സ്വദേശാഭിമാനിരാമകൃഷ്ണപിള്ള (1875-1916)

എൻ.പി.രാജേന്ദ്രൻ

‘തിരുവിതാംകൂറിലെ അഴിമതികളിൽ മുഖ്യമായി നിൽക്കുന്നത് കൈക്കൂലിയാണെന്ന് തെരുവുകളിൽ തെണ്ടിനടക്കുന്ന പിച്ചക്കാർക്ക് കൂടെയും നല്ല ബോധ്യമുണ്ട്. ഡോ. എൻ.സുബ്രഹ്‌മണ്യ അയ്യർ അവർകൾ ദിവാൻജി പേഷ്‌കാർ ഉദ്യോഗം സമ്പാദിച്ചത് പന്തീരായിരം രൂപ കൈക്കൂലി കൊടുത്തിട്ടാണെന്ന് സുഭാഷിണി പത്രം കുറേമുമ്പ് വിളിച്ചുപറഞ്ഞതിന്റെ യഥാർത്ഥതയെ തെളിയിക്കുന്നതിന് ഗവണ്മെന്റ് ആവശ്യപ്പെടാത്തതുതന്നെ മി. ഗോപാലാചാര്യരുടെ മന്ത്രിപദ പരിപാലനത്തെപ്പറ്റി കഠിനമായ ആക്ഷേപത്തിന് ഹേതുവായിട്ടുണ്ട്.

1906 മാർച്ച് 20-ന് സ്വദേശാഭിമാനി പ്രസിദ്ധപ്പെടുത്തിയ മുഖപ്രസംഗത്തിൽനിന്നുള്ള വാചകങ്ങളാണിത്. പൗരാവകാശങ്ങളും ഭരണഘടനാസംരക്ഷിതമായ അഭിപ്രായസ്വാതന്ത്ര്യങ്ങളുമുള്ള ഇക്കാലത്തുപോലും എഴുതാൻ മടിക്കുന്ന രൂക്ഷമായ ഭാഷയിലാണ് ഒരു സ്വാതന്ത്ര്യവുമില്ലാത്ത രാജഭരണത്തിൻ കീഴിൽ രാമകൃഷ്ണപിള്ള എന്ന പത്രാധിപർ എഴുതിയത്. ഇത് ഒരു മുഖപ്രസംഗത്തിന്റെ മാത്രം കാര്യമല്ല. നിരന്തരമായ ആക്രമണമാണ് അദ്ദേഹം തെറ്റുകാർക്കെതിരെ നടത്തിക്കൊണ്ടിരുന്നത്.
സ്വദേശാഭിമാനി ഉൾപ്പെടെ ഒമ്പത് പത്രങ്ങളിൽ അദ്ദേഹം പല ഘട്ടങ്ങളിൽ മുഖപ്രസംഗമെഴുതിയിട്ടുണ്ട്. ‘ഭയകൗടില്യലോഭങ്ങൾ വളർക്കില്ലൊരുനാടിനെ’ എന്ന സ്വദേശാഭിമാനിയുടെ അടിസ്ഥാന ആദർശത്തെ മുറുകെപ്പിടിക്കുന്ന രീതിയിലുള്ളതായിരുന്നു ആ മുഖപ്രസംഗങ്ങളെല്ലാം.

കേരളചരിത്രത്തിലെ സുപ്രധാനഘട്ടത്തിലെ നവോത്ഥാനനായകരിൽപ്പെട്ട വക്കം അബ്ദുൽഖാദർ മൗലവിയുടെ ഉടമസ്ഥതയിൽ ആരംഭിച്ച സ്വദേശാഭിമാനിയുടെ പത്രാധിപർ എന്ന നിലയിലാണ് രാമകൃഷ്ണപിള്ള ശ്രദ്ധേയനാകുന്നത്. സ്വദേശാഭിമാനി പത്രാധിപത്യമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ നിർണായകമായ രീതിയിൽ വഴി തിരിച്ചുവിടുന്നതും അദ്ദേഹത്തെ സ്വദേശാഭിമാനിയാക്കുന്നതുതന്നെയും. മലയാള പത്രപ്രവർത്തനചരിത്രത്തിലെ അത്യപൂർവമായ ആ പത്രാധിപർ-പത്രഉടമ കൂട്ടുകെട്ട് എക്കാലത്തും ഒരു അനുകരണീയ മാതൃകയായി ചൂണ്ടിക്കാട്ടപ്പെട്ടു. പത്രാധിപസ്വാതന്ത്ര്യത്തിൽ ഇടപെടുകയില്ല എന്ന വാഗ്ദാനം, ഉടമ ഒരു ദിവ്യപ്രതിജ്ഞപോലെ അവസാനംവരെ പാലിക്കുകയും അതിന് വലിയ വില കൊടുക്കേണ്ടി വരികയും ചെയ്തു.

