കൊറോണ പഴുതില്‍ ഒരു കേന്ദ്ര ഇരുട്ടടി

എൻ.പി.രാജേന്ദ്രൻ

ബി.ജെ.പി കേന്ദ്രഭരണം നേടിയതു മുതല്‍ ഒരു ഫ്രഷ് ഐഡിയ കുറേശ്ശെയായി പ്രചരിക്കുന്നുണ്ടായിരുന്നു. എങ്കിലും, അഞ്ചു വര്‍ഷം ഒന്നും ചെയ്തില്ല. രണ്ടാം വട്ടം കൂടിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നപ്പോഴും തെല്ല് മടിച്ചുനിന്നു എങ്കിലും, ബി.ജെ.പി എം.പിമാര്‍ സ്വകാര്യം പറയുന്നുണ്ടായിരുന്നുവത്രെ-വൈകാതെ ഞങ്ങള്‍ എം.പി വികസനഫണ്ടിന്റെ കഥകഴിക്കും! ആദ്യംകിട്ടിയ അവസരത്തില്‍തന്നെ അവര്‍  കഴിച്ചു, ആ കഥ.

രാജ്യം കൊറോണയുടെ നീരാളിപ്പിടുത്തത്തില്‍ അമര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഏതെങ്കിലും എം.പിയുടെ തലയില്‍, എം.പി ഫണ്ട് തങ്ങള്‍ക്ക് വേണ്ട, സര്‍ക്കാര്‍ എടുത്തോട്ടെ എന്നൊരു ചിന്ത പൊട്ടിമുളയ്ക്കുമായിരുന്നോ? ഒരിക്കലുമില്ല. അവരെല്ലാം, സംസ്ഥാനസര്‍ക്കാറുകളുടെയും ജില്ലാഭരണകൂടങ്ങളുടെയും ഒപ്പം നിന്ന് കൊറോണയെ തടയാന്‍ എന്തു സഹായം ചെയ്യാനാവും എന്ന തലപുകയ്ക്കുകയായിരുന്നു. അങ്ങനെ കക്ഷിരാഷ്ട്രീയം മറന്ന് പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കെ ആണ് പൊടുന്നനെ ഇടിത്തീ വീണത്. അഞ്ചു കോടിയുടെയല്ല, അഞ്ചു രൂപയുടെ പദ്ധതി പോലും ഇനി എം.പി മാര്‍ക്ക് സ്വന്തം നാട്ടുകാര്‍ക്കുവേണ്ടി നടപ്പാക്കാന്‍ കഴിയില്ല.

കേന്ദ്രസര്‍ക്കാറിന് കാശിന് ഇത്രയും ദാരിദ്ര്യമുണ്ടോ എന്നല്ല ഇപ്പോള്‍ ആളുകള്‍ ചിന്തിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ തലപ്പത്ത് ഇത്രയും ദുഷ്ടബുദ്ധികളുണ്ടോ എന്നാണ്. ഒരു സര്‍ക്കാര്‍ സ്വന്തം ചെലവുകള്‍ വെട്ടിക്കുറക്കുമ്പോള്‍ ആദ്യം വെട്ടുക ഉപേക്ഷിച്ചാല്‍ കുറച്ചുമാത്രം ദോഷം ചെയ്യുന്ന ചെലവുകളല്ലേ? 1993-ല്‍ ഈ പദ്ധതി വന്നതിനു ശേഷം ഏതെങ്കിലും പാര്‍ട്ടിയോ എം.പി.യോ ധനവിദഗ്ദ്ധനോ ആസൂത്രകനോ ഈ വികസനപദ്ധതി വെട്ടണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നോ? ഏതെങ്കിലും വിമര്‍ശകന്‍ ഈ പദ്ധതി കൊണ്ട് ഒരു പ്രയോജവും ഇല്ല എന്നു വിമര്‍ശിച്ചിരുന്നോ? ഏതെങ്കിലും പത്രം പദ്ധതിക്കെതിരെ മുഖപ്രസംഗം എഴുതിയിരുന്നോ? ഇല്ല സാര്‍, ഒരാള്‍ പോലും അങ്ങനെ ചിന്തിച്ചിട്ടില്ല. എന്നിട്ടും സര്‍ക്കാര്‍ എന്തിന് ദുരിതകാലത്ത് ഈ കടുംവെട്ട് വെട്ടി? വെട്ടാതെ തന്നെ ഇത്രയും തുക ദുരിതാശ്വാസത്തിനു ചെലവിടാനാകുമായിരുന്നില്ലേ?

