ഹിന്ദുയിസം ബുദ്ധിസം ടൂറിസം

എൻ.പി.രാജേന്ദ്രൻ

എല്ലാ യാത്രകളും ക്ഷേത്രദര്‍ശനത്തോടെ തുടങ്ങണമെന്നുണ്ടാകാം.ഹോട്ടല്‍ അന്നപൂര്‍ണയിലെ ആദ്യത്തെ സുപ്രഭാതത്തില്‍ തന്നെ കിട്ടിയ സന്ദേശം അഞ്ചുനാളത്തെ നേപ്പാള്‍ പര്യടനം ക്ഷേത്രദര്‍ശനത്തോടെ തുടങ്ങുന്നു എന്നതായിരുന്നു.ഏതാണ്‌ ക്ഷേത്രം എന്നൊന്നുമറിയില്ല. ഇതൊരു ‘തടവു’പര്യടനമാണ്‌. നയിക്കുന്നേടത്തേക്ക്‌ നമ്മള്‍ പോയേ തീരൂ.എനിക്ക്‌ ക്ഷേത്രം കാണേണ്ട എന്ന്‌ പറയാന്‍ സ്വാതന്ത്ര്യമില്ല. ചൂണ്ടിക്കാട്ടുന്ന വാഹനത്തില്‍ കയറിയിരിക്കുകയല്ലാതെ മാര്‍ഗമില്ല.

സുധാന്‍ സുബേദി ഹോട്ടലിന്‌ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്ന്‌ നേരെ വിരല്‍ ചൂണ്ടി,ഞങ്ങള്‍ കയറിയിരുന്നു. സുധാന്‍ നേപ്പാള്‍ ടൂറിസം ബോര്‍ഡിന്റെ മീഡിയ ഓഫീസറാണ്‌. ചെറുപ്പക്കാരന്‍. നേപ്പാള്‍ ടൂറിസം ബോര്‍ഡ്‌ പല നാടുകളില്‍ നിന്ന്‌ എഴുത്തുകാരെയും മാധ്യമപ്രവര്‍ത്തകരേയും നേപ്പാളിലേക്ക്‌ ക്ഷണിച്ചുകൊണ്ടുവരുന്നുണ്ട്‌. നീണ്ട കാലമായി മാവോയിസ്റ്റ്‌ അക്രമവും രാജഭരണവിരുദ്ധസമരവുമെല്ലാംകാരണം വിനോദസഞ്ചാരം മന്ദഗതിയിലാണ്‌. ഇപ്പോള്‍ കൈവന്ന സമാധാനം ഉപയോഗപ്പെടുത്തി ടുറിസം വികസിപ്പിക്കാനാണ്‌ പുതിയ സര്‍ക്കാറിന്റെ ശ്രമം. ടുറിസം ബോര്‍ഡ്‌ അതുകൊണ്ടുതന്നെ ഉര്‍ജിതമായി പരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്‌.

