രാഷ്ട്രീയ വിശ്വാസ്യത തകര്‍ച്ചയുടെ നെല്ലിപ്പടിയില്‍

എൻ.പി.രാജേന്ദ്രൻ

രാഷ്ട്രീയത്തിന്റെ തകര്‍ച്ചയെക്കുറിച്ചും മൂല്യച്യുതിയെക്കുറിച്ചുമെല്ലാം നാമേറെ വേവലാതിയോടെ ചര്‍ച്ച ചെയ്യാറുണ്ടെങ്കിലും, ഒരു സത്യം ആശ്വാസം പകരാറുണ്ട്‌. ധാര്‍മികത്തകര്‍ച്ചയുടെ കാര്യത്തില്‍ കേരളം താരതമ്യേന ഭേദപ്പെട്ട നിലയിലാണ്‌. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെവിടെ നില്‍ക്കുന്നു, കേരളമെവിടെ നില്‍ക്കുന്നു? സമീപകാലത്ത്‌ ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണല്‍ എന്ന അന്താരാഷ്ട്ര സംഘടന ഇന്ത്യയിലാകെ നടത്തിയ സര്‍വേയില്‍ കണ്ടത്‌ ഇന്ത്യയില്‍ ഏറ്റവും കുറച്ച്‌ അഴിമതിയുള്ള സംസ്ഥാനം കേരളമാണെന്നാണ്‌. ഇക്കഴിഞ്ഞ സംസ്ഥാന നിയമസഭാ സമ്മേളനത്തില്‍ ‘ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ’ ഗുഡ്കോണ്‍ഡക്റ്റ്‌ സര്‍ട്ടിഫിക്കറ്റ്‌ ഭരണകക്ഷിയംഗങ്ങള്‍ എടുത്തുവീശുന്നുണ്ടായിരുന്നു. ഭരണകക്ഷിക്കാര്‍ക്കെതിരെ പ്രതിപക്ഷവും പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷവും അഴിമതിയാരോപണങ്ങളുടെ പെരുമഴ പെയ്യിക്കുന്നതിന്‌ ഇടയിലായിരുന്നു. ഈ സദ്സവ‍്ഭാവിവേഷം കെട്ടലെന്നത്‌ കൌതുകകരമായിരുന്നു.

