വി.എസ്‌. എവറസ്‌റ്റിന്റെ ഉയരത്തില്‍ നിന്ന്‌‌……

എൻ.പി.രാജേന്ദ്രൻ

പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവായ അച്യുതാനന്ദനെ ഏറ്റവും ഉയര്‍ന്ന സമിതിയില്‍ നിന്ന്‌ പുറത്താക്കിയതിന്റെ കാരണങ്ങള്‍ പാര്‍ട്ടി എങ്ങനെയാണ്‌ ജനങ്ങളെ അറിയിച്ചത്‌ എന്നുനോക്കുക. ജുലായ്‌ പന്ത്രണ്ടിന്‌ ഞായറാഴ്‌ച പൊളിറ്റ്‌ ബ്യൂറോയും കേന്ദ്രസമിതിയും നടത്തിയ നീണ്ട യോഗങ്ങളുടെ ഒടുവില്‍ നാല്‌ ഖണ്ഡികകള്‍ മാത്രമുള്ള ഒരു പത്രക്കുറിപ്പാണ്‌ പുറത്തിറക്കിയത്‌. ആ കുറിപ്പില്‍ തന്നെ അച്യുതാനന്ദനെതിരായ നടപടിയെക്കുറിച്ച്‌ പരാമര്‍ശിക്കുന്നത്‌ ഒരു വാചകത്തില്‍ മാത്രം. അതിങ്ങനെ ” സഖാവ്‌ അച്യുതാനന്ദന്‍ സംഘടനാ തത്ത്വവും അച്ചടക്കവും ലംഘിച്ച പശ്ചാത്തലത്തില്‍ അദ്ദേഹത്തെ പൊളിറ്റ്‌ ബ്യൂറോവില്‍ നിന്ന്‌ നീക്കം ചെയ്യാന്‍ കേന്ദ്രക്കമ്മിറ്റി തീരുമാനിച്ചു”.

കഴിഞ്ഞു. കേരളത്തിലെ പാര്‍ട്ടിക്ക്‌ വലിയ സംഭാവന നല്‍കിയ ഏറ്റവും മുതിര്‍ന്ന നേതാവാണ്‌ അച്യുതാനന്ദന്‍ എന്നൊരു പ്രശംസയാണ്‌ തൊട്ടടുത്ത വാചകത്തിലുള്ളത്‌. ആദ്യം തലയ്‌ക്ക്‌ മാരക പ്രഹരം, പിന്നെയൊരു മൃദുതലോടല്‍…..എന്തൊരു ഔദാര്യം, ബഹുമാനം.

1964 ല്‍ കമ്യുണിസ്റ്റ്‌ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍ നിന്ന്‌ ഇറങ്ങിപ്പോന്ന്‌ സി.പി.ഐ.എമ്മിന്‌ രൂപം നല്‍കിയവരില്‍ ഒരാളാണ്‌ അച്യുതാനന്ദന്‍. അന്നിറങ്ങിപ്പോന്നവരില്‍ വേറെയാരും ഇന്ന്‌ പോളിറ്റ്‌ ബ്യൂറോവിലോ കേന്ദ്രക്കമ്മിറ്റിയിലോ അവശേഷിക്കുന്നില്ല. അന്ന്‌ ഇറങ്ങിപ്പോന്നത്‌ സംഘടനതത്ത്വവും അച്ചടക്കവും പാലിച്ചുകൊണ്ടായിരുന്നോ എന്ന ചോദ്യം സി.പി.ഐ.ക്കാര്‍ക്ക്‌ പ്രകാശ്‌ കാരാട്ടിനോടും പിണറായി വിജയനോടും ചോദിക്കാവുന്നതാണ്‌. വി.എസ്സിനോട്‌ ചോദിച്ചിട്ട്‌ കാര്യമില്ല. അദ്ദേഹത്തിന്‌ അന്നും ഇല്ല ഇന്നും ഇല്ല സംഘടനാതത്ത്വവും അച്ചടക്കവും. ന്യൂനപക്ഷം ഭൂരിപക്ഷതീരുമാനത്തിന്‌ വഴങ്ങുക എന്ന തത്ത്വം പാലിച്ചിരുന്നുവെങ്കില്‍ പാര്‍ട്ടി പിളരുമായിരുന്നോ എന്നും അവര്‍ക്ക്‌ ചോദിക്കാവുന്നതാണ്‌. അത്‌ വേറെ വിഷയം. സംഘടനാതത്ത്വവും അച്ചടക്കവും ചിലപ്പോഴെല്ലാം ലംഘിക്കാവുന്നതാണ്‌ എന്ന്‌ ജന്മംകൊണ്ട്‌ തെളിയിച്ച പാര്‍ട്ടിയുടെ, അന്നത്തെ ജന്മത്തിന്‌ കാരണക്കാരനായിരുന്ന ഒരാളെയാണ്‌ സംഘടനാതത്ത്വവും അച്ചടക്കവും ലംഘിച്ചുവെന്ന കുറ്റം പരസ്യമായി ഉന്നയിച്ച്‌ പാര്‍ട്ടി ശിക്ഷിച്ചിരിക്കുന്നത്‌.

