ബാല്‍ പ്രസാദ് റായ് പൊക്കാറയിലെ ഇന്റര്‍നാഷനല്‍ മൗണ്ടന്‍ മ്യൂസിയത്തിന്റെ കവാടത്തില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു. അദ്ദേഹം അക്ഷമനായിരുന്നു എന്നു മുഖഭാവം കണ്ടപ്പോള്‍ തോന്നി . നമ്മുടെ നാട്ടില്‍ വി.ഐ.പി കള്‍ക്കും മറ്റും പൊന്നാട അണിയിക്കുന്നതു പോലെ ഞങ്ങള്‍ ഓരോരുത്തരേയും അദ്ദേഹം സില്‍ക്കുകൊണ്ടുള്ള ഒരു മഞ്ഞ വേ്ഷ്ടിയണിയിച്ചു. ബഹുമാനപൂര്‍വം സ്വീകരിക്കുന്ന നേപ്പാളി രീതിയാണ് ഇത് . ഞങ്ങളുടെ മാര്‍ഗദര്‍ശി സുധാന്‍ വിശദീകരിച്ചു.
പര്‍വതങ്ങള്‍ക്കു മ്യൂസിയമോ ? അപൂര്‍വമാണ് മൗണ്ടന്‍മ്യൂസിയങ്ങള്‍.നേപ്പാള്‍ മൗണ്ടനീയറിങ്ങ് അസോസിയേഷന്‍ നടത്തുന്ന ഈ മ്യുസിയം ലോകത്തിലെ തന്നെ മികച്ച മ്യുസിയമാണെന്ന് മ്യുസിയോളജിസ്റ്റ ് ബല്‍ പ്രസാദ് റായ് ആമുഖമായിത്തന്നെ പറഞ്ഞു. അങ്ങനെയാവാനേ വഴിയുള്ളൂ. ലോകത്തിലെ ഏറ്റവും വലിയ പര്‍വതനിരകള്‍ ഈ കൊച്ചുരാജ്യത്തിലാണല്ലോ ഉള്ളത്. കിഴക്ക് പടിഞ്ഞാറായി രണ്ടായിരത്തി നാനൂറു കിലോമീറ്റര്‍ നീണ്ടുകിടക്കുന്നുണ്ട് ഹിമാലയ പര്‍വതനിരകള്‍. ലോകത്തിലെ ഏറ്റവും ഉയരമുള്ള പതിനാല് കൊടുമുടികളില്‍ എട്ടെണ്ണം നേപ്പാളിലാണ്. ഏറ്റവും ഉയരം കൂടിയ എവറസ്റ്റും നേപ്പാളിന്റേതാണല്ലോ.
ബാല്‍ പ്രസാദ് റായ് ഞങ്ങള്‍ക്ക് ഓരോ സെക്ഷനെ കുറിച്ചും വിവരിച്ചുതരാന്‍ രണ്ടു ഗൈഡകളെ അയച്ചെങ്കിലും തൃപ്തനായില്ല. ഇടക്കിടെ പാഞ്ഞുവന്ന് അദ്ദേഹം ഓരോന്നും വിവരിച്ചുതരുന്നുണ്ട്. ഹിമാലയത്തിന്റെയും മറ്റിടങ്ങളിലെ മഹാപര്‍വതങ്ങളുടെയും അതിലെ തനത് ജനതകളുടെയും ചരിത്രവും സംസ്കാരവും ചിത്രീകരിക്കുകയും എന്നെന്നേക്കുമായി രേഖപ്പെടുത്തിവെക്കുകയുമാണ് ഈ കാഴ്ചബംഗളാവിന്റെ ഉദ്ദേശ്യം. ഒപ്പം ഈ പര്‍വതനിരകള്‍ കീഴടക്കാന്‍ മനുഷ്യന്‍ നടത്തിക്കൊണ്ടിരുന്നതും ഇപ്പോഴും നടക്കുന്നതുമായ പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
നാല് ഗാലറികളിലായാണ് കാര്യങ്ങളെല്ലാം ഒതുക്കിവെച്ചിരിക്കുന്നത്. ആദ്യത്തേത് പര്‍വതജനതകളെ കുറിച്ചുളളതാണ്. ഹിമാലയത്തില്‍ തന്നെ അനേകം ജനവിഭാഗങ്ങള്‍ അറിഞ്ഞും അറിയപ്പെടാതെയും കഴിഞ്ഞുപോരുന്നുണ്ട്. അവയ്ക്കോരോന്നിനും ചരിത്രവും സംസ്കാരവും കലാരൂപങ്ങളുമുണ്ട്. വിവിധജനവിഭാഗങ്ങള്‍ ഉപയോഗിച്ചു പോരുന്ന വസ്തങ്ങള്‍ ,ആഭരണങ്ങള്‍ , പാത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ ഇവിടെ ഉണ്ട്. തമാങ്ങുകള്‍, തകാളികള്‍, ഛന്‍ഠ്യാലുകള്‍, ഗൂരുങ്ങുകള്‍, ഷേര്‍പ്പകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.
