പരീക്ഷണങ്ങള്‍ ഒടുങ്ങിയ രാഷ്ട്രീയലാബ്‌

എൻ.പി.രാജേന്ദ്രൻ

ഏറെ പരീക്ഷണങ്ങള്‍ നടന്ന രാഷ്ട്രീയലാബ്‌ ആണ്‌ കേരളമെന്ന്‌ പറയാറുണ്ട്‌. ഇന്ത്യ ഒന്നടങ്കം കേരളത്തെ അത്ഭുതത്തോടെ നോക്കിനിന്നിട്ടുമുണ്ട്‌. ചില പരീക്ഷണങ്ങള്‍ പില്‍ക്കാലത്ത്‌ മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രത്തില്‍ തന്നെയും സ്വീകരിക്കപ്പെട്ടു. നമ്മുടെ ഉയര്‍ന്ന രാഷ്ട്രീയബോധത്തിന്റേയും പക്വതയുടെയുമെല്ലാം തെളിവുകളായി ഇവ നാം തന്നെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്‌.

കൂട്ടുകക്ഷിമുന്നണിഭരണത്തെ അനാശാസ്യവും ഒഴിവാക്കേണ്ടതുമായ ഒരു അഭ്യാസമായാണ്‌ തുടക്കത്തില്‍ കണ്ടിരുന്നത്‌. രാഷ്ടീയകക്ഷികള്‍ തന്നെ ഇതിനെ അങ്ങിനെയാണ്‌ അവതരിപ്പിച്ചിരുന്നതും. ഒരു കൊടിമരത്തില്‍ പത്തു കൊടി ,ഭരണം കിട്ടിയാല്‍ തമ്മിലടി എന്നൊരു മുദ്രാവാക്യം കേട്ടത്‌ ഓര്‍മയുണ്ട്‌. ആരാണ്‌ മുദ്രാവാക്യം ഉയര്‍ത്തിയതെന്ന്‌ ഓര്‍മയില്ല. ആരുമാവാം. അമ്പത്തേഴില്‍ തനിച്ചു മത്സരിച്ച കമ്യൂണിസ്റ്റ്‌ പാര്‍ട്ടി മറ്റു പാര്‍ട്ടികളെ കുറിച്ചാവാം ഈ പരിഹാസം ഉയര്‍ത്തിയത്‌. അതല്ലെങ്കില്‍ അറുപത്തേഴിന്‌ മുമ്പെപ്പോഴെങ്കിലും കോണ്‍ഗ്രസ്സ്‌ ഉയര്‍ത്തിയതാവാം. അന്ന്‌ കേരളകോണ്‍ഗ്രസ്സിനെ പോലും കൂടെ കൂട്ടാതെയാണ്‌ കോണ്‍ഗ്രസ്‌ സി.പി.എം നേതൃത്വത്തിലുള്ള സപ്തകക്ഷിമുന്നണിയെ നേരിട്ടതും വളരെ ദയനീയമായി തോറ്റതും. അതില്‍ പിന്നീട്‌ കോണ്‍ഗ്രസ്സും അക്കാര്യം മിണ്ടാറില്ല. പല സംസ്ഥാനങ്ങളിലും മുന്നണി സംവിധാനത്തില്‍ പങ്കാളികളായെങ്കിലും കേന്ദ്രത്തില്‍ അത്തരം ഏര്‍പ്പാടുകള്‍ പറ്റില്ലെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ നിലപാട്‌. എഴുപത്തേഴിലാണല്ലോ കോണ്‍ഗ്രസ്സിതര കക്ഷികള്‍ കേന്ദ്രത്തിലെ ആദ്യകൂട്ടുകക്ഷിമന്ത്രിസഭ ഉണ്ടാക്കിയത്‌. അപ്പോഴും കോണ്‍ഗ്രസ്‌ നിലപാട്‌ മാറ്റിയില്ല. സോണിയാ ഗാന്ധി കോണ്‍ഗ്രസ്‌ നേതൃത്വം ഏറ്റെടുത്ത ശേഷവും ഒറ്റക്ക്‌ മത്സരിച്ച്‌ ഭരിക്കാമെന്ന വ്യാമോഹവുമാണ്‌ കോണ്‍ഗ്രസ്സിനുണ്ടായിരുന്നത്‌. ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ ഭരണത്തെ താഴെയിറക്കുവാന്‍ മറ്റൊരു വഴിയുമില്ലെന്ന്‌ ബോധ്യപ്പെട്ടപ്പോള്‍ മാത്രമാണ്‌ മുമ്പ്‌ പറഞ്ഞതെല്ലാം മാറ്റിവെച്ച്‌ ആ ത്യാഗ ‘ ത്തിന്‌ കോണ്‍ഗ്രസ്‌ തയ്യാറായത്‌.

