വീക്ഷണപ്രഹരം

ഇന്ദ്രൻ



കഴിഞ്ഞദിവസം, വിദ്യാഭ്യാസവകുപ്പ് ഈജിയന്‍ തൊഴുത്താണ് എന്ന് എഴുതിക്കളഞ്ഞു
കോണ്‍ഗ്രസ്സിന്റെ പത്രം. എന്നാലോ നികൃഷ്ടന്മാര്‍ ഒരിടത്തും ഒരു ബ്രാക്കറ്റില്‍
പോലും ഈ ഈജിയന്‍തൊഴുത്ത് എന്ത് കുണ്ടാമണ്ടിയാണ് എന്ന് കൊടുത്തില്ല

മുഖപത്രംകൊണ്ട് എന്താണ് പ്രയോജനമെന്ന് കോണ്‍ഗ്രസ്സിന് കുറേശ്ശേ മനസ്സിലായിവരുന്നുണ്ട്. പാര്‍ട്ടിയുടെ നയം ജനങ്ങളിലെത്തിക്കാനാണ് മുഖപത്രം എന്നാണ് പഴയ സങ്കല്‍പ്പം. ഇവിടെ അതിന്റെ ആവശ്യമില്ല. നയം ഉണ്ടായാലല്ലേ അതറിയിക്കാന്‍ പത്രം വേണ്ടൂ. നയമിതാണ് എന്ന് കരുതി വല്ലതും എഴുതിയാല്‍, അതല്ല നയം, ഇതാണ് നയം എന്ന് വ്യാഖ്യാനിച്ച് നാല് കെ.പി.സി.സി. ഭാരവാഹികളും രണ്ട് മന്ത്രിമാരും ചാടിവരും. വെറുതെ എന്തിന് പൊല്ലാപ്പുണ്ടാക്കുന്നു. പാര്‍ട്ടിപ്പത്രംകൊണ്ട് അതല്ല പ്രയോജനം. ഘടകകക്ഷികളുടെ മണ്ടയ്ക്കിട്ട് ഒന്ന് കൊടുക്കണമെന്ന് തോന്നിയാല്‍ ഉപയോഗിക്കാവുന്ന ഇത്രയും നല്ല വടി വേറെയില്ല.
മൃദുലമായ വടിയാണ്. ആഞ്ഞുകൊടുത്താലും ഘടകന് നോവുകയൊന്നുമില്ല. ആരോ ഞോണ്ടിയതാണ് എന്നേ ഘടകകക്ഷി ആദ്യം കരുതൂ. മുടി നേരേയാക്കാന്‍ തലതടവി ചുമ്മാ അങ്ങ് നടന്നുപോകും. അപ്പോഴാണ്, കോണ്‍ഗ്രസ് മുഖപത്രം ഇതാ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ മണ്ടയ്ക്കടിച്ചേ എന്ന മുറവിളി ടി.വി. ചാനലുകളില്‍നിന്ന് ഉയരുക. അടിച്ച ഉടനെ അവരെ വിവരമറിയിച്ചിട്ടുണ്ടാവുമല്ലോ. അല്ലാതെ ആരാണ് നേരം പുലരും മുമ്പ് പാര്‍ട്ടിപ്പത്രത്തിന്റെ മുഖപ്രസംഗമൊക്കെ വായിക്കുന്നത്! പെന്‍ഷന്‍കാര്‍ക്ക് നേരംപോക്കാന്‍വേണ്ടി കണ്ടുപിടിച്ച ഒരു പംക്തിയാണ് മുഖ്യധാരാപത്രങ്ങളില്‍പ്പോലും മുഖപ്രസംഗം. ചാനലുകളില്‍ നേരം പരാപരാ വെളുക്കുംമുമ്പ് ചര്‍ച്ച തുടങ്ങേണ്ടതുകൊണ്ട് മുഖപ്രസംഗത്തിന്റെ ഒരു കോപ്പി മുന്‍കൂട്ടി എത്തിച്ചുകൊടുക്കേണ്ടിവരും. ചര്‍ച്ചാത്തൊഴിലാളികള്‍ക്കും കോപ്പി കൊടുക്കണം. ചില പാര്‍ട്ടിപ്പത്രങ്ങള്‍ ഇറങ്ങുന്നുണ്ട് എന്ന് പൊതുജനം അറിയുന്നതുതന്നെ ഇങ്ങനെ ചില മുഖപ്രസംഗങ്ങള്‍ എഴുതുമ്പോള്‍ മാത്രമാണ്. കോണ്‍ഗ്രസ് പത്രം ലീഗിനെക്കുറിച്ചും ലീഗ് പത്രം കോണ്‍ഗ്രസ്സിനെക്കുറിച്ചും മുഖപ്രസംഗമെഴുതുന്നതുതന്നെ ഇതിനാണ് എന്ന് വ്യാഖ്യാനിച്ചുകളയരുതാരും. ദിവസവും എന്തെല്ലാം ഖടാഗഡിയന്‍ വിഷയങ്ങളെക്കുറിച്ച് അവര്‍ മുഖപ്രസംഗം എഴുതുന്നു. ആരും മൈന്‍ഡ് ചെയ്യാത്തത് അവരുടെ കുറ്റമല്ലല്ലോ. ഒബാമ രാജിവെക്കണം എന്ന് മുഖപ്രസംഗമെഴുതിയാല്‍ ചാനലുകാരൊന്നും കണ്ടതായി നടിക്കില്ല. വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്ന് എഴുതിയാല്‍ ചാടിയിറങ്ങും തത്സമയവും ചര്‍ച്ചയുമൊക്കെയായി. പിന്നെയെന്തുചെയ്യും ?

