മദ്യനിരോധനം പ്രഖ്യാപിച്ചത് അതിന്റെ പ്രായോഗികതയെകുറിച്ച് വേണ്ടത്ര പഠിച്ചല്ല എന്ന സത്യം അവശേഷിക്കുന്നു. ഹോട്ടല്‍ വ്യവസായത്തെയും ടൂറിസത്തെയും ബാധിക്കുന്ന കുറെ നിയന്ത്രണങ്ങള്‍ നീക്കേണ്ടി വരും. രണ്ടിനും ഇടയില്‍ വട്ടംകറങ്ങുകയാണ് യു.ഡി.എഫ്.
മാസം മൂന്നെങ്കിലുമായി യു.ഡി.എഫ് മദ്യനിരോധനപ്പുലിയുടെ വാലില്‍ പിടിച്ചിട്ട്. പുലിവാല്‍ പിടിക്കുക എന്ന് കേട്ടിട്ടേയുള്ളൂ. അതിത്ര അപകടകാരിയാകുമെന്ന് ആരും നേരില്‍ കണ്ടുകാണില്ല. അപകടമില്ലാതെ തലയൂരാന്‍ മുഖ്യമന്ത്രിക്കും മറ്റ് യു.ഡി.എഫുകാര്‍ക്കും ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്. പക്ഷേ, വി.എം.സുധീരന്‍ സമ്മതിക്കില്ല. ഉമ്മന്‍ചാണ്ടി പിടി വിട്ടാല്‍ പുലി ചാണ്ടിയെ വക വരുത്തും. പിടിയൂരാനായില്ലെങ്കില്‍ തളര്‍ന്നുവീണ് ഉമ്മന്‍ ചാണ്ടിയുടെ കഥ കഴിയും. രണ്ടായാലും സുധീരന് ഒന്നും നഷ്ടപ്പെടാനില്ല.
ഒരു കാരണവും പ്രകോപനവുമില്ലാതെയാണ് യു.ഡി.എഫ് ബാര്‍ പ്രശ്‌നം എന്ന പുലിയുടെ വാലില്‍ കയറിപ്പിടിച്ചത്. യു.ഡി.എഫിന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മാനിഫെസ്റ്റോവിലോ മറ്റേതെങ്കിലും നയപ്രഖ്യാപനത്തിലോ, സംസ്ഥാനത്തെ അമിത മദ്യോപയോഗം മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള സകല ബാറുകളും പൂട്ടുമെന്ന് പറഞ്ഞിട്ടില്ല. പൂട്ടണമെന്ന് പലരും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലം കുറെയായിക്കാണും. ഘട്ടം ഘട്ടമായി പൂട്ടും എന്ന് ഉറപ്പ് നല്‍കി വര്‍ഷമെത്രയായി ഇത് തുടരുന്നു. ഇപ്പോള്‍ ബാര്‍ പൂട്ടിച്ചവരൊന്നും ബാര്‍ പൂട്ടണമെന്ന് ആഗ്രഹിച്ചവരല്ല. പക്ഷേ, എന്തുചെയ്യും. അവര്‍ക്കിപ്പോള്‍ മദ്യവിരുദ്ധ പോരാളികളായി അഭിനയിക്കുകയും വേണം, വല്ല വിധേനയും ബാര്‍ തുറക്കാന്‍ വഴികാണുകയും വേണം എന്നുവന്നിരിക്കുന്നു.
