ഒരു പ്രസിദ്ധീകരണത്തിന് എന്തുതരം പേരാണ് ഇടാൻ പാടില്ലാത്തത്? അത് സംബന്ധിച്ച് നിയമവും വ്യവസ്ഥയുമൊന്നുമില്ല. എന്നാലും, കേട്ടാൽ ഞെട്ടുന്ന പേര് ആരും ഇടാറില്ല. എന്നാൽ കേൾക്കൂ, മൂർക്കോത്ത് കുമാരൻ ആരംഭിച്ച ഒരു പ്രസിദ്ധീകരണത്തിന്റെ പേര്- ‘കഠോരകുഠാരം’!(കുഠാരമെന്നാൽ മഴു). തലശ്ശേരിയിലെ പ്രമുഖ അഭിഭാഷകനും പൊതുപ്രവർത്തകനുമായ കെ.ടി.ചന്തുനമ്പ്യാരുമായി വലിയ ഒരു ആശയസംഘട്ടനം നടന്ന കാലത്ത് സ്വന്തം അഭിപ്രായങ്ങൾ ജനങ്ങളിൽ എത്തിക്കാൻ രണ്ടുപേരും ഓരോ പ്രസിദ്ധീകരണം തുടങ്ങിയിരുന്നു. ചന്തുനമ്പ്യാർ തുടങ്ങിവെച്ച പ്രസിദ്ധീകരണത്തിന്റെ പേര് രാമബാണം. ‘അമ്പും’ ‘കഠോരമായ മഴു’വും തമ്മിൽ കടുത്ത ഏറ്റുമുട്ടൽ നടന്നെങ്കിലും ഒരു ഘട്ടത്തിൽ അവരത് നിർത്തി. ഏറ്റുമുട്ടൽ നടന്നപ്പോഴും പിന്നീടും ഇരുവരും സൗഹൃദം തുടർന്നിരുന്നു. നായർ- തിയ്യ വിഭാഗങ്ങളെ പ്രതിനിധീകരിച്ചിരുന്നു ഇവരെങ്കിലും ഏറ്റുമുട്ടൽ ആശയങ്ങളിൽ ഒതുങ്ങിനിന്നു.
ആരായിരുന്നു മൂർക്കോത്ത് കുമാരൻ? എഴുത്തിന്റെ ലോകത്ത് ആരായിരുന്നു മൂർക്കോത്ത് കുമാരൻ എന്ന് പറയുന്നതിലേറെ എളുപ്പം ആര് – അല്ലായിരുന്നു എന്ന് പറയുകയാണ്. ആ തൂലികാവല്ലഭൻ കൈവെക്കുകയും വിജയിക്കുകയും ചെയ്തിട്ടില്ലാത്ത മേഖലകളില്ല.
ആധുനിക മലയാള ഗദ്യശില്പി, ലക്ഷണമൊത്ത സാഹിത്യവിമർശകൻ, മാതൃകയാക്കാവുന്ന ഉപന്യാസകാരൻ, ചെറുകഥാപ്രസ്ഥാനത്തിന് തുടക്കമിട്ടവരിൽ പ്രധാനി, റിയലിസ്റ്റ് നോവലിന്റെ പ്രാരംഭകൻ, നർമം വെടിയാത്ത എഴുത്തുകാരൻ, വിവർത്തകൻ, കവി, ബാലസാഹിത്യകാരൻ, നാടകകൃത്ത്, ശാസ്ത്രസാഹിത്യകാരൻ, ജീവചരിത്രകാരൻ എന്നിങ്ങനെ എണ്ണിയാൽ തീരാത്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു മൂർക്കോത്ത് കുമാരൻ. ഗദ്യസാഹിത്യത്തിലെ പ്രജാപതി എന്നാണ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി വിശേഷിപ്പിച്ചത്. സഞ്ജയനും ഉള്ളൂരും പല നിരൂപകരും കുമാരന്റെ ഗദ്യശൈലിയെ പ്രശംസിച്ചിട്ടുണ്ട്. ഓജസ്സും ശക്തിയുമില്ലാത്ത പഴയ ആധാരവാചക രീതിയിലുള്ള മലയാളത്തെ മോചിപ്പിച്ച ഗദ്യകാരന്മാരിൽ പ്രമുഖനാണ് കുമാരൻ എന്നാണ് സഞ്ജയൻ എഴുതിയത്.
