വിവരാവകാശനിയമത്തെ പുഴവെള്ളത്തില്‍ മുക്കിക്കൊല്ലാം

എൻ.പി.രാജേന്ദ്രൻ

അന്ത:സംസ്ഥാന നദീജലത്തര്‍ക്കങ്ങള്‍ക്ക് ആധാരമായ വിവരങ്ങളെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കി ജലവിഭവവകുപ്പ് ഉത്തരവിട്ടതായി പത്രവാര്‍ത്തയുണ്ട്. പ്രത്യക്ഷത്തില്‍തന്നെ ഒരുപാട് അസ്വാഭാവികതകളും അബദ്ധധാരണകളും വാര്‍ത്തയില്‍ കാണാമെങ്കിലും വാര്‍ത്ത തീര്‍ത്തും വ്യാജമോ അസംബന്ധമോ ആണെന്ന് കരുതുക വയ്യ. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ മാത്രമല്ല, അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെയും സംസ്‌കാരത്തിന്റെതന്നെയും അടിത്തറയാണെന്ന് വിശ്വസിക്കുന്ന എല്ലാവരെയും ഞെട്ടിക്കുന്ന മറ്റൊരു സൂചന കൂടി ആ വാര്‍ത്തയിലുണ്ട്. നദീജലത്തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ അനുമതി വേണമെന്നൊരു നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ടത്രെ. ആരുടെ തലയിലാണ് ഇത്തരം ഒരു മണ്ടന്‍ ആശയം ഉയര്‍ന്നതെന്ന് വാര്‍ത്തയിലില്ല. ഉദ്യോഗസ്ഥതലത്തിലോ രാഷ്ട്രീയതലത്തിലോ ഉള്ള ആരുടെയോ തലയില്‍ ഉയര്‍ന്നിട്ടുണ്ടെന്ന് വ്യക്തം. അല്ലെങ്കില്‍ ഒരു വാര്‍ത്തയില്‍ അത്തൊരമൊരു പരാമര്‍ശം വരികയില്ലല്ലോ.

നദിയിലെ ജലം സംബന്ധിച്ച ഒരു വിവരവും രഹസ്യമല്ല. കേരളത്തിലെ നദികളെ സംബന്ധിച്ചും അതിലൂടെ ഒഴുകുന്ന വെള്ളം സംബന്ധിച്ചുമുള്ള ആധികാരികവിവരങ്ങള്‍ ആദ്യം പ്രസിദ്ധപ്പെടുത്തിയത് കേരള സര്‍ക്കാര്‍ തന്നെയാണ്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ആദ്യമന്ത്രിസഭയുടെ കാലത്ത്, ഇപ്പോഴും നമുക്കൊപ്പമുള്ള വി.ആര്‍.കൃഷ്ണയ്യര്‍ ജലവിഭവവകുപ്പ് മന്ത്രിയും ജലവിഭവവിദഗ്ദ്ധനായ പി.എച്ച്. വൈദ്യനാഥയ്യര്‍ ചീഫ് എന്‍ജിനീയറുമായിരുന്ന കാലത്ത് വിപുലമായ സര്‍വ്വെയും പഠനവും നടത്തിയാണ് വാട്ടര്‍ റിസോഴ്‌സസ് ഓഫ് കേരള എന്ന രേഖ തയ്യാറാക്കിയത്. ഈ രേഖ ഉപയോഗിച്ച് തമിഴ്‌നാടും മറ്റും കൂടുതല്‍ വെള്ളം ചോദിക്കുന്നു എന്ന നിലയുണ്ടായപ്പോള്‍ 1974 ല്‍ മറ്റൊരു പഠനവും രേഖയുമുണ്ടായി. കേരളത്തിലെ നദികളില്‍ കേരളത്തിന് ആവശ്യമുള്ളത്ര വെള്ളം പോലും ഇല്ലെന്ന് തെളിയിക്കുന്നതിനാണ് ഈ രേഖ തയ്യാറാക്കിയത്. ശാസ്ത്രീയപഠനങ്ങള്‍ പോലും എത്രമാത്രം സ്വാര്‍ത്ഥലാഭപ്രേരിതമായി നടത്താനാവും എന്നതിന്റെ തെളിവാണിത്. അപ്പോള്‍പിന്നെ, ഉള്ള കണക്ക് മറച്ചുവെക്കാന്‍ ശ്രമിക്കുന്നതില്‍ എന്ത് അത്ഭുതമാണുള്ളത് ?

