലിം അല്ലെങ്കില്‍ ക്രിസ്ത്യന്‍ നേതാക്കള്‍ ആരെങ്കിലും പറഞ്ഞിരുന്നുവെങ്കില്‍ എത്ര രാജ്യദ്രോഹക്കേസ് ഉറപ്പാകുമായിരുന്നു എന്നു പറയാനാവില്ല. പക്ഷേ, അര്‍ണാബിനെതിരെ കേസ്സൊന്നും ഉണ്ടായില്ല. കേസ് ഇല്ലെന്നല്ല, കേസ് ഉണ്ട്. അതു മുഴുവന്‍ കോണ്‍ഗ്രസ്സുകാര്‍ രാജ്യത്തുടനീളം ഫയല്‍ ചെയ്ത കേസ്സുകളാണ്. അര്‍ണബിനെതിരെ 101 എഫ്.ഐ.ആറുകള്‍ ഉണ്ട്. അതു വേറെ പ്രശ്‌നം.

രണ്ടു ഹിന്ദു സന്ന്യാസികളെ കൊന്നപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ സെക്കുലര്‍ നേതാക്കള്‍ തയ്യാറായില്ലെന്ന ആരോപണമുയര്‍ത്തിയാണ് അര്‍ണബ് ചാനലില്‍ ക്രുദ്ധനായത്. ഏപ്രില്‍ 16-ന് നടന്ന കൊലപാതകത്തെക്കുറിച്ച് അര്‍ണബ് പ്രതികരിക്കുന്നത് ഏപ്രില്‍ ഇരുപതിന് മാത്രമാണ്. രണ്ടു പേരും സന്ന്യാസികളാണെന്നറിഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ ധാര്‍മികരോഷം ഉണര്‍ന്നത്. രാജ്യത്തുടനീളം ആള്‍ക്കൂട്ടക്കൊലകള്‍ മുന്‍പും നടന്നിട്ടുണ്ട്.  കാറില്‍വന്നത് മോഷ്ടാക്കളാണെന്നു ധരിച്ചാണ് ആള്‍ക്കൂട്ടം പൊലീസ് സാന്നിദ്ധ്യത്തില്‍ കല്ലും വടിയും മഴുവും ഉപയോഗിച്ച് അവരെ ആക്രമിച്ചത്. കാര്‍ ഡ്രൈവറും ആക്രമിക്കപ്പെട്ടു. കൊലയ്ക്ക് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരു മുസ്ലിം പോലും ഇല്ലെന്ന് ദിവസങ്ങള്‍ക്കു ശേഷം നിയമസഭയില്‍ വെളിപ്പെടുത്തുകയും ഉണ്ടായി. അര്‍ണാബ് ധരിച്ചതില്‍നിന്നു വ്യത്യസ്തമായി പകല്‍വെളിച്ചത്തിലല്ല, രാത്രി പത്തുമണിക്കാണ് ആള്‍ക്കൂട്ടക്കൊല നടന്നതെന്നത് അത്ര പ്രധാനമല്ലായിരിക്കാം. സംഭവത്തിനു സാക്ഷിയായവര്‍ എടുത്ത വീഡിയോകള്‍ സാമൂഹ്യമാധ്യമത്തില്‍വന്ന ശേഷമാണ് എന്താണ് സംഭവിച്ചത് എന്നു ശ്രദ്ധിക്കേണ്ടവര്‍ ശ്രദ്ധിച്ചുള്ളൂ.

ഇവിടെ ചര്‍ച്ച ചെയ്യുന്നത് ആ ആള്‍ക്കൂട്ടക്കൊലയെക്കുറിച്ചല്ല. ആള്‍ക്കൂട്ടക്കൊല ഇന്ത്യയുടെ ഒരു പതിവുസ്വഭാവായി മാറിയതിനെക്കുറിച്ചുമല്ല. അര്‍ണബ് ഗോസ്വാമി ഒരു റിപ്പോര്‍ട്ടിങ്ങില്‍ വരുത്തിയ, വരുത്താന്‍ പാടില്ലാത്ത വീഴ്ചകളെക്കുറിച്ചുപോലുമല്ല. അര്‍ണബ് ഗോസ്വാമി എന്നൊരു വിചിത്രപ്രതിഭാസം ഇന്ത്യയിലെ, പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ, ഇംഗ്ലീഷ് സംസാരിക്കുന്ന, ഭൂരിപക്ഷസമുദായക്കാരായ, ഹിന്ദുത്വരാഷ്ട്രീയത്തോട് ആഭിമുഖ്യമുള്ള ജനവിഭാഗത്തിന്റെ ആവേശമായി മാറിയിരിക്കുന്നു എന്നതാണ് അതിപ്രധാനം. ദേശീയപ്രശ്‌നങ്ങളെ വിവേകപൂര്‍വം വിലയിരുത്തുകയും ഭരണകൂടനയങ്ങളുടെയും നടപടികളുടെയും വീഴ്ചകളെയും ജനപക്ഷത്തുനിന്നു കൊണ്ട് സധൈര്യം വിമര്‍ശിക്കുകയും മാന്യതയുടെയും മര്യാദയുടെയും പരിധിക്കകത്തു നില്‍ക്കുകയും ജനവിഭാഗങ്ങളുടെ ഐക്യം ശക്തിപ്പെടുത്തുന്നത് മുഖ്യലക്ഷ്യമായി  സ്വീകരിക്കുകയും ചെയ്തുപോന്ന മഹാന്മാരായ മാധ്യമപ്രവര്‍ത്തകരുടെ നീണ്ട നിര ഇന്ത്യക്കുണ്ടായിരുന്നു. അവര്‍ നിന്നിരുന്നതിന്റെ എതിര്‍ധ്രുവത്തില്‍ നില്‍ക്കുന്ന ഒരാള്‍ ആണ് ഇപ്പോള്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന, ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന മാധ്യമപ്രവര്‍ത്തകനായി ഉയര്‍ന്നുവന്നിരിക്കുന്നത്.

