കുമാരനാശാൻ മലയാളികൾക്ക് കവിയാണ്. പലർക്കും കവി മാത്രമാണ് എന്നും പറയാം. പക്ഷേ, അദ്ദേഹം പലതുമാണ്. അദ്ദേഹം ഗദ്യലേഖകനാണ്, പത്രപ്രവർത്തകനാണ്, സാമൂഹ്യപ്രവർത്തകനാണ്, നിയമസഭാസാമാജികനാണ്, പ്രസംഗകനാണ്….. പത്രപ്രവർത്തകനായ കുമാരനാശാനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
പത്രപ്രവർത്തകനായ കുമാരനാശാൻ ഇരുപതാംനൂറ്റാണ്ട് ആരംഭത്തിലേ കേരളത്തിന് പരിചിതനായിരുന്നു. പക്ഷേ, നൂറ്റാണ്ട് പിന്നിടുമ്പോഴേക്ക,് അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ വിവേകോദയം മാസിക കാണുകയെങ്കിലും ചെയ്തവരില്ല എന്ന നിലയുണ്ടായി. ഒരു കോപ്പിപോലും കാണാനില്ലായിരുന്നു എന്ന് മലയാള മാധ്യമ ചരിത്രകാരനായ ജി. പ്രിയദർശനൻ പറയുന്നു(1). 1909 മുതൽ 13 വർഷത്തിലേറെക്കാലം അദ്ദേഹം വിവേകോദയം മാസികയുടെ പത്രാധിപരായിരുന്നു. 1920-21 കാലത്ത് പ്രതിഭ എന്നൊരു മാസിക 11 ലക്കവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിവേകോദയം തുടക്കത്തിൽ ദ്വൈമാസികയായിരുന്നു. എം.ഗോവിന്ദൻ ആയിരുന്നു അന്ന് പത്രാധിപർ. പത്രാധിപത്യം കുമാരനാശാൻ ഏറ്റെടുത്ത ശേഷമാണ് അത് മാസികയാക്കുന്നത്. മഹാകവിയായ കുമാരനാശാൻ പത്രാധിപത്യം വഹിക്കുന്ന പ്രസിദ്ധീകരണത്തിലെ ലേഖനങ്ങൾ മുഴുവൻ സാഹിത്യസംബന്ധിയാവും എന്നാവും നമ്മുടെ ധാരണ. സാഹിത്യം ഇല്ലായിരുന്നു എന്നല്ല. സ്ഥിരമായ പുസ്തകനിരൂപണ പംക്തി വിവേകോദയത്തിന്റെ പ്രത്യേകതയായിരുന്നു. എങ്കിലും, ആ മാസികയുടെ ഉള്ളടക്കത്തിന്റെ മുഖ്യപങ്കും സമുദായ പ്രശ്‌നങ്ങളാണ്. അദ്ദേഹത്തിന്റെ ജീവിതം സാഹിത്യത്തിന് എന്നതിലേറെ സാമൂഹ്യപരിഷ്‌കരണത്തിന് ഉഴിഞ്ഞുവെച്ചതായിരുന്നു. ശ്രീനാരായണ ധർമപരിപാലനയോഗത്തിന്റെ മുഖപത്രമായിരുന്നു വിവേകോദയം. എസ്.എൻ.ഡി.പി.യോഗത്തിന്റെ സ്ഥാപക സെക്രട്ടറി കൂടിയായിരുന്ന കുമാരനാശാൻ സ്വാഭാവികമായി മുഖപത്രത്തിന്റെ പത്രാധിപരായി. ഈ മാസികയിലും പ്രതിഭ മാസികയിലും മുഖപ്രസംഗങ്ങൾ എഴുതിയത് കുമാരനാശാനായിരുന്നു. അവ ശേഖരിച്ച് പുസ്തകമാക്കിയിട്ടുണ്ട്(2). ആശാന്റെ മുഖപ്രസംഗങ്ങളുടെ സമാഹാരവും(3) ആശാന്റെ ഗദ്യലേഖനങ്ങളുടെ സമാഹാരവും കണ്ടിട്ടുള്ളവർക്ക് ബോധ്യപ്പെടും കുമാരനാശാൻ മഹാകവി മാത്രമല്ല, മഹാഗദ്യകാരനുമാണെന്ന്.
