വ്യാജവാര്‍ത്തകളില്‍ ജനാധിപത്യം മുങ്ങിച്ചാവാതിരിക്കാന്‍…..
എന്‍.പി രാജേന്ദ്രന്‍
മനുഷ്യന്റെ ആയുസ് കൂടുകയാണ്. വൈദ്യശാസ്ത്രം വളര്‍ന്നാല്‍ രോഗങ്ങളും മരണവും ഇല്ലാതാവും. ആയുസ് കൂടൂം. അതെത്ര കൂടാം എന്നതിനെക്കുറിച്ച് ചില പ്രവചനങ്ങള്‍ വൈദ്യശാസ്ത്രലേഖനങ്ങളില്‍ വായിച്ചിട്ടുണ്ട്. ശരാശരി മനുഷ്യായുസ് വെറും 25 ആയിരുന്ന കാലം അതിവിദൂരഭൂതകാലത്തൊന്നുമല്ല. 1960-ല്‍ ജനിച്ചവരുടെ ആയുസ് ശരാശരി 52.5 ആയിരുന്നു. 2019-ല്‍ ജനിച്ചവരുടേത് 85 വരെ ഉയരും. അതിനും ശേഷം, രോഗം പിടിപെട്ട് ആരും മരിക്കാത്ത അവസ്ഥ കൈവരിക്കുമെന്നും മനുഷ്യായുസ് നൂറിനുമേല്‍ കടക്കുമെന്നും വിദഗ്ദ്ധരുടെ പ്രവചനങ്ങള്‍ ഉണ്ടായി. കൊറോണയുടെ വരവിനു ശേഷം ഈ പ്രവചനങ്ങള്‍ നിലനില്‍ക്കുമോ എന്നാര്‍ക്കും പറയാനാവില്ല. എല്ലാം കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു.
മനുഷ്യന്റെ ഓവര്‍സ്പീഡിലുള്ള പാച്ചിലിനു കൊറോണ പോലുള്ള സഡണ്‍ ബ്രേക്കുകള്‍ വരുമ്പോള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഒരു മേഖലയുടെയും ഭാവിയെക്കുറിച്ച്്് ഒന്നും പ്രവചിക്കാനാവില്ല എന്നു വരുന്നു. സങ്കല്പങ്ങളും പ്രതീക്ഷകളും പ്രവചനങ്ങളും നിരര്‍ത്ഥകമാകും. സോപ്പുവെള്ളം തട്ടിയാല്‍ ചത്തുപോകുന്ന ഒരു സൂക്ഷ്മജീവി മനുഷ്യവംശത്തിനുതന്നെ ഭീഷണിയായി വരുമെന്ന് ആരൂം കരുതിയിരുന്നില്ല. ഈ മഹാമാരി പിടിച്ചുകുലുക്കാതെ പോകുന്ന ഒരു മേഖലയുമില്ല. ഒരു മേഖലയും കൊറോണയ്ക്കു ശേഷം-അങ്ങനെയൊരു നാളുണ്ടാവട്ടെ-ഇന്നത്തെപ്പോലെയാവില്ല എന്നുറപ്പിക്കാം. സംസ്‌കാരത്തിന്റെ
വര്‍ക്ക് ഫ്രം ഹോം രോഗം
കൊറോണ രണ്ടു മാസം പിന്നിടുംമുന്‍പുതന്നെ, പല മേഖലകളിലും നേരത്തെ സങ്കല്‍പ്പിച്ചിട്ടേ ഇല്ലാത്ത മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. നാല്പതോളം പേര്‍ ജോലിചെയ്യുന്ന ഒരു ഓണ്‍ലൈന്‍ മാധ്യമസ്ഥാപനത്തിലെ പത്രപ്രവര്‍ത്തകനുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇപ്പോഴവിടെ നാലഞ്ചുപേര്‍ മാത്രമേ ഓഫീസില്‍ ഹാജരായി ജോലി ചെയ്യുന്നുള്ളു എന്നാണ്. ബാക്കിയെല്ലാവരും വീട്ടിലിരുന്നാണ് പ്രവര്‍ത്തിക്കുന്നത്. എന്തു സുഖം എന്നാവും ആരുടെയും ആദ്യപ്രതികരണം. ഓഫീസിലിരുന്നു ചെയ്തതിനേക്കാള്‍ കൂടുതല്‍ ജോലി ഇപ്പോള്‍ വീട്ടിലിരുന്നു ചെയ്യേണ്ടിവരുന്ന നിരാശയിലാണത്രെ അവരിപ്പോള്‍. ഓഫീസിലായിരുന്നപ്പോള്‍ ജോലി തുടങ്ങാനും അവസാനിപ്പിക്കാനും നിശ്ചിതസമയം ഉണ്ടായിരുന്നു. ഇപ്പോഴതൊന്നും ബാധകമല്ല. ഏതു സമയത്തും പുതിയ ചുമതലകള്‍ ചുമലില്‍ വന്നുവീഴാം. വീട്ടിലിരുന്നു പണിയെടുക്കാന്‍ പറഞ്ഞാല്‍ ആളുകള്‍ ഉഴപ്പുകയേ ഉള്ളൂ എന്നാണ് അടുത്തകാലം വരെ ഉണ്ടായിരുന്നു ധാരണ. ഐ.ടി രംഗത്ത് അതു എന്നേ മാറി. മാധ്യമരംഗത്തും മാറിയിരിക്കുന്നു. എത്ര മണിക്ക് ജോലി തുടങ്ങിയെന്നും എന്തെല്ലാം ചെയ്തു എന്നും എത്ര തവണ സീറ്റില്‍നിന്നു എഴുനേറ്റുപോയി എന്നും ഇപ്പോള്‍ റെക്കോഡ് ചെയ്യാന്‍ കഴിയുമല്ലോ. ആളുകളെ വീടുകളില്‍ത്തന്നെ ഇരുത്തുന്നത് ഗുണമോ ദോഷമോ? പറയാറായില്ല.
