വര്‍ഗീയാക്രമണങ്ങള്‍ 2002-ല്‍ ഗുജറാത്തില്‍ ചോരപ്പുഴയൊഴുക്കിയപ്പോഴാണ് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടിങിനു മേല്‍ നിരോധനം ഏര്‍പ്പെടുത്താന്‍ മുതിര്‍ന്നത്. അന്നു നരേന്ദ്ര മോദി ആയിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി.
വര്‍ഗീയാക്രമണങ്ങള്‍ കൊടുമ്പിരി കൊള്ളുകയും അഹമ്മദാബാദില്‍ മുസ്ലിം കോളനികളില്‍ ചോരപ്പുഴയൊഴുകുകയും ചെയ്തപ്പോള്‍ സര്‍ക്കാര്‍ തിരക്കിട്ടു ചെയ്ത ഒരു കാര്യം സ്റ്റാര്‍ ന്യൂസ്, സീ ന്യൂസ്, സി.എന്‍.എന്‍, ആജ്തക് തുടങ്ങിയ ചാനലുകള്‍ വീടുകളില്‍ കാണുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്ന് കേബ്ള്‍ വിതരണക്കാര്‍ക്ക് ഉത്തരവ് നല്‍കുകയായിരുന്നു. അത് ദൃശ്യമാധ്യമങ്ങള്‍ നടത്തിയ ആദ്യത്തെ വര്‍ഗീയകലാപ റിപ്പോര്‍ട്ടിങ് ആയിരുന്നു, റിപ്പോര്‍ട്ടിങ്ങിന്റെ നിരോധനവും ആയിരുന്നു. അതിന്റെ പേരില്‍ ദേശീയ ദൃശ്യമാധ്യമങ്ങള്‍ക്കു ഹിന്ദുസംഘടനകളില്‍ നിന്നുണ്ടായ അധിക്ഷേപത്തിന്റെയും ശത്രുതയുടെയും തീ ഇന്നും അണഞ്ഞിട്ടില്ല.
ഹിന്ദുത്വ സംഘടനകളുടെ അപ്രീതിക്കും ക്രോധത്തിനും മതിയായ കാരണങ്ങളുണ്ട്. മുന്‍കാല കലാപ റിപ്പോര്‍ട്ടിങ്ങുകളില്‍നിന്നുള്ള അവിശ്വസനീയമായ ഒരു വ്യതിയാനമായിരുന്നു മുകളില്‍ പേരെടുത്തു പറഞ്ഞ ദേശീയ ഇംഗ്ലീഷ് ചാനലുകളുടെ ഗുജറാത്ത് കലാപ റിപ്പോര്‍ട്ടിങ്ങ്. അതിനു മുന്‍പുള്ള കാലത്ത്, പത്രങ്ങളുടെ വര്‍ഗീയാക്രമണ റിപ്പോര്‍ട്ടിങ്ങ് അക്രമികളെ തുറന്നുകാട്ടാനോ വര്‍ഗീയഭ്രാന്തിനെതിരെ ജനവികാരമുണര്‍ത്താനോ ഒരിക്കലും പര്യാപ്തമാകാറില്ല. അതുകൊണ്ടുതന്നെ, ഭൂരിപക്ഷ മതവര്‍ഗീയവാദികള്‍ക്ക് ആ റിപ്പോര്‍ട്ടിങ്ങില്‍ ഒട്ടും അപ്രിയം ഉണ്ടാകാറുമില്ല. കാരണം, ആക്രമിക്കപ്പെട്ടവരെയോ ആക്രമിക്കുന്നവരെയോ പത്രങ്ങള്‍ മതംതിരിച്ച് രേഖപ്പെടുത്താറില്ല. മരിച്ചവര്‍ ഏതു മതക്കാര്‍ എന്നു നോക്കാറില്ല, ഏതുവിഭാഗമാണ് കൂട്ടക്കൊലകള്‍ നടത്തിയത് എന്നു ചൂണ്ടിക്കാട്ടാറില്ല. ഇത്ര ആരാധനാലയങ്ങള്‍ കത്തിച്ചു, ഇത്രപേര്‍ കൊല്ലപ്പെട്ടു, ഇത്ര കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടു, ഇത്ര പേര്‍ അഭയാര്‍ത്ഥിക്യാമ്പുകളില്‍ അഭയം തേടി….. എന്നിങ്ങനെ പോയി നിഷ്പക്ഷ മുഖ്യധാരാ മാധ്യമറിപ്പോര്‍ട്ടിങ്ങ്.
