ബംഗാളിന്റെ പാഠങ്ങള്‍, ചോദ്യങ്ങള്‍

എൻ.പി.രാജേന്ദ്രൻ

ഒരോ അഞ്ചുവര്‍ഷം കഴിയുമ്പോഴും പിന്നിട്ട ഭരണത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷത്തെ ഭരണത്തിലേറ്റുന്നത് മുപ്പത് വര്‍ഷമെങ്കിലുമായി പതിവാക്കിയ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ഒരു ഭാഗത്ത്. മുപ്പത് വര്‍ഷമായി പതിനഞ്ച് തിരഞ്ഞെടുപ്പില്‍ ഒരേ കൂട്ടരെതൃപ്തിപൂര്‍വം ജയിപ്പിച്ചുകൊണ്ടിരുന്ന പ.ബംഗാള്‍ മറുഭാഗത്ത്. ഇത്തവണ ബംഗാളിലെ ഭരണം തറപറ്റി എന്ന് കേട്ടപ്പോള്‍ പലരും ചോദിച്ചത് എന്തേ ഇത്രയും വൈകി എന്ന് മാത്രമാണ്. എന്തുകിട്ടിയാലും തൃപ്തിപ്പെടുന്ന, പ്രതികരണശേഷി ഒട്ടുമില്ലാത്തവരാണോ ബംഗാളികള്‍? അവര്‍ എന്തുകൊണ്ട് നിസ്സംഗരോ നിസ്സഹായരോ ആയി നീണ്ട കാലം നിലകൊണ്ടു? ജനാധിപത്യത്തെയും ഭാവിയെയും കുറിച്ച് പ്രതീക്ഷ പുലര്‍ത്തുന്നവര്‍ വന്നുപെടാനിടയുള്ള ബംഗാളീകരണ പ്രതിഭാസത്തെ ഭയന്നേ തീരൂ.

ജനജീവിതത്തില്‍ ഉണ്ടായ വമ്പിച്ച പുരോഗതിയും ശോഭനമായ മാറ്റങ്ങളുമാകണം ബംഗാളിലെ ജനങ്ങളെ ഇടതുപക്ഷത്ത് ചേര്‍ത്തുനിര്‍ത്തുന്നത് എന്ന് വിശ്വസിച്ചവര്‍ ധാരാളം കാണും. കൊല്‍ക്കത്തയിലെ രാഷ്ട്രീയതെരുവുയുദ്ധങ്ങളും ഘേരാവോ പോലുള്ള വിചിത്ര സമരമാര്‍ഗങ്ങളുമാണ് എഴുപതുകള്‍ വരെ പ.ബംഗാളില്‍നിന്ന് വാര്‍ത്തയായി വന്നുകൊണ്ടിരുന്നത്. 1977 ല്‍ ഇടതുപക്ഷ സഖ്യം ഭരിക്കാന്‍ തുടങ്ങിയതോടെ വാര്‍ത്തകള്‍ കുറഞ്ഞുവന്നു.

ഭൂപരിഷ്‌കരണവും പഞ്ചായത്തീ രാജുമൊക്കെ ചിലപ്പോള്‍ വാര്‍ത്തയാകാറുണ്ടെങ്കിലും തൊണ്ണൂറുകളുടെ തുടക്കം മുതല്‍ അതും കേള്‍ക്കാതായി. ഓരോതവണയും വര്‍ധിക്കുന്ന ഭൂരിപക്ഷത്തോടെ ഇടതുപക്ഷം തിരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നത് മാത്രമായിരുന്നു ഇടയ്ക്കിടെ കേള്‍ക്കാറുള്ള വാര്‍ത്ത. അവിടെ എല്ലാം സുഖം സുന്ദരം എന്ന് നമ്മളും ആശ്വസിക്കുമായിരുന്നു.

