ഞാണിന്മേല്‍ക്കളി എന്ന പദപ്രയോഗത്തില്‍ അധിക്ഷേപകരമായി ഒന്നുമില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ ഭരണത്തിലേറിയപ്പോഴെല്ലാം ഞാണിന്മേല്‍ കളിക്കുകയാണ് ചെയ്യാറുള്ളതെന്ന് എഴുതിയത് പാര്‍ട്ടിയുടെ ശത്രുക്കളൊന്നുമല്ല, താത്വികാചാര്യനായ സഖാവ് ഇ.എം.എസ് തന്നെയാണ്. ഒരു മുന്‍മുഖ്യമന്ത്രിയുടെ ഓര്‍മക്കുറിപ്പുകള്‍ എന്ന പേരില്‍ 1995 ല്‍ പ്രസിദ്ധീകരിച്ച കൃതിയിലെ കമ്യൂണിസ്റ്റ്‌് മുഖ്യമന്ത്രി എന്ന അധ്യായത്തില്‍ അദ്ദേഹം തന്റെതന്നെ പ്രവര്‍ത്തനത്തെ ഇങ്ങനെ വിവരിക്കുന്നു.
” കേരളത്തിലെ ജനങ്ങള്‍ കമ്യൂണിസ്റ്റായ എന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നു. പക്ഷേ, എന്റെ നേതൃത്വത്തിലുള്ള സംസ്ഥാനഗവണ്മെന്റ് ബൂര്‍ഷ്വാനേതൃത്വത്തിലുള്ള കേന്ദ്രഗവണ്മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും കീഴ്‌പെട്ട് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. അതായത്, മുഖ്യമന്ത്രി എന്ന നിലയില്‍ ഞാണിന്മേല്‍കളി കളിച്ചുകൊണ്ടാണ് ഞാന്‍ എന്റെ സംസ്ഥാനത്ത് ഭരണം നടത്തുന്നത്. ”
1967ല്‍ മുഖ്യമന്ത്രിയായപ്പോഴും താനിത് തന്നെയാണ് കളിച്ചിരുന്നത്, ജ്യോതിബസുവും നായനാരും നൃപന്‍ചക്രവര്‍ത്തിയും ഇതുതന്നെയാണ് കളിക്കുന്നത് എന്നും അദ്ദേഹം അന്നുപറഞ്ഞുവെച്ചിട്ടുണ്ട്. ഇന്നാണ് ഇ.എം.എസ് ഇത് എഴുതുന്നതെങ്കില്‍ ഇപ്പോഴത്തെ പ.ബംഗാളിലെയും കേരളത്തിലെയും മുഖ്യമന്ത്രിമാരെക്കുറിച്ച് ഇങ്ങനെ എഴുതുമോ എന്ന് ചോദിച്ചുപോകുന്നു.
വി.എസ്. അച്യുതാനന്ദനോ ബുദ്ധദേവ് ഭട്ടാചാര്യയോ ഇന്ന് ഇത്തരമൊരു ഞാണിന്മേല്‍ക്കളി കളിക്കേണ്ടി വരുന്നില്ല. മറ്റേതൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെയും പോലെ, അല്ലെങ്കില്‍ അവരേക്കാളൊക്കെ ആധികാരികതയോടെയാണ് സി.പി.എം മുഖ്യമന്തിമാര്‍ ഭരണം നടത്തുന്നത്. കേന്ദ്രമന്ത്രിസഭയുടെ മേല്‍ പാര്‍ട്ടിക്കുള്ള സ്വാധീനം തീര്‍ച്ചയായും പാര്‍ട്ടിനേതൃത്വത്തിലുള്ള സംസ്ഥാനമന്ത്രിസഭകളുടെ ആധികാരികത വര്‍ദ്ധിപ്പിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാന്‍ പറ്റില്ല. എന്നാല്‍ ഇതുമാത്രമാണോ ഇതിന് കാരണം ? ആഴത്തില്‍ പരിശോധിക്കേണ്ട വിഷയമാണ്.