വാജ്പേയി മന്ത്രിസഭയും പൂര്‍ണഅര്‍ത്ഥത്തിലുള്ള കൂട്ടുകക്ഷിമന്ത്രിസഭയായിരുന്നു. ഒരു സംസ്ഥാനത്തിലും ഉണ്ടായിട്ടില്ലാത്തത്ര- ഇരുപത്തിനാല്‌ കക്ഷികള്‍- ഈ ഭരണത്തില്‍ പങ്കാളികളായി. മുമ്പൊരിക്കലും ബി.ജെ.പി.യുമായി ഒരു തരത്തിലും ബന്ധപ്പെടാന്‍ തയ്യാറല്ലാതിരുന്ന കക്ഷികളാണ്‌ ഭരണത്തില്‍ പങ്കാളികളായത്‌. സംസ്ഥാനഭരണങ്ങളില്‍ നിന്ന്‌ വേണ്ടത്ര അറിവും അനുഭവവും ഉണ്ടായത്‌ കൊണ്ടാവാം ഘടകകക്ഷികള്‍ തമ്മില്‍ തല്ലുകയോ ഭരണം തകരുകയോ ഉണ്ടായില്ല.

കേരളം പരീക്ഷിച്ചു വിജയിച്ച കാര്യം തന്നെയാണ്‌ കേന്ദ്രത്തിലും ഇന്ത്യയൊട്ടാകെയും നടപ്പായതെങ്കിലും ഇതില്‍ കേരളത്തിന്റേതായ എന്തെങ്കിലും ബൗദ്ധികസംഭാവനകള്‍ ഉണ്ടായതായി തോന്നുന്നില്ല. പരിത: സ്ഥിതികളുടെ സമ്മര്‍ദ്ദവും രാഷ്ട്രീയകക്ഷികളുടെ അധികാരത്തിലേറാനുള്ള വ്യഗ്രതയും കൂടിച്ചേര്‍ന്ന്‌ സൃഷ്ടിക്കപ്പെട്ട അനിവാര്യതയാണ്‌ മുന്നണിസംവിധാനത്തിന്‌ പ്രാബല്യം നല്‍കിയത്‌. ഇത്‌ മോശം കാര്യമാണെന്നല്ല. അറുപത്തഞ്ചില്‍ കേരളത്തില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാനോ തിരഞ്ഞെടുപ്പിന്‌ ശേഷം ഭൂരിപക്ഷപിന്തുണയുള്ള കൂട്ടുകെട്ട്‌ ഉണ്ടാക്കാനോ കഴിയാതെ വന്നപ്പോഴാണ്‌ നിയമസഭ വിളിച്ചുകൂട്ടുക പോലും ചെയ്യാനാകാതെ പിരിച്ചുവിടേണ്ടിവന്നത്‌. ഈ അനുഭവം പിന്നീടൊരിടത്തും ഉണ്ടായില്ല. മുന്നണിസംവിധാനത്തിന്‌ അംഗീകാരവും നിയമപരമായ പ്രാബല്യവും ഇല്ലായിരുന്നുവെങ്കില്‍ ഒരു പാട്‌ സംസ്ഥാനങ്ങളിലും കേന്ദ്രത്തില്‍ തന്നെയും ഇതേ സ്ഥിതി ആവര്‍ത്തിക്കപ്പെടുമായിരുന്നു. ജനാധിപത്യസംവിധാനത്തിന്റെ നടത്തിപ്പു തന്നെ പ്രയാസമാവുമായിരുന്നു. കേരളം കാട്ടിയ മാതൃക ആ അര്‍ത്ഥത്തില്‍ ജനാധിപത്യം ശക്തിപ്പെടുത്തിയെന്ന്‌ സമ്മതിക്കാം.