1873 ഏപ്രിൽ 12-ന് തിരുവനന്തപുരം കായിക്കരയിൽ ജനിച്ച കുമാരനാശാൻ നാട്ടിലെ സർക്കാർ വക പള്ളിക്കൂടത്തിൽ പതിനാലാം വയസ്സുവരെ പഠിച്ചു. തുടർന്ന് അവിടെത്തന്നെ അധ്യാപകനുമായി. വയസ്സുതികയാത്തതുകൊണ്ട് ജോലി സ്ഥിരപ്പെട്ടില്ല. പിന്നെയൊരു ആശാന്റെ കീഴിൽ വിദ്യാഭ്യാസം തുടർന്നു. അപ്പോഴേക്കുതന്നെ കുമാരു ഒരു കവിയായി അറിയപ്പെട്ടുതുടങ്ങിയിരുന്നു. ആയിടെയാണ് അദ്ദേഹം ശ്രീനാരായണഗുരുവിനെ പോയിക്കാണുന്നത്. ശൃംഗാരകവിതയെഴുത്തിൽ അഭിരമിച്ചിരുന്ന കുമാരുവിന്റെ ജീവിതം മാറ്റിമറിക്കുന്നത് ആ പരിചയപ്പെടലായിരുന്നു. ശ്രീരാമകൃഷ്ണൻ വിവേകാനന്ദനെ കണ്ടതുപോലുള്ള ഒരു സമാഗമമായിരുന്നു അതെന്ന് കുമാരനാശാന്റെ ജീവചരിത്രകാരനായ കെ.സുരേന്ദ്രൻ വിവരിക്കുന്നു(4). കുമാരു ആധ്യാത്മികതയിലേക്കും സമുദായോദ്ധാരണത്തിലേക്കും വഴിമാറി. പതിനെട്ടാം വയസ്സിൽ പഠിപ്പുനിർത്തി ആദ്ധ്യാത്മിക ഗ്രന്ഥപാരായണത്തിൽ മുഴുകി. ശ്രീനാരായണഗുരു കുമാരുവിൽ ഭാവി കണ്ടെത്തി അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസത്തിന് മൈസൂരിൽ പ്രവർത്തിച്ചിരുന്ന ഡോ. പൽപ്പുവിന്റെ അടുത്തേക്ക് അയയ്ക്കുകയാണ് ഉണ്ടായത്. ഡോ. പൽപ്പു അദ്ദേഹത്തെ കൽക്കത്ത സംസ്‌കൃത കോളേജിലേക്കയച്ചു. ഒരു ബ്രാഹ്‌മണകുടുംബത്തിനൊപ്പം താമസിച്ചാണ് അദ്ദേഹം പഠിക്കുന്നത്. പക്ഷേ, മൂന്നുകൊല്ലത്തിനുശേഷം പഠനം പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു. കൽക്കത്തയിൽ പ്ലേഗ് രോഗം പടർന്നതാണ് മടങ്ങാൻ കാരണം. നാട്ടിലെത്തിയ കുമാരു ആദ്യം കുമാരനാശാനായും പിന്നെ ചിന്നസ്വാമിയായി ശ്രീനാരായണഗുരുവിന്റെ ഏറ്റവുമടുത്ത അനുയായിയായും മാറി.
നീണ്ടകാലത്തെ കേരളീയ സമൂഹത്തിന്റെ വികാസചരിത്രമാണ് യഥാർത്ഥത്തിൽ കുമാരനാശാന്റെ മുഖപ്രസംഗങ്ങൾ. വലിയൊരുവിഭാഗം ജനങ്ങൾ ജാതിയുടെ പേരിൽ അനുഭവിക്കേണ്ടിവന്ന യാതനകൾ, അതിനെതിരെ നടന്ന സഹനസമരങ്ങൾ, ശ്രീനാരായണഗുരുവിന്റെയും കുമാരനാശാൻ ഉൾപ്പെടെയുള്ള അനുയായികളുടെയും നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങൾ, അതിന് നേരിടേണ്ടിവന്ന എതിർപ്പുകളും വെല്ലുവിളികളും… ഇവയെല്ലാം ഈ മുഖപ്രസംഗങ്ങളിലൂടെ വെളിവാകുന്നു. വലിയ അർത്ഥങ്ങളുള്ള ചെറിയ സംഭവങ്ങൾ ഏറെ ഈ കുറിപ്പുകളിലൂടെ പുറത്തുവരുന്നുണ്ട്. ഈ പുസ്തകത്തിൽ എടുത്തുചേർത്തിട്ടുള്ള ഒരു മുഖപ്രസംഗത്തിൽ പരാമർശിക്കുന്ന സംഭവം നോക്കൂ-നമ്മെ ഞെട്ടിക്കും അത്. കോഴിക്കോട് ടൗൺ കോടതിയിൽ നടന്നുവന്ന ഒരു കേസ്, ഒരു ഗോവിന്ദൻ ഉൾനാട്ടിലൂടെ നടന്നുപോകുമ്പോൾ ഒരു നായർക്ക് വഴിമാറിക്കൊടുക്കാതിരുന്നതിനെച്ചൊല്ലിയുള്ളതായിരുന്നു. നായർ ഗോവിന്ദനെ അപമാനിക്കുകയും ശകാരിക്കുകയും ചെയ്തതായുള്ള പരാതി പരിശോധിച്ച് മജിസ്‌ട്രേട്ടിന്റെ പരസ്യമായ പ്രതികരണം, വഴിമാറിക്കൊടുക്കാതിരുന്ന ഗോവിന്ദനെ കൊന്നുകളയാത്തത് ഭാഗ്യമായി എന്നും ഇങ്ങനെ വഴിമാറിക്കൊടുക്കാത്തവന്റെ അസ്ഥി നുറുക്കിക്കളയേണ്ടതായിരുന്നു എന്നുമായിരുന്നു. 1907-ലാണ് ഈ സംഭവം. ചെറിയ ഒരു പാരഗ്രാഫ് മാത്രമായ പ്രതികരണങ്ങൾ ഉൾപ്പെടെ 260 മുഖപ്രസംഗങ്ങൾ കണ്ടെത്തുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തത് സാമൂഹിക ചരിത്രവും പത്രപ്രവർത്തനവും പഠിക്കുന്നവർക്ക് അമൂല്യമായ സമ്പത്താണ്.
