ആള്‍ക്കൂട്ടത്തിന്റെ ശക്തി ജനശക്തിയാണെന്ന് വ്യാഖ്യാനിച്ച്, നിയമപരമായ അംഗീകാരമുള്ള ഭരണാധികാരത്തെ വെല്ലുവിളിക്കുന്നത് ജനാധിപത്യപരമായി ശരിയാണെന്ന നാട്യം അംഗീകരിച്ചുകൂടാത്താല്‍ ഇല്ലാതാവുന്നത് ജനാധിപത്യംതന്നെയാണ്.
നിയമസഭാ അലക്ഷ്യം എന്നൊരു വ്യവസ്ഥ പാര്‍ലമെന്ററി സംവിധാനമുള്ള രാജ്യങ്ങളിലെല്ലാം ഉണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഒരുപാട് ഇനം കണ്ടെംപ്റ്റുകള്‍ ഉണ്ടാകാം. മിക്ക രാജ്യങ്ങളും ഏറ്റവും മോശമായി കണക്കാക്കുന്ന കണ്ടെംപ്റ്റ് ഓഫ് പാര്‍ലമെന്റ്, സഭയുടെ നടപടികള്‍ തടസ്സപ്പെടുത്തുക എന്നതാണ്. കേരളത്തില്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അരങ്ങേറിയത് ഏറ്റവും ഗുരുതരമായ ഇനം നിയമസഭാ അലക്ഷ്യമാണ്, അവകാശലംഘനമാണ്. അത് ഏതാനും മിനിറ്റ് മാത്രം നീണ്ടുനിന്നതോ പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ ഫലമായ താത്കാലിക വ്യതിയാനമോ ആയിരുന്നില്ല. തങ്ങളുടെ ഡിമാന്‍ഡ് അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാനബജറ്റിന്റെ അവതരണം അസാധ്യമാക്കുമെന്നും സംസ്ഥാനത്തിന്റെ ഭരണം സ്തംഭിപ്പിക്കുമെന്നും നിയമസഭയിലെ പ്രതിപക്ഷം ഭീഷണി ഉയര്‍ത്തുന്നതും ഒരു പ്രതീകാത്മക പ്രതിഷേധത്തിനപ്പുറം അത് പ്രായോഗികമാക്കുന്നതുമാണ് കണ്ടത്. അത് നേരിടാന്‍ സ്വീകരിച്ച നടപടികള്‍ അതിലേറെ പരിഹാസ്യമാക്കി ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിളിക്കുന്ന നിയമസഭയെ. സഭാംഗങ്ങള്‍ തന്നെ നിയമസഭയെ ജനമധ്യത്തില്‍ ഇത്രയേറെ ഇടിച്ചുതാഴ്ത്തിയ മറ്റൊരു അവസരമുണ്ടായിട്ടില്ല എന്ന് 1957 മുതല്‍ നിയമസഭ കണ്ടിട്ടുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
സംസ്ഥാന നിയമസഭാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒരു രേഖ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടതിന്, വിവരാവകാശ കമ്മീഷന്റെ കമ്മീഷണറെ സഭാസമിതിക്ക് മുമ്പാകെ വിളിച്ചുവരുത്തുകയും ശിക്ഷിക്കാന്‍ ഒരുമ്പെടുകയും ചെയ്യാന്‍ മാത്രം സ്വന്തം അധികാരത്തെ കുറിച്ചും അന്തസ്സിനെകുറിച്ചും ബോധമുള്ള മഹാന്മാരാണ് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ളത്. കുട്ടികളുള്ള വീട്ടില്‍ ടെലിവിഷന്‍ തുറന്നുവെക്കാന്‍ പോലും പറ്റാത്ത വിധം തങ്ങളുടെ തനിസ്വഭാവം പുറത്തെടുത്തതും ലോകത്തിന് മുന്നില്‍ മലയാളിയെ അപമാനിച്ചതും ഇവര്‍തന്നെയാണ്. ഇവര്‍ നിയമസഭയുടെ അന്തസ് അല്ല ഇടിച്ചുതാഴ്ത്തിയത് കേരളത്തിന്റെ അന്തസ്സാണ്.
രാജ്യസഭയുടെ പാര്‍ലമെന്ററി പെരുമാറ്റം സംബന്ധിച്ച രേഖ പലര്‍ പല വട്ടം ഉദ്ധരിച്ചിട്ടുള്ളതാണ് – പല നിലപാടുകള്‍ ന്യായീകരിക്കാന്‍തന്നെ.
