ആര്‍ക്ക് വോട്ട് ചെയ്യണമെന്നു തീരുമാനിക്കാന്‍ പൗരന് അവകാശമുണ്ട്. ആരുടെ വോട്ടും, വേണ്ട എന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല. അതു നടപ്പുള്ള കാര്യവുമല്ല…..
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയമുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി എന്തെങ്കിലും ബന്ധമുണ്ടാക്കാന്‍ യു.ഡി.എഫ് ഔദ്യോഗികമായി ശ്രമിക്കുന്നതായി യാതൊരു അറിവും എനിക്കില്ല. നടക്കാന്‍ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്. അതില്‍ കക്ഷിരാഷ്ട്രീയത്തിന് എത്രത്തോളം പ്രസക്തിയുണ്ട് എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ കാണുമെങ്കിലും നിയമസഭ-ലോക്സഭ തിരഞ്ഞെടുപ്പുപോലെ രാഷ്ട്രീയം മാത്രം പ്രസക്തമായ ഒന്നല്ല എന്ന് ആരും സമ്മതിക്കും. എതിര്‍കക്ഷിക്കാരുടെ വീടുകളില്‍ കയറിച്ചെന്നും വോട്ടുചോദിക്കും എല്ലാവരും. അതൊരു സാമാന്യമര്യാദ കൂടിയാണ്. വോട്ടെടുപ്പ് ഒന്നും ഇല്ലാത്ത സമയത്തു മാത്രമേ ഈ കൂട്ടരുടെ വോട്ടുവേണ്ട മറ്റേക്കൂട്ടരുടെ വോട്ട് വേണ്ട എന്നൊക്കെ പാര്‍ട്ടികള്‍ പൊങ്ങച്ചം പറയാറുള്ളൂ. വോട്ടെടുപ്പ് അടുക്കുമ്പോള്‍ അതുനില്‍ക്കും. ആര്‍ക്ക് വോട്ട് ചെയ്യണമെന്നു തീരുമാനിക്കാന്‍ പൗരന് അവകാശമുണ്ട്. ആരുടെ വോട്ടും, വേണ്ട എന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല. അതു നടപ്പുള്ള കാര്യവുമല്ല.
ജമാഅത്തെ ഇസ്ലാമിയുടെ അല്ലെങ്കില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ടും വേണ്ട എന്നാര്‍ക്കും പറയാനാവില്ല. ഇവരുമായി ചേര്‍ന്ന് ഒരു സംസ്ഥാനതല സഖ്യമുണ്ടാക്കാന്‍ ഏതെങ്കിലും മുന്നണി ശ്രമിക്കുന്നുണ്ടോ എന്നു വേണമെങ്കില്‍ ചോദിക്കാം. ഈ തിരഞ്ഞെടുപ്പില്‍ ഈ ഘട്ടംവരെ അങ്ങനെയൊരു നീക്കം ആരുടെ ഭാഗത്തുനിന്നും ഉണ്ടായതായി തോന്നുന്നുമില്ല. കേരളത്തിലെ മൂന്നു മുന്നണികളും ജമാഅത്തെ ഇസ്ലാമിയുമായി പ്രത്യക്ഷത്തില്‍ ബന്ധമുണ്ടാക്കാന്‍ തയ്യാറല്ലാത്ത മുന്നണികളാണ്. രണ്ടു വട്ടം ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത് കോണ്‍ഗ്രസ് ഭരണകൂടമാണ്. സി.പി.എം അതിന്റെ പ്രഖ്യാപിത പരിപാടികളിലെല്ലാം കടുത്ത ജമാഅത്ത് വിരുദ്ധ നിലപാട് സ്വീകരിച്ചവരാണ്. പാര്‍ട്ടിപത്രത്തില്‍ നീണ്ട ലേഖനപരമ്പരകള്‍ തന്നെ ഈ വിഷയത്തില്‍ എഴുതിപ്പോന്നിട്ടുണ്ട്. ബി.ജെ.പി മുന്നണിയുടെ കാര്യം പറയാനുമില്ല.