അതിനുമപ്പുറമാണ് കുമാരന്റെ പത്രപ്രവർത്തനമികവ്. ഇത്രയും പത്രങ്ങളുടെ പത്രാധിപത്യം വഹിച്ച വേറെ ആരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. കേരളസഞ്ചാരി, ഗജകേസരി, മിതവാദി, സമുദായദീപിക, കേരളചിന്താമണി, സരസ്വതി, വിദ്യാലയം, ആത്മപോഷിണി, പ്രതിഭ, ധർമം, ദീപം, സത്യവാദി, കഠോരകുഠാരം എന്നിങ്ങനെ പോകുന്ന അദ്ദേഹം പത്രാധിപത്യം വഹിച്ച പ്രസിദ്ധീകരണങ്ങൾ. കോഴിക്കോട്ടെ കേരളസഞ്ചാരിയുടെ പത്രാധിപത്യം ഏറ്റെടുക്കുമ്പോൾ കുമാരന് വയസ്സ് വെറും 23. പത്രാധിപർ സി. കൃഷ്ണൻ നിയമപഠനത്തിന് ചെന്നൈയിലേക്ക് പോയ ഒഴിവിലായിരുന്നു അത്. തലശ്ശേരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ അധ്യാപകനായിരുന്നപ്പോഴാണ് ഈ സാഹസം. 16ാം വയസ്സ് കഴിഞ്ഞ സമയത്ത് കോഴിക്കോട് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ അധ്യാപകനായിച്ചേർന്ന ആളാണ് കുമാരൻ(1). കേസരി എന്ന തൂലികാനാമത്തിൽ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ഹാസ്യലേഖനങ്ങളും ഉപന്യാസങ്ങളും എഴുതിയിരുന്ന പ്രസിദ്ധീകരണമാണ് കേരളസഞ്ചാരി. കുമാരൻ കേരളസഞ്ചാരിയിൽ എഴുതിയ മുഖപ്രസംഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ കഥകളും ഹാസ്യലേഖനങ്ങളും പംക്തികളും അദ്ദേഹം ഈ പ്രസിദ്ധീകരണങ്ങളിലെല്ലാം എഴുതിയിരുന്നു. 19ാം വയസ്സിൽ ആദ്യമായി അദ്ദേഹം മലയാള മനോരമയിൽ എഴുതിയ കഥ കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ ശ്രദ്ധയിൽപ്പെടുകയും കുമാരനെ നിരന്തരം എഴുതാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. വറുഗീസ് മാപ്പിളയുടെ പ്രോത്സാഹനമില്ലായിരുന്നുവെങ്കിൽ താൻ എഴുത്തുകാരനേ ആവുമായിരുന്നില്ല എന്ന് കുമാരൻ എഴുതിയിട്ടുണ്ട്. ഭാഷാപോഷിണിയുടെ പ്രഥമലക്കത്തിൽത്തന്നെ മൂർക്കോത്തിന്റെ കഥ ഉള്ളതായി മാധ്യമഗവേഷകൻ ജി.പ്രിയദർശനൻ കേരളപത്രപ്രവർത്തനം സുവർണാധ്യായങ്ങൾ എന്ന കൃതിയിൽ പറയുന്നുണ്ട്. ഇന്ന് പല ആനുകാലികങ്ങളിലും കാണുന്ന പല സ്ഥിരം പംക്തികളും- പലരും പലതും, പലതിൽ ചിലത് – കുമാരന്റെ സൃഷ്ടികളായിരുന്നു എന്നും പ്രിയദർശനൻ എഴുതുന്നു.
അദ്ദേഹം പത്രാധിപരായ ഒരു പ്രധാന പത്രം മിതവാദിയാണ്. ആദ്യം തലശ്ശേരിയിൽ നിന്ന് മൂർക്കോത്തിന്റെ പത്രാധിപത്യത്തിൽ ആരംഭിച്ചശേഷം കോഴിക്കോട്ടേക്ക് മാറുകയായിരുന്നു. ഈ പത്രം ആരംഭിക്കാൻ ഉടമസ്ഥൻ ശിവശങ്കരനെ പ്രേരിപ്പിച്ചതുതന്നെ കുമാരൻ ആയിരുന്നത്രെ. സി.കൃഷ്ണൻ ഉടമസ്ഥത ഏറ്റെടുത്ത ശേഷമാണ് കോഴിക്കോട്ടേക്ക് മാറിയത്. കുമാരനാശാന്റെ വീണപൂവ് മിതവാദിയിൽ പ്രസിദ്ധീകരിച്ചത് മൂർക്കോത്ത് കുമാരൻ പത്രാധിപരായിരുന്നപ്പോഴാണ്. ഗജകേസരി, സത്യവാദി, സമുദായദീപിക, ആത്മപോഷിണി തുടങ്ങിയ ഒട്ടേറെ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി കുമാരൻ. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അവസാനകാലത്ത് നടത്തിവന്ന ആത്മപോഷിണി അദ്ദേഹം ഒടുവിൽ ഏൽപ്പിച്ചത് മൂർക്കോത്ത് കുമാരനെ ആയിരുന്നു എന്നും ഓർക്കേണ്ടതുണ്ട്. മാതൃഭൂമി ഉൾപ്പെടെ അക്കാലത്തെ അറിയപ്പെടുന്ന പ്രസിദ്ധീകരണങ്ങളിലെല്ലാം അദ്ദേഹം എഴുതിയിട്ടുണ്ട്. മുപ്പതുവർഷം മദിരാശി മെയിലിന്റെ ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട് കുമാരൻ.
ശുദ്ധമായ മലയാളം ആസ്വാദ്യമായി വായനക്കാരനിൽ എത്തിക്കുക എന്നതിന് പുറമെ സാമൂഹ്യ അനാചാരങ്ങൾക്കെതിരെ പോരാടുന്നതിനുള്ള ഉപകരണം കൂടിയായിരുന്നു കുമാരന് താൻ ചുമതല ഏറ്റ പ്രസിദ്ധീകരണങ്ങളെല്ലാം. കേരളീയ നവോത്ഥാനത്തിന്റെ പതാകവാഹകരിൽ മുൻപന്തിയിൽ നിന്നു കുമാരൻ. എഴുത്തിലും അധ്യാപനത്തിലും മാത്രം മുഴുകിയ ഒരാളായിരുന്നില്ല അദ്ദേഹം. സാമൂഹ്യസംഘടനകളിലും നഗരസഭയിലും സാഹിത്യസംഘടനയിലും ക്ഷേത്രക്കമ്മിറ്റിയിലും മറ്റനേകം വേദികളിലും സജീവമായിരുന്നിട്ടുണ്ട്. ബ്രിട്ടീഷ് പക്ഷപാതിയായിരുന്നെങ്കിലും വെള്ളക്കാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അഴിമതികൾക്കും അധികാര ദുർവിനിയോഗങ്ങൾക്കും എതിരെ അദ്ദേഹം എന്നും വീറോടെ പൊരുതിയിട്ടുണ്ട്. ഒ.ചന്തുമേനോൻ, കേസരി വേങ്ങയിൽ നായനാർ, ഗുണ്ടർട്ട് എന്നിവരുടെ ജീവചരിത്രം എഴുതിയിട്ടുള്ള കുമാരൻ തന്റെ ജാതിക്കാർക്ക് നീതി കിട്ടാൻ പൊരുതുമ്പോഴും ജാതിക്കതീതമായി ചിന്തിക്കുകയും എല്ലാ ജാതിമതക്കാരോടും നല്ല ബന്ധം പുലർത്തുകയും ചെയ്തുപോന്നു(1).
