ഏതാണ് വ്യത്യസ്തമായ പാര്‍ട്ടി?

എൻ.പി.രാജേന്ദ്രൻ

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എന്തുപ്രസക്തി? 2പഴയമട്ടിലുള്ള തൊഴിലാളിവര്‍ഗത്തെ ഇനി കേരളംപോലുള്ള പ്രദേശത്ത് ആശ്രയിക്കാന്‍ തൊഴിലാളിവര്‍ഗപാര്‍ട്ടിക്കുമാവില്ല. കാര്‍ഷികരംഗവും പരമ്പരാഗതവ്യവസായങ്ങളും പിറകോട്ടുപോവുമ്പോള്‍ ഇവ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായി നിലനില്‍ക്കുകയില്ല

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രാജ്യത്തെ ഏറ്റവും വലിയ ശക്തികേന്ദ്രം കേരളമാണെന്നത്, പാര്‍ട്ടിസ്വാധീനത്തെ സാമൂഹിക സാമ്പത്തിക അവസ്ഥകളുമായി ബന്ധപ്പെടുത്തി വിലയിരുത്തുന്നവര്‍ക്ക് വലിയ വൈരുധ്യമായി അനുഭവപ്പെടും. ദാരിദ്ര്യവും പിന്നാക്കാവസ്ഥയും ചൂഷണവുമെല്ലാം കൊടികുത്തിവാഴുന്ന പ്രദേശങ്ങളിലാണ് മാര്‍ക്‌സിയന്‍ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടേണ്ടത്. ഇന്ത്യയിലിപ്പോള്‍ അത്തരം പ്രദേശങ്ങളിലൊന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് കാര്യമായ സ്വാധീനമില്ല. സി.പി.എമ്മിനുള്ളതിലേറെ സ്വാധീനം പല പ്രദേശങ്ങളിലും മാവോവാദികള്‍ക്കുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സ്വാധീനമുള്ളതാകട്ടെ, ജീവിതനിലവാരസൂചികകളിലും വിദ്യാഭ്യാസആരോഗ്യസാംസ്‌കാരിക വളര്‍ച്ചയിലും യൂറോപ്യന്‍ നിലവാരത്തോടു കിടപിടിക്കുന്ന കേരളത്തിലും! ഇത് സി.പി.എമ്മിന്റെ ശൈലിയെയും നിലപാടുകളെയും വളരെയേറെ സ്വാധീനിക്കുന്നുണ്ട്.

അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഇരുമുന്നണിയും മാറിമാറി പ്രതിപക്ഷഭരണക്കസേരകള്‍ വെച്ചുമാറാറുെണ്ടങ്കിലും യഥാര്‍ഥത്തില്‍ സി.പി.എം. എല്ലായ്‌പ്പോഴും കേരളത്തില്‍ ഭരണത്തിലാണെന്നുപറയാം. ഭരണാധികാരമെന്നത് സെക്രട്ടേറിയറ്റിലെ അധികാരം മാത്രമല്ലല്ലോ. 14 ജില്ലയുള്ളതില്‍ പത്തും പന്ത്രണ്ടും ജില്ലകളില്‍ എപ്പോഴും ഇടതുപക്ഷമാണ് ജില്ലാപഞ്ചായത്തുകള്‍ ഭരിക്കുന്നത്. ബഹുഭൂരിപക്ഷം മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക്ഗ്രാമ പഞ്ചായത്തുകളിലും ഇടതുപക്ഷഭരണമാണ്. ഇതിനെല്ലാംപുറമേ സഹകരണബാങ്കിങ് മേഖലയിലൂടെയും മറ്റനേകം വ്യവസായവിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും പാര്‍ട്ടി കൈയാളുന്ന അധികാരവും ധനവും സംസ്ഥാനസര്‍ക്കാറിന്റേതിനെക്കാള്‍ ഒട്ടും കുറവല്ലെന്നുകാണാം. പ്രതിപക്ഷത്തിരിക്കുമ്പോഴും രാഷ്ട്രീയത്തിന്റെ അജന്‍ഡ സി.പി.എം. നിശ്ചയിക്കുന്നത് ഈ അധികാരവും അതിന്റെകൂടി ബലത്തില്‍ സൃഷ്ടിച്ച സംഘടനാശക്തിയുംവഴിയാണ്. പാര്‍ട്ടി സമാഹരിച്ചിട്ടുള്ള സ്വത്തുക്കളുടെ മുഴുവന്‍ കണക്ക് പാര്‍ട്ടിയുടെതന്നെ കൈവശമുണ്ടോയെന്നു സംശയമാണ്. തുടര്‍ച്ചയായി 34 വര്‍ഷം ഭരിച്ച പശ്ചിമബംഗാളില്‍ കേരളത്തിലുള്ളതിന്റെ നാലിലൊന്നു സ്വത്തുണ്ടാക്കാന്‍ പാര്‍ട്ടിക്കു കഴിയാതിരുന്നത് അവിടത്തെ മൊത്തം ദരിദ്രാവസ്ഥമൂലംകൂടിയാവാം. സംസ്ഥാനഭരണമില്ലെങ്കിലും ഇവിടെ പിടിച്ചുനില്‍ക്കാന്‍ പാര്‍ട്ടിക്കു കഴിയുന്നത് ഇതെല്ലാംകൊണ്ടുകൂടിയാണ്.