ജമാഅത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും
എന്താണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രശ്നം? ജമാഅത്തെ ഇസ്ലാമി അതിന്റെ ആരംഭകാലം മുതല്‍ത്തന്നെ ജനാധിപത്യത്തെയും മതേതരത്വത്തെയും തള്ളിപ്പറഞ്ഞിട്ടുണ്ട്. എല്ലാം അവര്‍ക്ക് മതമാണ്, ഒന്നും മത ഇതരമല്ല. ദൈവം സൃഷ്ടിച്ച ലോകത്ത് മനുഷ്യന്റേതായ ഒരു അധികാരപ്രയോഗവും അവര്‍ അംഗീകരിക്കുന്നില്ല. മതരാഷ്ട്രമാണ് അവരുടെ ലക്ഷ്യം. ഈ തത്ത്വങ്ങള്‍ ഇന്നും പുലര്‍ത്തുന്ന പ്രസ്ഥാനമാണ് അത്. ജമാഅത്തെ ഭരണഘടനയില്‍ ദീര്‍ഘലേഖനങ്ങളായിത്തന്നെ ഇവ ഓരോന്നും എഴുതിച്ചേര്‍ത്തിട്ടുണ്ട്. പക്ഷേ, തീര്‍ത്തും വ്യത്യസ്തമാണ് അവരുടേതെന്നു കരുതപ്പെടുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നയം. അവര്‍ ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയെയും മതനിരപേക്ഷതയെയും ഇന്ത്യന്‍ ഭരണഘടനയെയും പൂര്‍ണ്ണമായി അംഗീകരിക്കുന്നു.
The Party shall bear true faith and allegiance to the Constitution of India as by law established and to the principles of socialism, secularism and democracy and would uphold the sovereignty, unity and integrity of India.-
എന്നാണ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ ഒരു സംശയത്തിനും ഇടനല്‍കാതെ വ്യക്തവും കൃത്യവുമായ എഴുതിച്ചേര്‍ത്തിട്ടുള്ളത്. തീര്‍ന്നില്ല-
For the achievement of its aims and objectives, the Party shall adopt peaceful and constructive methods and lawful means, and shall abstain from all such acts which are at variance with truth and honesty or which may result into communal hatred, regional, class and caste based chaos and conflicts.
ഈ പാര്‍ട്ടിയെ ആര്‍ക്കാണ് എതിര്‍ക്കാന്‍ കഴിയുക? പക്ഷേ, ഭരണഘടനയല്ല എല്ലാം എന്നും നാം ഓര്‍ക്കണം.
പാര്‍ട്ടിയുടെ ലക്ഷ്യങ്ങളായി പറഞ്ഞിട്ടുള്ള കാര്യങ്ങളിലുമില്ല ഒരു തരം അവ്യക്തതയും. നീതി, സ്വാതന്ത്ര്യം, സമത്വം എന്നീ തത്ത്വങ്ങളിലധിഷ്ഠിതമായ ഭരണകുടം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് പാര്‍ട്ടി പരിശ്രമിക്കുക. പതിനൊന്ന് ഇനങ്ങളായി എഴുതിയിട്ടുള്ള ലക്ഷ്യപ്രഖ്യാപനത്തിലും ഇല്ല ഒട്ടും സംശയം. ഇവയെല്ലാം എത്രത്തോളം ജമാഅത്തെ ഇസ്ലാമിയുടെ പ്രഖ്യാപിത നയങ്ങളുമായി ഒത്തുപോകും എന്നതിലാണ് എല്ലാ അവ്യക്തതയും അനിശ്ചിതത്ത്വവും ഉള്ളത്. ഇത് ജമാഅത്തിന്റെ പോഷകപാര്‍ട്ടിയാണ് എന്നവര്‍ സമ്മതിക്കുമോ? സമ്മതിക്കുമെങ്കില്‍ ഈ വൈരുദ്ധ്യങ്ങളെ അവര്‍ എങ്ങനെ ന്യായീകരിക്കും? ഇല്ലെങ്കില്‍, ജമാഅത്തെ നയങ്ങളുമായി തങ്ങള്‍ക്ക് യോജിപ്പില്ല എന്നു പറയാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കാര്‍ ധൈര്യം കാണിക്കുമോ? അല്ല, ഇതൊരു വെറും തെറ്റിദ്ധരിപ്പിക്കല്‍ മാത്രമാണോ? എന്തെങ്കിലും തരത്തിലുള്ള അക്രമാസക്ത തീവ്രവാദവുമായി ഇതുവരെ ആരും ഇന്ത്യയില്‍ജമാഅത്തെ ഇസ്ലാമിയെ സമീപകാലത്തൊന്നും ബന്ധപ്പെടുത്തിയിട്ടില്ല എന്നത് ശരിയാണ്. അതുകൊണ്ടു മാത്രം കാര്യമില്ല. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും തള്ളിപ്പറയുന്ന ഒരു പ്രത്യയശാസ്ത്രവുമായി ഒരു ജനാധിപത്യ-മതനിരപേക്ഷ പാര്‍ട്ടിക്കും ഒത്തുപോകാനാവില്ലതന്നെ. അക്രമാസക്ത തീവ്രവാദത്തിന്റെ കാര്യത്തില്‍പ്പോലും ജമാഅത്തേ ഇസ്ലാമിക്കു പൂര്‍ണ്ണമായി ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനാവില്ല. വിഭജനകാലത്തെ കലാപങ്ങളില്‍ ജമ്മു-കശ്മീര്‍ ഭീകരപ്രവര്‍ത്തനങ്ങളിലും ഇവര്‍ക്ക് നല്ല പങ്കുണ്ട്.
സംഘടനാ ഓഫീസുകളിലെ അലമാരകളില്‍ ഭദ്രമായി അടുക്കിവെക്കുന്ന ഭരണഘടനയില്‍ എഴുതിവെക്കുന്ന കാര്യങ്ങള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ലെന്നും നമുക്കറിയാം. അതൊന്നും വായിച്ചിട്ടല്ല അവര്‍ അവരുടെ ദൈനംദിന പരിപാടികള്‍ നടപ്പാക്കുന്നത്. ഇന്ത്യയില്‍ ശക്തി പ്രാപിച്ചുകഴിഞ്ഞ ഒരു ഭൂരിപക്ഷമത രാഷ്ട്രീയം ഉണ്ട്. അവരുടെയും അച്ചടിച്ച പാര്‍ട്ടി പരിപാടികളിലൊന്നും വലിയ ന്യൂനപക്ഷവൈരമൊന്നും കാണില്ല. അവര്‍ എന്തു ചെയ്യുന്നു എന്നതാണ് പ്രധാനം. ജമാഅത്തേ ഇസ്ലാമി വോട്ടു ചെയ്യാനോ സര്‍ക്കാര്‍ ഉദ്യോഗം വഹിക്കാനോ കൂട്ടാക്കാതിരുന്ന കാലമുണ്ടായിരുന്നല്ലോ. ഇന്നവര്‍ അതില്‍നിന്ന് എത്രയോ മാറിയിരിക്കുന്നു. തത്ത്വശാസ്ത്രമോ വിശ്വാസമോ മാറിയതുകൊണ്ടല്ല, പരിതസ്ഥിതികള്‍ പ്രതികൂലമായതുകൊണ്ടു മാത്രമാണ്. മതവൈവിദ്ധ്യവും ബഹുസ്വരതയും മതസൗഹാര്‍ദ്ധവും ആണ് ഇന്ത്യയുടെ ആത്മാവ് എന്ന ബോധത്തോടെ പ്രവര്‍ത്തിച്ചുകൊണ്ടേ ഇന്ത്യയിലെ ഏതൊരു ന്യൂനപക്ഷ വിഭാഗത്തിനും ഭൂരിപക്ഷാധിപത്യ രാഷ്ട്രീയത്തെ നേരിടാന്‍ പറ്റൂ.