കൂട്ടുകക്ഷിസംവിധാനം എന്ന ഒരു കാര്യം മാറ്റിനിര്‍ത്തിയാല്‍ കേരളത്തില്‍ നടന്ന മേറ്റ്ന്ത്‌ രാഷ്ട്രീയ പരീക്ഷണത്തിനാണ്‌ ദേശീയാംഗീകാരം ലഭിച്ചിട്ടുള്ളത്‌ ?. ഇന്ത്യക്ക്‌ മാതൃകയായി നാം എന്താണ്‌ സൃഷ്ടിച്ചിട്ടുള്ളത്‌ ? തിരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഒരു സര്‍ക്കാര്‍ അധികാരത്തിലേറി എന്നത്‌ ലോകം ശ്രദ്ധിച്ച സംഭവമായിരുന്നുവെങ്കിലും ഇത്‌ ലോകത്തിന്‌ ഒരു പുതുവഴിയായി മാറിയോ എന്നതിനെ കുറിച്ച്‌ സംശയമുണ്ട്‌. പാര്‍ലമെന്ററി വ്യവസ്ഥയെ ഫലപ്രദമായി ഉപയോഗപ്പെടുത്താനോ പുതുവഴി വെട്ടിത്തെളിയിക്കുവാനോ കേരളത്തിലെ കമ്യുണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ കഴിയുകയുണ്ടായില്ല. ലോകമെങ്ങും കമ്യുണിസ്റ്റ്‌ ഭരണവ്യവസ്ഥകള്‍ തകര്‍ന്നടിഞ്ഞതിന്‌ ശേഷം പോലും പാര്‍ലമെന്ററി രീതിയാണ്‌ തങ്ങളുടെയും സ്വാഭാവികമായ ഭരണസമ്പ്രദായം എന്നംഗീകരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. പാര്‍ലമെന്ററി മാര്‍ഗം ശരിയായ മാര്‍ഗമാണ്‌ എന്ന്‌ എതെങ്കിലും കമ്യുണിസ്റ്റുകാരന്‍ പറഞ്ഞാല്‍ ആ ആളെ സോഷ്യല്‍ ഡമോക്രാറ്റ്‌ എന്നും പാര്‍ലമെന്ററി വ്യാമോഹത്തിന്റെ ചെളിക്കുഴിയില്‍ വീണ തിരുത്തല്‍വാദിയെന്നും മുദ്ര കുത്തുകയാണ്‌ ഇപ്പോഴും സ്വീകരിച്ചു വരുന്ന രീതി.

പാര്‍ലമെന്ററി മാര്‍ഗത്തിലൂടെ തുടരെ തുടരെ ഭരണത്തില്‍ വന്നിട്ടും മറ്റു ബൂര്‍ഷ്വാപാര്‍ട്ടികളില്‍ നിന്ന്‌ വ്യത്യസ്ഥമായ ഭരണനയങ്ങളോ സംസ്കാരമോ വികസനമാതൃകയോ സൃഷ്ടിച്ചെടുക്കാന്‍ കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കായിട്ടില്ല. കേരളം ഏറ്റവും കൂടുതല്‍ കാലം കമ്യുണിസ്റ്റ്‌ മുഖ്യമന്ത്രിമാര്‍ക്ക്‌ കീഴിലായിരുന്നു . ഇതു കേരളത്തെ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന്്‌ ഏതെങ്കിലും രീതിയില്‍ വ്യത്യസ്തമോ മേന്മയുള്ളതോ ആക്കിയോ?. ചരിത്രപരമായ കാരണങ്ങളാല്‍ വിദ്യാഭ്യാസം, വനിതകളുടെ വളര്‍ച്ച, ആരോഗ്യസംരക്ഷണം, ജനസംഖ്യാനിയന്ത്രണം തുടങ്ങിയ മേഖലകളില്‍ നേടിയ മുന്നേറ്റം മാറ്റി നിര്‍ത്തിയാല്‍ കേരളം അയല്‍സംസ്ഥാനങ്ങളുണ്ടാക്കിയ നേട്ടം പോലും ഉണ്ടാക്കിയിട്ടില്ല എന്നു കാണാവുന്നതാണ്‌.

ആദര്‍ശാധിഷ്ടിതരാഷ്ട്രീയത്തിന്റെ കാര്യത്തിലും കേരളം മാതൃകയായില്ലെന്നു മാത്രമല്ല കക്ഷികള്‍ തമ്മില്‍ കൊടിയുടെ നിറത്തിലും മുദ്രാവാക്യത്തിലുമല്ലാതെ വേറെ വ്യത്യാസങ്ങള്‍ ഒന്നും ഇല്ല എന്ന്‌ കാട്ടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്‌. കൂട്ടുകൂടാന്‍ പറ്റാത്ത പാര്‍ട്ടിയൊന്നുമില്ല എന്നു തെളിയിക്കാന്‍ വ്യഗ്രത കാട്ടുകയായിരുന്നു പാര്‍ട്ടികള്‍ . ഒരിക്കലെങ്കിലും കൂട്ടുകൂടുകയോ യോജിച്ചുനില്‍ക്കുകയോ ചെയ്തിട്ടില്ലാത്ത പാര്‍ട്ടികളേതുണ്ടു കേരളത്തില്‍ ? ഇതൊരു പരീക്ഷണമായിരുന്നു എന്ന്‌ അംഗീകരിച്ചാലും കേരളം ഈ പരീക്ഷണവും പിന്നിട്ടിരിക്കുന്നു- ആര്‍ക്കും ആരുമായും കൂട്ടൂകൂടാം. കൊടിയുടെ നിറത്തിലും മുന്നണിയുടെ പേരിലും മാത്രമേ വ്യത്യാസമുള്ളൂ. കക്ഷികള്‍ തമ്മില്‍ ഭേദമേതുമില്ല.

