കാലം മാറി എന്നൊക്കെ പറഞ്ഞുകേട്ടിട്ടേയുള്ളൂ. അത് ഇത്രത്തോളം വരും എന്നു കരുതിയിരുന്നില്ല നമ്മുടെ പല പാര്‍ട്ടികളും. പുതിയ കാലത്തെ രീതികള്‍ പാര്‍ട്ടികളുടെ കോലം കെടുത്തുന്നുണ്ട്. പണ്ടേ കോലം മാറിയവര്‍ക്ക് അത്ര പ്രശ്‌നമില്ല. കോണ്‍ഗ്രസ്സിനെ നോക്കൂ, വലിയ പ്രശ്‌നമൊന്നുമില്ല. ഒരേ സമയം അരാജകമാണ്; അതേ സമയം രാജഭരണസമാന കുടുംബഭരണമുണ്ട്. സ്ഥാനാര്‍ത്ഥിത്വം കിട്ടാന്‍ ആര്‍ക്കും എന്തും ചെയ്യാം. സ്വന്തം കഴിവുകളും സേവനങ്ങളും സ്വയം പാടിപ്പുകഴ്ത്താം, പത്രത്തില്‍ പരസ്യം കൊടുക്കാം. മറ്റുള്ളവരെക്കൊണ്ടു പുകഴ്ത്തിക്കാം. പത്രക്കാരെക്കൊണ്ട് എഴുതിക്കാം. സ്ഥാനാര്‍ത്ഥിത്വം കിട്ടിയില്ലെങ്കിലും സാരമില്ല നാല് പേപ്പറില്‍ പേര് വന്നല്ലോ എന്നു സമാധാനിക്കാം. ഇങ്ങനെ നാല്പതും അമ്പതും കൊല്ലം ക്ഷമാപൂര്‍വം കാത്തിരുന്നു നിരാശനാവാം. വേണമെങ്കില്‍ അതിനിടയില്‍ റെബലായി മത്സരിക്കാം. ആറുവര്‍ഷത്തേക്ക് പുറത്താക്കുമെങ്കിലും പേടിക്കേണ്ട. ദയാലുക്കളുടെ പാര്‍ട്ടി ആയതുകൊണ്ട് ആറു മാസം കഴിഞ്ഞാല്‍ ശിക്ഷ റദ്ദാക്കും, പഴയ പണി തുടരാം.
ഇതൊന്നുമല്ല നമ്മുടെ വിപ്ലവപാര്‍ട്ടികളുടെ സ്ഥിതി. അവിടെ സ്ഥാനാര്‍ത്ഥിനിര്‍ണയമൊക്കെ ടോപ് സീക്രട്ട് സംഗതികളായിരുന്നു. ചില്ലറ ചര്‍ച്ച ചില കമ്മിറ്റികളില്‍ നടന്നെന്നിരിക്കും. പുറത്ത് ഒരു ഈച്ചയും അതറിയുകയില്ല. സ്ഥാനാര്‍ത്ഥിയാകുന്നതിനെക്കുറിച്ച് ഊണിലോ ഉറക്കത്തിലോ വിപ്ലവകാരി ചിന്തിക്കാന്‍ പാടുള്ളതല്ല. സ്ഥാനാര്‍ത്ഥിത്വം മോഹിക്കുന്നത് ശിക്ഷാര്‍ഹമായ ചിന്താക്കുറ്റമായിരുന്നു. സമയമാകുമ്പോള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് കൂടിയോ കൂടാതെയോ പ്രഖ്യാപനം നടത്തും. സ്ഥാനാര്‍ത്ഥിത്വം കിട്ടുന്നവര്‍ പോയി പത്രിക കൊടുക്കക,-കിട്ടാത്തവര്‍ പോയി ചുമരെഴുതുക. തീര്‍ന്നു. ഇന്നെന്താ സ്ഥിതി?
നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി എന്നൊരു പുസ്തകമെഴുതിയിട്ടുണ്ട് പഴയ യുവവിപ്ലവകാരി എ.പി.അബ്ദുള്ളക്കുട്ടി. മൂപ്പര് കോണ്‍ഗ്രസ്സാവേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല. മനുഷ്യനായാല്‍ ലേശം ക്ഷമ വേണ്ടേ? അല്പം കാത്തിരുന്നുവെങ്കില്‍ സി.പി.എമ്മിനെത്തന്നെ അവര്‍ കോണ്‍ഗ്രസ്സാക്കി രൂപാന്തരപ്പെടുത്തിത്തരുമായിരുന്നു. കോണ്‍ഗ്രസ്സില്‍ അനുവദനീയമായതെല്ലാം ഏതാണ്ട് സി.പി.എമ്മിലും അനുവദനീയമായിത്തുടങ്ങിയിട്ടുണ്ട്. ചില്ലറ വ്യത്യാസങ്ങള്‍ കണ്ടെന്നിരിക്കും. അല്പംകൂടി ക്ഷമിച്ചാല്‍ എല്ലാം ശര്യാക്കിത്തരും.
സ്ഥാനാര്‍ത്ഥികളായി ചിലരെ പരിഗണിക്കുന്നു എന്ന് കേട്ടപ്പോള്‍ത്തന്നെ സഹിക്കാതെ മുദ്രാവാക്യം വിളിച്ച് റോഡിലിറങ്ങിയത് പാര്‍ട്ടിക്കാര്‍തന്നെ. പാര്‍ട്ടിക്കാരെപ്പോലെ തോന്നിച്ച അപരന്മാരായിരുന്നു എന്നൊന്നും പറയാന്‍ പറ്റില്ല. എതിര്‍പ്പുകള്‍ വെളിച്ചത്താണ് ഇപ്പോള്‍ നടക്കുന്നത്. പോസ്റ്റര്‍ റോഡരുകിലെ ചുമരില്‍ മാത്രമല്ല, ഫേസ്ബുക്കിന്റെ ചുമരിലും പ്രത്യക്ഷപ്പെട്ടാലോ? പാര്‍ട്ടി സെക്രട്ടേറിയറ്റ് പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ താഴേക്കിട കമ്മിറ്റികള്‍ കലാപം സൃഷ്ടിക്കുന്നു. പല പല അജന്‍ഡകള്‍ ഒരേ സമയം പാര്‍ട്ടിയില്‍ തലങ്ങും വിലങ്ങും പായുന്നുണ്ട്. പണ്ടത്തെ രീതി മാറി. ഇപ്പോള്‍ ജനാധിപത്യവുമില്ല, കേന്ദ്രീകരണവുമില്ല. കേന്ദ്രം തീരുമാനിച്ചാലും കീഴ്ഘടകം ഒടക്കും. കീഴ്ഘടകം തീരുമാനിച്ചാലും തഥൈവ. തത്ത്വങ്ങളും വ്യവസ്ഥകളും നയങ്ങളും ഇല്ലാത്തതല്ല പ്രശ്‌നം. അവയൊന്നും ഏശുന്നില്ല. രണ്ടു വട്ടം മത്സരിച്ചവര്‍ മാറിനില്‍ക്കണം എന്നുതീരുമാനിക്കാം. എന്നിട്ട് ചിലര്‍ക്ക് മത്സരിക്കാന്‍ സ്‌പെഷല്‍ ഓര്‍ഡര്‍ കൊടുക്കാം. പാര്‍ട്ടി സിക്രട്ടേറിയറ്റിലുള്ളവര്‍ സ്ഥാനാര്‍ത്ഥിത്വം കാംക്ഷിക്കരുത് എന്നുതത്ത്വം പറയാം. പക്ഷേ, അവര്‍ തന്നെയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് എന്നു വരുമ്പോള്‍ സ്വന്തം പേര് വെട്ടിക്കളയുന്നതെങ്ങനെ? ജില്ലാ സിക്രട്ടറിമാര്‍ സ്ഥാനാര്‍ത്ഥിയാകരുതെന്ന് തീരുമാനിച്ചാലും പൊല്ലാപ്പാണ്. ജില്ലയില്‍ വേറെ യോഗ്യന്മാര്‍ ഇല്ലെങ്കിലോ? മാസങ്ങള്‍ക്കു മുമ്പു മാത്രം മേയറായ ആളെ രാജിവെപ്പിച്ച് സ്ഥാനാര്‍ത്ഥിയാക്കാം. മേയര്‍പോസ്റ്റ് നിസ്സാരം. ജില്ലാസിക്രട്ടറിപ്പണി പിള്ളാരുകളിയല്ല. എം.എല്‍.എ സ്ഥാനത്തിനുവേണ്ടിയൊന്നും അത് ഒഴിയാന്‍ പാടില്ല. യേത്?