ആറര പതിറ്റാണ്ടുകാലം പാര്‍ട്ടിക്കുവേണ്ടി ജീവിച്ച ഒരാളെ പാര്‍ട്ടി ശിക്ഷിക്കുമ്പോള്‍ അതിനുള്ള കാരണം ജനങ്ങളോട്‌ ഇത്ര ലാഘവത്തോടെ ഒരു വാചകത്തില്‍ വിവരിച്ചാല്‍ മതിയോ എന്ന ചോദ്യം ഒരു കമ്യൂണിസ്‌റ്റ്‌ വ്യവസ്ഥിതിയില്‍ ഉന്നയിക്കപ്പെടുകയേ ഇല്ല. പക്ഷേ ഒരു ജനാധിപത്യസമൂഹത്തില്‍ ഈ ചോദ്യം ഉന്നയിക്കാന്‍ പാര്‍ട്ടിക്ക്‌ വോട്ടും സംഭാവനയും നല്‍കുകയും അവരുടെ ഭരണത്തിന്‍ കീഴില്‍ ജീവിക്കുകയുമെല്ലാം ചെയ്യുന്ന സാധാരണജനത്തിന്‌ അവകാശമുണ്ട്‌. കേരളത്തിലെ ജനങ്ങള്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഒരാളെ പാര്‍ട്ടി പരസ്യമായി ശിക്ഷിക്കുമ്പോള്‍ അതൊരു പാര്‍ട്ടി ആഭ്യന്തരപ്രശ്‌നം അല്ലാതായിത്തീരുന്നുണ്ട്‌്‌. എന്ത്‌ സംഘടനാതത്ത്വമാണ്‌, എന്ത്‌ അച്ചടക്കമാണ്‌ വി.എസ്‌ ലംഘിച്ചത്‌ എന്ന്‌ ചോദിക്കാനും അതിന്റെ മറുപടി പരിശോധിക്കാനും ജനത്തിന്‌ അവകാശം മാത്രമല്ല, ബാധ്യത കൂടിയുണ്ട്‌. ഒരു നല്ല ജനാധിപത്യപാര്‍ട്ടി അതിന്റെ സമുന്നത നേതാവിനെ ഈ വിധം അച്ചടക്കനടപടിക്ക്‌ വിധേയമാക്കുമ്പോള്‍ അതിന്റെ കാരണങ്ങള്‍ ജനങ്ങളോട്‌ വിശദീകരിക്കേണ്ടതുണ്ട്‌, ചര്‍ച്ചക്ക്‌ വിധേയമാക്കേണ്ടതുണ്ട്‌. വോട്ടുചെയ്യുന്ന ജനങ്ങളില്‍ നിന്ന്‌ ഒളിച്ചുവെക്കേണ്ടതല്ല ആ വിവരങ്ങളൊന്നും. അറിയാനുള്ള അവകാശമെന്നത്‌ ഒരു നിയമ-സാങ്കേതികപ്രശ്‌നമല്ല അതൊരു ധാര്‍മികാവകാശമാണ്‌. അര്‍ഥം മനസ്സിലാകാത്ത ഒരു വെറും വാചകം പത്രക്കുറിപ്പില്‍ എഴുതിച്ചേര്‍ക്കുകയാണ്‌ പാര്‍ട്ടി ചെയ്‌തത്‌. നീയൊക്കെ അത്ര അറിഞ്ഞാല്‍ മതി എന്നൊരു വ്യംഗ്യം കൂടി അതിലുണ്ട്‌. എന്തെല്ലാം നിസ്സാരകാര്യങ്ങള്‍ വിശദീകരിക്കാന്‍ പാര്‍ട്ടി സെക്രട്ടറിമാര്‍ മാധ്യമസമ്മേളനം വിളിച്ചുചേര്‍ക്കുന്നു. ഏറ്റവും മുതിര്‍ന്ന നേതാവിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടിക്ക്‌ ഒരു വിശദീകരണവുമില്ല.