പക്ഷേ, സമീപകാലത്ത് ബംഗാളില്‍ നിന്ന് വന്ന പല വാര്‍ത്തകളും സംശയമുണര്‍ത്തുന്നവയായിരുന്നു. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷമുന്നണി നീണ്ട മുപ്പത്തിനാല് വര്‍ഷം ഭരിച്ചാല്‍ എന്ത് മാറ്റമാണ് അവിടെ ഉണ്ടാകുക? ലാലു പ്രസാദുമാരില്‍ നിന്നോ ജയലളിതമാരില്‍ നിന്നോ ആരും ഒരു പരിവര്‍ത്തനം പ്രതീക്ഷിക്കുന്നില്ല. കമ്യൂണിസ്റ്റ് ഭരണാധികാരികളില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നു. മൂന്നര പതിറ്റാണ്ട് കൊണ്ട് ബംഗാളിലുണ്ടായ പരിവര്‍ത്തനം എന്താണ്, അത് ജനങ്ങളെ സന്തോഷിപ്പിക്കുന്നതാണോ എന്ന ചിന്ത അപ്പോഴാണ് ഉണര്‍ന്നത്. ആരേയും അത് സന്തോഷിപ്പിച്ചില്ല എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.

വ്യവസായവത്കരണത്തില്‍ വളരെ പിന്നിലാണ് ബംഗാള്‍. വിപണിയുടെ പാതയേ ബംഗാളിനും സ്വീകരിക്കാനാവൂ. ചൈനയും വിയറ്റ്‌നാമും ഒടുവില്‍ ക്യൂബ പോലും ആ വഴിക്ക് പോകുമ്പോള്‍ ബംഗാള്‍ ലജ്ജിക്കേണ്ട കാര്യമൊന്നുമില്ല. പക്ഷേ, ടാറ്റയെയും ബിര്‍ളയെയും റിലയന്‍സിനെയും പ്രീണിപ്പിക്കുന്നതിനും അവര്‍ക്കുവേണ്ടി കര്‍ഷകരെ കുടിയിറക്കുന്നതിനും എതിരെയാണ് ബംഗാളില്‍ കൊടുങ്കാറ്റുയര്‍ന്നത്. അതേസമയം, വലിയതോതില്‍ മൂലധന സൗഹൃദനയങ്ങള്‍ നടപ്പാക്കാത്തതിനാണ് വലതുഭാഗത്തുള്ള വിമര്‍ശകര്‍ സി.പി.എമ്മിനെ കുറ്റപ്പെടുത്തുന്നത്.

ഇരുപക്ഷത്തെയും പ്രീണിപ്പിക്കുക അസാധ്യമാണ്. രണ്ടില്‍നിന്നും വ്യത്യസ്തമായ പാത കണ്ടെത്താന്‍ ഇടതുപക്ഷത്തിനു കഴിയാത്തത് എന്തുകൊണ്ട്? സിംഗൂരിനും നന്ദിഗ്രാമിനും ശേഷമെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ നയവും പരിപാടിയും ഇടതുപാര്‍ട്ടികള്‍ രൂപപ്പെടുത്തിയിട്ടുണ്ടോ? ഒരു സംസ്ഥാനത്തു മാത്രം ഭരണം നേടിയാല്‍ ജനജീവിതത്തിലോ സാമ്പത്തിക വ്യവസ്ഥയിലോ കാതലായ മാറ്റം വരുത്താനാവില്ല എന്ന് സി.പി.എം. പറയാറുണ്ട്. ഫെഡറലിസതത്ത്വങ്ങള്‍ പോലും ഭരണാധികാരികള്‍ പാലിക്കാത്തതുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് ഒന്നും ചെയ്യാനും പറ്റില്ല എന്നും പറയാറുണ്ട്. ശരിയാണ്.