നേപ്പാളിലെത്തുന്ന വിദേശടൂറിസ്റ്റുകളില്‍ മുപ്പത്‌ ശതമാനം ഇന്ത്യയില്‍ നിന്നാണ്‌ വരുന്നത്‌. ഉത്തരേന്ത്യന്‍ സമ്പന്നരില്‍ നല്ലൊരു പങ്കിന്‌ നേപ്പാള്‍ ഒരു വാരാന്ത്യസന്ദര്‍ശനകേന്ദ്രമായി കാണാനാവും. ഉത്തരേന്ത്യയെ മാത്രം കണ്ടാല്‍ പോര, ദക്ഷിണേന്ത്യയും നല്ല സാധ്യതയുള്ള പ്രദേശമാണ്‌ എന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഞങ്ങളുടെ ഈ പര്യടനം ആസൂത്രണം ചെയ്തിരിക്കുന്നത്‌. ആകെ അഞ്ചു മാധ്യമപ്രവര്‍ത്തകര്‍.തിരുവന്തപുരത്ത്‌ നിന്ന്‌ മലയാള മനോരമയുടെ പ്രത്യേകലേഖകന്‍ ഇ.സോമനാഥ്‌. ചെന്നൈയില്‍ നിന്ന്‌ ന്യു ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ലേഖിക ശാലിനി ഷാ, ബംഗളൂര്‍ ഡക്കാന്‍ ഹെറാള്‍ഡ്‌ ഡപ്യൂട്ടി ന്യൂസ്‌ എഡിറ്റര്‍ ഗായത്രിനിവാസ്‌, പ്രജാവാണി ചീഫ്‌ സബ്‌ എഡിറ്റര്‍ പി.ജി.അനന്തപത്മനാഭ എന്നിവരാണ്‌ സംഘത്തിലുള്ളത്‌. ടുറിസം ബോര്‍ഡിന്റെ ഇന്ത്യയിലെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സ്ഥാപനം നിയോഗിച്ച പി.ആര്‍.ഓ ഡല്‍ഹിക്കാരി പ്രിയങ്കവര്‍മയും ഒപ്പമുണ്ട്‌. പത്രപ്രവര്‍ത്തനം പഠിച്ചശേഷം പബ്ലിക്‌ റിലേഷന്‍സിലേക്ക്‌ വഴിമാറി സഞ്ചരിക്കുന്നു. വേണ്ടിവന്നാല്‍ ബോളിവുഢില്‍ ഒരു കൈനോക്കാനുമുള്ള രൂപസൗഭാഗ്യവും പ്രിയങ്കക്കുണ്ട്‌.
രാവിലെ തന്നെ ക്ഷേത്രത്തിലേക്കാണ്‌ യാത്ര. ചിന്തകള്‍ക്ക്‌ വഴി തെറ്റരുത്‌. ഹോട്ടലില്‍ നിന്ന്‌ ആറേഴ്‌ കിലോമീറ്ററേ സഞ്ചരിച്ചുകാണുള്ളൂ. ‘ദിസ്‌ ഈസ്‌ പസുപതിനാഥ്‌ ടെമ്പിള്‍ ‘ സുധാന്റെ അറിയിപ്പുണ്ടായി.

ക്ഷേത്രത്തിലേക്ക്‌ കയറാതെ കടയരുകില്‍ നിര്‍ത്തിയ വാഹനത്തില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ അടുത്ത അറിയിപ്പുണ്ടായി…ക്ഷേത്രത്തില്‍ ക്യാമറയും ചെരിപ്പും അനുവദിക്കുകയില്ല. അതു സൂക്ഷിക്കാന്‍ കടയില്‍ സംവിധാനമുണ്ട്‌. കടയില്‍ നിന്ന്‌ ക്ഷേത്രത്തിലേക്ക്‌ തെല്ല്‌ ദൂരമേയുള്ളൂ. ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ വില്‍ക്കുന്ന കടയാണിത്‌. സംഘത്തിലെ വനിതാംഗങ്ങള്‍ അതിവേഗം ഷോപ്പിങ്ങില്‍ മുഴുകി. മാലകളിലേക്കാണ്‌ ശ്രദ്ധപോയത്‌. സ്വര്‍ണവും വെള്ളിയുമൊന്നുമല്ല രുദ്രാക്ഷമാലകള്‍…ഒന്നു രണ്ടു മണിക്കൂറിനകം അവര്‍ ഏതാനും മാലകളുമായി പുറത്തുകടന്നു രുദ്രാക്ഷമാലകളെ കുറിച്ചുള്ള വിവരണങ്ങളായി പിന്നെ. ഇത്‌ ഏകമുഖി ….ഇത്ര ആയിരമാണ്‌ വില..ഇത്‌ സപ്തമുഖി… ഇത്ര ആയിരം . ഡാഡിക്ക്‌ ബി.പി.യും പ്രഷറും ഉണ്ട്‌ അതുമാറാനാണ്‌….അങ്കിളിന്‌ ഹാര്‍ട്ട്‌ അറ്റാക്കിന്‌ ഇത്‌ ഉത്തമമാണ്‌… രോഗശുശ്രൂഷാരംഗത്തുണ്ടായ ഈ പുരോഗതിയെ കുറിച്ച്‌ എനിക്ക്‌ യാതൊരു അറിവും ഉണ്ടായിരുന്നില്ല.