പാര്‍ട്ടിയില്‍ ഉറച്ചു വിശ്വാസിക്കുന്ന അനേകലക്ഷം ആളുകളോടുള്ള കടുത്ത അവഹേളനം കൂടിയാണ്‌ ഇത്‌. പാര്‍ട്ടിക്കകത്ത്‌ ഇങ്ങനെയൊരു നടപടി ഉണ്ടാകാന്‍ മാത്രം എന്തെങ്കിലും സംഭവം നടന്നതായി പാര്‍ട്ടിയുടെ മാധ്യമങ്ങള്‍ അവരെ അറിയിച്ചിട്ടില്ല. മാധ്യമസിന്‍ഡിക്കേറ്റ്‌ പല വാര്‍ത്തകളും കൊടുത്തുപോന്നിട്ടുണ്ട്‌. അതെല്ലാം പാര്‍ട്ടിയെ നശിപ്പിക്കാന്‍ സാമ്രാജ്യത്വശക്തികള്‍ സൃഷ്ടിച്ച അബദ്ധങ്ങള്‍ മാത്രമാണെന്ന്‌ പാര്‍ട്ടി പറയാറുള്ളതുകൊണ്ട്‌ വിശ്വാസികള്‍ അതൊന്നും വിശ്വസിക്കാറില്ല. ഇപ്പോള്‍ പെട്ടന്ന്‌ സഖാവിനെ പുറത്താക്കിയപ്പോഴാണ്‌ മനസ്സിലാകുന്നത്‌, അവ മിക്കതും സത്യങ്ങളായിരുന്നു എന്ന്‌. പാര്‍ട്ടിയെ കുറിച്ചുള്ള സത്യമറിയാന്‍ ബൂര്‍ഷ്വാപത്രങ്ങളാണ്‌ വായിക്കേണ്ടത്‌ എന്ന പ്രവര്‍ത്തകരോട്‌ പറയുക കൂടിയാണ്‌ പാര്‍ട്ടി ഇപ്പോള്‍ ചെയ്‌തിരിക്കുന്നത്‌. മാധ്യമങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന ഈ ചീഞ്ഞ മുതലാളിത്തവ്യവസ്ഥിതിയില്‍ ലെനിനിസ്റ്റ്‌ പാര്‍ട്ടി കൊണ്ടുനടത്തുക പൊല്ലാപ്പുനിറഞ്ഞ സംഗതിതന്നെ.