ഇന്ന് ഉത്തരവിറക്കി വിവരങ്ങള്‍ മറച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നറിയുന്നതിലും ഒട്ടും അത്ഭുതമില്ല. ഏതാണ്ട് കാല്‍നൂറ്റാണ്ട് മുമ്പ് ഒരു മലയാള ദിനപത്രം നശിക്കുന്ന വനങ്ങളെയും മരിക്കുന്ന നദികളെയും കുറിച്ച് പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനപരമ്പരയില്‍ പുഴയില്‍ വെള്ളമെത്രയുണ്ട് എന്നതിനെ കുറിച്ചായിരുന്നു ഒരു അധ്യായം. സര്‍ക്കാര്‍ തലത്തില്‍ ഈ ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ലെന്നും ‘  പ്രതിരോധ രഹസ്യം പോലെ കേരളത്തിലെ  സര്‍ക്കാര്‍ സൂക്ഷിക്കുന്ന രഹസ്യമാണ് പുഴകളിലെ  വെള്ളത്തിന്റെ അളവ് ‘ എന്നും ലേഖനത്തില്‍ പരാതിപ്പെടുന്നുണ്ട്. ലേഖന പരമ്പര  അവസാനിക്കുന്നത് ഇങ്ങനെയാണ്.
‘ ഒരു കാര്യം ആവര്‍ത്തിക്കട്ടെ.  1957 മുതല്‍ കേരളത്തിലെ എല്ലാ നദികളിലേയും ഓരോ ദിവസത്തെയും ഒഴുക്ക് അളന്ന് രേഖപ്പെടുത്തുന്നുണ്ട്. 22 വര്‍ഷത്തിനിടയ്ക്ക് ജലപ്രവാഹത്തിലുണ്ടായ വ്യതിയാനങ്ങളെന്തെല്ലാമാണ്  ? വനനാശം മൂലം മഴക്കാലത്ത് ഒഴുക്ക് കൂടുകയും വേനലില്‍ കുറയുകയും ചെയ്തിട്ടില്ലേ ? ജലപ്രവാഹം സംബന്ധിച്ച മുഴുവന്‍ കണക്കുകളും സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണം. ഇനിയും ഇത് രഹസ്യമാക്കി വെക്കാന്‍ അനുവദിച്ചുകൂടാ. നമ്മുടെ പുഴയില്‍ എത്ര വെള്ളമുണ്ടെന്ന് അറിയാനുള്ള അവകാശം നമുക്കുണ്ട് ‘

