കെ.മുരളീധരന്റെ പഴയ അനുഭവം കോണ്‍ഗ്രസ്സുകാരെ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുക എന്നത് മുന്‍ എഐ ഗ്രൂപ്പുകാരുടെ ഒരു വിനോദമാണ്. വമ്പിച്ച മനഃസുഖമാണ് അവര്‍ക്ക് അതില്‍നിന്ന് കൈവരാറുള്ളത്. കെ. കരുണാകരന്റെ അനുസ്മരണങ്ങളാണ് ഇതിനുള്ള അവസരമായി അവര്‍ തിരഞ്ഞെടുക്കാറുള്ളത്. ഇത്തവണ കോണ്‍ഗ്രസ്സുകാര്‍ ഒരുപടി മുന്നില്‍ക്കടന്ന് ലീഡര്‍പുത്രനുമായി ബന്ധപ്പെട്ട് സെമിനാര്‍പരമ്പരതന്നെ നടത്തി. ലീഡര്‍പുത്രനെ രക്ഷിച്ചത് ആര് എന്നതായിരുന്നു സെമിനാര്‍ വിഷയം. താനാണ് ആ സല്‍കൃത്യം ചെയ്തത് എന്ന അവകാശവാദം കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ഉന്നയിച്ചു. കെ. മുരളീധരന്‍ അതുംമറന്നു, വന്ന റൂട്ടും മറന്നു എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. എന്തൊരു നന്ദികേട്. സുധീരപരിഭവ വചനത്തെത്തുടര്‍ന്ന് മുരളീജീവന്‍രക്ഷാ പതക്കിനുള്ള അവകാശവാദവുമായി മുന്‍പ്രസിഡന്റ് രമേശ് ചെന്നിത്തലയും എന്‍ട്രി സമര്‍പ്പിച്ചു. ഇനിയും പലരും രംഗത്തുവന്നേക്കാം.
കോണ്‍ഗ്രസ് സമുദ്രത്തില്‍ സുഖംപോരാഞ്ഞ് പൊട്ടക്കിണറിലേക്ക് എടുത്തുചാടി ശ്വാസംമുട്ടി വെപ്രാളപ്പെട്ടിട്ടുണ്ട് ലീഡറും മകനും എന്നത് സത്യംതന്നെ. പക്ഷേ, ഇവരെ ആരാണ് കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുകൊണ്ടുവന്നത് എന്നുചോദിച്ചാല്‍ തര്‍ക്കം മുറുകും. സ്വമേധയാ വന്നതല്ല, ബലമായി കൊണ്ടുവന്നതാണ് എന്ന് തോന്നിപ്പോകും അവകാശവാദങ്ങള്‍ കേട്ടാല്‍. പോകാന്‍ തോന്നിയപ്പോള്‍ പോയി, വരാന്‍ തോന്നിയപ്പോള്‍ വന്നു എന്നുമാത്രമേ പൊതുവേ പറയാറുള്ളൂ. അച്ഛനമ്മമാരോട് പിണങ്ങി കള്ളവണ്ടികേറിപ്പോയ കൊച്ചുപയ്യന്മാരല്ലല്ലോ ലീഡറും പുത്രനും. പോകാനും വരാനും രണ്ട് ഗേറ്റുകള്‍ സദാ തുറന്നുവെച്ചിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പോകാം, വരാം. അങ്ങനെ പോകുകയും വരികയും ചെയ്തവരാണ് ആന്റണിയും ഉമ്മന്‍ചാണ്ടിയും സുധീരനുമെല്ലാം. കോണ്‍ഗ്രസ്സില്‍നിന്ന് അപൂര്‍വമായേ ആരെയെങ്കിലും പുറത്താക്കാറുള്ളൂ. അതിലും അപൂര്‍വമായേ വരാന്‍ തയ്യാറാകുന്ന ആരെയെങ്കിലും തടയാറുമുള്ളൂ.ഇടക്കൊരു ഹെഡ്ഡിങ്ങും ബൈറ്റും വരാന്‍ വല്ലതും പറയുമെന്നല്ലാതെ കൊടും വിവാദം ഉണ്ടാക്കാനൊന്നും കെ. മുരളീധരനും ഇപ്പോള്‍ ശേഷിപോരാ. തിരിച്ചെടുക്കേണ്ട കാലം കഴിഞ്ഞിട്ടും വഴിയില്‍ നിര്‍ത്തിയവരും ഇപ്പോള്‍ അവകാശവാദങ്ങളുമായി രംഗത്തുവന്നത് കാണായ്കയല്ല. ലീഡറെ തിരിച്ചെടുത്ത് ഒരു വര്‍ഷത്തോളമായിട്ടും മുരളിയെ തിരിച്ചെടുത്തിരുന്നില്ല. തിരിച്ചെടുത്തില്ലെങ്കില്‍ ഇന്ദിരാഭവനുമുന്നില്‍ ഉപവാസം കിടക്കുമെന്ന് മുരളി പ്രഖ്യാപിച്ചതും മുരളിയെ കിടത്തിക്കരുതേ എന്നപേക്ഷിച്ച് കരുണാകരന്‍ ഹൈക്കമാന്‍ഡിന് കത്തെഴുതിയതും എന്നിട്ടും തീരുമാനം മാസങ്ങളോളം വൈകിച്ചതും ചിലര്‍ മറന്നുകാണും. തല്ലിയവര്‍ മറന്നാലും തല്ലുകിട്ടിയവര്‍ മറക്കില്ലല്ലോ.