കൊറോണ മാറിയാലും വര്‍ക്ക് ഫ്രം ഹോം എന്ന ‘രോഗം’ മാറാന്‍ പോകുന്നില്ല. സ്ഥാപനനടത്തിപ്പുകാര്‍ക്ക് ഈ പരിഷ്‌കാരം ലാഭമുണ്ടാക്കും. ഓഫീസ് സ്ഥലം ചുരുക്കിയാല്‍ കെട്ടിടംപണി ഇനത്തില്‍ ചെലവു വെട്ടിച്ചുരുക്കാം. ഒഴിവുവരുന്ന ഇടം വാടകയ്ക്കു കൊടുക്കാം. നഗരത്തില്‍ സ്‌ക്വയര്‍ ഫൂട്ടിന് എന്താ വില! . ഓഫീസില്‍ വരാനുള്ള യാത്രച്ചെലവ്, പെട്രോള്‍, ഫര്‍ണിച്ചര്‍, വൈദ്യുതി, പാര്‍ക്കിങ്, യാത്രാബത്ത…..കൊറോണ കൊണ്ട് ഇങ്ങനെ ചില ലാഭങ്ങളുമുണ്ട്്!
വര്‍ക് ഫ്രം ഹോം പലതരം മനോഭാവപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. തൊഴിലാളികളെല്ലാം കണ്‍മുന്നില്‍ ഉണ്ടായിരിക്കുക, നിരന്തര നിരീക്ഷണത്തിലൂടെയും ആജ്ഞകളിലൂടെയും അവരെ എപ്പോഴും ഭരിക്കുക തുടങ്ങിയ പഴയകാല മനോഭാവങ്ങള്‍ മാറുകയാണ്. തൊഴിലാളികള്‍ മാനേജ്‌മെന്റുകളുടെ കണ്‍വട്ടത്തുനിന്നു മാറുന്നതോടെ അവരുടെ തൊഴിലാളിയെന്ന ബോധത്തിനുതന്നെ ഊനംതട്ടുകയായി. അവകാശങ്ങള്‍ ചോദിക്കുകയോ കൂട്ടായി വിലപേശുകയോ കമ്പനിനടത്തിപ്പില്‍ വ്യക്തികളെന്ന നിലയില്‍ പങ്കാളികളാവുകയോ ചെയ്യുന്നതിനുള്ള ശേഷി നഷ്ടപ്പെടുന്ന ഒരു തൊഴിലാളിവര്‍ഗം ഉടമസ്ഥവര്‍ഗത്തിനു സന്തോഷവും തൃപ്തിയും നല്‍കും. പക്ഷേ, ജേണലിസ്റ്റുകളാകട്ടെ, ഓഫീസ് ജീവനക്കാരാകട്ടെ അവര്‍ തമ്മില്‍ തൊഴില്‍പരമായ ഒന്നിപ്പും വ്യക്തിപരമായ സൗഹാര്‍ദ്ദവും മുന്‍പത്തെപ്പോലെ ഉണ്ടായേക്കില്ല. അവര്‍ ഒരു സംഘമല്ല, വ്യക്തിയാണ് എന്നു വരുന്നു. അല്ലെങ്കില്‍ത്തന്നെ, സംഘടിതശക്തിയോ കൂട്ടായ വിലപേശലോ ഇല്ലാതായിക്കഴിഞ്ഞ മാധ്യമം പോലുള്ള വ്യവസായങ്ങളില്‍ ഇത് ആര്‍ക്കാണ് ഹാനികരമാവുക, ആര്‍ക്കാണ് ഗുണംചെയ്യുക എന്നൊന്നും വിശദീകരിക്കേണ്ടതില്ല.