മതസ്പര്‍ദ്ധ വളര്‍ത്തുകയാണ് അവര്‍
ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി ഇസ്ലാം മതവും മുസ്ലിങ്ങളുമാണെന്നു കരുതുന്ന പ്രസ്ഥാനമാണ് രാജ്യം ഭരിക്കുന്നത്. മതസൗഹാര്‍ദ്ദമെന്നോ മതനിരപേക്ഷത എന്നോ അവര്‍ അബദ്ധത്തില്‍പ്പോലും ഉച്ചരിക്കാറില്ല. ഇടക്കിടെ നാടിനു തീകൊളുത്തുന്ന കലാപങ്ങളിലൂടെയും വിദഗ്ദ്ധവും ശാസ്ത്രീയവും ആയി നടത്തുന്ന സാമൂഹ്യമാധ്യമ പ്രചാരണങ്ങളിലൂടെയും അവര്‍ മതസ്പര്‍ദ്ധയും വൈരവും നിലനിര്‍ത്തുക തന്നെ ചെയ്യും. ഈ ഇനം മെജോറിറ്റേറിയന്‍ പ്രചാരണം മതി പാര്‍ട്ടിക്കു എക്കാലവും ഭരണത്തില്‍ തുടരാന്‍. ഈ അപകടസാധ്യതയെക്കുറിച്ച് അംബേദ്കര്‍ 1944-ല്‍ എഴുതിയിട്ടുണ്ട്. ‘രാഷ്ട്രീയ ഭൂരിപക്ഷം ഓരോ തിരഞ്ഞെടുപ്പിലും മാറിക്കൊണ്ടിരിക്കാം. മത ഭൂരിപക്ഷം മാറുകയില്ല. രാഷ്ട്രീയവും വോട്ടെടുപ്പും മതാടിസ്ഥാനത്തിലായാല്‍ പിന്നെ ജനാധിപത്യമില്ല. ഭൂരിപക്ഷാധിപത്യമേ ഉണ്ടാകൂ.’
ഈ വര്‍ഗ്ഗീയരാഷ്ട്രീയത്തെ നേരിടുക എളുപ്പമല്ല. ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടിയെ ഒരു പാഠമായി വേണം മതനിരപേക്ഷ പക്ഷത്തു നില്‍ക്കുന്നവര്‍ കാണാന്‍. ഒരു ഘട്ടത്തില്‍, ബി.ജെ.പിയുടെ ശരിയായ ബദല്‍ ആയും നെട്ടല്ലുള്ള നിലപാടും നയങ്ങളുമുള്ള ധീരന്മാരായും ഉറച്ച മതനിരപേക്ഷ-ജനാധിപത്യ വിശ്വാസികളായും ഇന്ത്യയിലുടനീളം നല്ലൊരു ഭാഗം ആളുകള്‍ കണ്ടിരുന്ന പാര്‍ട്ടിയാണ് അത്. ഡല്‍ഹിയില്‍ വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആ പാര്‍ട്ടിയുടെ തനിസ്വരൂപം കണ്ടു. രാത്രി ജനങ്ങള്‍ നിസ്സഹായരായി നിലവിളിച്ചുനിന്നപ്പോള്‍, വര്‍ഗ്ഗീയവാദികള്‍ കൊലക്കത്തികളുമായി ഇരകളെ തെരഞ്ഞു തലങ്ങും വിലങ്ങും പായുമ്പോള്‍, എല്ലാം അറിഞ്ഞിട്ടും സംസ്ഥാന മുഖ്യമന്ത്രി നിശ്ചിതസമയത്തുതന്നെ ഉറങ്ങാന്‍ പോവുകയാണ് ചെയ്തത്. വീട്ടിന് പുറത്ത് കാത്തുനിന്നവരെ കാണാനോ ആശ്വസിപ്പിക്കാനോ അദ്ദേഹം കൂട്ടാക്കിയില്ല. ആ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്ക് പാഞ്ഞുചെന്ന് തീയണക്കാനെങ്കിലും ശ്രമിക്കാമായിരുന്നു. ആരും അതിനായി ശ്രമിച്ചില്ല. സര്‍ക്കാര്‍ ഹിന്ദുക്കളുടെ പക്ഷത്തല്ല, മുസ്ലിങ്ങളുടെ പക്ഷത്താണ് ആരും തെറ്റിദ്ധരിക്കരുതല്ലോ!
