തീരാത്ത കേസ്, വെയ്ക്കാത്ത രാജി

ഇന്ദ്രൻ

പ്രതിപക്ഷത്തെ കുളത്തിലിറക്കാന്‍തന്നെയാണ് മുഖ്യമന്ത്രിയുടെ പുറപ്പാടെന്ന് സംശയിക്കണം. സോളാര്‍കേസില്‍ കുരുങ്ങിയ മുഖ്യമന്ത്രിയെ രാജിവെപ്പിക്കാന്‍ അന്ന് പ്രതിപക്ഷം പെട്ടപാട് ആരും മറക്കില്ല. സെക്രട്ടേറിയറ്റ് വളയ്ക്കാന്‍ പോയതും മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള റോഡ് തടഞ്ഞ് നാണംകെട്ടതും ജില്ലകളില്‍ രാജിവരെ അനിശ്ചിതകാല പാട്ടുകച്ചേരിസമരം നടത്തിയതും ഓര്‍ക്കാനും കൊള്ളില്ല. ഇപ്പോഴിതാ ദിവസവും കോടതികളില്‍നിന്ന് മുഖ്യമന്ത്രി പ്രഹരം ഏറ്റുവാങ്ങുന്നു. ഡബ്ള്‍ തായമ്പക എന്നുപറഞ്ഞപോലെ ഡബ്ള്‍ പ്രഹരവും ത്രിബ്ള്‍ പ്രഹരവുമെല്ലാമാണ് കിട്ടുന്നത്. എന്നിട്ടും രാജിവെക്കാത്ത മുഖ്യമന്ത്രിയെക്കൊണ്ട് അത് ചെയ്യിക്കാന്‍ ഇനി എന്ത് കൂടോത്രമാണ് ഒരു പ്രതിപക്ഷത്തിന് ചെയ്യാന്‍ കഴിയുക?

ജുഡീഷ്യല്‍ പ്രഹരംതന്നെ ധാരാളം, അതിനുപുറമേ രാജിയുംകൂടി ആവശ്യമില്ല എന്ന നിലപാടിലാണ് മുഖ്യമന്ത്രി. കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടയില്‍ ആഴ്ചയില്‍ ഒന്ന് എന്നതോതില്‍ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാറുള്ളതുകൊണ്ട് ഏതാണ് ഗൗരവത്തിലുള്ളത്, ഏതാണ് വെറുംവഴിപാട് എന്ന് തിരിച്ചറിയുക പ്രയാസമായിരുന്നു. കോടതി ഒരു അഴിമതിക്കേസില്‍ മുഖ്യമന്ത്രിയെ മുഖ്യപ്രതിയാക്കി കേസെടുക്കാന്‍ ആവശ്യപ്പെട്ടെന്ന് കേട്ടപ്പോള്‍ ഇനി വൈകില്ല രാജി എന്നായിരുന്നു പഴഞ്ചന്‍മട്ടുകാരുടെ ധാരണ. പിറ്റേന്നത്തേക്ക് സ്ഥിതി മാറി. മുഖ്യപ്രതി എന്നല്ല, മുഖ്യമന്ത്രി എന്നാണ് കോടതി പറഞ്ഞത്, കേള്‍വിക്കുറവുകൊണ്ട് അങ്ങനെ തോന്നിയതാണ് എന്നമട്ടില്‍ മാധ്യമങ്ങള്‍ വാര്‍ത്ത തിരുത്തി. രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ വേറെ രണ്ട് കേസുകളില്‍ കോടതിയില്‍നിന്ന് ഇരട്ടപ്രഹരം ഉണ്ടായത്രെ. ഓരോന്ന് വരുമ്പോഴും ഒന്നും സര്‍ക്കാറിന് തിരിച്ചടിയല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിത്യഭ്യാസി ആനയെ എടുക്കും എന്ന് പറഞ്ഞതുപോലെ അടി വെറും തലോടലാണ് എന്ന് തോന്നുന്നതാവും. എല്ലാറ്റിനും ന്യായമുണ്ട്. നൂറുകോടി വിറ്റുവരവുള്ള സ്ഥാപനത്തിന്റെ മലിനീകരണം മാറ്റാന്‍ 280 കോടി മുടക്കുന്ന വിദ്യയ്ക്കും ന്യായീകരണമുണ്ട്. ഇതിന്റെയൊക്കെ ഉള്ളുകള്ളികള്‍ ജനം എങ്ങനെ അറിയാനാണ്?