ഓരോ തരം രുദ്രാക്ഷത്തിന്റെയും ഗുണങ്ങള്‍ വിവരിക്കുന്ന ലഘുലേഖകള്‍ കടക്കാര്‍ നല്‍കുന്നുണ്ട്‌. ഏകമുഖി ധരിച്ചാലുള്ള ഗുണങ്ങള്‍ എന്തെല്ലാം എന്നു കേള്‍ക്കൂ.’ സൂര്യനാണ്‌ അതിനെ ഭരിക്കുന്നത്‌. എല്ലാ മുഖികളുടെയും രാജാവായതിനാല്‍ അത്‌ ശുദ്ധമായ ബോധത്തെ പ്രതിനിധാനം ചെയ്യുന്നു.ഇത്‌ ധരിക്കുന്ന ആള്‍ ഭോഗത്തിലും മോക്ഷത്തിലും നേട്ടങ്ങളുണ്ടാക്കുന്നു. ജനകരാജാവിന്റെ ജീവിതം നയിക്കുന്നു.എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കാനും എല്ലാറ്റില്‍ നിന്നും അകന്നു നില്‍ക്കാനും കഴിയുന്നു. ഏകമുഖി ഡോക്റ്റര്‍മാര്‍ക്ക്‌ ഉത്തമമാണ്‌,രോഗങ്ങള്‍ ശരിയായി മനസ്സിലാക്കാനും ശസ്ത്രക്രിയകള്‍ വിജയകരമായി നടത്താനുമുള്ള കഴിവ്‌ ഇതിലൂടെ ലഭിക്കുന്നു. മന്ത്രം ഓം നമശ്ശിവായ, ഓം ല്‍ക്കീം നമ:

ഇങ്ങിനെ ഓരോ മുഖിക്കും വിവരണങ്ങളുണ്ട്‌. ഓരോ തൊഴിലുകാര്‍ക്കും പ്രത്യേകം മുഖികളുണ്ട്‌. പത്രപ്രവര്‍ത്തകരും എഴുത്തുകാരും ഗവേഷകരും ഉപയോഗിക്കേണ്ടത്‌ ചതുര്‍മുഖിരുദ്രാക്ഷമാണ്‌.എഡിറ്റര്‍മാര്‍ ഉപയോഗിക്കേണ്ടത്‌ ആറു മുഖമുള്ളതാണ്‌. ഡക്കാന്‍ ഹെറാള്‍ഡ്‌ ഡപ്യൂട്ടി ന്യൂസ്‌ എഡിറ്റര്‍ ഗായത്രിനിവാസ്‌ വാങ്ങിയത്‌ ആറുമുഖമുള്ളതാണെന്നും എഡിറ്റര്‍ ആകാനുള്ള തയ്യാറെടുക്കുകയാണെന്നും ഞങ്ങള്‍ പറഞ്ഞു ചിരിച്ചു.

വനിതകള്‍ നല്ലൊരു സംഖ്യ ആദ്യം കണ്ട കടയില്‍ തന്നെ പൊട്ടിച്ചുകഴിഞ്ഞിരിക്കുന്നു. നേപ്പാളിലേക്ക്‌ വരുമ്പോള്‍ നാട്ടിലുള്ള ബന്ധുക്കളും സുല്‍ക്കത്തുക്കളും ഏല്‍പ്പിച്ചതാണെല്ലാം. അസ്സല്‍ രുദ്രാക്ഷവും കോറല്‍സും കിട്ടുന്ന സ്ഥലമത്രെ നേപ്പാള്‍. വിലകളുടെ ആയിരങ്ങള്‍ കേട്ട്‌ വലുതായി കണ്ണുതള്ളേണ്ടതില്ലെന്ന്‌ പിന്നീടാണ്‌ മനസ്സിലായത്‌. നേപ്പാളിലെ നാണയവും രൂപ തന്നെ. പക്ഷെ ഇന്ത്യന്‍ രൂപയെക്കാള്‍ വില കുറവാണ്‌. നൂറ്‌ ഇന്ത്യന്‍ രൂപ കൊടുത്താല്‍ നൂറ്ററുപത്‌ നേപ്പാള്‍ രുപ കിട്ടും.ഇന്ത്യന്‍ രൂപ ഏത്‌ കടയിലും സ്വീകരിക്കും, കൈയില്‍ കാല്‍ക്കുലേറ്റര്‍ ഉണ്ടെങ്കിലേ കാര്യം നടക്കൂ എന്നുമാത്രം. നേപ്പാള്‍രൂപയില്‍ പറയുന്ന വില ആദ്യം ഇന്ത്യന്‍ രൂപയിലേക്ക്‌ മാറ്റികണക്കാക്കണം. കൊടുത്തതിന്‌ കിട്ടേണ്ട ബാക്കി വേറെ നേപ്പാള്‍ രൂപയിലും കണക്കാക്കണം. കണക്ക്‌ തെറ്റി കാശ്‌ നഷ്ടപ്പെടുന്നത്‌ നമുക്കായിരിക്കും. കടക്കാര്‍ക്ക്‌ കാശ്‌ നഷ്ടപ്പെട്ട ചരിത്രമില്ലല്ലോ.

