പൊതുപ്രവര്‍ത്തനത്തിന്റെ പതനങ്ങള്‍

എൻ.പി.രാജേന്ദ്രൻ

പാര്‍ട്ടികളാണ്‌ രാഷ്‌ട്രീയത്തിന്റെ അടിസ്ഥാനം, അതുകൊണ്ടുതന്നെ അവ ജനാധിപത്യത്തിന്റെയും അടിസ്ഥാനമാകുന്നു. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട്‌ ചെയ്യുന്നത്‌ സ്ഥാനാര്‍ഥികള്‍ക്കാണോ അതല്ല പാര്‍ട്ടികള്‍ക്കാണോ എന്നുറപ്പിച്ചു പറയാനാവില്ല. പഴയ പനമ്പിള്ളിയന്‍ പ്രയോഗമനുസരിച്ചാണെങ്കില്‍ ചില പാര്‍ട്ടികള്‍ ഏത്‌ കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജനംവോട്ടുചെയ്‌തുകൊള്ളും. എന്നാല്‍ എല്ലായ്‌പ്പോഴും അങ്ങനെ സംഭവിച്ചുകൊള്ളണമെന്നില്ല. പാര്‍ട്ടിക്ക്‌ നല്ല ശക്തിയുള്ള മണ്ഡലത്തിലും ചിലപ്പോള്‍ സ്ഥാനാര്‍ഥി മോശമെങ്കില്‍ കക്ഷി തോറ്റെന്നിരിക്കും. സ്ഥാനാര്‍ഥിയുടെ മികവും സ്വാധീനവും പാര്‍ട്ടികള്‍ക്കുമേലെ കൊടിപറപ്പിച്ച അനുഭവങ്ങള്‍ അത്യപൂര്‍വങ്ങളാണ്‌. അതുകൊണ്ട്‌ ഉറപ്പിച്ചു പറയാം. പാര്‍ട്ടികള്‍ തന്നെയാണ്‌ ജനാധിപത്യത്തിന്റെ അടിസ്ഥാനം.

രാഷ്‌ട്രീയപാര്‍ട്ടികളുടെ ആരോഗ്യമാണ്‌ ജനാധിപത്യവ്യവസ്ഥയുടെയും ആരോഗ്യത്തിന്റെ അടിസ്ഥാനം. ജനാധിപത്യം ദുര്‍ബലമായി എന്ന്‌ പറയുമ്പോള്‍ അതിലെത്രത്തോളം പങ്ക്‌ പാര്‍ട്ടികള്‍ക്കുണ്ട്‌ എന്ന്‌ അന്വേഷിക്കേണ്ടതുണ്ട്‌. ലോകമാസകലം രാഷ്‌ട്രീയപാര്‍ട്ടികള്‍ ദുര്‍ബലപ്പെടുന്നു എന്നത്‌ ജനാധിപത്യസംവിധാനം ദുര്‍ബലമാവുന്നതിന്റെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്‌. ആശയസംഹിതയും പരിപാടികളും ലക്ഷ്യങ്ങളും ജനങ്ങളുടെ മുന്നില്‍വെച്ച്‌ അതുവഴി അംഗീകാരവും അധികാരവും നേടിയെടുക്കുകയാണ്‌ പാര്‍ട്ടികളുടെ പ്രവര്‍ത്തനരീതി. പരിപാടികള്‍ നടപ്പാക്കുന്നതിന്‌ ഉപയോഗിക്കേണ്ട ഉപകരണമാണ്‌ ഇങ്ങനെ നേടിയെടുക്കുന്ന അധികാരം.