അച്ചടിയുടെ ഭാവി
കൊറോണ ലോകത്തെങ്ങും മാധ്യമങ്ങളെ തകര്‍ക്കുന്നുണ്ട.് അച്ചടിമാധ്യമങ്ങള്‍ക്കാണ് നഷ്ടമേറെ. വില്പന-പരസ്യ വരുമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടാകുന്നത്. കൊറോണയ്്ക്കു മുമ്പും പത്രങ്ങളുടെ പ്രചാരം കുറയുകയായിരുന്നു. കഴിഞ്ഞ രണ്ടു ദശകമായി പാശ്ചാത്യലോകത്ത് എണ്ണമറ്റ പത്രസ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. അടച്ചുപൂട്ടലിനു ഇപ്പോള്‍ ഊക്കുകൂടിയിരിക്കുന്നു. ഏഷ്യയിലെ പത്രമേഖലയിലുള്ളവര്‍ മുമ്പ് പറഞ്ഞിരുന്നത് സൂര്യന്‍ കിഴക്കുദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നതു പോലെ പത്രങ്ങളും കിഴക്ക് ഉയര്‍ന്നുപൊങ്ങുകയാണ് എന്നായിരുന്നു. പക്ഷേ, ഇപ്പോള്‍ കിഴക്കും പത്രങ്ങളുടെ അസ്തമയമാണ് കാണുന്നത്. ഉദയസൂര്യന്റെ നാടായ ജപ്പാനില്‍ത്തന്നെ പത്രങ്ങളുടെ പ്രചാരം ഒരു കോടിയിലേറെ കുറഞ്ഞു എന്നു കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്ത്യയിലും സ്ഥിതി മോശമാണ് എന്ന് സ്ഥാപനങ്ങള്‍ക്കറിയാം. അവര്‍ സമ്മതിക്കില്ല എന്നുമാത്രം. കൊറോണ ഏല്‍പിച്ച ആഘാതം ക്രമേണ ദുര്‍ബലമാകാമെങ്കിലും അച്ചടിമാധ്യമം ഇനിയൊരിക്കലും നല്ല കാലത്തേക്കു തിരിച്ചുപോകില്ല എന്നുറപ്പായിട്ടുണ്ട്. ഒരു ദശകത്തിനിടയില്‍ അച്ചടിയില്‍നിന്നു ഓണ്‍ലൈന്‍ ഓണ്‍ലി ആയി മാറിയതിലേറെ പ്രസിദ്ധീകരണങ്ങള്‍ ഈ കൊറോണകാലത്ത് ഓണ്‍ലൈന്‍ മാത്രമായി മാറിയിട്ടുണ്ട് എന്നാണ് ചില കണക്കുകള്‍ കാണിക്കുന്നത്. പക്ഷേ, ഇപ്പോഴും ഓണ്‍ലൈന്‍ ലാഭകരമായി നടത്തുന്ന സ്ഥാപനങ്ങള്‍ അപൂര്‍വമാണ്.
പ്രതിസന്ധി ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ തീരുമെന്നോ കൊറോണയ്ക്കു ശേഷം സ്ഥിതി ഭേദപ്പെടുമെന്നോ ഉള്ള പ്രതീക്ഷ പത്രനടത്തിപ്പുകാരിലില്ല ഒരിടത്തും. ടൈംസ് ഓഫ് ഇന്ത്യ പോലുള്ള വന്‍കിടക്കാര്‍പോലും ജീവനക്കാരെ-സീനിയര്‍ ജേണലിസ്റ്റുകളെ വരെ- പിരിച്ചയക്കുന്നു. പതിനായിരത്തിലേറെ ജീവനക്കാരുള്ള, 45 ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന, പല വര്‍ഷങ്ങളിലും അഞ്ഞൂറു കോടി രൂപയിലേറെ ലാഭം പ്രഖ്യാപിച്ചിട്ടുള്ള, ഇരുപതിനായിരം കോടിയോളം രൂപയുടെ ആസ്തിയുള്ള വന്‍കമ്പനിയാണ് ഈ വിധം ചെയ്യുന്നത്. മുന്നില്‍നില്‍ക്കുന്ന ആള്‍ പിറകെ വരുന്നവര്‍ക്കു നല്‍കുന്ന ആപത്‌സൂചനയാണ് ഇത്. ഒരുപാട് പത്രങ്ങള്‍ ബ്യൂറോകളും യൂണിറ്റുകളും അടയ്ക്കുകയും എഡിഷനുകളും നിര്‍ത്തുകയും ജേണലിസ്റ്റുകളെ പിരിച്ചുവിടുകയും ചെയ്തുകൊണ്ടിരിക്കുയാണ്. ഇരുപതും മുപ്പതും ശതമാനം ശമ്പളം വെട്ടിക്കുറക്കുന്നു. കുറക്കാത്തവര്‍ ്അതിവിരളം. കൊറോണ വരുന്നതിനു ഇടത്തരം ഇംഗ്ലീഷ് പത്രങ്ങള്‍ കേരളത്തിലെ യൂണിറ്റുകള്‍ അടച്ചിരുന്നു. കൊറോണ രോഗത്തിന് വാക്‌സിന്‍ കണ്ടെത്തിയാല്‍പ്പോലൂം തീരുന്നതല്ല മാധ്യമപ്രതിസന്ധി.
പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കണമെന്ന ആവശ്യവുമായി പത്രംഉടമകള്‍ കേന്ദ്രഗവണ്മെന്റിനെ സമീപിച്ചിട്ടുണ്ട്. പേജുകള്‍ കുറക്കുകയും സപ്ലിമെന്റുകള്‍ ഉപേക്ഷിക്കുകയും വില കുറയ്ക്കാതിരിക്കുകയും ചെയ്തിട്ടും നില പ്രതിസന്ധി സൃഷ്ടിക്കുകയാണ് എന്നു ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി കേന്ദ്രസര്‍ക്കാറിനെ അറിയിച്ചു. പത്രവ്യവസായം പ്രതിസന്ധിയിലാണെന്നു അറിഞ്ഞിട്ടും പത്രക്കടലാസ്സിന്മേല്‍ അഞ്ചുശതമാനം ഇറക്കുമതി നികുതി ചുമത്തിയ കേന്ദ്രത്തോട് ആ വര്‍ദ്ധന പിന്‍വലിക്കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരസ്യനിരക്കുകള്‍ വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണകൂടം കൈയയച്ച് സഹായിച്ചാലേ ഫോര്‍ത്ത് എസ്റ്റേറ്റ് നിലനില്‍ക്കൂ എന്ന രോദനമാണ് ഇതില്‍ പ്രകടമായിട്ടുള്ളത്. പക്ഷേ, ഇരുപതുലക്ഷം കോടി രൂപയുടെ പാക്കേജില്‍ മാധ്യമവ്യവസായത്തെക്കുറിച്ച് പരാമര്‍ശം പോലും കണ്ടില്ല.
