വേണം വികാരാവകാശനിയമം

ഇന്ദ്രൻ

മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത് കേന്ദ്രത്തില്‍ പലപല അവകാശനിയമങ്ങള്‍ കൊണ്ടുവരുന്നതിന്റെ തിരക്കായിരുന്നു. എന്നാല്‍, അഴിമതിയവകാശമാണ് കാര്യമായി നടപ്പാക്കിയത് എന്ന് ആക്ഷേപമുണ്ട്. അതുപോകട്ടെ. നരേന്ദ്രമോദി സര്‍ക്കാര്‍ പുതിയ അവകാശനിയമമൊന്നും കൊണ്ടുവന്നിട്ടില്ല. പക്ഷേ, പുതിയൊരു അവകാശം രാജ്യത്തെങ്ങും തലയുയര്‍ത്തുന്നുണ്ട്. അത് നിയമമാകുന്നതിന്റെ ലക്ഷണങ്ങളും കാണുന്നുണ്ട്. ഇവിടെ വിവരം അവകാശമാണ്, വിദ്യാഭ്യാസം അവകാശമാണ്, ഭക്ഷണം അവകാശമാണ്, തൊഴില്‍ അവകാശമാണ്, ശമ്പളം അവകാശമാണ്, തൊഴില്‍ കിട്ടിയാല്‍ പണിയെടുക്കാതെ ശമ്പളം കിട്ടുക അവകാശമാണ്. പക്ഷേ, മനുഷ്യന് ശരിക്കൊന്നു വികാരംകൊള്ളാന്‍ അവകാശമില്ല! അതുകൊണ്ട് വികാരം മൗലികാവകാശമാക്കണം. വിവേകം, വിനയം, നിയമം, ധര്‍മം, ശാന്തി തുടങ്ങിയവയ്‌ക്കെല്ലാം മേലേ നില്‍ക്കണം വികാരം. വികാരംകൊണ്ടാല്‍ പോരാ, ഇടയ്ക്കിടെ അത് വ്രണപ്പെടുകയും വേണം. വ്രണപ്പെടുത്തിയവനെ കൊല്ലണം. വെടിവെച്ചുകൊല്ലാം, അല്ലെങ്കില്‍ തല്ലിക്കൊല്ലാം. എന്തേ പാടില്ലേ?

ഉത്തരപ്രദേശില്‍ മാട്ടിറച്ചി കഴിച്ചു എന്ന് ധരിച്ചോ തെറ്റിദ്ധരിച്ചോ ഒരാളെ തല്ലിക്കൊന്നതിന് ഗോ പാലകന്മാരെ കുറ്റപ്പെടുത്തരുതേ.. അയലത്തെ അടുക്കളയില്‍ എന്താണ് വേവിക്കുന്നതെന്നറിയാന്‍ മണംപിടിക്കുക പുതിയ കാലത്ത് വളരെ അത്യാവശ്യമായ രാഷ്ട്രസേവനമാണല്ലോ. പക്ഷേ, എല്ലാ മണവും തിരിച്ചറിയാന്‍ പറ്റണമെന്നില്ല. എന്താണ് വേവിക്കുന്നതെന്ന് കണ്ടെത്താന്‍ കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പ് യന്ത്രം കണ്ടുപിടിച്ച്  ലഭ്യമാക്കണം.  ഇല്ലെങ്കില്‍ ദാദ്രി പലേടത്തും ആവര്‍ത്തിക്കും. മാട്ടിറച്ചിയാണ് വേവിച്ചതെന്ന് കേട്ട് വികാരമുണര്‍ന്നതും ആളെക്കൂട്ടി ഇറച്ചി തിന്നവനെ തല്ലിക്കൊന്നതും ആണോ തെറ്റ്? ഏത് ഇറച്ചിയാണ് വേവിച്ചത് എന്ന് കണ്ടുപിടിക്കാന്‍ സംവിധാനമില്ലാഞ്ഞാല്‍ എന്തുചെയ്യും? ജനവികാരം തത്കാലം കോഴിയിറിച്ചി തിന്നുന്നവര്‍ക്കെതിരെയല്ല, പശുവിനെ തിന്നുന്നവര്‍ക്കെതിരെയാണ്. പശുവിനെ രക്ഷിച്ചുകഴിഞ്ഞതിന് ശേഷം വേണം കോഴിയിലേക്ക് കടക്കാന്‍.  ആത്യന്തികലക്ഷ്യം വെജിറ്റേറിയന്‍ ആര്‍ഷഭാരതം തന്നെ.