അതെ, ആ അറിയാനുള്ള അവകാശമാണ് വിവരാവകാശ നിയമത്തില്‍ തിരിമറികള്‍ നടത്തി നിഷേധിക്കാന്‍ തത്പരകക്ഷികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. വിവരങ്ങള്‍ അറിയിക്കാനുള്ള മാധ്യമപ്രവര്‍ത്തകന്റെ സ്വാതന്ത്ര്യം ഹനിക്കാനും ഇപ്പോള്‍ ശ്രമം നടക്കുന്നുണ്ടെന്ന് പത്രവര്‍ത്ത സൂചിപ്പിക്കുന്നു. ഇത് വാസ്തവമെങ്കില്‍ ഇതില്‍ നിന്ന് പിന്തിരിയാന്‍ അധികാരികള്‍ സന്നദ്ധമാകണം എന്നേ പറയാനുള്ളൂ. ഇത് ശരിയായ വഴിയല്ല. ഇന്ത്യന്‍ പാര്‍ലമെന്റ് സവിസ്തരം ചര്‍ച്ച ചെയ്താണ് വിവരാവകാശനിയമം നടപ്പാക്കിയത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഉണ്ടായ നിയമനിര്‍മാണങ്ങളില്‍ ഏറ്റവും ജനാധിപത്യപരം എന്ന് വിശേഷിപ്പിക്കപ്പെട്ട  നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് സൂചന. ‘ കോടതികളില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍പോലും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വ്യക്തികളും സ്ഥാപനങ്ങളും വിവരാവകാശനിയമപ്രകാരം ജലവകുപ്പിനെ സമീപിക്കുന്നുണ്ട് ‘ എന്നൊരു പരാമര്‍ശം മേല്‍ ഉദ്ധരിച്ച പത്രവാര്‍ത്തയിലുണ്ട്. വിവരാവകാശനിയമത്തെകുറിച്ച് മാത്രമല്ല, കോടതി നടപടികളെകുറിച്ചുപോലും നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് സാമാന്യധാരണ ഇല്ലേ എന്ന് സംശയിപ്പിക്കുന്നതാണ് ഇത്. കോടതിയില്‍ തെളിവായി ഹാജരാക്കുന്നതോടെ ഒരു രേഖ രഹസ്യമല്ലാതാകുന്നുണ്ട്. നദീജലത്തര്‍ക്കം തീരുമാനിക്കുന്നത് രഹസ്യക്കോടതിയിലല്ല. അവിടെ ഹാജരാക്കുന്ന രേഖകള്‍ ആര്‍ക്കും എടുത്തുവായിക്കാം. അതുകൊണ്ടുതന്നെ കോടതിയില്‍ കേസ് ഉള്ളതുകൊണ്ട് രേഖ രഹസ്യമാക്കാനല്ല, പരസ്യാക്കാനാണ് സര്‍ക്കാര്‍ കൂടുതല്‍ വ്യഗ്രത കാട്ടേണ്ടത് എന്ന് തോന്നുന്നു.

‘ സര്‍ക്കാര്‍ രഹസ്യം എന്ന് തോന്നുന്നതും സംസ്ഥാനതാല്പര്യങ്ങള്‍ക്ക് വിരുദ്ധമാവുമെന്ന് കാണുന്നതുമായ വിവരങ്ങളും രേഖകളും’ നല്‍കേണ്ട എന്ന് ഉത്തരവിടുമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ എന്തെല്ലാംതരം രേഖ നല്‍കാന്‍ പാടില്ല എന്ന് നിയമത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് പാലിക്കാന്‍ എല്ലാ ഓഫീസുക ളിലെയും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ ബാദ്ധ്യസ്ഥരാണ്. സംസ്ഥാന സര്‍ക്കാര്‍ അല്ല ഓരോ ഘട്ടത്തിലും ഉത്തരവിറക്കി അവര്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും എന്തെല്ലാം എന്ന് നിര്‍ണയിക്കുന്നത്. ഇക്കാര്യത്തില്‍ തര്‍ക്കങ്ങളുണ്ടായാല്‍ തീരുമാനമെടുക്കേണ്ടത് ഇന്‍ഫര്‍മേഷന്‍ കമ്മീഷനാണ്. പാര്‍ലമെന്റ് ഉണ്ടാക്കിയ നിയമത്തിനും വ്യാഖ്യാനം ഉണ്ടാക്കാന്‍ സംസ്ഥാന തല ഉദ്യോഗസ്ഥന്മാര്‍ക്ക് അധികാരമില്ല എന്ന പ്രാഥമിക കാര്യംപോലും വിസ്മൃതമാവുകയാണോ ?