ഏറ്റവും ഉയര്‍ന്ന ധാര്‍മികനിലവാരമുണ്ടായിരുന്ന നേതാക്കന്‍മാരാണ്‌ കേരളത്തില്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിമാരായിരുന്നത്‌. ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടാകട്ടെ, പട്ടം താണുപിള്ളയാകട്ടെ, സി.അച്യുതമേനോനാകട്ടെ, പി.കെ.വാസുദേവന്‍ നായരാകട്ടെ, ഇ.കെണായനാരാകട്ടെ, എ.കെ.ആന്റണിയാകട്ടെ വ്യക്തിപരമായി അഴിമതിക്കാരാണെന്ന്‌ ഇവരെക്കുറിച്ചൊന്നും കടുത്ത എതിരാളികള്‍പോലും ആക്ഷേപിക്കില്ല. ഇന്നത്തെ ചിത്രമെന്തായിരുന്നാലും 1ന്ന77-ല്‍ രാജിവയ്ക്കുംവരെ കെ.കരുണാകരനെപോലും ആരും അഴിമതിക്കാരന്‍ എന്നു ആക്ഷേപിക്കില്ലായിരുന്നു. എന്തുകൊണ്ടാണ്‌ ഇങ്ങനെ ഒരു നീണ്ടനിര സത്യസത്യലാന്‍മാര്‍ കേരളത്തില്‍ മാത്രം ഉണ്ടായതെന്ന ചോദ്യം കേരളത്തിന്റെ രാഷ്ട്രീയമായ ഉദ്ബുദ്ധതയിലേക്കും ഉയര്‍ന്ന സാക്ഷരതയിലേക്കും മാധ്യമങ്ങളുടെ ജാഗ്രതാവസ്ഥയിലേക്കും ആണ്‌ വിരല്‍ചൂണ്ടുന്നത്‌. നേതൃത്വത്തിന്റെ ഉന്നതങ്ങളിലേക്ക്‌ പ്രവര്‍ത്തകന്‍മാര്‍ ഉന്തിനീക്കുക സത്യസന്ധന്‍മാരെയാണ്‌. രാഷ്ട്രീയ വിജയത്തിന്‌ ആവശ്യമായ ഗുണങ്ങളിലൊന്ന്‌ ‘നല്ല ഇമേജ്‌’ ആണെന്ന്‌ താഴെക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്കും അറിയാം. എന്താണ്‌ ഈ ‘നല്ല ഇമേജ്‌?’ വോട്ട്‌ ചെയ്ത്‌ ജയിപ്പിക്കുന്ന നമ്മെ വഞ്ചിച്ച്‌ സംസ്ഥാനത്തെ വിറ്റ്‌ പോക്കറ്റില്‍ പണമിടുന്ന ആളല്ല നേതാവ്‌ എന്നതുതന്നെയാണ്‌ ഈ ‘ഇമേജ്‌’. വ്യക്തിപരമായ പരിചയം ഇല്ലെങ്കിലും തനിക്ക്‌ വിശ്വസിക്കാന്‍ കൊള്ളാവുന്നവനാണ്‌ നേതാവെന്ന്‌ വോട്ടര്‍ക്ക്‌ ഉണ്ടാകുന്ന ശരിയോ തെറ്റോ ആയ തോന്നലാണിത്‌.

‘നല്ല ഇമേജ്‌’ ഉള്ള എത്ര നേതാക്കള്‍ ഇന്ന്‌ കേരളത്തിലുണ്ട്‌? എന്താണ്‌ അവരുടെ അവസ്ഥ? അന്വേഷിക്കേണ്ട വിഷയം തന്നെയാണിത്‌. കോണ്‍ഗ്രസിന്റെ നേതാക്കന്‍മാരില്‍ കഴിഞ്ഞ മൂന്നുദശകത്തിലേറെയായി ആദര്‍ശധീരതയുടെയും സത്യസന്ധതയുടെയും പ്രതീകമായി കൊണ്ടാടപ്പെട്ട ഒരു നേതാവ്‌ എ.കെ.ആന്റണിയാണ്‌. മൂന്നുവട്ടം മുഖ്യമന്ത്രിയും ഒരിക്കല്‍ കേന്ദ്രമന്ത്രിയും ആയിട്ടുണ്ട്‌ ആന്റണി. തുടര്‍ച്ചയായി നാലുവര്‍ഷം മുഖ്യമന്ത്രിസ്ഥാനത്തിരുന്ന ആന്റണി വളരെ വിജയകരമായാണ്‌ അധികാരം കൈകാര്യം ചെയ്തതെന്നു പറയാനാവില്ല. കാരണങ്ങള്‍ എന്തുതന്നെയായാലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന്‌ ഉണ്ടായ നാണംകെട്ട തോല്‍വി എ.കെ.ആന്റണിയുടെ കൂടി വന്‍പരാജയമായിരുന്നു. പുഞ്ചിരിച്ചുകൊണ്ടല്ല ആന്റണി മുഖ്യമന്ത്രിസ്ഥാനത്ത്‌ നിന്നിറങ്ങിയത്‌. ആന്റണി സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ്‌ കേരളത്തില്‍ തുടച്ചുനീക്കപ്പെടും എന്ന്‌ ആത്മാര്‍ഥമായിത്തന്നെ വിശ്വസിച്ച കോണ്‍ഗ്രസുകാരുണ്ട്‌. അവര്‍, ഏറ്റവും ക്ഷോഭിച്ച നിമിഷത്തില്‍പോലും ആന്റണി അഴിമതിക്കാരനാണ്‍ന്നാ, അഴിമതിയാണു കോണ്‍ഗ്രസിന്റെ ജനപിന്തുണ നഷ്ടപ്പെടുത്തുന്നത്ന്നാ കുറ്റപ്പെടുത്തുകയുണ്ടായില്ല. നാലുവര്‍ഷത്തിനിടയില്‍ ഏറ്റവും കുറച്ച്‌ അഴിമതി ആരോപണങ്ങളേ ഉയര്‍ന്നുവന്നിരുന്നുള്ളൂ. അഴിമതി നടന്നാലും വിരോധമില്ല, ഉറച്ച്‌ ഭരിക്കുന്നു എന്ന്‌ ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടുകയാണ്‌ വേണ്ടതെന്നവര്‍ വാദിക്കുന്നുണ്ടായിരുന്നു. എന്തായാലും, ആന്റണി അധികാരത്തിനു പുറത്തായി.