വര്‍ഗീയാക്രമണങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണം എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കാറില്ല മുമ്പും. പക്ഷേ, നിരവധി അന്വേഷണക്കമ്മീഷണുകളുടെയും കോടതികളുടെയും മറ്റും നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇക്കാര്യത്തില്‍ ചില മാര്‍ഗനിര്‍ദ്ദേശകതത്ത്വങ്ങള്‍ക്കു രൂപം നല്‍കിയിരുന്നു. അതനുസരിച്ച് അക്രമികളുടെയും ആക്രമണത്തിന് ഇരയായവരുടെയും മതം എടുത്തു പറയരുത് എന്നൊരു ചട്ടം പത്രങ്ങള്‍ പിന്തുടര്‍ന്നു പോന്നു. ജനവികാരം ആളിക്കത്താനും കൂടുതല്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടാനും റിപ്പോര്‍ട്ടിങ്ങ് പ്രകോപനമാകരുത് എന്ന സദുദ്ദേശമേ ഇതിനു പിന്നിലുണ്ടായിരുന്നുള്ളൂ. എങ്കിലും, അതല്ല സംഭവിച്ചത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള വര്‍ഗീയകലാപങ്ങള്‍ രണ്ടു തുല്യശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നില്ല. ഏതാണ്ട് എല്ലാം ഭൂരിപക്ഷ വര്‍ഗീയത ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ പകപോക്കലുകളായിരുന്നു. പലപ്പോഴും ചില്ലറ പ്രകോപനങ്ങള്‍ അവര്‍ ഇതിനായി ഉണ്ടാക്കിക്കൊടുക്കാറുണ്ടെങ്കിലും. മാധ്യമങ്ങള്‍ പൊതുവെ വര്‍ഗീയവാദികളെ പിന്താങ്ങുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാറില്ലെങ്കിലും അക്രമികളെ തുറന്നുകാട്ടാറുമില്ല. സമാധാനത്തിനു വേണ്ടി മുറവിളി കൂട്ടാറുണ്ടുതാനും.
ഹിന്ദുത്വസംഘടനകള്‍ നേരിട്ട് നേതൃത്വം നല്‍കാതെതന്നെ ഹിന്ദുക്കള്‍ ന്യനപക്ഷമതക്കാര്‍ക്കെതിരെ നടത്തിയ ആദ്യത്തെയും, ഒരുപക്ഷേ അവസാനത്തെയും വര്‍ഗീയാക്രമണമാണ് 1984-ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് സിഖുകാര്‍ക്കെതിരെ ഡല്‍ഹിയിലും പരിസരത്തും നടന്നത്. ആയിരങ്ങളാണ് കൂട്ടക്കൊലകളില്‍ വെന്തുവെണ്ണീറായത്. ഗാന്ധിയന്മാരായ കോണ്‍ഗ്രസ്സുകാരാണ് എല്ലാറ്റിലും പ്രതികളായത്. പല നേതാക്കളും ശിക്ഷിക്കപ്പെട്ടു. വന്‍മരം നിലംപതിച്ചപ്പോള്‍ ഉണ്ടായ മണ്ണിളക്കം മാത്രമായി ഇതിനെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചുരുക്കിക്കാട്ടി. അന്ന് ചാനലുകള്‍ രംഗത്തുവന്നു തുടങ്ങിയിരുന്നു. പക്ഷേ, അവര്‍ ഇന്ദിരാഗാന്ധിയുടെ സംസ്‌കാരച്ചടങ്ങുകളുടെ റിപ്പോര്‍ട്ടിങ്ങില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂട്ടക്കൊലകളൊന്നും ടെലിവിഷനുകളിലൂടെ വീടുകളുടെ സ്വീകരണമുറികളിലെത്തിയില്ല. ഇന്ദിരാഗാന്ധിയുടെ കൊലപാതകം വരെ സിഖ് തീവ്രവാദികള്‍ നടത്തിപ്പോന്ന എല്ലാ അക്രമങ്ങളുടെയും കൊലകളുടെയും ശിക്ഷ നിരപരാധികളായ സാധാരണ സിഖുകാര്‍ ഏറ്റുവാങ്ങേണ്ടിവന്നു.