മാധ്യമങ്ങള്‍ സഹായം തേടുന്നതും അവരുടെ ആപല്‍രക്ഷകനായി ഭരണകൂടം രംഗപ്രവേശനം ചെയ്യുന്നതും ഇപ്പോള്‍ പല രാജ്യങ്ങളിലും കണ്ടുവരുന്നുണ്ട്. അമേരിക്കയിലെ ചില സംസ്ഥാനങ്ങള്‍ വായ്പകളും മറ്റു സഹായങ്ങളും നല്‍കാന്‍ പ്രതിസന്ധിയിലായ മാധ്യമസ്ഥാപനങ്ങളില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. ഈ പ്രശ്‌നം എങ്ങനെ പത്രസ്വാതന്ത്ര്യത്തിന് തടസ്സമാകുമെന്നു കൊളമ്പിയ ജേണലിസം റവ്യു വിലയിരുത്തുന്നുണ്ട്-https://www.cjr.org/the_media_today/ppp_loans_government_funding_media.php. അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ പരിഗണനയിലുള്ള, ചെറുകിട വ്യവസായങ്ങള്‍ക്ക് സഹായം നല്‍കുന്നതിനുള്ള പദ്ധതിയില്‍ മാധ്യമസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല. മാധ്യമങ്ങളെയും ഉള്‍പ്പെടുത്തണമെന്ന്്് രണ്ടു മുഖ്യ പാര്‍ട്ടികളും-റിപ്പബ്ലിക്കന്‍സ്, ഡമോക്രാറ്റ്‌സ്- ആവശ്യപ്പെട്ടിട്ടുണ്ട്. അതു സ്വീകരിക്കപ്പെടാനാണ് സാധ്യത. ഇത്തരം നിര്‍ദ്ദേശങ്ങള്‍ പല രാജ്യങ്ങളിലും അടിസ്ഥാന മാധ്യമതത്ത്വങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലേക്കു നയിച്ചിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ പരസ്യവരുമാനം വഴി സ്വകാര്യക്കമ്പനികളും ഒരു പരിധിവരെ ഗവണ്മെന്റും സബ്‌സിഡൈസ് ചെയ്തു നിലനിര്‍ത്തുകയാണ് മാധ്യമങ്ങളെ. സര്‍ക്കാര്‍ സഹായം കൊണ്ടേ മുന്നോട്ടുപോകാനാവൂ എന്നു വരുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യത നിശ്ശേഷം ഇല്ലാതാക്കില്ലേ?
സാമൂഹ്യമാധ്യമവിപത്ത്
പത്രം തൊട്ടാല്‍ കൊറോണ പകരുമെന്ന പ്രചാരണം കേരളത്തില്‍ കാര്യമായൊന്നും വിലപ്പോയില്ല എന്നു നമുക്കറിയാം. പക്ഷേ, സമ്പൂര്‍ണ സാക്ഷരതയും വലിയ ശാസ്ത്രബോധവും ഉള്ളവര്‍ എന്നു നാം ധരിച്ചിട്ടുള്ള യു.എസ്.എ.യില്‍ പുത്തന്‍ അന്ധവിശ്വാസങ്ങള്‍ പെരുകുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയുടെ പല പ്രവിശ്യകളിലും പത്രങ്ങള്‍ക്കെതിരെ ഈ പ്രചാരണം സാമൂഹ്യമാധ്യമങ്ങളിലൂട കൊണ്ടുപിടിച്ചു നടക്കുകയാണ്. അതു വിശ്വസിക്കുന്നവര്‍ ധാരാളം. തുപ്പല്‍ കൂട്ടി എണ്ണുന്ന കറന്‍സി നോട്ടുകള്‍ മടിയില്ലാതെ വാങ്ങി പോക്കറ്റിലിടുന്നവരും ഇത്തരം പ്രചാരണങ്ങള്‍ക്കു ചെവി കൊടുക്കുന്നു. പണ്ട് എന്തു കാര്യം അച്ചടിച്ചുകണ്ടാലും സത്യമാണ് എന്ന വിശ്വാസം ഉണ്ടായിരുന്നു. എന്തു മണ്ടത്തരം ഇന്റര്‍നെറ്റില്‍ കണ്ടാലും വിശ്വസിക്കുന്നവരാണ് നല്ലൊരു പങ്ക്.