സ്വതന്ത്രന്മാരെ സ്ഥാനാര്‍ഥിയാക്കുന്നത് പുതിയ സമ്പ്രദായമൊന്നുമല്ല പാര്‍ട്ടിയില്‍. സ്വതന്ത്രന്മാരുടെ ബലത്തിലാണ് അമ്പത്തേഴില്‍ ഭൂരിപക്ഷം ഉണ്ടായതുതന്നെ. അവസരോചിതമായി കാലുമാറി വരുന്ന അവസവാദികള്‍ക്കും കൊടുക്കാറുണ്ട് സീറ്റ്. അത് അധികവും കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, മുസ്ലിംലീഗ് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് സ്ഥാനംകിട്ടിയില്ല എന്നും മറ്റുമുള്ള ആശയ-ആമാശയപര കാരണങ്ങളുടെ പേരില്‍ പുറത്തുചാടിയവര്‍ക്കായിരുന്നു. ഇപ്പോഴിതാ സ്ഥിതി അപ്രവചനീയമായിരിക്കുന്നു. ആരുടെ പേരാണ് ഇന്നു ചേര്‍ക്കുക, നാളെ വെട്ടിമാറ്റുക എന്നൊന്നും ഊഹിക്കാന്‍പോലും പറ്റില്ല. പ്രശസ്തരെ സ്വതന്ത്രരായി നിര്‍ത്തിയാല്‍ ചില സീറ്റുകള്‍ പിടിക്കാം എന്നൊരു ഐഡിയ ആരുടെയോ തലയില്‍ മുളച്ചതായി വേണം കരുതാന്‍. അതു പ്രശ്‌നമാണ്. പ്രശസ്തരെ പാര്‍ട്ടി രേഖകളിലൊന്നും നിര്‍വചിച്ചിട്ടില്ലല്ലോ. തീര്‍ത്തും ആത്മനിഷ്ഠമാണ് സംഗതി. പാര്‍ട്ടിക്കാണെങ്കില്‍ വസ്തുനിഷ്ഠമായിട്ടല്ലാതെ ഒരക്ഷരം മിണ്ടാനോ പറയാനോ പാടില്ല. ആരാണ് പ്രശസ്ത? നടീനടന്മാര്‍ പ്രശസ്തര്‍തന്നെ. എത്ര സിനിമയില്‍ മിനിമം നടിക്കണം? പാട്ടുപാടിയാല്‍ മതിയോ? വീണ മീട്ടിയാല്‍ മതിയോ? മൃദംഗം? ചാനല്‍ ചര്‍ച്ചയില്‍ വന്ന് അരമണിക്കൂറിനിടയില്‍ അരമിനിട്ട് സംസാരിക്കുന്നവരെ ആക്കൂട്ടത്തില്‍ പെടുത്താമോ? പത്രലേഖകന്മാരെ? ഒരു നിശ്ചയമില്ലയൊന്നിനും, വരുമോരോ സ്ഥാനാര്‍ത്ഥി വന്നപോലെ പോം.
