മാധ്യമപ്രവര്‍ത്തകനും തിരഞ്ഞെടുപ്പ്‌ ഫലപ്രവചനവും

എൻ.പി.രാജേന്ദ്രൻ

അവലോകനമൊക്കെ കൊള്ളാം, പക്ഷേ എങ്ങും തൊടാതെയാണല്ലോ എഴുതിയിരിക്കുന്നത്‌. ആരുജയിക്കുമെന്നൊന്നും തെളിച്ചുപറയുന്നില്ല- തിരഞ്ഞെടുപ്പുകാലത്ത്‌ മണ്ഡലങ്ങള്‍ തിരിച്ചുള്ള അവലോകനങ്ങള്‍ എഴുതിയ പത്രപ്രവര്‍ത്തകര്‍ക്കെല്ലാം ഈ വിമര്‍ശനം കേള്‍ക്കേണ്ടിവന്നിരിക്കും. ഈ ലേഖകനും ഇത്‌ പലവട്ടം കേട്ടിട്ടുണ്ട്‌. വോട്ടെടുപ്പിന്‌ എത്രയോ മുമ്പ്‌, പ്രചരണം നടന്നുകൊണ്ടിരിക്കെ ആരു ജയിക്കും എന്ന്‌ കണ്ടെത്താനുള്ള ദിവ്യദൃഷ്ടിയുള്ളവരാണ്‌ മാധ്യമപ്രവര്‍ത്തകര്‍ എന്ന്‌ നല്ലൊരു വിഭാഗം വായനക്കാര്‍ വിശ്വസിക്കുന്നുണ്ടാകണം. ലേഖകന്മാര്‍ എഴുതുന്ന റിപ്പോര്‍ട്ടുകളില്‍നിന്ന്‌ ആ സൂചന ലഭിക്കുന്നില്ലെങ്കില്‍ പിന്നെ എന്താണ്‌ പത്രക്കാരനെക്കൊണ്ടുള്ള പ്രയോജനം എന്നവര്‍ ചിന്തിക്കുന്നതില്‍ കുറ്റപ്പെടുത്തിക്കൂടാ.

പലപ്പോഴും സ്വയം ചോദിക്കാറുണ്ട്‌. ജനമനസ്സ്‌ അറിയുന്നതിനുള്ള എന്തെങ്കിലും സംവിധാനം, എന്തെങ്കിലും ഉപകരണം, എന്തെങ്കിലും ശാസ്‌ത്രസങ്കേതം മാധ്യമപ്രവര്‍ത്തകരുടെ കൈവശമുണ്ടോ ? പത്രപ്രവര്‍ത്തനം പഠിക്കുമ്പോഴോ സ്ഥാപനങ്ങളില്‍ ട്രെയ്‌നിയായി പ്രവര്‍ത്തിക്കമ്പോഴോ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള എന്തുതരം പരിശീലനമാണ്‌ അവര്‍ക്ക്‌ ലഭിക്കാറുള്ളത്‌ ? ഇലക്‌ഷന്‍ റിപ്പോര്‍ട്ടിങ്‌ ഒരു വിഷയമായി പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്‍പോലും ഫലപ്രവചനം പഠിപ്പിക്കാറില്ല.

