‘ഇന്ദിരയുടെ അടിയന്തരം’ പി. രാജനെ ജയിലിലാക്കി

എൻ.പി.രാജേന്ദ്രൻ

അടിയന്തരാവസ്ഥയുടെ ആദ്യ നാളുകളില്‍തന്നെ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു പി. രാജന്‍ എന്ന പത്രപ്രവര്‍ത്തകന്‍. ഏതെങ്കിലും പ്രതിപക്ഷ പത്രത്തിന്റെ ലേഖകനായിരുന്നില്ല രാജന്‍. കോണ്‍ഗ്രസ് പത്രം എന്ന് അന്നും വിളിക്കപ്പെട്ടിരുന്ന മാതൃഭൂമിയുടെ കൊച്ചിയിലെ നിയമകാര്യ ലേഖകന്‍ ആയിരുന്ന രാജന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് 1975 ജൂലൈ 21നാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത് ജൂണ്‍ 26നും. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലാവുന്ന ആദ്യത്തെ പത്രപ്രവര്‍ത്തകനാണ് പി. രാജന്‍ എന്നു കരുതാം. എന്തായിരുന്നു രാജ്യരക്ഷയ്ക്ക് രാജന്‍ ഉയര്‍ത്തിയ ഭീഷണി ?

“വിലങ്ങ് വലതു കൈയില്‍തന്നെ ആയിക്കോട്ടെ. വലതുകൈ കൊണ്ടാണല്ലോ ലഘുലേഖയെഴുതിയത്”- പി. രാജന്‍ പൊലിസുകാരോടു പറഞ്ഞു.
പി. രാജനെ മട്ടാഞ്ചേരിയിലെ സബ്ജയിലില്‍നിന്ന് എറണാകുളത്തെ വിചാരണക്കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുകയായിരുന്നു പൊലിസ്. രാജ്യരക്ഷാ നിയമപ്രകാരമായിരുന്നു അറസ്റ്റ്. ഇന്ത്യാചരിത്രത്തിലെ മറക്കാനാവാത്ത അടിയന്തരാവസ്ഥയുടെ ആദ്യ നാളുകളില്‍തന്നെ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു പി. രാജന്‍ എന്ന പത്രപ്രവര്‍ത്തകന്‍.ഏതെങ്കിലും പ്രതിപക്ഷ പത്രത്തിന്റെ ലേഖകനായിരുന്നില്ല രാജന്‍. കോണ്‍ഗ്രസ് പത്രം എന്ന് അന്നും വിളിക്കപ്പെട്ടിരുന്ന മാതൃഭൂമിയുടെ കൊച്ചിയിലെ നിയമകാര്യ ലേഖകനായിരുന്ന രാജന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് 1975 ജൂലൈ 21നാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത് ജൂണ്‍ 26നും. പാര്‍ട്ടിനേതാക്കള്‍ കൂടിയായ

പത്രപ്രവര്‍ത്തകന്മാരെ മാറ്റിനിര്‍ത്തിയാല്‍, അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലാവുന്ന ആദ്യത്തെ പത്രപ്രവര്‍ത്തകനാണ് പി. രാജന്‍ എന്നു കരുതാം. എന്തായിരുന്നു രാജ്യരക്ഷയ്ക്കു രാജന്‍ ഉയര്‍ത്തിയ ഭീഷണി?
കേരള രാഷ്ട്രീയത്തില്‍ ഇന്ന് വിസ്മൃതമായിക്കഴിഞ്ഞ ഒരു രാഷ്ട്രീയാധ്യായം ഒന്നു തുറന്നുനോക്കേണ്ടിയിരിക്കുന്നു ആ കഥ പറയാന്‍. കോണ്‍ഗ്രസ് പരിവര്‍ത്തനവാദികള്‍ എന്നൊരു പാര്‍ട്ടി കേരളത്തിലുണ്ടായിരുന്നു 1973-77 കാലത്ത്. 1967ലെ തെരഞ്ഞെടുപ്പിനു ശേഷം കേരളത്തിലെ കോണ്‍ഗ്രസിനകത്ത് ശക്തിയോടെ തലയുയര്‍ത്തിയ സോഷ്യലിസ്റ്റ് പക്ഷത്തിന്റെ തുടര്‍ച്ചയായിരുന്നു അതെന്നു ചുരുക്കിപ്പറയാം. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും സ്ഥാപകനേതാക്കളിലൊരാളായ എം.എ ജോണ്‍ ആയിരുന്നു ആ പ്രസ്ഥാനത്തിന്റെ നേതാവ്. എം.എ ജോണ്‍ നമ്മെ നയിക്കും എന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസിലെ ഒരു തീവ്രവാദിസംഘമായി രംഗത്തുവന്ന കൂട്ടര്‍. രാജ്യത്തിന്റെ പരിവര്‍ത്തനം കോണ്‍ഗ്രസിലൂടെ എന്നായിരുന്നു ആദ്യകാല മുദ്രാവാക്യമെങ്കിലും വേഗം അവര്‍ കോണ്‍ഗ്രസിനു പുറത്തായി. കോണ്‍ഗ്രസ് പരിവര്‍ത്തനവാദികള്‍ എന്ന അനൗപചാരിക സംഘം വൈകാതെ ഒരു പാര്‍ട്ടി തന്നെയായി. അവര്‍ കോണ്‍ഗ്രസിനെതിരായ നിലപാടുകള്‍ സ്വീകരിക്കുകയും അന്നത്തെ സി.പി.എം നേതൃത്വത്തിലുള്ള പ്രതിപക്ഷമുന്നണിയിലെത്തുകയും ചെയ്തിരുന്നു.