ബി.ജെ.പി. യിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനു മാധ്യമങ്ങളില്‍ ലഭിക്കുന്ന പ്രാമുഖ്യം കണ്ടാല്‍ ഭൂരിപക്ഷം ഈ പാര്‍ട്ടിക്കുതന്നെ എന്നാണ് തോന്നുക. ഇനിയിപ്പോള്‍ ഒരു സീറ്റിലും ജയിച്ചില്ലെങ്കിലെന്ത്? സംസ്ഥാനനേതൃത്വം സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുക, കേന്ദ്രനേതൃത്വം വെട്ടുക എന്നതാണ് പാര്‍ട്ടിയിലെ ഇപ്പോഴത്തെ ദിനചര്യ. പ്രശസ്തസ്ഥാനാര്‍ത്ഥികളുടെ ബഹളമാണ് ഓഫീസില്‍. കണ്ടുപരിചയമില്ല, കേട്ടുകേള്‍വി പോലുമില്ല. ക്രിക്കറ്റ്, വോളിബോള്‍, കബഡിക്കബഡി തുടങ്ങിയ ജനപ്രിയ മേഖലകളില്‍ നിന്നുള്ളവരുടെ പേരുകള്‍ മനസ്സിലാക്കാന്‍ സംസ്ഥാനനേതാക്കള്‍ വിജ്ഞാനകോശം പഠിക്കുകയേ നിവൃത്തിയുള്ളൂ. ഇല്ലെങ്കില്‍ അമിത് ഷാജി സ്ഥാനാര്‍ഥികളുടെ പേരു വായിക്കുമ്പോള്‍ ആളെ അറിയില്ല എന്നു പറയേണ്ടിവരും.
വെടിയുംതീയും പോലെ തിരഞ്ഞെടുപ്പുപ്രഖ്യാപനവും സ്ഥാനാര്‍ത്ഥിനിര്‍ണയവും നടന്നിരുന്നുവെങ്കില്‍ എല്ലാം മിന്നല്‍വേഗത്തില്‍ തീര്‍ക്കാമായിരുന്നു. മാസം ഇനിയും രണ്ടുണ്ട് വോട്ടെടുപ്പിന്. ചര്‍ച്ച നടത്തിയും കോഴി ബിരിയാണി കഴിച്ചും സേവ പിടിച്ചും രാപകല്‍ ഫോണ്‍ വിളിച്ചും തമ്മില്‍ത്തല്ലിയും മയ്യത്താവുന്ന ലക്ഷണമുണ്ട്.. ഇലക്ഷന്‍ കമ്മീഷനുമുമ്പില്‍ മുട്ടുകുത്തി ഉദ്യോഗസ്ഥരുടെയും മറ്റും മുട്ടുതേയും. സ്ഥാനാര്‍ഥികള്‍ സൂര്യതാപമേറ്റ് അഡ്മിറ്റാകും. സ്ഥാനാര്‍ഥിത്വം കിട്ടിയവര്‍ക്ക് കിട്ടാത്തവരോട് അസൂയ തോന്നുന്ന ദിവസങ്ങള്‍ വരാനിരിക്കുന്നേ ഉള്ളൂ.
****
മന്ത്രി അടൂര്‍ പ്രകാശിന്റെ പ്രവര്‍ത്തനവും ഒരു തുറന്ന പുസ്തകമാണത്രെ. തുറന്ന ഇത്രയ്ക്കങ്ങ് തുറക്കേണ്ടിയിരുന്നില്ല.. റവന്യൂ വകുപ്പ് നഗ്നമായിരിക്കുന്നു, നാണം മറയ്ക്കാന്‍ ഒരു കൈലേസ് പോലും കൈയിലില്ല. സാര്‍വത്രികമായി പട്ടയം നല്‍കുക, മിച്ചഭൂമി ഐ.ടി. പാര്‍ക്കാക്കുക, വനഭൂമി പരമാവധി എസ്റ്റേറ്റുകളോ റിയല്‍ എസ്റ്റേറ്റുകളോ ആക്കുക, കരുണയുള്ള മെത്രാന്‍ എന്നോ ഇല്ലാത്തതെന്നോ ഉള്ള വകഭേദം കൂടാതെ നിലം നികത്തുക തുടങ്ങി എണ്ണമറ്റ വികസനപദ്ധതികളാണ്് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ അനക്കങ്ങള്‍ തുടങ്ങിയപ്പോള്‍ പ്രഖ്യാപിക്കേണ്ടി വന്നത്. തുറന്ന പുസ്തകത്തിലെ എഴുത്തായതുകൊണ്ട് പാര്‍ട്ടി പ്രസിഡന്റിനുപോലും ഒന്നും മായ്ച്ചുകളയാനാവുന്നില്ല.
