ഒരു നീതിമാന്റെ രക്തം

ഇന്ദ്രൻ

ജയില്‍ ഡി.ജി.പി. മാധ്യമങ്ങളുമായി സംസാരിച്ചപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് പിടികിട്ടിയത്. കഴുതയായ ജനം ഇതുവരെ ധരിച്ചിരുന്നത് കുറ്റവാളികളും കുറ്റാരോപിതരും ആണ് ജയിലില്‍ അഴികള്‍ക്ക് പിന്നില്‍ അടിമകളായി കഴിഞ്ഞുപോരുന്നത് എന്നാണ്. ചങ്ക് തുറന്നുകാട്ടി ഡി.ജി.പി. കാര്യം പറഞ്ഞു. ഇരുമ്പഴികള്‍ക്ക് പിന്നില്‍ ബന്ധിതരായിട്ടുള്ളത് ജയിലുദ്യോഗസ്ഥരാണ്. ജയില്‍പ്പുള്ളികളാണ് ജയില്‍ ഭരിക്കുന്നത്. രാഷ്ട്രീയ, ക്രിമിനല്‍ സംഘങ്ങളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും ദാക്ഷിണ്യത്തില്‍ കഷ്ടിച്ച് കഴിഞ്ഞുകൂടുകയാണ് ജയില്‍ ഉദ്യോഗസ്ഥര്‍. ജീവനക്കാര്‍ക്ക് 55 വയസ്സുവരെ ഇതില്‍നിന്ന് മോചനമില്ല. ജയില്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ് ഒരു ട്രിക്ക് പ്രയോഗിച്ച് മോചനംനേടി. ഇനി സെന്‍കുമാറാണ് ‘സെല്‍’കുമാര്‍. എങ്ങനെയാണ് അദ്ദേഹം സെല്ലില്‍നിന്ന് രക്ഷപ്പെടുക എന്നറിയില്ല. ഈശ്വരോ രക്ഷതു…

വഴിയോരത്ത് മാജിക് കാട്ടുന്ന ഒരു പാവത്തിന്റെ കഥ ഉണ്ട്. എന്ത് മാജിക് കാട്ടിയാലും അത് വെറും ട്രിക്കാന്‍ഡ്രാ എന്നുപറഞ്ഞ ആള്‍ക്കൂട്ടം, ചങ്ക് പറിച്ചുകാട്ടിയപ്പോഴും പറഞ്ഞത് അതുതന്നെയാണ്. ചങ്കെടുത്ത് കാട്ടുകയാണ് ഞാന്‍ എന്നാണ് ഡി.ജി.പി.യും പറഞ്ഞത്. ഇനി ഇതും വിവാദമാക്കരുതേ എന്നും കേണുപറഞ്ഞു. ജയില്‍മോചിതനാവാന്‍ കാട്ടിയ ട്രിക്കാണതെന്ന് പിറകേ മനസ്സിലായി. ജയില്‍വകുപ്പ് ഭരിക്കുന്ന ഐ.പി.എസ്സുകാരന്‍ അതിബുദ്ധിമാനായിരിക്കും എന്നാര്‍ക്കാണ് അറിയാത്തത്? പോരാത്തതിന് കോടിയേരി ബാലകൃഷ്ണന്റെയും പിണറായി വിജയന്റെയും സര്‍ട്ടിഫിക്കറ്റുമുണ്ട്. യു.ഡി.എഫ്. സര്‍ക്കാറിന്റെ പീഡനം സഹിക്കാതെയാണ് ഡി.ജി.പി. ചങ്കെടുത്തുകാട്ടിയത് എന്ന വ്യത്യാസമേ ഉള്ളൂ.

