‘പരിബര്‍ത്തന്‍’ കാത്ത് ബംഗാള്‍

എൻ.പി.രാജേന്ദ്രൻ

മമതാബാനര്‍ജിയുടെ കനത്ത വെല്ലുവിളി നേരിട്ടുകൊണ്ടാണ് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി പശ്ചിമബംഗാളില്‍ എട്ടാംവട്ടവും അധികാരത്തിലേറാന്‍ പോരാടുന്നത്. ബംഗാളില്‍ വീശിയടിക്കുന്ന മാറ്റത്തിന്റെ കാറ്റ് ഇത്തവണത്തെ മത്സരത്തില്‍ തികച്ചും വ്യത്യസ്തമാകുന്നു

2006-ലെ നിയമസഭാതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതബാനര്‍ജി കൊടുങ്കാറ്റായി ആഞ്ഞടിച്ചത് തികഞ്ഞ വിജയപ്രതീക്ഷയോടെയായിരുന്നു. ‘ഇത്തവണയില്ലെങ്കില്‍ ഒരിക്കലുമില്ല” എന്നാണവര്‍ എല്ലായിടത്തും വോട്ടര്‍മാരോട് പറഞ്ഞത്. വോട്ടര്‍മാര്‍ അവരെ കാര്യമായൊന്നും ഗൗനിച്ചില്ല. ഇടതുമുന്നണി നേടിയത് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു. ജയിച്ച കക്ഷിക്ക് അമ്പതുശതമാനത്തിലേറെ വോട്ടര്‍മാരുടെ അംഗീകാരം കിട്ടുകയെന്ന അപൂര്‍വതയും സംഭവിച്ചു.

294 നിയമസഭാസീറ്റുകളില്‍ 175 സി.പി.എം. നേടി. പാര്‍ട്ടിക്ക് തനിച്ചുകിട്ടി മൃഗീയ ഭൂരിപക്ഷം. ഇടതുമുന്നണിക്ക് 233 സീറ്റ്. മുഖ്യപ്രതിപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസ്സിന് കിട്ടിയത് വെറും മുപ്പത് സീറ്റ്; കോണ്‍ഗ്രസ്സിന് പത്തൊന്‍പതും. നിയമസഭയില്‍ അംഗീകാരമുള്ള പ്രതിപക്ഷനേതാവ് പോലുമില്ലാതെയാണ് ബുദ്ധദേവ് അഞ്ചുവര്‍ഷമായി ഭരിക്കുന്നത്.

തുടര്‍ച്ചയായി ഏഴുവട്ടം ജയിക്കുക എന്നത് ഒരിടത്തും ഒരു പാര്‍ട്ടിക്കും സാധ്യമാകാത്ത നേട്ടമാണ്. 1957-ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റയ്ക്ക് അധികാരത്തില്‍ വന്ന് ചരിത്രം സൃഷ്ടിക്കുമ്പോള്‍ ബംഗാളില്‍ പാര്‍ട്ടിക്ക് വലിയ നേട്ടമൊന്നും ഉണ്ടാക്കാനായില്ല. കോണ്‍ഗ്രസ് ബംഗാളില്‍ 152 സീറ്റ് നേടി ഭരണം പിടിച്ചപ്പോള്‍ സി.പി.ഐ.ക്ക് കിട്ടിയത് 46 സീറ്റ് മാത്രം. 67-ല്‍ പ. ബംഗാളിലെ പാര്‍ട്ടി ബംഗ്ലാ കോണ്‍ഗ്രസ് എന്ന ഒരു കോണ്‍ഗ്രസ് വിമതഗ്രൂപ്പ് നയിച്ച മുന്നണിയിലെ രണ്ടാം കക്ഷിയായാണ് അധികാരത്തിലേറിയത്. അജോയ് മുഖര്‍ജിയായിരുന്നു മുഖ്യമന്ത്രി ജ്യോതിബസു ഉപമുഖ്യമന്ത്രി. ആ മുന്നണിയും ഭരണവുമെല്ലാം രണ്ടുവര്‍ഷത്തിനകം തകര്‍ന്നതോടെ കഷ്ടകാലമായിരുന്നു അടുത്ത എട്ട് വര്‍ഷം. 1972 മാര്‍ച്ചില്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ വന്‍തോതിലുള്ള അക്രമങ്ങളിലൂടെയും കൃത്രിമങ്ങളിലൂടെയുമാണ് സിദ്ധാര്‍ഥ ശങ്കര്‍ റായിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരണം നേടിയത്. നക്‌സല്‍ബാരിയും തുടര്‍പോരാട്ടങ്ങളും ചോരപ്പുഴയൊഴുക്കി.