മുതലാളിത്തമാണ് തങ്ങളുടെയും വഴിയെന്നും വികസനം കൊണ്ടുവരാന്‍ മുതലാളിത്തപാതയാണ് സ്വീകാര്യമെന്നും സോഷ്യലിസം നടപ്പിലാക്കുക പ്രായോഗികമല്ലെന്നും പ.ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും മുന്‍മുഖ്യമന്ത്രി ജ്യോതിബസുവും പറഞ്ഞതായുളള വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പഴയ ഈ സംഗതികള്‍ ഓര്‍മിക്കുന്നത് പ്രസക്തമായിരിക്കും. സി.പി.എം, അല്ലെങ്കില്‍ 1964 വരെ സി.പി.ഐ ഇന്ത്യയില്‍ തങ്ങളിതാ സോഷ്യലിസം നടപ്പാക്കുകയാണ് എന്ന് പറഞ്ഞിട്ടില്ല. 1957 ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ബാലറ്റിലൂടെ അധികാരത്തില്‍ വന്നപ്പോള്‍ പലരും ധരിച്ചത് അധികാരമുപയോഗിച്ച് സി.പി.ഐ സോഷ്യലിസം സ്ഥാപിച്ചുകളയും എന്നായിരുന്നു. സ്വത്തുമുഴുവന്‍ അവര്‍ ഏറ്റെടുത്തുകളയും എന്ന് ഭയന്നവര്‍ വിദ്യാസമ്പന്നര്‍ക്കിടയിലും ഉണ്ടായിരുന്നു. ഇത്രയും കാലത്തിന് ശേഷം പിന്തിരിഞ്ഞുനോക്കുമ്പോള്‍ അത് പരിഹാസ്യമായ ഭയമായി തോന്നാം. എന്നാല്‍ അതായിരുന്നില്ല അന്നത്തെ അവസ്ഥ. തെലുങ്കാന പാത നമ്മുടെ പാത എന്ന മുദ്രാവാക്യമുയര്‍ത്തി കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ ജാഥ നടത്തിയിരുന്നത് അധികം കാലമൊന്നും അകലെയായിരുന്നില്ല. അധികാരവും ഉല്‌പാദനോപാധികളും പിടിച്ചെടുക്കാന്‍ സായുധകലാപത്തിന്റെ മാര്‍ഗത്തിലേക്ക് സഖാക്കള്‍ മാറിയതിന്റെ വീരകഥകളാണ് തെലുങ്കാനയില്‍ നിന്നുവന്നിരുന്നത്. തൊട്ടടുത്താണ് പുന്നപ്ര വയലാറും കയ്യൂര്‍-കരിവള്ളൂരുകളും നടന്നത്. അധികാരമില്ലാതെ ഇതെല്ലാം ചെയ്യുന്ന പാര്‍ട്ടി അധികാരം കിട്ടിയാല്‍ മറ്റേതൊരു ബൂര്‍ഷ്വാപാര്‍ട്ടിയേയും പോലെ സമാധാനപരമായി നിയമസഭയില്‍ ബില്ല്‌് കൊണ്ടുവന്ന് കാര്യങ്ങള്‍ സാവകാശം ഭരണഘടനാസൃതമായി നടത്തുമെന്ന് ആരും പ്രതീക്ഷിച്ചിരിക്കില്ല. പക്ഷേ അതാണ് നടന്നത്.