സോളാര്‍, ടൈറ്റാനിയം, പ്ലസ്ടു, പാമോലിന്‍ തുടങ്ങിയവയിലാണ് ഇതിനകം പ്രഹരങ്ങള്‍ കിട്ടിയത്. ഇതില്‍ പാമോലിന്‍ കേസിന് ഏതാണ്ട് കാല്‍നൂറ്റാണ്ട് പഴക്കമുണ്ട്. കാല്‍നൂറ്റാണ്ടല്ല, മുക്കാല്‍നൂറ്റാണ്ട് കേസ് നടന്നാല്‍ മന്ത്രിമാര്‍ക്കത്‌ െക്രഡിറ്റേ ആവൂ. ഒരു മന്ത്രി കേസില്‍ കുടുങ്ങുമ്പോള്‍ അഞ്ച് ഉദ്യോഗസ്ഥര്‍കൂടെ കുടുങ്ങും. മന്ത്രിയെ ഉദ്യോഗസ്ഥര്‍ കുടുക്കിയതോ മന്ത്രി ഉദ്യോഗസ്ഥരെ കുടുക്കിയതോ എന്ന് അവര്‍ക്കേ അറിയൂ. പാമോലിന്‍പോലൊരു കേസില്‍ കുടുങ്ങിയാല്‍ ഉദ്യോഗസ്ഥരുടെ ജീവിതം കട്ടപ്പൊകയാകും. മുപ്പതുകൊല്ലം കഴിഞ്ഞ് കേസ് വെറുതേ വിട്ട് ജഡ്ജിമാരും വക്കീല്‍മാരും പൊടിയുംതട്ടി വീട്ടില്‍പോകും. കേസില്‍പ്പെട്ട് എല്ലാം നഷ്ടപ്പെട്ടവനെ ആരും തിരിഞ്ഞുനോക്കില്ല.
മുഖ്യമന്ത്രിയെ തിരഞ്ഞ് ഇനി ഏത് കേസാണ് വരാനുള്ളത് എന്നറിയില്ല. രാഷ്ട്രീയം തുടങ്ങിയിട്ട് അരനൂറ്റാണ്ടായ സ്ഥിതിക്ക് അത്രയും പഴക്കമുള്ള കേസുകള്‍ ഇനിയും വന്നേക്കാം. എന്തുവന്നാലും ശരി, രാജിവെക്കാന്‍ ഉമ്മന്‍ ചാണ്ടിയെ കിട്ടില്ല. വെക്കാന്‍ ഒരു കോടതിയും പറയില്ല. വെപ്പിക്കാന്‍ പ്രതിപക്ഷത്തിന് കഴിയുകയുമില്ല. പണ്ടത്തെ സ്ഥിതിയതല്ല. മന്ത്രിമാര്‍ രാജിവെക്കാന്‍ അവസരംപാത്ത് ഇരിക്കുകയല്ലേ. വണ്ടിമറിഞ്ഞാല്‍, വിമാനം വീണാല്‍, ജസ്റ്റിസ് തുറിച്ചുനോക്കിയാല്‍ ഉടന്‍ രാജി. ജഡ്ജിമാര്‍ അന്ന് കേസിന്റെ വിധിയിലേ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പുറത്തെടുക്കാറുള്ളൂ. ഇപ്പോള്‍ അതല്ല സ്ഥിതി. ജഡ്ജിമാര്‍ വിധിമാത്രം പറഞ്ഞാല്‍ മാധ്യമങ്ങളുടെ കഞ്ഞികുടി മുട്ടും. ദിവസം ഓരോ ഹെഡ്ഡിങ്/ബ്രേക്കിങ് ന്യൂസ് കോടതിവക കിട്ടുന്നതുകൊണ്ട് കഴിഞ്ഞുകൂടി പോകുന്നു. കക്ഷിക്ക് എന്ത് പറയാനുണ്ട് എന്നറിയാന്‍ മുനയുള്ള ചോദ്യങ്ങള്‍ ചോദിക്കും. ചോദ്യത്തിന് എന്ത് അര്‍ഥമെന്ന് മനസ്സിലാകാതെ റിപ്പോര്‍ട്ട് ചെയ്യും. ഇവിടെ നൈറ്റ്ക്ലബ്ബുണ്ടോ എന്ന് പോപ്പ് ചോദിച്ചെന്ന് പണ്ട് റിപ്പോര്‍ട്ട് ചെയ്തതുപോലെ ഇതുമെല്ലാം വസ്തുനിഷ്ഠ റിപ്പോര്‍ട്ടിങ്തന്നെ. ഏതാണ് സത്യം, ഏതാണ് അസത്യം എന്ന് ജനത്തിന് തിരിയില്ല എന്നുമാത്രം.