എന്നാല്‍, ലേഖകന്മാര്‍ പണ്ടേ തങ്ങള്‍ക്ക്‌ ഇതില്‍ പ്രത്യേക കഴിവുണ്ടെന്ന്‌ നടിക്കാറുണ്ട്‌. പഴയകാലത്തെ പത്രങ്ങള്‍ എടുത്തുനോക്കിയാല്‍ അതുമനസ്സിലാകും. തിരഞ്ഞെടുപ്പിനുമുമ്പ്‌ ഒരോ പത്രവും അവര്‍ പിന്താങ്ങുന്ന കക്ഷികള്‍ വന്‍ഭൂരിപക്ഷത്തോടെ ജയിക്കാന്‍ പോകുകയാണെന്ന്‌ എഴുതിവിടാറുണ്ട്‌. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന മാതൃഭൂമി പോലുള്ള പത്രങ്ങള്‍ സ്വാതന്ത്ര്യത്തിനുശേഷവും നീണ്ടകാലം കോണ്‍ഗ്രസ്സിന്റെ മുഖപത്രംപോലെയാണ്‌ പ്രവര്‍ത്തിച്ചത്‌. അക്കാലത്തെല്ലാം കോണ്‍ഗ്രസ്‌ വിജയം സുനിശ്ചിതമാണെന്ന്‌ ഉറപ്പിച്ചുപറയുന്ന റിപ്പോര്‍ട്ടുകള്‍ വരാറുണ്ട്‌. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ തോറ്റാല്‍ വായനക്കാര്‍ പത്രത്തെ പരിഹസിക്കും. പിന്നെ അതെല്ലാം മറക്കും.
പ്രൊഫഷനല്‍ പത്രപ്രവര്‍ത്തകന്റെ വരവോടെ, ആരെയെങ്കിലും ജയിപ്പിക്കാന്‍ വേണ്ടി പത്രം പ്രചാരണമോ പ്രവചനമോ നടത്തേണ്ടതില്ല എന്നായി നിലപാട്‌. എന്നാല്‍ മണ്ഡലങ്ങളില്‍ ആരുമുന്നില്‍ ആരുപിന്നില്‍ എന്ന്‌ നിരീക്ഷിക്കേണ്ടത്‌ ലേഖകന്റെ റിപ്പോര്‍ട്ടിങ്‌ ജോലിയുടെ ഭാഗമാണെന്നതുകൊണ്ട്‌ അത്‌ ഫലം പ്രവചിക്കാനുള്ള അവസരമായി പല ലേഖകരും ഉപയോഗപ്പെടുത്താറുണ്ട്‌. പ്രവചനങ്ങള്‍ ശുദ്ധ അബദ്ധങ്ങളായി കലാശിക്കാറുമുണ്ട്‌. . പ്രവചനമൊന്നും വേണ്ട എന്ന്‌ പത്രാധിപന്മാര്‍ നിര്‍ദ്ദേശിക്കാന്‍ തുടങ്ങിയ ശേഷം, ഇരു മുന്നണികളും ഒപ്പത്തിനൊപ്പം എന്നുംമറ്റും ധൈര്യമായി തലവാചകം എഴുതി തടിയൂരുകയാണ്‌ പത്രങ്ങള്‍ ചെയ്യാറുള്ളത്‌.

ചില മുതിര്‍ന്ന ലേഖകര്‍ അക്കാലത്തും, ആരുജയിക്കും, എന്തുകൊണ്ടുജയിക്കും എന്ന്‌ മനസ്സിലാക്കാന്‍ തങ്ങള്‍ക്കുകഴിയുമെന്ന്‌ ഉറച്ചുകരുതിയിരുന്നു. 1987 ലെ നിയമസഭാതിരഞ്ഞെടുപ്പുകാലത്ത്‌ മാതൃഭൂമിയില്‍ അത്തരത്തിലുള്ള പ്രവചനങ്ങള്‍ വന്നതോര്‍ക്കുന്നു. ഏറ്റവും മികച്ച രാഷ്‌ ട്രീയ നിരീക്ഷകനായിരുന്ന ലേഖകന്‍ ആ തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട്‌ യു.ഡി.എഫ്‌ ജയിക്കും എന്നു സ്ഥാപിക്കാന്‍ ഒരു ലേഖനപരമ്പര തന്നെ എഴുതി. സര്‍ക്കാര്‍ നാടുമുഴുക്കെ പാവങ്ങള്‍ക്ക്‌ വിതരണംചെയ്യുന്ന ആടുംകോഴിയും മാത്രംമതി ജയിക്കാനുള്ള ഒന്നോ രണ്ടോ ശതമാനം വോട്ട്‌ തിരിക്കാനെന്ന്‌ അതില്‍പറഞ്ഞിരുന്നു. ആടുകോഴി വോട്ടൊന്നും പക്ഷേ പ്രയോജനപ്പെട്ടില്ല. എല്‍.ഡി.എഫിനായിരുന്നു ഭൂരിപക്ഷം. പില്‍ക്കാലത്താരും അത്തരം സാഹസങ്ങള്‍ക്ക്‌ മുതിര്‍ന്നിട്ടില്ല.