ബൂര്‍ഷ്വാ ഭരണകൂടത്തെ തച്ചുതകര്‍ക്കാനും വിപ്ലവം നടത്തി അധികാരം പിടിക്കാനും സ്വത്തെല്ലാം പൊതുഉടമയിലാക്കാനും തൊഴിലാളി വര്‍ഗസര്‍വാധിപത്യം സ്ഥാപിക്കാനുമൊന്നും കഴിയില്ലെങ്കില്‍ പിന്നെയെന്തിന് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മത്സരിച്ച് അധികാരത്തിലേറുന്നു എന്ന ചോദ്യം അന്നും ഉന്നയിക്കപ്പെട്ടിരുന്നു. പലരും പാര്‍ട്ടി വിടുക പോലും ചെയ്‌തു.പാര്‍ട്ടിയതിന് മറുപടി പറഞ്ഞിട്ടുണ്ട്. പാവപ്പെട്ട ജനവിഭാഗത്തിന് സഹായകമാകുന്ന പല കാര്യങ്ങളും നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നുവെന്നും അവര്‍ അതൊന്നും നടപ്പാക്കിയിട്ടില്ലെന്നും അത്തരം കാര്യങ്ങള്‍ നടപ്പാക്കുകയാണ് തങ്ങളുടെ പരിപാടിയെന്നുമാണ് ശങ്കരന്‍ നമ്പൂതിരിപ്പാട് അന്ന് പറഞ്ഞിരുന്നത്. അതിന് പുറമെ, കേന്ദ്രത്തിലെ ബൂര്‍ഷ്വാഭരണകൂടത്തിനെതിരെ നിരന്തരം സമരം ചെയ്യുമെന്നും ജനകീയ ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള രൂക്ഷസമരത്തില്‍ ജനങ്ങളെ പങ്കാളിയാക്കാന്‍ ഭരണം ആയുധമാക്കുമെന്നും പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നതാണ്. കമ്യൂണിസ്റ്റുകാരന്‍ മുഖ്യമന്ത്രിയായാല്‍ അയാള്‍ കമ്യൂണിസം ഉപേക്ഷിച്ച് ബൂര്‍ഷ്വാഭരണാധികാരിയെപ്പോലെ പെരുമാറണമെന്ന കാഴ്‌ചപ്പാടാണ് സി.പി.ഐക്കാര്‍ക്കുള്ളതെന്നും അതിന് തങ്ങളെക്കിട്ടില്ലെന്നും പില്‍ക്കാലത്ത് ഇ.എം.എസ് എഴുതുകയുണ്ടായി.
കാലം മാറി. ഇപ്പോഴത്തെ വിവാദത്തിന്റെ കാരണക്കാര്‍ മാധ്യമങ്ങളാണെന്നും അവര്‍ ബുദ്ധദേവിന്റെയും ബസുവിന്റെയും അഭിപ്രായങ്ങള്‍ തെറ്റിദ്ധരിച്ചാണെന്നും പാര്‍ട്ടി സെക്രട്ടറി പ്രസ്‌താവിച്ചിട്ടുണ്ട്. അതുവലിയൊരു പരിധി വരെ ശരിയാണ്. സി.പി.എം നേതൃത്വത്തിലുള്ള മൂന്നു സംസ്ഥാനഭരണങ്ങളാണ് ഇന്ത്യയിലുള്ളത്. പത്തറുപതുവര്‍ഷമായിട്ടും നാലാമതൊരു സംസ്ഥാനത്ത് ഭൂരിപക്ഷം നേടുക പോയിട്ട് പ്രധാന പ്രതിപക്ഷമാകാന്‍ പോലും കമ്യൂണിസ്റ്റ്‌പാര്‍ട്ടികള്‍ക്ക്‌് കഴിഞ്ഞിട്ടില്ല. എന്നിരിക്കേ ഇന്ത്യയില്‍ സോഷ്യലിസം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനമല്ല തങ്ങള്‍ നടത്തുന്നതെന്ന