ആര്‍ക്കെതിരെയും ഒരു വിജിലന്‍സ് കേസുണ്ടാക്കാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതൊരറ്റം. മറ്റേ അറ്റത്ത്, തീരുമാനിക്കാന്‍ ഒരു ഫയല്‍ കൈയില്‍ കിട്ടിയാല്‍ ഒരു കോടിയെങ്കിലും തടയുമോ എന്ന് നോക്കുന്നവരാണ് പലരും. പാര്‍ട്ടിപ്രാന്ത് തലയില്‍ കേറിയവര്‍ക്ക് ശരിയും തെറ്റുമൊന്നും നോക്കാതെ പക്ഷംപിടിക്കാം. സാധാരണക്കാരന് അതുപറ്റില്ലല്ലോ.

****
ടി.പി. ചന്ദ്രശേഖരനോടെ സി.പി.എം. രാഷ്ട്രീയക്കൊലപാതകങ്ങള്‍ നിര്‍ത്തി എന്നൊരു തെറ്റിദ്ധാരണ കേരളത്തിലെ ചില സുന്ദരവിഡ്ഢികള്‍ക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ മനസ്സിലായല്ലോ പുലിത്തോലിലെ നിറം മായ്ച്ചാലൊന്നും പോകില്ല.
സൈബര്‍ സാങ്കേതികവിദ്യയിലുണ്ടായ വികാസങ്ങള്‍ വേണ്ടത്ര പരിഗണിക്കാതിരുന്നതിന്റെ പ്രശ്‌നം ടി.പി. വധാസൂത്രണത്തില്‍ ഉണ്ടായി. ഇത്തവണയും സൈബര്‍ കളിച്ച് എല്ലാവരെയും പിടികൂടാമെന്നാണ് പോലീസിന്റെ വിചാരം. നടക്കില്ല മോനേ രമേശാ… സി.ബി.ഐ.ക്ക് വിട്ടാലും നടക്കില്ല. ഇത്തവണ എല്ലാ പഴുതും അടച്ചിട്ടാണ് കൃത്യം നിര്‍വഹിച്ചിരിക്കുന്നത്. സാങ്കേതികവിദ്യയെ സമ്പൂര്‍ണമായി ഒഴിവാക്കി. കൊല മുമ്പും പിച്ചാത്തി, കൊടുവാള്‍ തുടങ്ങിയ പ്രാകൃത ആയുധങ്ങള്‍ ഉപയോഗിച്ചാണല്ലോ സാധിക്കാറുള്ളത്. പഴുതടയ്ക്കാന്‍വേണ്ടി ബാക്കിയും പ്രാകൃത് ആക്കി. കാര്‍ ഉപേക്ഷിച്ചു. കാളവണ്ടിയിലായിരുന്നു യാത്ര. എഴുത്ത്, സംസാരം, ഫോണ്‍വിളി എന്നിവയൊന്നുമില്ല. ആശയവിനിമയം ആംഗ്യഭാഷയിലാക്കി. പിടിക്കട്ടെ സി.ബി.ഐ.
ആകെ പറ്റിപ്പോയ ഒരു ടെക്‌നോളജി വീഴ്ച പയ്യന്റെ ഫെയ്‌സ്ബുക്ക് അധികപ്രസംഗം മാത്രമായിരുന്നു. പയ്യനല്ലേ, പഠിച്ചുവരുന്നല്ലേ ഉള്ളൂ. എന്തായാലും നല്ല ഭാവിയുണ്ട്. തലേന്നേ വിവരം പറഞ്ഞ് മുന്നറിയിപ്പ് നല്‍കാതിരുന്നതാണ് പറ്റിയ അബദ്ധം എന്ന് പാര്‍ട്ടിയുടെ അടുത്ത അന്വേഷണറിപ്പോര്‍ട്ടില്‍ സമ്മതിക്കാനിടയുണ്ട്. പാര്‍ട്ടി വിരുദ്ധര്‍ എന്തായാലും പഠിക്കട്ടെ. പതിനഞ്ചുകൊല്ലം കഴിഞ്ഞാലും പാര്‍ട്ടി മറക്കില്ലൊന്നും. പ്രതികാരം അതിന്റെവഴിക്ക് നടക്കും. വധശിക്ഷയ്ക്ക് പാര്‍ട്ടി എതിരാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, അത് നയം വേറെ. ബൂര്‍ഷ്വാകോടതി വധശിക്ഷ വിധിക്കരുത്. പാര്‍ട്ടിക്കോടതി വിധിക്കും.