ഏതെല്ലാം പ്രസിദ്ധീകരണങ്ങളിൽ എന്തെല്ലാം പേരുകളിൽ അദ്ദേഹം പംക്തികളും ലേഖനങ്ങളും എഴുതിയിട്ടുണ്ട് എന്ന് കണ്ടെത്താൻ അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ കൂടിയായ മൂത്ത മകൻ മൂർക്കോത്ത് കുഞ്ഞപ്പയ്ക്കുപോലും കഴിഞ്ഞിട്ടില്ല. വളരെക്കുറച്ച് ഉപന്യാസങ്ങൾ മാത്രമേ സമാഹരിച്ചിട്ടുള്ളൂ. പതഞ്ജലി, വജ്രസൂചി, ഗജകേസരി തുടങ്ങിയ നിരവധി പേരുകളിൽ അദ്ദേഹം എഴുതിയിട്ടുണ്ട്.
1874 ലാണ് അദ്ദേഹത്തിന്റെ ജനനം. എണ്ണമറ്റ മാധ്യമങ്ങളിൽ പത്രാധിപത്യവും സാമൂഹ്യസംഘടനാ പ്രവർത്തനവുമെല്ലാം നടത്തുമ്പോഴും അദ്ദേഹം നാട്ടുകാരുടെ പ്രിയപ്പെട്ട അദ്ധ്യാപകനുമായിരുന്നു. 1930ൽ സർവീസിൽനിന്ന് വിരമിച്ചു. ഒരിക്കലും മടുക്കാത്ത എഴുത്തുകാരനായ അദ്ദേഹം അന്ത്യനാളുകളിൽപോലും ലേഖനങ്ങൾ പറഞ്ഞുകൊടുത്ത് എഴുതിച്ചിരുന്നു. 1941 ജൂൺ 25ന് അന്തരിച്ചു.
മലയാള മനോരമ എക്‌സി. എഡിറ്ററായിരുന്ന മൂർക്കോത്ത് കുഞ്ഞപ്പ, ഇന്ത്യാഗവണ്മെന്റ് സർവീസിൽ ഉന്നതോദ്യോഗങ്ങൾ വഹിച്ച മൂർക്കോത്ത് രാവുണ്ണി, പോണ്ടിച്ചേരി സെൻട്രൽ സ്‌കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന മൂർക്കോത്ത് ശ്രീനിവാസൻ എന്നിവരാണ് മക്കൾ.
സഞ്ജയൻ മാസികയിൽ വജ്രസൂചി എന്ന പേരിൽ മൂർക്കോത്ത് കുമാരൻ എഴുതിയ രണ്ട് ഹാസ്യഭാവനകൾ ആണ് ഇവിടെ പുനഃ പ്രസിദ്ധീകരിക്കുന്നത്. അദ്ദേഹത്തിന്റെ കാലശേഷം പ്രസിദ്ധീകരിച്ചുപോന്ന വജ്രസൂചി മാസികയുടെ മൂർക്കോത്ത് കുമാരൻ സ്മാരകപ്പതിപ്പിൽ പുനഃപ്രസിദ്ധീകരിച്ചതാണ് ആദ്യത്തേത്- 1948 സെപ്തംബർ ലക്കം. മൂർക്കോത്ത് കുമാരന്റെ മകൻ മൂർക്കോത്ത് ശ്രീനിവാസൻ ആയിരുന്നു ഇതിന്റെ എഡിറ്ററും പബ്‌ളിഷറും. രണ്ടാമത്തെ കുറിപ്പ് സഞ്ജയൻ മാസികയുടെ 1937 ഏപ്രിൽ 27 ലക്കത്തിൽ പ്രസിദ്ധപ്പെടുത്തിയതും. നിരവധി പ്രസിദ്ധീകരണങ്ങളിൽ അനേകം തൂലികാനാമങ്ങളിൽ എഴുതിയ മൂർക്കോത്തിന്റെ അത്തരം ലേഖനങ്ങൾ അത്യപൂർവമായേ കണ്ടെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ.