സായുധവിപ്ലവത്തിന്‌ അണികളെ ഒരുക്കിനിര്‍ത്തുകയും ജീവന്മരണ പോരാട്ടത്തിലേക്ക്‌ എടുത്തുചാടുകയും ചെയ്‌തിരുന്ന കാലത്ത്‌ രൂപപ്പെടുത്തിയതാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ സംഘടനാ തത്ത്വങ്ങളും അച്ചടക്കവുമെല്ലാം. വിപ്ലവം തുടങ്ങിയിട്ടില്ലെന്നേ ഉള്ളൂ, ഏതുനിമിഷവും തുടങ്ങും എന്ന ഭാവമായിരുന്ന ആദ്യമെല്ലാം. ബൂര്‍ഷ്വാ പാര്‍ലമെന്റിലേക്ക്‌ മത്സരിച്ചിരുന്നത്‌ പാര്‍ലമെന്റിന്റെ അര്‍ഥശൂന്യത ജനങ്ങളെ ബോധ്യപ്പെടുത്താനാണ്‌. തന്റെയോ മക്കളുടെയോ കാലത്ത്‌ വിപ്ലവം നടക്കില്ലെന്ന്‌ ബോധ്യപ്പെട്ടു എന്ന്‌ താത്ത്വികാചാര്യന്‍ അപൂര്‍വമായ ആര്‍ജവത്തോടെ പില്‍ക്കാലത്ത്‌ തുറന്നുപറഞ്ഞ ശേഷവും പാര്‍ട്ടി അതിന്റെ സംഘടനാതത്ത്വവും അച്ചടക്കവും സംബന്ധിച്ച ചട്ടങ്ങളൊന്നും മാറ്റുകയുണ്ടായില്ല. ഇന്ന്‌ മറ്റേതൊരു ബൂര്‍ഷ്വാപാര്‍ട്ടിയെയും പോലൊരു പാര്‍ട്ടിയാണ്‌ സി.പി.എം. സത്യസന്ധതയും നിസ്വാര്‍ഥസേവന മനോഭാവവും ഉള്ളവര്‍ മറ്റേതൊരു പാര്‍ട്ടിയിലുള്ളതിനേക്കാള്‍ കൂടുതല്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയില്‍ ഉണ്ടെന്ന്‌ ആ പാര്‍ട്ടിയുടെ ശത്രുക്കള്‍ പോലും സമ്മതിക്കും. അതിനപ്പുറം ആ പാര്‍ട്ടിയും മറ്റേതൊരു പാര്‍ട്ടിയും തമ്മില്‍ വ്യത്യാസമില്ല. പാര്‍ട്ടിക്ക്‌ വിപ്ലവം പോരെന്ന്‌ പറയുന്ന ചില കൂട്ടര്‍ സി.പി.എം വെറും സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിയാണ്‌ എന്ന്‌ വിമര്‍ശിക്കാറുണ്ട്‌. ജനാധിപത്യമാര്‍ഗത്തിലൂടെ സോഷ്യലിസം ഉണ്ടാക്കാമെന്ന്‌ കരുതുന്നവരെയാണ്‌ പണ്ട്‌ സോഷ്യല്‍ ഡമോക്രാറ്റുകള്‍ എന്നുവിളിച്ചിരുന്നത്‌. ഇന്ന്‌ ആ വിശേഷണം കേട്ടാല്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ സൈദ്ധാന്തികര്‍ ക്ഷോഭിക്കും. ഒരു വിപ്ലവപാര്‍ട്ടിയെ സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടി എന്നുവിളിക്കുന്നതിലാണ്‌ അവര്‍ക്ക്‌ പരിഭവം. പ്രകാശ്‌ കാരാട്ടും ബുദ്ധദേവ്‌ ഭട്ടാചാര്യയുമുള്‍പ്പെടെയുള്ള നേതാക്കള്‍ ഉറപ്പിച്ചുപറഞ്ഞ ഒരു കാര്യമുണ്ട്‌. സോഷ്യലിസം ഉണ്ടാക്കലല്ല പാര്‍ട്ടിയുടെ പരിപാടിയെന്ന്‌. എങ്കില്‍ എങ്ങനെ പാര്‍ട്ടിയെ സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടി എന്നുവിളിക്കും ? വിളിക്കാവുന്നത്‌ സാദാ ഡമോക്രാറ്റിക്‌ പാര്‍ട്ടിയെന്നുമാത്രം. ഒരു സാധാരണ ജനാധിപത്യപാര്‍ട്ടി ആകാന്‍ പോലും ഇനിയും കഴിഞ്ഞിട്ടില്ലാത്ത പാര്‍ട്ടിയാണ്‌ വിപ്ലവകാലത്തെ സംഘടനാതത്ത്വവും അച്ചടക്കവുമായി നടക്കുന്നത്‌. റിട്ടയര്‍ ചെയ്‌ത പട്ടാളക്കാരന്‍ പഴയ യൂണിഫോറമിട്ട്‌ അങ്ങാടിയിലൂടെ നടന്ന്‌ ആളുകളുടെ പരിഹാസം ഏറ്റുവാങ്ങുന്നതുപാലുള്ള തമാശ.

പൊതുതിരഞ്ഞെടുപ്പിലെ ഭീമന്‍ പരാജയത്തിന്‌ ശേഷം പാര്‍ട്ടി എന്തുചെയ്യുന്നു എന്ന്‌ പാര്‍ട്ടിക്ക്‌ അകത്തും പുറത്തും ഉള്ളവര്‍ ഉറ്റുനോക്കുന്നുണ്ടായിരുന്നു. കേരളത്തിലെ വന്‍തോല്‍വി പാര്‍ട്ടിയൊരിക്കലും പ്രതീക്ഷിച്ചതല്ല. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നിയമസഭാതിരഞ്ഞെടുപ്പില്‍ നേടിയ വന്‍ജയം എത്രത്തോളം കനത്തതായിരുന്നുവോ അത്രത്തോളം കനത്തതായിരുന്നു പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിലെ പരാജയവും. അതെന്തുകൊണ്ടാണ്‌ സംഭവിച്ചത്‌ എന്ന പാര്‍ട്ടി പരിശോധിക്കുമെന്നും കൃത്യമായ കണ്ടെത്തലുകളുമായി ജനങ്ങളുടെ അടുത്തേക്ക്‌ തിരിച്ചുവരുമെന്നും പ്രതീക്ഷിച്ചിരുന്നു. ലാവ്‌ലിനും പി.ഡി.പി. ബന്ധവും സംബന്ധിച്ച്‌ മാധ്യമങ്ങളും യു.ഡി.എഫുകാരും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ്‌ വന്‍പരാജയം ഉണ്ടായതെന്നതിനപ്പുറം, നിരവധി കമ്മിറ്റികള്‍ തിരിച്ചും മറിച്ചും ചര്‍ച്ച ചെയ്‌തിട്ടും മറ്റൊരു നിഗമനം പാര്‍ട്ടിയില്‍ നിന്നുണ്ടായില്ല. ചില തെറ്റുതിരുത്തലുകളെക്കുറിച്ച്‌ പറഞ്ഞില്ലെന്നല്ല. പാര്‍ട്ടിക്കെതിരായ കുപ്രചരണത്തെ ഒറ്റകെട്ടായി നേരിടാന്‍ പറ്റിയില്ല. അതിന്‌ കാരണക്കാരന്‍ പൊളിറ്റ്‌ ബ്യൂറോ അംഗമായ അച്യുതാനന്ദന്‍തന്നെ. ലാവ്‌ലിന്‍ വിഷയത്തിലും പി.ഡി.പി വിവാദത്തിലുമെല്ലാം പാര്‍ട്ടിയെടുത്ത ഓരോ നിലപാടിനുമേലെയും സംശയത്തിന്റെ കരിനിഴല്‍ വീഴ്‌ത്തുംവിധം ഇടക്കിടെ ഭിന്നാഭിപ്രായങ്ങള്‍ പരസ്യപ്പെടുത്തിയത്‌ അച്യുതാനന്ദന്‍. അതുകാരണം ജനങ്ങള്‍ പാര്‍ട്ടിയെ അവിശ്വസിച്ചു, തോല്‌പ്പിച്ചു. അതുകൊണ്ട്‌ അച്യുതാനന്ദന്റെ തലയെടുക്കുക എന്നെല്ലാവരും അലറിവിളിച്ചു….

