കഴിഞ്ഞ തലമുറയിലെ പ്രമുഖനായ ഒരു പത്രപ്രവര്‍ത്തകനാണ് പവനന്‍. തൂലികാനാമം വന്നുകയറി യഥാര്‍ഥനാമത്തെ കൊന്നുകളഞ്ഞ അനുഭവമാണ് പവനന്റേത്. ആള് വയലളം സ്വദേശി പി.വി നാരായണന്‍ നായരാണ്. ചെന്നൈയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘ജയകേരളം’ മാസികയില്‍ ജോലി ചെയ്യുന്ന കാലത്താണ് പി.വി നാരായണന്‍ നായര്‍ക്കു സ്വന്തം പേര് നഷ്ടപ്പെട്ടത്. നായര്‍ വാല് ഇല്ലാതെ പി.വി നാരായണന്‍ എന്ന പേരുമായാണ് അദ്ദേഹം ‘ജയകേരള’ത്തില്‍ വന്നത്. വയലളം പി.വി.എന്‍ നായര്‍ എന്ന പേരിലായി ലേഖനമെഴുത്ത്. അച്ചടിച്ചുവന്ന പേരു കണ്ടിട്ട് അന്നു പത്രാധിപ സമിതിയംഗമായിരുന്ന പി. ഭാസ്‌കരന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം പേര് പവനന്‍ എന്നാക്കി. അതങ്ങുറച്ചു. പില്‍ക്കാലത്ത് ഉറ്റ ബന്ധുക്കള്‍ക്കേ മറ്റേ പേരറിയൂവെന്ന നിലവന്നു.
അതല്ല നമ്മുടെ വിഷയം. പവനന്റെ ജീവിതത്തിലെ അത്യപൂര്‍വമായ അനുഭവം അദ്ദേഹംതന്നെ വിവരിച്ചിട്ടുണ്ട്. പത്രാധിപരും യുക്തിവാദിയും ഗ്രന്ഥകാരനും കമ്യൂണിസ്റ്റും എല്ലാമായിരുന്ന അദ്ദേഹം ഉറക്കത്തില്‍ പോലും അമേരിക്കയെ ശപിക്കുകയും അധിക്ഷേപിക്കുയും ചെയ്തിരിക്കാം. പക്ഷേ, അമേരിക്കയുടെ പഴയകാല രഹസ്യരേഖകള്‍ ഇന്നാരെങ്കിലും ആര്‍ക്കൈവില്‍ നിന്നെടുത്താല്‍ പവനനെ ഒരു സി.ഐ.എ ഏജന്റായി രേഖപ്പെടുത്തിയതു കണ്ടേക്കാം. ഉറപ്പില്ല, അതിനും സാധ്യതയുണ്ടാക്കുന്നതായിരുന്നു അദ്ദേഹത്തിനുണ്ടായ വിചിത്രാനുഭവം എന്നുമാത്രം പറയാം. ഏജന്റ് അല്ലെങ്കില്‍ സബ് ഏജന്റ്!
കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് പവനന്‍ സോവിയറ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററിലേക്ക് നിയോഗിക്കപ്പെടുന്നത്. പത്രപ്രവര്‍ത്തന സമാനമായ ജോലിതന്നെ അവിടെയും. പാര്‍ട്ടി പത്രത്തിലെ പണി പോലെയല്ല, കൃത്യമായി ശമ്പളം കിട്ടും എന്നതാവാം പ്രധാന വ്യത്യാസം. എന്തായാലും മദ്രാസില്‍ ജീവിതം കുശാലായിരുന്നു. ‘സോവിയറ്റ് എന്ന സ്വര്‍ഗത്തിലെ ആനന്ദദായകമായ ജീവിതത്തെയും അത്യസാധാരണമായ വികസനത്തെയും അസൂയാവഹമായ ശാസ്ത്രപുരോഗതിയെയും സ്വര്‍ഗതുല്യമായ ജനജീവിത സൗകര്യങ്ങളെയും’ കുറിച്ചുള്ള പവന്‍മാര്‍ക്ക് ലേഖനങ്ങള്‍ മലയാളത്തിലേക്കു തര്‍ജമ ചെയ്തു പത്രങ്ങള്‍ക്കു കൊടുക്കുകയാണു പ്രധാനപണി. കൂട്ടത്തില്‍ അമേരിക്ക എന്ന ദുഷ്ടമുതലാളിത്ത രാജ്യത്തിന്റെ ക്രൂരപ്രവര്‍ത്തനങ്ങളെക്കുറിച്ചും അവിടത്തെ ജനം അനുഭവിക്കുന്ന നരകതുല്യമായ ജീവിതത്തെക്കുറിച്ചുമെല്ലാമുള്ള ലേഖനങ്ങളും തയാറാക്കി പരമാവധി ജനങ്ങളില്‍ എത്തിക്കുകയും വേണമായിരുന്നു. മലയാളത്തിലെ ഏതെങ്കിലും പത്രത്തിലോ പുസ്തകത്തിലോ ആരെങ്കിലും സോവിയറ്റ് യൂനിയനെ കുറ്റം പറഞ്ഞാല്‍ ഉടന്‍ വരും പവനന്റെ മറുപടി. സ്വന്തം പേരില്‍ മാത്രമല്ല, പല പേരുകളിലും ഇങ്ങനെ സോവിയറ്റ് അനുകൂല ലേഖനങ്ങളും കത്തുകളും എഴുതി പത്രങ്ങള്‍ക്ക് കൊടുക്കാറുണ്ട്. സോവിയറ്റ് യൂനിയന്റെ ഒരു കാവല്‍ഭടനെപ്പോലെയായിരുന്നു താനെന്ന് പവനന്‍തന്നെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്.
ഇങ്ങനെയെല്ലാമായിട്ടുള്ള സഖാവ് പവനനോട് മറ്റൊരു സഖാവ് കൂടിയായ ചലചിത്രസംവിധായകന്‍ രാമു കാര്യാട്ട് ഒരു കാര്യം പറയുന്നു. 197075 കാലത്തെന്നോ ആണു സംഭവം. കൃത്യംകാലം പവനന്‍ ആത്മകഥയില്‍ പറയുന്നില്ല. രാമു കാര്യാട്ടിന്റെ ആവശ്യം ഇത്രയേ ഉള്ളൂ. ഒരു സുഹൃത്തിന് പവനനെ കാണണം. ഇങ്ങോട്ടുവന്നു കാണില്ല. അശോക ഹോട്ടലിലെ മുറിയില്‍ ചെന്നുകാണണം. കാര്യമെന്തെന്നൊന്നും പറയുന്നില്ല രാമു. തനിച്ചുപോകണമെന്ന കാര്യത്തില്‍മാത്രം വിട്ടുവീഴ്ചയില്ല. ചില്ലറ സംശയങ്ങള്‍ തോന്നിയെങ്കിലും പവനന്‍ മടിച്ചുമാറിയില്ല. പറഞ്ഞ ദിവസം കൃത്യമായി അങ്ങോട്ടുചെന്നു. ആളൊരു മലയാളിയാണ്. തിരുവനന്തപുരത്ത് പവനനു പരിചയമുള്ള ഒരു ഉദ്യോഗസ്ഥന്റെ മൂത്ത സഹോദരനാണെന്നു മനസിലാവുകയും ചെയ്തു. കാര്യമെന്തെങ്കിലും പറയും മുന്‍പു വിദ്വാന്‍ സ്‌കോച്ച് വിസ്‌കിയുടെ ഒരു ഫുള്‍ ബോട്ടിലാണു പുറത്തെടുത്തത്. സോഡയ്ക്കും മറ്റ് അവശ്യവസ്തുക്കള്‍ക്കും ഓര്‍ഡര്‍ കൊടുത്തു. കഴിക്കാന്‍ പവനനെ നിര്‍ബന്ധിച്ചില്ലെങ്കിലും സംഭാഷണം മണിക്കൂറുകള്‍ നീണ്ടപ്പോള്‍ പവനനും കഴിച്ചു മൂന്ന് സ്‌മോള്‍. എത്ര നേരമാണെന്നുവച്ചാണ് ഒരാള്‍ ഇങ്ങനെ വെറുതെ നോക്കിയിരിക്കുക! മറ്റെയാള്‍ മൂന്നു മണിക്കൂറിനകം മൂന്ന് ലാര്‍ജ് തന്നെ അകത്താക്കിയിരുന്നു. പിന്നെ അയാള്‍ പവനനെ വേറെയൊരു ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ നിശാനൃത്തമാണു നടക്കുന്നത്. അല്‍പവസ്ത്രനിര്‍വസ്ത്ര അവസ്ഥകളില്‍ സുന്ദരിമാര്‍ വന്ന് ആടി. അവിടെയും മദ്യപാനമുണ്ടായി.