1977-ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തില്‍ വന്ന മുന്നണി പിന്നീട് ഭരണത്തില്‍ നിന്നിറങ്ങിയിട്ടില്ല. അതല്ല പ്രധാനം. ഓരോ തിരഞ്ഞെടുപ്പിലും ഇടതുമുന്നണിയുടെ പിന്തുണ അടിക്കടി വര്‍ധിക്കുകയായിരുന്നു. 1996-ല്‍ 46.7 ശതമാനവും 2001-ല്‍ 48.4 ശതമാനവും വോട്ട് കിട്ടിയ ഇടതുമുന്നണിക്ക് 2006-ല്‍ അത് 50.2 ശതമാനമായി ഉയര്‍ത്താനായി.

2006-ല്‍ സംഭവിക്കാതിരുന്നത് വെറും നാല് കൊല്ലം കൊണ്ട് സംഭവിച്ചു. 2006-ല്‍ വേറിട്ട് മത്സരിച്ച മമതയും കോണ്‍ഗ്രസ്സും 2010-ല്‍ യോജിച്ചു മത്സരിച്ചപ്പോള്‍ അവിശ്വസനീയമായ തിരിച്ചടിയാണ് ഇടതുമുന്നണിക്കുണ്ടായത്. 42 ലോക്‌സഭാസീറ്റുകളില്‍ 35 എണ്ണം കൈവശമുണ്ടായിരുന്ന ഇടതുപക്ഷത്തിന്റെ ശക്തി പതിനഞ്ചായി ചുരുങ്ങി. 33 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ പരാജയം. സി.പി.എമ്മിന് ഒമ്പതുസീറ്റുകളേ ലഭിച്ചുള്ളൂ. 294 നിയമസഭാസീറ്റുകളുള്ളതില്‍ 206-ല്‍ തൃണമൂല്‍-കോണ്‍ഗ്രസ്-എസ്.യു.സി.ഐ. കൂട്ടുകെട്ടാണ് ലീഡ് നേടിയത്. നാലുകൊല്ലം കൊണ്ടുണ്ടായ അടിയൊഴുക്കുകള്‍ വമ്പിച്ച മാറ്റങ്ങളാണ് സൃഷ്ടിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏഴാഴ്ചയ്ക്കകം 16 മുനിസിപ്പാലിറ്റികളില്‍ നടന്ന തിരഞ്ഞെടുപ്പിലും മമതയുടെ സഖ്യമാണ് വന്‍ ജയം നേടിയത്. 2001-ല്‍ ബി.ജെ.പി.യോടൊപ്പം ചേര്‍ന്ന് എന്‍.ഡി.എ. ഘടകകക്ഷിയായി മത്സരിച്ചപ്പോള്‍ കിട്ടിയത് ഒരൊറ്റ ലോക്‌സഭാ സീറ്റായിരുന്നു എന്നോര്‍ക്കണം.

പ്രത്യയശാസ്ത്ര പ്രതിസന്ധി

2006-ല്‍ വന്‍ ഭൂരിപക്ഷം നേടിയാണ് മൂന്നാംവട്ടം ഭരണത്തിലേക്ക് തിരിച്ചുവന്നതെങ്കിലും ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വം അനേകം നയപരമായ പ്രതിസന്ധികളെയും ധര്‍മസങ്കടങ്ങളെയും പ്രത്യയശാസ്ത്ര പുനര്‍വിചിന്തനങ്ങളെയുമാണ് നേരിട്ടത്. കമ്യൂണിസ്റ്റ് ആശയ പിടിവാശികളില്‍ ഉറച്ചുനിന്നുകൊണ്ടാണ് ജ്യോതിബസു കാല്‍നൂറ്റാണ്ടോളം ഭരിച്ചത്. പക്ഷേ, ആദ്യത്തെ പത്തുവര്‍ഷത്തിനുശേഷം ബംഗാള്‍ എന്താണ് നേടിയതെന്ന ചോദ്യത്തിന് വിശ്വസനീയമായ മറുപടി പാര്‍ട്ടിയില്‍ നിന്ന് കിട്ടുക പ്രയാസമായിരുന്നു. അഞ്ചോ പത്തോ വര്‍ഷം ഭരിച്ചേക്കുമെന്നല്ലാതെ 33 വര്‍ഷം ഭരിക്കേണ്ടി വരുമെന്ന് എങ്ങനെ വിശ്വസിക്കാനാണ് ! അതിനൊത്ത ദീര്‍ഘകാല ആസൂത്രണവും നയരൂപവത്കരണവും നടത്താനുള്ള ഉള്‍ക്കാഴ്ചയും നേതൃത്വത്തിന് ഉണ്ടായിരുന്നില്ല.