കലാപ റിപ്പോര്‍ട്ടിങ് കാര്യത്തില്‍ പത്രങ്ങള്‍ സ്വീകരിച്ചുപോന്ന കീഴ്‌വഴക്കങ്ങള്‍ 2002-ല്‍ ദൃശ്യമാധ്യമങ്ങള്‍ ലംഘിച്ചു. ഗുജറാത്തില്‍ മുസ്ലിം, ഹിന്ദു എന്നു പേരെടുത്തു പറഞ്ഞുതന്നെയാണ് കൂട്ടക്കൊലകളും തീവെപ്പുകളും ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഇംഗ്‌ളീഷ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തീര്‍ത്തും നിഷ്പക്ഷമായാണ് തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എന്ന് ആ ചാനലുകള്‍ അവകാശപ്പെട്ടിരുന്നു. പക്ഷേ, ഗോധ്രയ്ക്കു ശേഷമുള്ള പ്രതികാര കൂട്ടക്കൊലകളും അഗ്നിപ്രളയവും മുസ്ലിങ്ങള്‍ക്കെതിരെ ആണല്ലോ നടന്നത്. അത് അതേപടി റിപ്പോര്‍ട്ട് ചെയ്തത് ഹിന്ദുത്വസംഘടനകളില്‍ ക്രോധം വളര്‍ത്തി. കാരണം, ഗോധ്ര കൂട്ടേെക്കാലയ്ക്കുള്ള ഹിന്ദുത്വ പ്രതികാരമായിരുന്നല്ലോ മാസങ്ങളോളം നടന്ന ഗുജറാത്ത് കലാപം. വിദ്വേഷപ്രചാരണങ്ങളുടെയും വര്‍ഗീയാക്രമണ അജന്‍ഡകളുടെയും തനിസ്വഭാവം രാജ്ദീപ് സര്‍ദേശായിയെയും ബര്‍ഖ ദത്തിനെയും പോലുള്ളവര്‍ തുറന്നുകാട്ടി. ഗോധ്രയില്‍ തീവണ്ടിക്കു തീയിട്ട് ഹിന്ദുക്കളെ കൂട്ടമായി കൊന്നത് അവര്‍ ഈവിധം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല എന്നു വികാരപൂര്‍വും പ്രചരിപ്പിക്കപ്പെട്ടു. പട്ടാപ്പകല്‍ ക്യാമറകള്‍ക്കു മുന്നില്‍ നടന്ന ആക്രമണങ്ങളും ഇരുളില്‍ ആരോ തീയിട്ട് പിന്‍വലിഞ്ഞുണ്ടാക്കിയ തീവണ്ടി സ്‌ഫോടനവും ഒരു പോലെ റിപ്പോര്‍ട്ട് ചെയ്യാനാവില്ല എന്ന പരിമിതി ഉണ്ടായിട്ടും മരണമടഞ്ഞ കര്‍സേവകര്‍ക്ക് അര്‍ഹമായ പരിഗണനയും അവരെക്കുറിച്ച് മതിയായ വിവരങ്ങളും ചാനലുകള്‍ നല്‍കിയിരുന്നു എന്ന് വിശദീകരിക്കപ്പെട്ടുവെങ്കിലും അതൊന്നും വിലപ്പോയില്ല.