(1). 1974ൽ പ്രസിദ്ധപ്പെടുത്തിയ മൂർക്കോത്ത് കുമാരൻ ശതാബ്ദി സ്മാരകഗ്രന്ഥത്തിലെ ജീവചരിത്രസംക്ഷേപം
അഭിനവനിഘണ്ഡുവിലെ ഒരു പേജ് *
വെള്ളം: ഒരു കാലത്ത് മനുഷ്യൻ ധാരാളമായി കുടിക്കാൻ ഉപയോഗിച്ചിരുന്ന പരിശുദ്ധ ദ്രവ ദ്രവ്യം.
മര്യാദ: ഒരു നേരംപോക്ക്.
ദന്തവൈദ്യൻ: സ്വന്തം പല്ലുകൾക്ക് പണി നൽകാൻ അന്യരുടെ പല്ലുകൾ പറിച്ചുകളയുന്ന ആൾ.
ചങ്ങാതി: കലഹത്തിന്റെ ആരംഭത്തിൽ മനുഷ്യർ അന്യോന്യം സംബോധന ചെയ്യുന്ന ഒരു വാക്ക്.
കൊള്ളക്കൊടുക്ക: വാങ്ങിയവനും വിറ്റവനും അന്യോന്യം ചതിച്ചതായി കരുതി തൃപ്തിയടയുവാൻ ഇടവരുത്തുന്ന ഒരു വ്യവസായം.
വൈദ്യൻ: രണ്ട് ദിവസം കഴിഞ്ഞുണ്ടാകുന്ന മരണത്തിൽനിന്ന് നിങ്ങളെ രക്ഷിക്കാൻ നിങ്ങളെ ഇന്നുതന്നെ കൊല്ലുന്ന ആൾ.
ഗ്രന്ഥകർത്താവ്: വാക്കുകളും അക്ഷരങ്ങളും കൊണ്ട് കച്ചവടം ചെയ്ത് ഒടുവിൽ ദീവാളി എടുക്കുന്ന വിദ്വാൻ.
ധനം: ഇരുപതാം നൂറ്റാണ്ടിലെ നിരീശ്വരവാദികൾ കൂടി ആരാധിക്കുന്ന ഈശ്വരൻ; അഥവാ മനുഷ്യനെ എന്തുകാര്യത്തിനും യോഗ്യനും അർഹനും ആക്കുന്ന ഗുണവിശേഷം.
അസസ്സർമാർ: ഒരു തടവുകാരനെ വിചാരണ ചെയ്യാൻ കൂട്ടിലാക്കപ്പെട്ട അഞ്ചുതടവുകാർ.
മാപ്പുസാക്ഷി: തന്റെ കൂട്ടാളികളേക്കാൾ അധികം നിന്ദ്യമായ കുറ്റം ചെയ്തതിനാൽ മാപ്പിന് അർഹനായിത്തീരുന്നവൻ.
വിനയം: രഹസ്യസ്ഥലങ്ങളിൽ ആരും കാണാതെ വികസിക്കുന്ന മനോഹരപുഷ്പം.
വക്കീൽ: നിങ്ങളുടെ സ്വത്തുക്കൾ നിങ്ങളുടെ വൈരികളിൽനിന്ന് രക്ഷിച്ച് സ്വന്തം കൈവശത്തിൽവെക്കുന്ന പണ്ഡിതാഗ്രേസരൻ.
ന്യായം: കോടതികളിൽ സാധാരണ ചെറിയ ഉദ്യോഗസ്ഥന്മാർ കീശയിലാക്കുന്ന ഒരു സാധനം.
വിദ്യാശാല: പരീക്ഷയിൽ തോല്‌ക്കേണ്ടത് എങ്ങിനെയാണെന്നു പണംകൊടുത്തു പരിശീലിപ്പിക്കാനുള്ള ഒരു സ്ഥലം.