കേരളദർപ്പണത്തിൽ ആണ് അദ്ദേഹം ആദ്യം പത്രാധിപരായത്. 1899ൽ ആ ചുമതല ഏറ്റെടുക്കുമ്പോൾ വിദ്യാഭ്യാസം പൂർത്തിയാകാത്ത ഒരു ചെറുപ്പക്കാരനായിരുന്നു. ആ ‘ധിക്കാര’ത്തിന് അദ്ദേഹത്തെ അമ്മാവൻ വീട്ടിൽനിന്ന് പുറത്താക്കി. ഉപാദ്ധ്യയൻ, കേരള പഞ്ചിക, മലയാളി, കേരളൻ, വിദ്യാർത്ഥി, ശാരദ( വനിതാമാസിക) ആത്മപോഷിണി തുടങ്ങിയവയാണ് അദ്ദേഹം പത്രാധിപത്യം വഹിച്ച മറ്റുചില പ്രസിദ്ധീകരണങ്ങൾ. അദ്ദേഹം എഴുതിയ മുഖപ്രസംഗങ്ങളിൽ ഏറെ വിവാദവിഷയങ്ങളായത് ദിവാൻ രാജഗോപാലാചാരിയുടെ അപഥസഞ്ചാരത്തെയും ശങ്കരൻതമ്പി തുടങ്ങിയ രാജസേവകരുടെ ദുർനടപടികളെയും കുറിച്ചുള്ളവയായിരുന്നു. എന്നാൽ, അത്തരം മുഖപ്രസംഗങ്ങളേ അദ്ദേഹം എഴുതാറുള്ളൂ എന്ന് ധരിച്ചുകൂടാ. പത്രങ്ങളുടെ ചുമതല, തിരുവിതാംകൂർ ഉത്സവമഠത്തിലെ ചില തേയ്മാനങ്ങൾ(കേരളദർപ്പണം), പൊതുജനദാസന്മാരും വർത്തമാനപത്രങ്ങളും, ഒരു ഹിന്ദുരാജാവും താഴ്ന്ന ജാതിക്കാരുടെ ഉന്നമനവും, പശുവധം നിർത്തുക (കേരളപഞ്ചിക), വ്യവസായ ശീലരായ ഈഴവർ, അനുചിതമായ ഇറക്കുമതി, ബംഗാൾ വിഭജനം(കേരളൻ), അധ്യാപകരുടെ ശമ്പളം, സ്ത്രീജനദ്രോഹം, ഭാഷാഭൂഷണം, രാജസേവകന്മാർ(സ്വദേശാഭിമാനി) തുടങ്ങിയ ഏറെ വ്യത്യസ്തങ്ങളായ വിഷയങ്ങളെക്കുറിച്ച് രാമകൃഷ്ണപിള്ള മുഖപ്രസംഗങ്ങൾ എഴുതിയിട്ടുണ്ട്. ലോകസംഭവങ്ങളെക്കുറിച്ചും പരിമിതമായ വാർത്താവിനിമയസൗകര്യങ്ങളുള്ള ആ കാലഘട്ടത്തിലും ശ്രദ്ധേയമായ അഭിപ്രായങ്ങൾ രൂപവൽക്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