ഒരു ജനതയുടെയും രാജ്യത്തിന്റെയും മൊത്തം താല്‌പര്യങ്ങള്‍ക്കൊത്തുവേണം അധികാരം ഉപയോഗപ്പെടുത്തുവാന്‍ എന്ന്‌ പറയേണ്ടതില്ലല്ലോ.എന്നാല്‍ എന്തിന്‌ വേണ്ടിയാണ്‌ ഇന്ന്‌ പാര്‍ട്ടികളെ ഉപയോഗപ്പെടുത്തുന്നത്‌ ? അധികാരം നേടാന്‍ വേണ്ടി മാത്രം, എന്തിനാണ്‌ അധികാരം ഉപയോഗപ്പെടുത്തുന്നത്‌ ? അധികാരം അധികാരത്തിന്‌ വേണ്ടിത്തന്നെ. അധികാരം പണമുണ്ടാക്കുന്നതിനും സ്വാധീനമുണ്ടാക്കുന്നതിന്നും ഉപയോഗിക്കുന്നവരെയും കാണും. പക്ഷേ എത്ര സമൂഹങ്ങളില്‍ എത്ര രാഷ്‌ട്രീയപ്രവര്‍ത്തകര്‍ അധികാരം ജനങ്ങള്‍ക്ക്‌ ക്ഷേമമുണ്ടാക്കാനും രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആദര്‍ശങ്ങളുടെ സാക്ഷാത്‌കാരത്തിനും വേണ്ടി ഉപയോഗിക്കുന്നു എന്നുചോദിച്ചാല്‍ കിട്ടുന്ന മറുപടി ഏറെയൊന്നും പ്രതീക്ഷ നല്‍കുന്നതല്ല. ഇത്‌ ഇന്ത്യയുടെ മാത്രം അവസ്ഥയല്ല എന്നത്‌ എന്തെങ്കിലും ആശ്വാസം നല്‍കുകയില്ല.

വ്യത്യസ്‌തമായ പ്രത്യയശാസ്‌ത്രം അല്ലെങ്കില്‍ ആശയസംഹിത ഉണ്ടെന്ന്‌ അവകാശപ്പെടാന്‍ എത്രപാര്‍ട്ടികള്‍ക്ക്‌ കഴിയും ? കമ്യൂണിസം പോലുള്ള ആശയസംഹിതകളോട്‌ യോജിച്ചാലും ഇല്ലെങ്കിലും ആ ആശയസംഹിത ഗണ്യമായൊരു ജനവിഭാഗത്തെ മുന്നോട്ട്‌ നയിച്ചിരുന്നു എന്ന്‌ സമ്മതിക്കാത്തവര്‍ കാണില്ല. ലോകത്തെങ്ങും ഇന്ന്‌ അത്തരം സോഷ്യലിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ മറ്റു ജനാധിപത്യപാര്‍ട്ടികളില്‍ നിന്നുവ്യത്യസ്‌തമായ ഒരു പ്രവര്‍ത്തനപരിപാടി ജനങ്ങള്‍ക്കുമുന്നില്‍ വെക്കാന്‍ കഴിയുന്നില്ല. അധികാരം തോക്കിന്‍കുഴലിലൂടെ എന്ന്‌ മുദ്രാവാക്യം വിളിച്ചുപോന്ന മാവോയിസ്റ്റുകള്‍ നേപ്പാളില്‍ അധികാരത്തില്‍ എത്തിയത്‌ ബാലറ്റ്‌ പേപ്പറിലൂടെയാണ്‌. ഇതിലേറെ വലിയ വിരോധാഭാസം കമ്യൂണിസ്റ്റ്‌ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

മാവോവിന്‌ അദ്ദേഹത്തിന്റെ ജീവിതകാലത്തൊന്നും ഉത്തരം കിട്ടാതിരുന്ന ഒരു ചോദ്യത്തിനാണ്‌ നേപ്പാളില്‍ പ്രചണ്ഡ മറുപടി നല്‍കിയത്‌. നിങ്ങളുടെ രാജ്യത്ത്‌ ജനാധിപത്യമാണ്‌ ഉള്ളതെങ്കില്‍ നിങ്ങള്‍ക്കെന്തുകൊണ്ട്‌ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരാന്‍ കഴിയുന്നില്ല എന്ന്‌ ഇന്ത്യയില്‍ നിന്നുവന്ന കമ്യൂണിസ്റ്റ്‌ സംഘത്തോട്‌ മാവോ ചോദിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. മറുപടി തൃപ്‌തികരമായി മാവോവിന്‌ തോന്നിയിട്ടില്ല.