രണ്ടാമത്തേത് പര്‍വതങ്ങളെ കുറിച്ചുള്ള വിഭാഗമാണ്. ഓരോന്നിന്റേയും ഉത്ഭവം സംബന്ധിച്ച ശാസ്ത്രീയകാര്യങ്ങളും,പര്‍വതങ്ങളുമായി ചേര്‍ന്നുള്ള ഭൗമവസ്തുതകളും, നദികള്‍, വിഭവങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ഈ വിഭാഗത്തിലാണ് ഉള്ളത്.മുഖ്യപര്‍വതങ്ങളുടെയെല്ലാം ഉയരം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളും അവയിലെ ജീവജാലങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഭൗമശാസ്ത്രപ്രത്യേകതകളും ചിത്രീകരിച്ചിട്ടുണ്ട് ഇവിടെ.
പര്‍വതാരോഹണത്തെ കുറിച്ചുള്ളതാണ് നാലാമത്തെ ഗാലറി. ചരിത്രത്തില്‍ നടന്ന പ്രധാന പര്‍വതാരോഹണശ്രമങ്ങള്‍, അവയിലെ വിജയങ്ങളും പരാജയങ്ങളും നേട്ടങ്ങളും… വിജയങ്ങളിലൂടെ അനശ്വരരായവര്‍, പരാജയങ്ങളിലൂടെ രക്തസാക്ഷികളായവര്‍…അമ്പതുകളില്‍ ആദ്യമായി അന്നപൂര്‍ണ പര്‍വതം കയറിയ ഹെര്‍സോഗ്, അനശ്വരയായ വനിതാ പര്‍താരോഹക ജുംഗോ ടാബീ തുടങ്ങിയ നിരവധി സാഹസികരെ കുറിച്ചുള്ള വിവരങ്ങള്‍ , ചിത്രങ്ങള്‍ , അവര്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ എല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഒടുവിലായി ഒരു വിഭാഗം പര്‍വതാരോഹണത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധസന്നദ്ധസംഘടനകള്‍ക്ക് നീക്കിവെച്ചിരിക്കുന്നു.പര്‍വതാരോഹണം സംബന്ധിച്ച ഒരു ഗവേഷണകേന്ദ്രം കൂടിയായാണ് ഇത് ഉദ്ദേശിച്ചിരിക്കുന്നത്. ലോകത്തെമ്പാട് നിന്നും പുസ്തകങ്ങളും രേഖകളും പ്രസിദ്ധീകരണങ്ങളും ദൃശ്യ-ശ്രാവ്യ സൃഷ്ടികളും പര്‍വതസംബന്ധിയായ സര്‍വകാര്യങ്ങളും സംഘടിപ്പിക്കാന്‍ ശ്രമം നടന്നുവരുന്നുണ്ട്.
ഒരു ഹാളില്‍പര്‍വതങ്ങളെ കുറിച്ചുള്ള ഒരു ഡോക്കുമെന്ററി പ്രദര്‍ശനം സദാ നടക്കുന്നുണ്ട്. വിവിധ പര്‍വതഗോത്രങ്ങളുടെ വീടുകളുടെയും വിവിധ പര്‍വതങ്ങളുടേയും മാതൃകകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പര്‍വതാരോഹണം, പര്‍വതങ്ങള്‍ എന്നിവ സംബന്ധിച്ച് ലഭ്യമായ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും ലൈബ്രറിയില്‍ ശേഖരിച്ചു വെച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലും ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി ഓരോന്നും വിവരിക്കുന്നതില്‍ മ്യൂസിയോളജിസ്റ്റ് റായ്, കളിപ്പാട്ടങ്ങള്‍ കാട്ടിത്തരാന്‍ കുഞ്ഞുങ്ങള്‍ കാട്ടുന്നതു പോലുള്ള നിഷ്കളങ്കമായ കൗതുകവും താല്‍പര്യവും കാട്ടുന്നുണ്ടായിരുന്നു.
വളര്‍ച്ചയുടെ ആദ്യഘട്ടത്തിലാണ് മ്യൂസിയം. പ്രവര്‍ത്തനമാരംഭിച്ചിട്ട്
അഞ്ചുവര്‍ഷമേ ആയിട്ടുള്ളൂ .പത്തു കോടിയോളം നേപ്പാള്‍ രുപ ഇതിനായി ചെലവഴിച്ചതായി റായ് പറഞ്ഞു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ സഹായിച്ചിട്ടുണ്ട്.