നാടുകടത്തൽ ശതാബ്ദിയോടനുബന്ധിച്ച് കേരള ഗ്രന്ഥശാലാ സഹകരണസംഘം പ്രസിദ്ധീകരിച്ച രചനകളുടെ സമാഹാരത്തിന്റെ ആദ്യ വാല്യം അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങളാണ്. നാല് പത്രങ്ങളിൽനിന്നുള്ള 149 മുഖപ്രസംഗങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ഇത്രയും മുഖപ്രസംഗങ്ങളേ ഇതിനകം ശേഖരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. പത്രധർമം, രാഷ്ട്രീയമീമാംസ, അധികാരം, സാമൂഹ്യപ്രശ്‌നങ്ങൾ, അഴിമതി, ദേശീയ-സാർവദേശീയപ്രശ്‌നങ്ങൾ തുടങ്ങിയ വൈവിദ്ധ്യമാർന്ന വിഷയങ്ങളെക്കുറിച്ച് അദ്ദേഹം മുഖപ്രസംഗങ്ങൾ എഴുതിയിട്ടുണ്ട്. നിരവധി മുഖപ്രസംഗങ്ങൾ പത്രപ്രവർത്തനരംഗത്തെ മോശം പ്രവണതകളെക്കുറിച്ചുള്ളതാണ്. രാമകൃഷ്ണപിള്ളയുടെ മുഖപ്രസംഗങ്ങളും കുറിപ്പുകളും സമഗ്രമായി വായിച്ചുതീരുമ്പോൾ ആ കാലഘട്ടത്തിലെ ലോകചരിത്രംതന്നെ ഒരു ചിമിഴിൽ ഒതുക്കിയതുപോലെ ലഭിക്കുന്നു എന്ന് പണ്ഡിതനായ പി.ഗോവിന്ദപ്പിള്ള ‘ഭയകൗടില്യലോഭങ്ങൾക്കെതിരെ’ എന്നു പേരിട്ട സമാഹാരം ആദ്യവാല്യത്തിനെഴുതിയ അവതാരികയിൽ പറയുന്നു.

പത്രപ്രവർത്തകൻ മാത്രമായിരുന്നില്ലല്ലോ രാമകൃഷ്ണപിള്ള. എട്ടുപുസ്തകങ്ങൾ അദ്ദേഹം കുട്ടികൾക്കുവേണ്ടി രചിച്ചിട്ടുണ്ട്. സോക്രട്ടീസ്, ക്രിസ്റ്റഫർ കോളമ്പസ്, കാറൽമാർക്‌സ്, ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ, മോഹൻദാസ് ഗാന്ധി എന്നീ ജീവചരിത്രകൃതികൾ അദ്ദേഹത്തിന്റേതായുണ്ട്. മോഹൻദാസ് ഗാന്ധി മഹാത്മാഗാന്ധിയാകുന്നതിനു മുമ്പും കാറൽമാർക്‌സ് റഷ്യൻ വിപ്‌ളവത്തിന് മുമ്പുമാണ് എഴുതപ്പെട്ടത് എന്നോർക്കുമ്പോൾ അദ്ദേഹത്തിന്റെ ദീർഘവീക്ഷണം വ്യക്തമാകുന്നു.

പത്രപ്രവർത്തനതത്ത്വങ്ങളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യപുസ്തകവും രാമകൃഷ്ണപിള്ളയുടെ രചനയാണ്. ഹൃസ്വജീവിതത്തിനിടയിൽ മുപ്പതിലേറെ കൃതികൾ അദ്ദേഹം എഴുതിയിട്ടുണ്ട്.

1875ൽ നെയ്യാറ്റിൻകരയിൽ ജനിച്ച രാമകൃഷ്ണപിള്ള കേരള യൂണിവേഴ്‌സിറ്റിയിൽ ബി.എ കഴിയുംമുമ്പുതന്നെ പത്രപ്രവർത്തനത്തിലേക്ക് എടുത്തുചാടിയിരുന്നു. പത്തുപന്ത്രണ്ട് വർഷത്തെ പത്രപ്രവർത്തനമേ അദ്ദേഹത്തിന് തിരുവിതാംകൂറിൽ നടത്താൻ കഴിഞ്ഞിരുന്നുള്ളൂ. 1910ൽ അദ്ദേഹത്തെ നാടുകടത്തി. ആറുവർഷം കണ്ണൂരിലും പാലക്കാട്ടും കഴിഞ്ഞുകൂടിയ രാമകൃഷ്ണപിള്ള 1916 മാർച്ച് 28ന് കണ്ണൂരിൽ അന്തരിച്ചു.

സ്വദേശാഭിമാനി പത്രത്തിൽ 1908 ജനവരി 8,11 ലക്കങ്ങളിൽ എഴുതിയതാണ് ഈ മുഖലേഖനം. രാജകൊട്ടാരത്തിലെ ചെലവുകളെക്കുറിച്ചുള്ള ഒരു അന്വേഷണാത്മക റിപ്പോർട്ട്. നാടുകടത്തൽ ശതാബ്ദിയോടനുബന്ധിച്ച് കേരള ഗ്രന്ഥശാലാ സഹകരണസംഘം പ്രസിദ്ധീകരിച്ച രചനകളുടെ സമാഹാരത്തിന്റെ ആദ്യവാല്യം അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങളാണ്. നാലു പത്രങ്ങളിൽനിന്നുള്ള 149 മുഖപ്രസംഗങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ഇത്രയും മുഖപ്രസംഗങ്ങളേ ഇതിനകം ശേഖരിക്കാൻ കഴിഞ്ഞിട്ടുള്ളൂ.

