കൊല്‍ക്കത്ത തെരുവുകളിലൂടെ നടന്നുപോകുന്ന ഒരു സന്ദര്‍ശകനെ അമ്പരപ്പിക്കുന്ന ഒരുപാട് കാഴ്ചകളുണ്ട്. നഗരത്തിന്റ പഴമയുടെ മുഖമാണ് അതില്‍ പ്രധാനം. ഇവിടെ പുതുതെന്ന് പറയാവുന്നത് അധികമൊന്നുമില്ല. മൊബൈല്‍ഫോണ്‍ കമ്പനികളുടെ പരസ്യബോര്‍ഡുകളും കടകളും മാറ്റിനിര്‍ത്തിയാല്‍ കാണുന്നതേറെയും മുപ്പതോ നാല്പതോ കൊല്ലം മുമ്പ് ഏത് വന്‍നഗരത്തില്‍ ചെന്നാലും കാണാവുന്ന തരം കെട്ടിടങ്ങളും കടകളുംതന്നെ. ബഹുനിലക്കെട്ടിടങ്ങളൊന്നുമില്ല എന്നല്ല. ഉണ്ട്. അവയിലേതെങ്കിലുമൊന്നിന്റെ മുകള്‍നിലയില്‍ കയറി നോക്കിയാല്‍ ഒന്നുകൂടി വ്യക്തമാകും. ഇവിടെ പുത്തന്‍ ബഹുനിലക്കെട്ടിടങ്ങള്‍ കുറവാണ്. എഴുപത്തഞ്ചുശതമാനവും പഴയ കെട്ടിടങ്ങള്‍. സ്വന്തം പട്ടണം കണ്ടാല്‍ തിരിച്ചറിയാത്ത വിധം മാറിപ്പോകുന്നതില്‍ വേദനിക്കുന്നവര്‍ക്ക് കൊല്‍ക്കത്ത ആനന്ദമേകും.
മനുഷ്യനെ മനുഷ്യന്‍ വലിച്ചുകൊണ്ടുപോകുന്ന റിക്ഷകള്‍ കണ്ട കേരളീയര്‍ കുറവായിരിക്കും. വികസിതപ്രദേശങ്ങള്‍ എന്നോ ഉപേക്ഷിച്ച സമ്പ്രദായം കാണണമെങ്കില്‍ കൊല്‍ക്കത്തയിലേക്ക് പോയാല്‍ മതി. ഭ്രാന്തമായ തിരക്കുള്ള റോഡുകളില്‍ പൊരിവെയിലില്‍ റിക്ഷ വലിച്ച് വിയര്‍ത്തോടുന്നതും പ്രായമേറിയവര്‍, അതില്‍ സഞ്ചരിക്കുന്നതും ഏറെയും പ്രായമേറിയവര്‍ തന്നെ. അതുവലിക്കുന്നത് വിനോദത്തിനല്ല, വയറുനിറയ്ക്കാനാണ്. മൂന്നുപതിറ്റാണ്ട് മുമ്പ് കൊല്‍ക്കത്ത തെരുവില്‍ ഒരു റിക്ഷയില്‍ സഞ്ചരിച്ചപ്പോഴുണ്ടായ വേദന പ്രശസ്ത ഗ്രന്ഥകാരന്‍ ഡൊമിനിക് ലാപിയര്‍ വിവരിച്ചിട്ടുണ്ട്. ദാരിദ്ര്യം നെറ്റിയിലൊട്ടിച്ച് സൈക്കിള്‍റിക്ഷകള്‍ വലിക്കുന്നവരെ എവിടെയും കാണാം. മനുഷ്യന്‍ മനുഷ്യനെ വലിച്ചോടുന്നത് മോശമാണെന്ന് അരനൂറ്റാണ്ടു മുമ്പെങ്കിലും നമ്മള്‍ പറഞ്ഞതല്ലേ, എന്താണ് ഇതിപ്പോഴും നിര്‍ത്തലാക്കാത്തത് എന്നു ചോദിച്ചാല്‍ എല്ലാവരും പറയും-അതിപ്പോള്‍ അവരുടെ ഉപജീവനമല്ലേ. നമ്മള്‍ അതില്ലാതാക്കരുതല്ലോ. തീര്‍ച്ചയായും അഞ്ചോ പത്തോ കൊല്ലം കഴിഞ്ഞാല്‍ അത് സ്വാഭാവികമായി ഇല്ലാതാകും. പുതിയ തലമുറക്കാര്‍ ഈ പണിക്ക് വരാനിടയില്ല.