1984 ലെ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പുകാലത്താണ്‌ ഈ ലേഖകന്‍ ആദ്യമായി തിരഞ്ഞെടുപ്പ്‌ റിപ്പോര്‍ട്‌ ചെയ്‌തത്‌. പത്രപ്രവര്‍ത്തകനായിട്ട്‌ അന്ന്‌ രണ്ടുമൂന്നുവര്‍ഷത്തെ പരിചയമേ ഉണ്ടായിരുന്നുമുള്ളൂ. ഇന്ദിരാഗാന്ധിയുടെ മരണത്തിന്‌ ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ്‌. ഞാന്‍ പ്രവര്‍ത്തിച്ച പാലക്കാട്ട്‌ രണ്ടുമണ്ഡലങ്ങളാണുണ്ടായിരുന്നത്‌- പാലക്കാടും ഒറ്റപ്പാലവും. പാലക്കാട്ട്‌ ടി.ശിവദാസമേനോന്‍ സി.പി.എം സ്ഥാനാര്‍ഥി, വി.എസ്‌ വിജയരാഘവന്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി. പില്‍ക്കാലത്ത്‌ രാഷ്‌ ട്രപതിവരെയായി ഉയര്‍ന്ന കെ.ആര്‍ നാരായണന്‍ ആദ്യമായി ഒറ്റപ്പാലത്ത്‌ മത്സരിക്കുന്നു. എതിരാളി ഇന്നത്തെ വൈദ്യുതി മന്ത്രി എ.കെ.ബാലന്‍.

തിരഞ്ഞെടുപ്പ്‌ പ്രചരണം തുടങ്ങിയ നാളുകള്‍. നഗരമധ്യത്തിലെ സുല്‍ത്താന്‍പേട്ടയില്‍ കടകള്‍ക്ക്‌ മുകളിലാണ്‌ മാതൃഭൂമി ഒഫീസ്‌ പ്രവര്‍ത്തിച്ചിരുന്നതി ലോഗ്യം പറയാനും പത്രംവായിക്കാനുമെല്ലാമായി പല നേതാക്കളും കയറിവരാറുണ്ട്‌.. രാജഗോപാലനും ജനതാ നേതാവ്‌ കെ.കൃഷ്‌ണന്‍കുട്ടിയുമൊക്കെ അതില്‍പെടും. കൃഷ്‌ണന്‍കുട്ടി ഒരു ദിവസം പറഞ്ഞു. തിരഞ്ഞെടുപ്പ്‌ ഫലം പ്രവചിക്കുക വിഷമമേറിയ കാര്യമാണ്‌. എന്നാല്‍ ചില പത്രപ്രവര്‍ത്തകര്‍ക്ക്‌ അതിനുള്ള സവിശേഷമായ കഴിവുണ്ട്‌. അത്തരമൊരാളാണ്‌ ഇന്ത്യന്‍ എക്‌സ്‌പ്രസ്സിനുവേണ്ടി തിരഞ്ഞെടുപ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്യാറുള്ള കെ.പി.കൃഷ്‌ണനുണ്ണി. യു.എന്‍.ഐ യില്‍ ഉയര്‍ന്ന തസ്‌തികയില്‍ പ്രവര്‍ത്തിച്ച്‌ വിരമിച്ച കൃഷ്‌നനുണ്ണി കൊച്ചിയിലാണ്‌ താമസം‌. എണ്‍പത്തിരണ്ടിലെ നിയമസഭാതിരഞ്ഞെടുപ്പുകാലത്ത്‌ കൃഷ്‌ണനുണ്ണി റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പാലക്കാട്ട്‌ വന്നിരുന്നു. ജില്ലയിലെ മുഴുവന്‍ അസംബ്‌ളി മണ്ഡലങ്ങളുടെയും ഫലം കൃഷ്‌ണനുണ്ണി പ്രവചിച്ച അതേ മട്ടില്‍ സംഭവിച്ചു എന്നാണ്‌ കൃഷ്‌ണന്‍കുട്ടി പറഞ്ഞത്‌.