ദുരിതകാലത്താണ് കുബുദ്ധികളുടെ മസ്തിഷ്‌കം കൂടുതല്‍ സക്രിയമായിരിക്കുക. കഷ്ടപ്പെടുന്ന മനുഷ്യനെ എങ്ങനെ സഹായിക്കാം എന്നാണ് നല്ല മനുഷ്യര്‍ ആലോചിച്ചുകൊണ്ടിരിക്കുക. അവര്‍ക്കു അപ്പോള്‍ മതവും രാഷ്ട്രീയവും ഒന്നുമല്ല തലയില്‍ കത്തുക. ചിലര്‍ എങ്ങനെ ഈ തഞ്ചത്തില്‍ എതിരാളിയുടെ തലവെട്ടാം എന്നാണ് ചിന്തിക്കുക. ഭരണകക്ഷിക്കു പ്രത്യേക നേട്ടമൊന്നുമുണ്ടാക്കാത്ത പദ്ധതിയാണ് എം.പി.മാരുടെ തദ്ദേശവികസന ഫണ്ട് എന്നു ബി.ജെ.പി.യുടെ കേന്ദ്രനേതൃത്വത്തിലുള്ളവര്‍ക്ക് കുറച്ചായി തോന്നിത്തുടങ്ങിയിരുന്നത്രെ. അതില്‍ കാര്യമുണ്ട്.

ഈ ഫണ്ടില്‍ കക്ഷിഭേദമില്ല. പാര്‍ലമെന്റിലെ ജനപ്രതിനിധിക്ക് കേന്ദ്രഭരണകക്ഷിയുടെ ഓശാരമില്ലാത്ത സ്വന്തം മണ്ഡലത്തില്‍  അഞ്ചു കോടിയുടെ വികസനപദ്ധതികള്‍ നടപ്പാക്കാം. അതിനു കേന്ദ്ര ഉദ്യോഗസ്ഥരുടെയും കാലുപിടിക്കേണ്ട. 1993-ല്‍ പദ്ധതി നടപ്പാക്കിയ യു.പി.എ മന്ത്രിമാര്‍ക്ക് ഇതെല്ലാം നല്ല കാര്യങ്ങളായാണ് തോന്നിയത്. എല്ലാവര്‍ക്കും അങ്ങനെ തോന്നണമെന്നില്ലല്ലോ.

ഇനി ഇതല്ല സംഭവിക്കാന്‍ പോകുന്നത്. എം. പി ഫണ്ട്് പദ്ധതി വേഷം മാറി, പേരു മാറി പുതിയ രൂപത്തില്‍ വരും. പ്രധാനമന്ത്രി കൊറോണ നിര്‍മാര്‍ജന്‍ പദ്ധതി എന്നോ മറ്റോ ആയിക്കൊള്ളട്ടെ പേര്. പ്രദേശത്തെ ജനങ്ങള്‍ പദ്ധതികള്‍ നിര്‍ദ്ദേശിക്കും എന്നായിരിക്കും ആദ്യം കേള്‍ക്കുക. പക്ഷേ, ഏതു വേണം ഏതു വേണ്ട എന്നു തീരുമാനിക്കുക കേന്ദ്രസര്‍ക്കാര്‍ ആയിരിക്കും. അതിനുവേണ്ടി ഒരു ഉപദേശകസമിതി ഉണ്ടാക്കാം. അതില്‍ എല്ലാ പാര്‍ട്ടിക്കാരെയും വെക്കാം. എന്നു വെച്ചാല്‍, എം.പി ആരായാലും എല്ലാ മണ്ഡലത്തിലെയും പദ്ധതി തീരുമാനിക്കുന്നത് കേന്ദ്രഭരണകക്ഷി ആയിരിക്കും എന്നര്‍ത്ഥം. മോദിവിരുദ്ധനായ എം.പി്‌യക്കും ഉപദേശകസമിതി യോഗത്തില്‍ചെന്നു വായിട്ടലക്കാം. പക്ഷേ, പാര്‍ട്ടി തീരുമാനമനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കും. എപ്പടി?

നമുക്ക് കാത്തിരിക്കാം. ഇനി ഏതു ചില്ലറ പദ്ധതിക്കു വേണ്ടിയും കക്ഷിഭേദമന്യേ എല്ലാ ജനപ്രതിനിധികളും കേന്ദ്രത്തിലെ ഭരണാധികാരികളുടെ മുന്നില്‍ കൈനീട്ടി നില്‍ക്കേണ്ടിവരും. എം.പി നിര്‍ദ്ദേശിക്കുന്ന പദ്ധതിയാവില്ല നടപ്പാക്കുക എന്നു മാത്രം. മുമ്പും ജനം പദ്ധതിയൊന്നും അറിയാറില്ലല്ലോ. ഇനി ജനപ്രതിനിധികളും അറിയേണ്ട. എം.പിമാര്‍ക്ക് മുഖ്യപങ്കാളിത്തമുള്ള ഈ കേന്ദ്രപദ്ധതി ഇല്ലാതാക്കിയത് എം.പി മാരോട് ഒരു അക്ഷരം ചോദിക്കാതെയാണ്. ഇതാണ് ജനപ്രാതിനിധ്യത്തിന്റെ കൊറോണ കാല അവസ്ഥ. ആരും ഒന്നും ചോദിക്കില്ല.