വഴിയോരങ്ങളില്‍ കെട്ടിടം പണിയുന്നിടത്തും കടകളിലും മറ്റ് പണിയിടങ്ങളിലുമൊക്കെ കൊച്ചുകുട്ടികള്‍ കഷ്ടപ്പെടുന്നത് കാണും. കൈവണ്ടി വലിക്കാനും കല്ലുചുമക്കാനുമെല്ലാം അവര്‍ ഉണ്ട്. ബാലവേലയും നിര്‍ത്തലാക്കുക പ്രയാസമാണ്. അതവരുടെയും കുടുംബത്തിന്റെയും വരുമാനമാണ്. നഗരത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും പാവങ്ങള്‍ പാര്‍ക്കുന്ന ചേരികളുണ്ട്. തീര്‍ച്ചയായും മുംബൈയിലേതുപോലെയൊന്നുമില്ല. വലിയ ഫ്‌ളൈഓവറുകളുണ്ട്, അവയ്ക്കുചുവടെ അന്തിയുറങ്ങുന്ന പാവങ്ങളുണ്ട്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള, മഞ്ഞ പെയിന്റടിച്ച അംബാസഡര്‍ ടാക്‌സികള്‍ സുലഭം. അവയാണ് ഓട്ടോറിക്ഷയുടെ ധര്‍മം നിര്‍വഹിക്കുന്നത്. ഇരുപതുരൂപയുടെ ദൂരം സഞ്ചരിക്കാനും ടാക്‌സി പിടിക്കാം. ഓട്ടോറിക്ഷകള്‍ സിറ്റി ബസ്സിന്റെ ചുമതലയാണ് നിര്‍വഹിക്കുന്നത്. നിശ്ചിത സ്ഥലത്തുനിന്ന് ഓട്ടം തുടങ്ങും നിശ്ചിതസ്ഥലം വരെ. തിരിച്ച് ഇങ്ങോട്ടും. ആ റൂട്ടിലേ സഞ്ചരിക്കൂ. അഞ്ചുപേരെ കയറ്റാന്‍ നിയമാനുമതിയുള്ള ഓട്ടോകള്‍ വേറെ എവിടെയുണ്ട്? അഞ്ചോ ആറോ രൂപയേ ഒരാളില്‍നിന്നു വാങ്ങൂ. പക്ഷേ, വീട്ടില്‍ വല്ലതും എത്തിക്കണമെങ്കില്‍ ഓട്ടോറിക്ഷയിറങ്ങി ടാക്‌സി പിടിക്കേണ്ടിവരും എന്നുമാത്രം.
ഫുട്പാത്തിലാണ് കച്ചവടമെല്ലാം. ആരെയും ഒഴിപ്പിക്കാന്‍ പറ്റില്ല-അവര്‍ക്കും ജീവിക്കേണ്ടേ. കാറുകളില്‍ കുടുംബസമേതം എത്തുന്നവരും തെരുവോരത്തെ തട്ടുകടകളിലാണ് ഭക്ഷണം കഴിക്കുന്നത്. അവര്‍ തെരുവില്‍ത്തന്നെ കാര്‍ പാര്‍ക്ക് ചെയ്‌തെന്നിരിക്കും. തെരുവോരത്താണ് ജീവിതം. തട്ടുകടകള്‍ക്കു വേണ്ട ഭക്ഷണം പാകംചെയ്യുന്നതെല്ലാം റോഡരികില്‍ത്തന്നെ. ഒന്നുസമ്മതിച്ചേ തീരൂ, തട്ടുകടകളെ ആശ്രയിച്ചാല്‍ ചുരുങ്ങിയ ചെലവില്‍ ജീവിച്ചുപോകാം. ഒന്നുകില്‍ വലിയ ഹോട്ടല്‍, അല്ലെങ്കില്‍ തട്ടുകട-ഇടയില്‍ കാര്യമായൊന്നുമില്ല. റോഡുകളില്‍ അരാജകത്വമാണ്. യാത്രക്കാരെ നടുറോഡില്‍ ഇറക്കി പറപറക്കുന്ന ബസ്സുകള്‍. ഭ്രാന്തെടുത്തതുപോലെ പാഞ്ഞുവരുന്ന ഓട്ടോകളും ലോറികളും. ട്രാഫിക് സിഗ്‌നലുകള്‍ക്കൊന്നും വലിയ പ്രാധാന്യമില്ല. ഒന്നും പേടിക്കേണ്ട, പോലീസ് ഇതിലൊന്നും ഇടപെടുകയില്ല. നിങ്ങളായി നിങ്ങളുടെ പാടായി.
അറുപതുകളുടെ ഒടുവിലും കഴിഞ്ഞ ദശകത്തിന്റെ പാതി വരെയും കൊല്‍ക്കത്ത ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ നഗരമായിരുന്നു. നക്‌സലൈറ്റുകളെ പോലീസും നക്‌സലൈറ്റുകള്‍ മറ്റുള്ളവരെയും കൊന്നൊടുക്കി. ആ കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ന് കൊല്‍ക്കത്ത ശാന്തമാണ്. മറ്റു വന്‍നഗരങ്ങളിലേതുപോലെ അധോലോകവാഴ്ചയോ ക്വട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടമോ കാണുകയില്ല. സ്‌നേഹമുള്ള ശാന്തരായ മനുഷ്യര്‍. ഔദ്യോഗിക കണക്കുകളനുസരിച്ചുതന്നെ ഇന്ത്യയില്‍ ഏറ്റവും കുറച്ച് കുറ്റകൃത്യങ്ങളുള്ള നഗരമാണ് കൊല്‍ക്കത്ത. നഗരത്തിന് പുറത്ത് അതല്ല സ്ഥിതി. അസമാധാനം പെരുകുന്ന ബംഗാളില്‍ സമാധാനമുള്ള ഒരു ദ്വീപായി നില്‍ക്കുന്നു കൊല്‍ക്കത്ത.
