പുലരാന്‍ ഇനിയും ഒന്നരമണിക്കൂറോളം ബാക്കിയുണ്ട്. നാലാകും മുമ്പുണര്‍ന്ന് ഫെവ തടാകത്തിലൂടെ കൊച്ചുതോണി തുഴഞ്ഞു ഞങ്ങള്‍ ഏഴുപേരും യാത്രയായി. ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് ഇങ്ങനെ കഷ്ടപ്പെട്ട് യാത്ര ചെയ്യുന്നത് എന്തെങ്കിലും അത്യപൂര്‍വ കാഴ്ച കാണാനാവും എന്ന്് കരുതേണ്ട. ലോകത്ത് എവിടെ നിന്നാലും കാണാവുന്ന, എന്നും ആര്‍ക്കും കാണാവുന്ന അതിസാധാരണ കാഴ്ച കാണാനാണ് സാഹസികമായ ഈ യാത്രയെന്നോര്‍ത്തപ്പോള്‍ ചിരിയാണ് വന്നത്. അതെ , സൂര്യോദയം കാണാനായിരുന്നു ഞങ്ങളുടെ പുറപ്പാട്.
പൊക്കാറ ടൗണിലെ കടകള്‍ ഈ പുലര്‍കാലത്തുതന്നെയും തുറന്നിരുന്നു. കാറുകളും ഇരുചക്രവാഹനങ്ങളും ധാരാളമായി റോഡിലുണ്ട്. മുറിക്കാലുറകളും ബനിയനുകളുമുടുത്ത് സായ്പന്മാരും മദാമ്മമാരും ഢട്ടം തുടങ്ങിയിട്ടുണ്ട്. ഏതാണ്ട് എല്ലാവരുടെയും ലക്ഷ്യം സാരംഗോടാണ്.
പൊക്കാറയിലെ ഫിഷ് ടെയില്‍ ലോഡ്ജില്‍ നിന്നാണ്, അപൂര്‍ണമായ ഉറക്കത്തിന്റെ ഭാരം കണ്ണുകളില്‍ പേറി ഞങ്ങള്‍ അന്നത്തെ യാത്രയാരംഭിച്ചത്. പൊക്കാറയെന്ന കൊച്ച് ഹില്‍സ്റ്റഷന്‍ വന്നിറങ്ങിയപ്പോള്‍ തന്നെ ഞങ്ങളെ കുറച്ചൊന്നുമല്ല ആകര്‍ഷിച്ചത്.
ഹാട്ടലിലേക്കുള്ള വഴി തന്നെ ആരിലും സന്തോഷമുണര്‍ത്തും. രാജകുടുംബം നടത്തിവന്നതാണ് ഫിഷ് ടെയ്‌ല് എന്നു പേരുള്ള ഹോട്ടല്‍.ഫിഷ് ടെയില്‍ എന്നത് കൊടുമുടിയുടെ പേരാണ് .ചാള്‍സ് രാജകുമാരനും ഇന്ത്യന്‍ പ്രസിഡന്‍്‌റ് നീലംസഞ്ജീവറെഡ്ഡിയുമുള്‍പ്പെടെ അവിടെ മുമ്പ് താമസിച്ചിരുന്നവരുടെയെല്ലാം പേരുകള്‍ അങ്കണത്തിലെ ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട്. കൊച്ചുതോണിയില്‍ഫേവാ തടാകം കടന്നുവേണം ഹോട്ടലിലെത്താന്‍. വിദേശടുറിസ്റ്റുകള്‍ അതിന്റെ പുതുമ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. കൂടുതല്‍ ആളുണ്ടായാല്‍ ചങ്ങാടമിറക്കും. രാവും പകലും ഹോട്ടല്‍ ജീവനക്കാരായ ഗുര്‍ഖകള്‍ ആളുകളെ അക്കരയിക്കരെ കടത്തിക്കൊണ്ടിരിക്കും.