വ്യക്തിപരമായ ഇമേജ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളില്‍ നിര്‍ണ ാ‍യക ഘടകമാകാറില്ലെന്നാണ്‌ പറയുക. അഴിമതിക്കാരനോ, ദുര്‍നടപ്പുകാരനോ ആയ ഒരാള്‍പോലും തങ്ങളുടെ നേതൃത്വത്തിലില്ലെന്ന്‌ ഉറച്ച്‌ അവകാശപ്പെടുന്ന പാര്‍ട്ടിയാണഠ്‌ സി.പി.എം. ഏതെങ്കിലും നേതാവിന്റെ ആദര്‍ശധീരതയെ ചൂണ്ടി
സി.പി.എം. പ്രചാരണം നടത്താറേ ഇല്ല. തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവരാഷ്ട്രീയത്തില്‍ വ്യക്തിപരമായ ഇമേജുകള്‍ക്ക്‌ പ്രസക്തിയില്ലെന്നത്‌ ശരിയാണ്‌. എന്നാല്‍, നേതാക്കളുടെ ത്യാഗം പാര്‍ട്ടിയുടെ മൂലധനമായി കരുതുന്നവര്‍ തന്നെയാണ്‌ സി.പി.എം- സി.പി.ഐ. കക്ഷികളിലുള്ളത്‌. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ത്യാഗമാണ്‌ പാര്‍ട്ടിയെ വിജയത്തിലേക്ക്‌ നയിക്കുന്നത്‌ എന്നവര്‍ അടിവരയിട്ട്‌ പറയാറുണ്ടായിരുന്നു. സ്വത്തുമുഴുവന്‍ പാര്‍ട്ടിക്ക്‌ നല്‍കുകയും പാര്‍ട്ടി നല്‍കിയ തുച്ഛശമ്പളംകൊണ്ട്‌ ജീവിക്കുകയും ചെയ്യുന്ന ഭൂപ്രഭുവായിരുന്ന ശുദ്ധ ബ്രാഹ്മണന്‍ എന്ന ഇമേജ്‌ ഇ.എം.എസിനെ രാഷ്ട്രീയമായി വളരാന്‍ സഹായിച്ചില്ല എന്നാരും പറയുകയില്ല. ആദര്‍ശധീരതയും സത്യസന്ധതയും തന്നെയാണ്‌ ഈ ഇമേജിന്റെയും അടിത്തറ ഇന്ന്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളില്‍ ഇ.എം.എസ്‌., സി.അച്യുതമേനോന്‍, പി.കെ.വി.മാരുമായി തുലനം ചെയ്യാവുന്ന നേതാക്കളില്ല എന്നു സമ്മതിക്കാം. എന്നാല്‍, വി.എസ്‌.അച്യുതാനന്ദന്‍ വേറിട്ടുനില്‍ക്കുന്നു. രാഷ്ട്രീയസായാഹ്നത്തില്‍ എല്ലാറ്റിനോടും വഴങ്ങി ഒത്തുതീര്‍പ്പുകളിലൂടെ സ്ഥാനമാനങ്ങള്‍ നിലനിറുത്തുക എന്നതാണ്‌ പഴയ പല ആദര്‍ശധീരരും ചെയ്തുകൊണ്ടിരുന്നത്‌. ഇ.കെണായനാരെക്കുറിച്ചുപോലും ഈ ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍, കഴിഞ്ഞകാലത്തെല്ലാം ‘മുരടന്‍’ ആയി കരുതപ്പെട്ടിരുന്ന വി.എസ്‌. കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിതത്ത്വങ്ങള്‍ക്ക്‌ അപ്പുറം ഉയര്‍ന്ന്‌ ഒരു യഥാര്‍ഥ ജനനേതാവാകുന്നതിന്റെ പക്വതയും ഹൃദയവിശാലതയും പ്രകടിപ്പിച്ചുതുടങ്ങിയതായിരുന്നു. സ്വന്തം പാര്‍ട്ടിയുടെ തെറ്റുകള്‍ക്ക്‌ എതിരേപോലും അച്യുതാനന്ദന്‍ നിലകൊള്ളും എന്ന ഇമേജാണ്‌ ജനങ്ങള്‍ക്കുണ്ടായിരുന്നത്‌. എന്നാല്‍, ഇന്നു വി.എസിന്റെ നിലയെന്താണ്‌? ആന്റണിയോളം അകലേക്ക്‌ തട്ടിത്തെറുപ്പിക്കപ്പെട്ടിട്ടില്ലെന്ന്‌ ആശ്വസിക്കാം. എന്നാല്‍, വി.എസ്‌. ഇന്ന്‌ പാര്‍ട്ടിക്കകത്ത്‌ നേതൃസ്ഥാനത്തല്ല. ചിലപ്പോഴെല്ലാം പ്രതിക്കൂട്ടില്‍ തന്നെയാണ്‌. വി.എസ്‌. പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ടാല്‍ അത്ഭുതപ്പെടേണ്ട എന്നു പറയുന്നവര്‍പോലും ധാരാളമുണ്ട്‌.