സംഘടനാശേഷിയും അധികാരശക്തിയും പേശീബലവും വലിയൊരു കോര്‍പ്പറേറ്റ് സംരംഭത്തിന്റേതുപോലുള്ള ധനശക്തിയും കാരണം കേരളത്തില്‍ സി.പി.എമ്മിന് തൊഴിലാളിവര്‍ഗപ്പാര്‍ട്ടി എന്ന എളിമ ഇന്നില്ല. മലബാറിലെ ചില പ്രദേശങ്ങളില്‍ മൂന്നുനാലു ദശകങ്ങളായി നടന്നുവരുന്ന നിഷ്ഠുരമായ കൊലപാതകപരമ്പരകളുടെ മുഴുവന്‍ ഉത്തരവാദിത്വം സി.പി.എമ്മിനല്ലെങ്കിലും ഇത് പാര്‍ട്ടി അണികളുടെ സ്വഭാവത്തില്‍ ദോഷകരമായ മാറ്റം വരുത്തുന്നുണ്ട്. വായന, പഠനം, പ്രത്യയശാസ്ത്രചര്‍ച്ച, പൊതുജനസേവനം എന്നിവയ്ക്ക് മുന്‍തൂക്കംനല്‍കിയിരുന്ന കാലത്തുനിന്ന് പുതിയ സാഹചര്യങ്ങള്‍ പുതിയ മുന്‍ഗണനകള്‍ സൃഷ്ടിക്കുന്നുണ്ട്. നുഴഞ്ഞുകയറുന്ന മറ്റു ജീര്‍ണതകളെക്കുറിച്ച് പാര്‍ട്ടി റിപ്പോര്‍ട്ടുകളില്‍ കാണാം. അധികാരം പിടിക്കുകയും നിലനിര്‍ത്തുകയും ചെയ്യാന്‍ എന്തുവിലകൊടുക്കാനും പാര്‍ട്ടികളും മുന്നണികളും തയ്യാറാണ്. മറ്റു പാര്‍ട്ടികളില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ വ്യത്യസ്തമാക്കുന്ന ബൗദ്ധികപ്രത്യയശാസ്ത്രധാര്‍മിക ഗുണങ്ങള്‍ ഓരോന്നായി അപ്രത്യക്ഷമാവുന്നു. ഒരുപാര്‍ട്ടിക്കും തങ്ങളുടേത് വ്യത്യസ്തമായൊരു പാര്‍ട്ടിയാണെന്നവകാശപ്പെടാന്‍ ഇന്നു കഴിയില്ല.