ആഗോളീകരണകാലത്തെ വെല്ലുവിളികളെ നേരിടാന്‍ പുതിയ നയങ്ങളും തന്ത്രങ്ങളും വേണമെന്ന ബോധ്യം ബുദ്ധദേവിന് ഉണ്ടായിരുന്നു. പാര്‍ട്ടി നേതൃത്വത്തില്‍ നല്ലൊരു പങ്ക് ആ വഴിക്ക് ചിന്തിച്ചെങ്കിലും യോജിപ്പില്ലാത്തവരും ഉണ്ടായിരുന്നു. സ്വകാര്യമൂലധനനിക്ഷേപം ആകര്‍ഷിച്ചേ തീരൂ എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ലായിരുന്നുവെങ്കിലും എത്രത്തോളം ‘വലത്തോട്ട്’ നീങ്ങാമെന്ന ചോദ്യം ഭിന്നതകള്‍ സൃഷ്ടിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ വ്യവസായിവര്‍ഗത്തെ ആനന്ദിപ്പിച്ചു. ബ്രാന്‍ഡ് ബുദ്ധ എന്നൊരു പ്രയോഗം തന്നെയുണ്ടായി.ഫിക്കി പ്രസിഡന്റുമാര്‍ മുതല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വരെ ബുദ്ധയെ പുകഴ്ത്താന്‍ മത്സരിച്ചു. സലീം ഗ്രൂപ്പിന് വേണ്ടി നന്ദിഗ്രാമിലും ടാറ്റയുടെ നാനോ കാറിനുവേണ്ടി സിംഗൂരിലും കര്‍ഷകഭൂമി ബലം പ്രയോഗിച്ച് ഏറ്റെടുത്തത് ഉണ്ടാക്കിയ കോളിളക്കം ഇടതുമുന്നണിയുടെ വിശ്വാസ്യതയ്ക്ക് വന്‍ ഹാനിയാണ് ഉണ്ടാക്കിയത്.

സകല പ്രശ്‌നത്തിലും ഇടപെട്ട തൃണമൂലിന്റെ ആക്രമണോത്സുകമായ പ്രകടനം സി.പി.എമ്മിനെ അമ്പരപ്പിക്കുകതന്നെ ചെയ്തു. ബുദ്ധദേവിനെ എല്ലാ പ്രശ്‌നത്തിലും തുണച്ച്’ബുദ്ധിജീബി’യല്ല ‘ബുദ്ധജീബി’ യാണ് എന്ന് ചീത്തപ്പേര് നേടിയവര്‍പോലും ബുദ്ധയെ വെടിഞ്ഞപ്പോള്‍ തകര്‍ച്ച പൂര്‍ത്തിയാവുകയായിരുന്നു. നിക്ഷേപസൗഹൃദ നയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഐ.ടി.സ്ഥാപനങ്ങളില്‍ സമരം നിരോധിച്ചതും തൊഴില്‍ നിയമവ്യവസ്ഥകള്‍ ഉദാരമാക്കുന്ന നിരവധി കയറ്റുമതി പ്രോത്സാഹന കേന്ദ്രങ്ങള്‍ തുടങ്ങിയതും ഭൂമി ഏറ്റെടുക്കലിനെ ചെറുത്തവരെ തകര്‍ക്കാന്‍ പോലീസിനെയും ഗുണ്ടകളെയും ഇറക്കിയതും മുന്നണിയുടെ യശസ്സിന് വലിയ കളങ്കമാണ് ഉണ്ടാക്കിയത്. നിക്ഷേപസൗഹാര്‍ദനയത്തിനും തൊഴിലാളിവര്‍ഗ സൗഹാര്‍ദനയത്തിനും ഇടയിലൂടെയുള്ള ഒരു ഞാണിന്മേല്‍ക്കളിയില്‍ വീഴ്ച അനിവാര്യമായിരുന്നു.

