ഇന്നു നമ്മള്‍ മനകാമന ദേവീക്ഷേത്രത്തിലേക്കാണ് പോകുന്നത്- മീഡിയ ഓഫീസര്‍ സുധാന്റെ അറിയിപ്പുകേട്ടപ്പോള്‍ സന്തോഷമല്ല തോന്നിയത്. ക്ഷേത്രം സന്ദര്‍ശിക്കാന്‍ കേരളത്തില്‍ നിന്ന് ഇത്രയും ദൂരം സഞ്ചരിച്ചു നേപ്പാളില്‍ വരേണ്ട കാര്യമില്ല; ഇന്ത്യയിലുള്ളതിനേക്കാള്‍ വലിയ ക്ഷേത്രമൊന്നും ഇവിടെ കാണുകയില്ലല്ലോ. നിവൃത്തിയില്ല. പോകുക തന്നെ. കാത് മണ്ഡുവില്‍ നീണ്ടയാത്രയുണ്ട് ഈ ക്ഷേത്രത്തിലേക്ക്.
നേപ്പാള്‍ ഹിന്ദുക്കള്‍ ജീവിതത്തിരിക്കലെങ്കിലും ചെന്ന് തൊഴണമെന്ന്ആഗ്രഹിക്കുന്ന ക്ഷേത്രമാണിത്. ഏഴു വര്‍ഷം മുമ്പുവരെ ശബരിമല തീര്‍ത്ഥാടനം പോലെ ക്ലേശം നിറഞ്ഞതായിരുന്നു മനകാമനതീര്‍ഥാടനം.ആയിരത്തിമുന്നൂറോളം മീറ്റര്‍ ഉയരമുള്ള മലമുകളിലെ ക്ഷേത്രത്തിലെത്താന്‍ കൊടുങ്കാട്ടിലൂടെ നാലഞ്ചുമണിക്കൂര്‍ മല കയറുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. ഇന്നു തീര്‍ത്ഥാടനം വിനോദയാത്രയായിരിക്കുന്നു. ഏഴു വര്‍ഷം മുമ്പു പണിപൂര്‍ത്തിയായ കേബ് ള്‍ കാര്‍ മനകാമനദേവിയെ കുറിച്ചുള്ള സങ്കല്‍പ്പം തന്നെ മാറ്റിമറിച്ചിരിക്കുന്നു. ഇപ്പോള്‍ ധാരാളമാളുകള്‍ ക്ഷേത്രം കാണാന്‍ വരുന്നുണ്ട്. ക്ഷേത്രം ഒരു വിനോദസഞ്ചാരകേണ്ടമായിരിക്കുന്നു.ദേവിയെ പ്രാര്‍ത്ഥിക്കാനാണോ കേബ് ള്‍ കാറില്‍ പറക്കാനാണോ വരുന്നത് എന്ന സംശയമേ ബാക്കിനില്‍ക്കുന്നുള്ളൂ. ആഗ്രഹങ്ങള്‍ സാധിപ്പിച്ചുതരുന്ന ദേവിയാണ് മനകാമന ദേവി. വെറുതെ ചെന്നു പ്രാര്‍ഥിച്ചതു കൊണ്ടുകാര്യമില്ല. ദേവി പ്രീതിപ്പെടണമെങ്കില്‍ മൃഗത്തെ ബലികഴിക്കണം . നേപ്പാളില്‍ പല ക്ഷേത്രങ്ങളിലും ഇന്നും മൃഗബലി മുടക്കം കൂടാതെ നടക്കുന്നു.