വല്ലവനും വല്ലതും തിന്നുന്നത് കണ്ട് വികാരമിളകുന്നത് പുതിയ രോഗമാണ്. വികാരം ഇളകി ആളെക്കൊല്ലുന്നത് അതിലേറെ പുതിയ രോഗമാണ്. കിഴക്കന്‍ ഭാരതത്തില്‍ പട്ടിയെ തിന്നുന്നവരുണ്ട്, പാമ്പിനെ തിന്നുന്നവരുണ്ട്. കേരളത്തിലുള്ളവര്‍ ആടിനെ തിന്നുന്ന അതേ രസത്തില്‍ത്തന്നെയാവണം അവര്‍ പട്ടിയെയും പാമ്പിനെയും തിന്നുന്നത്. മേനകാഗാന്ധി പോലും അവിടെപ്പോയി വികാരം കൊള്ളാറില്ല. കേരളത്തിലെ തെരുവുപട്ടിപ്രശ്‌നം പരിഹരിക്കാന്‍ അന്നാട്ടുകാരെ വണ്ടിക്കൂലി കൊടുത്ത് ഇവിടെ കൊണ്ടുവന്ന് പാര്‍പ്പിക്കണമെന്ന് ആരോ നിര്‍ദേശിച്ചതായി കേട്ടിരുന്നു. സര്‍ക്കാര്‍ അതിന് വേണ്ടത്ര ഗൗരവം കൊടുത്തുകണ്ടില്ല. കണ്ടാല്‍ അറപ്പ് തോന്നുന്ന സകലയിനം ജീവികളെയും ലോകത്തില്‍ എവിടെയെങ്കിലും ആരെങ്കിലുമൊക്കെ കൊന്നുതിന്നുന്നുണ്ട്. അറപ്പ് നമുക്കാണ്, അവര്‍ക്കല്ല.

പശു മൃഗമല്ല, അമ്മയാണ് എന്ന് പറയാനും സ്വാതന്ത്ര്യമുണ്ട്. അത് അവരുടെ വിശ്വാസമാണ്. പശു എന്റെ അമ്മ മാത്രമല്ല, നിന്റെയും അമ്മയാണ് എന്ന് പറയുമ്പോള്‍ സംഗതി മാറി. ലോകത്തിലെ ബഹുഭൂരിപക്ഷത്തിനും അമ്മ മൃഗമല്ല, മനുഷ്യസ്ത്രീ ആണ്. മനുഷ്യന്‍ ഭക്ഷണം വേവിച്ചുതിന്നാന്‍ തുടങ്ങിയ കാലം മുതല്‍ കുറേ മനുഷ്യര്‍ പശുവിനെയും വേവിച്ച് തിന്നുന്നുണ്ട്. പിന്നെ കുറെക്കാലം കഴിഞ്ഞ് പശു വിശുദ്ധമാണെന്ന് തോന്നി കുറെപ്പേര്‍ അതിനെ കൊല്ലാതെയും തിന്നാതെയും പൂജിക്കുന്നുണ്ട്. കൊല്ലരുതെന്ന് മറ്റുള്ളവരോട് പറയുന്നതിലും തെറ്റില്ല. പുറത്തുനിന്ന് വന്ന കുറേപ്പേര്‍ വാള്‍മുന കൊണ്ട് പലതും അടിച്ചേല്പിച്ച രാജ്യമാണ് ഭാരതം. വിശ്വാസം അതില്ലാത്തവരിലും അടിച്ചേല്പിക്കുന്നതിന് പണ്ട് പ്രാകൃതത്വം, കാട്ടാളത്തം എന്നും മറ്റുമുള്ള ലഘുവായ പേരുകളേ ഉണ്ടായിരുന്നുള്ളു. ഫാസിസം പോലുള്ള ഇംഗ്ലീഷ് പേരുകള്‍ ഉണ്ടായത് ആറേഴ് പതിറ്റാണ്ട് മുമ്പ് മാത്രമാണ്.