1905 മുതൽ 1920 വരെയുള്ള കാലഘട്ടത്തിലേതാണ് മുഖപ്രസംഗങ്ങൾ. ഈഴവരുടെ പ്രശ്‌നങ്ങളെക്കുറിച്ചോ അയിത്തത്തിലെ അനീതിയെക്കുറിച്ചോ മാത്രമല്ല മുഖപ്രസംഗങ്ങൾ. സമൂഹത്തെ ബാധിക്കുന്ന സർവപ്രശ്‌നങ്ങളും പരാമർശിക്കപ്പെടുന്നുണ്ട്. ആചാരങ്ങൾ, ജാതിസംഘടനകൾ, ഗവണ്മെന്റ് നയങ്ങൾ, നാട്ടിൽ നടക്കുന്ന പ്രാധാന്യമുള്ള സംഭവങ്ങൾ, ആഗോള സംഭവങ്ങൾ, വ്യക്തികളുടെ സംഭാവനകൾ, പ്രസിദ്ധീകരണങ്ങൾ തുടങ്ങി നൂറുനൂറു വിഷയങ്ങൾ കുമാരനാശാൻ എന്ന പത്രാധിപർ കൈകാര്യം ചെയ്തതായി കാണാം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭകാലത്തെ വാർത്താവിനിമയം എത്ര പിന്നാക്കമാണെന്ന് നമുക്ക് ഊഹിക്കാൻ കഴിയും. 1924-ൽ കുമാരനാശാൻ ബോട്ടപകടത്തിൽ മരിച്ചപ്പോൾ മൂന്നു ദിവസം കഴിഞ്ഞാണ് വാർത്ത മലബാറിലെ പത്രങ്ങളിൽ വന്നത് എന്ന വസ്തുതയിൽനിന്ന് അന്നത്തെ വാർത്താവിനിമയത്തിന്റെ അവസ്ഥ മനസ്സിലാക്കാം. എങ്കിൽപ്പോലും കുമാരനാശാൻ തിരുവിതാംകൂറിലൊതുക്കിയില്ല തന്റെ നിരീക്ഷണങ്ങൾ. കൊച്ചിയിലെയും മലബാറിലെയും സംഭവങ്ങൾ തുല്യപ്രാധാന്യത്തോടെ പരാമർശിക്കപ്പെട്ടു.
മറ്റൊന്ന്, അദ്ദേഹത്തിന്റെ രചനകളിൽ ബ്രിട്ടീഷ് വിരുദ്ധതയോ ദേശീയബോധമോ ഉണ്ടായിരുന്നില്ല എന്നതാണ്. എസ്.എൻ.ഡി.പി.യോഗവും ഈഴവസമുദായം പൊതുവെയും കോൺഗ്രസ്സിനൊപ്പമോ ബ്രിട്ടീഷ് ഭരണത്തിന് എതിരോ ആയിരുന്നില്ല. തിരുവിതാംകൂറിലെ രാജഭരണത്തിനെതിരെയും കടുത്ത വിമർശനങ്ങൾ ഒട്ടും ഇല്ലെന്നുതന്നെ പറയാം. അവർണജനതയ്ക്ക് കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണത്തേക്കാൾ സ്വീകാര്യം ബ്രിട്ടീഷ് ഭരണമാണ് എന്ന കാഴ്ചപ്പാട് അവർക്കിടയിൽ അന്ന് പ്രബലമായിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയപ്പോൾ വിവേകോദയം സംഗതിയെക്കുറിച്ച് ചെറിയൊരു കുറിപ്പ് പ്രസിദ്ധപ്പെടുത്തിയിരുന്നു. പത്രാധിപരുടെ ധീരതയെ പുകഴ്ത്തിയിരുന്നു എങ്കിലും ദിവാനെ വിമർശിക്കുന്നില്ല. ‘അദ്ദേഹത്തിന്റെ സ്വരത്തിലെ ഗതിഭേദം ആപൽക്കരമായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കുതന്നെ അത് സുഖശ്രവമായിരുന്നിരിക്കില്ല. മിസ്റ്റർ രാമകൃഷ്ണപിള്ള തന്റെ വാക്‌സ്വാതന്ത്ര്യത്തെ ദുരുപയോഗംചെയ്തു പ്രജാക്ഷേമകാംക്ഷിയായ മഹാരാജാവ് തിരുമനസ്സിലെ ഈ വിധം അപ്രീതിക്ക് പാത്രമായി തീർന്നതിൽ വ്യസനിക്കയല്ലാതെ നിവൃത്തിയില്ല’ എന്നാണ് പറഞ്ഞവസാനിപ്പിക്കുന്നത്.