ഇന്ത്യ വിഭജിക്കപ്പെട്ട, ലക്ഷങ്ങള്‍ നാടുവിട്ടോടേണ്ടി വന്ന, ആയിരങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ആ നാളുകളിലൊന്നും ഫലിക്കാതിരുന്ന ഹിന്ദുത്വ വിഭജനതന്ത്രം ഇന്ന് രാജ്യവ്യാപകമായി പ്രാവര്‍ത്തികമാക്കാന്‍ സംഘപരിവാറിന് കഴിഞ്ഞിരിക്കുന്നു. ഈ പശ്ചാത്തലം മനസ്സില്‍വെച്ചു കൊണ്ടേ മതനിരപേക്ഷ പാര്‍ട്ടികള്‍ ഇനിയങ്ങോട്ട് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ പാടുള്ളൂ. നരേന്ദ്ര മോദിയെ ഫാസിസ്റ്റ് എന്നു നമുക്കു പലവട്ടം വിളിക്കാം. പക്ഷേ, അവര്‍ തിരഞ്ഞെടുപ്പിലൂടെയാണ് അധികാരത്തില്‍ വന്നതെന്ന കാര്യം മറക്കാനാവില്ല. അഞ്ചു വര്‍ഷത്തെ ഭരണത്തിനു ശേഷം വര്‍ദ്ധിച്ച ജനപിന്തുണയോടെയാണ് ഭരണത്തില്‍ തുടരുന്നത്. ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുജനതയുടെ പിന്‍ബലം പല രീതിയില്‍ നേടിയെടുത്താണ് അവരത് സാധിച്ചത്. ജനാധിപത്യവഴിയിലൂടെ പോയിത്തന്നെയേ ഇവരെ നേരിടാനും മതനിരപേക്ഷ പാര്‍ട്ടികളെ അധികാരത്തിലേറ്റാനും കഴിയൂ. എളുപ്പവഴികളൊന്നുമില്ല.
ഭൂരിപക്ഷ വര്‍ഗ്ഗീത തന്നെയാണ് പ്രശ്നം, പക്ഷേ….
ന്യൂനപക്ഷ വര്‍ഗ്ഗീയതയെയും ഭൂരിപക്ഷവര്‍ഗീയതയെയും ഒരു പോലെ കാണാനാവില്ല. ഒരു രാജ്യത്തും ന്യൂനപക്ഷത്തിന് വര്‍ഗീയതയുടെ പെരുപ്പം സൃഷ്ടിച്ച് ഭൂരിപക്ഷം നേടാനോ അധികാരം പിടിക്കാനോ മറ്റു മതവിശ്വാസികളെ ദ്രോഹിക്കാനോ കഴിയില്ല. പാകിസ്താനിലെയോ ബംഗ്ലാദേശിലെയോ ഹിന്ദുക്കള്‍ക്ക് അതു കഴിയില്ല. അവര്‍ നിസ്സഹായരാണ്. അതുപോലെ നിസ്സഹായരാണ് ഇന്ത്യയിലെ മുസ്ലിങ്ങളും ശ്രീലങ്കയിലെ തമിഴരും അമേരിക്കയിലെ കറുത്തവരും മറ്റും മറ്റും. ഇന്ത്യയില്‍ അനേകം മുസ്ലിം പാര്‍ട്ടികളൊന്നുമില്ല. ഉള്ളവര്‍ നിയമസഭയിലോ പാര്‍ലമെന്റിലോ കുറച്ചു സീറ്റുകള്‍ ഒപ്പിച്ചെടുക്കാനോ കഷ്ടിച്ച് ഒരു കൂട്ടുമന്ത്രിസഭയില്‍ കയറിപ്പറ്റാനോ മാത്രമേ ശ്രമിക്കാനിടയുള്ളൂ. അവര്‍ക്ക് വര്‍ഗ്ഗീയത കൊണ്ട് അധികാരം പിടിക്കാനാവില്ല. അതുകൊണ്ടുതന്നയാണ് രണ്ട് വര്‍ഗ്ഗീയതകളും തുല്യഅപകടകാരികളാണ് എന്ന വാദത്തില്‍ കഴമ്പില്ല എന്നു പറയാറുള്ളത്. പക്ഷേ, ന്യൂനപക്ഷ വര്‍ഗ്ഗീയതയ്ക്ക് ഒരു അപകടം ഉണ്ടാക്കാനാവും. ഭൂരിപക്ഷമതത്തിലെ സമാധാനവാദികളെയും കുറച്ചെല്ലാം മതേതരവാദികളായവരെയും തങ്ങളുടെ പ്രകോപനപരമായ നയങ്ങള്‍ കൊണ്ടും മുദ്രാവാക്യങ്ങള്‍ കൊണ്ടും പ്രകോപിപ്പിക്കാനും ഭൂരിപക്ഷവര്‍ഗ്ഗീയതയ്ക്കൊപ്പം ചേരാന്‍ പ്രേരിപ്പിക്കാനും കഴിയും. ന്യൂനപക്ഷമാണെങ്കിലും മുസ്ലിങ്ങള്‍ ചെറിയ ന്യൂനപക്ഷമല്ല. വലിയ ന്യൂനപക്ഷമാണ്. ഇവരുടെ വലുപ്പം ചൂണ്ടി ഭൂരിപക്ഷമതത്തിലെ സാധാരണക്കാരെ പേടിപ്പിക്കാനും ഹിന്ദുവര്‍ഗ്ഗീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നു എന്നതും പ്രധാനമാണ്.
