സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വിമോചന സമരങ്ങള്‍ ആഫ്രോ – ഏഷ്യന്‍ – ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ധാരാളം നടന്നിട്ടുണ്ട്. പക്ഷേ, ഇന്ത്യയില്‍ നടന്ന സ്വാതന്ത്ര്യസമരത്തിന്റെ സുപ്രധാനമായ ഒരു പ്രത്യേകത, അത് ധാര്‍മികതയിലൂന്നിയ ഒരു പ്രസ്ഥാനമായിരുന്നു എന്നതാണ്. മൂല്യങ്ങള്‍ക്കും ധാര്‍മികതത്ത്വങ്ങള്‍ക്കും മേലാണ് കോണ്‍ഗ്രസ് സ്വാതന്ത്ര്യപൂര്‍വകാലഘട്ടത്തില്‍ രാഷ്ട്രീയം പടുത്തുയര്‍ത്തിയത്. ഗാന്ധിജിയുടെ സ്വാധീനമാണിതിന് കാരണം എന്ന് പറയേണ്ടതില്ല. നമുക്ക് ചുറ്റുമുള്ള അനേകം രാജ്യങ്ങളില്‍ ആ കാലത്തും അതിനുശേഷവും നടന്ന സ്വാതന്ത്ര്യസമരങ്ങള്‍ രാഷ്ട്രീയാധികാരത്തിന്റെ കൈമാറ്റത്തില്‍ മാത്രം ഊന്നിയുള്ളതായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം രാജ്യത്തിന്റെ നയങ്ങളും നിയമങ്ങളും നിര്‍മിക്കുന്നതിന് നേതൃത്വം നല്‍കിയത് കോണ്‍ഗ്രസ് തന്നെയാണ്. ഗാന്ധിയന്‍ സ്‌കൂളില്‍ ജീവിതാദര്‍ശങ്ങള്‍ രൂപപ്പെടുത്തിയവരാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നത്. പക്ഷേ, ഇന്ത്യയിലെ പൊതുപ്രവര്‍ത്തനരംഗത്തിന് ഗാന്ധിസത്തിന്റെ ശുദ്ധത അതിവേഗം നഷ്ടപ്പെടുകയാണ് ഉണ്ടായത്. അധാര്‍മിക പ്രവര്‍ത്തനപരിപാടികളാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നോട്ടുകൊണ്ടുപോയത്. ശരിതെറ്റുകളെ കുറിച്ചല്ല, അധികാരത്തിലെത്തുന്നതിനും അധികാരം നിലനിറുത്തുന്നതിനുമുള്ള വഴികളെ കുറിച്ചാണ് അവര്‍ സദാസമയം ചിന്തിച്ചത്.
ജനാധിപത്യം നിലനിറുത്താനായി എന്നത് ഇന്ത്യന്‍ രാഷ്ട്രീയവ്യവസ്ഥയുടെ വലിയ നേട്ടം തന്നെ. അധികാരത്തിന്റെ ആവശ്യമായ കേന്ദ്രീകരണവും ആവശ്യമായ വികേന്ദ്രീകരണവും ഭരണഘടനാവ്യവസ്ഥകളിലൂടെ ഏര്‍പ്പെടുത്തിയത് സൂദീര്‍ഘമായ കൂടിയാലോചനകളിലൂടെയാണ്. അവ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഭരണഘടന അംഗീകരിച്ചതുമുതല്‍ തുടരുന്നുണ്ട്. എന്നാല്‍, ഭരണഘടനയും നിയമനിര്‍മാണ വിഭാഗവും ഒരു കാര്യം തീര്‍ത്തും വിസ്മരിച്ചു. അഴിമതിയുടെയും ധനാധിപത്യത്തിന്റെയും അര്‍ബുദം രാഷ്ട്രീയാധികാരമേഖലയെ കാര്‍ന്നുതിന്നുന്നില്ല എന്ന് ഉറപ്പുവരുത്തുന്ന കാര്യത്തെ കുറിച്ച് കാര്യമായ ആലോചനകളൊന്നും നടന്നില്ല. പേരിന് ചില നിയമങ്ങള്‍ ഉണ്ടായില്ല എന്നല്ല. പക്ഷേ ഫലപ്രദമായ നടപടികള്‍ ഉണ്ടായില്ല. പൊതുസമൂഹവും കാര്യമായൊന്നും ഇടപെട്ടില്ല. ക്രമാനുഗതമായ വളര്‍ന്നുകൊണ്ടിരുന്ന രാഷ്ട്രീയാഴിമതിയും ധനാധിപത്യവും ഇന്ത്യന്‍ ജനാധിപത്യത്തെ പൊള്ളയാക്കുന്നുണ്ടായിരുന്നു, അര്‍ത്ഥരഹിതമാക്കുന്നുണ്ടായിരുന്നു. ജനശക്തിയെ നിഷ്‌ക്രിയമാക്കുന്നുണ്ടായിരുന്നു. അതിവേഗം നടന്നുകൊണ്ടിരുന്ന നീണ്ട ആ പ്രക്രിയയാണ് ഇന്ത്യയെ ഇന്നിവിടെ കൊണ്ടുവന്നെത്തിച്ചിരിക്കുന്നത്.