‘ സഭക്കകത്തായാലും പുറത്തായാലും അംഗങ്ങളുടെ പെരുമാറ്റദൂഷ്യത്തിന് അവരെ ശിക്ഷിക്കാന്‍ സഭയ്ക്ക് അധികാരമുണ്ടാകും. അംഗങ്ങള്‍ക്കെതിരെ സഭാ അലക്ഷ്യം, പെരുമാറ്റദൂഷ്യം എന്നിവ സ്ഥാപിക്കപ്പെട്ടാല്‍ ശാസന, കുറ്റപ്പെടുത്തല്‍, സഭയില്‍ നിന്ന് പുറത്തുനിര്‍ത്തല്‍, തടവ്, സഭാംഗത്വം റദ്ദാക്കല്‍ തുടങ്ങിയ ശിക്ഷകള്‍ നടപ്പാക്കാവുന്നതാണ്. ‘
ഇതിലെ അലക്ഷ്യനടപടികളുടെ വ്യാപ്തിയും കുറ്റത്തിന്റെ ഗൗരവവും ശിക്ഷയുടെ രീതിയുമെല്ലാം പല രീതിയില്‍ വ്യാഖ്യാനിക്കാവുന്നതാണ്. ഇതില്‍ ഏത് ശിക്ഷയാണ് കേരള നിയമസഭയിലെ അംഗങ്ങള്‍ക്ക് നല്‍കേണ്ടതെന്ന് വോട്ടര്‍മാര്‍ക്ക് മനസ്സില്‍ കാണാനേ പറ്റൂ. ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കേണ്ട രീതിയില്‍ ശിക്ഷിച്ചാല്‍ പിന്നെ സഭ ചേരാനുള്ള കോറം തികയുമോ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാം.
ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ല എന്ന അന്ത്യശാസനം നടപ്പാക്കുന്നതിന് വേണ്ടി പ്രതിപക്ഷം സ്വീകരിച്ച നടപടികളും അതിനെ നേരിടുന്നതിന് ഭരണപക്ഷം സ്വീകരിച്ച നടപടികളും തലനാരിഴ കീറി പരിശോധിച്ച് മാര്‍ക്കിടുന്ന ലേഖനങ്ങളും വിലയിരുത്തലുകളും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഭരണപക്ഷത്തോടോ പ്രതിപക്ഷത്തോടോ ആഭിമുഖ്യമുള്ളവര്‍ അവരുടെ പക്ഷപാതത്തിന് അനുസരിച്ച് നിലപാടുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷം ചെയ്തതുമുഴുവന്‍ കണ്ടില്ലെന്ന് നടിച്ച്, ഭരണകക്ഷി ബജറ്റ് അവതരിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ മാത്രം തലനാരിഴ കീറി സഭാ ചട്ടങ്ങളുടെ ഭൂതക്കണ്ണാടിയിലൂടെ പരിശോധിച്ച് തള്ളിക്കളയുക എളുപ്പമാണ്. അതുപോലെ എളുപ്പമാണ്, പ്രതിപക്ഷത്തിന്റെ അതിരുകടന്ന നടപടിയെ നേരിടാന്‍ എന്ന മട്ടില്‍ സര്‍ക്കാര്‍ പക്ഷം സ്വീകരിച്ച എല്ലാറ്റിനെയും ന്യായീകരിക്കാന്‍. രണ്ടും പക്ഷപാതപരമാണ്. രണ്ടും, ജനാധിപത്യത്തിന്റെ അടിസ്ഥാനമായ സഹിഷ്ണതയുടെയും നിയമപരമായ മാര്‍ഗത്തിലൂടെയുള്ള സമാധാനപരമായ പ്രതിഷേധത്തിന്റെയും ഭരണനിര്‍വഹണത്തിന്റെയും മൂല്യങ്ങളെ പരിപോഷിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല: സ്വന്തം പക്ഷത്തിന്റെ പോയന്റുകള്‍ ഉന്നയിച്ച് കേസ് വാദിക്കല്‍ മാത്രമാണ്.