സോവിയറ്റ് യൂനിയനില്‍ ആയിടെ മാത്രം പോയി വന്ന ആളെന്ന നിലയില്‍ അവിടത്തെ കാര്യങ്ങളാണ് അദ്ദേഹം പവനനോടു ചോദിച്ചുകൊണ്ടേ ഇരുന്നത്. അഞ്ചാറുപെഗ്ഗ് അടിച്ചിട്ടും കണ്‍ട്രോള്‍ വിടാതെ അദ്ദേഹം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നത് പവനന്‍ മതിപ്പോടെ ഓര്‍ത്തു. അയാള്‍ക്ക് പവനനോടും വലിയ മതിപ്പുണ്ടായി. കാരണം മൂന്ന് അടിച്ചാല്‍ പലരും മണി മണി പോലെ സകലതും വിളിച്ചുപറയും. പവനന്‍ അയാള്‍ ആഗ്രഹിച്ചതരം വിവരങ്ങളൊന്നും പറയുന്നില്ല.
ഒരാഴ്ചയ്ക്കപ്പുറം അതേ ഹോട്ടലില്‍ അതേ റൂമില്‍ വീണ്ടും സന്ധിപ്പേന്‍ എന്നുറപ്പുനല്‍കി അവര്‍ പിരിഞ്ഞു. പിരിയും മുന്‍പ് ആ കക്ഷി ഒരു കടുംകൈ ചെയ്തത് പവനനു തടയാന്‍ കഴിഞ്ഞില്ല. ഒരു കവര്‍ പവനന്റെ പോക്കറ്റിലേക്കു തള്ളിയതും ടാക്‌സിയുടെ ഡോര്‍ തള്ളിയടച്ചതും ഏതാണ്ട് ഒപ്പമായിരുന്നു. രാത്രി വൈകിയിരുന്നു. ടാക്‌സി നിര്‍ത്തി ബഹളം വയ്ക്കാന്‍ പറ്റുമായിരുന്നില്ല. മറ്റേ ചങ്ങാതി സ്ഥലം വിടുകയും ചെയ്തിരുന്നു.
താമസസ്ഥലത്തു തിരിച്ചെത്തുമ്പോഴേക്കും പവനന്റെ ലഹരിയെല്ലാം പറപറന്നിരുന്നു. കവറില്‍ 500 രൂപയും ഒരു കുറിപ്പുമേ ഉണ്ടായിരുന്നുള്ളൂ. സംഭവം സി.ഐ.എ തന്നെ. പവനനു ബോധ്യപ്പെട്ടു. ഇതിനകം അനേകമനേകം ലേഖനങ്ങള്‍ സി.ഐ.എയെക്കുറിച്ച് എഴുതിയിരുന്നുവെങ്കിലും സാധനത്തെ നേര്‍ക്കുനേര്‍ കാണുന്നത് ആദ്യം. ഇനി വൈകിക്കൂടാ. പവനന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസിലെ അധികൃതരെ വിളിച്ചുവിവരം പറഞ്ഞു. അവര്‍ എംബസിയുടെ ഉന്നതാധികാരികളുമായി ബന്ധപ്പെട്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അത്ഭുതകരമെന്നു പറയട്ടെ, സി.ഐ.എ ഏജന്റുമായുള്ള ബന്ധം തുടരാനായിരുന്നു ഉന്നതതലത്തിലുള്ള തീരുമാനം. ഞങ്ങള്‍ക്കു നിങ്ങളില്‍ പൂര്‍ണവിശ്വാസമുണ്ട്. എത്രത്തോളം അവര്‍ പോകുമെന്നു നോക്കാമല്ലോ എന്നവര്‍ പവനനോടു പറഞ്ഞു. ഒരു പക്ഷേ, പവനന്‍ പിന്‍വാങ്ങിയാല്‍ വേറെ ആരെങ്കിലും ചാരപ്പണി ഏറ്റെടുത്താലോ എന്നവര്‍ സംശയിച്ചിരിക്കാം.