വിവരാവകാശ നിയമത്തിലെ എട്ട്, ഒമ്പത് വകുപ്പുകളെ എടുത്തുപറഞ്ഞുകൊണ്ടാണ് പുതിയ നീക്കത്തെ ന്യായീകരിക്കുന്നത്. തീര്‍ച്ചയായും നിയമത്തില്‍ സ്റ്റേറ്റിന്റെ താല്പര്യം സംരക്ഷിക്കപ്പെടണമെന്ന് പറയുന്നുണ്ട്.  നല്‍കേണ്ടാത്ത രേഖകളുടെ പട്ടികയുള്ള 8ാം വകുപ്പില്‍  (a) information, disclosure of which would prejudicially affect the sovereignty and integrity of India, the
security, strategic, scientific or economic interests of the State, relation with foreign State or lead to incitement of an offence;  എന്ന് വ്യക്തമായി പറയുന്നു. പക്ഷേ, വാക്കുകളുടെ അര്‍ത്ഥം നമ്മുടെ താല്പര്യത്തിനൊത്ത് മാറ്റാം എന്ന മട്ടില്‍ സ്‌റ്റേറ്റ് എന്നാല്‍ സംസ്ഥാനം ആണ് എന്ന് പുനര്‍നിര്‍വചിക്കുന്നത് സത്യസന്ധമായ ഭരണകാര്യനിര്‍വഹണമല്ല. നിയമത്തില്‍ സ്റ്റേറ്റ് സംസ്ഥാനമല്ല രാഷ്ടമാണ്.

വാര്‍ത്തയുടെയും ഈ കുറിപ്പിന്റെയും ആദ്യവാചകത്തിലേക്ക് ഒന്നുമടങ്ങിപ്പോകാം. അന്ത:സംസ്ഥാന നദീജലത്തര്‍ക്കങ്ങള്‍ക്ക് ആധാരമായ വിവരങ്ങളെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കി ജലവിഭവവകുപ്പ് ഉത്തരവിട്ടുവെന്നാണല്ലോ അത്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തില്‍ ആരെല്ലാം പെടും എന്തെല്ലാം പെടും എന്ന് നിയമം വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. അത് മാറ്റാനും തിരുത്താനും ജലസേചന വകുപ്പിന് ആരാണ് അധികാരം നല്‍കിയത് ? നിയമത്തിന്റെ പരിധിയില്‍ ഏതെങ്കിലും ഓഫീസ് വരുമോ ഇല്ലയോ എന്ന് തീരുമാനിക്കാന്‍ ആ ഓഫീസിനെത്തന്നെ ഏല്‍പ്പിക്കുന്നതുപോലൊരു അബദ്ധം ഇന്ത്യന്‍ പാര്‍ലമെന്റ് കാണിക്കുമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടോ എന്തോ.

വിവരാവകാശത്തിന്റെ ഒന്നാമത്തെ ഗുണഭോക്താവ് മാധ്യമപ്രവര്‍ത്തകനാണ്.  ഈ നിയമം വരുന്നതുവരെ പൗരനെ വിവരമറിയിക്കുന്നത് ഒരു തൊഴില്‍ബാധ്യതയാക്കിയ ഏക കൂട്ടര്‍ മാധ്യമപ്രവര്‍ത്തകരായിരുന്നു. നിയമംവന്നതോടെയാണ് പൗരന് നേരിട്ട് വിവരം തേടാം എന്നുവന്നത്. നിയമം ദുര്‍വ്യാഖ്യാനിച്ചും ഉത്തരവുകളിറക്കിയും ഈ അവകാശങ്ങളെങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തോട് പൗരന്മാര്‍ക്കൊപ്പം നിന്ന് ചെറുക്കാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഉണ്ട്. ഒറ്റ  നോട്ടത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി എന്ന് തോന്നിപ്പിച്ചേക്കുമെങ്കിലും ഇത്തരം നീക്കങ്ങളെല്ലാം ആത്യന്തികമായി ജനവിരുദ്ധമാണ്. അത് തിരിച്ചരിയുക എന്നതാണ് വിവരാവകാശനിയമത്തിന്റെ അടിത്തറ, അതാണ് മാധ്യമപ്രവര്‍ത്തനത്തിന്റെയും അടിത്തറ.

Leave a Reply

Your email address will not be published. Required fields are marked *

Go Top