അച്യുതാനന്ദനെതിരായ നടപടി പോലും അര്‍ദ്ധ മനസ്സോടെയുള്ള ഒരു ഒത്തുതീര്‍പ്പായിരുന്നു എന്നുകാണാം. കേന്ദ്രനേതൃത്വും സംസ്ഥാനനേതൃത്വവും വി.എസ്‌ പക്ഷവും ഒരേസമയം തോറ്റ ഒത്തുതീര്‍പ്പ്‌. കേന്ദ്രനേതൃത്വത്തിന്റെ ദുര്‍ബല്യമാണ്‌ ഇതില്‍ ഏറെ പ്രകടമാകുന്നത്‌. രണ്ടുവര്‍ഷം മുമ്പ്‌ ഗുരുതരമായ അച്ചടക്കലംഘനത്തിന്‌ പൊളിറ്റ്‌ ബ്യൂറോവില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്യപ്പെട്ട നേതാവാണ്‌ വി.എസ്‌. അച്യുതാനന്ദന്‍. അന്ന്‌ പിണറായി വിജയനെതിരെയും ഇതേ നടപടി സ്വീകരിച്ചിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ രണ്ടുപേരെയും നിരുപാധികം തിരിച്ചെടുത്തു. ഇതാ അതേ അച്യുതാനന്ദനെ വീണ്ടും പൊളിറ്റ്‌ ബ്യൂറോവില്‍ നിന്ന്‌ പുറത്താക്കിയിരിക്കുന്നു. കുറ്റവും അതുതന്നെ, ശിക്ഷയും അതുതന്നെ. പാര്‍ട്ടി ചൂണ്ടിക്കാട്ടിയ തെറ്റ്‌ ആവര്‍ത്തിക്കുക എന്നതില്‍പരം ഗൗരവമേറിയ മറ്റൊരു കുറ്റമില്ല. മുന്‍കുറ്റവാളിക്ക്‌ ഇരട്ടി ശിക്ഷയാണ്‌ ഏതുനിയമത്തിലും നല്‍കേണ്ടത്‌. അങ്ങനെയൊരു കുറ്റവാളിയാണ്‌ അച്യുതാനന്ദന്‍ എന്നാണ്‌ പൊളിറ്റ്‌ ബ്യൂറോവിന്റെ നടപടിയില്‍ നിന്ന്‌ മനസ്സിലാക്കുന്നത്‌. എങ്കില്‍ അത്തരമൊരാളെ ലഘുവായി തരംതാഴ്‌ത്തുകയും മുഖ്യമന്ത്രിസ്ഥാനത്ത്‌ തുടര്‍ന്ന്‌ സേവനമനുഷ്‌ഠിക്കണമേ എന്ന്‌ അപേക്ഷിക്കുകയും മുന്‍കാല സേവനങ്ങള്‍ എടുത്തുപറഞ്ഞ്‌ പുറത്ത്‌ തട്ടി അഭിനന്ദിക്കുകയുമാണോ പാര്‍ട്ടി ചെയ്യേണ്ടത്‌ ?