സിംഗൂരും നന്ദിഗ്രാമും മാത്രമാണ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയതെങ്കില്‍ ദേശീയ മാധ്യമങ്ങള്‍ ശ്രദ്ധിക്കാതിരുന്ന പല ഭൂമി ഇടപാടുകളും ഇതോടെ പുറത്തുവരുന്നുണ്ടായിരുന്നു. കൊല്‍ക്കത്തയ്ക്കടുത്ത് രാജര്‍ഹട്ടില്‍ ജ്യോതിബസുവിന്റെ കാലത്ത് നിസ്സാര തുകയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി വന്‍തുകയ്ക്ക് ഐ.ടി. കമ്പനികള്‍ക്ക് സര്‍ക്കാര്‍ മറിച്ചുവിറ്റ് കോടികള്‍ ലാഭമുണ്ടാക്കിയെന്ന ആരോപണം അതിലൊന്നുമാത്രമായിരുന്നു. എല്ലാ കടന്നാക്രമണങ്ങളുടെയും ചുക്കാന്‍ പിടിച്ചത് മമതാബാനര്‍ജി തന്നെ. സിദ്ധാര്‍ഥ ശങ്കര്‍ റായ് കാലഘട്ടത്തിന് ശേഷം കോണ്‍ഗ്രസ് ഒരു ദുര്‍ബല പ്രതിപക്ഷമായിരുന്നു ബംഗാളില്‍. ഡല്‍ഹിയില്‍ പലപ്പോഴും കോണ്‍ഗ്രസ്സുമായി നല്ല ബന്ധത്തിലായിരുന്നു ഇടതുപാര്‍ട്ടികളെന്നതു കൊണ്ടുതന്നെ ബംഗാളിലെ കോണ്‍ഗ്രസ് പതിഞ്ഞ ശബ്ദത്തിലാണ് സംസാരിച്ചിരുന്നത്. മമതയുടെ വരവോടെ അത് മാറി. തൃണമൂല്‍ മുഖ്യപ്രതിപക്ഷകക്ഷിയായി. രാപകല്‍ അവര്‍ സി.പി.എം. ഭരണത്തിനെതിരെ ആഞ്ഞടിച്ചു. രാഷ്ട്രീയം തുടങ്ങിയ കാലത്ത് അവര്‍ക്കുണ്ടായിരുന്ന ‘അഗ്‌നികന്യ’ എന്ന പേര് ഓര്‍മിപ്പിച്ചുകൊണ്ട് തീപ്പൊരിയായി പ. ബംഗാളിനെ കൈയിലെടുക്കുകയായിരുന്നു. നാലുവര്‍ഷംകൊണ്ട് അത് ഫലം കണ്ടു. അവര്‍ക്ക് മാത്രമല്ല, ബംഗാളികള്‍ക്ക് മുഴുവന്‍ ഈ നിയമസഭാതിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. സംസ്ഥാനം വഴിത്തിരിവില്‍ എത്തി നില്‍ക്കുകയാണ്.

തെറ്റുതിരുത്തല്‍

ഫിബ്രവരി 13-ന് കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൗണ്ടിലെ വന്‍ റാലിയോടെ ഇടതുമുന്നണി തിരഞ്ഞെടുപ്പിന്റെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. റാലിയിലെ ബുദ്ധദേവിന്റെ പ്രസംഗം കുറേ കുമ്പസാരങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതായിരുന്നു. ചില തെറ്റുകള്‍ പറ്റിയെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ”ആരോടും മോശമായി പെരുമാറരുത്, ബലം പ്രയോഗിക്കരുത്, അഹംഭാവം പ്രകടിപ്പിക്കരുത്”- തന്റെ പ്രസംഗത്തില്‍ ബുദ്ധ നല്‍കിയ ഈ ഉപദേശം സ്വയംവിമര്‍ശനപരമായാണ് പലരും കണ്ടത്. സ്വന്തം തെറ്റുകളുടെ തിരുത്തലുകളായിരുന്നു അവ. സിംഗൂരില്‍ ഏറ്റവും ഫലഭൂയിഷ്ഠമായ കൃഷിഭൂമി കാറുണ്ടാക്കാന്‍ വേണ്ടി ബലംപ്രയോഗിച്ച് എടുത്തുവെന്നതിനേക്കാളേറെ പാര്‍ട്ടി നേതൃത്വം ജനങ്ങളോട് ഏകാധിപതികളുടെ ഭാവത്തിലും ഭാഷയിലും പെരുമാറിയെന്നതാണ് രോഷമുണ്ടാക്കിയത്. പ്രതിസന്ധി സമയത്തെ ബുദ്ധദേവ് ഭട്ടാചാര്യയുടെ വാക്കുകളും ശരീരഭാഷയും വലിയ അഹന്താപ്രകടനമായി ജനങ്ങള്‍ കണ്ടു. പാര്‍ട്ടി ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനി ഈ തെറ്റുണ്ടാവില്ല എന്നവര്‍ ആകാവുന്ന രീതിയിലെല്ലാം പറയുന്നുണ്ട്. എല്ലായിടത്തും പാര്‍ട്ടിക്കാര്‍ വിനയവും പ്രതിപക്ഷബഹുമാനവും പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ഇതുവരെ അവഗണിക്കപ്പെട്ട വിഭാഗങ്ങളെ ഒന്നൊന്നായി കൂടെച്ചേര്‍ക്കാന്‍ കാര്യമായ ശ്രമം നടക്കുന്നുണ്ട്.

