കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരമായി ഒരു പാവപ്പെട്ട മനുഷ്യനെ കാറിടിച്ചും കുത്തിയും വെട്ടിയും കൊന്ന ആളെ നമ്മുടെ പോലീസ്-ഭരണ സംവിധാനം പ്രത്യക്ഷമായിത്തന്നെ സഹായിക്കുന്നതിന്റെ പല തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഒന്ന് മാത്രം ആലോചിച്ചാല്‍ മതി- കൊലയാളി ഒരു സാധാരണക്കാരനായിരുന്നുവെങ്കില്‍ ഈ വിധമാകുമോ ഭരണകൂടത്തിന്റെ പ്രതികരണം ? സാധാരണക്കാരന് ഇതുപോലൊരു കൊല നടത്താനാവില്ല എന്നത് ശരി. പക്ഷേ, ഈ കൊലയുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം ഉണ്ടായത്, യാദൃശ്ചികമായി ഉണ്ടായ വീഴ്ചകളെയോ പിടിപ്പുകേടുകളെയോ അനാസ്ഥയെയോ ചുറ്റിപ്പറ്റിയായിരുന്നില്ല. എല്ലാം തന്നെ സമ്പത്തിന്റെ ഹൂങ്കില്‍ നിന്നും ഭരണസ്വാധീനത്തില്‍ നിന്നും ഉയര്‍ന്നുവന്നതായിരുന്നു.ഏറ്റവും ഒടുവിലത്തെ വിവാദംതന്നെ നോക്കാം. പി.സി. ജോര്‍ജ് പുറത്തിറക്കിയ ടെലഫോണ്‍ സംഭാഷണ ശബ്ദരേഖയുടെ ഉള്ളടക്കം ഗുരുതരമായ ഒരു ആരോപണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സംസ്ഥാന പോലീസ് തലവന്‍ കൊലക്കേസ് പ്രതി നിഷാമിനെ സഹായിക്കാന്‍ പലരെയും രംഗത്തിറക്കുന്നു എന്നതാണ് അതിന്റെ കാതല്‍. ഡി.ജി.പി. ബാലസുബ്രഹ്മണ്യത്തിന് കൊലക്കേസ് പ്രതി നിഷാമുമായി എന്തെങ്കില്‍ ബന്ധമോ പരിചയം തന്നെയോ ഉള്ളതായി സൂചനയില്ല. അദ്ദേഹത്തിനുള്ളത് നിഷാമിന് വേണ്ടി രംഗത്തിറങ്ങിയ രാഷ്ട്രീയക്കാരുമായും സമ്പന്നരുമായും ഉള്ള ബന്ധമാണ്. മന്ത്രിക്ക് വേണ്ടിയാണോ മുന്‍ ഡി.ജി.പി. കൃഷ്ണമൂര്‍ത്തി ഇടപെടുന്നത് എന്ന ചോദ്യത്തിന് അല്ല, സുബ്രഹ്മണ്യത്തിന് വേണ്ടിയാണ് എന്ന മറുപടി ലഭിക്കുന്നുണ്ട്.