ഇതു പശുപതിനാഥക്ഷേത്രം. ഇന്ത്യയില്‍ നിന്നു വരുന്നവര്‍ പശുപതിനാഥനെ തൊഴാതെ മടങ്ങാറില്ല. പശു എല്ലാ ജീവജാലങ്ങളുടെയും പ്രതീകമാണ്‌. എല്ലാ ജീവജാലങ്ങളുടെയും നാഥനാണ്‌ പശുപതിനാഥന്‍. ശിവലിംഗമാണ്‌ പ്രതിഷ്്ഠ.പഗോഡമാതൃകയിലാണ്‌ ക്ഷേത്രം പണിതിരിക്കുന്നത്‌. നേപ്പാളിലെ ഏറ്റവും പ്രധാനക്ഷേത്രവും ഇതുതന്നെ. ഏഴാം നൂറ്റാണ്ടുമുതല്‍ നിലവിലുണ്ടെന്ന്‌ ക്ഷേത്രചരിത്രത്തില്‍ പറയുന്നു.ക്ഷേത്രത്തിലെ പൂജാരിമാര്‍ നുറ്റാണ്ടുകളായി കര്‍ണാടകക്കാരാണെന്നറിഞ്ഞപ്പോള്‍ കര്‍ണാടകപത്രപ്രവര്‍ത്തകര്‍ക്ക്‌ ആവേശമായി.പക്ഷെ അവരെ കാണാനൊന്നും പറ്റിയില്ല. ഏഴില്‍ അഞ്ചു പൂജാരിമാരും കര്‍ണാടകക്കാരത്രെ.ബൗദ്ധസ്വാധീനത്തിനെതിരെയുള്ള ശ്രീശങ്കരന്റെ തന്ത്രങ്ങളുടെ ഭാഗമായാണ്‌ ഈ കീഴ്‌ വഴക്കങ്ങളുണ്ടായതെന്ന്‌ കരുതുന്നു. ബദ്രിനാഥില്‍ നമ്പൂതിരി പൂജാരിയാകുന്നതും ഇതിന്റെ ഭാഗമത്രെ.വിടെ സ്ഥിരമായി കര്‍ണാടകക്കാര്‍ പുജാരിയാകുന്നതിന്‌ എതിരെ മുറുമുറുപ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്ന്‌ ഞങ്ങളുടെ ഗൈഡ്‌ ആയി പ്രവര്‍ത്തിക്കുന്ന മീഡിയ ഓഫീസര്‍ സുധാന്റെ വാക്കുകളില്‍ സൂചനയുണ്ടായിരുന്നു.