അതിനിടെ ഒരു പ്രശ്‌നം ഉയര്‍ന്നുവന്നിരിക്കുന്നു. ജേഴ്‌സി പശുവിനെ കൊല്ലുകയും തിന്നുകയുമൊക്കെ ചെയ്യുന്ന കൂട്ടര്‍ ഗോവധ നിരോധത്തില്‍നിന്ന് ജേഴ്‌സി പശുവിനെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ പശു മാത്രമാണോ വിശുദ്ധപശു? സേക്രഡ് കൗ എന്ന് ഇംഗ്ലീഷുകാരന്‍ പറഞ്ഞത് ജേഴ്‌സി പശുവിനെ കുറിച്ചാണോ? വിദേശപശു ഗോമാതാവ് എന്ന നിര്‍വചനത്തില്‍ പെടുമോ?  ഇതൊരു താത്ത്വികപ്രശ്‌നമാണ്, വി.എച്ച്.പി.യുടെ ആചാര്യസഭ ചര്‍ച്ച ചെയ്യേണ്ടിവരും. അവര്‍ ഫത്‌വ ഒന്നും ഇറക്കിക്കണ്ടില്ല. ചില ബി.ജെ.പി. ആശാന്മാര്‍ ഗോവധനിരോധനം ജേഴ്‌സിക്കും ബാധകമാണെന്നും മദാമ്മപ്പശുവും ഗോമാതാവ് തന്നെയാണെന്നും നിലപാട് എടുത്തിട്ടുണ്ട്. ഭിന്നാഭിപ്രായം ഉണ്ട്. ബ്രിട്ടീഷ് പശുക്കള്‍ രാക്ഷസന്മാരുടെ അവതാരമാണെന്നും അവറ്റകളുടെ പാല്‍ കുടിക്കുന്നത് കുട്ടികളില്‍ ദുഷ്ടചിന്തകള്‍ വളര്‍ത്തുമെന്നും ഒരു സംഘപരിവാര്‍ ബുദ്ധിജീവി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എങ്ങനെയാണ് തീരുമാനമുണ്ടാക്കുക എന്നറിയില്ല. ജേഴ്‌സിയുടെ ജീന്‍ പരിശോധിക്കുന്നത് നല്ല ഐഡിയ ആയിരിക്കുമെന്ന് അഭിപ്രായമുണ്ട്.

വേറെ ഒരു താത്ത്വികപ്രശ്‌നവുമുണ്ട്. പാവപ്പെട്ടവരുടെ പശുവല്ലേ ആട്? എന്തുകൊണ്ടാണ് പശുവിന്റെ പവിത്രത ആടിന് കല്പിക്കാത്തത്? പാവപ്പെട്ടവന് പശു കൈയെത്താത്തത്ര ദൂരെയാണ്. ആടിനെ ആര്‍ക്കും മേയ്ക്കാം, തല്ലാം, കൊല്ലാം, തിന്നാം. മാതാവുമല്ല, സഹോദരിയുമല്ല. ആടറിയുമോ അങ്ങാടിവാണിഭം എന്ന് ചോദിച്ചതുപോലെ, ആട്, പശു വിവേചനത്തിന്റെ സൈദ്ധാന്തിക വശമൊന്നും ആടിനറിയില്ല.