നേപ്പാളിലേത്‌ ഒറ്റപ്പെട്ട അനുഭവമാണ്‌ എന്ന്‌ സമ്മതിച്ചേ തീരൂ. സോഷ്യലിസ്റ്റ്‌ പാര്‍ട്ടികള്‍ ഇപ്പോള്‍ ലാറ്റിന്‍ അമേരിക്കയിലും മറ്റും ജയിച്ചുവരുന്നുണ്ട്‌. നിലവിലുള്ള ആഗോളവല്‍കൃത മുതലാളിത്തത്തിന്റെ ദൂഷ്യങ്ങളും ദുരന്തങ്ങളും അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ പലേടത്തും സോഷ്യലിസ്റ്റ്‌ പാര്‍ട്ടികളെ പിന്തുണക്കുകയും അധികാരത്തിലേറ്റുകയും ചെയ്യുന്നുണ്ടെങ്കിലും വ്യത്യസ്‌തമായ വഴി കാട്ടാന്‍ അത്യപൂര്‍വം രാജ്യങ്ങളില്‍ പോലും അവര്‍ക്ക്‌ കഴിയുന്നില്ല എന്നതാണ്‌ സത്യം. മറ്റൊരു ലോകം സാധ്യമാണ്‌ എന്ന മുദ്രാവാക്യമുയര്‍ത്തി ലോകശ്രദ്ധയാകര്‍ഷിച്ച്‌ വേള്‍ഡ്‌ സോഷ്യല്‍ ഫോറം സംഘടിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്‌ ഇത്തരത്തില്‍പെട്ട സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങളാണെങ്കിലും മറ്റൊരു ലോകം സാധ്യമാണ്‌ എന്നിതുവരെ കാട്ടിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ്‌ സത്യം.

ഭരണകൂടവുമായി ഇടപെടാന്‍ ജനങ്ങള്‍ക്കുള്ള ഉപകരണം എന്ന നിലയിലെങ്കിലും പാര്‍ട്ടികള്‍ പല രാജ്യങ്ങളിലും നില നില്‍ക്കുന്നുണ്ട്‌. പാര്‍ട്ടികളുടെ ഒരു ധര്‍മം അതുതന്നെയാണ്‌ എന്ന്‌ സമ്മതിക്കാം. ഇതെങ്കിലും നിര്‍വഹിക്കുന്നുണ്ടെങ്കില്‍ അത്രയും നല്ലത്‌. പക്ഷേ ഇതുപോലും ഉപേക്ഷിക്കുകയാണ്‌ മിക്ക നാടുകളിലും രാഷ്‌ട്രീയപാര്‍ട്ടികള്‍. ചില മത- ജാതി-സാമ്പത്തിക ശക്തികളുടെ താല്‌പര്യം സംരക്ഷിക്കുന്നതിനും മറ്റുചിലവകളുടെ മേല്‍ അധീശത്വം പുലര്‍ത്തുന്നതിനുമുള്ള ആയുധങ്ങള്‍ ആയാണ്‌ അവ നിലനില്‍ക്കുന്നതും ശക്തിപ്പെടുന്നതും. ഇതുപോലും ഒരു പരിധിവരെ ജനാധിപത്യമാര്‍ഗമാണ്‌. എന്നാല്‍ അധികാരം നേടുന്നതിനും നിലനില്‍ക്കുന്നതിനുമുള്ള സംഘങ്ങള്‍ മാത്രമായി മാറിയിട്ടുണ്ട്‌ പലേടത്തും പാര്‍ട്ടികള്‍.

ചില ഗ്രാമപ്രദേശങ്ങളില്‍ അധോലോകസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി വളരെ സാമ്യമുള്ളതാണ്‌ പാര്‍ട്ടികളുടെയും പ്രവര്‍ത്തനരീതി. അവര്‍ ജനങ്ങള്‍ക്ക്‌ പ്രയോജനപ്പെടുന്നില്ല എന്നല്ല പരാതി. പലേടത്തും അധോലോകസംഘങ്ങള്‍ ജനങ്ങള്‍ക്ക്‌ സഹായകമായാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും കാണേണ്ടതുണ്ട്‌. ഒരു അധോലോകസംഘത്തിന്‌ വഴങ്ങുകയും കപ്പംകൊടുക്കുകയും ചെയ്‌താല്‍ മറ്റൊരുതരം ക്രിമിനലുകളെയും ഭയപ്പെടേണ്ടതില്ല എന്ന ആശ്വാസമാണ്‌ ആളുകള്‍ക്കുള്ളത്‌. ഒരോപ്രദേശവും ഓരോ സംഘം പതിച്ചെടുക്കുകയാണ്‌ ചെയ്യുന്നത്‌. അവര്‍ അവിടെ അപ്രഖ്യാപിതഭരണകൂടങ്ങളായി മാറുന്നു. ജനങ്ങള്‍ക്കതില്‍ വലിയവിരോധമില്ലതാനും. വിരോധമുണ്ടായിട്ടും കാര്യമൊന്നുമില്ല. അവയെ ചെറുക്കാനൊന്നും ജനങ്ങള്‍ക്ക്‌ കഴിയില്ല. ജനങ്ങള്‍ അസംഘടിതരാണ്‌. രാഷ്‌ട്രീയക്കാരാണ്‌ ഏറ്റവും സംഘടിതരും നിയമാനുസൃതം പ്രവര്‍ത്തിക്കുന്നതുമായ നിയമവിരുദ്ധസംഘം എന്നുപറയേണ്ടിവരും. അധോലോകസംഘങ്ങള്‍ നല്‍കിപ്പോന്ന സേവനമാണ്‌ ഇത്തരം പാര്‍ട്ടിസംഘങ്ങള്‍ ജനങ്ങള്‍ക്ക്‌ നല്‍കിവരുന്നത്‌.