മാധ്യമമര്യാദയുടെ പരിധികളൊന്നും അര്‍ണബ് ഗോസ്വാമിക്കു ബാധകമല്ല. പരമ്പരാഗത മാധ്യമപ്രവര്‍ത്തനത്തിന്റെ രീതികളൊന്നും ഈ കാലത്ത് ഒരു ഭാഷയിലെ അവതാരകരും വകവെക്കുന്നില്ലെങ്കിലും ‘ഡുസ് ആന്റ് ഡോണ്‍ട്‌സ്’ അവര്‍ക്കുമുണ്ട്. കയ്യടി കിട്ടാന്‍ എത്രദൂരം പോകാം എന്നതിന് അവര്‍ക്കു പരിധികളുണ്ട്. പരിധികളൊന്നും റിപ്പബ്ലിക്ക് ടി.വി മുഖ്യ ഏംക്കറിനു  ബാധകമല്ല. ചര്‍ച്ചയ്ക്കു ക്ഷണിച്ചുവരുത്തുന്ന മാന്യന്മാരെ ഏറ്റവും മോശമായ ഭാഷയില്‍ അധിക്ഷേപിക്കാന്‍ അര്‍ണാബിനു ഒരു മടിയുമില്ല. ആരെയും ഒന്നും പറയാന്‍ അനുവദിക്കാതെ സ്വന്തം അഭിപ്രായങ്ങള്‍ അലറിക്കൊണ്ട് അടിച്ചേല്‍പ്പിക്കുക എന്നത് അര്‍ണബിന്റെ രീതിയാണ്. ഹിന്ദുവര്‍ഗീയ പക്ഷം ചേര്‍ന്നാണ് എപ്പോഴും നില്‍പ്പ്.

ഇങ്ങനെയൊരു വ്യക്തിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അഭിമുഖം നടത്താന്‍ അവസരം നല്‍കപ്പെട്ടു എന്നത് ആരെയും അത്ഭുതപ്പെടുത്തുകയില്ല. കാരണം, മോദിയുടെ മീഡിയ ഓപറേറ്റര്‍മാര്‍ക്ക് ബോധ്യമുള്ള ഒരു കാര്യമുണ്ട്- ഇയാള്‍ നമ്മുടെ ആളാണ്. ഇയാളെക്കൊണ്ട് ഒരു ഉപദ്രവവുണ്ടാകില്ല. അവര്‍ കരുതിയതുപോലെത്തന്നെ, ആട്ടിന്‍കുട്ടിയെപ്പോലെ ശാന്തനായി അദ്ദേഹം മോദിക്കൊപ്പം ഒരു മണിക്കൂര്‍ ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ കേട്ടും ഇരുന്നു. ഇത്തരമൊരാള്‍ ദേശീയതലത്തില്‍ കയ്യടി നേടുകയും യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകനായി പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്നത് അപകടത്തിന്റെ സൂചന തന്നെയാണ്.

ചിന്തകനായ ശിവ് വിശ്വനാഥന്‍ ഈ പ്രതിഭാസത്തെ നിര്‍വചിച്ചിട്ടുണ്ട്. ‘ അര്‍ണബ് ഈ കാലത്തിന്റെ ദൃഷ്ടാന്തമാണ്. അദ്ദേഹം ഇന്ത്യന്‍ ഭൂരിപക്ഷാധിപത്യവാദമാണ് ഓരോ ദിവസവും ടെലിവിഷനില്‍ അവതരിപ്പിക്കുന്നത്. ഡറീദ എഴുതിയിട്ടുണ്ട്. തിന്മ അതിന്റെ വരവിനെക്കുറിച്ച് ചിലപ്പോള്‍ മുന്നറിയിപ്പ് നല്‍കാന്‍ അഗ്രദൂതനെ അയക്കാറുണ്ട് എന്ന്. ഇയാള്‍ അതാണ്.’