കഴിഞ്ഞദിവസം, വിദ്യാഭ്യാസവകുപ്പ് ഈജിയന്‍ തൊഴുത്താണ് എന്ന് എഴുതിക്കളഞ്ഞു കോണ്‍ഗ്രസ്സിന്റെ പത്രം. എന്നാലോ നികൃഷ്ടന്മാര്‍ ഒരിടത്തും ഒരു ബ്രാക്കറ്റില്‍ പോലും ഈ ഈജിയന്‍തൊഴുത്ത് എന്ത് കുണ്ടാമണ്ടിയാണ് എന്ന് കൊടുത്തില്ല. ലീഗുകാര്‍ക്ക് അതാണ് തീരേ സഹിക്കാതിരുന്നത്. രാവിലെത്തന്നെ അതെന്ത് എന്ന് തിരഞ്ഞുനടക്കേണ്ടിവന്നു. മുപ്പതിനായിരം കാളകളുണ്ടായിരുന്ന ഒരു തൊഴുത്ത് മുപ്പതുവര്‍ഷം വൃത്തിയാക്കാതെ ഇട്ടതിനെക്കുറിച്ചാണ് സംഗതി എന്ന് ചില കിത്താബുകള്‍ നോക്കി കണ്ടുപിടിച്ചപ്പോഴാണ് സമാധാനമായത്. എന്തായാലും കാളയല്ലേ, സാരമില്ല. ഇവിടെ മുസ്ലിം ലീഗ് അധികാരത്തില്‍വന്നിട്ടുതന്നെ മൂന്നുവര്‍ഷമേ ആയിട്ടുള്ളൂ. പിന്നെയെന്തിന് മുപ്പത് വര്‍ഷത്തിന്റെ കണക്ക് പറഞ്ഞത്? മുസ്ലിം ലീഗിന് ഇവിടെ ആകെ 20 എം.എല്‍.എ.മാരേ ഉള്ളൂ. പിന്നെയെന്തിന് മുപ്പതിനായിരം കാളയുടെ കണക്കൊക്കെ പറയുന്നത്? വീക്ഷണംകാരുടെ വിലക്ഷണവീക്ഷണം എന്നല്ലാതെന്തുപറയാന്‍. അതിശയോക്തിക്കും വേണ്ടേ ഒരു അതിരൊക്കെ. യു.ഡി.എഫിനെയാണ് ഈജിയന്‍ തൊഴുത്ത് എന്ന് വിശേഷിപ്പിച്ചിരുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു.

പാര്‍ട്ടിപത്രത്തിലെ മുഖപ്രസംഗമാവുമ്പോള്‍ അതെപ്പോള്‍ വേണമെങ്കിലും പാര്‍ട്ടിക്കാര്‍ക്ക് തള്ളിപ്പറയാം എന്നതാണ് പ്രയോജനം. പാര്‍ട്ടി പ്രസിദ്ധീകരണത്തിലെ മുഖപ്രസംഗം പാര്‍ട്ടി നയത്തിന് എതിരാവരുത് എന്ന മിനിമം അറിവെങ്കിലും ഉണ്ടാവും പത്രാധിപര്‍ക്ക്. അതില്ലാതെ അവര്‍ പത്രാധിപസ്വാതന്ത്ര്യം എന്ന വാളെടുത്തുവീശില്ല. പാര്‍ട്ടിനയം എന്ത് എന്ന നിശ്ചയമില്ലായ്മ സാധാരണമാണ് താനും. അതുകൊണ്ട് ഘടകകക്ഷിയെ ഞോണ്ടുന്ന മുഖപ്രസംഗം എഴുതുംമുമ്പ് സംഗതി പാര്‍ട്ടി പ്രസിഡന്റിനെ അറിയിച്ച് അനുമതി കടലാസിലാക്കിയില്ലെങ്കില്‍ വിവരമറിയും. മന്ത്രിസഭായോഗത്തില്‍ എടുത്ത തീരുമാനത്തെ എതിര്‍ത്ത് മുഖ്യഘടകകക്ഷിയുടെ പത്രം മുഖപ്രസംഗം എഴുതുന്ന സമ്പ്രദായം ലോകത്ത് എവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല. ലീഗ് നിര്‍ദേശത്തെ മന്ത്രിസഭായോഗത്തില്‍ എതിര്‍ത്തുതോല്‍പ്പിക്കാന്‍ കഴിയാതെ നെട്ടെല്ല് വളച്ച് ഇരുന്നുകൊടുത്തതാണ് പ്രശ്‌നം. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും നെട്ടെല്ല് നിവരുന്നില്ല. പിടിച്ച് ബലംപ്രയോഗിച്ച് നിവര്‍ത്തിയാല്‍ പൊട്ടിപ്പോകും. അത് നിവര്‍ത്താന്‍ മുഖപ്രസംഗതൈലം പുരട്ടിയാല്‍ മതി എന്നേതോ വൈദ്യന്‍ നിര്‍ദേശിച്ചുവെന്നുതോന്നുന്നു. ഫലമൊന്നും കാണാനില്ല.