കവിയും നല്ല ഗദ്യകാരനുമായ കുമാരനാശാൻ മുഖപ്രസംഗങ്ങൾക്ക് ഉപയോഗിച്ച ഭാഷയെക്കുറിച്ച് ചില നിരീക്ഷണങ്ങൾ ചർച്ചയാകാറുണ്ട്. കവിത്വം ഒട്ടും ഇല്ലാത്ത ഒരു പഴയ മലയാളം. ആശാന്റെ ഗദ്യശൈലി എന്തുകൊണ്ടാണ് ഇങ്ങനെ കാര്യമാത്രപ്രസക്തമായിരിക്കുന്നത് എന്ന ചോദ്യം കുമാരനാശാന്റെ മുഖപ്രസംഗസമാഹാരകൃതിക്ക് എഴുതിയ അവതാരികയിൽ എം.കെ.സാനു ചോദിക്കുന്നുണ്ട്. ഈ ചോദ്യത്തിന് ആശാൻ നൽകിയ മറുപടി അതിൽ ചേർത്തിട്ടുമുണ്ട്. കവി എന്ന നിലയ്ക്കല്ല, പൊതുകാര്യപ്രസക്തനായ പൗരൻ എന്ന നിലയ്ക്കാണ് താൻ എഴുതുന്നത്. തന്റെ അഭിപ്രായങ്ങൾ ജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യം. അതിന് കാവ്യാത്മകശൈലിയേക്കാൾ ഉപകരിക്കുക നേർവഴിക്ക് എഴുതലാണ്… എന്നിങ്ങനെ പോകുന്നു കുമാരനാശാന്റെ വിശദീകരണം(5). ഇതിനെക്കുറിച്ച് നമുക്ക് അതിലേറെ ഒന്നും പറയാൻ കഴിയില്ല. എന്നാൽ, 1900-1920 കാലത്ത് ലേഖനങ്ങൾ എഴുതിപ്പോന്ന കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ, കണ്ടത്തിൽ വറുഗീസ് മാപ്പിള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, മൂർക്കോത്ത് കുമാരൻ, സഹോദരൻ അയ്യപ്പൻ, മിതവാദി കൃഷ്ണൻ തുടങ്ങിയവരുടെ ഗദ്യശൈലി കുറേക്കൂടി ആധുനികവും ഒഴുക്കുള്ളതുമാണെന്ന് വായനക്കാർക്ക് തോന്നാം.
1920-ൽ പ്രജാസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട കുമാരനാശാൻ 1923-ൽ എസ്.എൻ.ഡി.പി.യോഗം പ്രസിഡന്റായി. മഹാകാവ്യങ്ങളെഴുതാതെ മഹാകവിയായി കുമാരനാശാൻ. 1908-ൽ മൂർക്കോത്ത് കുമാരൻ പത്രാധിപരായി തലശ്ശേരിയിൽനിന്ന് ഇറങ്ങിയിരുന്ന, മിതവാദിയിൽ എഴുതിയ വീണപൂവ് ആണ് ആശാന്റെ ശ്രദ്ധേയമായ ആദ്യകൃതി. നിരവധി കൃതികൾ തുടരെ പ്രസിദ്ധീകൃതമായി. വീണപൂവ്, നളിനി, ലീല, ചണ്ഡാലഭിക്ഷുകി, കരുണ, ദുരവസ്ഥ, പ്രരോദനം എന്നിവ ഏറ്റവും പ്രശസ്തം. 1922-ൽ മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നടന്ന ചടങ്ങിൽ വെയ്ൽസ് രാജകുമാരൻ കുമാരനാശാന് പട്ടും വളയും സമ്മാനിച്ചു.
44-ാം വയസ്സിലായിരുന്നു ആശാന്റെ വിവാഹം. ഭാര്യ ഭാനുമതിയമ്മ, 1976-ൽ അന്തരിച്ചു. 1924 ജനവരി 16-ന് പല്ലനയാറ്റിൽ ബോട്ട് മുങ്ങിയാണ് കുമാരനാശാൻ മരിക്കുന്നത്- 51-ാം വയസ്സിൽ.
(1) കേരള പത്രപ്രവർത്തനം സുവർണാധ്യായങ്ങൾ- ജി.പ്രിയദർശനൻ, പേജ് 218
(2) കുമാരനാശാന്റെ മുഖപ്രസംഗങ്ങൾ- ജി.പ്രിയദർശനൻ
(3) ആശാന്റെ ഗദ്യലേഖനങ്ങൾ -മൂന്ന് വാല്യങ്ങൾ – തോന്നയ്ക്കൽ ആശാൻ സ്മാരക കമ്മിറ്റി (1984)
(4) കുമാരനാശാൻ-ജീവിതവും കലയും ദർശനവും-പേജ് 34 കെ.സുരേന്ദ്രൻ
(5). വി.മാധവന്റെ അനുസ്മരണങ്ങളിൽ നിന്നാണ് എം.കെ.സാനു ഇത് ഉദ്ധരിക്കുന്നത്.
രണ്ടുലേഖനങ്ങളും വിവേകോദയം മാസികയിൽനിന്നെടുത്തതാണ്.
നമ്മുടെ ജാതിവിചാരങ്ങൾ എന്ന മുഖലേഖനം 1081 (1906)
കർക്കടകം നാലാം ലക്കത്തിൽനിന്നും നമ്മുടെ ഭയങ്കരമായ ശാപം അല്ലെങ്കിൽ
കേരളത്തിലെ ഭ്രാന്ത് 1082 ചിങ്ങം 31 (1907) ലക്കത്തിൽനിന്നും.