അടിയന്തരാവസ്ഥ

അങ്ങനെയിരിക്കെ ആണ് അലഹാബാദ് കോടതി ഒരു തെരഞ്ഞെടുപ്പ് കേസില്‍ ഇന്ദിരാഗാന്ധിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കിയതും ഇന്ദിരയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം വന്‍ കോലാഹലം സൃഷ്ടിച്ചതും. തന്റെ നില അപകടത്തിലാണെന്ന തോന്നലുണ്ടായപ്പോഴാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടര്‍ന്ന് പ്രതിപക്ഷനേതാക്കള്‍ തുരുതുരാ അറസ്റ്റ് ചെയ്യപ്പെട്ടു. പത്രങ്ങള്‍ക്കു മേല്‍ സെന്‍സറിങ്ങ് ഏര്‍പ്പെടുത്തി.
ഡല്‍ഹിയില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ രണ്ടുപേര്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയായിരുന്നു-ഒരാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസംഘം കൂടിയായിരുന്ന, പില്‍ക്കാലത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ ആയ ചന്ദ്രശേഖറും മറ്റെയാള്‍ പല ഗവണ്‍മെന്റുകളില്‍ മന്ത്രിയായിരുന്ന മോഹന്‍ ധാരിയയും. രണ്ടുപേരും കേരളത്തിലെ പരിവര്‍ത്തനവാദി പ്രസ്ഥാനവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു.

എം.എ ജോണ്‍

ജയപ്രകാശ് നാരായണ്‍ അഴിമതിക്കെതിരേ നടത്തിയ രാജ്യവ്യാപക പ്രക്ഷോഭത്തോട് അനുഭാവവും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ഇന്ദിര സ്വീകരിച്ച നടപടികളോട് എതിര്‍പ്പും ഉണ്ടായിരുന്നവര്‍ എന്ന ആശയപ്പൊരുത്തവും ഇവര്‍ക്കുണ്ടായിരുന്നു. പരിവര്‍ത്തനവാദികള്‍ക്ക് അക്കാലത്ത് ‘നിര്‍ണയം’ എന്ന പേരിലൊരു വാരിക ഉണ്ടായിരുന്നു. ഒരു ലക്കം അച്ചടിക്കാന്‍ തയാറായിക്കൊണ്ടിരിക്കെയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം ഇടിവെട്ടിയതുപോലെ സംഭവിക്കുന്നത്. അടിയന്തരാവസ്ഥയെക്കുറിച്ച് യാതൊന്നും എഴുതാതെ എങ്ങനെ വാരിക ഇറക്കും എന്ന ചിന്തയും അടിയന്തരാവസ്ഥയെ എതിര്‍ത്തെഴുതിയാല്‍ അത് കണ്ടുകെട്ടപ്പെടില്ലേ എന്ന ചിന്തയുമെല്ലാം ആശയക്കുഴപ്പമുണ്ടാക്കി. രണ്ടഭിപ്രായങ്ങളും ഉയര്‍ന്നുവന്നു. ഒടുവില്‍, തീരുമാനമായി. വാരികയുടെ മുഖപേജില്‍ നിന്ന് നിര്‍ണയം എന്ന പേരെടുത്തുകളയുക. ആദ്യപേജില്‍ ഇന്ദിരയുടെ അടിയന്തരം എന്ന പേരില്‍ ഒരു ലേഖനം ചേര്‍ത്ത് വാരിക ഒരു ലഘുലേഖയായി പുറത്തിറക്കുക. അത് ഇറങ്ങുകയും ചെയ്തു.