രാഷ്ട്രീയത്തില്‍ ആരെയെങ്കിലും പിന്താങ്ങുകയോ സഹായിക്കുകയോ ചെയ്യുന്നത് സ്വര്‍ഗത്തില്‍ പോകാനല്ല; തിരിച്ചുള്ള സഹായം കിട്ടാനാണ്. തിരിച്ചുകൊണ്ടുവന്നാല്‍ പാരയാകും എന്ന് ഭയന്നാണ് പലരും മുരളിയെ തടഞ്ഞുവെച്ചത്. സുധീരന് സ്ഥാനമൊന്നും ഇല്ലാതിരുന്നതുകൊണ്ട് ആ പേടി ഉണ്ടായിരുന്നില്ല. പില്‍ക്കാലത്ത് താന്‍ ജനപക്ഷജാഥ നടത്തുമ്പോള്‍ മുരളീധരന്‍ തനിക്ക് നോട്ടുമാലയ്ക്കുള്ള പണം പിരിച്ചുതരുമെന്ന് വിചാരിച്ചല്ല സുധീരന്‍ മുരളിയെ പിന്താങ്ങിയത്. ജാഥയെ നല്ല നോണ്‍ വെജിറ്റേറിയന്‍ ജാഥ എന്ന് പ്രശംസിക്കുമെന്ന് കരുതിയുമാവില്ല. മുരളി പെരുവഴിയില്‍ വെയിലുകൊണ്ട് നില്‍ക്കേണ്ട ആളല്ല എന്ന ബോധ്യംകൊണ്ടുതന്നെയാവും.
മഹാത്മാക്കളും മനുഷ്യര്‍തന്നെയാണല്ലോ. മഹാത്മാ സുധീരനും ഒരു ദുര്‍ബലനിമിഷത്തില്‍ അതായിപ്പോയി. തന്റെ ജനപക്ഷ ജാഥയ്ക്ക് ഒരു കൈയടി മുരളിയില്‍നിന്ന് പ്രതീക്ഷിച്ചുപോയി. കൈയടി കിട്ടിയുമില്ല പിറകില്‍നിന്ന് ഒരടി കരണത്ത് കിട്ടുകയും ചെയ്തു. അതിന്റെ സങ്കടത്തിലാണ്, വന്നവഴി മറക്കരുത്, അധികാരം പോയാല്‍ പെരുവഴിയിലാവും തുടങ്ങിയ മഹദ്വചനങ്ങള്‍ ഉരുവിട്ടുപോയത്. ഇന്ദിരാഗാന്ധി പൊളിഞ്ഞ് പാളീസായി കിടക്കുമ്പോള്‍ അവരെ വിട്ടുപോയി വേറെ പാര്‍ട്ടിയുണ്ടാക്കിയവര്‍ പിന്നെ നിഷ്പ്രയാസം തിരിച്ചുകയറി. ഞാനാണ് അവരെ പ്രവേശിപ്പിച്ചത് എന്നൊന്നും കെ. കരുണാകരന്‍ അവകാശവാദം ഉന്നയിച്ചില്ല. പോയിവന്നവര്‍ പലവട്ടം മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പി.സി.സി. പ്രസിഡന്റുമാരും ആയി. വന്നവഴി അവര്‍ മറന്നോ എന്തോ, കെ. കരുണാകന്റെ മകന്‍ കെ. മുരളീധരന്‍ എന്ന മുന്‍ കെ.പി.സി.സി. പ്രസിഡന്റ് ഇപ്പോഴും ഔട്ട്ഹൗസിന്റെ കോലായയിലാണ് കിടപ്പ്. അയ്യോ കഷ്ടം.