നമ്മുടെ ജാതിവിചാരങ്ങൾ
കുമാരനാശാൻ
ജാതി വഴക്ക് രാജ്യത്തിനെന്നപോലെ ഓരോ സമുദായത്തിനും ഓരോ കുടുംബത്തിന്നുതന്നേയും വലിയ ബാധ്യതയാകുന്നു. ഈ വസ്തുതയെ സ്ഥാപിപ്പാൻ ഒരുസിദ്ധാന്തത്തെയും അപേക്ഷിച്ചിട്ടാവശ്യമില്ലാത്തതും നമ്മുടെ പ്രതിദിനാനുഭവം തന്നെ ഇതിനെ തെളിയിക്കുന്നതും ആകുന്നു. ഹിന്ദുക്കളുടെ ഇടയിൽ ഉള്ളതുപോലെ ഈ ശാപം മറ്റൊരിടത്തും ഇത്ര കഠിനമായി ബാധിച്ചിട്ടില്ലെന്നുള്ളത് പ്രസിദ്ധമാണ്. ആഭിജാത്യം എന്ന അന്ധതയാർന്ന ജാതികളിൽ മാത്രമല്ല ഏറ്റവും താഴ്ന്ന പറയർ, വേടർ മുതലായ ജാതിക്കാരുടെ ഇടയിലും അതുപോലെ തന്നെ കാണപ്പെട്ടുവരുന്നു. പക്ഷേ, ജാതി എത്രത്തോളം താഴ്ന്നതോ ഈ തിമിരത്തിനും അത്രത്തോളം കട്ടി കൂടുക കൂടിചെയ്യുന്നു എന്നു പറഞ്ഞാൽ വാസ്തവമായിരിക്കുമെന്നു പരിചയിച്ചിട്ടുള്ളവർ സമ്മതിക്കാതിരിക്കയില്ല. ഈ സംഗതിയെ വിചാരിക്കുമ്പോൾ തന്നെ സാമാന്യം ബുദ്ധിയുള്ളവർക്ക് ഈ ദുരഭിമാനത്തെ കുറിച്ചു ലജ്ജയും വെറുപ്പും തോന്നാവുന്നതും അതിന്റെ ദോഷങ്ങളെ ചൂണ്ടിക്കാണിച്ചു കൊടുക്കുന്ന സമുദായസ്‌നേഹികളായ യോഗ്യന്മാരുടെ ഉപദേശങ്ങളിലേക്കു മനസ്സ് തിരിക്കാൻ ഇടയുള്ളതുമാണ്. ജാതിയിൽ നിന്നും ഒരുത്തനെ തിരിച്ചുനിറുത്തുക ക്ഷുദ്രമായ സംഘബലത്തെ കുറയ്ക്കുകയും ഏകകാലത്തിൽ തന്നെ വിരോധികളെ വർദ്ധിപ്പിക്കുകയും ചെയ്യുന്ന അപജയകരമായ കാര്യമാകുന്നു. കേവലം ദുരഭിമാനബന്ധത്തിൽ കുടുങ്ങി ശക്തിക്ഷയിച്ചു തന്നത്താൻ ഉണ്ടാക്കപ്പെട്ട നൂൽകൂട്ടിൽ അകപ്പെട്ടു പട്ടുനൂൽ പുഴുവിനെപ്പോലെ സ്വയം കൃതാനർത്ഥത്തെ ഓർത്തു പശ്ചാത്തപിച്ചു നശിച്ചു പോകുന്നതിനു ബുദ്ധിയുള്ള യാതൊരു സമുദായവും ഇക്കാലത്തു വിചാരിക്കുന്നതല്ലെന്നു നിശ്ചയമാകുന്നു.
നമ്മുടെ സമുദായത്തിൽ പല സ്ഥലങ്ങളിലും ജാതി സംബന്ധമായ പല കുഴപ്പങ്ങളും നടന്നു വരുന്നതും അവയെ സമുദായക്ഷേമകരമായ വിധത്തിൽ ശമിപ്പിക്കുകയും ഭാവിഗുണത്തിന്നു അനുകൂലമായ വിധത്തിൽ മൃദുക്കളായ സാമാന്യ നിബന്ധനകളെകൊണ്ടു സമുദായബന്ധത്തെ ബലപ്പെടുത്തുകയും ചെയ്യുന്നവിഷയത്തിൽ എല്ലാപ്രമാണികളുടെയും യോഗത്തിന്റെയും ശ്രദ്ധ പതിയേണ്ടകാലം സന്നിഹിതമായിരിക്ക ആകുന്നു.