വികാരാവകാശത്തിന്റെ കാര്യത്തിലേക്ക് മടങ്ങാം. മതവികാരം ആണ് മനുഷ്യന്റെ പ്രഥമവികാരം. അത് സദാ ഉണര്‍ന്നുനില്‍ക്കണം. അതിനെക്കുറിച്ച് ആരെതിര് പറഞ്ഞാലും അപ്പോള്‍ വ്രണപ്പെടണം. പശുവില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ പാടില്ല ഇതെന്ന് ഇതിനകം വ്യക്തമായിട്ടുണ്ടല്ലോ. മതം വേണ്ട, ദൈവം ഇല്ല എന്നെല്ലാം പറയുന്നവരും വികാരം വ്രണപ്പെടുത്തുന്നവരാണ്. അവരെയും കൊല്ലാം. നാലഞ്ച് ബുദ്ധിജീവികളെ ശരിപ്പെടുത്തിയിട്ടുണ്ട്. ബുദ്ധിജീവികളോട് പ്രത്യേക പരിഗണന വേണം. കല്ലെടുത്ത് കുത്തിയൊന്നും കൊല്ലരുത്. വെടിവെച്ചുകൊല്ലുന്നതാണ് ഭംഗി.

മതവികാരമാണ് മറ്റെല്ലാ വികാരങ്ങള്‍ക്കും അവകാശങ്ങള്‍ക്കും മേലെ. അഭിപ്രായ സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, ഭക്ഷണസ്വാതന്ത്ര്യം തുടങ്ങിയവയെല്ലാം ഇതിന് താഴെ മുട്ടുകുത്തി നിന്നാല്‍ മതി. തിന്നത് പശുവിറച്ചിയാണോ ആട്ടിറച്ചിയാണോ എന്ന് നോക്കാതെത്തന്നെ മനുഷ്യനെ ഇറച്ചിയാക്കുന്നതാണ് അനുകരണീയമായ വികാരത്തിന്റെ സാമ്പിള്‍.
***
അധ്യാപകര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കരുതെന്ന ഒരാവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇല്ല, അധ്യാപക സംഘടനാനേതാക്കളൊന്നും അങ്ങനെയൊരു ജനാധിപത്യവിരുദ്ധമായ ആവശ്യം ഉന്നയിക്കുകയില്ല. അവര്‍ക്കും എപ്പോഴാണ് മത്സരിക്കേണ്ടി വരിക എന്നറിയില്ലല്ലോ. പഞ്ചായത്തിലേക്ക് മാത്രമല്ല നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ ഒക്കെ മത്സരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എങ്ങനെയാണ് ജനാധിപത്യം ശക്തിപ്പെടുത്തുക?
എന്തുചെയ്യാം, സ്ഥാനാര്‍ഥിത്വം കാത്തുനില്‍ക്കുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഈ ബോധമില്ല. എല്ലാവര്‍ക്കും സ്വാര്‍ഥചിന്തയാണ്. ഒരാള്‍ സ്ഥിരമായി അവധിയും മുങ്ങലുമായി നടന്നാല്‍ മറ്റ് അധ്യാപകര്‍ അതിന്റെ ഭാരം മുഴുവന്‍ പേറേണ്ടി വരും എന്ന് ഓര്‍ത്തല്ലേ അവരെല്ലാം ഇതിന് എതിര് പറയുന്നത്? ഇതേ ലൈനിലാണ് ഹെഡ്മാസ്റ്റര്‍മാരും സംഗതിയെ എതിര്‍ക്കുന്നത്. അല്ലെങ്കില്‍ത്തന്നെ സ്‌കൂളിലെ പണി തീരുന്നില്ല. പണ്ട് ചെയ്തിരുന്നതിന്റെ പലയിരട്ടി പണിയാണ് ഇപ്പോള്‍. കഞ്ഞിയുണ്ടാക്കല്‍ മുതല്‍ സര്‍ക്കാര്‍ അടിച്ചേല്പിക്കുന്ന പണികള്‍ കുറച്ചൊന്നുമല്ല. മാഷന്മാര്‍ പഞ്ചായത്തില്‍ പോയിരുന്നാല്‍ എന്താവും ഹേഡ്മാഷിന്റെ അവസ്ഥ എന്നതാണ് അവരുടെ വേവലാതി.
ചത്തേടത്തും പെറ്റേടത്തും പോകലാണ് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രധാന പണിയെന്ന് പണ്ട് പറയാറുണ്ട്. ഇപ്പോഴും ആ പണി ചെയ്യണം. പക്ഷേ, വേറെ ചുമതലകള്‍ പണ്ടത്തെക്കാള്‍ പലമടങ്ങുണ്ട്. ജനപ്രതിനിധിയാകുന്ന ഒരു അധ്യാപകന്‍ പഞ്ചായത്തിലെ പണിയും അവതാളത്തിലാക്കും സ്‌കൂളിലെ പണിയും അവതാളത്തിലാക്കും പോരാ കുടുംബത്തിലെ പണിയും അവതാളത്തിലാക്കും. വേണോ മാഷേ ഇത്ര സേവന വ്യഗ്രത?
****
സ്ത്രീ സംവരണ വാര്‍ഡില്‍ മത്സരിക്കുന്ന മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയുടെ പ്രചാരണ പോസ്റ്റര്‍ സാമൂഹികമാധ്യമത്തില്‍ പ്രചരിക്കുന്നു. കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്നുണ്ട് ഒരു യോഗ്യന്‍, പതിവ് സ്‌റ്റൈലില്‍. യോഗ്യനല്ല സ്ഥാനാര്‍ഥി, യോഗ്യന്റെ ഭാര്യയാണ്. ഈ മഹാന്റെ ഭാര്യ……..യ്ക്ക് വോട്ട് ചെയ്യുക എന്ന് പോസ്റ്ററിലുണ്ട്. എന്തേ ഇങ്ങനെ എന്ന് ചോദിക്കരുത്. ഇതില്‍ മതപ്രശ്‌നമൊന്നുമില്ല കേട്ടോ, ഫോട്ടോ റെഡിയായി കിട്ടാഞ്ഞിട്ടാവും.
ഭര്‍ത്താവിന്റെ ഫോട്ടോ പോസ്റ്ററില്‍ പാടില്ല എന്നോ സ്ഥാനാര്‍ഥിയുടെ ഫോട്ടോ മാത്രമേ പാടുള്ളൂ എന്നോ ഇണ്ടാസ് ഇറക്കിയിട്ടുണ്ടോ ഇലക്ഷന്‍ കമ്മിഷന്‍? വനിതാ കമ്മിഷനുണ്ടോ എതിര്‍പ്പ്? ഏത് രംഗത്തും പുതിയ പരീക്ഷണങ്ങളെ രണ്ട് കൈയും ഉയര്‍ത്തി സ്വാഗതം ചെയ്യണം. ഇത് സ്ത്രീ വിരുദ്ധമാണെന്ന്  അഭിപ്രായമുണ്ടെങ്കില്‍ ഒരു കാര്യം ചെയ്യട്ടെ. പുരുഷ സ്ഥാനാര്‍ഥികളുടെ വാര്‍ഡുകളില്‍ ഭാര്യയുടെ ഫോട്ടോ പോസ്റ്ററില്‍ കൊടുക്കട്ടെ. നോക്കാമല്ലോ, ഏത് തന്ത്രമാണ് കൂടുതല്‍ വോട്ട് നേടിത്തരിക എന്ന്.

Leave a Reply

Your email address will not be published. Required fields are marked *

Go Top