1911 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു എന്നതുപോകട്ടെ, സ്വതന്ത്ര ഇന്ത്യയിലെ മൂന്നാമത്തെ വലിയ മെട്രോ നഗരമായിരുന്നു കൊല്‍ക്കത്ത എന്നൊന്നും കൊല്‍ക്കത്ത കണ്ടാല്‍ തോന്നുകയേ ഇല്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ ബോംബെയും കൊല്‍ക്കത്തയുമായിരുന്നു ഇന്ത്യയുടെ വ്യവസായ-സാംസ്‌കാരിക-വാണിജ്യ മേഖലകളില്‍ ദീപസ്തംഭം പോലെ ഉയര്‍ന്നുനിന്നിരുന്നത്. ഡല്‍ഹിയും ബാംഗ്ലൂരും ചെന്നൈയും പുണെയും അഹമ്മദാബാദും ഹൈദരാബാദുപോലും കൊല്‍ക്കത്തയെ മറികടന്നിരിക്കുന്നു. അഞ്ചുവര്‍ഷത്തിനകം വേറെ അഞ്ചുപട്ടണങ്ങളെങ്കിലും കൊല്‍ക്കത്തയെ പിന്നിലാക്കുമെന്നുറപ്പാണ്.
പ. ബംഗാള്‍ ഒരു കൊച്ചുപ്രദേശമൊന്നുമല്ല. പല വികസിത രാജ്യങ്ങളേക്കാളും ജനസംഖ്യയുള്ള പ്രദേശമാണ്. അമ്പതുകളില്‍ ഇന്ത്യയിലെ ഏറ്റവും വ്യവസായവത്കൃതമായ സംസ്ഥാനം ഇതായിരുന്നു. അതിവേഗത്തിലുള്ള വികസനത്തിലേക്ക് ആദ്യം കുതിച്ചുചാടാനോങ്ങിയ സംസ്ഥാനങ്ങളില്‍ മുന്‍സ്ഥാനം ബംഗാളിനായിരുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹി മെട്രോ റെയിലിനെക്കുറിച്ച് ചിന്തിച്ചത് സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ട് കഴിഞ്ഞിട്ടാണെങ്കില്‍ ബംഗാള്‍ അതിനെക്കുറിച്ച് 1949-ല്‍ ചിന്തിച്ചുതുടങ്ങിയതാണ്. അമ്പതുകളില്‍ ഇന്ത്യയുടെ ശരാശരി ആളോഹരി വരുമാനത്തിന് മുകളിലായിരുന്നു ബംഗാളിന്റേത്. സമ്പന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യം വന്നിരുന്നു ബംഗാളിന്റെ പേര്.
ബംഗാള്‍ ഇന്നു ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കും എന്നു പറയാറുണ്ട്. ഇന്ന് ബംഗാളിലാരെങ്കിലും അങ്ങനെ പറയുമോ എന്നറിയില്ല. ഒന്നാംകിടയില്‍ നിന്ന് ബംഗാള്‍ താഴേക്ക് പതിച്ചിരിക്കുന്നു. അറുപതുകളിലും എഴുപതുകളിലും പിന്നില്‍ നിന്നിരുന്ന സംസ്ഥാനങ്ങള്‍ മുന്നിലേക്ക് കുതിക്കുന്നു. ഒരു സംസ്ഥാനം മാത്രം ഭരിക്കുന്ന ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അവിടെ സോഷ്യലിസം നടപ്പാക്കാനോ പ്രശ്‌നങ്ങള്‍ മുഴുവന്‍ പരിഹരിക്കാനോ കഴിയില്ല എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, മുപ്പത്തിനാലു വര്‍ഷത്തെ ഭരണംകൊണ്ട് ആ സംസ്ഥാനത്തെ രാജ്യത്തിനാകെ മാതൃകയാക്കാവുന്ന വികസനമാതൃകയായി ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞോ അവിടത്തെ ഭരണാധികാരികള്‍ക്ക്? ബംഗാളില്‍ നിന്നുള്ള ട്രെയിനുകള്‍ നിറയെ തൊഴില്‍തേടി നാടുവിടുന്ന തൊഴിലാളികളാണുള്ളതെങ്കില്‍ എവിടെയോ എന്തോ കുഴപ്പമുണ്ട്. കേരളത്തിലേക്കു മാത്രമല്ല ഹരിയാണയിലേക്കും ഗുജറാത്തിലേക്കും മഹാരാഷ്ട്രയിലേക്കും ബംഗാള്‍ തൊഴിലാളികള്‍ പോകുന്നത് എന്തുകൊണ്ട്? പ. ബംഗാളിനു വഴി പിഴച്ചുവോ?