സമുദായ സംബന്ധമായ സങ്കടങ്ങളെപ്പറ്റി ഈയിടെ ഞങ്ങൾ പലതും അറിയുന്നുണ്ട്. തിരുവിതാംകൂറിന്റെ തെക്കേഅറ്റങ്ങളിൽ ജനങ്ങളും കുടുംബങ്ങളും മിക്കവാറും തുല്യബലവും സ്വാതന്ത്ര്യവും ഉള്ളതാകയാൽ ഏകാകികളായ സങ്കടക്കാർ ചുരുക്കമാണ്. അവിടങ്ങളിലും പൊതുവായ പല കുഴപ്പങ്ങളും ഇപ്പോഴും നടക്കുന്നുണ്ട്. പക്ഷേ, അവ അത്ര ദോഷാവഹങ്ങളല്ലാത്തതും ക്രമേണ ശമനോന്മുഖങ്ങളും ആകുന്നു. സാധുക്കൾ അധികവും പ്രബലന്മാർ കുറഞ്ഞും ഇരിക്കുന്ന ദിക്കുകളിലാണ് ഈ ശല്യം അധികം വേരൂന്നി നിൽക്കുന്നത്. തെക്കേമലയാളത്തിൽ ഉൾപ്പെട്ട താനൂരിൽ ഒരു മുക്കുവൻ ഇരുന്ന പുല്ലു പായിന്മേൽ അറിയാതെ ചവിട്ടിപ്പോയതിനാൽ ഒരു തീയ്യനു അവന്റെ ജാതി പ്രമാണികൾ ഭ്രഷ്ടുകൽപിച്ചതായി ഞങ്ങൾ മുമ്പൊരിക്കൽ കുറിക്കുകയും ഈ കൃത്യത്തെ ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. രണ്ട് കൊല്ലങ്ങൾക്ക് മുമ്പ് ഇവരുടെ കഠിനമായ ജാതി വഴക്ക് പാലക്കാട്ടു ഇക്കിടിയിൽ നിന്നു ചങ്ങരംകുമരകത്തു പാറൻ മുതലായ മാന്യന്മാരുടെ പഞ്ചായത്തു തീരുമാനത്തിനായി അയക്കപ്പെടുകയും ആ യോഗ്യന്മാർ സമാധാനപ്പെടുകയും ചെയ്തതായറിഞ്ഞിട്ടുണ്ട്. ഇപ്പോൾ അവിടെ വെളുത്തേടച്ചെറുക്കന്റെ കയ്യാൽ അടികൊണ്ടു എന്ന കാരണത്തിന്മേൽ ഒരു തീയച്ചെറുക്കനെ നീക്കിനിറുത്തിയിക്കുന്നത്രേ. പക്ഷേ, ഈ മാതിരി ഭോഷത്വങ്ങൾ നമ്മുടെ ജാതിയിൽ ഇപ്പോൾ ഉള്ളവർ വളരെ ചുരുക്കംപേരെ ഉണ്ടായിരിക്കൂ എന്നു ഞങ്ങൾ അഭിമാനപൂർവ്വം പറയേണ്ടിരിക്കുന്നു.
കൊച്ചിയിൽ ഈയിടെ വഴക്കാട്ടുകമ്പനി ആഫീസിൽ പണിക്കാരനായ ഒരു തീയനെ എന്തോ കാരണത്തിന്മേൽ നീക്കി നിറുത്തുകയും ക്ഷൗരകനെ വിരോധിക്കുകയും ചെയ്തതായി ഒരു കേസ്സ് ഒടുവിൽ പോലീസിലായി പരിണമിച്ചതായും അറിയുന്നതിൽ ഞങ്ങൾ വ്യസനിക്കുന്നു. സ്ഥലത്തെ പി.സി.സമാജക്കാർ അതിനെ ക്ഷമയോടുകൂടി പര്യാലോച്ചിച്ചു തീരുമാനിക്കേണ്ടതായിരുന്നു എന്നു ഞങ്ങൾക്കു തോന്നുന്നു. സമുദായ നിബന്ധനകളെ കഠിനമാംവണ്ണം തെറ്റിനടന്നാൽ ഉദാസീനമായിരിപ്പാൻ പാടില്ലതന്നെ. പക്ഷേ, ശിക്ഷ വിധിക്കുന്നതിൽ നാം അശേഷം ധൃതഗതി കാണിച്ചുകൂടാത്തതും വളരെ കരുതി ചെയ്യേണ്ടതും ശിക്ഷ സുഗമമായിരിക്കേണ്ടതും ആണെന്നുള്ള വിഷയത്തിൽ എപ്പോഴും ശ്രദ്ധ വെക്കേണ്ടതാകുന്നു.
വടക്കേ മലയാളത്തിൽ സംബന്ധത്തിന്റെ തുടക്കത്തെ സംബന്ധിച്ചും മറ്റും വലുതായ വഴക്കുകൾ ഉണ്ടായിട്ടുണ്ട്. അവയെ നല്ലവണ്ണം ആലോചിച്ചു കലോചിതവും ന്യായവുമായ വിധത്തിൽ തീരുമാനിക്കാതിരിക്കുന്നത് സമുദായ ക്ഷേമത്തിനു ഹാനികരമാകുന്നു. തീവണ്ടി മുതലായ ഗതാഗത സൗകര്യങ്ങളെ കൊണ്ട് ദേശങ്ങൾ തമ്മിൽ വളരെ അടുത്ത് പോയിരിക്കുന്ന ഇക്കാലത്തു ഗ്രാമമാത്രാചാരങ്ങളേയും ഉൾനാടു മാമൂലകളെയും നിയമമാക്കാൻ പാടില്ലാത്തതാകുന്നു.