’77-ന് മുമ്പുണ്ടായിരുന്ന അത്യന്തം ദയനീയമായ അവസ്ഥയില്‍ നിന്ന് പ. ബംഗാളിനെ രക്ഷിച്ചത് ഇടതുമുന്നണിയാണെന്ന സന്ദേശം വോട്ടര്‍മാരിലെത്തിക്കാനാണ് മുന്നണി കിണഞ്ഞുശ്രമിക്കുന്നത്. യാദൃച്ഛികമായി ഉണ്ടായ സിംഗൂരും നന്ദിഗ്രാമും ഉപയോഗിച്ചല്ല 33 വര്‍ഷത്തെ ഭരണത്തെ വിലയിരുത്തേണ്ടത്. ജന്മിഭരണത്തില്‍ അടിമകളായി പട്ടിണികിടന്ന ജനതയെ ഇന്നത്തെ ആത്മാഭിമാനമുള്ള ജനതയാക്കി മാറ്റിയത് ഇടതുപക്ഷമാണെന്ന സന്ദേശം ടെലിവിഷന്‍ പരസ്യങ്ങളിലൂടെ ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുകയാണ് പാര്‍ട്ടിയും സര്‍ക്കാറും. ’77-ല്‍ പതിനഞ്ചുവയസ്സെങ്കിലും പ്രായമുള്ളവര്‍ക്കേ അതിനുമുമ്പത്തെ അവസ്ഥയെക്കുറിച്ചറിയൂ. ഇന്ന് അമ്പതിനുമേലെയുള്ള തലമുറ. അതൊരു ചെറിയ വിഭാഗമാണ് വോട്ടര്‍മാര്‍ക്കിടയില്‍. പുതിയ തലമുറ ഈ പഴങ്കഥകളില്‍ എത്ര താത്പര്യം പ്രകടിപ്പിക്കുമെന്നറിയില്ല. ഇന്നത്തെ ബംഗാളിന്റെ അവസ്ഥ അഭിമാനാര്‍ഹമല്ലെന്നും രാഷ്ട്രത്തില്‍ അമ്പതുകളില്‍ ബംഗാളിനുണ്ടായിരുന്ന വലിയ സ്ഥാനം ഇടതുഭരണം കൊണ്ട് ഇല്ലാതാവുകയാണ് ചെയ്തത് എന്നുമുള്ള പ്രചാരണമാണ് കൂടുതല്‍ സ്വാധീനം ചെലുത്തുക എന്നു കരുതുന്നവരുണ്ട്.

ബ്രിഗേഡ് ഗ്രൗണ്ടിലെ വന്‍ റാലിയെ അഭിസംബോധന ചെയ്ത നേതാക്കളുടെ കൂട്ടത്തില്‍ മൂന്ന് പുതുമുഖങ്ങളെ കണ്ടത് ദീര്‍ഘകാലമായി സി.പി.എമ്മിനെ നിരീക്ഷിക്കുന്നവരെ അമ്പരപ്പിച്ചു. റാലിയില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മുന്നണി ചെയര്‍മാനും ഘടകകക്ഷി നേതാക്കളും മാത്രമേ സാധാരണ പ്രസംഗിക്കാറുള്ളൂ. ഇത്തവണ പ്രസംഗിക്കാന്‍ നിയോഗിക്കപ്പെട്ടവരില്‍ ഒരാള്‍ പാര്‍ട്ടി സെക്രട്ടേറിയറ്റിലെ ഏക വനിതയായ ശ്യാമലി ഗുപ്ത യാണ്. മമതാബാനര്‍ജിയോട് മുഴുവന്‍ ബംഗാളി വനിതകള്‍ക്കുമുള്ള ‘വെറുപ്പ്’ പരസ്യമായി പ്രകടിപ്പിക്കാനാണ് ശ്യാമലി നിയോഗിക്കപ്പെട്ടത്. റാലിയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ശ്യാമലി ആഹ്ലാദം മറച്ചുവെച്ചില്ല. സമീപകാലത്തൊന്നും ഒരു ബംഗാളി വനിത ബ്രിഗേഡ് ഗ്രൗണ്ടില്‍ സി.പി.എം. റാലിയില്‍ പ്രസംഗിച്ചതായി ഓര്‍മയില്ലെന്നവര്‍ പറഞ്ഞു. വനിതകള്‍ അവരുടെ ആളായി മമതയെ കാണുമെന്നത് സി.പി.എം. വളരെ ഗൗരവമുള്ള ഭീഷണിയായി കണക്കാക്കുന്നു എന്നതുതന്നെയാണ് ശ്യാമലിയുടെ പ്രസംഗം നല്‍കുന്ന സന്ദേശം.