സസ്‌പെന്‍ഷന്‍ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്ന്‌ നമുക്ക്‌ സമ്മതിച്ചുകൊടുക്കാം. ആ കാര്യത്തില്‍ സുതാര്യത ഇല്ലെങ്കില്‍ അത്‌ പാര്‍ട്ടി അംഗങ്ങളെയും അനുഭാവികളെയുമൊക്കെയേ വേവലാതിപ്പെടുത്തുകയുള്ളു എന്നും കരുതാം. എന്നാല്‍, പാര്‍ട്ടി സെക്രട്ടറിക്കെതിരെ ഉന്നയിക്കപ്പെട്ട അഴിമതിയാരോപണത്തിന്റെ ശരിതെറ്റുകള്‍ അതേ രീതിയില്‍, ഒട്ടും സുതാര്യത ഇല്ലാതെയാണോ പരിശോധിക്കേണ്ടത്‌്‌ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. ലാവ്‌ലില്‍ കാര്യത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്റെ നിലപാടുകള്‍ തള്ളി എന്ന്‌ ഇതിന്‌ മുമ്പുതന്നെ വ്യക്തമാക്കിയതാണ്‌. ഏതാനും മാസം മുമ്പാണ്‌ ഇക്കാര്യത്തിലുള്ള നിലപാട്‌ പ്രകാശ്‌ കാരാട്ട്‌ പത്രസമ്മേളനം വിളിച്ചുചേര്‍ത്ത്‌ വിശദീകരിച്ചത്‌. സീനിയര്‍ നേതാവും മുഖ്യമന്ത്രിയുമായ വ്യക്തിയെ ബോധ്യപ്പെടുത്താനാവാത്ത കാര്യമാണ്‌ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടി സെക്രട്ടറി ശ്രമിച്ചത്‌. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ലാവ്‌ലില്‍ ഇടപാടില്‍ അഴിമതി നടത്തിയിട്ടില്ല എന്നെനിക്ക്‌ ബോധ്യമുണ്ട്‌ എന്ന്‌്‌ അച്യുതാനന്ദന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. മാത്രവുമല്ല, വിജയന്‍ കുറ്റവാളിയാണ്‌ എന്ന്‌ പരസ്യമായിത്തന്നെ സൂചന നല്‍കുകയും പാര്‍ട്ടി നേതൃത്വത്തിന്‌ കേസ്‌ സംബന്ധിച്ച നൂറുകണക്കിന്‌ രേഖകള്‍ അയച്ചുകൊടുത്ത്‌ പിണറായിയെ വിചാരണക്ക്‌ വിധേയമാക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. അത്തരമൊരു പശ്ചാത്തലമുള്ള ഒരു വിഷയത്തില്‍ ഏത്‌ രീതിയിലാണ്‌ പൊളിറ്റ്‌ ബ്യൂറോ വിജയനെ കുറ്റവിമുക്തനാക്കിയത്‌ ? ലാവ്‌ലിന്‍കേസ്‌ രാഷ്‌ട്രീയപ്രേരിതമാണ്‌ എന്ന നിഗമനത്തിലെത്തിയത്‌ എന്ത്‌ അടിസ്ഥാനത്തിലാണ്‌ ? രേഖകള്‍ പരിശോധിക്കാന്‍ പാര്‍ട്ടി സബ്‌ കമ്മിറ്റികളെ ചുമതലപ്പെടുത്തുകയുണ്ടായോ ? നിയമവിദഗ്‌ധരാരെങ്കിലും അക്കാര്യം പഠിക്കുകയുണ്ടായോ ? കേരളമുഖ്യമന്ത്രിസ്ഥാനം വഹിക്കുന്ന, പാര്‍ട്ടിയുടെ ഏറ്റവും സീനിയറായ നേതാവിന്‌ ബോധ്യപ്പെടാത്ത ഒരു സംഗതി പ്രകാശ്‌ കാരാട്ട്‌ പത്രസമ്മേളനം നടത്തിപ്പറഞ്ഞാല്‍ കേരളത്തിലെ ജനങ്ങള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും ഉടന്‍ ബോധ്യപ്പെടുമെന്ന്‌ ധരിക്കാന്‍ മാത്രം അറിവില്ലാത്തവരാണോ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളത്‌ ?