കൃഷ്‌ണനുണ്ണിയെ കണ്ടെത്തി ഈ പ്രവചനവിദ്യയൊന്നു സ്വായത്തമാക്കണമെന്ന്‌ എനിക്ക്‌ അതിയായ മോഹമുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തെപ്പറ്റി യാതൊരു വിവരവുമില്ല. അക്കാര്യം ഞാന്‍ പിന്നെയങ്ങ്‌ മറക്കുകയും ചെയ്‌തു. അങ്ങനെയിരിക്കെ ഒരു ദിവസം വെളുത്തുമെലിഞ്ഞ ഒരു മനുഷ്യന്‍ ഒഫീസില്‍ കയറിവന്നു സ്വയം പരിചയപ്പെടുത്തി- ഞാന്‍ കൃഷ്‌ണനുണ്ണി, ഇന്ത്യന്‍ എക്‌സപ്രസ്‌ ലേഖകന്‍. അങ്ങനെ വരട്ടെ ! തേടിയവള്ളിയിതാ കാലില്‍ ചുറ്റിയിരിക്കുന്നു. സന്തോഷമായി. പിന്നെ ഞങ്ങള്‍ ഒപ്പമായി സഞ്ചാരം. പിതൃതുല്യമായ വാത്സല്യം. പല കാര്യങ്ങളും പറഞ്ഞുതന്നു. ഒറ്റപ്പാലത്തും ഷൊര്‍ണ്ണൂരിലും കെ.ആര്‍ നാരായണന്റെയും എ.കെ.ബാലന്റെയും പ്രചാരണം കാണാന്‍പോയി. പാലക്കാട്ടും വ്യാപകമായി സഞ്ചരിച്ചു. കൃഷ്‌നനുണ്ണി വിവരങ്ങളെല്ലാം ശേഖരിച്ച്‌ തിരിച്ചുപോകാന്‍ തയ്യാറെടുക്കുമ്പോള്‍ ഞാന്‍ മടിച്ചുമടിച്ച്‌ ആ വിലപ്പെട്ട ചോദ്യം ചോദിച്ചു. താങ്കള്‍ തിരഞ്ഞെടുപ്പ്‌ പ്രവചനത്തില്‍ വലിയ വിദഗ്‌ധനാണെന്ന്‌ എനിക്കറിയാം. എന്താണ്‌ അതിന്റെ രഹസ്യം ? എനിക്കുകൂടിയൊന്നു പറഞ്ഞുതരാമോ ? കൃഷ്‌ണനുണ്ണി പൊട്ടിച്ചിരിച്ചു. അങ്ങനെ രഹസ്യവിദ്യയൊന്നുമില്ലെടോ, മണ്ഡലത്തിലൂടെ കുറെ നടക്കുക, പലരോടും സംസാരിക്കുക, പഴയ കണക്കുകള്‍ പഠിക്കുക- അവസാനം ഒരു തോന്നലുണ്ടാകും. അത്‌ തികച്ചും വ്യക്തിനിഷ്‌ഠമായ തോന്നലായിരിക്കും. അതിനുള്ള ന്യായങ്ങള്‍ നിരത്തുക. അല്ലാതെ വേറെ വിദ്യയൊന്നും എന്റെ കൈവശമില്ല കുട്ടീ.  കൃഷ്‌ണനുണ്ണിയെ അവിശ്വസിക്കേണ്ട കാര്യമില്ല. പിറ്റേന്ന്‌ കൃഷ്‌ണനുണ്ണി കൊച്ചിക്കുമടങ്ങി.

അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ്സില്‍ വന്നുകൊണ്ടിരുന്നത്‌ സൂക്ഷ്‌മമായി വായിച്ചു, വെട്ടിയെടുത്ത്‌ സൂക്ഷിച്ചു. അവ എന്നെ കുറച്ച്‌ അലോസരപ്പെടുത്തിയിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച്‌ സഞ്ചരിച്ച്‌ ഏതാണ്ട്‌ ഒരേ ആളുകളെയാണ്‌ കണ്ടിരുന്നത്‌ . പക്ഷേ രണ്ടുപേരുടെയും നിഗമനങ്ങള്‍ രണ്ടുതരത്തിലായിരുന്നു. കെ.ആര്‍.നാരായണന്റെ എതിരാളിയായ എ.കെ.ബാലന്‍ എന്റെ കോളേജ്‌ കാല സുഹൃത്തൊക്കെ ആയിരുന്നെങ്കിലും നാരായണന്‍ ജയിക്കുമെന്ന തോന്നലാണ്‌ എനിക്കുണ്ടായിരുന്നത്‌. പാലക്കാട്ടാകട്ടെ, തൊട്ടുമുമ്പ്‌ നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ ജയിച്ച മണ്ഡലങ്ങളാണ്‌ ഏഴില്‍ ആറും. പിന്നെയങ്ങനെയാണ്‌ ടി.ശിവദാസമേനോന്‍ തോല്‌ക്കുക ? എനിക്കൊരു സംശയവുമുണ്ടായിരുന്നില്ല. പക്ഷേ കൃഷ്‌നുണ്ണി ഒറ്റപ്പാലത്ത്‌ ബാലനും പാലക്കാട്ട്‌ വി.എസ്‌ വിജയരാഘവനും ജയിച്ചേക്കുമെന്നാണ്‌ പ്രവചിച്ചത്‌.

ഫലം വന്നപ്പോള്‍ ഞാന്‍ ധരിച്ചതുപോലെ കെ.ആര്‍.നാരായണന്‍ ജയിച്ചു. പാലക്കാട്ട്‌ കൃഷ്‌ണനുണ്ണി പ്രവചിച്ചതുപോലെ വിജയരാഘവന്‍ ജയിച്ചു. പ്രചരണകാലത്ത്‌ ഞാന്‍ സങ്കല്‍പ്പിച്ചിട്ടില്ലാത്ത ഒരു ഘടകം പാലക്കാട്ട്‌ അതിപ്രധാനമായി വളര്‍ന്നിട്ടുണ്ടെന്ന്‌ അപ്പോഴാണ്‌ മനസ്സിലായത്‌. തലശ്ശേരിക്കാരനായ എനിക്ക്‌, കമ്യൂണിസ്റ്റ്‌കോട്ടയില്‍ ജാതിയ്‌ക്ക്‌ പ്രാധാന്യമുള്ളതായി തോന്നിയില്ല. പക്ഷേ അതാണ്‌ നിര്‍ണായകമായത്‌.

അതിനുശേഷമുള്ള കാല്‍നൂറ്റാണ്ടിനിടയില്‍ എത്ര തിരഞ്ഞെടുപ്പുകള്‍ കണ്ടിരിക്കുന്നു ! ഇത്രയും കാലത്തിന്‌ ശേഷവും ഒരു തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്ന്‌ മുന്‍കൂട്ടി കണ്ടെത്തനോ ആരുജയിക്കുമെന്ന്‌ ഉറച്ചുപ്രവചിക്കാനോ എനിക്കുകഴിഞ്ഞിട്ടില്ല. മനസ്സില്‍ പല തോന്നലുകളും ഉണ്ടാകാറുണ്ട്‌. അവയില്‍ പാതിയേ ശരിയാകാറുള്ളൂ.

ചിരപരിചിതരായ രാഷ്‌ട്രീയനേതാക്കള്‍ക്ക്‌ പത്രപ്രവര്‍ത്തകരേക്കാള്‍ ഇക്കാര്യത്തില്‍ വ്യക്തതയുള്ള സൂചനകള്‍ ലഭിക്കാറുണ്ട്‌. വ്യത്യസ്‌തപ്രദേശങ്ങളില്‍ മാറിമാറി സ്ഥാനാര്‍ഥികള്‍ക്കൊപ്പം സഞ്ചരിച്ചാല്‍ ജനങ്ങളുടെ പ്രതികരണം താരതമ്യപ്പെടുത്തി നിഗമനങ്ങളില്‍ എത്താന്‍ കഴിഞ്ഞേക്കാം. മുന്‍തവണത്തെ പ്രതികരണവുമായി താരതമ്യപ്പെടുത്തുന്നതും ചില സൂചനകള്‍ നല്‌കിയേക്കും. ഇവയുമെല്ലാം സൂചനകള്‍ മാത്രമാണ്‌. അനേകം ഘടകങ്ങള്‍ കൂടിച്ചേര്‍ന്നാണ്‌ ഒരു തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ അവസാന നിലപാടിനെ ഉറപ്പിക്കുന്നത്‌. തലേന്നുനടന്ന ഒരു സംഭവമോ അന്നത്തെ കാലാവസ്ഥയോ പോളിങ്ങിലെ ഏറ്റക്കുറച്ചിലുകളോ ഫലത്തെ ബാധിച്ചേക്കാം. മാധ്യമങ്ങളില്‍ കത്തിനിന്ന വിവാദങ്ങള്‍ ചിലപ്പോള്‍ ജനങ്ങളെ ബാധിച്ചിട്ടേ ഉണ്ടാകില്ല. പ്രവചനങ്ങളില്‍ അതുകൊണ്ടുതന്നെ കൃത്യത ഏതാണ്ട്‌ അസാധ്യവുമാണ്‌. കാലാവസ്ഥാപ്രവചനം പോലെതന്നെയാണ്‌ ഒരു വിധത്തില്‍ നോക്കിയാല്‍ ഫലപ്രവചനവും. ശരിയാകാനും തെറ്റാനും സാധ്യതയുണ്ട്‌. രണ്ടായാലും അതെങ്ങനെ സംഭവിച്ചു എന്നറിയാന്‍ പ്രയാസമാണ്‌. പക്ഷേ, നീണ്ട വിലയരുത്തലുകള്‍ ആര്‍ക്കും എഴുതിവിടാം !