ഇവിടെയെത്തുന്നവരില്‍ ഏറെപ്പേരും ദക്ഷിണേന്ത്യക്കാരാണെന്നതിന്‌ ക്ഷേത്രപരിസരത്തെകടകള്‍ തന്നെ തെളിവ്‌. മിക്കവയുടെയും ബോര്‍ഡുകളില്‍ ചുമ്മാ തിരുപ്പതി, മധുര എന്നും മറ്റും എഴുതി വെച്ചിരിക്കുന്നു.ഇന്ത്യന്‍ ക്ഷേത്രങ്ങളിലെവിടെയെങ്കിലും അനുബന്ധമായി ശ്മാശാനമുണ്ടോ എന്നറിയില്ല. ഇവിടെ അതുണ്ട്‌. സന്ദര്‍ശകരില്‍ ചിലര്‍ അതു ചെന്നു നോക്കുന്നുമുണ്ട്‌. ഒരു പക്ഷെ ഇന്ത്യയിലെങ്ങും കാണാത്ത മറ്റൊരു വിചിത്രസംഗതിയും ക്ഷേത്രത്തില്‍ കണ്ടു. ക്ഷേത്രനടയില്‍ രണ്ടു പ്രതിമകള്‍ പ്രതിഷ്ഠയെ ലക്ഷ്യം വെച്ച്‌ കുറച്ചുയരത്തില്‍ നിലയുറപ്പിച്ചിരിക്കുന്നു. ദേവവിഗ്രഹമായിരിക്കും എന്നാണ്‌ ധരിച്ചത്‌. ചിലര്‍ അതിന്‌ മുന്നില്‍ വന്നു തൊഴുന്നതും കണ്ടിരുന്നു. പെട്ടെന്നാണ്‌ ഒരു ഞെട്ടലോടെ അത്‌ കണ്ടത്‌. പ്രതിമകള്‍ കണ്ണടകള്‍ വെച്ചിരിക്കുന്നു ദൈവമേ കണ്ണട വെച്ച ദൈവമോ !!!ഉടനെ ബോധോദയമുണ്ടായി . അത്‌ ദൈവങ്ങളല്ല. രാജാക്കന്മാരാണ്‌. മഹേന്ദ്രയും മുന്‍ഗാമിയായ മറ്റൊരു ന്ദ്രയും. കൃത്യമായി അവിടെയാര്‍ക്കും നിശ്ചയമില്ല. ആകപ്പാടെ ഒരു സമാധാനം തോന്നി. രാജഭരണം പോയ സ്ഥിതിക്ക്‌ ഇനി എന്തായാലും ജീവിച്ചിരുന്നവരുടെ വിഗ്രഹങ്ങള്‍ പുതിയതായി ഉണ്ടാവുകയില്ല.

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നേപ്പാളിന്‌ രണ്ടു സംഗതികളാണുള്ളതെന്ന്‌ പറയാറുണ്ട്‌. ഇവ രണ്ടിനേയും കൂട്ടിച്ചേര്‍ത്ത്‌ ബുദ്ധിസം , ഹിന്ദുയിസം , ടൂറിസം എന്ന്‌ ചിലര്‍ തെല്ല്‌ പരിഹാസമായി പറയാറുണ്ട്‌. ഇതു കുറെ ശരിയുമാണ്‌. ലോകത്തിലെ ഏക ഹിന്ദുരാജ്യത്തിലേക്ക്‌ സ്വാഗതം എന്നെഴുതിയ ബോര്‍ഡുകള്‍ ചിലേടത്തെല്ലാം കണ്ടു. ഈ അവകാശവാദങ്ങളെ ചരിത്രം കടത്തിവെട്ടിക്കഴിഞ്ഞു. നേപ്പാളിപ്പോള്‍ ഒരു ബഹുകക്ഷി മതേതരജനാധിപത്യരാഷ്ടമാണ്‌. എങ്കിലും ക്ഷേത്രവും ഹിന്ദുമതവും അനുബന്ധമായുള്ളവയുമെല്ലാം നല്ല വില്‍പനയുള്ള ഉല്‍പ്പന്നങ്ങള്‍ തന്നെ. ടൂറിസ്റ്റുകള്‍ക്ക്‌ സുവനീറുകള്‍ വില്‍ക്കുന്ന പല കടകളിലും ഗണേശ -സുബ്രഹ്മണ്യപ്രതിമാരൂപങ്ങള്‍ക്കൊപ്പം മറ്റൊന്നു കൂടി വില്‍ക്കുന്നതു കണ്ടു. ഒരു കാലത്തും വില്‍പ്പനകുറയാനിടയില്ലാത്ത സാധനം- കാമസൂത്രം..അതെ പുസ്തകം ഇംഗ്ലീഷില്‍ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *

Go Top