ഇത്തരമൊരു നിലപാട്‌ സ്വീകരിച്ചപ്പോള്‍തന്നെ, പ്രകാശ്‌ കാരാട്ടും കേന്ദ്രനേതൃത്വവും കേരളത്തിലെ പാര്‍ട്ടി വിഭാഗീയതയില്‍ പക്ഷം പിടിച്ചുകഴിഞ്ഞുവെന്ന്‌ വ്യക്തമായിരുന്നു. ഒട്ടും സുതാര്യമല്ലാത്ത നടപടിക്രമത്തിലൂടെയാണ്‌ പാര്‍ട്ടി കേന്ദ്രനേതൃത്വം സംസ്ഥാനസെക്രട്ടറിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണത്തെ തള്ളിക്കളഞ്ഞത്‌. എന്നാല്‍ കേന്ദ്രനേതൃത്വത്തെ അനുസരിക്കാനോ തന്റെ നിലപാട്‌ തിരുത്തുവാനോ കൂട്ടാക്കാതിരുന്ന മുഖ്യമന്ത്രി അച്യുതാനന്ദനെ പാര്‍ട്ടിയുടെ പഴയ രീതിയനുസരിച്ചാണെങ്കില്‍ ഉടന്‍ പുറത്താക്കുകയാണ്‌ ചെയ്യുക. നിരപരാധിയായ പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയെ മൗനംകൊണ്ടും ആംഗ്യം കൊണ്ടുൂം ജനമധ്യത്തില്‍ അഴിമതിക്കാരനായി ചിത്രീകരിക്കുകയാണ്‌ മുഖ്യമന്ത്രി ചെയ്‌തതെങ്കില്‍ മുഖ്യമന്ത്രിയെ പുറത്താക്കുക തന്നെയാണ്‌ വേണ്ടത്‌. അച്യുതാനന്ദനെ അകറ്റിയാല്‍ പാര്‍ട്ടിക്കെന്തോ വലിയ ദുരന്തമുണ്ടാകുമെന്ന ഭയം, ഒരു വശത്ത്‌്‌. സംസ്ഥാനനേതൃത്വത്തോടുള്ള വിധേയത്വം മറുവശത്ത്‌. രണ്ടുമായുമുള്ള ദുര്‍ബല ഒത്തുതീര്‍പ്പായി അച്ചടക്കനടപടി.

സി.പി.എം കേന്ദ്രനേതൃത്വമെന്നത്‌ രാജ്യവ്യാപകമായി ജനപിന്തുണയുള്ള നേതാക്കളുടെ ഒരു കൂട്ടായ്‌മയൊന്നുമല്ല. കാര്യക്ഷമതയും കഴിവും അറിവും ഉള്ളതുകൊണ്ട്‌ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല പ്രകാശ്‌ കാരാട്ടിനെ ഏല്‌പ്പിച്ചുവെന്നുമാത്രം. കേരളവും പ.ബംഗാളും ത്രിപുരയും ആണ്‌ പാര്‍ട്ടിക്ക്‌ ശക്തിയുള്ള മുന്നു സംസ്ഥാനങ്ങള്‍. ഈ മൂന്നുസംസ്ഥാനത്തുനിന്നുമല്ലാത്ത ഒരു നേതാവിന്‌ സംസ്ഥാന നേതൃത്വങ്ങളെ പിണക്കാനോ അവരുടെ പക്ഷത്തിന്റെ താല്‌പര്യങ്ങളെ അവഗണിക്കാനോ കഴിയുകയില്ല. കേരളഘടകമാണ്‌ പാര്‍ട്ടിയുടെ ഏറ്റവും ശക്തമായ ഘടകമെന്ന്‌ പാര്‍ട്ടി അംഗത്വം സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 2007 ലെ കണക്കനുസരിച്ച്‌ കേരളത്തില്‍ 3,36644 അംഗങ്ങളും പ.ബംഗാളില്‍ 3,21,682 അംഗങ്ങളുമാണുള്ളത്‌. മൂന്നുകോടി ജനസംഖ്യ മാത്രമുള്ള കേരളത്തിലെ പാര്‍ട്ടിയില്‍, എട്ടുകോടി ജനസംഖ്യയും കേരളത്തേക്കാള്‍ ശക്തിയുമുള്ള പ.ബംഗാള്‍ പാര്‍ട്ടിയേക്കാള്‍ അംഗങ്ങള്‍ കൂടുതലുണ്ടായതെങ്ങനെയെന്ന്‌ നാം അന്വേഷിക്കേണ്ട കാര്യമില്ല. അംഗബലം കൊണ്ടുമാത്രമല്ല കേരളാപാര്‍ട്ടിക്ക്‌ സ്വാധീനമേറുന്നത്‌. കൊയമ്പത്തൂര്‍ പത്തൊമ്പതാം കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട്‌ അനുസരിച്ച്‌, അനേകകോടി രൂപ നിഷ്‌പ്രയാസം പിരിക്കാന്‍ കഴിവുള്ള ഘടകമാണിത്‌. വെറും രണ്ടു ദിവസം വീടുകള്‍ കയറിയിറങ്ങിമാത്രം ആറുകോടി രൂപ പിരിച്ചെടുക്കാന്‍ കഴിയുന്ന പാര്‍ട്ടി. മുപ്പതുകൊല്ലം തുടര്‍ച്ചയായി ഭരിച്ചിട്ടും നേരാംവണ്ണം കുറച്ച്‌ സ്‌മാരകമന്ദിരം പണിയാനോ ഒരു ടെലിവിഷന്‍ ചാനല്‍ തുടങ്ങാനോ പ.ബംഗാള്‍ പാര്‍ട്ടിക്ക്‌ കഴിഞ്ഞിട്ടില്ല. ആരെയാണ്‌ കേന്ദ്രക്കമ്മിറ്റി വില വെക്കേണ്ടത്‌ ?