ഏതെങ്കിലുമൊരു പാര്‍ട്ടി ഇന്നതെറ്റ് ചെയ്യില്ല എന്ന് ഉറപ്പിച്ചുപറയാന്‍ കഴിയാതായിട്ടുണ്ട്. സാധാരണ മനുഷ്യര്‍ക്ക് അസഹ്യമായ സമരരൂപങ്ങളുടെ കാര്യത്തില്‍, അധാര്‍മികമായ പണപ്പിരിവില്‍, തത്ത്വദീക്ഷയില്ലാത്ത രാഷ്ട്രീയകൂട്ടുകെട്ടുകളിലേര്‍പ്പെടുന്നതില്‍, എതിരാളികളോടുകാട്ടുന്ന അസഹിഷ്ണുതയിലും ഹിംസാത്മകതയിലും, പണം വാരിയെറിഞ്ഞുള്ള ആഡംബരങ്ങളില്‍, അധികാരം പാര്‍ട്ടി വളര്‍ത്താനുപയോഗപ്പെടുത്തുന്നതില്‍, പണവും ജീവിതസൗകര്യങ്ങളും നേടാന്‍ എളുപ്പവിദ്യകള്‍ സ്വീകരിക്കുന്നതില്‍, പാര്‍ട്ടിപ്രവര്‍ത്തനംതന്നെ ഉപജീവനമാര്‍ഗമാക്കുന്നതില്‍, നേതാക്കളെ ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ പ്രതിഷ്ഠിച്ച് വീരപുരുഷന്മാരാക്കുന്നതില്‍, എല്ലാത്തരം മതാന്ധതകളോടും വിട്ടുവീഴ്ചചെയ്യുന്നതില്‍… ഇത്തരം അനേകമനേകം സ്വഭാവങ്ങള്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും പൊതുവായിട്ടുണ്ട്; ഡിഗ്രിയില്‍ ചില്ലറ വ്യത്യാസങ്ങളുണ്ടാകുമെന്നേയുള്ളൂ. സി.പി.എമ്മും വ്യത്യസ്തമല്ലതന്നെ.

വര്‍ഗീയപ്പാര്‍ട്ടികളെ അകറ്റിനിര്‍ത്തുമെന്ന് ഉറപ്പിച്ചുപറഞ്ഞിരുന്ന സി.പി.എം., കൊടിയ വര്‍ഗീയതയുടെ പ്രതീകമായി കേരളംകണ്ട ഒരു നേതാവിെന മുന്നണിയുടെ പ്രചാരണവേദിയില്‍ കൊണ്ടുവന്നിരുത്തി. ഇതു പാര്‍ട്ടിക്ക് എന്തു ദ്രോഹംചെയ്യുമെന്നു ചിന്തിക്കാന്‍ കഴിയാതെപോയത് ആ ആളുടെ പക്കലുെണ്ടന്നു തെറ്റിദ്ധരിച്ച വോട്ട്ബാങ്കിന്റെ വലിപ്പത്തില്‍ മനസ്സു കുരുങ്ങിപ്പോയതുകൊണ്ടാണ്. ‘ശാശ്വതശത്രുക്കളും മിത്രങ്ങളുമില്ല, ശാശ്വതമായ താത്പര്യങ്ങളേയുള്ളൂ’ എന്ന സിദ്ധാന്തത്തെ ശരിവെയ്ക്കുംവിധം ആരുമായും എപ്പോഴും കൂട്ടുകൂടാമെന്നതാണ് സി.പി.എമ്മിന്റെയും നില. ആജന്മശത്രുവായി കൊണ്ടുനടന്നിരുന്ന കെ. കരുണാകരന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെ സി.പി.എം. വികാരപൂര്‍വം ന്യായീകരിച്ചു, സഖ്യം പഞ്ചായത്തുതലത്തില്‍ ഒതുങ്ങിപ്പോയെങ്കിലും. കെ.എം. മാണി ഇടതുമുന്നണിയുടെ മുഖ്യമന്ത്രിയാകാതെപോയത് തലനാരിഴയ്ക്കാണ്. നാളെ ആരും ഈ മുന്നണിയുടെ ഭാഗമാകാം.