മാണി ബജറ്റ് അവതരിപ്പിക്കുന്നത് എന്തുവില കൊടുത്തും, വേണ്ടിവന്നാല്‍ ചോരപ്പുഴയൊഴുക്കിയും തടയും എന്ന പ്രഖ്യാപനം മുതല്‍ എന്ത് വില കൊടുത്തും സഭയില്‍ ബജറ്റ് അവതരിപ്പിക്കും എന്ന നിലപാടില്‍ വരെ ജനാധിപത്യ മൂല്യങ്ങളുടെ നിഷേധവും അധികാരത്തിന്റെ അഹന്തയും കാണാന്‍ കഴിയും. അധികാരമെന്നത് ഗവണ്മെന്റിന് മാത്രം കൈയ്യാളാന്‍ കിട്ടുന്ന ഒന്നല്ല. ഒപ്പിട്ട് പുറത്തിറക്കുന്ന ഉത്തരവുകളിലൂടെയോ ഉദ്യോഗസ്ഥന്റെ ഗര്‍ജനങ്ങളിലൂടെയോ ഉണ്ടാകുന്നത് മാത്രമല്ല അധികാരം. ആള്‍ബലം കൊണ്ടും അധികാരം ആര്‍ജിക്കാം, കായികബലം കൊണ്ടും അതുനേടാം. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിലൂടെ, സംഘടിത ശക്തിയിലൂടെ പ്രവര്‍ത്തനരഹിതമാക്കി കാര്യം നേടുന്നതും അധികാരത്തിന്റെ ദുര്‍വിനിയോഗം തന്നെയാണ്. ആള്‍ക്കൂട്ടത്തിന്റെ ശക്തി ജനശക്തിയാണെന്ന് വ്യാഖ്യാനിച്ച,് നിയമപരമായ അംഗീകാരമുള്ള ഭരണാധികാരത്തെ വെല്ലുവിളിക്കുന്നത് ജനാധിപത്യപരമായി ശരിയാണെന്ന നാട്യം അംഗീകരിച്ചുകൂടാത്താല്‍ ഇല്ലാതാവുന്നത് ജനാധിപത്യംതന്നെയാണ്.
വളരെ ഇടുങ്ങിയ കക്ഷി രാഷ്ട്രീയ അടിയന്തരങ്ങളാണ് ഇരുപക്ഷത്തെയും ഈ അവസ്ഥയിലെത്തിച്ചതെന്ന് കാണാന്‍ പ്രയാസമില്ല. ധനമന്ത്രിക്കെതിരെ ഉയര്‍ന്നത് ഗുരുതരമായ ആരോപണങ്ങളാണ്. അവ വെറും ആരോപണങ്ങളല്ല എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം കേരളീയരും. ശിക്ഷിക്കപ്പെടുന്നതുവരെ നിരപരാധി എന്ന തത്ത്വം രാഷ്ട്രീയാധികാരങ്ങളിലിരിക്കുന്നവര്‍ക്ക് ബാധകമാക്കാന്‍ എല്ലായ്‌പ്പോഴും കഴിയുകയില്ല. പക്ഷേ, യു.ഡി.എഫിന്റെ നേതൃത്വത്തിന് മാണിക്കെതിരെ വിരലനക്കാന്‍ പ്രാപ്തിയില്ല. അനക്കിയാല്‍ മന്ത്രിസഭ താഴെപതിക്കും. അതുകൊണ്ടുതന്നെ മുങ്ങുകയാണെങ്കില്‍ ഒന്നിച്ചുമുങ്ങാമെന്ന് ഉറപ്പിച്ച് പോകാവുന്ന അങ്ങേയറ്റം വരെ പോകുകയാണ് അവര്‍. തന്ത്രപരമായ ഒരു നീക്കമെന്ന നിലയില്‍ വേണമെങ്കില്‍ ബജറ്റ് അവതരണം അവസാനനിമിഷം മുഖ്യമന്ത്രി ഏറ്റെടുക്കുകയും പ്രതിപക്ഷ സന്നാഹങ്ങളെ പാഴിലാക്കുകയും ചെയ്യാമായിരുന്നു. അതിന്റെ നിയമപരമായ വശങ്ങളല്ല, രാഷ്ട്രീയമായ മാനക്കേടാണ് യു.ഡി.എഫിനെ അലട്ടിയിട്ടുണ്ടാവുക. പ്രതിപക്ഷ ഭീഷണിക്ക് വഴങ്ങിയെന്ന നാണക്കേടിന് അവര്‍ അണികളോട് മറുപടി പറയേണ്ടതായും വരും. ഇതിനെ ന്യായീകരിക്കാനുള്ള രാഷ്ട്രതന്ത്രജ്ഞത യു.ഡി.എഫില്‍നിന്ന് പ്രതീക്ഷിക്കുക വയ്യ.