പത്രങ്ങള്‍ക്കു മാത്രമായി ഉള്ള സ്ഥാപനമാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ദൃശ്യമാധ്യമങ്ങളുടെ കാര്യത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇടപെടാറില്ല. ദൃശ്യമാധ്യമങ്ങള്‍ക്കു മാര്‍ഗനിര്‍ദ്ദേശം നല്‍കാനോ അവയെ നിയന്ത്രിക്കാനോ സ്ഥാപനങ്ങളോ സംവിധാനമോ ഇല്ല. ചാനലുകള്‍ക്കും അച്ചടിമാധ്യമങ്ങള്‍ക്കും ഓണ്‍ലൈന്‍ മാധ്യനങ്ങള്‍ക്കും ഒരുപോലെ ബാധകമായ പൊതുനിയമമോ പെരുമാറ്റച്ചട്ടമോ വ്യവസ്ഥകളോ ആവശ്യമില്ലേ എന്ന ചോദ്യം ഉയരാറുണ്ടെങ്കിലും അഭിപ്രായസമന്വയം ഉണ്ടായിട്ടില്ല. ചാനലുകള്‍ക്കെതിരെ ഏകപക്ഷീയമായി, ഒരു വിശദീകരണം പോലും ചോദിക്കാതെ ശിക്ഷാനടപടിയെടുക്കാന്‍ 1994-ലെ ദ് കേബ്ള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്‌സ് റൂള്‍സ് അധികാരം നല്‍കുന്നതു കൊണ്ട് കേന്ദ്രസര്‍ക്കാറിനു ചാനലുകളുടെ കാര്യത്തില്‍ ഇഷ്ടം പോലെ ചെയ്യാം എന്ന നില ഉണ്ടാക്കിയിട്ടുണ്ട്. അച്ചടിമാധ്യമങ്ങളുടെ കാര്യത്തില്‍ എടുക്കാന്‍ മടിക്കുന്ന ശിക്ഷാനടപടികള്‍ ദൃശ്യമാധ്യമങ്ങള്‍ക്കെതിരെ മടി കൂടാതെ പ്രയോഗിക്കുന്നതാണ് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവണ്‍ കാര്യത്തില്‍ നാം കണ്ടത്. .
ഗുജറാത്ത് വര്‍ഗീയാക്രമണ റിപ്പോര്‍ട്ടിങ് സംബന്ധിച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കു ഡല്‍ഹി കേന്ദ്രമായുള്ള ദൃശ്യമാധ്യമങ്ങളെക്കുറിച്ചേ പരാതി ഉണ്ടായിരുന്നുള്ളു. ഗുജറാത്ത് പത്രങ്ങളെക്കുറിച്ച് അവര്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല. കാരണം, അവ ഹിന്ദു പക്ഷത്ത് ഉറച്ചുനിന്നിരുന്നു. സന്ദേശ്, ഗുജറാത്ത് സമാചാര്‍ തുടങ്ങിയ പത്രങ്ങള്‍ മുസ്ലിംകൂട്ടക്കൊലകളെ പിന്തുണയ്ക്കുക തന്നെ ചെയ്തു. വര്‍ഗീയവിദ്വേഷ പ്രചാരണത്തില്‍ അവരൊട്ടും അറച്ചുനിന്നില്ല. വ്യക്തമായ നിയമവ്യവസ്ഥകളൊക്കെ ഉണ്ടെങ്കിലും ഗുജറാത്ത് സര്‍ക്കാര്‍ അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല എന്നു മാത്രമല്ല, അവരുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി അവയുടെ പത്രാധിപന്മാര്‍ക്ക് ഒപ്പുവെച്ച അഭിനന്ദനക്കത്തുകള്‍ അയച്ചുകൊടുക്കുകയാണ് ചെയതത്. ഹിന്ദുത്വപക്ഷത്തുനിന്ന്് കലാപത്തെ പ്രോത്സാഹിപ്പിച്ച പത്രങ്ങള്‍ക്ക് അഭിനന്ദനം, മതനിരപേക്ഷപക്ഷത്ത് നിലയിറപ്പിച്ച് കൊലയാളികളെ തുറന്നുകാട്ടിയ ചാനലുകള്‍ക്കു ശിക്ഷ!
