ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്നു പറയുന്നത് സൂര്യന്‍ അസ്തമിക്കാന്‍ സായാഹ്ന ധര്‍ണ നടത്തണം എന്നു പറയുന്നതുപോലെയാണ്. ലോകത്ത് ഒരു ശ്രമവും നടക്കാതെ നടക്കുന്ന ഒരു കാര്യമുണ്ടെങ്കില്‍ അത് ഹര്‍ത്താല്‍ മാത്രമാണ്.
പശുവല്ല, ബാറുകളാണു ചത്തത്. എഴുനൂറ്റിച്ചില്വാനം ബാര്‍ പൂട്ടി. മദ്യവിരുദ്ധസമരം നടത്തിവന്നവരും ബാറുകള്‍ക്കെല്ലാം ഒന്നിച്ച് താഴുവീഴുന്ന സുദിനം സ്വപ്നത്തില്‍പ്പോലും കണ്ടിരുന്നില്ല. ആജീവനാന്തസമരമായിരുന്നു അവരുടെ പരിപാടി. ഘട്ടംഘട്ടമായി നിരോധനം എന്നുപറഞ്ഞ് ആജീവനാന്തം മദ്യപ്പണംകൊണ്ട് സ്വയം ചീര്‍ക്കുകയും കേരളം കുട്ടിച്ചോറാക്കുകയുമായിരുന്നു പാര്‍ട്ടികളുടെ ഉദ്ദേശ്യം. 418 ബാറുകളുടെ നിലവാരംകൂട്ടാന്‍ പുറപ്പെട്ടവരാണ് നിലവാരമുള്ളതടക്കം പൂട്ടിച്ചത്. ബാറുപൂട്ടിക്കുമെന്ന് പുറത്തുപറയുകയും ബാറുകാരില്‍നിന്ന് കോടിവാങ്ങുകയും ചെയ്യുന്നവരുടെ പള്ളയ്ക്കടിച്ചുകൊണ്ടാണ് ഹൈക്കോടതി ഈ ചതിചെയ്തത്. പൂട്ടാന്‍ പൂട്ടുമായിപ്പാഞ്ഞ ഒരാളും പൂട്ടണമെന്നാഗ്രഹിച്ചില്ലാഞ്ഞിട്ടും സംഗതി പൂട്ടി.
പടച്ചോന്റെ ഇടപെടലാവാനേ തരമുള്ളൂ. ഏതുപാര്‍ട്ടിയിലെ ആരധികാരത്തില്‍വന്നാലും കോടികൊടുത്താല്‍ അവര്‍ പോറ്റുനായയെപ്പോലെ കാല്‍ച്ചോട്ടില്‍ക്കിടന്നുകൊള്ളുമെന്നു ധാര്‍ഷ്ട്യംകൊള്ളുന്ന ബാറുകാരെക്കാണുമ്പോള്‍ ആര്‍ക്കാണ് ഇടപെട്ടളയാന്‍ തോന്നാതിരിക്കുക. മദ്യം വേട്ടനായയെയും പോറ്റുനായയാക്കും. മദ്യവില്പനക്കാരന്റെ ആര്‍ത്തിയെ തോല്പിക്കും മദ്യംവില്‍ക്കാന്‍ ഒത്താശചെയ്യുന്നവന്റെ ആര്‍ത്തി. മൂലയില്‍ക്കിടന്ന മഴുവെടുത്തു കാലിലിട്ടത് ആര്‍ത്തിമൂത്തപ്പോഴാണ്. 418 ബാറുകള്‍ സൗകര്യംപോരെന്നുപറഞ്ഞു പൂട്ടിച്ചത് മദ്യംകഴിക്കുന്നവരോടുള്ള സഹതാപംകൊണ്ടല്ല. 418നെയും ഒന്നുകൂടി മുറുക്കിപ്പിഴിഞ്ഞ് പോക്കറ്റുനിറയ്ക്കാന്‍ ചില ഗാന്ധിയന്മാര്‍ക്ക് ആര്‍ത്തികേറിയപ്പോഴാണ്. എക്‌സൈസ് വകുപ്പ് ഗാന്ധിയന്മാര്‍മാത്രം ജനസേവചെയ്താല്‍പ്പോരല്ലോ. ധനവകുപ്പിനും