മദ്യ ഉപയോക്താക്കള്‍ക്കുള്ള സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി തുടങ്ങിയ നടപടിയാണ് ഈ പൊല്ലാപ്പില്‍ കലാശിച്ചത് എന്നോര്‍ക്കുമ്പോള്‍ ആര്‍ക്കാണ് ചിരി വരാതിരിക്കുക? കുറെ ബാറുകള്‍ക്ക് നിശ്ചിത നിലവാരമില്ല. നിലവാരം ഉയര്‍ത്താന്‍ എക്‌സൈസ് വകുപ്പ് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, ചട്ടത്തില്‍ പറഞ്ഞ നിലവാരം ഉണ്ടാക്കുക പണച്ചെലവുള്ള പണിയാണ്. അതിലും ലാഭം നിലവാരം പരിശോധിക്കാന്‍ വരുന്നവരെ സന്തോഷിപ്പിക്കലാണ്. മദ്യം കഴിക്കാന്‍ വരുന്നവര്‍ക്ക് എളുപ്പം കാര്യം നടക്കണമെന്നേ ഉള്ളൂ. മദ്യത്തിന്റെ നിലവാരത്തെ കുറിച്ചുപോലും ചിന്തിക്കാത്തവര്‍ക്ക് എന്തിന് വേറെ സൗകര്യം !. ഉദ്യോസ്ഥരെ സന്തോഷിപ്പിച്ച് ബാറുടമകള്‍ സ്ഥിരമായി സംഗതി ഒപ്പിച്ചെടുക്കുന്നതില്‍ അമര്‍ഷം പൂണ്ട എക്‌സൈസ് ഉന്നതര്‍ ആണ് ബാര്‍ അടപ്പിച്ചതെന്ന് മദ്യമേഖലയിലുള്ളവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ഇത്രയും ബാറുകള്‍ എന്നന്നേക്കും അടപ്പിക്കുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് എക്‌സൈസ് മന്ത്രിയോ മുഖ്യമന്ത്രിയോ പറഞ്ഞിരുന്നില്ല. അടച്ചപ്പോഴല്ലേ അതാ വരുന്നു ഇതുവരെയില്ലാത്ത പൊല്ലാപ്പുകള്‍. നിലവാരം ഉണ്ടാക്കുകയല്ല, ബാറേ ഇല്ലാതാക്കുകയാണ് വേണ്ടത് എന്നായി മദ്യവിരുദ്ധപ്രസ്ഥാനങ്ങള്‍. ഓര്‍ക്കാപ്പുറത്ത് വീണുകിട്ടിയ അവസരം ഉപയോഗപ്പെടുത്താന്‍ പാഞ്ഞെത്തി കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍.
ഹൈക്കമാന്‍ഡ് ആഗ്രഹിച്ചുചെയ്തതാവില്ലെന്നത് ശരി. പക്ഷേ, അവരുടെ നടപടി കൊണ്ട് കേരളത്തിലെ കോണ്‍ഗ്രസ് ഒരു പ്രതിച്ഛായാ ശീതസമരത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്നു. വി.എസ്. അച്യുതാനന്ദന്റെ കോണ്‍ഗ്രസ് എഡിഷന്‍ ആകാനാണ് സുധീരന്‍ ശ്രമിക്കുന്നതെന്ന് ആദര്‍ശമൊക്കെ പണ്ടേ ഉപേക്ഷിച്ച മറ്റുകോണ്‍ഗ്രസ് ഗ്രൂപ്പുകാര്‍ക്ക് മുമ്പേതന്നെ പരാതിയുണ്ടായിരുന്നു. പ്രായോഗിക ആദര്‍ശവാദിയാണല്ലോ ഉമ്മന്‍ ചാണ്ടി. ഇടയിലൂടെ ചെന്നിത്തലയും വന്നു. ഓരോരുത്തരും ഓരോ ബ്രാന്‍ഡുകള്‍ ഇറക്കി സെല്‍ഫ് മാര്‍ക്കറ്റിങ്ങ് നടത്തുന്നുണ്ടായിരുന്നു. പക്ഷേ, മദ്യത്തില്‍ സുധീരന്‍ പിടിക്കുന്ന അത്ര ബലംപിടിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല. സുധീരന്‍ പ്രതിച്ഛായാമത്സരത്തില്‍ വല്ലാതെ പോയന്റ് നേടുന്നു എന്നുതോന്നിയപ്പോഴാണല്ലോ ബാക്കി ബാറുകളും അടച്ചുപൂട്ടുക എന്ന കടുംകൈക്ക് മുഖ്യമന്ത്രി മുതിര്‍ന്നത്.