മനകാമനയിലേക്കുള്ള ബസ് യാത്ര തൃശൂലി നദിക്ക് സമാന്തരമായി ഒഴുകുന്ന വീതിയേറിയ നല്ല റോഡിലൂടെയാണ്.ചെറുപട്ടണങ്ങളും ഗ്രാമങ്ങളും പിന്നിട്ട് നാലു മണിക്കുര്‍ കൊണ്ട് കുറിന്തര്‍ ടൗണിലെത്തും . ഈ പട്ടണത്തില്‍ ആണ് കേബ് ള്‍ കാര്‍ സ്റ്റേഷന്‍. ടിക്കറ്റ് വില്‍ക്കാനേ ആളു വേണ്ടൂ. കാറുകള്‍ നിരന്തരം ചലിച്ചുകൊണ്ടേയിരിക്കും. ആളുകള്‍ കയറാനും ഇറങ്ങാനും സ്റ്റേഷനില്‍ ഏതാനും സെക്കന്റ് നില്‍ക്കും . കാര്‍ നിന്നാല്‍ വാതിലുകള്‍ യാന്ത്രികമായി തുറക്കുകയായി. ആളിറങ്ങിയാല്‍ കാത്തുനില്‍ക്കുന്നവര്‍ക്കു കയറാം. വാതില്‍സ്വയമടഞ്ഞുകൊള്ളും. കാര്‍ മന്ദമായി നീങ്ങി അന്തരീക്ഷത്തിലേക്ക് ഒഴുകുകയായി. ഒരു നിമിഷം ഉള്ളുവിറക്കും. നിലത്ത് നില്‍ക്കാത്ത വാഹനം ഒരു കയറില്‍ തൂങ്ങിക്കിടക്കുകയല്ലേ എന്ന് ഭീതി.കാര്‍ നീങ്ങുമ്പോള്‍ തൃശൂലി നദിയും കുറിന്തര്‍ ടൗണും അകന്നകന്നു പോവുകയായി. പിന്നെ ആകാശത്തുകൂടെയായി ഒഴുക്ക്.
ഓരോ കേബ് ള്‍ കാറിലും ആറുപേര്‍ക്കിരിക്കാം. കണ്ണാടിക്കൂടാണ് കാറുകള്‍. നാലു ഭാഗവും കണ്ടുകൊണ്ടേ പറക്കാം. ആദ്യത്തെ പേടി മാറിയപ്പോള്‍ ഈ യാത്ര കുറെ തുടരട്ടെ എന്നായി മോഹം.അധികമൊന്നും തുടരുകയുമില്ലല്ലോ. ഇരുനൂറ്റി അമ്പത്തെ മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന താഴെ സ്റ്റേഷനില്‍നിന്നു ആയിരത്തിമുന്നൂറ്റി രണ്ട് മീറ്റര്‍ ഉയരത്തിലുള്ള മേലെ സ്റ്റേഷനിലേക്ക് പറക്കാന്‍ പത്തുമിനിറ്റ് മതി. മൂന്നുകിലോമീറ്റര്‍ നീളം മാത്രം. എങ്കിലും ഇത് നല്ല നീളമുള്ള കേബ് ള്‍ പാതയാണ്.സെക്കന്റില്‍ 0.2 മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന കാറുകളില്‍ ഒരുമണിക്കൂറില്‍ അറുനൂറു യാത്രക്കാര്‍ മലകയറും. ഒരേസമയം 31 കാറുകളാണ് നീങ്ങിക്കൊണ്ടിരിക്കുക. നാല്‍പ്പത്തൊന്ന് മീറ്റര്‍ വരെ ഉയരമുള്ള ഇരുപത് ടവറുകള്‍ ആണു കേബ് ള്‍ കാറിനെ താങ്ങിനിര്‍ത്തുന്നത്.
മനാകമാനയിലേക്ക് പോകുന്ന കേബ്ള്‍ കാര്‍ |
ഇതൊന്നുമില്ലാതെ തീര്‍ത്ഥാടകര്‍ മല കയറി വന്ന കാലത്ത് പണിതുയര്‍ത്തിയ നിരവധി ഹോട്ടലുകളും ലോഡ്്ജുകളും മലമുകളിലുണ്ട്. പണ്ടൊന്നും മലകയറി വന്നാല്‍ അന്നു തന്നെ മലയിറങ്ങുന്നതിനെ പറ്റി ചിന്തിക്കുക തന്നെ അസാധ്യമായിരുന്നു. ആളുകള്‍ക്ക് അവിടെ തങ്ങാതെ പറ്റുകയില്ല. ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്. അവസാനത്തെ കേബ് ള്‍ വൈകുന്നേരത്തോടെ മടങ്ങും. ഒരു വിധമെല്ലാവരും അന്നന്നുതന്നെ മടങ്ങും. മറ്റൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് ലോഡ്ജു കള്‍ അവിടെ തുടരുന്നുവെന്നുമാത്രം. കാട്ടുപാതയിലൂടെ കാല്‍നടയായി കല്ലും സിമന്റും ചുമന്നു കൊണ്ടുവന്നു എത്ര ക്ലേശകരമായി പണിതുണ്ടാക്കിയതാവും ഈ കെട്ടിടങ്ങള്‍ എന്ന് ഓര്‍ക്കുമ്പോഴാണ് സങ്കടം തോന്നുക.