അതീവനീതിമാനാണ് അദ്ദേഹം. ജയില്‍പ്പുള്ളികളോടുള്ള സ്‌നേഹം കരകവിഞ്ഞൊഴുകുന്നുണ്ട് ഒരോ വാക്കിലും. അവരെയും അവരുടെ കുടുംബത്തെയും രക്ഷിക്കുന്നതിനാണ് അദ്ദേഹം ജയിലില്‍ ചപ്പാത്തി ഉണ്ടാക്കി വില്‍ക്കുന്നത്. അലസമനസ്സില്‍ പിശാച് തമ്പടിക്കും. ചപ്പാത്തി പരത്തുമ്പോള്‍ മനസ്സ് ശാന്തമാകും. ജയിലുദ്യോഗസ്ഥനെ ബെഞ്ചില്‍ കിടത്തി ഉരുട്ടുകയാണെന്ന് സങ്കല്‍പ്പിച്ച് ചപ്പാത്തി ഉരുട്ടിപ്പരത്തിയാല്‍ നല്ല മനഃസുഖവും കിട്ടും. കൂലി വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യാം. ഒഴിവുസമയത്ത് ഫേസ്ബുക്ക് നോക്കാം. യൂട്യൂബും ആവാം, സിനിമയും കാണാം. തൊഴില്‍രഹിതരെയെല്ലാം ജയിലിലേക്ക് ആകര്‍ഷിക്കുന്നത് വലിയ പ്രയോജനം ചെയ്യും. നാട്ടില്‍ ക്രമസമാധാനം മെച്ചപ്പെടും, പോലീസിന് പണികുറയും.

ജയില്‍പ്പുള്ളികളെക്കുറിച്ച് എഴുതിയതൊന്നും ഡി.ജി.പി. അങ്ങനെയങ്ങ് വിശ്വസിക്കുന്നില്ല. തെളിവുവേണം. ശാസ്ത്രീയമായി തെളിയിക്കണം. ജയിലില്‍നിന്ന് പുറത്തേക്ക് വിളിച്ചതിന് തെളിവില്ല. ചാര്‍ജറും മറ്റും പുറത്തെറിഞ്ഞത് ജയില്‍പ്പുള്ളികളാണെതിന് തെളിവില്ല. ഫേസ്ബുക്കില്‍ ജയിലിലെ ഫോട്ടോകള്‍ ഇട്ടു എന്നതിന് തെളിവില്ല. ഫേസ്ബുക്ക് വിവാദം ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിധിവരാനിരിക്കെ ജഡ്ജിയെ സ്വാധീനിക്കാനുള്ള വിദ്യയാവാനാണ് സാധ്യത. പ്രതികള്‍ ഫേസ്ബുക്ക് ഉപയോഗിച്ചു എന്നറിഞ്ഞാല്‍, പ്രതിയെ വെറുതെ വിടണമെന്ന് വിചാരിച്ച ജഡ്ജി വധശിക്ഷ വിധിക്കും. അത്ര കലിയാണ് ജഡ്ജിക്ക് ഫേസ്ബുക്കിനോട്. ഇത് മനസ്സിലാക്കി യു.ഡി.എഫ്. ഭീകരര്‍ ആസൂത്രണംചെയ്ത കുതന്ത്രമാവും ഫേസ്ബുക്ക് കഥ. ശാസ്ത്രീയമായി തെളിയിക്കാത്ത ഒന്നും ഡി.ജി.പി. കേട്ടുസഹിക്കില്ല. പത്രസമ്മേളനത്തിനിടെ ഒരു ലേഖകന്‍ ജയിലിലുള്ള പ്രതികളെ കൊടുംകുറ്റവാളികള്‍ എന്നാക്ഷേപിച്ചുകളഞ്ഞു. സഹിക്കുമോ നീതിമാനായ ഡി.ജി.പി.ക്ക്! വാചകം പൂര്‍ത്തിയാകുംമുമ്പേ അദ്ദേഹം തടഞ്ഞു – ‘പറയരുതങ്ങനെ. അവര്‍ കൊടുംകുറ്റവാളികളാണ് എന്ന് തെളിയിക്കപ്പെട്ടിട്ടില്ല’.