ഗാഡ്ഗില്‍ കമ്മീഷന്‍ ഉയര്‍ത്തിപ്പിടിച്ച നിര്‍ണായകമായ പരിസ്ഥിതിബാധ്യതകളവഗണിച്ച് പാര്‍ട്ടി നിലപാടെടുത്തതും വോട്ടില്‍ അത്യാര്‍ത്തിപൂണ്ടാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാലഞ്ചുസീറ്റില്‍ മത്സരിപ്പിച്ച സ്വതന്ത്രസ്ഥാനാര്‍ഥികളുടെ ബയോഡാറ്റ ഇടതുപക്ഷം എത്ര വലതുപക്ഷമായിട്ടുെണ്ടന്നതിന്റെ ചിത്രം തരും. ജനങ്ങള്‍ക്കു വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഇരുകൂട്ടരെയും മാറിമാറി അധികാരത്തിലേറ്റുന്നുെണ്ടന്നതു ശരി. പക്ഷേ, വിജയികള്‍ക്കു കിട്ടുന്ന ഭൂരിപക്ഷമോ സീറ്റെണ്ണമോ യഥാര്‍ഥത്തില്‍ വോട്ടറുടെ അതൃപ്തിയും പ്രതിഷേധവും മടുപ്പും പ്രതിഫലിപ്പിക്കുന്നേയില്ല. അതിനുള്ള സംവിധാനം ഒരു വോട്ടിങ് രീതിയിലുമില്ലല്ലോ. രാഷ്ട്രീയപ്രവര്‍ത്തകരിലുള്ള ജനവിശ്വാസം തകര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന പൊതുബോധം ബൂര്‍ഷ്വാപാര്‍ട്ടികള്‍ക്കേ ബാധകമാവൂ എന്നു നടിക്കുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഇക്കാര്യത്തില്‍ ജനങ്ങള്‍ ഒരുപാര്‍ട്ടിയെയും വേര്‍തിരിച്ചുകാണുന്നില്ല; ഇടതുപക്ഷത്തിനു വോട്ടുചെയ്യുന്നവരില്‍ നല്ലൊരുപങ്കുപോലും കാണുന്നില്ല.

പഴയമട്ടിലുള്ള തൊഴിലാളിവര്‍ഗത്തെ ഇനി കേരളംപോലുള്ള പ്രദേശത്ത് ആശ്രയിക്കാന്‍ തൊഴിലാളിവര്‍ഗപാര്‍ട്ടിക്കുമാവില്ല. കാര്‍ഷികരംഗവും പരമ്പരാഗതവ്യവസായങ്ങളും പിറകോട്ടുപോവുമ്പോള്‍ ഇവ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായി നിലനില്‍ക്കുകയില്ല. അനുദിനം ശക്തിപ്രാപിക്കുന്ന ഇടത്തരക്കാരന്‍ എന്ന വര്‍ഗത്തിന്റെ താത്പര്യങ്ങള്‍ക്കു പ്രാമുഖ്യം നല്‍കാതിരിക്കുന്നത് തിരിച്ചടിയാകും. ടെക്‌നോളജിയുടെ പുതിയ പ്രയോഗങ്ങള്‍ പുതിയ ഉത്പാദനമേഖലകള്‍ സൃഷ്ടിക്കുന്നു. അവിടെനടക്കുന്ന ചൂഷണങ്ങള്‍ പഴയ കണ്ണാടിയില്‍ക്കൂടി കണ്ടോ പഴയ ആയുധങ്ങള്‍ ഉപയോഗിച്ചോ നേരിടാന്‍കഴിയില്ല. ഒരു ഐ.ടി. കമ്പനിയിലെ പ്രശ്‌നങ്ങള്‍ പറയാന്‍ പത്രസമ്മേളനംവിളിച്ച ജീവനക്കാര്‍ മുഖംമൂടിയിട്ടാണ് ക്യാമറകളെ അഭിമുഖീകരിച്ചതെന്ന് വാര്‍ത്തകണ്ടിരുന്നു. ഐ.ടി.യിലല്ല, മറ്റനേകം മേഖലകളില്‍ പണിയെടുക്കുന്നവരുടെ സംഘടനകള്‍ ഏതാണ്ട് നിരോധിക്കപ്പെട്ട തീവ്രവാദിസംഘടനകളെപ്പോലെയാണ്. നിവേദനം എഴുതിക്കൊടുക്കാന്‍പോലും സ്വാതന്ത്ര്യമില്ല. ഇവിടങ്ങളില്‍ യൂണിയനുകള്‍ അപ്രത്യക്ഷമാകുന്നു, അപ്രസക്തമാകുന്നു. വമ്പിച്ചതോതിലുള്ള ശമ്പളവര്‍ധനയ്‌ക്കോ കൂറ്റന്‍ ബോണസിനോ അല്ല അടിസ്ഥാനവേതനത്തിനും ജോലിക്കിടയില്‍ ഒന്ന് ഇരിക്കാനോ മൂത്രമൊഴിക്കാനോ ഉള്ള സൗകര്യത്തിനും വേണ്ടിപ്പോലും സമരംചെയ്യേണ്ടിവരുന്നു. മിക്ക ട്രേഡ് യൂണിയനുകളും മുഖ്യധാരാപാര്‍ട്ടികളും മാധ്യമങ്ങളും ഇതൊന്നും കണ്ടതായി നടിക്കാറില്ല. സമ്പന്നമായ, ട്രേഡ് യൂണിയനുകള്‍ അധികാരം കൈയാളുന്ന സര്‍ക്കാര്‍പൊതുമേഖലാസേവന മേഖലകളിലേ പാര്‍ട്ടികള്‍ക്കു നോട്ടമുള്ളൂ. അവിടെ വലിയ മെനക്കേടുകളില്ല. പണത്തിനും പഞ്ഞമില്ല.