അഴിമതിക്കാരനല്ല എന്ന് എല്ലാവരും ഉറച്ചുവിശ്വസിക്കുന്ന ഒരു പ്രധാനമന്ത്രി നയിക്കുന്ന മന്ത്രിസഭയിലെ മൂന്നുമന്ത്രിമാര്‍ അഴിമതിക്കുറ്റം ആരോപിക്കുപ്പെട്ട് ജയിലില്‍ കിടക്കുകയാണ്. ഇനിയും എത്രപേര്‍ ജയിലിലാകും എന്നറിയുകയുമില്ല. അനേകലക്ഷം കോടികളുടെ കഥകള്‍ നാട്ടില്‍ പാട്ടായിരിക്കുന്നു. അഴിമതി രാഷ്ട്രീയത്തിന്റെയും ജനാധിപത്യത്തിന്റെയും ഭാഗമൊക്കെത്തന്നെയാണ്, വെറുതെ അതിനെതിരെ വാളെടുത്തിട്ട് കാര്യമില്ല, കുറച്ച് അഴിമതിയൊക്കെ സഹിക്കാവുന്നതേ ഉള്ളൂ എന്നും മറ്റും വിശ്വസിച്ച് അഴിമതിയോട് രാജിയാകാറുള്ള പൊതുസമൂഹമായിരുന്നു നമ്മുടേത്. സമൂഹം അഴിമതിയുടെ ഇരകള്‍ മാത്രമല്ല അഴിമതിയുടെ ഗുണഭോക്താക്കളുമാണ്. കുറച്ച് അഴിമതി ഉണ്ടായിക്കോട്ടെ എന്നുപോലും പറയുന്ന സാധാരണക്കാരെ കാണുക പ്രയാസമല്ല. സര്‍ക്കാറുദ്യോഗസ്ഥരും അധ്യാപകരും കച്ചവടക്കാരും പോലീസുകാരുമെല്ലാം അതില്‍ ഭാഗഭാക്കാണ്. ആ നില ഇന്ന് രാജ്യം പിന്നിട്ടിരിക്കുന്നു. വലിയ അഴിമതിയുടെ കരാളഹസ്തങ്ങള്‍ രാജ്യത്തെ ഞെരിക്കുകയാണ്. പഴയതുപോലത്തെ നിസംഗരല്ല ഇപ്പോള്‍ ജനങ്ങള്‍. അവര്‍ രാഷ്ട്രീയ നേതൃത്വങ്ങളെ പിന്നോട്ട് തള്ളിമാറ്റി അഴിമതിക്കെതിരായ പ്രസ്ഥാനങ്ങള്‍ക്കൊപ്പം ചേരുകയാണ്. ഇന്ന് നമുക്കൊരു മഹാത്മാഗാന്ധിയില്ല. ; ജയപ്രകാശ് നാരായണ്‍ പോലുമില്ല. എന്നിട്ടും അരാഷ്ട്രീയമായ അഴിമതി വിരുദ്ധപ്രസ്ഥാനങ്ങള്‍ക്ക് ജനപിന്തുണ ലഭിക്കുന്നു.