പക്ഷേ, ജയില്‍പ്പുള്ളികള്‍ക്കുള്ള ഈ പരിഗണനയൊന്നും മാധ്യമപ്രവര്‍ത്തകര്‍ അര്‍ഹിക്കുന്നില്ല കേട്ടോ. ജയിലില്‍ ചപ്പാത്തി ഉണ്ടാക്കി വില്‍ക്കുന്നതിനെതിരെ ചില പത്രങ്ങള്‍ എഴുതിയത് എന്തുകൊണ്ടാണ്? ചപ്പാത്തിക്കച്ചവടംമൂലം നഷ്ടമുണ്ടായ ഹോട്ടല്‍ മുതലാളിമാര്‍ പത്രക്കാര്‍ക്ക് കാശുകൊടുത്ത് എഴുതിച്ചതാണെന്ന് ഡി.ജി.പി.ക്ക് ഉറപ്പ്. തെളിവോ? ആവശ്യമില്ല. ജയില്‍പ്പുള്ളികളെക്കുറിച്ച് പറയാനേ തെളിവുവേണ്ടൂ. പത്രക്കാരെക്കുറിച്ച് പറയാന്‍ തെളിവുവേണ്ട.

ജയിലില്‍ കിടക്കുന്ന നിരപരാധിയായ സി.പി.എം. നേതാവിന് എം.എല്‍.എ. ആയ ഭാര്യ ഹോട്ടലില്‍ കൊണ്ടുപോയി ചായവാങ്ങിക്കൊടുത്തതിന്റെ നിയമവശം പറഞ്ഞത് ജയില്‍ ഡി.ജി.പി.യാണ്. ഭാര്യ ഭര്‍ത്താവിനെ കാണുന്നത് കുറ്റമല്ല. എം.എല്‍.എ.യ്ക്ക് ഏത് ജയില്‍പ്പുള്ളിയെയും കാണാം. ചായവാങ്ങിക്കൊടുക്കുകയും ചെയ്യാം. അതിന് ചട്ടവും വകുപ്പും ബാധകമല്ല, അനുമതിയും വേണ്ട. അതിനുള്ള സഹായം ചെയ്യുകയാണ് പോലീസിന്റെ ചുമതല. എന്നിട്ട് ആ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തതോ? മാധ്യമക്കാരുടെയും സര്‍ക്കാറിന്റെയും ദുഷ്ടത്തരം അല്ലാതെന്ത്?

എന്തായാലും കേരളാ പോലീസിലെ ഒരു നീതിമാന്റെ രക്തം കുത്തിയെടുത്തു മാധ്യമക്കാരും ഭരണാധികാരികളും. ഇവര്‍ക്ക് മാപ്പില്ല. പ്രതികാരം പിറകേ വരും. നീതിമാന്റെ രക്തത്തിന് നിങ്ങള്‍ വലിയ വിലകൊടുക്കേണ്ടിവരും യു.ഡി.എഫുകാരേ…

* * *

ദീര്‍ഘവീക്ഷണമുള്ളവരാണ് കോണ്‍ഗ്രസ്സുകാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നുണ്ട്. കീഴ്‌വഴക്കമനുസരിച്ച് യു.ഡി.എഫ്. എട്ടുനിലയില്‍ പൊട്ടണം. പൊട്ടില്ല എന്നാണ് ഭാവമെങ്കില്‍ പൊട്ടിക്കണം. പത്തുവര്‍ഷം മുമ്പ് എന്താണ് സംഭവിച്ചത് എന്നോര്‍മയുണ്ടോ? നമ്മുടെ പുണ്യപുരുഷന്‍ എ.കെ. ആന്റണി, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നണി പൊട്ടിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ആന്റണി ചെയ്തത് ശിഷ്യന്‍ ഉമ്മന്‍ചാണ്ടി ചെയ്യാതിരിക്കുന്നതെങ്ങനെ?