ഹിമാലയത്തിന്റെ പര്‍വതനിരകള്‍ പൊക്കാറയില്‍ എവിടെ നിന്നുനോക്കിയാലും കാണാം. നാനാഭാഗങ്ങളിലും കുന്നുകളും പുല്‍മേടുകളും പാര്‍ക്കുകളുമാണ്. നേപ്പാളിലെ രണ്ടാമത്തെ വലിയ തടാകമാണ് പൊക്കാറയെ ചുറ്റിവളഞ്ഞ് ഒരു പുഴ പോലെ ഒഴുകിപ്പോകുന്ന ഫേവ. കാഠ്മണ്ഡുവില്‍ നിന്ന് ഇരുനൂറോളം കിലോമീറ്റര്‍ മാത്രം അകലെ ഉള്ള ഈ കൊച്ചുപട്ടണത്തില്‍ ടൂറിസ്റ്റുകളുടെ പ്രവാഹമാണ് സദാസമയം. സൂര്യോദയം കാണാന്‍ സാരംഗോട് കൂന്നിന്‍ മുകളിലൊന്നു കയറാതെ സന്ദര്‍ശകര്‍ പൊക്കാറയോട് യാത്രപറഞ്ഞു പോകാറില്ല.
സാരംഗോട് ഇവിടെയുള്ള ഏറ്റവും ഉയരമുള്ള കുന്നാണ്. അവിടെ തന്നെ രണ്ടുകുന്നുകളുടെ മുകളില്‍ നിന്ന് സൂര്യോദയം വീക്ഷിക്കാം. മഞ്ഞുമലകള്‍ക്കപ്പുറത്തു നിന്ന് സൂര്യനുദിക്കുന്നതിന്റെ മനോഹാരിത പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ‘ഈ കുന്നിന്‍ മുകളിലെത്തുമ്പോള്‍ സ്വര്‍ഗത്തിലെത്തിയതായി നിങ്ങള്‍ക്കു തോന്നും. ‘സാരംഗോട് വികസനസമിതി മലയിലേക്കുള്ള വഴിയില്‍ എഴുതിവെച്ച സ്വാഗതബോര്‍ഡില്‍ പറയുന്നുണ്ട്. സൂര്യന്‍ അഖിലലോകത്തിന്റേതുമാണെങ്കിലും സാരംഗോട്ടെ സൂര്യോദയം കാണണമെങ്കില്‍ പത്ത് രൂപ ഫീസ് കൊടുക്കണം- വിദേശികള്‍ ഇരുപത്തഞ്ചത്തും ഇന്ത്യക്കാര്‍ ഇരുപതും രൂപ കൊടുക്കണം.
സൂര്യോദയം കാണാന്‍ കാത്തുനില്‍ക്കുന്ന സഞ്ചാരികള്‍ |
സൂര്യന്‍ ഉദിക്കുന്നതിന്റെ മനോഹാരിത ഒപ്പിയെടുക്കാന്‍ മുന്തിയ ക്യാമറകളുമായി നില്‍ക്കുന്നവരേറെയും വിദേശികളാണ്. അഞ്ചുമണിയാകും മുമ്പ് തന്നെ എത്തിയതാണവര്‍. സൂര്യന്‍ ഉദിക്കും മൂമ്പു പകല്‍ വെളിച്ചം എങ്ങും പരന്നിരുന്നു. കൊടുമുടികളെ ഏറെയും കാര്‍മേഘങ്ങള്‍ മൂടിയതിനാല്‍ നിരാശ എല്ലാവരിലുമുണ്ടായിരുന്നു. എങ്കിലും ഇപ്പോഴുദിക്കും എന്ന് പ്രതീക്ഷിച്ച് എല്ലാവരും ക്ഷമയോടെ കാത്തുനിന്നു. പെട്ടെന്നതാ..മേഘങ്ങള്‍ക്കിടയിലൂടെ വെള്ളിഗോപുരം പോലുയര്‍ന്നു നിന്ന കൊടുമുടികളില്‍ സ്വര്‍ണത്തില്‍ നിറപ്പകര്‍ച്ച. എങ്ങുനിന്നോ കൂറ്റന്‍ സര്‍ച്ച് ലൈറ്റ് തെളിച്ചത് പോലെ വെളിച്ചത്തിന്റെ കുത്തൊഴുക്ക്. അതെ സൂര്യോദയമാണ്. എന്തോ സായുജ്യം പോലെ ആളുകള്‍ അതു കണ്‍കുളിര്‍ക്കെ കണ്ടുനിന്നു. അത് ദക്ഷിണ അന്നപൂര്‍ണയാണ്, മറ്റേത് മനസ്ലുഹിമാലാണ്…അറിയുന്നവര്‍ കൊടുമുടികളുടെ പേരുകള്‍ വിരല്‍ ചൂണ്ടിപ്പറയുന്നുണ്ട്. മേഘം മൂടിയ പലതും തിരിച്ചറിയാന്‍ പറ്റുന്നില്ല.