വി.എസിന്റെയും എ.കെ.ആന്റണിയുടെയും സ്ഥാനപരമായ ഔന്നത്യം ഉണ്ടായിരുന്നില്ലെങ്കിലും കമ്യൂണിസ്റ്റേതര ജനവിഭാഗങ്ങള്‍ പ്രതീക്ഷയോടെ നോക്കിക്കണ്ട മറ്റൊരു നേതാവ്‌ വി.എം. സുധീരനാണ്‌. ലാഭനഷ്ടങ്ങള്‍ നോക്കാതെ ശരിയുടെ പക്ഷത്തുനില്‍ക്കാന്‍ നെഞ്ചുറപ്പ്‌ കാട്ടിയ അപൂര്‍വം നേതാക്കളില്‍ ഒരാള്‍. ഭരണനൈപുണ്യവും ആദര്‍ശധീരതയും ഒത്തുചേര്‍ന്ന നേതാക്കള്‍ കേരളത്തില്‍ സി.അച്യുതമേനോനെപോലെ വളരെ കുറച്ചുപേരെ ഉണ്ടായിരുന്നുള്ളൂ. ചുരുങ്ങിയ കാലം മാത്രം മന്ത്രിസ്ഥാനത്തിരുന്ന സുധീരന്‍ ഈ കാര്യത്തില്‍ പ്രതീക്ഷയ്ക്ക്‌ വകനല്‍കിയിരുന്നു. സുധീരനും ഇന്ന്‌ എവിടെ നില്‍ക്കുന്നു?