കൊട്ടാരത്തിലെ ചെലവ്

തിരുവിതാംകൂർ മഹാരാജാവ് തിരുമനസ്സിലെ കൊട്ടാരത്തിൽ ഇരിപ്പുമുതലിനും വരവുചെലവുകൾക്കും ആയി വച്ചിരുന്ന കഴിഞ്ഞ വളരെ കൊല്ലങ്ങളിലെ കണക്കുകളൊക്കെയും മാനേജർ ശങ്കരൻ തമ്പിയുടെ ആജ്ഞപ്രകാരം തീയിട്ടു ചുട്ടുകളഞ്ഞ സംഗതിയെക്കുറിച്ചു കഴിഞ്ഞ (ജനവരി) 1-ാം തിയ്യതിയിലെ പത്രത്തിൽ പ്രസ്താവിച്ചിരുന്നുവല്ലോ. കൈക്കൂലി, കൊള്ള മുതലായ അഴിമതികളുടെ മൂർത്തികളായി, തിരുവിതാംകൂർ പ്രജകളെ പീഡിപ്പിക്കുകയും പ്രജകൾക്ക് വ്യഥ ഉണ്ടാക്കുന്നത് മൂലം മഹാരാജാവ് തിരുമനസ്സിലേക്ക് നിത്യമായ മനോദുഃഖം ഉണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന രാജസേവകന്മാരുടെ അഴിമതികൾ മേല്പ്പടി റിക്കാർഡുകളിൽ പ്രതിഫലിച്ചിട്ടുള്ളതിനാലായിരിക്കണം, ശങ്കരൻതമ്പി, ഈ വക കണക്കുകളെല്ലാം നശിപ്പിച്ചതെന്ന് ഞങ്ങൾ ഒരു ആശങ്കയെ സൂചിപ്പിച്ചിരുന്നത് യഥാർത്ഥമാണെന്ന് അറിയുന്നുണ്ട്. കൊട്ടാരത്തിൽ മഹാരാജാവ് തിരുമനസ്സിലെ നിത്യച്ചെലവുവകക്കായി ഗവണ്മെണ്ടിൽനിന്ന് അനുവദിച്ചിട്ടുള്ളതിൻവണ്ണം കെട്ടിമേടിക്കുന്ന ഏറിയൊരു പണം ഒരു മഹാരാജാവിന്റെ പ്രതാപത്തെയും സ്ഥാനഗൗരവത്തെയും, ഔദാര്യമഹിമയെയും സൽക്കീർത്തിയെയും നിലനിറുത്തുന്നതിനുതക്കവണ്ണം ചെലവിടേണ്ടതിന് പകരം കള്ളക്കണക്കെഴുതി ഈ രാജസേവകന്മാർ അപഹരിച്ചുവന്നിരുന്നു എന്നും ഈ വക കണക്കുകളെ, നീതിമാനും, ധൈര്യവാനും ആയ ഒരു മന്ത്രി, ശോധനം ചെയ്യുന്നതിന് തുനിയുന്നപക്ഷം ഇവരുടെ കുടിലതകൾ വെളിപ്പെടുമെന്ന് ഇവർക്ക് നിശ്ചയം ഉള്ളതിനാലാണ് ഇങ്ങനെ നടത്തിയതെന്നും പൊതുവെ അറിയുന്ന സംഗതിയാകുന്നു. എന്നാൽ ഈ റിക്കാർഡു നശിപ്പിക്കുക എന്ന പ്രവൃത്തി ഇപ്പോഴാണ് ചെയ്തതെന്നിരിക്കിലും ഇങ്ങനെ ചെയ്തത്, മൂന്നുനാല് കൊല്ലമായി, ഇടവിടാതെ രഹസ്യത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ചില കണക്ക് നിർമിതിയുടെയും അപഹരണ തിരസ്‌കരണത്തിന്റെയും കലാശമാണെന്ന ഒരു പ്രസ്താവം ഉണ്ട്. മിസ്റ്റർ വി.പി.