ഒരു ശ്വേത പീത കഥ

ഇന്ദ്രൻ
‘മഞ്ഞപ്പത്രങ്ങള്‍ക്ക് മുതല്‍ മഹാനേതാക്കള്‍ ‘ക്ക് വരെ മാസങ്ങളോളം കൊട്ടിപ്പാടി നടക്കാമായിരുന്ന ഒരു പീഡനകഥയാണ് ശ്വേതാമേനോന്‍ സ്വിച്ച് ഓഫാക്കിക്കളഞ്ഞത്. നിരാശാജനകമാണിത്. ആഴ്ച ഒന്ന് തികയുംമുമ്പ് ഇരയും ഇല്ല, ഇരപിടിത്തക്കാരനുമില്ല. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. മാധ്യമങ്ങള്‍ വേറെ ഇരകളെത്തേടി വിശാലമായ വനാന്തരങ്ങളിലേക്ക് നീങ്ങിയിട്ടുണ്ട്. മഹാനേതാക്കളും തഥൈവ.
ശ്വേതാമേനോന്‍ എന്തേ പിന്‍മാറിക്കളഞ്ഞത്? നടപ്പുരീതിയനുസരിച്ച് രണ്ടേ രണ്ട് സാധ്യതകളേ ഉള്ളൂ. ഒന്ന്. കേസില്‍ കുടുങ്ങുമെന്ന് ഭയമുള്ള പ്രതിപക്ഷം – പ്രതിയുടെ പക്ഷം എന്നേ ഉദ്ദേശിച്ചുള്ളൂ – നോട്ടുകെട്ടുകള്‍ ഉള്‍പ്പെടെ എന്തെങ്കിലും വലിയ പ്രീണന-സ്വാധീന യന്ത്രതന്ത്രങ്ങള്‍ പ്രയോഗിച്ചുകാണണം. അല്ലെങ്കില്‍ , സ്വതേ ദുര്‍ബലയായ ഇരയെ കൂടുതല്‍ വലിയ എന്തെങ്കിലും ഭീഷണിയില്‍ വീഴ്ത്തിക്കാണണം. വാദി പ്രതിയാകുമെന്ന് ഭയന്നുകാണണം. രണ്ടിനും വഴങ്ങുന്ന ഇനം ദുര്‍ബല ഇരയല്ല ശ്വേതാമേനോന്‍ എന്ന 4ജി – നാലാംതലമുറ – ചലച്ചിത്ര നടി. ഭീഷണിയും പ്രീണനവും ഒരു പരിധിവരെയൊക്കെ നേരിടാനാവും. പിന്നെയെന്തേ പിന്‍മാറിക്കളഞ്ഞത്?
പ്രശസ്ത നടി ആയാലും നാട്ടിലെ ഒന്നാം നമ്പര്‍ കുപ്രശസ്ത ആയാലും ഏറ്റുമുട്ടുന്നത് ആരുമായാണ് എന്നത് പ്രധാനമാണ്. മിത്രത്തെയല്ല, ശത്രുവിനെ തിരഞ്ഞെടുക്കുമ്പോഴാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത് എന്ന് അനുഭവജ്ഞാനമുള്ളവര്‍ പറഞ്ഞിട്ടുണ്ട്. ശത്രുവിന് നിലവാരം കുറവാണെങ്കില്‍ നിങ്ങളും ആ നിലവാരത്തിലേക്ക് താഴേണ്ടിവരും. റോഡരികില്‍നിന്ന് പുലയാട്ട് വിളിച്ചുപറയുന്ന ശത്രുവിനോട് ഒന്നുകില്‍ അതേ ഭാഷയില്‍ തിരിച്ചുപറയണം, അല്ലെങ്കില്‍ ചെവിപൊത്തി ഓടിരക്ഷപ്പെടണം. ശ്വേതാമേനോന്‍ ഓടിരക്ഷപ്പെട്ടു. വേറൊന്നും സംഭവിച്ചിട്ടില്ല.