എന്തായാലും മുഖപ്രസംഗം എഴുതുംമുമ്പ് തീരുമാനിച്ചതുപ്രകാരം മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മുഖപ്രസംഗത്തിന് എതിരെയും രണ്ടുപേര്‍ അനുകൂലമായും പ്രസ്താവന ഇറക്കുകയുണ്ടായി. യു.ഡി.എഫ്. ഭരണകാലത്ത് വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങളുണ്ടായെന്നും (ഹേ… സത്യം?) അതിന് വിദ്യാഭ്യാസമന്ത്രിയാണ് നേതൃത്വം നല്‍കിയതെന്നും അതില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്നുമൊക്കെ കെ.പി.സി.സി.യുടെ ഒരു വൈസ് പ്രസിഡന്റായ (ഏക വൈസ് അല്ല, ഡസനില്‍ ഒന്ന് ) എം.എം. ഹസ്സന്‍ പ്രസ്താവിച്ചത് കേട്ട് മുസ്ലിം ലീഗിന് ചില്ലറ മനസ്സമാധാനം കിട്ടിക്കാണുമെന്നാണ് കരുതുന്നത്. കിട്ടിക്കോട്ടെ. പത്രത്തിന്റെ അഭിപ്രായമാണ് എഴുതിയതെന്നും അതില്‍ വിവാദം വേണ്ടെന്നും പത്രാധിപര്‍ എ.സി. ജോസും പ്രസ്താവിച്ചു. തീര്‍ന്നില്ലേ പ്രശ്‌നം? പാര്‍ട്ടി ഉടമസ്ഥതയിലുള്ള പത്രത്തിന് പാര്‍ട്ടിക്കില്ലാത്ത അഭിപ്രായമോ? ഇതാര്, സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയോ കേസരി ബാലകൃഷ്ണപ്പിള്ളയോ എ.സി. ജോസ് പിള്ളയോ എന്നൊന്നും ചോദിച്ചേക്കല്ലേ…
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വിജയത്തിനുശേഷം കീറാമുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മനഃപ്രയാസമുണ്ടായിരുന്നു. പ്ലസ് ടു കീറാമുട്ടിയുടെ ബലം കൂട്ടാന്‍വേണ്ടിയാണ് വീക്ഷണം കീറാമുട്ടി എടുത്തിട്ടത്. അതിന് പുറമേ ഇപ്പോള്‍ മന്ത്രിസഭാ പുനഃസംഘടനാ കീറാമുട്ടി, ബാര്‍ കീറാമുട്ടി, ഗണേശ്കുമാര്‍ കീറാമുട്ടി, ജി. കാര്‍ത്തികേയന്‍ കീറാമുട്ടി എന്നിവയൊക്കെ ഉണ്ടല്ലോ. ഒരു വിധം സമാധാനമായി ഉറങ്ങാനാവും.