ക്ഷേത്രദര്‍ശനത്തിന് എത്തുന്നവര്‍ക്കു വില്‍ക്കാന്‍ വെച്ച പൂജാസാമഗ്രികളില്‍ ഏറ്റവും പ്രധാനമായി കണ്ടത് നാളികേരമായിരുന്നു. ഇവിടെ മാത്രമല്ല, പോയ ക്ഷേത്രങ്ങളിലെല്ലാം നാളികേരവുമായി വഴിവാണിഭക്കാര്‍ യാത്രക്കാരുടെ പിറകെ വരുന്നത് കണ്ടിരുന്നു.ഒരു തെങ്ങു പോലുമില്ലാത്ത നാട്ടിലെങ്ങനെ തേങ്ങയ്ക്ക് ഈ പ്രാധാന്യം ഉണ്ടായതെന്നത് അത്ഭുതമായി തോന്നി. വില്‍പനക്കാരിലൊരാളോട് വെറുതെ വില ചോദിച്ചു. ഒരു നാളികേരത്തിന്റെ വില നാല്‍പ്പതു രൂപ വരും. ഇന്ത്യന്‍ രൂപയാണെങ്കില്‍ ഇരുപത്തഞ്ചു !.കേരളത്തിലെ നാളികേരകൃഷിക്കാര്‍ അറിയേണ്ട !! ഞാനും സോമനാഥും പറഞ്ഞുചിരിച്ചു.
ക്ഷേത്രത്തില്‍ നീണ്ട ക്യു ഉണ്ടായിരുന്നു. എന്നാല്‍ ഇതെത്രയോ ഭേദമാണ്. മണിക്കുറുകള്‍ ക്യൂ നിന്നാലാണ് ചിലപ്പോള്‍ ദര്‍ശനം സാദ്ധ്യമാകൂ-ഒരു ഭക്തന്‍ ആശ്വാസം കൊള്ളുന്നുണ്ടായിരുന്നു.പലപ്പോഴും പോലീസ് എത്തിയാണ് തിരക്ക് നിയന്തിക്കുകയത്രെ.
കേബ് ള്‍ കാറിലെ മടക്കയാത്രയില്‍ നല്ല വെയിലായിരുന്നു. ബസ് കയറി മടക്കയാത്രയില്‍ നേപ്പാള്‍ മഴയുടെ തീവ്രത നേരിട്ടനുഭവിച്ചു. ബസ്സുകള്‍ക്കു പോലും നീങ്ങാന്‍ പ്രയാസമുണ്ടാക്കുന്ന കൊടും കാറ്റും കനത്ത മഴയും. ഈ കൊടുംകാറ്റില്‍ കേബ് ള്‍ കാറിന് അപകടം സംഭവിച്ചേക്കുമോ?. ഞങ്ങള്‍ ആശങ്കാകുലരായി. ഇല്ല, ഒന്നും സംഭവിക്കുകയില്ല. സ്ഥാപിച്ച് ആറു വര്‍ഷം പിന്നിട്ടു..ഒരു ചെറിയ അനിഷ്ടസംഭവം പോലുമുണ്ടായിട്ടില്ല- മീഡിയ ഓഫീസര്‍ സുധാന്‍ ഉറപ്പിച്ചുപറയുന്നുണ്ടായിരുന്നു.
(തുടരും)