അഴിമതിയും കള്ളത്തരവും രാഷ്ട്രീയത്തെ വിഴുങ്ങുകയില്ല എന്ന വിശ്വാസം ജനാധിപത്യത്തിലുള്ള വിശ്വാസത്തിന്റെ തുടര്‍ച്ചയാണ്. ജനങ്ങളാണല്ലോ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നത്. എന്തുകൊണ്ട് ജനങ്ങള്‍ അഴിമതിക്കാരായ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നു, എന്തുകൊണ്ട് വോട്ട് ചെയ്യുമ്പോള്‍ അഴിമതി ഒരു ഘടകമായി വോട്ടര്‍മാര്‍ കണക്കിലെടുക്കുന്നില്ല എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക പ്രയാസമാണ്. കൊടിയ അഴിമതിയുടെ പേരില്‍ ചീത്തപ്പേരുണ്ടാക്കിയ പലരും തിരഞ്ഞെടുപ്പില്‍ തോല്‍ക്കാറുണ്ട്. അത്തരക്കാര്‍പോലും ഒരു തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അടുത്ത തവണ ജയിച്ചുവരുന്നു. തമിഴ്‌നാട് ഒരു വലിയ ഉദാഹരണമാണ്. കൊടും അഴിമതിക്കാരി എന്ന് മുദ്രകുത്തപ്പെട്ടാണ് ജയലളിത അധികാരത്തില്‍ നിന്ന് പുറംതള്ളപ്പെട്ടത്. എന്നാല്‍ അവരെ താഴെയിറക്കി കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരം കൈയാളിയ ഡി.എം.കെ. നേതൃത്വത്തിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. അവരെ താഴെയിറക്കാന്‍ ജനങ്ങള്‍ ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളൂ- പഴയ അഴിമതിക്കാരിയെ തിരിച്ചുകൊണ്ടുവരിക. അവര്‍ അതുചെയ്തു. ഇനി ജയലളിത അഴിമതി നടത്തില്ല എന്നൊരു ഉറപ്പും അവര്‍ക്ക് കിട്ടിയിട്ടില്ല. ജനങ്ങള്‍ നിസ്സഹായരാണ്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് സംവിധാനമുള്ള രാജ്യമാണ് ഇന്ത്യ എന്നുപറയാം. തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന ഇലക്ഷന്‍ കമ്മീഷന്‍ ഇപ്പോഴും തീര്‍ത്തും അഴിമതിരഹിതമാണെങ്കിലും തിരഞ്ഞെടുപ്പിലെ അഴിമതി ഇല്ലാതാക്കാന്‍ കമ്മീഷന് കഴിഞ്ഞിട്ടില്ല. നമ്മുടെ സംവിധാനത്തില്‍ അഴിമതിയും കള്ളപ്പണവും വലിയ പങ്കാണ് വഹിക്കുന്നത്. അതിനുള്ള കാരണം രാഷ്ട്രീയ പാര്‍ട്ടികളാണ്.
നമ്മുടെ പാര്‍ട്ടികള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്, നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തകര്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്നത് അവര്‍ക്കുപോലും ദുരൂഹമായ സംഗതികളായി തുടരുന്നു. പാര്‍ട്ടികള്‍ ചിലവഴിക്കുന്ന പണം ഏത് രീതിയിലാണ് അവര്‍ ശേഖരിക്കുന്നത് എന്നാര്‍ക്കും അറിഞ്ഞുകൂടാ. അങ്ങേയറ്റം രഹസ്യമായ സംവിധാനമാണ് അത്. ആളുകളുടെ അറിയാനുള്ള അവകാശം സംബന്ധിച്ചും ലോകത്തിലെ ഏറ്റവുംമികച്ചതെന്ന് അവകാശപ്പെടാവുന്ന നിയമം നടപ്പാക്കിയ രാജ്യമാണ് ഇന്ത്യ. പൊതുപ്പണം ചിലവഴിക്കുന്ന എല്ലാ ഭരണ മേഖലകളിലെയും കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയാനുള്ള വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. പക്ഷേ, ഭരണത്തിന്റെ ഏറ്റവും അടിസ്ഥാനഘടകമായ രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിക്കുന്ന എല്ലാകാര്യങ്ങളും ഇപ്പോഴും രഹസ്യങ്ങളാണ്. ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കുന്ന കണക്കുകളും തിരഞ്ഞെടുപ്പ്കമ്മീഷന് നല്‍കുന്ന കണക്കുകളും സ്ഥാനാര്‍ഥികളുടെ സ്വത്തുവിവരങ്ങളുമെല്ലാം പൗരന് ലഭ്യമാണെങ്കിലും ഇവയിലെ സത്യത്തിന്റെ അംശമെത്ര എന്നാര്‍ക്കും അറിയുകയേ ഇല്ല. പാര്‍ട്ടികള്‍ അനേക കോടി രൂപയാണ് ചെലവഴിക്കുന്നത്. അനധികൃതമായ മാര്‍ഗങ്ങളിലൂടെ സമാഹരിക്കുന്ന തുകയാണ് ഇതെല്ലാം. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്ന കണക്കില്‍ പറയുന്നതിന്റെ പലമടങ്ങ് സംഖ്യയാണ് അവര്‍ ചെലവഴിക്കുന്നത്. കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്നും പ്രസിദ്ധപ്പെടുത്തണമെന്നും വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരാന്‍ പാര്‍ട്ടികള്‍ തയ്യാറായിട്ടില്ല.