ഹിന്ദുക്കള്‍ക്കിടയില്‍ മുസ്ലിംവിരോധം ഉണ്ട് എന്ന യാഥാര്‍ത്ഥ്യം മറച്ചുവെക്കാനാവില്ല. ഇതും ഉണ്ടാക്കിയെടുത്തതുതന്നെ. ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല അത്. മുഗള്‍ ആക്രമണം മുതല്‍ ടിപ്പു ആക്രമണവും ഇന്ത്യ വിഭജനവും ഉള്‍പ്പെടെ പലപല കാരണങ്ങള്‍ ഇതിനായി നിരത്താറുമുണ്ട്. ഇതെല്ലാം കുറെയെല്ലാം ഹിന്ദുക്കള്‍ പൊതുവെ ഒരു ചെവിയില്‍ കേള്‍ക്കുകയും മറുചെവിയിലൂടെ പുറത്തുകളയുകയുമാണ് ചെയ്തു പോന്നത്. പക്ഷേ, 1979-ല്‍ ഇറാനില്‍ ഉദയം ചെയ്ത ആയത്തൊള്ള ഖൊമീനി യുഗം ചരിത്രഗതി മാറ്റി. ഇന്ന് കാണുന്ന അക്രമാസക്ത മതമൗലികവാദത്തിന്റെ തുടക്കമായിരുന്നു അത്. വിശദാംശങ്ങളിലേക്കു പോകുന്നില്ല. നാല്പതു വര്‍ഷത്തിനു ശേഷം ഇന്ന് ഐ.എസ്സും താലിബാനും ഉള്‍പ്പെടെ നിരവധി ഭീകരസംഘടനകള്‍ ഇസ്ലാമിക ലോകത്തെ തകര്‍ത്തുതരിപ്പണമാക്കുകയാണ്. ഇവര്‍ കൊന്നു കുഴിച്ചുമൂടുന്നതില്‍ 90 ശതമാനവും മുസ്ലിങ്ങളാണ്. ഹിന്ദുക്കളെയോ ക്രിസ്ത്യാനികളെയോ ഇവര്‍ അപൂര്‍വ്വമായേ കൊല്ലാറുള്ളൂ. പക്ഷേ, ലോകത്തെങ്ങും ഇവര്‍ കാരണം സാധാരണമുസ്ലിങ്ങളാണ് പ്രതിക്കൂട്ടിലേറുന്നത്. ഈ യാഥാര്‍ത്ഥ്യം വേണ്ടവിധം ജനങ്ങളിലെത്തിക്കാനോ മുസ്ലിം ലേബലുള്ള ഭീകര്പ്രസ്ഥാനങ്ങളെ തുറന്നുകാട്ടാനോ വേണ്ടത്ര സമയവും ഊര്‍ജ്ജവും എവിടെയും മുസ്ലിം പ്രസ്ഥാനങ്ങള്‍ ചെലവഴിക്കുന്നില്ല എന്നതും ഇതിനൊരു കാരണം തന്നെ.