വലിയ രാഷ്ട്രീയാപവാദങ്ങളും സംഭവങ്ങളും പൊട്ടിപ്പുറപ്പെടുമ്പോള്‍ വലിയൊരു വിഭാഗം ചാനല്‍ പ്രേക്ഷകര്‍ ഇന്നു അര്‍ണാബ് എന്താണ് പറയുക, എങ്ങനെയാണ് പറയുക എന്ന് ആകാംക്ഷയോടെ കാത്തിരിക്കാറുണ്ടെന്നത് സത്യമാണ്. ന്യൂസ് ചാനലുകളും വിനോദമാധ്യമങ്ങളാണെന്നതു കൊണ്ട് ജനങ്ങള്‍ അതാഗ്രഹിക്കുന്നത് തെറ്റല്ല. സ്റ്റണ്ട് സിനിമ കാണുന്ന യുവാക്കളെപ്പോലെ നായകന്‍ വില്ലനെ ഇടിച്ചുവീഴ്ത്തുന്നത് ആസ്വദിക്കുകയാണ് ചാനല്‍ പ്രേക്ഷകരും. അവര്‍ക്ക് അര്‍ണാബ് നായകനടനാണ്, ക്യാമറ നിയന്ത്രിക്കുന്നത് ആ ആള്‍ത്തന്നെ. അര്‍ണാബിനെ സഹിക്കാന്‍ കഴിയാത്തവര്‍ക്ക് അര്‍ണാബ് വില്ലനാണ്. സിനിമാടാക്കീസിലെ കയ്യടിക്ലാസ്സാണ് അര്‍ണാബിന്റെയും കയ്യടിക്കാര്‍.

അര്‍ണാബ് ഗോസ്വാമിയുടെ ഒടുവിലത്തെ വിവാദങ്ങളുമായി ബന്ധപ്പെട്ട് രണ്ട് ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അര്‍ണബ് സോണിയാഗാന്ധിക്കെതിരെ അസഹ്യമായ അധിക്ഷേപങ്ങളില്‍ അഴിച്ചുവിട്ടപ്പോള്‍ അസ്വസ്ഥരായ കോണ്‍ഗ്രസ്സുകാര്‍ ഇദ്ദേഹത്തിനെതിരെ പലേടത്തും പ്രകടനങ്ങളും മറ്റു പ്രതിഷേധങ്ങളും നടത്തിയിരുന്നു. ഒരിടത്ത് അര്‍ണാബിനെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. അര്‍ണബിനെതിരെ ഇന്ത്യയുടെ നാനാഭാഗത്തുമുള്ള 101 കോടതികളില്‍ അവര്‍ പലതരം കേസ്സുകള്‍ ഫയല്‍ ചെയ്യുകയുമുണ്ടായി. ഇതിനെതിരെ അര്‍ണാബ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അദ്ദേഹത്തിന് അനുകൂലമായ വിധിയാണ് ഉണ്ടായത്. മാധ്യമപ്രവര്‍ത്തകനെ ഈ വിധം വേട്ടയാടുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ പ്രകടനസ്വാതന്ത്ര്യത്തിന് വിരുദ്ധമാണ് എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

ഇതാരും അംഗീകരിക്കും. ഇതുപോലെ കോടതി ഇടപെട്ടിട്ടും അതേപടി തുടരുന്ന അനീതികള്‍ വേറെയുമുണ്ട്. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിനെതിരെയും ഹിന്ദുത്വപ്രസ്ഥാനങ്ങള്‍ക്കെതിരെയും  ശബ്ദമുയര്‍ത്തുന്ന പലര്‍ക്കുമെതിരെ സര്‍ക്കാര്‍ കഠിനമായ രാജ്യദ്രോഹങ്ങളും യു.എ.പി.എയും മറ്റും ചൂമത്തി വേട്ടയാടുന്നത് പതിവായിട്ടുണ്ട്. വെറും അഭിപ്രായപ്രകടനങ്ങളുടെ പേരിലാണ് ഈ കേസ്സുകള്‍ വരുന്നത്.  ആക്രമണത്തിന് പ്രേരിപ്പിക്കുന്നതോ അക്രമത്തിനു കാരണമാകുന്നതോ ആയ നടപടികള്‍ മാത്രമേ രാജ്യദ്രോഹമായിക്കണ്ട് കേസ്സെടുക്കാവൂ എന്നു സുപ്രീം കോടതി 1962-ല്‍ വിധിച്ചിട്ടുണ്ട്. ഇന്നും ഇതു തുടരുന്നു എന്നല്ല രൂക്ഷമായി തുടരുന്നു.
ഇതൊന്നും ചര്‍ച്ചയാകുന്നുപോലുമില്ല.

പാഠഭേദം 2020 ജുണ്‍ ലക്കം

 

Leave a Reply

Your email address will not be published. Required fields are marked *

Go Top