പാര്‍ട്ടികള്‍ അധികാരമുപയോഗിച്ച് സമാഹരിച്ച പണം തിരഞ്ഞെടുപ്പ് ജയത്തിന് ഉപയോഗിക്കുന്നത് ഒരുവശം. പൊതുപ്പണം നേരിട്ട് വോട്ട് നേടാന്‍ ഉപയോഗിക്കുന്നതും അവിശ്വസനീയമായ തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. ജനോപകാരപ്രദമായ നടപടികള്‍ നടപ്പാക്കാനാണ് പാര്‍ട്ടികളെ ജയിപ്പിക്കുന്നത്. പക്ഷേ, ഇത്തരം നടപടികളെയും വോട്ട് കിട്ടാന്‍ വേണ്ടിമാത്രം നടപ്പാക്കുന്ന ഭരണനടപടിയെയും കൃത്യമായി വേര്‍തിരിക്കുക പ്രയാസമാണ്. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യുകയും പാവങ്ങളുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്ത വിപ്ലവകരമായ പദ്ധതിയായിരുന്നു തൊഴിലുറപ്പ് പദ്ധതി. അനേകായിരം കോടി രൂപ ഇതിനായി നീക്കിവെക്കുകയുണ്ടായി. ഇതിനെയും വീടുകളില്‍ ടെലിവിഷന്‍ നല്‍കുന്നതിനെയും എങ്ങനെയാണ് വ്യത്യസ്തമായി കാണാനാവുക ? തൊഴിലുറപ്പുപദ്ധതിയും വോട്ടുകിട്ടാന്‍ സഹായിച്ചിരിക്കാം, ടെലിവിഷന്‍പദ്ധതി അതിനുമാത്രമായുള്ളതുമാണ്. ഒന്ന് അഴിമതിയാണെന്നും മറ്റേത് അഴിമതിയല്ലെന്നും തെളിയിക്കുക പ്രയാസമാണ്, പക്ഷേ സത്യമതാണ്. വിവേകവും ബുദ്ധിയും ബോധവുമുള്ള ജനതയ്ക്ക് അത് തിരിച്ചറിയാനാവും. ജനങ്ങള്‍ ഇത്തരം നടപടികളെ അവജ്ഞയോടെ തള്ളുമ്പോള്‍ മാത്രമേ രാഷ്ട്രീയക്കാര്‍ ഇത്തരം അഴിമതികളില്‍ നിന്ന് വിട്ടുനില്‍ക്കുകയുള്ളൂ.