ഒരു വനിത കക്ഷിയായ ലൈംഗികസ്വഭാവമുള്ള വിവാദം വന്നപ്പോഴാണ് ഗാന്ധിയന്‍ പാര്‍ട്ടിയിലെ പലരുടെയും തനിസ്വഭാവം പുറത്തുവന്നത്. ഇത്തരം കേസുകളില്‍ സ്ത്രീയുടെ പേരുതന്നെ പുറത്തുപറയരുതെന്നാണ് വ്യവസ്ഥ, അതാണ് മര്യാദയും. പോട്ടെ, ഒരു പ്രശസ്തവനിതയാണ് സംഭവത്തില്‍ ഉള്‍പ്പെട്ടത്, പൊതുവേദിയിലാണ് സംഭവം ഉണ്ടായത്. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ പേരുപറയാതെ വയ്യ. ഇരയുടെ അല്ല കുറ്റാരോപിതന്റെ പേരാണ് മാധ്യമങ്ങള്‍ ആദ്യദിവസം ഒളിച്ചുവെച്ചത്. ആരോപിതനെ എം.പി. എന്നും ഭരണകക്ഷി എം.പി. എന്നും മാത്രം വിശേഷിപ്പിച്ചു. പെണ്ണിന്റെ മാനത്തേക്കാള്‍ എം.പി.യുടെ മാനത്തിനാണ് മാര്‍ക്കറ്റില്‍ വില!
കഥാപാത്രങ്ങളുടെ സ്വഭാവവും അഭിനേതാവിന്റെ സ്വഭാവവും ഒന്നാവുമെന്ന് ധരിക്കാന്‍ മാത്രം പൊതുവിജ്ഞാനമുള്ള പൊതുപ്രവര്‍ത്തകരുണ്ട് നാട്ടില്‍ . സമീപസംസ്ഥാനത്ത് ധീര, വീര, ദൈവിക കഥാപാത്രങ്ങളെ ദീര്‍ഘകാലം അവതരിപ്പിച്ചാല്‍ ആരാധനമൂത്ത് ജനം നടനെ/നടിയെ മുഖ്യമന്ത്രിവരെ ആക്കിക്കളയും. സ്ഥിരമായി ദുഷ്ടകഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ചാല്‍ തല്ലിക്കൊന്നെന്നുമിരിക്കും. ശ്വേതാമേനോന്‍ വേശ്യയായി അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് അവളും അതന്നെ സൈസ്! പിന്നെ നമ്മളൊന്ന് കൈവെച്ചാലെന്താ? ഈ അര്‍ഥത്തില്‍ സംസാരിച്ച ഗാന്ധിയന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് നല്ല നമസ്‌കാരം. പൊതുവേദിയില്‍ പെണ്ണിനെ ഞോണ്ടിയവരേക്കാള്‍ ഒട്ടുംപിറകിലല്ല ഇവര്‍ .
ഇക്കഥ തീര്‍ത്തും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആണോ? കറുപ്പും വെളുപ്പും? ഒരുവശം മുഴുവന്‍ തെറ്റും മറുവശം മുഴുവന്‍ ശരിയും? ആവണമെന്നില്ല. ഒരുവശം നല്ല ശ്വേതമെങ്കില്‍ മറുവശം ഇരുണ്ട കറുപ്പല്ല. അല്പം പീതമാകാം. അനേകമാളുകള്‍ നിറഞ്ഞ പൊതുവേദിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമ്പോള്‍ സൂക്ഷ്മമായി സ്വശരീരം സംരക്ഷിക്കാനോ കണ്ണുകള്‍ നാലുപാടും ജാഗ്രത്തായി നിരീക്ഷിക്കാനോ കഴിയില്ല. മമ്മൂട്ടിയുടെ ഇരുമ്പ് ശരീരത്തിലും ഞോണ്ടിനോക്കുന്നവരാണ് ആരാധകഭ്രാന്തന്മാര്‍ . പിന്നെയല്ലേ ശ്വേതാമേനോന്‍. ഇക്കൂട്ടത്തില്‍ , എം.പി.യുടെ പെരുമാറ്റം സംശയം തോന്നിപ്പിച്ചിരിക്കാം. തെറ്റിദ്ധാരണയാകാം. അതേ ഉണ്ടായിരുന്നുള്ളൂ എം.പി.ക്കും പാര്‍ട്ടിക്കാര്‍ക്കും പറയാന്‍ , പ്രതിരോധിക്കാന്‍ . ചുമലുകൊണ്ട് ഒരുതവണ തട്ടിപ്പോയതാവാം. അത് പത്തുവട്ടം ആവര്‍ത്തിച്ച് കാട്ടി പത്തുവട്ടം എം.പി. ആ സ്ത്രീയെ തട്ടി എന്ന് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുക ദൃശ്യമാധ്യമ നവസംസ്‌കാരമാണ്. ആള്‍ക്കൂട്ടത്തില്‍ ആരെങ്കിലും കള്ളന്‍ എന്ന് ചൂണ്ടി അലറിയാല്‍ തെക്കുംവടക്കും നോക്കാതെ അവനെ തല്ലിക്കൊല്ലുന്ന അതേ സംസ്‌കാരംതന്നെ. സഹിക്കുക തന്നെ, മറ്റെന്ത് ഗതി?