പ്രതിപക്ഷത്തിന്റെ തീവ്രമായ മാണി വിരുദ്ധനിലപാടിന് പിന്നിലും മുന്നണിയിലെ ഘടകകക്ഷി ഈഗോ യുദ്ധമാണെന്ന് അറിയാത്തവരില്ല. മാണിയെ യു.ഡി.എഫില്‍നിന്ന് അടര്‍ത്തിയെടുത്ത് എല്‍.ഡി.എഫ് പിന്തുണയുള്ള മുഖ്യമന്ത്രിയാക്കാമെന്ന ചിന്ത വെറുംഭാവന മാത്രമായിരുന്നില്ല എന്ന് ഇടതുപക്ഷനേതാക്കള്‍തന്നെ സമ്മതിച്ചിട്ടുണ്ട്. സോളാര്‍ സമരമുള്‍പ്പെടെ പല സമരങ്ങളും അഡ്ജസ്്റ്റ്‌മെന്റ് സമരങ്ങള്‍ ആയിരുന്നു എന്ന ആരോപണം നിലനില്‍ക്കെ മാണിസമരം ജീവന്മരണസമരം ആക്കേണ്ടത് അവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായി തീര്‍ന്നതും മനസ്സിലാക്കാനാവും. നേരത്തെയും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ സോളാര്‍ പ്രശ്‌നത്തില്‍ നടന്ന വഴിയില്‍ തടയല്‍ സമരങ്ങളെപ്പോലെ ഒരു സമരമായിരുന്നു മാണിവിരുദ്ധ സമരമെങ്കില്‍ ഇത്രയും ഗുരുതരമായ ഒരു പതനം ഉണ്ടാകുമായിരുന്നില്ല. സമരങ്ങള്‍ പ്രതീകാത്മകമാക്കാനേ ജനാധിപത്യത്തില്‍ കക്ഷികള്‍ക്ക് അവകാശമുള്ളൂ. തിണ്ണബലം കൊണ്ട് പരസ്പരം തോല്‍പ്പിക്കലല്ല ജനാധിപത്യം. പക്ഷേ, അഡ്ജസ്റ്റ്‌മെന്റ് സമരമല്ല ഇത്തവണത്തേതെന്ന് അണികളെത്തന്നെ ബോധ്യപ്പെടുത്തേണ്ട ഘട്ടമെത്തിയാലുള്ള നിസ്സഹായത മനസ്സിലാക്കാനാവും.
മാണിക്കെതിരായ ആരോപണം ഗുരുതരമായ ആരോപണം ആണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, കേട്ടുകേള്‍വിയില്ലാത്ത തരംതാണ പ്രവര്‍ത്തികള്‍ നിയമസഭയില്‍ ലോകം കാണ്‍കെ, മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ അരങ്ങേറ്റാന്‍ ഇതൊരു ന്യായമാകുന്നില്ല. ഇത് ഒരിക്കലും തീര്‍ക്കാനാവാത്ത നാണക്കേടായി അവശേഷിക്കുക തന്നെ ചെയ്യും. അതിരുവിട്ട നടപടികള്‍ തന്നെയാണ് ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. പക്ഷേ, സഭയിെല ചട്ടവും വ്യവസ്ഥയും മര്യാദയുമൊന്നും തങ്ങള്‍ക്ക് ബാധകമല്ല, അതെല്ലാം ഭരണകക്ഷിയുടെ മാത്രം ഉത്തരവാദിത്തമാണെന്ന മട്ട് ന്യായീകരിക്കാനാവില്ല.
ജനാധിപത്യത്തിന്റെ ഏത് ദോഷവും കൂടുതല്‍ ജനാധിപത്യത്തിലൂടെ പരിഹരിക്കാം എന്ന് അറിവും അനുഭവവും ഉള്ളവര്‍ പറഞ്ഞിട്ടുണ്ട്. നാം നമ്മുടെ ജനാധിപത്യഭരണക്രമത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും കൂടുതല്‍ ജനാധിപത്യവിരുദ്ധമായ നടപടികളിലൂടെയാണ് മറികടക്കാന്‍ ശ്രമിക്കുന്നത്. ഇത് ഭാവിയെ ബാധിക്കുന്ന വലിയ മുറിവുകള്‍ നമ്മുടെ രാഷ്ട്രീയത്തിലുണ്ടാക്കുക തന്നെ ചെയ്യും.