കൊലക്കേസ് പ്രതിയെ സഹായിക്കാന്‍വേണ്ടി അദ്ദേഹവുമായി ജയിലില്‍ ചെന്ന് ഒറ്റയ്്ക്ക് ദീര്‍ഘസംഭാഷണത്തിലേര്‍പ്പെട്ടു എന്ന ആരോപണത്തെത്തുടര്‍ന്നു സസ്‌പെന്റ് ചെയ്യപ്പെട്ട പോലീസ് സുപ്രണ്ട് ജേക്കബ് ജോണിനെ സംരക്ഷിക്കാനാണ് നമ്മുടെ അഴിമതിഅന്വേഷകന്‍ പി.സി.ജോര്‍ജ് രംഗത്തിറങ്ങിയതെന്ന് ഊഹിക്കാന്‍ പ്രയാസമില്ല. ജേക്കബ് ജോണ്‍ നിഷാമിനെ ഒറ്റയ്ക്ക് ചോദ്യം ചെയ്തത് ഏതെല്ലാം പോലീസുകാര്‍ അയാളില്‍ നിന്ന് എത്ര പണം ഊറ്റിയിട്ടുണ്ട് എന്നറിയാനാണെന്ന് ബോധ്യപ്പെടുത്തുകയാണ് ടെലഫോണ്‍ ശബ്ദരേഖ റിലീസിന്റെ ഉദ്ദേശ്യം. കേസ് ഡയറി എഴുതുന്ന പോലീസുകാരന്‍ അഞ്ചുലക്ഷം ചോദിച്ചുവെന്ന വെളിപ്പെടുത്തലില്‍നിന്ന് തുടങ്ങുന്നു ആ കഥ. കോടികള്‍ വെറുതെ എറിയാന്‍ മടിയില്ലാത്ത ഒരു മനോരോഗി കൊലക്കേസ്സില്‍ കുടുങ്ങിയാല്‍ രക്ഷപ്പെടാന്‍ കുറച്ചൊന്നുമല്ല വലിച്ചെറിയുക. ഒന്നാന്തരം ഒരു ചാകരയാണ് വന്നുപെട്ടിരിക്കുന്നത്. പോക്കറ്റടിയും പിടിച്ചുപറിയുമൊന്നും വേണ്ട. തുക പറഞ്ഞാല്‍മതി, ഉടനെത്തും.
ഇതില്‍ രാഷ്ട്രീയാഴിമതിക്ക് എന്താണ് പങ്ക് എന്ന് ചോദിച്ചേക്കാം. രാഷ്ട്രീയാഴിമതിയാണ് എല്ലാറ്റിന്റെയും പോലെ ഇതിന്റെയും അടിസ്ഥാനം. പോലീസ് വാങ്ങുന്ന കൈക്കൂലി കൊണ്ടല്ല നിഷാമിനെ സഹായിക്കാന്‍ ഉന്നതതല ഇടപെടലുകള്‍ ഉണ്ടാകുന്നത്. നിഷാമിനെപ്പോലുള്ളവരില്‍ നിന്ന് രാഷ്ട്രീയക്കാര്‍ നിരന്തരം വാങ്ങുന്ന സംഭാവനയും കോഴയും കള്ളപ്പണവുമെല്ലാമാണ് അവരെ ഇത്തരം സമ്പന്ന നീചന്മാര്‍ക്ക് വേണ്ടിയും ഇടപെടാന്‍ മടിയില്ലാത്തവരാക്കുന്നത്.
സമ്പന്നരില്‍ നിന്ന് പാര്‍ട്ടികള്‍ സംഭാവന വാങ്ങുന്നു എന്നതല്ല പ്രശ്‌നം. സമ്പന്നര്‍ പാര്‍ട്ടികളെ വിലക്ക് വാങ്ങുകയാണ് ചെയ്യുന്നത്. പാര്‍ട്ടികളുടെ സംഘടനാപരമായ ആവശ്യങ്ങള്‍ എത്ര എന്ന് നമുക്കാര്‍ക്കും അറിയില്ല. കോടിക്കണക്കിന് രൂപ മന്ത്രിമാരെക്കൊണ്ട് പിരിപ്പിച്ചാണ് മുന്നണിയിലെ പാര്‍ട്ടികളോരോന്നും നിലനില്‍ക്കുന്നത്. ഇതെല്ലാം പാര്‍ട്ടികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ മാത്രമല്ല എന്ന് നമുക്കറിയാം. നമുക്കറിയുന്നതും അല്ലാത്തതുമായ ആവശ്യങ്ങള്‍ ധാരാളമുണ്ട്. ഒരു കോടിരൂപ അഴിമതി നടത്തിയതിന് അന്വേഷണവും