മാര്‍ക്‌സിസ്റ്റ് സിദ്ധാന്തമനുസരിച്ച് എല്ലാറ്റിലും രാഷ്ട്രീയമുണ്ട്. ഊണിലും ഉറക്കിലും നില്‍പ്പിലും നടപ്പിലും ഉടുപ്പിലും എല്ലാമുണ്ട്. ഇല്ലാത്തത് ഒന്നില്‍മാത്രം, പാര്‍ട്ടിക്കാര്‍ നടത്തുന്ന കൊലയില്‍മാത്രം. മനോജ് കൊലയില്‍ രാഷ്ട്രീയമില്ല.
****

ഗവര്‍ണര്‍പദവിയില്‍ ഒരു മുന്‍ ചീഫ് ജസ്റ്റിസ് വന്നിരുന്നപ്പോള്‍ ഗവര്‍ണറുടെ റാങ്ക് ഉയര്‍ന്നുവോ അതല്ല ചീഫ് ജസ്റ്റിസിന്റെ റാങ്ക് താഴ്ന്നുവോ എന്ന തര്‍ക്കം തീരില്ല. ചരിത്രത്തില്‍ ആദ്യമായി സുപ്രീംകോടതിയുടെ ഒരു റിട്ടയേഡ് ചീഫ് ജസ്റ്റിസ് ഗവര്‍ണറായ സംസ്ഥാനം എന്ന അഹങ്കാരമൊന്നും കേരളത്തിലെ പ്രതിപക്ഷത്തിനോ ഭരണപക്ഷത്തിനോ എന്തിന് ബി.ജെ.പി. പക്ഷത്തിനോ കാണുന്നില്ലെന്നതാണ് സങ്കടം.
മുഖ്യമന്ത്രിയോട് ചോദിക്കാതെ നിയമിച്ചതാണ് സര്‍ക്കാറിന്റെ പരിഭവം. പ്രതിപക്ഷനേതാവിന് ചടങ്ങിന് ക്ഷണിക്കാതെ കാര്‍പാസ് മാത്രം കൊടുത്തതാണ് പ്രതിപക്ഷത്തിന്റെ പരിഭവം. നല്ലൊരു പാര്‍ട്ടിക്കാരനെ കിട്ടിയിരുന്നെങ്കില്‍ സംസ്ഥാനഭരണത്തിന്മേല്‍ ഒരു മൂക്കുകയറിടാമായിരുന്നു. അത് പറ്റിയില്ല എന്നതാണ് ബി.ജെ.പി.ക്കാരുടെ സങ്കടം.
ജയലളിതയുടെ ശുപാര്‍ശയാണ് ജസ്റ്റിസിനെ രാജ്ഭവനിലെത്തിച്ചതെന്ന് കേള്‍ക്കുന്നുണ്ട്. അമ്മ പറഞ്ഞാല്‍ നരേന്ദ്രമോദിയും വഴങ്ങും. തമിഴ്‌നാട്ടില്‍നിന്നൊരു ഉദ്യോഗസ്ഥന്‍ എന്തോ നദീകാര്യം ചോദിക്കാന്‍ വന്നത് ചാരവൃത്തിയാണെന്നും പറഞ്ഞ് മുറവിളി കൂട്ടിയവരാണ് മലയാളത്താന്മാര്‍. ഇപ്പോഴിതാ സംസ്ഥാനത്തിന്റെ ഗവര്‍ണറെത്തന്നെ നമ്മള്‍ നിശ്ചയിച്ചിരിക്കുന്നു. അമ്മയോട് കളിച്ചാല്‍ അങ്ങനെയിരിക്കും.
nprindran@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Go Top