സൂര്യോദയം സാരംഗോട്ടാണെങ്കില്‍ സൂര്യാസ്തമയം നാഗര്‍കോട്ടാണ് കേമം. നാഗര്‍കോട്ടയെന്നാല്‍ നഗരക്കോട്ട തന്നെ. ടിബറ്റിനും നേപ്പാളിനും ഇടയിലെ വ്യാപാരപാത കടന്നു പോകുന്നത് ഇതു വഴിയാണ്. കാഠ്മണ്ഡുവില്‍ നിന്ന് പൗരാണികക്ഷേത്രനഗരമായ ഭക്തിപ്പുര്‍ വഴി ഒരു മണിക്കൂര്‍ വണ്ടിയോടിച്ചാല്‍ ഇവിടെയെത്തും. പാതയരുകില്‍ പണ്ടു കോട്ടയുണ്ടായിരുന്നിരിക്കണം. മഹാരാജാവിന്റെ വേനല്‍ക്കാല താമസം ഇവിടെയാണ്.
കന്യാകുമാരിയില്‍ ഉദയവും അസ്തമയവും ഒരിടത്തുതന്നെയിരുന്നു കാണാമെങ്കില്‍ ഇവിടെ ഹിമാലയത്തില്‍ രണ്ടും കാണാന്‍ രണ്ടിടത്തു ചെന്നുനില്‍ക്കണം.നാഗര്‍ഗോട്ട് മലകയറാതെ ഹോട്ടല്‍മുറിയിലിരുന്നത് സുര്യന്‍ അസ്തമിക്കുന്നതു കാണാം. നാഗര്‍കോട്ടെ പ്രസിദ്ധനക്ഷത്രഹോട്ടലായ ക്ലബ് ഹിമാലയയിലെ മുറികളിലിരുന്ന് ഹിമാലയത്തിന് പിറകിലേക്ക് സൂര്യന്‍ അപ്രത്യക്ഷമാകുന്നത് കാണുകയെന്നത് മഹാഭാഗ്യമായി പാശ്ചാത്യലോകത്തെ ചില സമ്പന്നര്‍ കരുതുന്നുണ്ടത്രെ. അറിഞ്ഞുകൂടാ…2165 മീറ്റര്‍ ഉയരത്തിലാണ് ക്ലബ് ഹിമാലയ നില്‍ക്കുന്ന കുന്ന്. അതിലെ മുറികള്‍ക്കോരോന്നിനും കൊടുമുടികളുടെ പേരുകളാണ്. അന്നപൂര്‍ണയും എവറസ്റ്റും ഗാഞ്ചെപ്പോയും ഡോര്‍ജെ ലഖ്പയും ഇവിടെയിരുന്നു കാണാം . ഹോട്ടലിലെ മുറികള്‍ക്കോരോന്നിനും ഢരോ കൊടുമുടിയുടെ പേരാണ്. കൊടുമുടിയുടെ ഉയരവും പേരിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഈയുള്ളവന്‍ 6990 മീറ്റര്‍ ഉയരമുള്ള ഡാര്‍ജെ ലഖ്പയില്‍!
എന്തായിട്ടെന്താ… കനത്ത മഴയും ഇരുണ്ട ആകാശവും. ഹിമാലയത്തിന് പിറകില്‍ സൂര്യന്‍ അപ്രത്യക്ഷമാകുന്നത് കാണാനായില്ല…അറബിക്കടലില്‍ ചെന്നു പതിക്കുന്നത് കാണാനുള്ള യോഗമേ എഴുതിവെച്ചുകാണുള്ളൂ എന്ന് സമാധാനിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.