കേസ്സും ഉണ്ടായാല്‍ അതില്‍നിന്ന് തലയൂരാന്‍ കോടികള്‍ എത്ര വേണം എന്ന് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല. സോളാര്‍ തട്ടിപ്പുകാരില്‍നിന്ന് ഏതെങ്കിലും മന്ത്രി, തട്ടിപ്പുനടത്താനുള്ള സഹായം വാഗ്ദാനം ചെയ്ത് പണം വാങ്ങിയിരിക്കില്ല എന്ന് കരുതാം. പക്ഷേ, സരിത നായരെ പത്തുവട്ടം വിളിച്ച ഒരു രാഷ്ട്രീയ നേതാവിന് ബ്ലാക്ക്‌മെയിലില്‍ നിന്ന് രക്ഷപ്പെടാന്‍ എത്രകോടി ചെലവായിക്കാണും ? ഒരു അപവാദം തീര്‍ക്കാന്‍ എത്ര കോടികള്‍ വേണം? ഈ പണമെല്ലാം ആരാണ് ശേഖരിക്കുന്നത് ? അവിടെയും ഇവിടെയും ഇതിനുള്ള ഏജന്റുമാരുണ്ടാകും. സുതാര്യതയും ആദര്‍ശവും പറയുന്നതിനിടയിലും ഈ പണി മറുഭാഗത്ത് നടന്നുകൊണ്ടിരിക്കും. നിയമം നിയമത്തിന്റെ വഴിക്ക് എന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം നിയമത്തെ വളച്ചൊടിക്കലും അതിന്റെ വഴിക്ക് നടക്കും എന്നാണ്. വലിയ പണച്ചെലവുള്ള ഏര്‍പ്പാടാണ് ഇത്. യു.ഡി.എഫ് ഭരണത്തിലെ, പ്രത്യേകിച്ച് കോണ്‍ഗ്രസ്സിലെ എത്ര നേതാക്കള്‍ വഴിയില്‍ കാണുന്നവരില്‍ നിന്നെല്ലാം ഇതിന് പണം ഊറ്റിയിട്ടുണ്ടാവും ? നിഷാമില്‍ നിന്ന് കോടികള്‍ വാങ്ങിയവര്‍ക്ക് ഒരു കൊലക്കേസ്സില്‍ നിഷാം പെട്ടാല്‍ അവനെ കണ്ടില്ലെന്ന് നടിച്ച് തടിയൂരാന്‍ പറ്റുമോ ? അവരാണ് ഇപ്പോള്‍ നിഷാമിനെ സഹായിക്കാന്‍ പൊലീസിന് മേല്‍ വന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്.
പോലീസിനെയും ഭരണത്തെയും സ്വാധീനിക്കാനും നിഷാമിനെ സഹായിക്കാനും നിഷാമോ അയാളുടെ ബന്ധുക്കളോ മാത്രമാണ് രംഗത്ത് എന്നും ധരിക്കേണ്ട. സമ്പന്ന വര്‍ഗത്തില്‍ ഒരാള്‍ മാത്രമാണ് നിഷാം. സാധാരണക്കാരിലുള്ളതിലേറെ സാഹോദര്യം ആ വര്‍ഗത്തിലുണ്ട്. പി.സി.ജോര്‍ജ് പോലും ചില പേരുകള്‍ പറയാന്‍ മടിക്കുന്നു. ആയിരക്കണക്കിന് കോടി രൂപ സ്വര്‍ണ വ്യാപാരത്തിലൂടെയും റിയല്‍ എസ്റ്റേറ്റിലൂടെയും മറ്റും മറ്റും കൈക്കലാക്കിയ വലിയൊരു വിഭാഗം സമ്പന്നര്‍ തങ്ങളിലൊരാള്‍ ഒരു ‘ വിഷമ’ത്തില്‍ പെട്ടാല്‍ എങ്ങനെ സഹായിക്കാതിരിക്കും !. എസ്.പി.യും ഡി.ജി.പി.യുമൊക്കെ ഇടപെടുന്നതും ആഭ്യന്തരമന്ത്രി ഒന്നുമറിയാത്തതുപോലെ പൊട്ടന്‍ കളിക്കുന്നതിന്റെയും അര്‍ത്ഥം ഒന്നുതന്നെ.