പ്രസംഗവേദിയിലെ മറ്റു രണ്ടുപേര്‍ പാര്‍ട്ടിയിലെ മുസ്‌ലിം നേതാക്കളായിരുന്നു. പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമും സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് അമീനും. ബി.ജെ.പി.യോടൊപ്പം പോയി ഭരണം പങ്കിടുകയൊക്കെ ചെയ്തിട്ടുണ്ടെങ്കിലും മുസ്‌ലിങ്ങള്‍ക്ക് ഇപ്പോള്‍ പൊതുവെ മമതയോടാണ് അനുഭാവം. 2008- ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടര്‍മാര്‍ തൃണമൂലിനെയാണ് പിന്തുണച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലാകട്ടെ, ദക്ഷിണ – ഉത്തര 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി ഉള്‍പ്പെടെ നിരവധി മണ്ഡലങ്ങളില്‍ തൃണമൂല്‍ വിജയത്തിന് കാരണം മുസ്‌ലിം പിന്തുണയാണെന്നും പാര്‍ട്ടിക്ക് ബോധ്യമുണ്ട്. ഇടതുപക്ഷത്തോടൊപ്പം എല്ലാ കാലത്തും നിന്ന മുസ്‌ലിങ്ങള്‍ പല കാരണങ്ങളാല്‍ മാറിച്ചിന്തിക്കുന്നുണ്ട്. ഇടതുഭരണത്തിന്‍കീഴില്‍ മുസ്‌ലിങ്ങള്‍ വിദ്യാഭ്യാസപരമോ തൊഴില്‍പരമോ ആയി ഒട്ടും പുരോഗമിച്ചില്ലെന്നത് ഇപ്പോള്‍ നാട്ടില്‍ പാട്ടായിട്ടുണ്ട്. മാള്‍ഡ, ഉത്തര ദിനാജ്പുര്‍, കൂച്ച് ബിഹാര്‍, മിഡ്‌നാപ്പുര്‍, ബിര്‍ഭും, മുര്‍ഷിദാബാദ് ജില്ലകളില്‍ മുസ്‌ലിങ്ങള്‍ അതീവ ദരിദ്രാവസ്ഥയിലാണ്. മതാടിസ്ഥാനത്തില്‍ പുരോഗതിയെക്കുറിച്ച് ചിന്തിക്കുന്നത് മാര്‍ക്‌സിസത്തിനും മതേതരത്വ ആശയത്തിനും വിരുദ്ധമാണെന്ന് ധരിച്ചിട്ടോ എന്തോ ഇടതുമുന്നണിയില്‍ അത്തരമൊരു ചിന്തയേ ഉണ്ടായിരുന്നില്ല. സച്ചാര്‍ റിപ്പോര്‍ട്ടിന് ശേഷമാണ് ഇതൊരു വലിയ പ്രശ്‌നമാണെന്ന ബോധ്യം മുന്നണിയിലുണ്ടായത്.

തറക്കല്ലുകളുമായി മമത

കൈവശമുള്ള കേന്ദ്ര റെയില്‍വേ മന്ത്രി പദവി സംസ്ഥാനസര്‍ക്കാറിനെയും ഭരണ മുന്നണിയെയും ആക്രമിക്കാന്‍ ഉപയോഗപ്പെടുത്തുകയാണ് മമതാബാനര്‍ജി. കഴിഞ്ഞ മാര്‍ച്ചില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് കാലത്തു തുടങ്ങിയ റെയില്‍വേ പ്രോജക്ട് ഉദ്ഘാടന പരമ്പരയ്ക്ക് ഇപ്പോള്‍ വേഗം കൂടിയിട്ടേ ഉള്ളൂ. അന്ന് ഇടതുമുന്നണി സര്‍ക്കാര്‍ ഉച്ചഭാഷിണിക്ക് അനുമതി നിഷേധിച്ചതിനാല്‍ ഒരുപാട് ഉദ്ഘാടനങ്ങള്‍ അവര്‍ നടത്തിയത് റെയില്‍വേസ്റ്റേഷനുകളില്‍ത്തന്നെയാണ്. ജനവരി 26-ന് 40 ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് അവര്‍ സര്‍വകാലറെക്കോഡ് സൃഷ്ടിച്ചു.

ഔദ്യോഗിക ഉത്തരവാദിത്വവും പാര്‍ട്ടി താത്പര്യവും തമ്മില്‍ മമത വലിയ വ്യത്യാസമൊന്നും കാണുന്നില്ല. ഉത്തര ബംഗാളിലെ കൂച്ച് ബിഹാറിലൊരു റെയില്‍വേ പദ്ധതി ഉദ്ഘാടനം ചെയ്യവെ അവര്‍ പറഞ്ഞു: ‘ഉത്തര ബംഗാളില്‍ ഞങ്ങള്‍ക്ക് ഒരു എം.പി.യേ ഉള്ളൂ. ദക്ഷിണ ബംഗാളില്‍ പാര്‍ട്ടിക്ക് 19 എം.പി.മാരുണ്ട്. എനിക്ക് ഒന്നും തരാതെ തന്നെ ഞാന്‍ നിങ്ങള്‍ക്ക് എന്തെല്ലാം തരുന്നു. നിങ്ങളുടെ പിന്തുണ എനിക്കുകിട്ടിയാല്‍ ഞാന്‍ എന്തെല്ലാം തരുമെന്ന് സങ്കല്‍പ്പിച്ചു നോക്കൂ…