നിയമവകുപ്പിനും പോലീസ് വകുപ്പിനും മറ്റുംമറ്റും അവസരം നല്‍കേണ്ടേ? എത്ര കറുത്തകൈകളാണ് ചക്കരക്കുടത്തിലേക്കു നീണ്ടത്. ഇക്കാര്യത്തില്‍ ഏകോപനം നിര്‍വഹിക്കാന്‍ മുന്നണിക്ക് നല്ലൊരു കണ്‍വീനറില്ലാതെപോയി. ബാറുകാരില്‍നിന്നു വാങ്ങാനുള്ളതു വാങ്ങി, ആള്‍ബലംനോക്കി മുന്നണിയില്‍ വിതരണംചെയ്യാനുള്ള സിംഗ്ള്‍ വിന്‍ഡോ സംവിധാനമുണ്ടായില്ല. ഇനി ഉണ്ടായിട്ടും കാര്യമില്ല.കോടതിവിധിയോടെ ബാര്‍പശു ചത്തിരിക്കുന്നു. എന്നാലും മോരിലെ പുളി മാറിയിട്ടില്ല. അധികാരം തലയില്‍ക്കേറിയതിന്റെ കഥയില്ലായ്മകള്‍ അനുദിനം അരങ്ങേറുന്നുണ്ട്. ഏതുടീമില്‍ കളിക്കുന്നവര്‍ ഏതുപോസ്റ്റിലാണു ഗോളടിക്കുകയെന്നു പ്രവചിക്കാനാവില്ല. പി.സി. ജോര്‍ജിനെ ചീഫ് വിപ്പാക്കിയ കെ.എം. മാണിക്ക് ജോര്‍ജ് ഉചിതമായനിലയില്‍ നന്ദിപ്രകടിപ്പിക്കുന്നുണ്ട്. മാണി തിരിച്ചും കൊടുക്കുന്നുണ്ട്. മാണിക്ക് പഴയ സീനിയര്‍ സഹപ്രവര്‍ത്തകനായ ബാലകൃഷ്ണപിള്ളവക മുന്നില്‍നിന്നും പിന്നില്‍നിന്നുമുള്ള വീക്കുകിട്ടുന്നു. ചെന്നിത്തലയ്‌ക്കെതിരെ മാണി, ചെന്നിത്തലയ്‌ക്കെതിരെ ഉമ്മന്‍ചാണ്ടിയും തിരിച്ചും, മന്ത്രി ബാബുവിനെതിരെ കേരളാ കോണ്‍ഗ്രസ്, മൂന്നു കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ ബിജുരമേശിന്റെ ബലത്തില്‍ മറ്റു കക്ഷികള്‍, ലീഗ് മന്ത്രിക്കെതിരെ ഗണേശന്‍… മദ്യംകഴിച്ചു ബോധംകെട്ട് പണ്ടൊരു വംശം അടിച്ചുതുലഞ്ഞതായി പുരാണമുണ്ട്. ആര്‍ത്തി തലയില്‍ക്കേറി ഇതാ ഇവിടൊരു വര്‍ഗം തമ്മില്‍ത്തല്ലുന്നു.
അപ്രിയസത്യങ്ങള്‍ കണ്ടാല്‍ വിളിച്ചുപറയാന്‍ മടിക്കരുതെന്ന് അനുയായികളെ ആഹ്വാനംചെയ്ത് കറങ്ങിനടക്കുന്നുണ്ട് ആദര്‍ശ അവതാരപുരുഷന്‍ എ.കെ. ആന്റണി. അപ്രിയസത്യം അണികള്‍ പറയണം. തന്നെക്കൊണ്ട് അതൊന്നും ഇപ്പോള്‍വയ്യ. പണ്ടു ചിലതെല്ലാം പറഞ്ഞിട്ടുണ്ട്. ഇനി നിങ്ങളായി നിങ്ങളുടെ പാടായി. പറയുന്നതും പറയാതിരിക്കുന്നതും നിങ്ങളുടെ തീരുമാനം. ഞാന്‍ വെറുമൊരു ചേര്‍ത്തലക്കാരന്‍.