ശ്വേത പീത വിവാദത്തില്‍ ഏറ്റവും ശ്രദ്ധേയമായ പരാമര്‍ശം നടത്തിയതിനുള്ള പുരസ്‌കാരം ഇപ്പോള്‍ ഒട്ടും മാര്‍ക്കറ്റില്ലാത്ത മുന്‍കാല കോണ്‍ഗ്രസ് സ്റ്റണ്ട് നടന്‍ ടി.എച്ച്. മുസ്തഫയ്ക്കുള്ളതാണ്. പെണ്ണുങ്ങള്‍ വീട്ടിലിരിക്കുകയാണ് വേണ്ടത് എന്ന മഹദ്‌വാക്യം ആലേഖനം ചെയ്ത മാര്‍ബിള്‍ ഫലകം അടുത്തദിവസം മുസ്തഫയ്ക്ക് നല്‍കും. സദാ വീട്ടിലിരിക്കുന്ന പാര്‍ട്ടി പ്രസിഡന്റ് സോണിയാഗാന്ധിയെ ഇതിനായി ക്ഷണിക്കുന്നതായിരിക്കും.
                                                                          * * *
മുഖ്യമന്ത്രിയെയും യു.ഡി.എഫിനെയും അടിക്കാന്‍ പ്രതിപക്ഷത്തിന് കിട്ടിയ വലിയ വടിയായിരുന്നു പാമോലിന്‍ കേസ്. അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ കഷ്ടപ്പെട്ട് ചെത്തിയെടുപ്പിച്ചതാണ് ലാവലിന്‍ കേസ്. പാമോലിന്‍ എക്‌സ്​പയറി ഡേറ്റ് കഴിഞ്ഞ് ഏതാണ്ട് ഉപയോഗശൂന്യമായി. ഓര്‍ക്കാപ്പുറത്ത് വീണുകിട്ടിയതാണ് സോളാര്‍ കേസ്. മുഖ്യമന്ത്രിയോട് ഇക്കാര്യത്തില്‍ എത്ര നന്ദിപറഞ്ഞാലും മതിയാവില്ല.
പാമോലിനിലും ലാവലിനിലും സോളാറിലും ഐസ്‌ക്രീമിലുമെന്നുവേണ്ട, എണ്ണമറ്റ കേസുകളില്‍ വ്യവഹാരിയായ പ്രതിപക്ഷനേതാവിന് പൊതുജനം ഒരു സ്‌പെഷല്‍ സ്റ്റാറ്റസ് അംഗീകരിച്ചുകൊടുത്തിരുന്നു. കോടതിയില്‍ കേസ് വിധിയായാലും വാദം പുറത്ത് തുടരാറുണ്ട് നമ്മുടെ വക്കീല്‍ . സോളാര്‍ കേസിലെ ഭാഗികവിധിയില്‍ മുഖ്യമന്ത്രി കുറച്ചൊന്ന് തടിയൂരിയപ്പോള്‍ വക്കീല്‍ കോടതിയെ വെറുതെവിട്ടില്ല. തലങ്ങും വിലങ്ങും പരസ്യമായി പ്രഹരിച്ചു. സോളാര്‍ കേസിലെ വിധി നീതിന്യായവ്യവസ്ഥയെത്തന്നെ തകര്‍ക്കുന്നതാണ് എന്ന് ഇഴകീറി പ്രസ്താവനയിറക്കി.