കേന്ദ്രത്തിലെ ഭരണകക്ഷി വ്യവസായികളില്‍ നിന്നാവും പണം സമാഹരിക്കുന്നത് എന്ന പൊതുധാരണ ശരിയല്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. 1987 ല്‍ ജെ.ആര്‍.ഡി.ടാറ്റ പറഞ്ഞത് പാര്‍ട്ടികള്‍ ഇപ്പോള്‍ പണത്തിനായി തങ്ങളെ സമീപിക്കുന്നില്ല എന്നാണ്. രാജ്യത്തിനകത്തും പുറത്തുംനിന്ന് സര്‍ക്കാര്‍ വാങ്ങുന്ന സാധനങ്ങള്‍ക്ക് നിശ്ചിത കമ്മീഷന്‍ പാര്‍ട്ടികളിലേക്ക് എത്തുന്നു. ആയുധകച്ചവടമാണ് ഇതിലേറ്റവും വലിയ സ്രോതസ്. ലോകത്തെ ഒരു വര്‍ഷത്തെ പ്രതിരോധച്ചെലവ് 1.6 ട്രില്ല്യന്‍ യു.എസ്.ഡോളറാണെന്ന് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍ പറയുന്നു.( ദശലക്ഷത്തെ അതുകൊണ്ടുതന്നെ രണ്ടുതവണ പെരുക്കിയാല്‍ കിട്ടുന്ന സംഖ്യയാണ് ട്രില്ല്യന്‍ ) ഇതില്‍ നല്ല പങ്ക് വിദേശത്ത് നിന്ന് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് ഉപയോഗിക്കുന്നത്. പ്രതിരോധമന്ത്രി അറിയാതെ തന്നെ ഇറക്കുമതി കമ്മീഷന്‍ എത്തേണ്ട കേന്ദ്രത്തില്‍ എത്തിക്കാന്‍ സംവിധാനമുണ്ടാകും. എല്ലാ കമ്മീഷനുകളും കൃത്യമായി കിട്ടുന്നുണ്ട് എന്നുറപ്പിക്കാന്‍ പാര്‍ട്ടികള്‍ക്ക് സംവിധാനമുണ്ട്.
പാര്‍ട്ടികള്‍ക്ക് അങ്ങനെ പണം കിട്ടുമെങ്കിലും വ്യക്തികള്‍ എന്ന നിലയില്‍ നേതാക്കന്മാര്‍ വ്യവസായികളെയും മറ്റ് പണച്ചാക്കുകളെയും സമീപിച്ചുതന്നെയാണ് തങ്ങളുടെ രാഷ്ട്രീയാവശ്യത്തിനുള്ള പണം സമാഹരിക്കുന്നത്. ഇങ്ങനെ വാങ്ങുന്ന പണത്തിന് തീര്‍ച്ചയായും അവര്‍ തിരിച്ച് സേവനങ്ങള്‍ ചെയ്യേണ്ടതുണ്ട്. വ്യവസായികള്‍ പണം നല്‍കുന്നത് ജനാധിപത്യം സംരക്ഷിക്കാനല്ലതന്നെ. രാജ്യത്തെ ജനാധിപത്യം നില നിറുത്തേണ്ട പാര്‍ട്ടികളുടെ അകത്തെ ജനാധിപത്യം നോക്കാന്‍ ആരുമില്ലാത്തതുപോലെ, അഴിമതി നിര്‍മാര്‍ജനം ചെയ്യേണ്ട പാര്‍ട്ടികളുടെ നടത്തിപ്പിലെ അഴിമതിനോക്കാനും ആരുമില്ല.
പൊതുപ്രവര്‍ത്തക അഴിമതി അന്വേഷണത്തിനുള്ള നിയമം ഒരുപാട് ചര്‍ച്ചകളും വിവാദങ്ങളും രാജ്യത്ത് നടക്കുകയുണ്ടായി. എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ പോലും വരവുചെലവുകള്‍ സംബന്ധിച്ച കണക്കുകള്‍ ഇപ്പോഴും സുതാര്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. സ്വകാര്യവ്യക്തികളുടെ വരുമാനക്കണക്കും വരുമാനനികുതിക്കണക്കും സ്വകാര്യമാക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ വരുമാനം രഹസ്യമാക്കേണ്ടതില്ല. അഴിമതിതടയുന്നതിന് 1947 മുതല്‍ നാട്ടില്‍ നിയമങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട്. പക്ഷേ, പൊതുപ്രവര്‍ത്തകരുടെ വരുമാനം സംബന്ധിച്ച് സുതാര്യതയുണ്ടാക്കാന്‍ ഒരു നിയമത്തിനും കഴിഞ്ഞിട്ടില്ല. അഴിമതിക്കേസ്സുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ സമ്പാദ്യത്തിലെ അഴിമതിയുടെ അംശം പിടിച്ചെടുക്കാന്‍ പോലും വ്യവസ്ഥയില്ല.കേരളത്തില്‍ ഈ വ്യവസ്ഥയോടെ ഉണ്ടാക്കിയ നിയമം നടപ്പാക്കാന്‍ കൂട്ടാക്കാതിരിക്കുകയാണ് രാഷ്ട്രീയനേതൃത്വങ്ങള്‍.