വികസനം കൊണ്ടുവരിക എന്ന ഒറ്റ ദുരുദ്ദേശമേ ഉണ്ടായിരുന്നുള്ളൂ. ജനത്തിനുവേണ്ടെങ്കില്‍ വേണ്ട. പത്തെണ്ണം ഇറക്കിയതിന്റെ ബഹളംതീര്‍ക്കാന്‍ രണ്ടെണ്ണം പിന്‍വലിച്ചാല്‍ മതിയാകും. ബാക്കി വികസനംതന്നെ ധാരാളം.
****
ടി.എന്‍. പ്രതാപന്‍ ചെയ്തത് മുഖ്യമന്ത്രിക്ക് അത്ര ഇഷ്ടപ്പെട്ട ലക്ഷണമില്ല. വെറും മൂന്നുവട്ടം എം.എല്‍.എ ആയപ്പോഴേക്ക് പിറകില്‍ ക്യൂ നില്‍ക്കുന്നവരോടുള്ള സിംപതി മൂത്ത് എനിക്ക് സ്ഥാനാര്‍ത്ഥിത്വം വേണ്ടേ വേണ്ട എന്ന് നിലവിളിച്ച് ഓടിക്കളഞ്ഞ ആള്‍ ഒരു സിംപതിയും അര്‍ഹിക്കുന്നില്ല. പൂതി തീരുവോളം ആവാനുള്ള സ്റ്റാമിന ഇല്ല ഇപ്പോഴത്തെ പിള്ളാര്‍ക്കൊന്നും.
ത്യാഗമാണ് രാഷ്ട്രീയം എന്നൊരു തെറ്റിദ്ധാരണയുണ്ട് പ്രതാപന്. ത്യാഗമല്ല.. പാര്‍ട്ടി സ്ഥാനം, എം.എല്‍. ഏപ്പണി, മന്ത്രിപ്പണി തുടങ്ങിയതൊക്കെ സേവനത്തിനു ള്ള പണികളാണ്. അവസാനശ്വാസംവരെ സേവിച്ചുകൊണ്ടേ ഇരിക്കണം. വയസ്സായി വയ്യാതായാല്‍ വല്ല സിദ്ധൗഷധവും സേവിച്ച് മറ്റേ സേവനത്തിനുള്ള ശേഷി വീണ്ടെടുത്ത് നിഷ്‌കാമകര്‍മം തുടരണം.
പ്രതാപന്റെ ത്യാഗം കോണ്‍ഗ്രസ്സുകാര്‍ ആരും അനുകരിക്കേണ്ടതില്ല, എന്നാല്‍ വി.എസ് അച്യുതാനന്ദന്‍ അനുകരിക്കുന്നത് അത്യുത്തമമാണ്. 92 ലെങ്കിലും വി.എസ്. ഈ പരിപാടി നിര്‍ത്തുന്നില്ലെങ്കില്‍ കോണ്‍ഗ്രസ്സുകാരും ദൈവത്തിന്റെ ഇടപെടല്‍ വരെ തുടരുക അവകാശമായി പ്രഖ്യാപിച്ചുകളയും. അതിലപ്പുറമൊന്നും ഓര്‍ത്തുകാണില്ല മഹാവീര്‍ ത്യാഗിയായ വി.എം.സുധീരന്‍.