പത്രപ്രവര്‍ത്തകന്‍ സെന്‍സര്‍ ഓഫീസറല്ല

എൻ.പി.രാജേന്ദ്രൻ

ചില്ലറ വിവാദങ്ങള്‍ സൃഷ്ടിക്കും എന്നതിനപ്പുറം ഗൗരവമുള്ള അഭിപ്രായങ്ങളൊന്നുമല്ല സെന്‍കുമാര്‍ അഭിമുഖത്തില്‍ ഉന്നയിച്ചിട്ടുള്ളത്. അതേസമയം, അഭിമുഖത്തോടുള്ള സര്‍ക്കാരിന്റെ പ്രതികരണമാണ് വളരെ ഗൗരവുമുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിട്ടുള്ളത്. ജനാധിപത്യരാജ്യത്തില്‍ പൗരന് പറയാന്‍ ഭരണഘടനാപരമായി അവകാശമുള്ള പ്രശ്‌നങ്ങളും അഭിപ്രായങ്ങളും മാത്രമാണ് അഭിമുഖത്തില്‍ സെന്‍കുമാര്‍ ഉയര്‍ത്തിയിരുന്നത്. ശരിയും ന്യായവുമായ അഭിപ്രായങ്ങള്‍ മാത്രമേ ഒരാള്‍ ഉന്നയിക്കാവൂ എന്ന് ഏതു ഭരണഘടനയിലാണുള്ളത്? തെറ്റായ കാര്യങ്ങള്‍ പറഞ്ഞാല്‍ അതിനെ ചോദ്യം ചെയ്യാം, വിമര്‍ശിക്കാം, ശരി എന്ത് എന്നു മറുപടി പറയാം. അതാണു ജനാധിപത്യപരമായ സംവാദം. മണ്ടത്തരം പറയുന്നതും കുറ്റമല്ല, ക്രിമിനല്‍ കുറ്റമേ അല്ല.

കേരളത്തില്‍ സാമുദായികസ്പര്‍ദ്ധയുണ്ടാക്കി എന്നും മറ്റുമുള്ള കുറ്റങ്ങള്‍ ഉന്നയിച്ച് സെന്‍കുമാറിന് എതിരേയും അത്തരം പരാമര്‍ശങ്ങള്‍ പ്രസിദ്ധപ്പെടുത്തി എന്നതിന് സമകാലികമലയാളത്തിനു എതിരേയും കേസ് എടുത്ത ഗവണ്മെന്റ് നടപടിയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. മുസ്ലിം മതതീവ്രവാദത്തെപ്പറ്റിയും ജനസംഖ്യാവര്‍ദ്ധനയെക്കുറിച്ചും ലവ് ജിഹാദിനെക്കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞ അഭിപ്രായങ്ങളിലൊന്നും പുതുമയില്ല, അവയൊന്നും ആരിലും ഞെട്ടലുണ്ടാക്കുകയുമില്ല. അതെല്ലാം കാലങ്ങളായി ഇവിടെ സംഘപരിവാറുകാര്‍ പറഞ്ഞുനടക്കുന്ന കാര്യങ്ങളാണ്. സെന്‍കുമാറിനെപ്പോലെ, കേരളാപോലീസിന്റെ തലപ്പത്ത് ഇരുന്ന ഒരാള്‍ ഇങ്ങനെ പറഞ്ഞതേ ഞെട്ടലുളവാക്കൂ. അത് പൊതുപ്രവര്‍ത്തകരും നിരീക്ഷകരും പ്രകടിപ്പിച്ചിട്ടുമുണ്ട്. സെന്‍കുമാറിന്റെ തെറ്റായ വീക്ഷണത്തെ ചോദ്യം ചെയ്യുന്ന നിരവധി ലേഖനങ്ങളും കുറിപ്പുകളും മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ക്കൂടിയെല്ലാം സെന്‍കുമാറിന്റെ അറിവില്ലായ്മയും വര്‍ഗീയമനോഭാവവും തുറന്നു കാട്ടപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ കേരളത്തില്‍ ചെറു പരിഹാസച്ചിരിക്കപ്പുറം വര്‍ഗീയസംഘര്‍ഷമോ സമുദായസ്പര്‍ദ്ധയോ ഉളവാക്കിയുമില്ല.