ജുഡീഷ്യറിയിലും മാധ്യമങ്ങളിലും ഉള്ളവര്‍ക്കെതിരെയും വിരല്‍ചൂണ്ടപ്പെടുന്ന കാലഘട്ടത്തില്‍ ജനങ്ങളുടെ വിശ്വാസ്യത ആര്‍ജിക്കാന്‍ ഈ വിഭാഗങ്ങളിലുള്ളവരും നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കോടതിയലക്ഷ്യനിയമത്തിന്റെ പിന്‍ബലത്തില്‍ വിമര്‍ശനങ്ങള്‍ക്ക് അപ്പുറം നില്‍ക്കുകയാണ് ജുഡീഷ്യറി. അതുകൊണ്ട് പൊതുസമൂഹത്തിന് പ്രയോജനമൊന്നുമുണ്ടായിട്ടില്ല. ജുഡീഷ്യറിയുടെ വിധികള്‍ക്ക് പിന്നില്‍ ദുരുദ്ദേശം ആരോപിക്കുന്നത് കുറ്റകരമാണ്. സത്യമായ ആരോപണങ്ങള്‍ ഉന്നയിക്കാം എന്ന് നിയമഭേദഗതി ഉണ്ടായിട്ടുണ്ടെങ്കിലും കോടതിയലക്ഷ്യനിയമത്തെ ഭയന്ന് മാധ്യമങ്ങള്‍ അറച്ചുനില്‍ക്കുകയാണ്. മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ അഴിമതിയും സ്വാര്‍ത്ഥതാല്‍പര്യങ്ങളും കണ്ടെത്താനും തുറന്നുകാട്ടാനും കഴിയുന്നില്ലെങ്കില്‍ മാധ്യമങ്ങള്‍ വലിയ നിക്ഷിപ്തതാല്‍പര്യസങ്കേതങ്ങളായി മാറും. കുറെ സ്ഥാപനങ്ങള്‍ ഇതിനകംതന്നെ അതായി മാറിയിട്ടുണ്ട്.
അഴിമതിക്കാരല്ലാത്ത നേതാക്കള്‍ ഇല്ലാതായാല്‍ അഴിമതി ഇല്ലാതാകുമെന്ന ധാരണ തെറ്റാണ് എന്ന് ഏറെ അനുഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഡോ.മന്‍മോഹന്‍ സിങ്ങിനെതിരെ വ്യക്തിപരമോ രാഷ് ട്രീയമോ ആയ ഒരു ആരോപണം പോലും ആരും ഉന്നയിച്ചിട്ടില്ല, ഉന്നയിക്കുകയുമില്ല. പക്ഷേ അദ്ദേഹത്തിന്റെ മന്ത്രിസഭ അഴിമതിയില്‍ കുളിച്ചുനില്‍ക്കുകയാണ് . പല മന്ത്രിമാരും അഴിമതിയുടെപേരില്‍ കല്‍ത്തുറങ്കിലായി. അഴിമതി ഇല്ലാതാക്കാനുള്ള നിശ്ചയദാര്‍ഡ്യമാണ് പ്രധാനം. രാഷ്ട്രീയമായ ഒട്ടേറെ കാരണങ്ങളാല്‍ മന്ത്രിസഭാ നേതൃത്വത്തിലുള്ളവര്‍ക്ക് ഘടകകക്ഷികളില്‍പെട്ട മന്ത്രിമാരുടെ മേല്‍ ഒരു നിയന്ത്രണവുമില്ല എന്ന നിലയുണ്ടായിട്ടുണ്ട്. മന്ത്രിമാരെ നിയോഗിക്കുന്നത് പ്രധാനമന്ത്രി അല്ലെങ്കില്‍ മുഖ്യമന്ത്രി ആണ് എന്നാണ് വെപ്പ്. പക്ഷേ, പല കക്ഷികള്‍ ചേര്‍ന്ന് ഭരിക്കുമ്പോള്‍ മന്ത്രിമാരെ ഘടകകക്ഷികളാണ് നിര്‍ദ്ദേശിക്കുന്നത്. അവര്‍ അഴിമതിക്കാരാണോ എന്ന് നോക്കാനൊന്നും പ്രധാനമന്ത്രിക്കുകഴിയുന്നില്ല. അവര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നാല്‍ വിശദീകരണം ചോദിക്കാന്‍ പോലും പറ്റാത്തവിധത്തില്‍ പ്രധാനമന്ത്രിയുടെ കൈകള്‍ കെട്ടപ്പെടുന്ന സംവിധാനമാണ് കൂട്ടുകക്ഷിമന്ത്രിസഭകളുടേത്.