***
സകല ബാറുകളും പൂട്ടുന്നതോടെ കേരളം വലിയൊരപകടത്തില്‍നിന്നു രക്ഷപ്പെടുമെന്നു വിശ്വസിക്കുന്നവരുടെകൂട്ടത്തില്‍ ഹൈക്കോടതിയും പെടുമെന്നുവേണം കരുതാന്‍. സമ്പന്നര്‍ ഫൈവ് സ്റ്റാറില്‍പ്പോയി കുടിച്ച് കുന്തംമറിയുകയും പാവങ്ങള്‍ കുടിക്കാതെ സമ്പാദിക്കുകയും ചെയ്യുമ്പോള്‍ ഒരുപക്ഷേ, സോഷ്യലിസ്റ്റ് വ്യവസ്ഥ വന്നുകൂടായ്കയില്ല, ആര്‍ക്കറിയാം. എന്തായാലും ഈ നിഷ്‌കളങ്കത കാണുമ്പോള്‍ ആര്‍ക്കായാലും സഹതാപം തോന്നാതിരിക്കില്ല. കുരങ്ങന്മാര്‍ എന്തായാലും കുടിക്കും. ലഹരികുറഞ്ഞതു കൊടുത്താന്‍ അവര്‍ അതുംമോന്തി മിണ്ടാതെയിറങ്ങിപ്പോയി വീട്ടില്‍ച്ചെന്നുറങ്ങിക്കോളുമെന്നാണ് നല്ല മനുഷ്യരെല്ലാം വിശ്വസിച്ചിരിക്കുന്നത്.
ബന്ദ് നിരോധിച്ചപ്പോള്‍ സംഗതി ഹര്‍ത്താലായതുപോലെയാണിതെന്ന് പലരും പറയുന്നുണ്ട്. സംഗതി പഴയപടി തുടരും. എഴുനൂറിലേറെ ബാറുകള്‍നിന്ന സ്ഥാനത്ത് ഇനി അത്രയും ബിയര്‍ പാര്‍ലര്‍ ഉണ്ടാകും. ബാറില്ല, ബീറുണ്ട്. ബിയറിന്റെ ലഹരിശതമാനമൊന്നും സര്‍ക്കാര്‍ തീരുമാനിക്കേണ്ട, അത് കുടിക്കുന്നവര്‍ തീരുമാനിച്ചുകൊള്ളും. നികുതിയുടെയെല്ലാംമേല്‍ മന്ത്രി മാണി സര്‍ച്ചാര്‍ജ് ചുമത്തുന്നതുപോലെ ബിയറിന്റെമേല്‍ എന്തെങ്കിലും ലഹരി സര്‍ച്ചാര്‍ജായി ചേര്‍ക്കാവുന്നതേയുള്ളൂ. വൈന്‍ചേര്‍ത്താല്‍ അങ്ങനെയൊരു ഗുണമുള്ളതായി ചില ഗവേഷകര്‍ പറയുന്നുണ്ട്. പരീക്ഷിക്കാവുന്നതാണ്. രണ്ടുകുപ്പി ബിയര്‍ സമം മൂന്നുപെഗ്ഗ് എന്നൊരു സമവാക്യമുണ്ടാക്കാന്‍ സമവായമുണ്ടായാല്‍മതി. മദ്യോപഭോക്താക്കള്‍ കുടിയന്മാരെന്നൊക്കെപ്പറയുന്നത് രണ്ടാംതരമാണ് തൃപ്തരാകും. സര്‍ക്കാര്‍ഖജനാവ് നിറഞ്ഞുതന്നെനില്‍ക്കും. മദ്യവിരുദ്ധന്മാരും തത്കാലമൊന്നടങ്ങും. ബാക്കി വരുന്നേടത്തുകാണാം.
***
നവംനവങ്ങളായ മാര്‍ക്കറ്റിങ് ആശയങ്ങളുടെ ആശാന്മാരാണ് നമ്മുടെ പ്രധാനമന്ത്രിക്കൊപ്പമുള്ളത്. ബി.ജെ.പി.യില്‍ അംഗമാകാന്‍ വെറുതെ ഒരു മിസ്ഡ് കോള്‍ അടിച്ചാല്‍ മതി. എവിടേക്കെങ്കിലും പോരാ, പാര്‍ട്ടിതന്ന നമ്പറിലേക്ക്… പിന്നെ, മെംബര്‍ഷിപ്പുമായി ആള്‍ വീട്ടിലെത്തുകയായി. നമ്മള്‍ ഹോട്ടലിലേക്ക് ഉച്ചഭക്ഷണവുംമറ്റും ഓര്‍ഡര്‍ചെയ്യുമ്പോലെ, വെരി സിമ്പിള്‍…