കേരളത്തിന്റെ പല പ്രദേശങ്ങളിലും ഗ്രാമങ്ങള്‍ ഇത്തരം അധോലോകപാര്‍ട്ടിസംഘങ്ങളുടെ നിയന്ത്രണത്തിലാണ്‌. ഒന്നുരണ്ടുപാര്‍ട്ടികള്‍ കണ്ണൂര്‍ജില്ലയുടെ പല ഭാഗങ്ങളിലും പാര്‍ട്ടിഗ്രാമങ്ങള്‍ സ്ഥാപിച്ചാണ്‌ ഭരണം നടത്തിവരുന്നത്‌. സംസ്ഥാനഭരണം ആരുടെ കൈയിലായാലും ഈ പാര്‍ട്ടികള്‍ ജില്ലാ -ബ്ലോക്ക്‌- ഗ്രാമപഞ്ചായത്തുകളിലൂടെ അവരുടെ ഭരണം നിലനിറുത്തുന്നുണ്ട്‌. സഹകരണ ബാങ്കുകള്‍, ഗ്രാമസമിതികള്‍, സ്‌കൂള്‍ കോളേജ്‌ യൂണിയനുകള്‍, സ്‌കൂള്‍ പിടിഎ കള്‍, അമ്പലക്കമ്മിറ്റികള്‍, ഉത്സവക്കമ്മിറ്റികള്‍ തുടങ്ങിയ എല്ലാ ജനകീയ സ്ഥാപനങ്ങളും ആസൂത്രിതമായി പാര്‍ട്ടികള്‍ കൈയടക്കുന്നതായി കാണാം.
മാധ്യമങ്ങളുടെ മേല്‍പ്പോലും ഗ്രാമങ്ങളില്‍ രാഷ്‌ട്രീയ നിയന്തണമുണ്ട്‌. ചില പത്രങ്ങള്‍ വാങ്ങരുതെന്ന അലിഖിത കല്‌പനകള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ ധാരാളമുണ്ട്‌. ചില ഗ്രാമങ്ങളില്‍ ചില പത്രങ്ങള്‍ വാങ്ങിയാല്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന മറ്റൊരുപത്രം കൂടി വാങ്ങാം എന്ന ഉദാരനയം നടപ്പുണ്ട്‌. സ്‌കൂളുകളില്‍ ടീച്ചര്‍മാര്‍ എങ്ങനെ പഠിപ്പിക്കണമെന്ന്‌ പാര്‍ട്ടിനേതാക്കള്‍ വന്നു നിരീക്ഷിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇതിലൊട്ടും അതിശയോക്തിയില്ല.

ഒരു ഗ്രാമത്തില്‍ വിവാഹത്തലേന്ന്‌ പാര്‍ട്ടിക്ക്‌ പോയ ഒരാള്‍ക്ക്‌ അമ്പരപ്പിക്കുന്ന അനുഭവമുണ്ടായി. സല്‍ക്കാരത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായ ശേഷവും ഒന്നും വിളമ്പാതെ ആരെയോ കാത്തിട്ടെന്ന വണ്ണം നില്‍ക്കുകയാണ്‌ വീട്ടുകാര്‍. ചോദിച്ചപ്പോള്‍ പറഞ്ഞത്‌ പാര്‍ട്ടി സെക്രട്ടറി വരാന്‍ കാത്തുനില്‍ക്കുന്നുവെന്നാണ്‌. കുറച്ചുകഴിഞ്ഞപ്പോള്‍ അകമ്പടിയോടെ ആ മഹാന്‍ വന്നു. അദ്ദേഹം അടുക്കളയിയിലും മറ്റും പോയി എല്ലാം പരിശോധിച്ച ശേഷം പന്തലില്‍ വന്ന്‌ സ്വന്തം വാച്ച്‌ നോക്കി പ്രഖ്യാപിക്കുന്നു. നമുക്ക്‌ എട്ടുമണിക്ക്‌ വിളമ്പാം. എട്ടുമണിയാകുംവരെ എല്ലാവരും ക്ഷമാപൂര്‍വം കാത്തുനിന്നു. അതാണ്‌ സെക്രട്ടറിയുടെ അധികാരം.