****

ഇതാ മാണിസാറിന്റെ ഒരു പുത്തന്‍ ഐഡിയ. കേരളാ കോണ്‍ഗ്രസ് യോഗങ്ങളില്‍ നേതാക്കള്‍ പ്രസംഗാരംഭത്തില്‍ ‘പ്രിയപ്പെട്ട…’ എന്ന് തുടങ്ങി സ്‌റ്റേജിലും സ്‌റ്റേജിന് സൈഡിലും സദസ്സിലും ഇരിക്കുന്ന സകലരുടെയും പേര് പറയുന്ന സമ്പ്രദായം അവസാനിപ്പിക്കണം. സകല മന്ത്രിമാരുടെയും പ്രശ്‌നമാണ് അദ്ദേഹം ഉന്നയിച്ചത്. രാവിലെ പുറപ്പെട്ട് പത്ത് യോഗത്തില്‍ പങ്കെടുത്ത് മന്ത്രി ഒരോന്നിലും അമ്പത് പേരുകള്‍ ഓര്‍ത്തെടുത്ത് വിളിച്ച് പറയുമ്പോഴേക്കും അവസാനയോഗത്തിനെത്തുന്നത് ഒരു മണിക്കൂറെങ്കിലും വൈകുമെന്ന് ഉറപ്പ്. പത്ത് യോഗത്തില്‍ ഓരോ ആളുടെ പേരെങ്കിലും വിട്ടുപോയിട്ടുണ്ടാകും. ശരാശരി ഒരു ദിവസം പത്ത് എന്ന തോതില്‍ ഈ വകയില്‍ ശത്രുക്കളെയും സൃഷ്ടിക്കുകയാവും ഫലം. മേലില്‍ അധ്യക്ഷന്റെയും മുഖ്യാതിഥിയുടെയും പേര് പറഞ്ഞാല്‍ മതി.
മാണിസാര്‍ പറഞ്ഞാലും കേരളാ കോണ്‍ഗ്രസ്സുകാര്‍ ഇത് അംഗീകരിക്കുമോ എന്ന് ഉറപ്പില്ല. മാണിസാറിന് തന്നെ ഇത് നാളെ ഓര്‍മയുണ്ടാകുമോ എന്നും ഉറപ്പില്ല. മന്ത്രിമാരെങ്കിലും നടപ്പാക്കിയാല്‍ നാട്ടുകാര്‍ക്ക് സമയലാഭം കിട്ടുമായിരുന്നു.
അമേരിക്കയില്‍ മലയാളി സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ ഒരാള്‍ പറഞ്ഞു, അവിടെ സ്വീകരണയോഗത്തിലും മറ്റും പ്രസംഗിക്കുന്നത് 35ഉം 40ഉം പേരാണെന്ന്. ആര്‍ക്ക് വേണമെങ്കിലും പ്രസംഗിക്കാം. പക്ഷേ, പ്രിയപ്പെട്ട… പാടില്ല. അവിടെ പത്രങ്ങളേറെയും ഇന്റര്‍നെറ്റിലായതുകൊണ്ട് പ്രസംഗിക്കുന്നവരുടെ മുഴുവന്‍ പേരുകള്‍ കൊടുക്കാന്‍ മടിയില്ല. ന്യൂസ്?പ്രിന്റൊന്നും ചെലവാകില്ലല്ലോ.

****

ആരാച്ചാര്‍ക്കുള്ള പ്രതിഫലം രണ്ട് ലക്ഷം രൂപയാക്കിയത്രെ. സര്‍ക്കാറിന്റെ ഓരോരോ മണ്ടത്തരങ്ങള്‍ എന്നല്ലാതെന്തുപറയാന്‍. ഇതിന്റെ പകുതി തുക കൊടുത്താണ് ക്വട്ടേഷന്‍ സംഘക്കാര്‍ വളരെ കഷ്ടപ്പെട്ട് ആളുകളെ ഓടിച്ചിട്ട് പിടിച്ച് വെട്ടിക്കൊല്ലുന്നത്. പിടിക്കപ്പെട്ടാല്‍ കേസ് നടത്താന്‍ത്തന്നെ ചെലവാകും പ്രതിഫലത്തുക. ആരാച്ചാറിന് ഈ പറഞ്ഞ ബുദ്ധിമുട്ടുകളൊന്നുമില്ല. ആരാണ് കൊന്നതെന്നുപോലും പുറത്തറിയില്ല. കൊല്ലപ്പെട്ട ആള്‍ക്കുവേണ്ടി പ്രതികാരം ചെയ്യാന്‍ വേറെ ക്വട്ടേഷന്‍സംഘം രംഗത്തിറങ്ങുകയുമില്ല. അഞ്ഞൂറുരൂപ മാത്രം പ്രതിഫലം വാങ്ങി കൊല്ലുന്നതിനെ പരിഹസിച്ച് ആരാച്ചാരോട് ആരോ ‘കാളയെ കൊന്നാല്‍ ഇതിലേറെ കിട്ടുമല്ലോ’ എന്ന് സിനിമയില്‍ ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടിയുണ്ട്. കാളയെ കൊന്നാല്‍ കാശല്ലേ കീട്ടൂ പുണ്യം കിട്ടില്ലല്ലോ എന്ന്. ക്വട്ടേഷന്‍ ആരാച്ചാര്‍മാര്‍ക്കും അത് ചോദിക്കാവുന്നതാണ്. പുണ്യം കിട്ടിയില്ലെങ്കിലും ജയിലും നരകവും കിട്ടില്ലല്ലോ.


npr@mpp.co.in

Leave a Reply

Your email address will not be published. Required fields are marked *

Go Top