കമ്യുണിസ്റ്റുകാരും അവരെ വെല്ലുന്ന പുരോഗമനവാദികളും മാറി മാറി ഭരിച്ച സംസ്ഥാനം ഇന്നെവിടെ നില്‍ക്കുന്നു ? ലോകോത്തരനേട്ടമായി ഉയര്‍ത്തിപ്പിടിച്ചിരുന്ന കേരളമോഡലിന്റെ അവസ്ഥയെന്താണ്‌ ? നവോത്ഥാനകാലഘട്ടത്തിന്റെ സംഭാവനയായ കുറെ നേട്ടങ്ങളുടെ ബാക്കിപത്രങ്ങളല്ലാതെ സാമ്പത്തിക-സാമൂഹിക-വിദ്യാഭ്യാസ മേഖലകളില്‍ നാമെന്താണ്‌ നേടിയത്‌ ? കാര്‍ഷികമേഖലയില്‍ കുതിച്ചുചാടാന്‍ കൃഷിഭുമി കര്‍ഷകന്‌ നല്‍കണമെന്നായിരുന്നു വാദം. കേരളം പോലെ ഭൂനിയമ പരിഷ്കാരം നടപ്പാക്കിയ മറ്റൊരു സംസ്ഥാനവുമുണ്ടാകില്ല. എന്നിട്ടെന്തായി ? കേരളത്തിലേത്‌ പോലെ കാര്‍ഷികോത്പാദനം പാടെ തകര്‍ന്ന മറ്റൊരു സംസ്ഥാനം കാണില്ല. ആവശ്യമുള്ള പച്ചക്കറികള്‍ പോലും സ്വയം ഉണ്ടാക്കാത്ത ഒരു സംസ്ഥാനം. വ്യവസായരംഗത്ത്‌, വിദ്യാഭ്യാസത്തില്‍, ഗതാഗതമേഖലയില്‍ …കേരളം അമ്പത്‌ കൊല്ലം കൊണ്ട്‌ കുതിച്ചുചാടിയ ഒരു വിഭാഗമെങ്കിലുമുണ്ടോ ? വിദേശത്ത്‌ ജോലിചെയ്യുന്ന മലയാളികളില്‍ നിന്നുള്ള വരുമാനം കൊണ്ട്‌ മാത്രം സമ്പന്നതയുടെ മോടിയണിയുകയാണ്‌ കേരളം. ഇക്കാര്യത്തിലാകട്ടെ ഭരണാധികാരികള്‍ക്ക്‌ ഒരു പങ്കുമില്ലതാനും . നാമൊന്നും ഉല്‍പ്പാദിപ്പിക്കുന്നില്ല, എല്ലാം വാങ്ങിക്കൂട്ടുകമാത്രം ചെയ്യുന്നു. ഇതുമില്ലായിരുന്നെങ്കില്‍ കേരളം എവിടെ നില്‍ക്കുമായിരുന്നു ?
ആദര്‍ശധീരന്മാര്‍ മാത്രം എക്കാലവും ഭരണം നടത്തിയ സംസ്ഥാനത്ത്‌ അഴിമതിയുടെയും അക്രമത്തിന്റെയും സ്ത്രീപീഡനത്തിന്റെയും അധോലോകത്തിന്റെയുമെല്ലാം തേര്‍വാഴ്ചയാണ്‌. കോണ്‍ട്രാക്റ്റര്‍മാരും അധോലോകക്കാരും രാഷ്ട്രീയക്കാരും നിയമപാലകരുമെല്ലാം ചേര്‍ന്നുള്ള ഗൂഡസംഘത്തിന്റെ പിടിയിലാണ്‌ കേരളം. ഇടതുപക്ഷക്കാര്‍ക്ക്‌ വന്‍തോതില്‍ മുന്‍തൂക്കമുള്ള ഉദ്യോഗസ്ഥമേഖലയില്‍ ജനവിരുദ്ധമനോഭാവം കൊടികുത്തിവാഴുന്നു. എല്ലാം അറിയുന്ന നമുക്ക്‌ ഈ അമ്പതാം വാര്‍ഷികം എല്ലാം മറന്ന്‌ ആഘോഷിക്കാനാവുമോ ?

Leave a Reply

Your email address will not be published. Required fields are marked *

Go Top