പണ്ഡിതൻ: തനിക്ക് അറിഞ്ഞുകൂടാത്തത് മറ്റുള്ളവരെ പഠിപ്പിക്കാൻ ശമ്പളംകൊടുത്ത് നിർബന്ധിക്കപ്പെടുന്ന ഒരു പാവം.
വക്കീലിന്റ സാമർത്ഥ്യം!
വജ്രസൂചി
‘കാർനോറ്’- കൊക്കളി ദേശത്തെ ആണും പെണ്ണും ആബാലവൃദ്ധം മൂക്കാഞ്ചേരി കണ്ണൻമൂപ്പരുടെ മരുമക്കളാണെന്ന് വരാൻ പാടില്ല. എന്നാലും എല്ലാവരും അയാളെ കാരണവർ എന്ന അർത്ഥത്തിൽ ‘കാർനോറ്’ എന്നു വിളിച്ചു. കണ്ണൻ എന്നാണ് ആ വൃദ്ധന്റെ പേരെന്ന് അറിഞ്ഞുകൂടാതിരുന്ന യുവജനങ്ങൾ വളരെ ഉണ്ടായിരുന്നു.
ഒരു ദിവസം കാർനോരെ ഒരു നായ കടിച്ചു. പടിഞ്ഞാറെ വീട്ടിൽ രാമൻ നായരുടെ നായായിരുന്നു. നായ്ക്കു ഭ്രാന്തുണ്ടോ ഇല്ലയോ എന്നൊരു ശങ്ക. ഏതായാലും കാർന്നോരെ കുന്നൂരിൽ അയക്കണമെന്നും ചികിത്സ ചെയ്യിക്കണമെന്നും തീർച്ചയാക്കി.
എഴുപത്തഞ്ച് വയസ്സായ കാർനോറ് കുന്നൂരിൽ നിന്ന് മടങ്ങിവരുന്ന കാര്യം പ്രയാസമെന്നായിരുന്നു പലരുടെയും അഭിപ്രായം. മാസം ഒന്നുകഴിഞ്ഞു; കിഴവൻ മടങ്ങിവരികതന്നെ ചെയ്തു. എല്ലാവരും സന്തോഷിച്ചു; ഗോപാലൻ സന്യാസി അധികം സന്തോഷിച്ചു. നിത്യം രാവിലെ കുൡ്, ഭംഗിക്കുവേണ്ടി ഒരു ചന്ദനപ്പൊട്ടും അതിന്മേൽ ഒരു സിന്ദൂരപ്പൊട്ടും തൊട്ടു ചെവിക്കുന്നിയിൽ തുളസിയിലയും ചെമ്പരത്തിപ്പൂവും വെച്ചു നടക്കുന്നതിനാണ് ഗോപാലനെ പലരും ‘സന്യാസി’ എന്നു വിളിച്ചുപോരുന്നത്. പക്ഷെ ചെറുപ്പക്കാർ അയാളെ ‘നൊസ്സൻ’ ഗോപാലൻ എന്നാണ് വിളിക്കാറ്. പിറ്റെ ദിവസം ഗോപാലൻ കാർനോരെ ചെന്നുകണ്ടു.
ഗോപാലൻ- എന്താ കാർനോറെ, സുഖായില്ലേ? വളരെ ബുദ്ധിമുട്ടിപ്പോയി, ഇല്ലെ? ആവട്ടെ; പട്ടി കടിച്ചതും നന്നായി.
കാർനോർ-നന്നായെന്നോ? ഞാൻ പെട്ട പാട് എനിക്കറിയാം. ഇതാ എന്റെ വയറു നോക്ക്! പൊക്കിളിന്നു നാലുഭാഗത്തും എത്ര സൂചിയാണ് കുത്തിയത്?
ഗോപാലൻ- എന്നാലും കുറെ പണം കിട്ടുമല്ലൊ.