വി.എസ്‌ ഇനിയെന്ത്‌ ചെയ്യും എന്ന ചോദ്യം സ്വാഭാവികമായും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്‌. വി.എസ്‌ എന്തുകൊണ്ടുരാജിവെക്കുന്നില്ല എന്നത്‌ ന്യായമായ ചോദ്യമാണ്‌. വി.എസ്സിന്റെ നിലപാടുകള്‍ക്ക്‌ പാര്‍ട്ടിയുടെ ഒരു തട്ടിലും അംഗീകാരമില്ല. തന്റെ പോരാട്ടത്തെ പാര്‍ട്ടി ത്‌ള്ളിക്കളഞ്ഞുവെന്ന്‌ തിരിച്ചറിയാന്‍ കഴിയാത്ത ആളല്ലല്ലോ വി.എസ്‌. ഇനിയൊരു ആശയസമരത്തിനോ ഉള്‍പാര്‍ട്ടി പോരാട്ടത്തിനോ ഉള്ള ബാല്യമോ ആള്‍ബലമോ വി.എസ്സിന്റെ പക്കല്‍ ബാക്കിയില്ല. തന്റെ നിലപാടുകള്‍ക്ക്‌ പാര്‍ട്ടിഘടനയ്‌ക്കകത്ത്‌ അംഗീകാരം ഉണ്ടാക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടില്ല. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഘടന അത്‌ അനുവദിക്കുന്നുമില്ല. തന്റെ നിലപാട്‌ പാര്‍ട്ടി തള്ളി എന്ന സത്യം അംഗീകരിച്ച്‌ പുറത്തിറങ്ങിയാല്‍ ജനങ്ങളുടെ മനസ്സിലെങ്കിലും വി.എസ്സിന്‌ സ്ഥാനമുണ്ടാകും. പാര്‍ട്ടിയുടെ ആജ്ഞകള്‍ക്ക്‌ വഴങ്ങി, തന്നെക്കാള്‍ മുകളില്‍ നില്‍ക്കുന്ന ആഭ്യന്തരമന്ത്രിക്കും പാര്‍ട്ടിസെക്രട്ടറിക്കും വഴങ്ങി ഇനിയുള്ള രണ്ടുവര്‍ഷം കഴിച്ചുകൂട്ടാം. ഇടക്കിടെ പത്രക്കാര്‍ക്ക്‌ മാത്രം ഗുണംചെയ്യുന്ന ചില ന്യുയിസെന്‍സ്‌ വിവാദങ്ങള്‍ സൃഷ്ടിച്ചുവിടാം. മറ്റൊന്നും ചെയ്യാനില്ല. മൂന്നുവര്‍ഷം മുമ്പ്‌ പാര്‍ട്ടിയെ തിരുത്തിച്ചുകൊണ്ട്‌ മുഖ്യമന്ത്രിയായപ്പോള്‍ വി.എസ്സിന്റെ പ്രതിച്ഛായയ്‌ക്ക്‌്‌ എവറസ്റ്റിന്റെ ഉയരമുണ്ടായിരുന്നു. മൂന്നുവര്‍ഷം കൊണ്ട്‌ അതിന്‌ മൂന്നാറിന്റെ ഉയരമേ അവശേഷിക്കുന്നുള്ളൂ. ഇനിയും രണ്ടുവര്‍ഷം നിശ്ശബ്ദനായി വിധേയനായി കേരളം ഭരിക്കുന്നതായി അഭിനയിച്ച്‌ സെക്രട്ടേറിയറ്റിലിരുന്നാല്‍ ഒരു കൊച്ചുമനുഷ്യനായി ഇറങ്ങിപ്പോകാം.

Leave a Reply

Your email address will not be published. Required fields are marked *

Go Top