ഇന്ദിരയുടെ അടിയന്തരം

മാതൃഭൂമിയില്‍ മുഴുവന്‍ സമയ പത്രപ്രവര്‍ത്തകനായിരുന്നുവെങ്കിലും നിര്‍ണയത്തിലെ സ്ഥിരം എഴുത്തുകാരനായിരുന്നു പി. രാജന്‍. അടിയന്തരം എന്നാല്‍ ചാവടിയന്തരം എന്നുകൂടി അര്‍ഥമുള്ളപ്പോള്‍ ഇന്ദിരയുടെ അടിയന്തരം എന്ന പേരില്‍ ഒരു ലഘുലേഖ ഇറക്കിയാല്‍ എന്താവും ഗതി എന്ന് അറിയാത്തവരല്ലല്ലോ പരിവര്‍ത്തനവാദികള്‍.
കോണ്‍ഗ്രസില്‍ അന്നുമുണ്ട് രണ്ടു പക്ഷം. കെ. കരുണാകരന്റെയും എ.കെ ആന്റണിയുടെയും പക്ഷങ്ങള്‍. ഇന്ദിരാഗാന്ധിയോടുള്ള അടുപ്പം തെളിയിക്കാന്‍ മത്സരിക്കുകയായിരുന്നു ഇരുകൂട്ടരും. ആഭ്യന്തരമന്ത്രിയായ കെ. കരുണാകരനെ അടിക്കാനുള്ള വടിയായി അവര്‍ ലഘുലേഖ ഉപയോഗപ്പെടുത്തി. കെ.പി.സി.സിയുടെ യോഗത്തില്‍ പരിവര്‍ത്തനവാദികളുടെ ലഘുലേഖ ഉയര്‍ത്തിക്കാട്ടി, ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ എന്ന ചോദ്യം എ ഗ്രൂപ്പുകാര്‍ ആഭ്യന്തരമന്ത്രിക്കു നേരെ തൊടുത്തപ്പോള്‍ സംഗതി ഉറപ്പായി- അറസ്റ്റ് വൈകില്ല.

ആ കെ.പി.സി.സി യോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ മാതൃഭൂമി നിയോഗിച്ചിരുന്നത് പി. രാജനെ ആയിരുന്നു എന്നത് യാദൃച്ഛികം. ലഘുലേഖ ഉയര്‍ത്തിക്കാട്ടി ചോദ്യമുന്നയിക്കപ്പെട്ടപ്പോള്‍ത്തന്നെ കരുണാകരന്‍ പി. രാജനെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. പൊലിസ് അപ്പോള്‍തന്നെ നടപടി തുടങ്ങി. കെ.പി.സി.സി യോഗത്തിന്റെ റിപ്പോര്‍ട്ട് എഴുതാന്‍ ഓഫിസിലേക്കു വരുമ്പോള്‍തന്നെ രാജനു അറസ്റ്റ് ഉറപ്പായിരുന്നു. ഒന്ന് സ്റ്റേഷന്‍ വരെ വരണം എന്ന് സി.ഐ വിളിച്ചുപറഞ്ഞു. സി.ഐ അന്നു പറഞ്ഞ വാചകം രാജന്‍ ഇന്നും ഓര്‍ക്കുന്നു.’ഇംപ്ലിക്കേറ്റ് ചെയ്താല്‍ ഡീറ്റെയിന്‍ ചെയ്യേണ്ടി വരും’. അര്‍ഥം ഇത്രയേ ഉള്ളൂ-തന്നെ ജയിലിലാക്കും.

‘നിര്‍ണയം’ വാരിക 

രാജന്റെ കൈയക്ഷരത്തിലുള്ള വിവാദലേഖനം പ്രസ്സില്‍ നിന്നു കണ്ടെത്തിയതുകൊണ്ട് പൊലിസിനു വളരെയൊന്നും പ്രയത്‌നിക്കേണ്ടി വന്നില്ല. നിര്‍ണയം പത്രാധിപര്‍ എം.എ ജോണ്‍, സംസ്ഥാനതല നേതാക്കളായ വൈസ് പ്രസിഡന്റ് അഡ്വ. വി. രാമചന്ദ്രന്‍, പാര്‍ട്ടി സെക്രട്ടറി പി.ടി ദേവസ്സിക്കുട്ടി, ഓഫിസ് ജീവനക്കാരനായ ശങ്കരന്‍ തുടങ്ങിയവര്‍ കേസില്‍ പ്രതികളായെങ്കിലും എം.എ ജോണ്‍ ഒഴികെ എല്ലാവരെയും ഉടന്‍ അറസ്റ്റ് ചെയ്തു. ജോണ്‍ കുറേനാള്‍ ഒളിവില്‍പോയി. മൂന്നുമാസത്തിനു ശേഷം പുറത്തുവന്ന് എറണാകുളം പ്രസ് ക്ലബില്‍ ഗാന്ധിജയന്തിനാളില്‍ പ്രസംഗിക്കാന്‍ എത്തിയ ജോണും അറസ്റ്റിലായി. അതിനിടെ പി. രാജനും മറ്റുള്ളവരും ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. പിന്നീട് കോടതി പ്രതികളെയെല്ലാം വെറുതെ വിടുകയാണ് ചെയ്തത്.