ജയിപ്പിച്ചാല്‍ മമത ബംഗാളിന് എന്തുനല്‍കുമെന്ന ചോദ്യം എങ്ങും ഉയരുന്നുണ്ട്. സമീപകാലത്ത് ബംഗാള്‍ മണ്ണില്‍ ഉയര്‍ന്ന പ്രധാനവിവാദങ്ങളുടെയെല്ലാം ഒരുപക്ഷത്ത് കൃഷിയും മറുപക്ഷത്ത് വ്യവസായവുമാണ് ഉണ്ടായിരുന്നത്. കാര്‍ഷികരംഗത്ത് ഇനി കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കാനാവില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇടതുമുന്നണി നല്ല കൃഷിയിടങ്ങള്‍ പോലും വ്യവസായത്തിന് പതിച്ചുനല്‍കാന്‍ മടി കാട്ടാതിരുന്നത്. ഈ ഏറ്റുമുട്ടലില്‍ മമത കൃഷിപക്ഷത്താണ് നിന്നത്. പണം കൂടുതല്‍ വ്യവസായപക്ഷത്തെങ്കില്‍ വോട്ട് കൂടുതല്‍ കൃഷിപക്ഷത്താണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ വോട്ടുറപ്പിക്കലാണ് പ്രധാനം. ഭരിക്കുമ്പോള്‍ ഈ നയം തുടരാന്‍ പറ്റുമോ? എങ്ങനെയാണ് നിങ്ങള്‍ വ്യവസായികള്‍ക്ക് ഭൂമി ഏറ്റെടുത്തുകൊടുക്കുക? എന്താണ് നിങ്ങളുടെ വ്യവസായ നയം ? ചോദ്യങ്ങളില്‍ നിന്ന് അവര്‍ വഴുതിമാറുകയേ ഉള്ളൂ. ‘ഞങ്ങള്‍ ഇക്കാര്യത്തില്‍ അഭിപ്രായസമന്വയത്തിന്റെ പാത സ്വീകരിക്കും’ എന്നാണ് തൃണമൂല്‍ ജനറല്‍ സെക്രട്ടറി പാര്‍ഥാ ചാറ്റര്‍ജി ഈ ലേഖകനോട് പറഞ്ഞത്. ഭൂമി ഏറ്റെടുക്കാന്‍ ഞങ്ങളൊരിക്കലും ബലം പ്രയോഗിക്കില്ല എന്ന് മമത റെയില്‍വേയുടെ പദ്ധതി തറക്കല്ലിടല്‍ യോഗങ്ങളില്‍ ഉറപ്പുനല്‍കുന്നുണ്ട്.

മമതയാണോ ബദല്‍?

സമഗ്രവും ശാസ്ത്രീയവും സുതാര്യവും ആയ വികസനനയമുള്ള ഇടതുപക്ഷമാണോ, അതല്ല എല്ലാം വ്യക്തിഗത ഇഷ്ടാനിഷ്ടമാക്കിയ മമതയാണോ ബംഗാള്‍ ഭരിക്കേണ്ടത് എന്ന ചോദ്യമാണ് സി.പി.എം. മുന്നോട്ടുവെക്കുന്നത്. മുന്‍തിരഞ്ഞെടുപ്പുകളിലും ഇടതിനെതിരെ വോട്ടുചെയ്യാന്‍ ആളുകള്‍ മടിച്ചത് മമത ഭരിച്ചേക്കുമെന്ന് ഭയന്നാണെന്ന് പലരും പറയാറുള്ളത് തമാശയായിരുന്നില്ല. പോരാടാനും തീപ്പൊരി പ്രസംഗത്തിനും മമത തന്നെ നല്ലത്. പക്ഷേ, ഭരിക്കാനോ ? ഒട്ടും പ്രവചനീയമല്ലാതെ പെരുമാറുന്ന, അങ്ങേയറ്റം ഏകാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന, ഭ്രാന്തമായി പ്രതികരിക്കുന്ന ഒരു മുഖ്യമന്ത്രിയെക്കുറിച്ച് ആളുകള്‍ക്ക് പരിഭ്രമമുണ്ട്. മാവോവാദി ഭീഷണിയുള്ള ജില്ലകളില്‍ തൃണമൂലുകാര്‍ അവരോടൊപ്പം കൂട്ടുകൂടി പാര്‍ട്ടി പ്രവര്‍ത്തകരെ കൊന്നൊടുക്കുന്നുവെന്ന ഗൗരവമേറിയ ആക്ഷേപവും സി.പി.എം. ഉന്നയിക്കുന്നുണ്ട്.

നിയമസഭാതിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കുമ്പോഴും മമത സഖ്യകക്ഷിയായ കോണ്‍ഗ്രസ്സിനെ തെല്ലും വകവെക്കുന്നില്ല. ഒറ്റയ്ക്ക് മത്സരിച്ചാലും തങ്ങള്‍ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് ഇടയ്ക്കിടെ വീമ്പുപറയുകയും ചെയ്യുന്നു. ബംഗാള്‍ തിരഞ്ഞെടുപ്പുകളില്‍ വന്‍തോതിലുള്ള കള്ളവോട്ടും ബൂത്തുപിടിത്തവും എക്കാലത്തും ഉണ്ടായിരുന്നു. ശാസ്ത്രീയ കൃത്രിമത്തിന്റെ ആശാന്മാരാണ് ഇടതുപക്ഷത്തുള്ളത്. ഇതിനെതിരെ ഒന്നും ചെയ്യാനാവാതെ നിസ്സഹായരായി നില്‍ക്കാറാണ് പതിവുകോണ്‍ഗ്രസ്സുകാര്‍പോലും. മമത ഇലക്ഷന്‍ കമ്മീഷനില്‍ നിരന്തരം സമ്മര്‍ദം ചെലുത്തി വോട്ടര്‍പ്പട്ടികയിലെ കൃത്രിമങ്ങള്‍ കുറെയെല്ലാം നീക്കിയിട്ടുണ്ട്. ബൂത്തുപിടിത്തം ഏതാണ്ട് അസാധ്യമാകുംവിധം എല്ലാ മണ്ഡലങ്ങളിലും ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജാഗ്രത പുലര്‍ത്തുകയാണ്.

സി.പി.എം. ഭരണം എതിരാളികള്‍ക്ക് നിലനില്‍ക്കാനും പ്രവര്‍ത്തിക്കാനും അല്പംപോലും ഇടം അനുവദിക്കുന്നില്ല എന്ന പരാതി ഇടതുമുന്നണി ഘടകകക്ഷികള്‍ക്ക് പോലുമുണ്ട്. പ്രതിപക്ഷത്തുള്ളവരുടെയും മാര്‍ക്‌സിസ്റ്റ് വിമതരുടെയും കാര്യം പറയാനുമില്ല. അതുകൊണ്ട് ഒരു ‘പരിബര്‍ത്തന്‍’ ഉണ്ടാകട്ടെ, വരുന്നേടത്തുവെച്ചു കാണാം എന്ന് പ്രതിപക്ഷത്തുള്ളവര്‍ ഉറപ്പിച്ചുപറയുന്നു. എതിരാളികള്‍ക്ക് ഇടം അനുവദിക്കുന്ന പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എന്നതിന് തെളിവൊന്നും ലഭ്യമല്ല. ഭരണപരമായ കാര്യക്ഷമതയുടെ കാര്യവും അങ്ങനെതന്നെ. 45 ശതമാനത്തോളം പഞ്ചായത്തുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ കൈവശമുണ്ട്. ‘അവിടെ എന്താണ് സ്ഥിതിയെന്ന് അന്വേഷിച്ചുനോക്കൂ…’- സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന സി.ഐ.ടി.യു. പ്രസിഡന്റുമായ ശ്യാമള്‍ ചക്രവര്‍ത്തി ഈ ലേഖകനോട് പറഞ്ഞു. തൃണമൂലിന് മൃഗീയ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കോണ്‍ഗ്രസ്സുകാരെപ്പോലും പൊറുപ്പിക്കുന്നില്ലെന്ന ആരോപണമുണ്ടല്ലോ എന്നുചോദിച്ചപ്പോള്‍ പാര്‍ട്ടി വക്താവ് പ്രൊഫ. ഓംപ്രകാശ് വര്‍മ നിഷേധിച്ചില്ല.

എങ്കിലും ‘പരിബര്‍ത്തനെ’ക്കുറിച്ചുള്ള ചര്‍ച്ച ബംഗാളിലെങ്ങും അലയടിക്കുന്നുണ്ട്. സി.പി.എം. മുന്നണി എട്ടാംവട്ടവും അധികാരത്തില്‍ തിരിച്ചുവരണമെങ്കില്‍ അത്യദ്ഭുതങ്ങള്‍ സംഭവിക്കണം. ഇടതുനേതൃത്വം പൊതുവേദികളില്‍ ധൈര്യം കാട്ടുന്നുണ്ടെങ്കിലും പാര്‍ട്ടി പ്രതിപക്ഷത്തിരിക്കാന്‍ ഒരുങ്ങുകയാണ്. 33 വര്‍ഷത്തിനു ശേഷം അധികാരത്തില്‍ നിന്നിറങ്ങുകയെന്നത് ചിന്തിക്കാന്‍ പോലും പ്രയാസമുള്ള കാര്യമാണ്. അത് എന്തെല്ലാം രീതിയിലാണ് തങ്ങളുടെ ജീവിതത്തെ ബാധിക്കുകയെന്ന വേവലാതിയിലാണ് സാധാരണക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *

Go Top