മാധവരായർ ദിവാൻജിയായി വന്നപ്പോൾതന്നെ, കൊട്ടാരത്തിലെ പലേ മുതൽക്കണക്കുകളെയും മാറ്റി എഴുതിവയ്ക്കുന്നതിന് ഉദ്യമിച്ചിരുന്നു. എന്നും അദ്ദേഹത്തിന്റെ വേറുപാടിന് ശേഷം അവരുടെ ഇഷ്ടംപോലെ ആടുന്ന മന്ത്രിപ്പാവകളുടെ കളിയാട്ടക്കാലത്തും, ശങ്കരൻ തമ്പിയുടെയും കൂട്ടുകാരുടെയും, കൃത്രിമബുദ്ധി നല്ലവണ്ണം തഴച്ചുവന്നു എന്നും ഇക്കാലത്തിനിടയിൽ, അവർ ഉദ്ദേശിച്ച കൃത്രിമങ്ങൾ ഒട്ടൊക്കെ സാധിച്ചു എന്നും ഞങ്ങൾ കേൾക്കുന്നുണ്ട്. ഇങ്ങനെയുള്ള പഴയ കള്ളക്കണക്കുകളെ മറയ്ക്കുന്നതിന് മിസ്റ്റർ രാജഗോപാലാചാരിയുടെ ആഗമനം, തടസ്സമായി തീരുകയും, മിസ്റ്റർ ആചാരിയുടെ ഭരണപ്രാരംഭദശയിൽ രാജസേവകന്മാരുടെ അഴിമതികളെ ഗൗനിക്കുന്നില്ലെന്ന് കണ്ട്, ധൈര്യമവലംബിച്ച് അവർ അദ്ദേഹത്തിന്റെ അല്പകാലത്തെ വേറുപാടുനാളുകളിൽ, തങ്ങളുടെ മനോരഥം ഫലിപ്പിക്കുകയും ചെയ്തതായിട്ടാണ് വിചാരിക്കേണ്ടിയിരിക്കുന്നത്. ഈ ഉപായം ഫലിച്ചു എന്നുതന്നെ, രാജസേവകന്മാരെ അനുമോദിച്ചുകൊള്ളാം. എന്നാലും ഇവരുടെ ദ്രോഹങ്ങൾക്ക് ലക്ഷ്യങ്ങൾ ഉണ്ടാകാതെയിരിക്കുമെന്ന് ഞങ്ങൾ നൈരാശ്യപ്പെടുന്നില്ലാ. വലിയ കൊട്ടാരത്തിൽ പണ്ടേക്കുപണ്ടുമുതൽ എഴുന്നള്ളിയിരുന്നിട്ടുള്ള മഹാരാജാക്കന്മാരുടെ കാലങ്ങളിൽ, വളരെ വിലപേറുന്ന അനേകം രത്‌നങ്ങളും അനവധി സാമാനങ്ങളും വാങ്ങി ശേഖരിച്ചിട്ടുണ്ടായിരുന്നു എന്നുള്ളതിനെയും ആർക്കും വിസ്മരിക്കാൻ കഴികയില്ലാ. ഇങ്ങനെ സമ്പാദിച്ചുവച്ചിട്ടുള്ള പണ്ടങ്ങളുടെ കണക്കും വിലയും മറ്റും അന്നു മുതൽക്കുതന്നെ കൊട്ടാരം റിക്കാർഡുകളിൽ വേറിട്ടുകാണാൻ ഇടയുണ്ട്. ആ വക കണക്കുകൾ ശങ്കരൻ തമ്പി നശിപ്പിച്ചിരുന്നാൽ തന്നെയും, അന്നത്തെ പണ്ടങ്ങളോ അവയ്ക്കുപകരം പിത്തളാട്ടസാധനങ്ങളോ ഇപ്പോഴും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. കൊട്ടാരത്തിലെ വകകളെ തിട്ടപ്പെടുത്തുന്നതായാൽ, ഇത്തരം രത്‌നങ്ങൾക്ക് പകരം സ്ഫടിക കഷ്ണങ്ങളും തങ്കത്തിനു പകരം പൂച്ചും കാണുവാൻ സംഗതിയാകുമെന്നും കേൾവിപ്പെട്ടിരിക്കുന്നു. ഇരിപ്പുമുതലിന്റെ കഥ ഇങ്ങനെ നിൽക്കട്ടെ. നിത്യച്ചെലവിലേക്കായി ആണ്ടോടാണ്ട് ഗവർമെണ്ട് ഖജനയിൽ നിന്ന് വാങ്ങി വന്നിട്ടുള്ള പണത്തിന്റെ ചെലവിനങ്ങൾ എന്തൊക്കെയാണ്? മഹാരാജാവ് തിരുമനസ്സിലേക്ക് ദിവസംതോറും സവാരി എഴുന്നള്ളുമ്പോൾ, ധർമ്മമായി തൃക്കൈച്ചെലവു ചെയ്‌വാൻ അനുവദിക്കപ്പെട്ടിട്ടുള്ളതും, ധർമരാജാവ് എന്ന കീർത്തിക്കു മഹാരാജാവിനെ സവിശേഷം പാത്രമാക്കീട്ടുള്ളതും ആയ പണത്തിൽ നിന്ന്, ഇക്കഴിഞ്ഞ ഇരുപതിൽപരം സംവത്സരങ്ങൾക്കുള്ളിൽ, എത്ര പണം, തിരുമനസ്സുകൊണ്ട് ധർമ്മമായി കൊടുത്തിട്ടുണ്ടായിരിക്കും? യൂറോപ്യൻ രാജ്യങ്ങളിലും മറ്റ് പലേടങ്ങളിലും മഹാരാജാക്കന്മാർ സവാരി എഴുന്നള്ളുമ്പോൾ, ഓരോരോ അഗതികൾക്ക് പണം കൊടുത്തതായും, ചിലപ്പോൾ, മഹാരാജാക്കന്മാർ വേഷം മാറിച്ചെന്ന് കുടിയിടങ്ങളിലെ പാവങ്ങളെ സഹായിക്കാറുള്ളതായും നാം വായിച്ചിട്ടുണ്ട്; വായിക്കാറുമുണ്ട്. ഈ നാട്ടിൽ അപ്രകാരം ചെലവു ചെയ്യുന്നതിന് മുതൽ അനുവദിച്ചിരുന്നിട്ടും, അങ്ങനെയുള്ള ധർമ്മകഥകൾ കേൾക്കാൻപോലും ഇടവരുത്താത്തത്, മഹാരാജാവ് തിരുമനസ്സിലേക്ക് ഇവരുടെ ദ്രോഹംനിമിത്തം അസാമാന്യമായ ധർമസങ്കടവും മനോവ്യഥയും ഉണ്ടാകുന്നുണ്ടായിരിക്കണമെന്നും പറയുവാൻ ഞങ്ങൾക്ക് ഏറെ വ്യസനമുണ്ട്. ഇത്തരം ചെറിയ കാര്യങ്ങൾതന്നെ പലതും പ്രസ്താവിക്കാനുണ്ടായിരിക്കുമെങ്കിലും അവയെ ഇനിയൊരു അവസരത്തിലേക്ക് നീട്ടിവയ്ക്കുവാനേ നിർവാഹമുള്ളൂ. മഹാരാജാവ് തിരുമനസ്സിലേക്ക് അനുവദിച്ചിട്ടുള്ള പണം എങ്ങനെ ചെലവുചെയ്യുന്നു എന്ന് ചോദിപ്പാൻ പ്രജകൾക്ക് അവകാശമില്ലെന്ന മിഥ്യാവാദത്തെ ഞങ്ങൾ കഴിഞ്ഞകുറി ഖണ്ഡിച്ചിട്ടുള്ളതിനാൽ, ആ സംഗതിയെ ആവർത്തിക്കുന്നില്ലാ. കൊല്ലവർഷം 1038-ാമാണ്ട് മുതൽ കഴിഞ്ഞിട്ടുള്ള ഓരോരോ കൊല്ലങ്ങളിലും വലിയ കൊട്ടാരത്തിലെ ചെലവിനായി സർക്കാർ ഖജനാവിൽ നിന്ന് കൊടുത്തിട്ടുള്ള പണത്തിന്റെ തുകകളുടെ ഒരു പട്ടിക ഞങ്ങൾ തയ്യാറാക്കിയിരിക്കുന്നു. ഈ പട്ടികയെയും അതിൽനിന്ന് ഗ്രഹിക്കാവുന്ന സംഗതികളെയും അടുത്തകുറി എടുത്തുകാണിക്കാമെന്ന് കരുതുന്നു.