സ്വാതന്ത്ര്യസമരത്തിന്റെയും കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളുടെയുമെല്ലാം കാലംകഴിഞ്ഞതോടെ രംഗത്തുവന്നുകൊണ്ടിരിക്കുന്നത്‌ കായികശക്തിയിലും മത ജാതി സാമ്പത്തികതാല്‌പര്യത്തിലും അധിഷ്‌ഠിതമായ സംഘടിതശക്തികളാണെന്നതാണ്‌ ഇത്തരമൊരു പതനത്തിന്‌ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്‌. ആനുകൂല്യങ്ങളുടെയും അധികാരത്തിന്റെയും നീതിപൂര്‍വകമായ വിതരണമല്ല അനീതി നിറഞ്ഞ പിടിച്ചെടുക്കലുകളാണ്‌ ജനങ്ങള്‍പോലും ആഗ്രഹിക്കുന്നതെന്ന പ്രശ്‌നവും മിക്കപ്പോളും ഇതിനോട്‌ ചേര്‍ന്ന്‌ ഉയര്‍ന്നുവരുന്നു. എല്ലാവര്‍ക്കും നീതി കിട്ടണമെന്നതല്ല, അനീതിയായാല്‍പ്പോലും തനിക്ക്‌ അര്‍ഹിക്കുന്നതിലും വലിയ പങ്ക്‌ കിട്ടണമെന്നതില്‍ മാത്രമാണ്‌ ജനത്തിന്റെയും ആഗ്രഹം.

ജനാധിപത്യമാണ്‌ ലോകത്തിലെ ഏറ്റവും നീതിവത്തായ ഭരണസംവിധാനം എന്ന സത്യം കുഴിച്ചുമൂടപ്പെടുകയും സംഘടിത ശക്തികള്‍ അസംഘടിതര്‍ക്ക്‌ മേല്‍ കെട്ടിപ്പൊക്കുന്ന ആധിപത്യമാണ്‌ അത്‌ എന്ന്‌ മാറ്റിയെഴുതുകയുമാണ്‌ ചെയ്യുന്നത്‌. സേവനമല്ല, തൊഴിലാണ്‌ രാഷ്‌ട്രീയം എന്ന്‌ പറയുന്നവരുടെ എണ്ണം പെരുകുകയാണ്‌. ഏതെങ്കിലും മേഖലയിലേക്ക്‌ തൊഴില്‍തേടിപ്പോകാന്‍ കഴിയുന്നവരെല്ലാം പോയിക്കഴിഞ്ഞാല്‍ അവശേഷിക്കുന്നവരാണ്‌ മിക്കപ്പോഴും രാഷ്‌ ട്രീയപ്രവര്‍ത്തകരായി മാറുന്നത്‌. അവരില്‍നിന്നാണ്‌ മെമ്പര്‍ ഓഫ്‌ പഞ്ചായത്തും മെമ്പര്‍ ഓഫ്‌ പാര്‍ലമെന്റും ഉണ്ടാകുന്നത്‌. കരിയര്‍ പൊളിറ്റീഷ്യന്‍സ്‌ എന്നത്‌ പൂര്‍ണമായി ഒരു ചീത്തവാക്കല്ല. എന്നാല്‍ ഗ്രാമഗ്രാന്തരങ്ങളില്‍ മറ്റൊരു വരുമാനമാര്‍ഗവുമില്ലാത്ത പ്രവര്‍ത്തകന്മാര്‍ എങ്ങനെയാണ്‌ ജീവിതമാര്‍ഗം കണ്ടെത്തുന്നത്‌ എന്നാരും അന്വേഷിക്കാറേ ഇല്ല. സമ്പന്നരുടെ സേവനദൗത്യങ്ങള്‍ ഏറ്റെടുത്തും ആളുകളില്‍ നിന്ന്‌ കപ്പം പിരിച്ചെടുത്തും കുറെയെല്ലാം ഭയപ്പെടുത്തിപ്പിരിച്ചും ഉപജീവിക്കുന്നവര്‍ ഏത്‌ നിലയിലാണ്‌ അധോലോകസംഘങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തരാകുന്നത്‌ എന്നേ മനസ്സിലാകാതുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Go Top