ചെയ്തത് അതിക്രമമാണ് എന്ന് മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും അറിയായ്കയല്ല. മദ്യവില്പനയും ഒരു വ്യവസായമാണ്. നിയമാനുസൃത വ്യവസായംതന്നെയാണ്. അവര്‍ അധോലോക മാഫിയകള്‍ അല്ല. ബാങ്കില്‍നിന്ന് കടമെടുത്തും സമ്പാദ്യമെടുത്തും തുടങ്ങിയിട്ടുള്ള സ്ഥാപനങ്ങളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് കുടുംബമുണ്ട്. സര്‍ക്കാറിന്റെ സാമ്പത്തികനയങ്ങളില്‍ വിശ്വാസമര്‍പ്പിച്ചാണ് ഏത് രംഗത്തും മൂലധനമിറക്കുന്നത്. ചെയ്യാന്‍ പോകുന്നത് പറയണം, പറഞ്ഞതേ ചെയ്യാന്‍ പാടുള്ളൂ എന്നത് വ്യവസായ നയരംഗത്ത് പ്രധാനപ്പെട്ട കാര്യമാണ്. നേതാക്കള്‍ക്ക് ഓര്‍ക്കാപ്പുറത്ത് ഉണ്ടാകുന്ന ഉള്‍വിളികള്‍ക്കൊത്തല്ല നയങ്ങളും നിയമങ്ങളും മാറ്റിമറിക്കേണ്ടത്. രാഷ്ട്രീയ അടിയന്തരങ്ങള്‍ക്ക് വഴങ്ങിയാണ് പൊടുന്നനെ യു.ഡി.എഫ് ഭാഗിക മദ്യനിരോധം ഏര്‍പ്പെടുത്തിയത് എന്ന യാഥാര്‍ത്ഥ്യം ആര്‍ക്ക് നിഷേധിക്കാനാകും ? അങ്ങനെതന്നെയായിരുന്നു പഴയ ചാരായനിരോധനവും.
മദ്യനയത്തില്‍ സര്‍ക്കാറിന്റെ നയമെന്ത് എന്ന് കോടതി ഇക്കഴിഞ്ഞ ആഴ്ചയും ചോദിച്ചു. സത്യമായും സര്‍ക്കാറിന് കൃത്യമായ നയമില്ല. ആര്‍ക്കാണ് ഉള്ളത് ? ആരും കോടതികളോട് ചോദ്യം ചോദിക്കില്ല എന്നത് സൗകര്യംതന്നെ. പക്ഷേ, മദ്യവിഷയത്തില്‍ കോടതികള്‍ക്കുണ്ടോ വ്യക്തമായ കാഴ്ചപ്പാട് ? ഓരോ വിധിയിലും നിയമജ്ഞരുടെ ആത്മനിഷ്ഠമായ നിരീക്ഷണങ്ങള്‍ക്കാണ് പ്രാമുഖ്യം വരുന്നത്. വ്യത്യസ്തകോടതികള്‍ വ്യത്യസ്തരീതിയിലാണ് നിയമത്തെ വ്യാഖ്യാനിക്കുന്നത്. എല്ലാ ഫോര്‍ സ്റ്റാറുകള്‍ക്കും മദ്യം, കൂടുതല്‍ ഹോട്ടലുകള്‍ക്ക് ഫോര്‍സ്റ്റാര്‍ പദവി… ഇതെല്ലാം കോടതി ഉത്തരവുകളിലൂടെ ഉണ്ടാകുന്ന തിരുത്തലുകളാണ്. ‘ പെട്ടെന്ന് മദ്യമില്ലാതാക്കിയാല്‍ ജനങ്ങള്‍ മറ്റുമാര്‍ഗങ്ങള്‍ തേടും. മദ്യക്കടത്ത്, വ്യാജമദ്യം, മറ്റുലഹരികള്‍ എന്നിവ മദ്യത്തിന് പകരം സ്ഥാനം പിടിക്കും. മദ്യ ഉപയോഗം കുറയ്ക്കണമെന്ന ലക്ഷ്യത്തില്‍ നടപ്പാക്കിയ ചാരായ നിരോധനവും എക്‌സൈസ് തീരുവ വര്‍ദ്ധനയും ഫലമുണ്ടാക്കിയില്ല’ ഹൈക്കോടതിയുടെ നിരീക്ഷണമാണിത്. ഇതേ കോടതിതന്നെ സര്‍ക്കാര്‍ മദ്യംവില്‍ക്കുന്നതിലെ അധാര്‍മികതയെക്കുറിച്ചും വിമര്‍ശിച്ചിട്ടുണ്ട്.