പ്രഖ്യാപനത്തില്‍ എന്താണ് പുതുമ ? അതുവാര്‍ത്ത പോലുമല്ല. സോഷ്യലിസം സ്ഥാപിക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുവെന്നോ മറ്റോ കമ്യൂണിസ്റ്റുകാര്‍ പറഞ്ഞാലാണ് അത് എട്ടുകോളം തലക്കെട്ടാക്കി അവതരിപ്പിക്കേണ്ടത്. അങ്ങനെയൊക്കെയാണെങ്കിലും കമൂണിസ്റ്റ് നേതൃത്വത്തിലുള്ള ഭരണങ്ങള്‍ ബൂര്‍ഷ്വാഭരണകക്ഷിയില്‍ നിന്ന് വ്യത്യസ്‌തമായി എന്ത് നയങ്ങളാണ് നടപ്പാക്കുന്നത് എന്ന ചോദ്യം എപ്പോഴും ഉയര്‍ന്നുവരും. ബദല്‍ നയങ്ങളാണ ്‌ഇടതുപക്ഷം നടപ്പാക്കുന്നതെന്ന് പ്രകാശ് കാരാട്ട് അവകാശപ്പെടുന്നുണ്ടെന്നത് ശരിയാണ്. മാധ്യമങ്ങള്‍ക്കുള്ള തെറ്റിദ്ധാരണ മാത്രമല്ല, ബുദ്ധദേവിന്റെ വാക്കുകള്‍ വിവാദമാകാന്‍ കാരണം. നന്ദിഗ്രാമിന്റെയും മറ്റും പശ്ചാത്തലത്തില്‍, സോഷ്യലിസത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ പാര്‍ട്ടി ഉപേക്ഷിച്ചുവെന്നും സോഷ്യല്‍ ഡമോക്രാറ്റുകള്‍ എന്നുവിളിക്കാന്‍ പോലും പറ്റാത്ത വിധം പാര്‍ട്ടി മുതലാളിത്ത പാത പുല്‍കുകയാണ് എന്നും ആളുകള്‍ സംശയിച്ചിരിക്കാം. അത് അവരുടെ കുഴപ്പംകൊണ്ടല്ല, പാര്‍ട്ടിയുടെ കുഴപ്പം കൊണ്ടുതന്നെയാണ്.
കമ്യൂണിസ്റ്റുഭരണാധികാരികള്‍ പ്രത്യയശാസ്‌ത്രത്തിലും വരട്ടുതത്ത്വത്തിലും കടുംപിടുത്തം പിടിക്കുന്നു എന്നാണ് സാധാരണ കുറ്റപ്പെടുത്താറുള്ളത്. ഇത്തവണ നേരെ മറിച്ചാണ് പരാതി. ഇല്ലാത്ത കാര്യം പറഞ്ഞുപറഞ്ഞ് സ്വയംവിശ്വസിപ്പിക്കുന്ന ഏര്‍പ്പാട് നിര്‍ത്തി സത്യം പറഞ്ഞേക്കാം എന്ന് കരുതിയതാവാം പ.ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ. ജ്യോതിബസു അതുശരിവെക്കുകയും ചെയ്‌തു. മാര്‍ക്‌സിസം അപകടത്തിലായെന്ന മട്ടിലാണ് പത്രങ്ങളിലെ മുറവിളി. മാര്‍ക്‌സിസം അപകടത്തിലായതില്‍ മാര്‍ക്‌സിസ്റ്റുകാരേക്കാല്‍ വേവലാതി ബൂര്‍ഷ്വാമാധ്യമങ്ങള്‍ക്കാണെന്ന് വരുന്നത്‌് വലിയ തമാശയാണ്. മാര്‍ക്‌സിസ്റ്റുകാര്‍ ധര്‍മസങ്കടത്തിലായിട്ടുണ്ടാകണം. മാര്‍ക്‌സിസം മാത്രമാണ് രക്ഷയെന്ന് പറഞ്ഞാലും കുറ്റം, മുതലാളിത്തമാണ് മാര്‍ഗം എന്നുപറഞ്ഞാലും കുറ്റം എന്ന സ്ഥിതിയാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്.