മുഖ്യശത്രു ആര്‍
എതിര്‍ക്കാനും വയ്യ, എതിര്‍ക്കാതിരിക്കാനും വയ്യ എന്ന ധര്‍മസങ്കടത്തിലാണ് കേന്ദ്രത്തിലെയും കേരളത്തിലെയും കോണ്‍ഗ്രസ്. കോണ്‍ഗ്രസ്സിന് രണ്ടിടത്തെയും മുഖ്യശത്രു ഒന്നല്ല, രണ്ടാണ് .ഇടതുപക്ഷത്തിന്റെയും  ദേശീയ മുഖ്യശത്രു ബി.ജെ.പി തന്നെ. അപ്പോള്‍ ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും കേരളത്തിലെ മുഖ്യശത്രു ആര് എന്നു ചോദിച്ചാല്‍ ഇരുപാര്‍ട്ടികളും മറുപടി തരില്ല. അത് ആലോചിച്ചേ പറയാന്‍ പറ്റൂ. ആലോചന തുടങ്ങിയിട്ട് കാലം കുറച്ചായി.

സംസ്ഥാന ഭരണകക്ഷിയായ ഇടതുപക്ഷത്തോട് എത്രത്തോളം ശത്രുത ആവാം, എത്രത്തോളം മൈത്രി ആകാം? ഈ ചോദ്യം കോണ്‍ഗ്രസ്സിനെ ആകെ പൊല്ലാപ്പിലാക്കിയിരിക്കുന്നു. കൊറോണ ആണ് മുഖ്യശത്രു. അക്കാര്യത്തില്‍ സംശയമില്ല. കൊറോണയെ നേരിടുന്ന കാര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാറിനോട് മൈത്രി വേണ്ടേ? രമേശ് ചെന്നിത്തലയ്ക്ക്് ഇത് വലിയ പ്രശ്‌നമല്ല. ഇടയ്ക്ക് പിണറായിയെ സ്തുതിക്കാനും വിരോധമില്ല. പക്ഷേ, മുല്ലപ്പള്ളിക്ക് അതു വയ്യ. കണ്ണൂരില്‍ സി.പി.എമ്മിനെ നിരന്തരം തോല്പിച്ചതാണ് പിണറായിയുടെ മുല്ലപ്പള്ളിവൈരത്തിനു കാരണം എന്നാണ് ചെന്നിത്തല ധരിച്ചിരിക്കുന്നത്. ശരിയല്ല. കഴിഞ്ഞ ജന്മത്തില്‍ത്തന്നെ പിണറായി-മുല്ലപ്പള്ളി വൈരം ഉണ്ടെന്നാണത്രെ ജാതകത്തില്‍ കാണുന്നത്. പത്തു കൊറോണ വന്നാലും അതു തീരില്ല. ആരോ ഇതിനിടയില്‍ ജാതി പറഞ്ഞു, അച്ഛനെ പറഞ്ഞു എന്നൊക്കെ പ്രചാരമുണ്ട്. ജാതിയോ അച്ഛനോ അല്ല, രാഷ്ട്രീയം തന്നെയാണ് പ്രശ്‌നം. അതു അച്ഛന്മാരുടെ കാലത്തേ ഉണ്ടെന്നു മാത്രം.

ഇതിനിടയില്‍ ബി.ജെ.പി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഒന്നു ഡീസന്റാകാന്‍ നോക്കിയതും പൊല്ലാപ്പായി. എല്ലാ ദിവസവും രാവിലെ പത്തു മണിക്ക് പ്രസ് ക്ലബ്ബില്‍വന്ന് മുഖ്യമന്ത്രിയെ ചീത്തപറയലല്ല തന്റെ പണി എന്ന് അദ്ദേഹം നയംവ്യക്തമാക്കിയിരുന്നു. അത്, മുഖ്യമന്ത്രി സുരേന്ദ്രനോട് തിരുവനന്തപുരം യാത്ര വിവാദത്തില്‍ കാട്ടിയ സന്മനസ്സിനുള്ള പ്രതിഫലമാണെന്നു വരെ ശത്രുക്കള്‍ പറഞ്ഞുകളഞ്ഞു! ആരാണ് ശത്രക്കളെന്നോ?മുഖ്യശത്രുക്കളെ തിരയാന്‍ വേറെങ്ങും പോകേണ്ട, അവരെല്ലാം പാര്‍ട്ടിക്കകത്തുതന്നെയുണ്ട്.


മുനയമ്പ്
ദുരിതക്കയത്തില്‍ ഉഴലുന്നവര്‍ക്ക് ഭക്ഷണവും റേഷനും വിതരണം ചെയ്യുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചാരണോപാധിയാക്കുന്നതിന് എതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍. ഈ സമയത്തുള്ള ഫോട്ടോഗ്രാഫി രാജസ്ഥാനിലെങ്ങും നിരോധിച്ചതായും വാര്‍ത്ത.


രാജസ്ഥാനില്‍ ഇതാവാം. കേരളത്തില്‍ ഇതു തടയാന്‍ ദുരിതാശ്വാസംതന്നെ നിരോധിക്കേണ്ടിവരും. 

 

Leave a Reply

Your email address will not be published. Required fields are marked *

Go Top