നാട്ടില്‍ പണിയില്ലാതെ, ഗള്‍ഫിന്റെ യാതനകളിലേക്ക് ആയിരങ്ങള്‍ പരക്കംപായുന്നു. ഇതേ കേരളത്തിലേക്ക് പണിയെടുക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആളുകള്‍ വരുന്നു. ഇതാരും 10 വര്‍ഷംമുമ്പുപോലും സങ്കല്പിച്ചിരുന്നില്ല. മറ്റെങ്ങുണ്ട് ഇത്തരമൊരു വിചിത്രപ്രതിഭാസം? നമ്മുടെ യുവാക്കള്‍ക്ക് ഇവിടെത്തന്നെ ജോലിചെയ്തു ജീവിക്കാവുന്ന ഒരു സാമ്പത്തികനയവും അവബോധവും സൃഷ്ടിക്കാന്‍ കഴിയേണ്ടതാണ്. വിദേശത്തുനിന്നെത്തുന്ന 70,000കോടിയോളം രൂപ ഉത്പാദനപരമായി വിനിയോഗിക്കുന്നതിനുള്ള സാമ്പത്തികപരിപാടിയും ഇത്രയുംകാലമായിട്ടും രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റൊരു സംസ്ഥാനത്തും കേരളത്തോളം ശക്തമായ ഒരു സഹകരണപ്രസ്ഥാനമില്ല. പക്ഷേ, സഹകരണമേഖല പാര്‍ട്ടികളുടെ മിക്കവാറും ഇടതുപക്ഷപാര്‍ട്ടികളുടെ കറവപ്പശുമാത്രമാണ്. അതിനെ മാറ്റത്തിനുള്ള ഒരു സാമ്പത്തികശക്തിയായി രൂപാന്തരപ്പെടുത്താനോ മൂലധനം സ്വരൂപിക്കുന്നതിനും ഉത്പാദനപരമായി നിക്ഷേപിക്കുന്നതിനുമുള്ള ഒരു ബദല്‍ സംവിധാനമായി വളര്‍ത്താനോ കഴിഞ്ഞിട്ടില്ല.

മുഖ്യധാരാ ഇടതുപക്ഷത്തിനു സമാന്തരമായ നവ ഇടതുപക്ഷ ചിന്താധാരകളും മാധ്യമങ്ങള്‍ക്കു സമാന്തരമായ നവമാധ്യമങ്ങളും ഉപരിമധ്യ വര്‍ഗ അധികാരപ്രയോഗത്തിനു സമാന്തരമായ നവപ്രക്ഷോഭമേഖലകളും ഉയര്‍ന്നുവരുന്നുണ്ട്. കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മാത്രമല്ല, ജനാധിപത്യത്തിന്റെതന്നെ ഭാവിക്കും ഹാനികരമാവും.

Leave a Reply

Your email address will not be published. Required fields are marked *

Go Top