വിമര്‍ശകര്‍ പറയുന്നത് കേട്ടാല്‍ തോന്നുക പ.ബംഗാളില്‍ കമ്യൂണിസം ഏതാണ്ട് സ്ഥാപിതമാകുന്ന ഘട്ടം വന്നപ്പോള്‍ പൊടുന്നനെ ബുദ്ധദേവന്‍ കുടംനിലത്തിട്ട് ഉടച്ചുകളഞ്ഞു എന്നാണ്. സത്യമെന്താണ് ? 1957ല്‍ ആദ്യമായി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തില്‍ വന്ന മുഖ്യമന്ത്രി സഖാവ് ഇ.എം.എസ് പറഞ്ഞതും ഇപ്പോള്‍ ബുദ്ധദേവ് പറഞ്ഞതുതന്നെയായിരുന്നു. ഇതുമുതലാളിത്തവ്യവസ്ഥയാണ്. ബൂര്‍ഷ്വാഭരണക്രമമാണ്. കേന്ദ്രത്തിന്റെ വ്യവസ്ഥകളനുസരിച്ചേ ഭരിക്കാനാവൂ. എന്നെല്ലാം പറഞ്ഞുകൊണ്ടുതന്നെയാണ് അന്ന് ബിര്‍ലയെക്കൊണ്ടുവന്ന് മാവൂരില്‍ ഗ്വോളിയോര്‍ റയോണ്‍സ് തുടങ്ങിച്ചത്. കോണ്‍ഗ്രസ് ഭരണത്തിന്‍കീഴില്‍ കുത്തകകള്‍ കൊഴുക്കുന്നതിന് തെളിവായി ഇതും അവതരിപ്പിക്കാറുണ്ടായിരുന്നുവെന്നത് ഒരു തമാശയായി എടുത്താല്‍മതി. ഉടന്‍ സോഷ്യലിസം വന്നാല്‍ പാര്‍ട്ടി ബിര്‍ലയുടെ സ്വത്ത് പിടിച്ചെടുക്കുമെന്നും അതുവരെ സഹിച്ചാല്‍ മതിയെന്നും സഖാക്കളെ വിശ്വസിപ്പിക്കാന്‍ അന്ന് കഴിഞ്ഞിരുന്നു. മരിക്കുന്നതിന് മുമ്പ് ഇ.എം.എസ് ആ തെറ്റിദ്ധാരണയും നീക്കി. അടുത്ത കാലത്തൊന്നും സോഷ്യലിസം വരില്ല എന്ന് ഉറപ്പാണെന്ന് അദ്ദേഹം പാര്‍ട്ടിപത്രത്തില്‍ത്തന്നെ എഴുതിയതാണ്. ബസുവും ഭട്ടാചാര്യയും എന്താണ് അതില്‍ കൂടുതല്‍ പറഞ്ഞിരിക്കുന്നത് ?
സി.പി.എം നിലപാടില്‍ കാര്യമായ വ്യതിയാനമുണ്ടായത് സോഷ്യലിസം സ്ഥാപിക്കുന്ന കാര്യത്തിലല്ല. സോഷ്യലിസം ഇന്ത്യയില്‍ സ്ഥാപിക്കാന്‍ കഴിയാത്തത് ഇവിടെ മൂന്നുസംസ്ഥാനങ്ങളിലേ പാര്‍ട്ടിക്ക് സ്വാധീനം ഉള്ളൂ എന്നതുകൊണ്ടല്ല. ഇനി ഇന്ത്യയിലാകെ പാര്‍ട്ടി പടര്‍ന്നുപന്തലിച്ചാലും അതുസംഭവിക്കാന്‍ പോകുന്നില്ല. ഇന്ത്യ സ്വതന്ത്രമായ കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി വിപ്ലവംനടത്തി അധികാരം പിടിച്ചെടുത്ത ചൈനയിലോ അമേരിക്കയെ ചെറുത്തുതോല്‌പിച്ച് സോഷ്യലിസം സ്ഥാപിക്കാന്‍ പുറപ്പെട്ട് ധീരവിയറ്റനാമിലോ സോഷ്യലിസം സ്ഥാപിക്കുന്നതിന് വേണ്ടിനടത്തിയ ശ്രമങ്ങളെല്ലാം അവസാനിപ്പിച്ച് സാക്ഷാല്‍ മുതലാളിത്തം കെട്ടിപ്പടുത്തുകൊണ്ടിരിക്കുകയാണ്. ലോകത്ത് ക്യൂബയില്‍ മാത്രമേ ഇപ്പോഴും സോഷ്യലിസം വെള്ളംചേര്‍ക്കാതെ നിലനിറുത്താന്‍ ശ്രമം തന്നെ നടക്കുന്നുള്ളൂ. കമ്യൂണിസം ലോകത്ത് പടര്‍ന്നത് കുറെപ്പേര്‍ ത്യാഗോജ്വലമായി സമരംചെയ്‌തും ബുദ്ധിജീവികള്‍ സിദ്ധാന്തങ്ങള്‍ ചമച്ചും അനേകമാളുകള്‍ പോരാടിയും ചോരചൊരിഞ്ഞും ജീവന്‍ വെടിഞ്ഞുമെല്ലാമാണ്. ആധുനികമുതലാളിത്തത്തിന്റെ തത്ത്വശാസ്‌ത്രം ഇതൊന്നുമില്ലാതെ ലോകത്തെ കീഴടക്കിക്കഴിഞ്ഞു. അതില്‍നിന്ന് മാറാന്‍ ലോകത്തൊരു ശക്തിക്കുംതല്‍ക്കാലം കഴിയില്ലതന്നെ. ഇന്ത്യയിലെ കമ്യൂണിസ്റ്റുപാര്‍ട്ടികളും ഇതിന്റെ സ്വാധീനത്തില്‍പ്പെട്ട് മൂല്യങ്ങളും ല്‌ക്ഷ്യങ്ങളും ഇല്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നു എന്നതാണ് പ്രശ്‌നം.
മുതലാളിത്തം ജയിച്ചുകഴിഞ്ഞു എന്നു പറയുന്നതിന് അര്‍ഥം കമ്യൂണിസ്റ്റ്‌പാര്‍ട്ടികള്‍ പിരിച്ചുവിട്ട് മുതലാളിത്തത്തിന് സ്‌തുതി പാടണമെന്നല്ല. മുതലാളിത്തത്തിന്റെ കടന്നാക്രമണത്തില്‍ ഞെരിഞ്ഞുപോകുന്ന ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം പകരാനും അവരുടെ കഷ്ടതമാറ്റാനുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വംനല്‍കാനും കമ്യൂണിസ്റ്റുകാര്‍ക്കേ കഴിയൂ. മുതലാളിത്തം ലാഭത്തിന് വേണ്ടിയുള്ള അറുകൊലയായി മാറുമ്പോള്‍ ചൂഷണം ചെയ്യപ്പെടുന്ന ജനതയ്‌ക്ക് വേണ്ടി ഒരു വാക്കുപറയാന്‍ പോലും ആരും ഇല്ലെന്ന സ്ഥിതി വന്നുകൊണ്ടിരിക്കുകകയാണ്. ഇത്തരമൊരു ഘട്ടത്തില്‍ പാര്‍ട്ടി ടാറ്റമാര്‍ക്കും അംബാനിമാര്‍ക്കും മാര്‍ട്ടിന്‍മാര്‍ക്കും ഫാരീസുമാര്‍ക്കും ഒപ്പമാണോ അതല്ല, ജനങ്ങള്‍ക്കൊപ്പമാണോ നില്‍ക്കുക എന്നതാണ് ചോദ്യം. അല്ലാതെ സോഷ്യലിസം കൊണ്ടുവരാന്‍ എന്ത് ചെയ്യുന്നു എന്നതല്ല. ജനങ്ങളുടെ പക്ഷത്തുനില്‍ക്കുന്നു എന്നുപറയുകയും സമ്പന്നവര്‍ഗത്തിനൊപ്പം നില്‍ക്കുകയും ഞാണിന്മേല്‍ക്കളിക്കുകയും ചെയ്യുകയല്ല ഈ ഘട്ടത്തില്‍ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ ചെയ്യേണ്ടത്. വര്‍ത്തമാനകാലം തീര്‍ച്ചയായും മുതലാളിത്തത്തിന്റേതാണ്. ഭാവി മുതലാളിത്തത്തിന്റേതാണ് എന്നൊന്നും ഇതിന് അര്‍ഥമില്ലതന്നെ.