****
മാവോവാദികള്‍ എന്നാല്‍, എന്താണ് സാധനം എന്ന് പോലീസ്വകുപ്പിന് ഇപ്പോഴും പിടികിട്ടിയിട്ടില്ലത്രെ. കുറേദിവസം രാത്രിയും പകലും ചില കൂട്ടരുടെ വീട്ടിനുപിറകില്‍ ഒളിച്ചിരിക്കുകയും പോക്കുവരവുകള്‍ നിരീക്ഷിക്കുകയും ചെയ്ത ശേഷമാണത്രേ ഇത് ഇനം വേറെയാണ് എന്ന് തിരിച്ചറിഞ്ഞത്. ഉറക്കമൊഴിഞ്ഞത് ലാഭം. പണ്ട് സി.പി.ഐ. എം.എല്‍. എന്നാല്‍ നക്‌സലൈറ്റാണ്. കൊല്ലുന്ന കൂട്ടരാണ്. പക്ഷേ, പഴയ ഓര്‍മയുംകൊണ്ട് അവരെ പിടികൂടാന്‍ ചെന്നാല്‍ പണികിട്ടും. ഇന്നത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മറ്റൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിമാത്രം. എങ്ങനെയാണ് മാവോവാദികളെ തിരിച്ചറിയുക ? കൊമ്പുള്ള ഇനമാണോ തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ചുംബനസമരത്തിനുപിറകില്‍ താടിക്കാരെ കണ്ടിട്ട് അത് മാവോവാദിക്കാരാണ് എന്ന് ഇന്റലിജന്‍സുകാര്‍ തെറ്റിദ്ധരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
18 വര്‍ഷമായി തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി മാസികയുടെ ഓഫീസില്‍ പാതിരാത്രിക്ക് പത്തുനാല്‍പ്പത് സായുധ പോലീസുകാര്‍ ഇരമ്പിക്കയറി ‘ആയുധം താഴെവെക്കൂ, കീഴടങ്ങൂ’ എന്നും മറ്റും അലറിയതായും തോക്ക് സിനിമയില്‍മാത്രം കണ്ടിട്ടുള്ള മൂന്നുപേര്‍ ഉറക്കച്ചടവില്‍ അന്തംവിട്ടതായും റിപ്പോര്‍ട്ടുണ്ട്. പരിസ്ഥിതി എന്ന് പറയുന്നതും എന്തോ മാവോവാദി ഏര്‍പ്പാടാണെന്ന് ധരിച്ചതാവുമോ? ആ കാട്ടില്‍ കണ്ടു, മറ്റേ കാട്ടില്‍ കണ്ടു എന്നുപറയുന്നത് ചാരായം വാറ്റുകാരെയോ മറ്റോ കണ്ടിട്ടാണോ എന്ന സംശയവുമുണ്ട്.
റെന്‍മിന്‍ബി നോട്ടിന്മേല്‍ കാണുന്ന ഒരു മുഖം മാത്രമാണ് ചൈനക്കാര്‍ക്ക് ഇപ്പോള്‍ മാവോ സേ തുങ്. മാവോയിസം പേരിനുപോലുമില്ല. ആ സാധനമാണ് ഇപ്പോള്‍ ഇങ്ങോട്ട് ഇറക്കുമതിചെയ്ത് ഇവിടെ മെനക്കേട് ഉണ്ടാക്കുന്നത്. ഇവിടെയിപ്പോള്‍ അതിന്റെ ആവശ്യമേ ഇല്ല. നമുക്ക് ഇവിടെ വിപ്ലവപ്പാര്‍ട്ടികള്‍ക്ക് ഒരു ക്ഷാമവുമില്ല. അറിയുമോ എത്ര കമ്യൂണിസ്റ്റ് സായുധപാര്‍ട്ടികളുണ്ട് എന്ന്? അഞ്ചാറ് മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാര്യം അവിടെ നില്‍ക്കട്ടെ. ചൈനാ അനുകൂല, മാവോ കിത്താബ് കൈവശംവെക്കുന്ന 40 കമ്യൂ. വിപ്ലവപാര്‍ട്ടികളുണ്ട് ഇന്ത്യയില്‍. ഇതില്‍ 33 എണ്ണത്തിന്റെ പേരിലും മാര്‍ക്‌സിസ്റ്റ്, ലെനിനിസ്റ്റ് എന്ന പേര് ബ്രാക്കറ്റില്‍ ഉണ്ട്. ബ്രാക്കറ്റില്‍ മാവോയിസ്റ്റ് ഉള്ളത് ഒരേയൊരു പാര്‍ട്ടിക്കുമാത്രം. വിപ്ലവകാരികള്‍ക്കുതന്നെ തന്റെ പാര്‍ട്ടിയേത് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല. പിന്നെ പോലീസുകാരെ പറഞ്ഞിട്ട് എന്തുകാര്യം !
****
2021 ആവുമ്പോഴേക്ക് ഇന്ത്യയെ ഹിന്ദുക്കള്‍മാത്രമുള്ള രാജ്യമാക്കാന്‍ നടക്കുന്നു ഒരു കൂട്ടര്‍, ഇന്ത്യ ഇപ്പോള്‍തന്നെ ഹിന്ദുരാജ്യമാണെന്ന് വേറൊരു കൂട്ടര്‍, ബി.ജെ.പി. അല്ലാത്ത വേറെ പാര്‍ട്ടി ഇല്ലാതാകണമെന്ന് ഇനിയൊരു കൂട്ടര്‍… സ്വാമി വിവേകാനന്ദന്‍ പണ്ട് കേരളത്തെക്കുറിച്ച് പറഞ്ഞേടത്ത് ഇന്ത്യ ആകെ എത്തിയ ലക്ഷണമുണ്ട്. മാവോവാദമാണ് ഭേദമെന്ന് ആളുകള്‍ക്ക് തോന്നിയാല്‍ കുറ്റപ്പെടുത്താനാവില്ല.