കൊട്ടാരത്തിലെ ചെലവ് 2

തിരുവിതാംകൂർ രാജഗൃഹത്തിലെ ചെലവിനായി, ആണ്ടോടാണ്ട് സർക്കാർ ഖജനാവിൽ നിന്ന് കെട്ടിമേടിക്കുന്ന പണത്തിന്റെ തുക, ക്രമേണ വർദ്ധിച്ച് സാമാന്യത്തിലധികം ആയിരിക്കുന്നു എന്ന് ഞങ്ങൾ കഴിഞ്ഞകുറി പ്രതിപാദിച്ചുവല്ലോ. ഈ ഘട്ടത്തിൽ കൊല്ലവർഷം 1038-ാമാണ്ട് തുടങ്ങി കഴിഞ്ഞ അനേകം ആണ്ടുകളിലെ ചെലവുകണക്ക് ഇക്കുറി പ്രസ്താവിക്കാമെന്നും ഞങ്ങൾ പറഞ്ഞിട്ടുണ്ട്. 1038 -ാം ആണ്ടിന് മുമ്പത്തെ കണക്കുകൾ ഞങ്ങൾക്ക് കിട്ടീട്ടില്ലാത്തതിനാൽ, അക്കാലങ്ങളിലെ ചെലവ് എത്രയെന്ന് നിർണ്ണയിപ്പാൻ കഴിയുന്നില്ലാ. രാജാവിന്റെ കുടുംബം വക ചെലവുകൾക്ക് അഞ്ചുലക്ഷത്തോളം രൂപയേ ആവശ്യമുള്ളൂ എന്ന് സർ. ടി. മാധവരായർ (രാജ്യഭരണറിപ്പോർട്ടിൽ) പ്രസ്താവിച്ചിട്ടുള്ള 1038-ാമാണ്ടത്തെ കണക്ക് തുടങ്ങി എസ്. ഗോപാലാചാര്യർ അവർകൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന 1081 ലെ കണക്കുവരെ, താഴെ ചേർത്തിട്ടുള്ളത് വായനക്കാർ ശ്രദ്ധിക്കേണ്ടതാണ്.

1038-497520, 1039-457420, 1040-465585, 1041-476697, 1042-563016, 1043-493760, 1044-479414, 1045-542603,1046-499549, 1047-511494, 1048-503233, 1049-541939, 1050-560861, 1051-537841, 1052-510330, 1053-542908, 1054-567263, 1055-670523, 1056- 548535, 1057-543720, 1058-610537, 1059-559471, 1060-567398, 1061-584028, 1062-623943, 1063-572133, 1064-573446, 1065-571410, 1066-575027, 1067-602405, 1068-602791, 1069-602071, 1070-598974, 1071-593352, 1072- 605966, 1073-661167, 1074-609279, 1075-625062, 1076-588131, 1077-614283, 1078-580407, 1079-688183,1080-603603,1080-609026