വടക്കേമലയാളത്തിൽ പ്രത്യക്ഷമായ മറ്റൊരു പ്രധാനകുഴപ്പം അന്യജാതി ദാമ്പത്യം കൊണ്ട് ഏതാനും കൂട്ടരെ അകറ്റിയിരിക്കുന്നതാണ്. ഈ കൂട്ടരെ ഒന്നായി ചേർക്കുന്നതിനെ സംബന്ധിച്ചു അവിടുത്തുകാരിൽ മാന്യമായ രണ്ടു ഹൈകോർട്ടു വക്കീലന്മാർ ഈയിടെ ബ്രഹ്‌മശ്രീ നാരായണ ഗുരുസ്വാമി അവർകളുടെ സന്നിധാനത്തിലെ അഭിപ്രായം ചോദിച്ചു അയച്ചിരുന്ന ഒരപേക്ഷയ്ക്കു അവിടുന്നു കൊടുത്ത മറുപടി ഞങ്ങൾ വേറൊരു ദിക്കിൽ ചേർത്തിട്ടുണ്ട്. പരസ്പരം ചില്ലറ ഭേദങ്ങളെയും ക്ഷുദ്രമത്സരങ്ങളെയും വെടിഞ്ഞു സമുദായം ഏകയോഗക്ഷേമമായി കഴിയണമെന്നുള്ളതാണ് ഈ മഹാനുഭാവന്റെ വന്ദ്യമായ ഉദേശ്യം. അതിനെ അനുസരിച്ചു പ്രവർത്തിപ്പാൻ നാം തയ്യാറായിരുന്നാൽ കലഗതി കൊണ്ടു സ്വയമേവ വന്നുകൂടാവുന്ന അഭിവൃദ്ധികളെ ശീഘ്രതരമായനുഭവിപ്പാൻ നമുക്കു ഇടയാകുന്നതാകുന്നു.
(വിവേകോദയം 1081 കർക്കടകം പു 3 ല. 4) (1906)
നമ്മുടെ ഭയങ്കരമായ ശാപം അല്ലെങ്കിൽ
കേരളത്തിലെ ഭ്രാന്ത്
ഈ തലവാചകം കൊണ്ട് ഞങ്ങൾ ജാതിയെയാണ് അർത്ഥമാക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യം അന്യാധീനപ്പെടുകയും, അതിന്റെ പ്രാചീനമായ മാഹാത്മ്യം അസ്തമിക്കയും ചെയ്തത് ഈ ശാപം നിമിത്തമാണെന്നു പ്രസിദ്ധമാണ്. ഇതിന്റെ ശക്തി ഇത്ര ക്രൂരമായി വ്യാപിച്ചു ബാധിക്കുന്നതായി കേരളത്തെപ്പോലെ മറ്റൊരു സ്ഥലം കാണുന്നില്ല. ഒരു ജാതിക്കു ഒരു കാലത്തു തന്നെ നമ്മുടെ രാജ്യത്തു ഓരോ ഗ്രാമങ്ങളിലും വെവ്വേറെ ജാതി സംബന്ധമായ അടുപ്പവും അകൽച്ചയും ഭേദപ്പെടുന്നു. ഒരു ജാതിതന്നെ ചില പ്രദേശങ്ങളിൽ ഉയർന്നതായി വിചാരിക്കപ്പെടുന്ന മറ്റൊരു ജാതിയുമായി ഒന്നുപോലെ കൂടി നടക്കുകയും ഊണ് ഒഴിച്ചുള്ള സകലവിധ ആചാരങ്ങളെയും വിരോധമെന്യേ സ്വീകരിക്കുകയും ആ ജാതിതന്നെ മറ്റൊരു പ്രദേശത്തു മറ്റൊരുജാതിക്കു വളരെ ദൂരം വഴിതെറ്റി കൊടുക്കുകയും അവർ ജലപാനം പോലും നിഷിദ്ധമായി വിചാരിക്കുകയും നടപ്പായിരിക്കുന്നു. തൊട്ടുകുളി, തീണ്ടികുളി, അയിത്തം വണ്ണാൻ തീണ്ടാപ്പാട്, പുലയൻ തീണ്ടാപ്പാട് ചില ദിക്കിൽ തീയ്യർ (അല്ലെങ്കിൽ ചോവർ) തീണ്ടാപ്പാട് മുതലായ മാർഗ്ഗമാനങ്ങൾ. ഇവ പുറത്തുനിന്നു നമ്മുടെ രാജ്യത്തിൽ കടക്കുന്നവരെ അസാമാന്യം കുഴക്കുന്നവയും നാം ഓരോ സ്ഥലങ്ങളിലും യാതൊരു ഐകരൂപ്യവും വ്യവസ്ഥയും ഇല്ലാതെ അനുഷ്ഠിച്ചു പോരുന്നവയും ആകുന്നു. അല്പം ആലോചിക്കുന്നതായാൽ ഇതിനൊക്കെ ഒരു ഭ്രാന്ത് എന്നല്ലാതെ നമുക്ക് എന്തുപറയാം . മഹാത്മാവായ വിവേകാനന്ദസ്വാമി അവർകൾ മലയാളം മുഴുവൻ ഒരു ഭ്രാന്താശുപത്രിയാണെന്ന് നമുക്കു ഏറ്റവും ലജ്ജാവഹമാംവണ്ണം ഒരവസരത്തിൽ പ്രസ്താവിച്ചത് ഇതിനെ സംബന്ധിച്ചായിരുന്നു. ഇതു ഇടക്കാലത്ത് ചില ബ്രാഹ്‌മണരുടെ ദുഷ്ടബുദ്ധിയുടെയും