മൂന്നുമാസം ബന്ധം തുടര്‍ന്നു. സ്‌കോച്ച് വിസ്‌കി, കാബറെ, ത്രീ കോഴ്‌സ് ഡിന്നര്‍, സിനിമ കാണല്‍, പോക്കറ്റില്‍ കവര്‍ ഇടല്‍. സംഗതി കുശാല്‍. താന്‍ സി.ഐ.എക്കു വേണ്ടിയാണു പ്രവര്‍ത്തിക്കുന്നതെന്ന് അയാള്‍ പവനനോടു പറയുകയും ചെയ്തിരുന്നു. തന്നില്‍ നിന്നു ചാരനു വലിയ വിവരമൊന്നും കിട്ടാത്തതുകൊണ്ടാവാം അയാള്‍ പിന്നെ സ്വയം ഒഴിഞ്ഞുപോയി. അയാളില്‍ നിന്നു കിട്ടിയ തുക സോവിയറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസിനെ ഏല്‍പ്പിച്ചിരുന്നു. ആകെ 2,500 രൂപ. കുടിച്ച സ്‌കോച്ചും തിന്ന ഡിന്നറുമൊന്നും ഓഫിസില്‍ ഏല്‍പ്പിക്കാന്‍ പറ്റില്ലല്ലോ!
രാമു കാര്യാട്ട് |
ചാരക്കഥയും സിനിമയും പലതും വായിക്കുകയും കാണുകയും ചെയ്തിട്ടുണ്ടെങ്കിലും സ്വയം വെളിപ്പെടുത്തുന്ന ചാരനെ കാണുന്നത് ആദ്യമായതുകൊണ്ട് പവനനു പില്‍ക്കാലത്തും അയാള്‍ ശരിയായൊരു സി.ഐ.എ ചാരനായിരുന്നോ എന്ന കാര്യത്തില്‍ സംശയം തോന്നാറുണ്ട്. ആവോ, ചാരന്മാര്‍ എന്തെല്ലാം വേഷത്തില്‍ വരും എന്നാര്‍ക്കറിയാം…
പത്രപ്രവര്‍ത്തനത്തിലേക്കു തിരിച്ചുവന്ന ശേഷവും സോവിയറ്റ് തകര്‍ച്ച വരെ പവനന്‍ അനൗദ്യോഗിക സോവിയറ്റ് വക്താവായി തുടര്‍ന്നിരുന്നു. പിന്നീട് അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായി. ഒരുപാടു പത്രങ്ങളില്‍ പംക്തിലേഖനങ്ങള്‍ എഴുതി. പാര്‍ട്ടി പിളരുംവരെ ‘ദേശാഭിമാനി’യുടെ തലസ്ഥാന ലേഖകനായിരുന്നു. പിളര്‍പ്പിനുശേഷം സി.പി.ഐയില്‍ തുടര്‍ന്നു. വിവര്‍ത്തനവും ആത്മകഥയും യാത്രാവിവരണവും യുക്തിവാദവുമെല്ലാമായി ഒരു ഡസന്‍ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.