രോഗപ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരായ പ്രചാരണം കേരളത്തിലെ ചില ജില്ലകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു തലവേദന ഉണ്ടാക്കിയിരുന്നു. ആരോഗ്യപ്രവര്‍ത്തകരും പൊതുതാല്പര്യ സംഘടനകളും മറ്റും കൂട്ടായി നടത്തിയ പ്രചാരണത്തിലൂടെ ആണ് അതിനെ ഒരു പരിധിവരെ മറികടന്നിത്. പുത്തന്‍ അന്ധവിശ്വാസങ്ങളും അബദ്ധങ്ങളും വലിയ സിദ്ധാന്തങ്ങളായി നമ്മുടെ നാട്ടിലും കുറെ വിദ്യാസമ്പന്നര്‍ അവതരിപ്പിക്കുന്നുണ്ട്. വ്യാജശാസ്ത്ര സിദ്ധാന്തങ്ങളുടെ ബലത്തില്‍ ഇവര്‍ രോഗപ്രതിരോധകുത്തിവെപ്പുകളെ ചെറുക്കാനും ശ്രമിക്കുന്നുണ്ട്. ഇതേ പ്രതിഭാസം പതിന്മടങ്ങ് വീര്യത്തോടെ സര്‍ക്കാറുകളുടെ കൊറോണ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട് പല വികസിതരാജ്യങ്ങളിലും. പലതരം ഗൂഢാലോചനകളെക്കുറിച്ചുള്ള കഥകളാണ് കൊറോണയുടെ ആവിര്‍ഭാവത്തിനു കാരണമായി പ്രചരിപ്പിക്കപ്പെട്ടത്. പല വികസിതരാജ്യങ്ങളിലും ലോക്ഡൗണിന് എതിരെ കടുത്ത ചെറുത്തുനില്‍പ്പ് ഉണ്ട്. മാസ്‌ക് ധരിപ്പിക്കുന്നത് ഏതോ കമ്പനിക്കു കച്ചവടം കൂട്ടാനാണെന്ന പ്രചാരണം വിശ്വസിച്ചവര്‍ ധാരാളമാണ്. സാമൂഹ്യമാധ്യമങ്ങളിലാണ് ഈ കഥകളെല്ലാം ജനിച്ചതും പ്രചരിച്ചതും. രാഷ്ട്രത്തലവന്‍തന്നെ തികഞ്ഞ നിരക്ഷരനെപ്പോലെ, വൈറസ്സിനെ കൊല്ലാന്‍ അണുനാശിനി കുടിച്ചാല്‍ പോരേ എന്നു ചോദിക്കുന്നതും അമേരിക്ക കേട്ടു.
ലക്ഷത്തിലേറെ ആളുകള്‍ പങ്കാളികളായ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ്പുത്തന്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടത്. കൊറോണക്കെതിരെ ആരോഗ്യവകുപ്പും ആരോഗ്യപ്രവ#്
ത്തകരും നടത്തിയ ബോധവല്‍ക്കരണ ശ്രമങ്ങളെ ഇതു ദോഷകരമായി ബാധിച്ചു. അഭിപ്രായവോട്ടെടുപ്പുകളും പ്രചാരങ്ങളും നടത്തി, ഗവണ്മെന്റിനെതിരെ നടക്കുന്നത് വലിയ ജനകീയമുന്നേറ്റമാണെന്ന ധാരണ ഇക്കൂട്ടര്‍ സൃഷ്ടിച്ചു. കൊറോണയുടെ വരവോടെ ഇന്റര്‍നെറ്റിലും സാമൂഹ്യമാധ്യമങ്ങളിലും ഇതിനെക്കുറിച്ചുള്ള വിവരങ്ങളുടെ പ്രളയമായിരുന്നു. ആധികാരികമായ അറിവ് എവിടെനിന്നു ലഭിക്കും എന്നറിയാതെ ജനങ്ങള്‍ വ്യാജവാര്‍ത്തകളിലും ഗൂഢസിദ്ധാന്തങ്ങളിലും അഭയംതേടി. ഇവ സമൃദ്ധമായി പ്രദാനം ചെയ്തത് സാമൂഹ്യമാധ്യമങ്ങളാണ്. ഓരോ മിനിട്ടിലും നമ്മളിലെത്തുന്ന വിവരം മുഴുവന്‍ വായിച്ചെടുക്കാന്‍തന്നെ അനേകദിവസങ്ങള്‍ വേണ്ടിവരും. വിവേചനബുദ്ധിയോടെ വായിച്ച് നെല്ലും പതിരും വേര്‍തിരിക്കുക മനുഷ്യസാധ്യമല്ല-സ്റ്റാന്‍ഫോഡ് ഇന്റര്‍നെറ്റ് ഒബ്‌സര്‍വേറ്ററി ടെക്‌നിക്കല്‍ റിസര്‍ച്ച് മാനേജരായ റിനീ ഡൈ റസ്റ്റ എന്ന ഗവേഷക, ദ്അറ്റ്‌ലാന്റിക്.കോം പ്രസിദ്ധീകരണത്തിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.(Virus Experts Aren’t Getting the Message Out/ If the authorities can’t satisfy the public’s desire to know more, others will fill the void with misinformation.) പുതിയ മഹാമാരികള്‍ക്കൊപ്പം സാമൂഹ്യമാധ്യമ വ്യാജശാസ്ത്രം കൂടി ചേരുമ്പോള്‍ ദുരന്തം എത്ര മാരകമാവുന്നു എന്നു ലേഖനം ചൂണ്ടിക്കാട്ടുന്നു..