രാജ്യത്തെ അഴിമതിയെകുറിച്ച് പറയുമ്പോള്‍ അതൊരു ആഗോള പ്രതിഭാസമാണ് എന്ന് പറയാനാവും, അതൊരു ന്യായീകരണമാവില്ലെങ്കിലും. അഴിമതിയുടെ തോത് എങ്ങും കൂടി വരികയാണ്. സ്വകാര്യസ്വത്തിനും വ്യക്തികളുടെ സമ്പാദ്യത്തിനും ഒരുപാട് നിയന്ത്രണങ്ങളുണ്ടായിട്ടും കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ പോലും അഴിമതിയില്‍ മുങ്ങുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാര്‍ഷികം ഈയിടെ ആഘോഷിക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വം തുറന്നുപറഞ്ഞത് പാര്‍ട്ടി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം അഴിമതിയാണ് എന്നാണ്. ഓരോ വര്‍ഷവും അഴിമതിയുടെ പേരില്‍ അനേകമാളുകളെ വെടിവെച്ചുകൊന്നിട്ടും പ്രശ്‌നം രൂക്ഷമാകുന്നേയുള്ളൂ. അറബ് രാജ്യങ്ങളില്‍ ഉയര്‍ന്നുവന്ന ജനാധിപത്യപ്രക്ഷോഭങ്ങളിലും അഴിമതിയ്‌ക്കെതിരായ വികാരവും മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന് കാണാം.
ഭരണത്തിന്റെ എല്ലാ ഘടകങ്ങളെയും നിഷ്‌ക്രിയമാക്കുന്ന വൈറസ് ആണ് അഴിമതി. സിവില്‍ സര്‍വീസും നിയമവാഴ്ചയും രാഷ്ട്രീയതീരുമാനങ്ങളെടുക്കുന്ന സംവിധാനവും നിയമനിര്‍മാണവിഭാഗവും ജുഡീഷ്യറിയുമെല്ലാം അതില്‍ പെടുന്നു. സമ്പന്നരല്ല, പാവങ്ങളാണ് എല്ലാ അഴിമതിയിലും കഷ്ടപ്പെടുക, അവര്‍ക്കാണ് നഷ്ടങ്ങളുണ്ടാവുക. പ്രാഥമികമായ ആരോഗ്യരക്ഷയും വിദ്യാഭ്യാസവും ഭക്ഷണംപോലും അവനില്‍ നിന്ന് തട്ടിയെടുക്കുന്ന ക്രൂരമായ വ്യവസ്ഥയാണ് അഴിമതിയുടേത്. അത് ജനാധിപത്യമില്ലാതാക്കും, പൊതുജനാഭിപ്രായത്തെ നിഷ്ഫലമാക്കും, സമ്പന്നരും ചൂഷകരും മാഫിയാ കുറ്റവാളികളും പൊതു സമുഹത്തെ അടക്കിഭരിക്കുന്ന ക്രൂരതയിലേക്ക് അത് രാജ്യത്തെ നയിക്കും. ഒത്തുതീര്‍പ്പുണ്ടാക്കി പിന്മാറുകയല്ല, എന്തുവിലകൊടുത്തും നിഷ്‌കാസനം ചെയ്യേണ്ട ഒന്നാണ് അഴിമതി എന്ന കാര്യത്തില്‍ സംശയംവേണ്ട.