ഭൂരിപക്ഷാധിപത്യ രാഷ്ട്രീയം എത്ര വേഗത്തിലാണ് ശക്തി പ്രാപിക്കുക എന്ന് ഗുജറാത്ത് കലാപം വ്യക്തമായി കാട്ടിത്തന്നു. കലാപം കഴിയുമ്പോഴേക്ക് ഗുജറാത്ത് സമാചാര്‍,സന്ദേശ് പത്രങ്ങളുടെ സര്‍ക്കുലേഷന്‍ കുതിച്ചുയര്‍ന്നു. ഏറ്റവും പ്രചാരമുള്ള ഈ രണ്ടു പത്രങ്ങള്‍ തമ്മില്‍ എത്രത്തോളം വര്‍ഗീയവിദ്വേഷപ്രചാരണം നടത്താം എന്ന കാര്യത്തില്‍ കടുത്ത മത്സരം തന്നെ നടക്കുകയായിരുന്നു. ‘രക്തം കൊണ്ടു പ്രതികാരം ചെയ്യാന്‍’ ഹിന്ദുക്കളോട് തുറന്നു ആഹ്വാനം ചെയ്ത സന്ദേശ് പത്രത്തിന്റെ പ്രചാരം ഒന്നര ലക്ഷം വര്‍ദ്ധിച്ചു. പ്രകോപനത്തിന്റെ കാര്യത്തില്‍ അല്പമൊന്നു മടിച്ചുനിന്ന ഗുജറാത്ത് സമാചാര്‍ പത്രത്തിന്റെ പ്രചാരവര്‍ദ്ധനയും മടിച്ചുനിന്നു. തീര്‍ച്ചയായും, എഡിറ്റേഴ്‌സ് ഗില്‍ഡും പ്രസ് കൗണ്‍സിലുമെല്ലാം ഈ പത്രങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പക്ഷേ, അതൊന്നും ഈ പത്രങ്ങള്‍ ഗൗനിച്ചില്ല. അവരുടെ വായനക്കാര്‍ അത്രയും ഗൗനിച്ചുകാണില്ല.
ഈ പഴയ കാര്യങ്ങള്‍ ഇപ്പോള്‍ ഓര്‍മയില്‍ വന്നത് പൗരത്വനിയമത്തിനെതിലായി നടന്നുവന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഡല്‍ഹിയില്‍ ഹിന്ദുത്വപക്ഷം തിരികൊളുത്തി വര്‍ഗീയകലാപത്തെത്തുടര്‍ന്നുണ്ടായ ചില മാധ്യമ ശിക്ഷാനടപടികളാണ്. അതിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയവണിനും എതിരെ രണ്ടു നാളത്തെ സംപ്രേഷണനിരോധനം പ്രഖ്യാപിച്ചത് ഇന്ത്യാ ഗവണ്മെന്റിന്റെ സെക്രട്ടറിയാണ്. ഒരു മാധ്യമറിപ്പോര്‍ട്ടിങ്ങ് ക്രമസമാധാനം തകര്‍ക്കുന്നതാണ് എന്നു തോന്നിയാല്‍ അതു തടയാന്‍ അധികൃതര്‍ക്ക് അധികാരം വേണം എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, കുറ്റം ചെയ്തതായി ആക്ഷേപിച്ച് വിശദീകരണം ചോദിച്ച ഉദ്യോഗസ്ഥന്‍ തന്നെ വിധികര്‍ത്താവായി മാധ്യമത്തെ ശിക്ഷിക്കുന്നത് കടുത്ത മാധ്യമസ്വാതന്ത്ര്യ ലംഘനമായിട്ടും അക്കാര്യം ഇന്ത്യന്‍ മാധ്യമലോകം ഗൗരവപൂര്‍വം കൈകാര്യം ചെയ്തില്ല എന്നത് ആശങ്കയുണര്‍ത്തുന്നു. ഡല്‍ഹി കലാപത്തിന്റെ റിപ്പോര്‍ട്ടിങ്ങ് നടത്തിയ അനേകമനേകം ചാനലുകളില്‍നിന്നു രണ്ടു മലയാളി ചാനലുകളെ മാത്രം ശിക്ഷിച്ചത് മലയാളമാധ്യമലോകത്തെ തെല്ലുപോലും അലോസരപ്പെടുത്തിയില്ല എന്നത് അതിലേറെ ആശങ്കാജനകമാണ്. ബി.ജെ.പി നേതൃത്വത്തിലുള്ള ഒരാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഏഷ്യനെറ്റ് ന്യൂസ് എന്ന ഒറ്റക്കാരണത്താലാണ് ശിക്ഷ വഴിക്കു വെച്ച് റദ്ദാക്കപ്പെട്ടത്. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാന്യമായ മാധ്യമനയം അല്ല ഇക്കാര്യത്തില്‍ തുടക്കം മുതല്‍ സ്വീകരിച്ചുപോന്നിരുന്നത് എന്ന് തല്‍ക്കാലം കെട്ടടങ്ങിയ വിവാദത്തിനിടയില്‍ നാം മറന്നുകൂടാ.
പാഠഭേദം ഏപ്രില്‍ 2020