അക്കങ്ങളെക്കൊണ്ട്, രാജ്യഭരണകാര്യങ്ങളിൽ അഭിപ്രായപ്രകടനം ചെയ്യുന്നത് നിരാക്ഷേപമായ സമ്പ്രദായമല്ലെന്ന് ഞങ്ങൾക്ക് അറിയാമെന്നിരിക്കിലും, ഈ സംഗതിയിൽ, അക്കങ്ങൾ നമ്മെ അധികമായി വഴിതെറ്റിക്കയില്ലെന്ന് തന്നെ പറയാം. നമുക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന 1038 തുടങ്ങിയ ആദ്യകാലത്തെ കണക്കിനെയും, ഇക്കഴിഞ്ഞ ആറേഴുകൊല്ലങ്ങളിലെ കണക്കിനെയും പര്യാലോചനം ചെയ്താൽ, കൊട്ടാരത്തിലെ ചെലവ് എത്രമേൽ വർദ്ധിച്ചുപോയി എന്ന് സ്പഷ്ടമാകുന്നതാണ്. മുമ്പ്, ഒന്നിലധികം രാജാക്കന്മാരും കുമാരികളും ഒരേ സമയത്ത് ജീവിച്ചിരുന്ന കാലങ്ങളിൽ കൂടെയും, ഇപ്പോഴത്തെ ക്രമത്തിനുള്ള ചെലവുണ്ടായിട്ടില്ല. എന്നാൽ ഇക്കാലത്തെ ജീവിതക്രമത്തിന്റെ തോത് പരിഷ്‌കരിക്കപ്പെട്ടുപോയി എന്ന് ഒരു സമാധാനം പറയുവാൻ ചിലർ ഒരുങ്ങുമെന്ന് ഞങ്ങൾക്ക് അറിയാം. ഒരു ശുദ്ധ ഹിന്ദുരാജ്യത്തിലെ മഹാരാജാവിന് തന്റെ പ്രതാപൗന്നത്യത്തെ പരിപാലിക്കയും. പ്രാചീന ഭരണാചാരങ്ങളെ അനുഷ്ഠിക്കയും, നവീനകാല പരിഷ്‌കാരക്രമങ്ങളെ അനുസരിക്കയും ചെയ്യേണ്ടതായിരിക്ക കൊണ്ട്, ഈ തുക, അതാവിത്, അഞ്ചുലക്ഷത്തോടടുപ്പിച്ച തുക, അത്രവളരെ കൂടുതലാണെന്ന് പറവാൻ പാടില്ല എന്ന് സർ. ടി.മാധവരായരവർകൾ 1038 ലെ ഭരണറിപ്പോർട്ടിൽ പ്രസ്താവിച്ചിരിക്കുന്നതിനെ സമ്മതിക്കുന്ന പക്ഷവും, ഒരു മഹാരാജാവും രണ്ട് ചെറിയ രാജകുമാരികളും ഉൾപ്പെട്ട ഒരു കുടുംബത്തിലേക്കു ആറുലക്ഷത്തിലധികം രൂപാ, വാസ്തവത്തിൽ, ചെലവാകുവാൻ ഇടയില്ല എന്ന് സമ്മതിക്കാതെ കഴിയില്ലാ. 1038-ാമാണ്ടു തുടങ്ങി പത്തിരുപത് കൊല്ലങ്ങളിൽ, നാലരലക്ഷത്തിനും അഞ്ചരലക്ഷത്തിനും അടുപ്പിച്ചുള്ള തുകകളാണ് സാമാന്യമായി ചെലവു കാണുന്നത്. എന്നാൽ, ഇപ്പോഴത്തെ മഹാരാജാവുതിരുമനസ്സുകൊണ്ട് സിംഹാസനത്തെ പ്രാപിച്ചതിന്റെ ശേഷം, ആദ്യം ഏതാനും കൊല്ലങ്ങളിൽ മാത്രം ആറുലക്ഷത്തിനകവും, മറ്റ് പല കൊല്ലത്തിൽ ഏഴുലക്ഷത്തോളവും ചെലവ് ചെയ്തിരിക്കുന്നതായി കാണുന്നുണ്ട്.

വർദ്ധിച്ച ചെലവുകൾ, വാസ്തവത്തിൽ ഉള്ളവയായിരിക്കാനിടയില്ലാ. 1076-ാമാണ്ട് കൊച്ചുതമ്പുരാക്കന്മാരും മൂത്ത തമ്പുരാട്ടിയും തീപ്പെട്ടു പോയതിന്റെ ശേഷം ആ തിരുമേനികൾക്കും, അതിനുമുമ്പ് എഴുന്നള്ളിയിരുന്ന കൊച്ചുതമ്പുരാക്കന്മാർക്കും ഇളയ തമ്പുരാട്ടിക്കും അനുവദിച്ചിരുന്ന തുകകൾ ഇപ്പോൾ ആർ എങ്ങനെ ചെലവാക്കുന്നു? ആ വകയ്ക്ക് അവരുടെ ചരമാനന്തരം ഇതേവരെ പണം കെട്ടിവാങ്ങുന്നുണ്ടായിരുന്നില്ലേ? ഇവയെ ആർ അനുഭവിച്ചു? ‘കൊട്ടാരത്തിലെ ചെലവ്, ചുങ്കം, തീരുവ മുതലായവയിലെ ആദായംകൊണ്ട് നടത്തിക്കൊള്ളണം’എന്ന് 933-ാമാണ്ട് നാടുനീങ്ങിയ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ട് അരുളിയതായി പറയപ്പെട്ടിരിക്കുന്ന ചരമശാസനത്തെയും, മേലെഴുതിയ അമിതവ്യയത്തെയും, അതേ ചരമശാസനത്തിലെ ധർമ്മസ്ഥാപനകാര്യത്തിലുള്ള നിബന്ധനയെ അക്ഷരംപ്രതി അനുവർത്തിക്കുന്നതിന് നിഷ്‌കർഷയുള്ള ഇപ്പോഴത്തെ മഹാരാജാവു തിരുമനസ്സുകൊണ്ട്, എപ്രകാരം കൂട്ടിയിണക്കുമെന്ന് ഞങ്ങളറിയുന്നില്ലാ.

Leave a Reply

Your email address will not be published. Required fields are marked *

Go Top