സാമ്പിള്‍ സര്‍വെകളും എക്‌സിറ്റ്‌ പോളുകളും പ്രവചനത്തിനുള്ള ശാസ്‌ത്രീയമായ രീതികളാണ്‌. ചട്ടങ്ങളും വ്യവസ്ഥകളും ക്രമീകരണങ്ങളും പാലിച്ചുകൊണ്ടാണ്‌ സര്‍വെ നടത്തുന്നത്‌. പത്തു ലക്ഷംവോട്ടുള്ള മണ്ഡലത്തില്‍ ആയിരം വോട്ടര്‍മാരെ കണ്ട്‌ അഭിപ്രായം ചോദിച്ചാല്‍ അതെങ്ങനെയാണ്‌ ശരിയാവുക ? സര്‍വെകള്‍ പരമാവധി ശരിയാകണമെങ്കില്‍ സര്‍വെ നിയമങ്ങള്‍ പൂര്‍ണമായി പാലിക്കേണ്ടതുണ്ട്‌. എന്നാലും അവ ശരിയായിക്കൊള്ളണമെന്നില്ല. സെഫോളജിയെന്ന പുത്തന്‍ വിജ്ഞാനമേഖലയില്‍കൂടി വിദഗ്‌ധനായാലേ അതുസാധിക്കൂ. നിശ്ചിതശതമാനം വോട്ടര്‍മാരുടെ അഭിപ്രായം എത്രസീറ്റുകളില്‍ എങ്ങനെ മാറ്റമുണ്ടാക്കുമെന്ന്‌ കണ്ടെത്തുന്നത്‌ സങ്കീര്‍ണമായ സംഗതിയാണ്‌. പത്രപ്രവര്‍ത്തകര്‍ക്ക്‌ അതിലൊന്നും അറിവോ പരിചയമോ ഇല്ല. എക്‌സിറ്റ്‌ പോളുകള്‍ക്ക്‌ അത്രയൊന്നും സങ്കീര്‍ണതകളില്ല. എന്നിട്ടും അതുംതെറ്റിപ്പോകുന്നു,മിക്കപ്പോളും. ആര്‍ക്കുവോട്ടുചെയ്‌തു എന്നുചോദിച്ചാല്‍ സത്യം പറയും ജനം എന്നതാണ്‌ ആ സര്‍വെയുടെ അടിസ്ഥാനതത്ത്വം. അതുതന്നെ തെറ്റാം. എന്നിട്ടല്ലേ യാതൊരുവിധ ശാസ്‌ത്രീയസംവിധാനങ്ങളും ഇല്ലാതെ ആറാമിന്ദ്രിയത്തെ മാത്രം ആശ്രയിച്ച്‌ പത്രപ്രവര്‍ത്തകന്‍ നടത്തുന്ന പ്രവചനങ്ങള്‍ ശരിയാകുന്നത്‌ !

Leave a Reply

Your email address will not be published. Required fields are marked *

Go Top