ആദര്‍ശധീരന്‍മാര്‍ക്ക്‌ സ്ഥാനമോ, നിലനില്‍പ്‌ പോലുമോ ഇല്ലാത്ത പതനത്തിലേക്ക്‌ കേരളരാഷ്ട്രീയം എത്തുകയാണ്‌. സംസ്ഥാനനിയമസഭയില്‍ ഉയര്‍ന്നുവന്ന അവിശ്വാസപ്രമേയവും അതിന്റെ ചര്‍ച്ചയും കേരളീയര്‍ക്ക്‌ ഞെട്ടിപ്പിക്കുന്ന അനുഭവമായി മാറി. കോടികളുടെ അഴിമതിയാരോപണങ്ങള്‍ അങ്ങേയറ്റത്തെ ലാഘവത്വത്തോടെയാണ്‌ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചെറിഞ്ഞത്‌.

മൂന്നു ജലവൈദ്യുതപദ്ധതികളുമായി ബന്ധപ്പെട്ട്‌ ചോദ്യം ചെയ്യപ്പേണ്ടത പലതും നടന്നിട്ടുണെന്ന്‌ അറിയാത്ത ഒരു നേതാ വും ഭരണ -പ്രതിപക്ഷ മുന്നണികളില്‍ ഇല്ലായിരുന്നു. എന്നിട്ടും അക്കൌണ്ടന്റ്‌ ജനറലിന്റെ ഓഫീസില്‍നിന്ന്‌ ഒരു ചോദ്യം ചോദിക്കപ്പെടുന്നതുവരെ ഭരണ പ്രതിപക്ഷാംഗങ്ങള്‍ ഒരു ചോദ്യവും ഉയര്‍ത്തിയില്ല. അഴിമതി അറിഞ്ഞാലും മൌനംകൊണ്ട്‌ പരസ്പരം രക്ഷിക്കാനുള്ള സൌഹൃദക്കരാറില്‍ ഭാഗമാക്കായിരുന്നു ഭരണ പ്രതിപക്ഷകക്ഷികള്‍. ഒരു ലാവ്ലിന്‍ ആക്ഷേപം ഉയര്‍ന്നപ്പോഴേക്ക്‌ എവിടെനിന്നാണ്‌ പ്രതിപക്ഷത്തിനു ഡസന്‍കണക്കിന്‌ ആരോപണങ്ങള്‍ എതിരാളികള്‍ക്കുമേല്‍ ചൊരിയാനായത്‌. ഇത്രയും നാളിതിനെക്കുറിച്ചൊന്നും എന്തേ മിണ്ടിയില്ല?

രാഷ്ട്രീയനേതൃത്വങ്ങള്‍ വിശ്വാസ്യതയുടെ നെല്ലിപ്പടിയെത്തുകയായി കേരളത്തില്‍പോലും. ഇനിയങ്ങോട്ട്‌ അധികം പോകാനില്ല. ആഗോളവത്കരണ നയങ്ങള്‍ക്കെതിരെ പോരടിക്കുന്നവര്‍ ആണെന്ന്‌ അഭിമാനം കൊള്ളുന്നവരാണ്‌ ഇവിടത്തെ ഇടതുപക്ഷക്കാര്‍. ഇടതുപക്ഷത്തുനിന്ന്‌, പാര്‍ട്ടികള്‍ക്കകത്തുനിന്നുതന്നെ ഈ നേതൃത്വങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്‌. ജനങ്ങള്‍ക്ക്‌ അവരുടെ ആത്മവിശ്വാസംതന്നെ നഷ്ടപ്പെടുകയാണ്‌. അരാഷ്ട്രീയവത്കരണവും അയഥാര്‍ഥമായ മോചനവ്യാമോഹങ്ങളുടെ മരുപ്പച്ചകളും കേരളത്തെ
നൂറ്റാണ്ടുകള്‍ക്ക്‌ പിന്നിലേക്കാണ്‌ വലിച്ചുകൊണ്ടുപോവുക എന്നവര്‍ മറക്കുകയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

Go Top