ഉമ്മന്‍ചാണ്ടി രാജിവെച്ചാല്‍ എന്തുസംഭവിക്കും? ആഭ്യന്തരവകുപ്പ് വഹിക്കുന്ന ആളാണ് രണ്ടാമന്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയാകും. അതിലും വലിയ ഒരനര്‍ഥം സംഭവിക്കാനില്ല. അതൊഴിവാക്കിയല്ലേ തീരൂ. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയുടെ കൈയില്‍ത്തന്നെ ആയാല്‍ ആ പ്രശ്‌നമില്ല. പി.സി.സി. പ്രസിഡന്റുതന്നെ അപ്പോള്‍ യോഗ്യന്‍. ഉമ്മന്‍ചാണ്ടി ആരാ മോന്‍. ഇതൊഴിവാക്കാനാണ് ഒരവസരം കിട്ടിയപ്പോള്‍ ഇരുചെവിയറിയാതെ ആഭ്യന്തരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നീക്കിക്കൊടുത്തത്. അപ്പോള്‍ എന്തുചെയ്യണം? തിരുവഞ്ചൂരിന്റെ പേര് വെട്ടിയേ തീരൂ. അതിനുള്ള നാടകങ്ങള്‍ ഇനിയുള്ള നാളുകളില്‍ അരങ്ങേറും. ക്ഷമാപൂര്‍വം കാത്തിരിക്കുക.

* * *

ഒടുവില്‍ വിധി വന്നു. അന്തിമവിധിയാണ്. വിവാദവ്യവസായിയുടെ വര്‍ണശബള പ്ലീന അഭിവാദ്യ പരസ്യം പാര്‍ട്ടിപ്പത്രത്തില്‍ വന്നത് പരസ്യവിഭാഗത്തിന്റെ വീഴ്ചയാണ്. ക്ലര്‍ക്കിന്റെയോ പ്യൂണിന്റെയോ മറ്റോ വീഴ്ച. പരസ്യക്കാരന്റെ ദുരുദ്ദേശ്യം തിരിച്ചറിയുന്നതില്‍ അവരാണ് പരാജയപ്പെട്ടത്. പരസ്യക്കാരന്റെ ഉള്ളിലിരിപ്പ് അറിയേണ്ടത് അവരല്ലേ?

പരസ്യം സ്വീകരിച്ചതില്‍ പിശകുപറ്റിയോ എന്ന് പാര്‍ട്ടി പരിശോധിക്കുമെന്ന് സെക്രട്ടറി പറഞ്ഞശേഷവും പരസ്യം സ്വീകരിച്ചതിനെ ന്യായീകരിച്ച് നീണ്ട മുഖപ്രസംഗമെഴുതി പത്രം. കളങ്കിതരില്‍നിന്നും പണംവാങ്ങാം എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടത്രെ. ഗാന്ധിജി പലതും പറഞ്ഞിട്ടുണ്ട്. അതില്‍ ഇതിലേറെ സ്വീകാര്യമായി മറ്റെന്തുണ്ട്?

പരസ്യത്തെ ന്യായീകരിച്ച് മാധ്യമപ്രവര്‍ത്തകരുടെ നേരേ തട്ടിക്കയറിയ പ്രിന്ററും പബ്ലിഷറുമായ സഖാവിനെയും പത്രം ന്യായീകരിച്ചു. ഈ തത്ത്വം ബൂര്‍ഷ്വാ പത്രങ്ങള്‍ക്ക് ബാധകമല്ല. അവരുടെ ചരമക്കോളത്തില്‍ തെറ്റുവന്നാലും കുറ്റം പത്രസ്ഥാപന തലവന്റേതാണ്. ആള്‍ മറ്റേതെങ്കിലും പാര്‍ട്ടിക്കാരനാണെങ്കില്‍ പറയാനുമില്ല. ആളുടെ മുന്‍-പിന്‍ തലമുറകളെ കൊടുംകുറ്റം ചുമത്തി പ്രതിക്കൂട്ടില്‍ കയറ്റും. തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ പത്രത്തില്‍ കുറ്റം തൊഴിലാളിക്കുമാത്രം.

Leave a Reply

Your email address will not be published. Required fields are marked *

Go Top