കാർനോർ- പണമോ?
ഗോപാലൻ-അതെന്ത്? രാമൻ നായരോട് നഷ്ടത്തിനു ചോദിച്ചുകൂടെ?
രാമൻനായര് തിരഞ്ഞെടുപ്പിൽ ഗോപാലൻ പറഞ്ഞതുപോലെ വോട്ടുചെയ്തിരുന്നില്ല. ആ വൈരം ചുടല വരെ വെച്ചുകൊണ്ടിരിക്കണമെന്ന് ഗോപാലൻ നിശ്ചയിച്ചുറപ്പിച്ചിരുന്നു.
ഗോപാലൻ പറഞ്ഞു, പറഞ്ഞു, കണ്ണനെക്കൊണ്ട് കേസ്സുകൊടുപ്പിച്ചു.വിചാരണയായി.കണ്ണന്റെ ആദ്യവിസ്താരം കഴിഞ്ഞ്, എതിർവിസ്താരമായി. രാമൻനായരുടെ വക്കീൽ, അഡ്വക്കെറ്റ് കോന്ത്രാട്ടിൽ നാണുനമ്പിയാർ (ബി.എ,ബി.എൽ) എഴുന്നേറ്റു ചോദ്യം തുടങ്ങി.
ചോദ്യം-ജനവരി മാസം 1-ാം തിയ്യതി സന്ധ്യക്കാണ് നിങ്ങളെ നായ കടിച്ചത്?
ഉത്തരം- അതെ, സന്ധ്യ മയങ്ങിയിരുന്നു.
ചോദ്യം- നിങ്ങൾക്കൊരു നായുണ്ട്; അതിന് ആലയിൽ കെട്ടിയിരുന്നു.
ഉത്തരം- കെട്ടിയിരുന്നു
ചോദ്യം- രാമൻനായരുടെ നായ അതിനെ വന്നു കടിച്ചു?
ഉത്തരം- അതെ, ഒന്നും കാണാൻ പാടില്ലായിരുന്നു.
ചോദ്യം- നിങ്ങൾ നായുടെ വാലു പിടിച്ചുവലിച്ചപ്പോൾ രാമൻ നായരുടെ നായ തിരിഞ്ഞു കൈക്കു കടിക്കുകയാണ് ചെയ്തതെന്ന് ആദ്യവിസ്താരത്തിൽ പറഞ്ഞില്ലെ? അതല്ലെ ശരി?
ഉത്തരം- അതെ; ഞാൻ വാലുപിടിച്ചു നീക്കാൻ ശ്രമിച്ചപ്പോൾ നായ എന്നെ കടിച്ചു.
ചോദ്യം – ശരി. ആലയിൽ ഒന്നും കാണാൻ പാടില്ലാതെ ഇരുട്ടുള്ള സമയം നിങ്ങൾ പിടിച്ചത് രാമൻ നായരുടെ നായുടെ വാലാവണമെന്നില്ല; നിങ്ങളുടെ നായുടെ വാലാവാനും മതി. എന്തു പറയുന്നു? വേഗം ഉത്തരം പറയണം.
വക്കീൽ ഇങ്ങിനെ പറഞ്ഞ്, ബാറിലുള്ള മറ്റ് പഠിപ്പുള്ള സ്‌നേഹിതന്മാരെ നോക്കി മന്ദഹസിച്ച്, പോക്കറ്റിൽ നിന്ന് ഉറുമാൽ എടുത്ത് കഴുത്തും മുഖവും തുടച്ചു, ജഡ്ജിയെ നോക്കി വീണ്ടും മന്ദഹാസം പൊഴിച്ചു.
കണ്ണൻ കാർനോർ യാതൊരു വകഭേദവും കൂടാതെ പറഞ്ഞു. എന്റെ നായെ കാണാഞ്ഞിട്ടാണ് വക്കീൽ ഈ ചോദ്യം ചോദിച്ചത്. എന്റെ നായ്ക്കു വാലില്ല.