അങ്ങനെ ഒരു രഹസ്യം

ഈ അറസ്റ്റിനും ജയില്‍വാസത്തിനുമിടയില്‍ അക്കാലത്ത് അധികമാരും അറിയാതിരുന്ന ഒരു രാഷ്ട്രീയകുസൃതി കൂടി ഉണ്ടായിരുന്നത് പി. രാജന്‍ പില്‍ക്കാലത്ത് വെളിപ്പെടുത്തുകയുണ്ടായി. പരിവര്‍ത്തനവാദികള്‍ക്കു കെ. കരുണാകരനോടുള്ളതിലേറെ എതിര്‍പ്പും ശത്രുതയും എ.കെ ആന്റണിയോടായിരുന്നല്ലോ. ആന്റണി അടിയന്തരാവസ്ഥയ്ക്ക് എതിരാണെന്ന ഒരു കഥ പ്രചരിപ്പിച്ചാല്‍ ഇന്ദിരാഗാന്ധി ആന്റണിയുടെ കഥ കഴിക്കും എന്ന വ്യാമോഹത്തോടെയാണ് കഥയുണ്ടാക്കിയത്. താന്‍ അടിയന്തരാവസ്ഥക്കെതിരാണെന്നും അതിനെതിരായ നീക്കങ്ങളെ സഹായിക്കാമെന്നും ആന്റണി തങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് രേഖപ്പെടുത്തുന്ന ഒരു സര്‍ക്കുലര്‍ പരിവര്‍ത്തനവാദികളുടെ സംസ്ഥാനനേതൃത്വം അണികള്‍ക്കയച്ചതായി തെളിവുണ്ടാക്കി.

പരിവര്‍ത്തനവാദികളുടെ ഓഫിസ് റെയ്ഡ് ചെയ്ത പൊലിസിന് എളുപ്പം കിട്ടുന്ന രീതിയില്‍ ‘ഇല്ലാത്ത’ സര്‍ക്കുലര്‍ മേശപ്പുറത്ത് വച്ചിരുന്നു. ആന്റണിക്കല്ല, കേന്ദ്ര രഹസ്യപ്പൊലിസിനാണ്് അതുകൊണ്ട് പൊല്ലാപ്പുണ്ടായത്. ആ കഥ, എറണാകുളം പ്രണത ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ 1975 അടിയന്തരാവസ്ഥയുടെ ഓര്‍മപുസ്തകം എന്ന ലേഖനസമാഹാരത്തിലെ രഹസ്യം ഇനി വെളിപ്പെടുത്താതെ വയ്യ എന്ന ലേഖനത്തില്‍ പി. രാജന്‍തന്നെ വിവരിക്കുന്നുണ്ട്.
ശക്തരായ എതിരാളികളെ ദുര്‍ബലമാക്കാന്‍ ഉപയോഗിച്ച ചാണക്യതന്ത്രമായിരുന്നു അതെന്ന് പി. രാജന്‍ ന്യായീകരിക്കുന്നുണ്ട്. പക്ഷേ, ആന്റണിക്ക് ഇതുകൊണ്ടൊന്നും ഒരു പ്രശ്‌നവുമുണ്ടായില്ല. എന്നു മാത്രമല്ല, ആന്റണി തുടക്കത്തിലേ അടിയന്തരാവസ്ഥയ്ക്ക്് എതിരായിരുന്നു എന്നു പലരെയും വിശ്വസിപ്പിക്കാനും അതുവഴി അദ്ദേഹത്തിന്റെ യശസ്സുയര്‍ത്താനുമാണതു സഹായിച്ചത്.

പത്രപ്രവര്‍ത്തനം അവസാനിപ്പിച്ചിട്ട് ഇരുപത്തെട്ടു വര്‍ഷമായെങ്കിലും നിയമപോരാട്ടങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല രാജന്‍. എറണാകുളം പാലാരിവട്ടത്ത് ‘സന്ധി’യിലാണ് താമസം. എണ്‍പതു പിന്നിട്ടെങ്കിലും നിലപാടുകളിലൊന്നും സന്ധിയില്ല.

Published in Suprabhaathan Sunday edition on 27 Nov. 2016

Leave a Reply

Your email address will not be published. Required fields are marked *

Go Top