രാജ്യം സെക്കുലര്‍ ആകണം. പക്ഷേ, തങ്ങള്‍ക്കു സെക്കുലര്‍ ആകാന്‍ നിവൃത്തിയില്ല എന്നു ഒരു രാജ്യത്തെയും ന്യൂനപക്ഷം പറയാന്‍ പാടില്ല. ന്യൂനപക്ഷമായിപ്പോയതുകൊണ്ടു മാത്രമാണ് ഇവര്‍ സെക്കുലര്‍ കൊടി പൊക്കിപ്പിടിക്കുന്നത് എന്നു മറ്റുള്ളവര്‍ക്ക് പറയാന്‍ ഇടവരുത്തരുത്. ലോകത്തെത്തന്നെ അങ്ങനെയൊരു കണ്ണിലൂടെ വേണം കാണാന്‍. മൗദൂദിമാരുടെയും ആയത്തൊള്ള ഖൊമേനിമാരുടെയും ഭാഷ സംസാരിക്കുന്ന മുസ്ലിം പാര്‍ട്ടികള്‍ക്ക് സെക്കുലറിസം പറയാന്‍ അവകാശമില്ല. അവര്‍ വ്യാജസെക്കുലറിസ്റ്റുകളാണ്. തങ്ങള്‍ അക്രമകാരികളല്ലെന്നും ഭീകരപ്രവര്‍ത്തനത്തെ ഒരിക്കലും പിന്താങ്ങില്ലെന്നും മറ്റും അവര്‍ പറയുന്നത് വസ്തുതാപരമായിരിക്കാം. പക്ഷേ, കാര്യമില്ല. അവര്‍ ഒരേ സമയം ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗ്ഗീയതകള്‍ക്ക് വളമൂട്ടുകയാണ് ചെയ്യുന്നത്. ഈ വിഭാഗക്കാരുമായി യഥാര്‍ത്ഥ മതനിരപേക്ഷ പക്ഷത്തിന് ഒരു ഒത്തുതീര്‍പ്പും സാധ്യമല്ല.
മൃദുഹിന്ദുത്വം
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതനിരപേക്ഷ പാര്‍ട്ടികള്‍ കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. നിലവിലുള്ള ബി.ജെ.പി ഭരണങ്ങളുടെ നടപടികള്‍ വിലയിരുത്തി അവരുടെ ഭരണപരമായി വീഴ്ച്ചകളെ തുറന്നു കാട്ടി, നയങ്ങളെ ചോദ്യം ചെയ്തു മാത്രം അവര്‍ക്ക് ബി.ജെ.പി ഭരണങ്ങളെ തോല്പിക്കാനാവുന്നില്ല. ഗുജറാത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും ബിഹാറിലും മറ്റും മറ്റും രണ്ടോ മൂന്നോ ടേം കഴിഞ്ഞിട്ടും ബി.ജെ.പിയെ കഷ്ടിച്ചാണ് മാറ്റാന്‍ കഴിയുന്നത്. അതുതന്നെ നിലനിര്‍ത്താന്‍ കഴിയുന്നുമില്ല. സെക്കുലര്‍ പാര്‍ട്ടികള്‍ ഹിന്ദുവിരുദ്ധന്മാരാണ് എന്ന പ്രചാരണം മിക്കയിടത്തും വിലപ്പോവുന്നു. ഇതുനേരിടാന്‍ തങ്ങളുടെ സെക്കുലര്‍ നിലപാടുകളില്‍ വെള്ളം ചേര്‍ക്കുകയാണ് വേണ്ടതെന്ന് അവര്‍ ധരിക്കുന്നു. ക്ഷേത്രച്ചടങ്ങില്‍ പങ്കെടുക്കാന്‍ കൂട്ടാക്കാതിരുന്ന സെക്കുലര്‍ ഫണ്ടമെന്റലിസ്റ്റ് ആയിരുന്നു പണ്ഡിറ്റ് നെഹ്റു. ഇന്ന് അവരുടെ പിന്‍ഗാമികള്‍ തങ്ങളാണ് ശരിയായ ഹിന്ദു എന്നു തെളിയിക്കാന്‍ പാടുപെടുന്നു. മൃദുഹിന്ദുത്വം പ്രയോഗിച്ച് കൊടും ഹിന്ദുത്വക്കാരെ തോല്പിക്കാമെന്നു വ്യാമോഹിക്കുന്നു. ഒന്നും നടക്കുന്നില്ല. ഈ ധര്‍മസങ്കടം അവരെ വിട്ടൊഴിയാന്‍ പോകുന്നില്ല.