ശാസ്ത്രത്തെ തള്ളുന്ന അല്‍ഗൊരിതം
സാമൂഹ്യമാധ്യമവും പരമ്പരാഗത മാധ്യമവും തമ്മിലുള്ള മുഖ്യവ്യത്യാസം നല്ല വായനക്കാര്‍ക്കു പോലും ഇപ്പോഴും ബോധ്യമായിട്ടില്ല. ഒരു ശാസ്ത്രീയടിസ്ഥാനവും ഇല്ലാത്ത കപടശാസ്ത്രലേഖനങ്ങളും ദുരുദ്ദേശത്തോടെ സൃഷ്ടിച്ചെടുക്കുന്ന വ്യാജവാര്‍ത്തകളും അവയുടെ പെരുപ്പംകൊണ്ടുതന്നെ ആര്‍ക്കെങ്കിലും തിരുത്താനോ ചോദ്യം ചെയ്യാനോ കഴിയാത്ത നില
സൃഷ്ടിച്ചിരിക്കുകയാണ്. ഒരു പത്രത്തിലോ മാഗസീനിലോ വ്യാജ ശാസ്ത്രസിദ്ധാന്തം ലേഖനരൂപത്തില്‍ പ്രത്യക്ഷപ്പെടില്ല. അവിടെ ശാസ്ത്രം അത്യാവശ്യമെങ്കിലും അറിയുന്ന എഡിറ്റര്‍ എന്ന ഗെയ്റ്റ് കീപ്പര്‍ ഉണ്ട്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗഭൂമിയായ സോഷ്യല്‍മീഡിയയില്‍ ഗെയ്റ്റ്കീപ്പര്‍ ഇല്ലേയില്ല. ചോദിക്കാനും പറയാനും ആരുമില്ല. ആരും എന്തു രാഷ്ട്രീയവും എഴുതിക്കോട്ടെ, എന്ത് അഭിപ്രായവും പറഞ്ഞോട്ടെ. ആരെയും എങ്ങനെയും വിമര്‍ശിക്കട്ടെ. അതു അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗംതന്നെയാണ് എന്നാല്‍, അനേകവര്‍ഷങ്ങള്‍ നീളുന്ന പഠനഗവേഷണങ്ങളിലൂടെ വിദഗ്ദ്ധന്മാര്‍ എത്തിച്ചേരുന്ന നിഗമനങ്ങളെ പ്രാഥമികവിദ്യാഭ്യാസം പോലും ഇല്ലാത്തവര്‍ക്കും ചോദ്യം ചെയ്യാമെന്നും സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ലൈക് കിട്ടുന്നതാണ് അവസാനവാക്ക് എന്നും കരുതാന്‍ തുടങ്ങിയാല്‍ സമൂഹം നൂറ്റാണ്ടുകള്‍ക്കു പിറകിലേക്കാണ് പറിച്ചുനടപ്പെടുക എന്നാണ് ഇപ്പോള്‍ പല നാടുകളുടെയും അനുഭവം തെളിയിക്കുന്നത്.
ശാസ്ത്രഗവേഷകന്റെ ഗൗരവം നിറഞ്ഞ കണ്ടെത്തലുകളുള്ള പ്രബന്ധവും അര്‍ദ്ധജ്ഞാനികളായ അന്ധവിശ്വാസപ്രചാരകര്‍ തട്ടിക്കൂട്ടുന്ന സാഹിത്യവും തമ്മില്‍ സാമൂഹ്യമാധ്യമത്തിലെ അല്‍ഗൊരിതം വ്യത്യാസം കാണുന്നില്ല. കൂടുതല്‍ പേര്‍ വായിച്ചു ലൈക് ചെയ്താല്‍ അധിക്ഷേപ സാഹിത്യം മുന്നിലും ശാസ്ത്രജ്ഞന്റെ ലേഖനം ആയിരം ലേഖനങ്ങള്‍ക്കു പിന്നിലുമായാണ് വായിക്കപ്പെടുക. പരമ്പരാഗത മാധ്യമത്തില്‍ ഇതൊരിക്കലും സംഭവിക്കില്ല. രണ്ടുംതമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയുന്നവരാണ് ആ മേഖലയിലെ വായനക്കാരും. ശാസ്ത്രജ്ഞന്മാരും പണ്ഡിതന്മാരുമെല്ലാം അവര്‍ ഭാഗഭാക്കുകളായ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഗഹനവിഷയങ്ങള്‍ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യുന്നുണ്ടാവാം. ആള്‍ക്കൂട്ടങ്ങളുടെ വ്യാജശാസ്ത്രസിദ്ധാന്തങ്ങളെക്കുറിച്ച് അവര്‍ അറിയുകയേ ഇല്ല. എല്ലാവരെയും ബാധിക്കുന്ന മഹാമാരികളെക്കുറിച്ചുള്ള യഥാര്‍ത്ഥഅറിവ് അവരിലെത്തിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കും കഴിയില്ല. അവരെ ആ ആള്‍ക്കൂട്ടത്തിന് അറിയുകതന്നെയില്ല. വായിക്കാന്‍ പത്രങ്ങളോ കാര്യമറിയാന്‍ ഗൗരവമുള്ള ദൃശ്യമാധ്യമങ്ങളോ ഇല്ലാത്ത പ്രദേശങ്ങളില്‍ ജനങ്ങള്‍ സാമൂഹ്യമാധ്യമ അധോലോകത്തിന്റെ പിടിയിലാവുന്നു. പത്രങ്ങളോ പൊതുപ്രശ്‌നങ്ങള്‍ പൊതുതാല്പര്യത്തോടെ കൈകാര്യം ചെയ്യുന്ന മാധ്യമങ്ങളോ ഇല്ലാത്ത ‘വാര്‍ത്താമരുഭൂമികള്‍’ യു.എസ്സില്‍ ആയിരക്കണക്കിന് പട്ടണങ്ങളില്‍ ഉണ്ടായിക്കഴിഞ്ഞതായി മാധ്യമനിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.-https://www.poynter.org/business-work/2018/about-1300-u-s-communities-have-totally-lost-news-coverage-unc-news-desert-study-finds/ അച്ചടിമാധ്യമങ്ങള്‍ ഇല്ലാതാവുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ മാത്രം വാര്‍ത്തകള്‍ ജനങ്ങളിലെത്തുകയും ചെയ്യുമ്പോള്‍ ഇത് സംഗതി അപകടാവസ്ഥയില്‍ എത്തും.
ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍
നാട്ടില്‍നടക്കുന്ന നല്ലതും ചീത്തയുമായ എന്തിനു പിന്നിലും ഗൂഢാലോചന കണ്ടെത്തുക എന്നത് ഒരു ആഗോളവിനോദമായി മാറിയിട്ടുണ്ട്. അവയുടെയും മികച്ച വിളനിലം സാമൂഹ്യമാധ്യമങ്ങളാണ്. കൊറോണ കാലത്ത് ഇതിന്റെ പാരമ്യം അമേരിക്ക കണ്ടു. കൊറോണയും ഗൂഢാലോചനയിലൂടെ ഉണ്ടായതാണ് എന്നു വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഓരോ ഗുഢാലോചനാസിദ്ധാന്തത്തിലും പ്രതികള്‍ വ്യത്യസ്തരായിരുന്നു എന്നുമാത്രം. ചൈന പ്രസിഡന്റ് മാത്രമല്ല യു.എസ് പ്രസിഡന്റും പ്രതിയാണ്. ലോകജനസംഖ്യ ഗണ്യമായി വെട്ടിക്കുറക്കുന്നതിനുള്ള ഗൂഢാലോചനയില്‍ പങ്കാളികളായവരില്‍ ബില്‍ ഗേറ്റ്‌സ്, അതിസമ്പന്ന മനുഷ്യസ്‌നേഹി ജോര്‍ജ് സോറോസ്, ബില്‍ ക്ലിന്റണ്‍, തുടങ്ങിയവര്‍ ഉള്‍പ്പെട്ടു! സാമൂഹ്യമാധ്യമങ്ങളില്‍ അതിപ്രചാരം നേടിയ ഇവ പലതും ന്യൂസ് ചാനലുകളിലേക്കു കൂടി കടന്നുവന്നു.
പല രാജ്യങ്ങളിലും രോഗപ്രതിരോധ സംരംഭങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന സമൂഹ്യമാധ്യമ പ്രസ്ഥാനങ്ങളെ ഒടുവില്‍ നേരിട്ടത് ആ ആയുധം ഉപയോഗിച്ചുതന്നെ തിരിച്ചടിച്ചുകൊണ്ടാണ്. ശാസ്ത്രജ്ഞാനവും പൊതുജനാരോഗ്യതാല്പര്യവും ഉള്ളവര്‍ രംഗത്തിറങ്ങി സാമൂഹ്യമാധ്യമം വഴിതന്നെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയായിരുന്നു. വാര്‍ത്താശേഖരണത്തിലും വിതരണത്തിലും വസ്തുനിഷ്ഠതയ്ക്കും സാമൂഹ്യപ്രതിബദ്ധതയ്ക്കും പ്രാധാന്യം നല്‍കുന്ന മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രധാനപങ്കു വഹിക്കാന്‍ കഴിയും. കൊറോണക്കെതിരായ മുന്നൊരുക്കങ്ങളെ അമേരിക്കയില്‍പ്പോലും അന്ധവിശ്വാസപ്രചാരണങ്ങള്‍ ബാധിച്ചതായി വ്യക്തമാണ്.
വ്യവസായം എന്ന നിലയിലും അനിവാര്യമായ ഒരു ജനാധിപത്യസ്ഥാപനം എന്ന നിലയിലുമുള്ള മാധ്യമത്തിന്റെ നിലനില്‍പ്പു ചോദ്യം ചെയ്യുന്നതാണ് കൊറോണകാല അനുഭവം. സ്വതവേ ദുര്‍ബലമായ അച്ചടി മാധ്യമങ്ങളെ കൊറോണ തകര്‍ത്തുകളയുകയാണ് ചെയ്തത്. പത്രസ്വാതന്ത്ര്യം പോലെതന്നെ പ്രധാനമാണ് സാമൂഹ്യമാധ്യമസ്വാതന്ത്ര്യവും. അതില്ലാതാക്കണമെന്ന് ആരും ആവശ്യപ്പെടുകയില്ല. പക്ഷേ, അതിന്റെ അപകടങ്ങള്‍ തിരിച്ചറിഞ്ഞേ അതിലിടപെടാന്‍ പാടൂള്ളൂ എന്നതാണ് പ്രധാനം. സമൂഹമാധ്യമത്തിന്റെ ശരിയായ അവസ്ഥ എന്ത് എന്ന് വായനക്കാരെ ബോധ്യപ്പെടുത്തുക എന്ന ചുമതല കൂടി, നിലനില്‍ക്കുന്ന കാലത്തോളമെങ്കിലും പരമ്പരാഗത മാധ്യമങ്ങള്‍ക്കുണ്ട്്.