ഈ പണിപറ്റിയാല്‍ ലോകത്തെ ഏറ്റവുംവലിയ പാര്‍ട്ടിയാകുമത്രെ ബി.ജെ.പി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അതോടെ രണ്ടാമതാകും. കമ്യൂണിസ്റ്റുകാര്‍ മഹാപഴഞ്ചന്മാരാണ്. പാര്‍ട്ടിയിലൊരു മെംബര്‍ഷിപ്പ് കിട്ടാന്‍ ഉള്‍നാട്ടില്‍ ഇലക്ട്രിസിറ്റി കണക്ഷന്‍ കിട്ടുന്നതിനെക്കാള്‍ പാടാ. അപേക്ഷനല്‍കി വര്‍ഷങ്ങള്‍കാത്തിരിക്കണം, നാടായനാട്ടിലൊക്കെ പോസ്റ്ററൊട്ടിക്കണം, ചുമരെഴുതണം… പിന്നെ ചിലേടത്തൊക്കെ ചുരുങ്ങിയത് നാല് അടിപിടിക്കേസിലെങ്കിലും പ്രതിയാകണമത്രെ. എന്നാലും കിട്ടുക കാന്‍ഡിഡേറ്റ് മെംബര്‍ഷിപ്പ് എന്നുംമറ്റുംവിളിക്കുന്ന എന്തോ സാധനമാണത്രെ. ജോലിക്കെടുത്താല്‍ ട്രെയ്‌നി, ടെമ്പററി എന്നുംമറ്റും പറയുന്നതുപോലെ. ചൈനയില്‍ പക്ഷേ, പോസ്റ്ററും ചുമരെഴുത്തുമൊന്നും വേണ്ടായിരിക്കും. മിസ്ഡ് കോള്‍ തന്ത്രം പയറ്റുകയാണെങ്കില്‍ ചൈനീസ് പാര്‍ട്ടിയെ പിടിച്ചാല്‍ക്കിട്ടില്ല. നൂറുകോടിയെയും മെംബറാക്കാനാവും.
ഈ കോണ്‍ഗ്രസ്സുകാരൊക്കെ ഇനിയെന്നാണാവോ ഇതൊക്കെ പഠിക്കാന്‍പോകുന്നത്. കാശുകൊടുത്താലുല്‍പ്പോരാ, കള്ളുകുടിക്കില്ല, ഖാദിനെയ്യും എന്നുംമറ്റും എഴുതിക്കൊടുക്കുകയും വേണം. ഭാഗ്യത്തിന്, എഴുതിക്കൊടുത്താല്‍മതി, ചെയ്യണമെന്നില്ല. എന്തായാലും കമ്യുകാരും കോണ്‍കാരുമൊന്നും ഇങ്ങനെപോയാല്‍ രക്ഷപ്പെടാന്‍പോകുന്നില്ല. അടവും നയവും തന്ത്രവും ആദര്‍ശവും പറഞ്ഞുനടന്നോ… രക്ഷപ്പെടാന്‍ ടെക്‌നോളജിയും മാര്‍ക്കറ്റിങ്ങും പഠിക്കണം കൂട്ടരേ, ചരിത്രവും സാഹിത്യവും പോരാ.
***
പാര്‍ട്ടിക്കാരുടെ ഓരോരോ തമാശകളേയ്. എട്ടാംതിയ്യതിയിലെ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങുക എന്നൊരു തലക്കെട്ട് പലപത്രങ്ങളിലും കാണുന്നുണ്ട്. ഒരു സംഘടനയും പാര്‍ട്ടിയുമൊന്നുമല്ല, പല പാര്‍ട്ടിക്കാരാണ് ഇങ്ങനെ ആഹ്വാനം ചെയ്യുന്നത്. ആഹ്വാനത്തിന്റെ ഗൗരവംകണ്ടാല്‍ത്തോന്നും ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ ഏതെല്ലാമോ ആഗോളശക്തികള്‍ രംഗത്തിറങ്ങാനൊരുമ്പെടുന്നുണ്ടെന്ന്.
ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്നുപറയുന്നത് സൂര്യനസ്തമിക്കാന്‍ സായാഹ്നധര്‍ണ നടത്തണമെന്നു പറയുന്നതുപോലെയാണ്. ലോകത്ത് ഒരുശ്രമവും നടക്കാതെ നടക്കുന്ന ഒരു കാര്യമുണ്ടെങ്കില്‍ അത് ഹര്‍ത്താല്‍മാത്രമാണ്. ഓര്‍മിപ്പിക്കാന്‍ തലേന്നത്തെ പത്രത്തില്‍ കൂടി ഒരു പ്രസ്താവനകൊടുക്കണമെന്നേയുള്ളൂ. നിങ്ങളെക്കൊണ്ട് കഴിയുമെങ്കില്‍ ആ ബിവറേജസ് പീടിക തലേന്നു രാത്രി പന്ത്രണ്ടുമണിവരെയെങ്കിലും തുറപ്പിക്ക്…