സെക്കുലറിസ്റ്റുകള്‍ മതം ഉപേക്ഷിക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ഭരണത്തില്‍ മതത്തിന് സ്ഥാനമില്ല എന്നേ നമ്മുടെ ഭരണഘടന പറയുന്നുള്ളൂ. എല്ലാതരം മതവിശ്വാസികളും കൂട്ടുചേര്‍ന്ന് മതനിരപേക്ഷതയുടെ വന്‍മതില്‍ ഉയര്‍ത്തുകയാണ് വേണ്ടത്. പറയുന്നതു പോലെ എളുപ്പമല്ല എന്നറിയാം. പക്ഷേ, വര്‍ഗ്ഗീയതയെ നേരിടാന്‍ വേറെ വഴിയില്ല. മതപ്രീണനത്തിലൂടെ വര്‍ഗ്ഗീയതയെ ദുര്‍ബലമാക്കാന്‍ കഴിയില്ല. യഥാര്‍ത്ഥ മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരണം എന്ന് ആഗ്രഹമുള്ളവര്‍ എല്ലാ പാര്‍ട്ടികളിലും പ്രസ്ഥാനങ്ങളിലുമുണ്ട്. അതിലാണ് ഊന്നേണ്ടത്. മതനിരപേക്ഷ പക്ഷത്ത് ഇത്രയും കാലം നിന്ന മുസ്ലിം പാര്‍ട്ടികള്‍ പോലും ഇപ്പോള്‍ പുതിയ തലമുറയുടെ കയ്യടി വാങ്ങാനെന്ന മട്ടില്‍ തീവ്രവാദം പറയുന്നു. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ വഴിയില്‍ മുള്ളുമുരട് മൂര്‍ഖന്‍ പാമ്പുകളെ കുറച്ചേറെ കാണുമെന്ന കാര്യത്തില്‍ സംശയമില്ല.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആര് ആര്‍ക്കു പിന്തുണ നല്‍കുന്നു എന്നത് ഒരു ചര്‍ച്ചാവിഷയം പോലും ആക്കേണ്ടതില്ല. പഞ്ചായത്ത് മെമ്പര്‍ ആകാന്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഒരു വോട്ടര്‍ തീരുമാനിക്കുന്നത് സ്ഥാനാര്‍ത്ഥിയുടെ കൊടി ഏതെന്നു നോക്കി മാത്രം ആവണമെന്നില്ല. കഴിവുള്ള, ജനസേവകനായ, കളവും ചതിയും ഇല്ലാത്ത ആളെ ജയിപ്പിക്കുക എന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ ജനതാല്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒരാള്‍ ചെയ്യേണ്ടത്. ദേശീയ രാഷ്ട്രീയത്തിന്റെ ശരിതെറ്റുകള്‍ക്ക് ഒഴിവ് കൊടുത്താവണം ഈ പ്രവര്‍ത്തനം നടത്തേണ്ടത് എന്നെനിക്കു തോന്നുന്നു. കക്ഷിരാഷ്ട്രീയം വേണ്ട എന്നല്ല. ഏതെങ്കിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് എന്നതുകൊണ്ടുമാത്രം വോട്ട് ചെയ്യണമെന്നില്ല. ഇടതുപക്ഷ പാര്‍ട്ടികള്‍ പോലും മത-മൗലികവാദ-വര്‍ഗ്ഗീയ കക്ഷികളുമായി നീക്കുപോക്കുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. വോട്ടുകിട്ടാന്‍ അവരുടെ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കും താല്പര്യങ്ങള്‍്ക്കും വഴങ്ങിയോ എന്നതു മാത്രമാണ് പ്രശ്നം. നാട്ടിലെ സമാധാനവും മതസൗഹാര്‍ദ്ദവും തകര്‍ക്കുമെന്നുള്ളവരെ നിഷ്‌കരുണം തള്ളിക്കളയണം.
(തീവ്രവാദം, മതരാഷ്ട്രവാദം-വോട്ട് ബാങ്ക് രാഷ്ട്രീയവും എന്ന പുസ്തകത്തിനു വേണ്ടി എഴുതിയത്)