അതിരു കടന്ന മുഷ്‌കിന്റെയും ദൃഷ്ടാന്തമായി ശേഷിച്ചിരിക്കുന്ന അടിസ്ഥാനമില്ലാത്ത ഒരു സ്ഥാപനം എന്നല്ലാതെ ഇതിനു ശാസ്ത്രീയത്വം കൽപ്പിക്കുകയോ കൽപിച്ചാൽ കൂടി ഇക്കാലത്ത് സ്വതന്ത്ര ബുദ്ധിയുള്ളവർ ആരെങ്കിലും ഇതിനെ ആത്മാർത്ഥമായി ബഹുമാനിക്കയോ ചെയ്യുന്നതല്ലെന്ന് സാമാന്യക്കാർക്ക് കൂടി അറിയാം. എങ്കിലും വിദ്യാഭ്യാസം കൊണ്ടും മറ്റെല്ലാ അവസ്ഥകളെ കൊണ്ടും നമ്മുടെ ഇടയിൽ വളരെ പരിഷ്‌കൃത സ്ഥിതിയിൽ ഇരിക്കുന്ന നായന്മാരിലും പട്ടന്മാർ അല്ലെങ്കിൽ പരദേശദ്വിജന്മാരിലും കുറെ പഠിപ്പ് സിദ്ധിച്ചിട്ടുണ്ടെന്ന് വിചാരിക്കേണ്ടുന്ന സ്ഥിതിയിൽ ഇരിക്കുന്ന ചില ക്ഷുദ്രമതികൾ കൂടി ആ ജാതിക്കാർക്കു പൊതുവിൽ അവമാനകരാംവണ്ണം ഈ ഭ്രാന്തിനെ ഇപ്പോഴും മുറുകെ പിടിച്ചു കാണുന്നതിൽ ദേശാഭിമാനികളുടെ നിലയിൽ ഞങ്ങൾക്ക് ഏറ്റവും ലജ്ജയും വ്യസനവും തോന്നിപ്പോകുന്നു. ഞങ്ങൾ ഇത്രയും പറഞ്ഞത് കോഴിക്കോട് ടൗൺ മജിസ്‌ട്രേറ്റു കോർട്ടിൽ വടക്കേമലയാത്തുകാരനായ ഒരു മിസ്റ്റർ ഗോവിന്ദൻ (തിയ്യൻ) വാദിയായി ഇപ്പോൾ നടന്നു വരുന്ന ജാതിക്കേസ്സിനെപ്പറ്റി അറിയാൻ ഇടയായതിനാലാകുന്നു. മിസ്റ്റർ ഗോവിന്ദൻ നഗരംവിട്ടു ഉൾനാട്ടിലെ നിരത്തിൽ കൂടി പോകുമ്പോൾ ഒരു നായർക്കു വഴിതെറ്റി കൊടുക്കാത്ത കാരണത്താൽ അയാൾ ശകാരിക്കയും അവമാനിക്കയും ചെയ്തുഎന്നാണു കേസു കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ അതൊന്നുമല്ല ഇതിലെ രസാംശം. വിചാരണയിൽ നായമാർക്ക് തന്റെ ദേശത്തു വഴിമാറി കൊടുക്കുക പതിവില്ലാത്തതിനാൽ ഇങ്ങനെ ചെയ്യാത്തതിനാണെന്നു ന്യായമായിപ്പറഞ്ഞ മിസ്റ്റർ ഗോവിന്ദന്റെ നേരെ മജിസ്‌ട്രേറ്റ് ഗോപാലകൃഷ്ണയ്യർ ചെയ്തു വിട്ട അധികപ്രസംഗമാണ് ഞങ്ങളെ വിസ്മയപ്പെടുത്തുന്നത് . ഈ കുറ്റത്തിനു എതിർ കക്ഷി മിസ്റ്റർ ഗോവിന്ദനെ കൊന്നു കളയാഞ്ഞതു ഭാഗ്യമായി എന്നും ഇങ്ങനെ പ്രവർത്തിക്കുന്നവന്റെ അസ്ഥി നുറുക്കിക്കളയേണ്ടതാണെന്നും അയിരുന്നുവത്രേ ഈ സാധു മജിസ്‌ട്രേറ്റ് തുറന്നകോടതിയിൽ സംസാരിച്ചത്. എത്ര ദയനീയമായ ധിക്കാരം.
തീയർ മലയാളത്തിലെ ഏറ്റവും വലിയതും വർദ്ധിച്ചുവരുന്നതും ഉന്നതാവസ്ഥയിൽ ഉള്ള അനേകം അംഗങ്ങൾ അടങ്ങിയതുമായ പ്രധാന ജനസമുദായമാകുന്നു എന്നു ഇയാൾ അറിയാഞ്ഞതിൽ ആശ്ചര്യപ്പെടുന്നു. മിസ്റ്റർ ഗോവിന്ദൻ ഇയാളുടെ ഈ മൊഴികളെ രണ്ടു ഹൈക്കോർട്ടുവക്കീലന്മാരുടെ സാക്ഷ്യത്തോടു കളക്ടർക്കു അറിവ് കൊടുക്കുകയും കേസ് അതൃത്തി മാറ്റിക്കിട്ടാൻ അപേക്ഷിക്കുകയും ചെയ്തിരിക്കുന്നു. പലർക്കും ഒരു പാഠമായിത്തീരാവുന്ന ഈ കേസിനെ മിസ്റ്റർ ഗോവിന്ദൻ ജാഗ്രതയോടു കൂടി നടത്തുമെന്നു വിശ്വസിക്കുകയും അതിന്റെ അവസാനത്തെ ഞങ്ങൾ താല്പര്യപൂർവ്വം പ്രതീക്ഷിച്ചിരിക്കുകയും ചെയ്യുന്നു.