അപൂര്‍വം മാതൃകകള്‍
അച്ചടി അസ്തമിച്ചാലും പരമ്പരാഗത മാധ്യമങ്ങള്‍ക്കും ഓണ്‍ലൈനിലൂടെ ജനങ്ങളിലെത്താനാവും. അച്ചടിദിനപത്രങ്ങളും ആനുകാലികങ്ങളും നേരത്തെ ഒരു അലങ്കാരം മാത്രമായാണ് ഓണ്‍ലൈന്‍ എഡിഷനുകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഇപ്പോള്‍ അതാണ് അതിജീവനത്തിനുള്ള ഏകമാര്‍ഗം എന്ന നില എത്തിയിട്ടുണ്ട്. പുതിയ ഓണ്‍ലൈന്‍ ഓണ്‍ലി ദിനപത്രങ്ങളും ലോകത്തെങ്ങും പെരുകുകയാണ്. പക്ഷേ, ഇപ്പോഴും അതൊരു ലാഭമുള്ള ബദലായി മാറിയിട്ടില്ല. ബ്രിട്ടനിലെ ദ് ഗാര്‍ഡിയന്‍ പത്രം പോലെ അപൂര്‍വം അപവാദങ്ങള്‍ മാത്രമേ മാതൃകകളായി ഉയര്‍ന്നുവന്നിട്ടുള്ളൂ. മൂലധനത്തേക്കാള്‍, സാങ്കേതികവിദ്യയേക്കാള്‍ വിശ്വാസ്യതയ്ക്കാണ് ഭാവി എന്ന സന്ദേശം ആണ് ദ് ഗാര്‍ഡിയന്‍ നല്‍കുന്നത്. 1821-ല്‍ മാഞ്ചസ്റ്റര്‍ ഗാര്‍ഡിയനായി തുടങ്ങി പിന്നീട് പേരുമാറ്റി ട്രസ്റ്റ് ആയി രൂപംമാറിയ സ്ഥാപനമാണ് അത്. അതു നിലനില്‍ക്കുന്നത് വായനക്കാരുടെ സംഭാവനകള്‍ സ്വീകരിച്ചുകൂടിയാണ്. 145 രാജ്യങ്ങളില്‍നിന്ന് അവര്‍ക്ക് സഹായം എത്തുന്നു. ട്രസ്റ്റ് ആയതുകൊണ്ട് മൂലധനതാല്പര്യങ്ങള്‍ ചീത്തപ്പേരുണ്ടാക്കാതെ പ്രവര്‍ത്തിക്കാനും കഴിയുന്നു. ലാഭം സ്ഥാപനത്തിലേക്കുതന്നെ മൂലധനത്തോടൊപ്പം ചേരുന്നു. ദ് ഗാര്‍ഡിയന്‍, ഡിജിറ്റല്‍ പത്രം ഇപ്പോഴും സൗജന്യമായാണ് വായനക്കാര്‍ക്ക് ലഭ്യമാക്കുന്നത്. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം 2019-ല്‍ സ്ഥാപനം ലാഭകരമായി പ്രവര്‍ത്തിച്ചു. സംഭാവന കൊണ്ടു നിലനില്‍ക്കാന്‍ മാത്രമുള്ള ശേഷി ആര്‍ജിക്കണമെങ്കില്‍ അത്രയും വിശ്വാസ്യത നേടിയേ തീരൂ.
പ്രതീക്ഷ അര്‍പ്പിക്കാവുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയിലും ക്രമേണ ഉയര്‍ന്നുവരുന്നുണ്ട്. പുതിയ പ്രതിസന്ധി അവര്‍ക്കും ഭീഷണിയാണ്. അമിത ആത്മവിശ്വാസമൊന്നും ആര്‍ക്കുമില്ല. ഇവരെല്ലാം പരാജയപ്പെട്ടാല്‍ വ്യാജവാര്‍ത്തകളുടെ വെള്ളപ്പൊക്കത്തില്‍ ജനാധിപത്യം മുങ്ങിത്താഴും. സാമൂഹ്യമാധ്യമത്തിലെ വ്യാജവിജ്ഞാനത്തിന്റെയും ഡീപ് ഫെയക് വീഡിയോകളുടെയും വിദ്വേഷപ്രചാരണത്തിന്റെയും ലഹരിയില്‍ പെട്ടിരിക്കുന്ന വലിയൊരു വിഭാഗമാളുകളിലേക്കു വെളിച്ചമെത്തിക്കാന്‍ ആരുമില്ലെന്ന അപകടനില ഉണ്ടാകും. ഇത് ജനാധിപത്യത്തെത്തന്നെ അപകടകരമായ ഒരു രാഷ്ട്രീയസംവിധാനമാക്കി മാറ്റും. ഇതു സത്യാനന്തരകാലമാണ് എന്നു പറയുന്നത് സത്യം മരിച്ചതു കൊണ്ടല്ല. സത്യം മരിക്കില്ല. സത്യമേത് എന്നു തിരിച്ചറിയാന്‍ മനുഷ്യര്‍ക്കു പറ്റാത്ത കാലമാവുമ്പോഴാണ് അതു സത്യാനന്തരകാലമാവുന്നത് എന്നു ചിന്തകന്മാര്‍ പറഞ്ഞിട്ടുണ്ട്്. കൊറോണ മാധ്യമങ്ങളെ തകര്‍ക്കുന്നതോടെ ആ കാലം യാഥാര്‍ത്ഥ്യമാവുകയായി. കൊറോണ വരുംകാലത്ത് ലോകത്തിനു മുന്നില്‍ ഉയര്‍ത്തുന്ന ഏറ്റവും വലിയ ഭീഷണി അതാവും.