ആഭ്യന്തരവകുപ്പിനെ മുഴുവനായി ഭരിക്കുന്നത് ആഭ്യന്തരമന്ത്രിയാണ് എന്ന ധാരണ നമുക്കില്ല. പാര്‍ട്ടി പ്രമുഖരെ ബലിയാടാക്കി നീതിയും ധര്‍മവും നടപ്പാക്കാന്‍ ഒരു മന്ത്രിക്കും കഴിയുകയുമില്ല. പണത്തിന് മുകളില്‍ ഒരു പരുന്തും പറക്കില്ലെന്ന് പറഞ്ഞത് വെറുതെയല്ല. ഡി.ജി.പി. ബാലസുബ്രഹ്മണ്യത്തിന് എതിരെ ഉയര്‍ന്ന ആരോപണം പരിശോധിക്കാന്‍ അന്വേഷണത്തിന്റെ ആവശ്യമില്ല എന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം നമുക്കും മനസ്സിലാകും. ഡി.ജി.പി.സ്വമേധയാ ഇറങ്ങിയതാവുമോ നിഷാമിനെ സഹായിക്കാന്‍ ? ആവാം, അല്ലായിരിക്കാം. ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന പാര്‍ട്ടിയിലെ ഉന്നതര്‍ ഇറക്കിയതാവാം. സമ്പന്ന വര്‍ഗത്തിലെ ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിന് വഴങ്ങിയതാവാം. ഡി.ജി.പി.ആകാന്‍ ആരുടെയെല്ലാം ഔദാര്യം തേടിയിരിക്കുമെന്ന് നമുക്കറിയില്ല. അവരിലാരുടെയെങ്കിലും സമ്മര്‍ദ്ദം വന്നാല്‍ എങ്ങനെ തള്ളാനാവും. ഇതൊരു ദൂഷിത വലയമാണ്. ചെന്ന് പെട്ടാല്‍ രക്ഷപ്പെടുക പ്രയാസമാണ്. അഴിമതി കുറ്റവാളികളെ സൃഷ്ടിക്കുന്നു. കുറ്റവാളികള്‍ അഴിമതി ഉണ്ടാക്കുന്നു, പരിപോഷിപ്പിക്കുകയും ചെയ്യുന്നു.
പുതിയ സി.ഡി.വിവാദം ജേക്കമ്പ് ജോണിനെ സഹായിക്കാന്‍ ഇളക്കിവിട്ടതാണ്. ജേക്കമ്പ് ജോണ്‍ സസ്‌പെന്‍ഷനില്‍ ആകാന്‍ എന്താണ് കാരണം ? സി.ഡി. പുറത്തുവിട്ട പി.സി.ജോര്‍ജ് അതിനെകുറിച്ച് മൗനം ദീക്ഷിക്കുകയാണ്. ജേക്കമ്പ് ജോണ്‍ നിഷാമുമായി ഏകനായിച്ചെന്ന് സംഭാഷണം നടത്തിയത് മാധ്യമങ്ങളിലെത്തിയത് എങ്ങനെ ? മാധ്യമങ്ങളില്‍ വിവരമെത്തിച്ചത് പോലീസ് ഉദ്യോഗസ്ഥര്‍തന്നെയാവണം. പണം പറ്റാനും വിരോധം തീര്‍ക്കാനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്വയം അധര്‍മങ്ങളില്‍ ഏര്‍പ്പെടുകയും പരസ്പരം ഒറ്റുകയും ചെയ്യുകയാണ് എന്ന് ഈ പോലീസ് ചോര്‍ത്തലുകളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
ഇതില്‍ പ്രതീക്ഷ നല്‍കുന്ന ഒരു കാര്യമേ ഉള്ളൂ. രഹസ്യങ്ങള്‍ സൂക്ഷിക്കാനും കൈമാറാനും ഇപ്പോള്‍ കുറച്ച് പ്രയാസമുണ്ട്. വിശ്വസിക്കാന്‍ പറ്റില്ല, എന്തും പരസ്യമാകാം. ഗൂഡാലോചനക്കാര്‍ക്ക് അല്പമെങ്കിലും ഉള്‍ഭയം ഉണ്ടാക്കാനായാല്‍ അത്രയും നല്ലത്.