പക്ഷേ, ”നമ്മുടേതു പോലൊരു സര്‍ക്കാറിന് കേന്ദ്രത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ ഭരണം നടത്തുന്നവരില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ജനാധിപത്യപരവും നല്ലതുമായ ഭരണം കാഴ്ചവെക്കാന്‍ സാധിക്കും. നമ്മള്‍ നടപ്പാക്കുന്ന നയങ്ങളിലൂടെയും പദ്ധതികളിലൂടെയും ജനങ്ങള്‍ക്ക് -പ്രത്യേകിച്ച് പാവങ്ങള്‍ക്ക് – കൂടുതല്‍ ആശ്വാസമെത്തിക്കാനും കഴിയും” എന്ന് മുഖ്യമന്ത്രി ജ്യോതിബസു വാഗ്ദാനം നല്‍കിയതാണ്. പിന്തിരിഞ്ഞുനോക്കിയവര്‍ ഒരു കാര്യം ഉറപ്പിച്ചുപറഞ്ഞു- മറ്റ് സംസ്ഥാനങ്ങള്‍ ഉണ്ടാക്കിയേടത്തോളം പുരോഗതി പോലും ബംഗാളിന് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ബംഗാള്‍ പിറകോട്ട് പോകുന്നു. മറ്റ് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന കക്ഷികള്‍ക്ക് രാഷ്ട്രീയമായോ ഭരണപരമായോ ഒരുമാതൃകയാകേണ്ടതായിരുന്നു ബംഗാള്‍. സംഭവിച്ചത് നേരേ മറിച്ചാണ്.

ഒരു സംസ്ഥാനത്തായാല്‍ പോലും ദീര്‍ഘകാലം ഭരിക്കാന്‍ അവസരം ലഭിച്ചാല്‍ എന്തായിരിക്കണം ഒരു കമ്യൂണിസ്റ്റ് കക്ഷിയുടെ ഭരണ അജന്‍ഡ? അഞ്ചുവര്‍ഷത്തേക്ക് ഭരണം കിട്ടിയാല്‍ ചെയ്യാവുന്നതൊരു മാനിഫെസ്റ്റോവില്‍ എഴുതിവെക്കാനായേക്കും. കാല്‍ നൂറ്റാണ്ടുകൊണ്ടെന്തെല്ലാമാണ് ചെയ്യുക? അപ്പോഴപ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടലും വാര്‍ഷികബജറ്റ് തയ്യാറാക്കലും മാത്രമാണോ ദീര്‍ഘകാല പരിപാടി? പാര്‍ട്ടി വ്യക്തമായ ഒരു ദീര്‍ഘകാല നയത്തിന് രൂപം നല്‍കിയില്ല എന്നതാവണം ബംഗാളിന്റെ നിശ്ചലാവസ്ഥയ്ക്കുള്ള പ്രധാന കാരണം. പാര്‍ട്ടിയുടെ സൈദ്ധാന്തികാചാര്യന്മാര്‍ കൈകാര്യം ചെയ്ത ഒരു വിഷയമല്ല ഇത്. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ക്ക് പഴയ സിദ്ധാന്തപുസ്തകങ്ങളില്‍ ഉത്തരം കണ്ടെത്താമെന്ന വ്യാമോഹമാണ് ബംഗാളില്‍ പരാജയപ്പെട്ടത്.

ഇക്കാരണത്താല്‍ തന്നെയാവാം ജാതിക്കും മതത്തിനുമുള്ള പ്രാധാന്യം ബംഗാള്‍ ഭരണം ഒട്ടും ശ്രദ്ധിക്കാതിരുന്നത്. സാമൂഹികപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമമുണ്ടായില്ല എന്ന് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോഴാണ് ശ്രദ്ധിക്കപ്പെട്ടത്. വര്‍ഗീയകലാപങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുന്നു എന്നത് ന്യൂനപക്ഷങ്ങളുടെ പിന്തുണ എക്കാലത്തേക്കും കിട്ടാന്‍ പര്യാപ്തമല്ല എന്ന് ഈ തിരഞ്ഞെടുപ്പോടെയെങ്കിലും ബംഗാള്‍ ഇടതുപക്ഷത്തിന് ബോധ്യപ്പെട്ടിരിക്കണം. വിദ്യാഭ്യാസ സാമൂഹികവികസന രംഗത്ത് ബംഗാള്‍ ഇടതുപക്ഷം കേരളത്തില്‍ നിന്നുപോലും ഏറെ പഠിക്കേണ്ടതായിട്ടുണ്ട്.