ലേശം യാഥാര്‍ത്ഥ്യബോധത്തിന്റെ കുറവ് മദ്യനയരൂപവല്‍ക്കരണത്തില്‍ ഉണ്ടായെന്ന് പറയാതെ പറയുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍. പ്രായോഗികതയില്‍ പിടിച്ചാണ് ഇപ്പോള്‍ നയമാറ്റത്തെകുറിച്ചുള്ള ആലോചന മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. മദ്യനയമാകുമ്പോള്‍ പ്രായോഗികതയ്ക്ക് പല അര്‍ത്ഥങ്ങള്‍ കാണും. യു.ഡി.എഫ് ഭരണനേതൃത്വത്തെ ബാര്‍ ഉടമസ്ഥരുടെ ശക്തമായ ലോബിയിങ്ങ് അലട്ടുന്നുണ്ടാകുമെന്ന തീര്‍ച്ച. എന്തും നേടാന്‍ പണത്തിന്റെ ശക്തി കൊണ്ട് കഴിയുമെന്ന് അവര്‍ക്കറിയാം. നയത്തില്‍ ചെറിയ മാറ്റമെങ്കിലും വരുത്തിയാല്‍ ബാറുകാരില്‍നിന്ന് പണം വാങ്ങി നയം മാറ്റി എന്ന ആരോപണം സര്‍ക്കാര്‍ നേരിടേണ്ടിവരും. പക്ഷേ, മദ്യനിരോധനം പ്രഖ്യാപിച്ചത് അതിന്റെ പ്രായോഗികതയെകുറിച്ച് വേണ്ടത്ര പഠിച്ചല്ല എന്ന സത്യം അവശേഷിക്കുന്നു. ഹോട്ടല്‍ വ്യവസായത്തെയും ടൂറിസത്തെയും ബാധിക്കുന്ന കുറെ നിയന്ത്രണങ്ങള്‍ നീക്കേണ്ടി വരും. രണ്ടിനും ഇടയില്‍ വട്ടംകറങ്ങുകയാണ് യു.ഡി.എഫ്.
തീരുമാനം കോടതികള്‍ക്ക് വിടുകയാവും യു.ഡി.എഫിന്റെ ആരോഗ്യത്തിന് നല്ലത്. ഇല്ലെങ്കില്‍ തമ്മില്‍തല്ല് ആത്മഹത്യപരമായേക്കും.
****
വിനാശകാരിയാണ് മദ്യം എന്ന യാഥാര്‍ത്ഥ്യത്തെ ആര്‍ക്ക് നിഷേധിക്കാന്‍ കഴിയും? ചെപ്പടിവിദ്യകള്‍കൊണ്ട് നേരിടാന്‍ കഴിയില്ല ആ മാരകദൂഷ്യത്തെ. ശ്രീകൃഷ്ണഭഗവാന്റെ കണ്‍മുമ്പിലാണ് യാദവകുലത്തിലെ അവസാനത്തെ പോരാളികള്‍ മദ്യപിച്ച് ഇരുമ്പുദണ്ഡ് കൊണ്ട് പരസ്പരം തല തല്ലിപ്പൊളിച്ച് മരിച്ചുനശിച്ചത് എന്ന് പുരാണം പറയുന്നു.
ആര്‍ക്കറിയാം, ഭഗവാന് കഴിയാഞ്ഞത് നമുക്ക് കഴിയുമായിരിക്കും.
***
കോഴിക്കോട്ടും ചുംബനസമരം വരുന്നു. നല്ലതുതന്നെ. സദാചാരഗുണ്ടകള്‍ ഞെട്ടട്ടെ. പക്ഷേ, ഈ സമരം ഒരു ശീലമാക്കാന്‍ പറ്റിയ ഇനമല്ല. സമരക്കാര്‍ക്ക് മടുക്കില്ലായിരിക്കും. പക്ഷേ, നാട്ടുകാര്‍ക്ക് വേഗം മടുക്കും, സൂക്ഷിക്കണം.