പൊതുവായി വര്‍ഗീയത വളരുന്നതിനെക്കുറിച്ചോ ഭൂരിപക്ഷവര്‍ഗീയത, ഇന്ത്യയുടെ ഏറ്റവും വിലപ്പെട്ട സൗഭാഗ്യമായ ബഹുസ്വരതയ്ക്ക് ഹാനിയുണ്ടാക്കുന്നതിനെക്കുറിച്ചോ സെന്‍കുമാറിന് യാതൊന്നും പറയാനുണ്ടായിരുന്നില്ല. ഇന്ത്യയൊട്ടാകെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പടരുന്ന അരക്ഷിതത്ത്വബോധമോ ഭീതിയോ സെന്‍കുമാറിന് സ്വാഭാവികമായും വിഷയമല്ല.  ഭൂരിപക്ഷവര്‍ഗീയതയ്ക്കു പ്രോത്സാഹനവും പ്രേരണയുമാകുംവിധം കേരളത്തിലും മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ തീവ്രവാദം പെരുകുന്നുണ്ട്. സംഘപരിവാര്‍ പക്ഷത്തുനില്‍ക്കുന്നവര്‍ക്ക്  മുസ്ലിം വര്‍ഗീയതയെക്കുറിച്ചേ പറയാനുള്ളൂ. മതേതരത്വപക്ഷത്തു നില്‍ക്കുന്നു എന്നു അവകാശപ്പെടുന്ന വേറെ പലരാകട്ടെ ഹിന്ദുത്വവര്‍ഗീയതയെക്കുറിച്ചേ വേവലാതിപ്പെടാറുള്ളൂ. രണ്ടും ശരിയായ രീതിയല്ല. .യഥാര്‍ത്ഥ മതേതരത്വപക്ഷത്തുനിന്നുകൊണ്ടല്ലാതെ വര്‍ഗീയതയെ നേരിടാനാവില്ല. ഒരു വര്‍ഗീയത അല്ല മറ്റൊരു വര്‍ഗീയതയ്ക്കുള്ള മറുമരുന്ന്.

സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ സമകാലികമലയാളം വാരികയുടെ പത്രപ്രവര്‍ത്തകര്‍ക്കെതിരെ കേസ്സെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ദുരുദ്ദേശ്യത്തിന്റെയും ബുദ്ധിശൂന്യതയുടെയും മകുടോദാഹരണമാണ്. പത്രപ്രവര്‍ത്തകന്‍ സെന്‍സര്‍ ഓഫീസറല്ല. സംസ്ഥാന പൊലീസ് സര്‍വ്വീസില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിച്ച ഒരാള്‍ സംസ്ഥാനത്തെ ചില പ്രശ്‌നങ്ങളുമായും സംഭവങ്ങളുമായും ബന്ധപ്പെട്ട് നടത്തിയ വിമര്‍ശനങ്ങള്‍ അതേപടി പ്രസിദ്ധപ്പെടുത്താനുള്ള അവകാശം ഭരണഘടന നല്‍കുന്നതാണ്. മുന്‍ ഡി.ജി.പി. ക്കായാലും സാധാരണ പോലീസുകാര്‍ക്കായാലും ലഭിക്കുന്ന അതേ ഭരണഘടനാവകാശമാണ് പത്രപ്രവര്‍ത്തകനും ലഭിക്കുന്നത്. പ്രത്യക്ഷത്തില്‍തന്നെ നിയമലംഘനമാണെന്നുറപ്പുള്ള അപകീര്‍ത്തിയോ രാജ്യദ്രോഹമോ അശ്ലീലമോ ആക്രമണാഹ്വാനമോ ഉള്ള പരാമര്‍ശങ്ങള്‍ മാത്രേമ പത്രാധിപര്‍ വെട്ടിക്കളയേണ്ടതുള്ളൂ. സെന്‍കുമാര്‍ കേരളത്തിലെ മുസ്ലിങ്ങളെ പാകിസ്ഥാനിലേക്ക് ഓടിക്കണമെന്നൊന്നും പറഞ്ഞിട്ടില്ല, അങ്ങനെ പത്രങ്ങള്‍ എഴുതിയിട്ടുമില്ല. അങ്ങനെ രാവും പകലും പറയാറുള്ള വര്‍ഗീയവാദി നേതാക്കള്‍ കേരളത്തില്‍ എത്രയോ ഉണ്ട്. അവര്‍ക്കെതിരേ, അതു പ്രസിദ്ധപ്പെടുത്തുന്ന മാധ്യമങ്ങള്‍ക്കെതിരേ പെറ്റിക്കേസെങ്കിലും എടുത്തിട്ടുണ്ടോ എന്നെങ്കിലും?

സെന്‍കുമാര്‍ പറഞ്ഞത് മലയാളംവാരിക പ്രസിദ്ധപ്പെടുത്തിയത് കുറ്റമാണെങ്കില്‍, അതെല്ലാം അതേപടി മറ്റു സകല പ്രസിദ്ധീകരണങ്ങളും പുനഃപ്രസിദ്ധീകരിച്ചതും കുറ്റമല്ലേ? എങ്കില്‍, പാര്‍ട്ടി പത്രങ്ങള്‍ ഉള്‍പ്പെടെ സകല പ്രസിദ്ധീകരണങ്ങള്‍ക്കും എതിരേയും വരട്ടെ കേസ്. അതാണ് ന്യായം. അതിനു ധൈര്യമുണ്ടോ സര്‍ക്കാരിന്?

(സമകാലിക മലയാളം 2017 ആഗസ്ത് 21  ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത്)

Leave a Reply

Your email address will not be published. Required fields are marked *

Go Top