34 വര്‍ഷം ഭരിക്കേണ്ടതുണ്ടോ ഒരു സംസ്ഥാനത്തിലെ മുഴുവന്‍ ജനങ്ങളെയും സാക്ഷരരാക്കാന്‍? എന്തുകൊണ്ട് പുരോഗമനവാദികളുടെ അജന്‍ഡയിലെ മുഖ്യ ഇനമായില്ല അത്. എന്തുകൊണ്ട് ജാതീയവും മതപരവുമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്മ ചെയ്യാനായില്ല? എന്തുകൊണ്ട് ചേരികളും ബാലവേലയും പോലും ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

സംഘടിതവും വ്യാപകവുമായ പെണ്‍വാണിഭം ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെന്നതുപോകട്ടെ അത് സര്‍വസാധാരണ സംഗതിയായി പ്രബലമാകുന്നതെന്തുകൊണ്ട്? ഗ്രാമങ്ങളില്‍ ദാരിദ്ര്യം പെരുകുന്നതുകൊണ്ടല്ലേ വലിയ പ്രദേശങ്ങള്‍ ഒന്നടങ്കം മാവോയിസത്തിലേക്ക് മാറുന്നത്? കമ്യൂണിസ്റ്റുകാര്‍ പോട്ടെ ബൂര്‍ഷ്വാ രാഷ്ട്രീയക്കാര്‍പോലും ഈ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ലജ്ജിക്കേണ്ടതാണ്. പാര്‍ട്ടി ആധിപത്യത്തിന്റെ നീരാളിക്കൈകള്‍ എല്ലാ മേഖലയിലേക്കും വളര്‍ന്നു എന്നതാണ് ബംഗാളിലുണ്ടായ പ്രധാന വളര്‍ച്ച. അടിസ്ഥാന ജനാധിപത്യാവകാശങ്ങള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കുന്നവര്‍ക്ക് നിഷേധിക്കുന്ന അവസ്ഥ പോലും ഉണ്ടായി.

പാര്‍ട്ടി ഒരു അധികാരകേന്ദ്രമാണ്; വിശ്വാസപരമായി മാറ്റമില്ലാത്ത ഇരുമ്പുലക്കയുമാണ്. രണ്ടും കൂടിച്ചേരുമ്പോഴുണ്ടാകുന്നത് അത്യപകടകരമായ അധികാരകേന്ദ്രീകരണമാണ്. നഗരങ്ങള്‍ക്കു പുറത്ത് ജനങ്ങളുടെ കുടുംബകാര്യങ്ങളില്‍പോലും പാര്‍ട്ടി അനാവശ്യ ഇടപെടല്‍ നടത്തുന്നതായും ആജ്ഞകള്‍ നടപ്പാക്കുന്നതായും പരസ്യമായി പരാതിപ്പെട്ടത് മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് തന്നെയായിരുന്നു. സ്വതന്ത്രമാധ്യമങ്ങള്‍ കടന്നുചെല്ലാത്ത, നിരക്ഷരതയിലും പിന്നാക്കാവസ്ഥയിലും ചലനമില്ലാതെ നില്‍ക്കുന്ന ഗ്രാമങ്ങളില്‍ ഉണ്ടാക്കുന്ന സര്‍വാധിപത്യത്തെക്കുറിച്ച് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടത് വളരെ വൈകിയായിരുന്നു.

ഇനിയുള്ള കാലത്തെങ്കിലും മനുഷ്യ സ്വാതന്ത്ര്യത്തിന് പരമപ്രാധാന്യം നല്‍കാന്‍ പാര്‍ട്ടിക്ക് കഴിയുമോ?ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മാത്രമല്ല ബാധകം. അല്ലെങ്കില്‍, രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമാത്രമല്ല ബാധകം. എല്ലാ അധികാരകേന്ദ്രങ്ങള്‍ക്കും ബാധകമാണ്. ജാതിയും മതവും കുടുംബവുമെല്ലാം ഇതില്‍പെടും.സി.പി.എമ്മിന് ബദലായി വന്നിരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് ആണ്. സി.പി.എമ്മിന്റെ സര്‍വാധിപത്യത്തിനെതിരെ പൊരുതി നേടിയ വിജയമാണത്. പക്ഷേ, അവര്‍ വ്യത്യസ്തമായ ഒരു രാഷ്ട്രീയ സംസ്‌കാരത്തെയാണോ പ്രതിനിധീകരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി കിട്ടാന്‍ ഇനിയും സമയമെടുക്കും

Leave a Reply

Your email address will not be published. Required fields are marked *

Go Top