ലാവലിന്‍ കേസ് വിധിയോടെ വക്കീല്‍ ലൈന്‍ മാറ്റി. വിധിവന്നതോടെ മുമ്പ് പറഞ്ഞതെല്ലാം അപ്രസക്തമായെന്നാണ് വക്കീലിന്റെ നിലപാട്. ഇത് ലാവലിന്‍ കേസിന് മാത്രം ബാധകമാണ്. വിധിയെ കീറിമുറിച്ച് പരിശോധിക്കാനൊന്നും ഈ കേസില്‍ നമുക്ക് വയ്യ സഖാവേ… പ്രോസിക്യൂട്ടറെ മാറ്റിയതും അന്വേഷകനെ മാറ്റിയതുമൊന്നും പ്രസക്തമല്ല സഖാവേ… അത്തരം സംഗതികളെല്ലാം സോളാര്‍ , പാമോലിന്‍ കേസുകള്‍ക്കേ ബാധകമാകൂ.
ലാവലിന്‍ കേസ് വിധിയോടെ കോടതി പവിത്രവും പരിപാവനവും ആദരണീയവും ആയിട്ടുണ്ട്. ഇനി ഇതിന്റെ അപ്പീല്‍ വിചാരണയ്ക്ക് വരുമ്പോഴും ആദരവും ബഹുമാനവും നിലനിര്‍ത്തുന്ന വിധി പറയേണ്ടത് കോടതിയുടെ ബാധ്യതയാണ്. പഴയ ബൂര്‍ഷ്വാസ്വഭാവം പുറത്തെടുത്താല്‍ നമ്മുടെ സ്വഭാവവും മാറും. പറഞ്ഞില്ലെന്നുവേണ്ട.
                                                                    * * *
വോട്ടുപിടിത്തത്തിന്റെയും അധികാരത്തിന്റെയും അധാര്‍മികതകളെ ചെറുക്കുന്നതെങ്ങനെ? ഡല്‍ഹിയെയും രാജ്യത്തെത്തന്നെയും ആവേശംകൊള്ളിച്ച അണ്ണ ഹസാരെ പ്രസ്ഥാനത്തിലെ സഹയാത്രികര്‍ അരവിന്ദ് കെജ്‌രിവാളും കൂട്ടരും തീരുമാനിച്ചത് വോട്ടുപിടിച്ച് അധികാരം നേടി അധാര്‍മികതകളെ നേരിടാനാണ്. വളരെ ബുദ്ധിമുട്ടുള്ള പണിയാണ് ഇതെന്ന് ഡല്‍ഹിയില്‍ വോട്ടുപിടിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ അവര്‍ക്ക് ബോധ്യപ്പെട്ടുകാണണം. ഭാഗ്യമുണ്ടെങ്കില്‍ അധികാരത്തില്‍ വരില്ല അവര്‍ . നിര്‍ഭാഗ്യത്തിന് അധികാരത്തില്‍ വന്നെന്നിരിക്കട്ടെ, സ്ഥാനമൊഴിഞ്ഞുപോയവരായിരുന്നു ഭേദമെന്ന് ആറുമാസംകൊണ്ട് വോട്ടര്‍മാര്‍ പറഞ്ഞുതുടങ്ങും. സംശയമില്ല.
കള്ളന്‍, കൊള്ളക്കാരന്‍ , പൂഴ്ത്തിവെപ്പുകാരന്‍ , കൊലയാളി, ബലാത്സംഗക്കാരന്‍ , വര്‍ഗീയഭ്രാന്തന്‍ തുടങ്ങി ഒരാളും അന്യനല്ല. വോട്ട് ഉണ്ടോ എന്നേ നോക്കേണ്ടൂ. വോട്ടുബാങ്ക് മുതലാളിയാണെങ്കില്‍ പറയുകയേ വേണ്ട. ആം ആദ്മി പാര്‍ട്ടിക്കാര്‍ വോട്ടിനുവേണ്ടി സമീപിച്ചത് ഒരു ലോക്കല്‍ വോട്ടുബാങ്ക് ഉടമയായ ബറേല്ലിയിലെ മുസ്‌ലിം ആചാര്യന്‍ മൗലാനാ തൗഖീര്‍ റാസ് ഖാനെ ആണ്. ആരാണ് കക്ഷി? ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലിമ നസ്‌റീന്റെ തലവെട്ടുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന് പ്രഖ്യാപിച്ച മഹാന്‍. അഴിമതിക്കാര്‍ എത്ര ഭേദം!

 

One thought on “ഒരു ശ്വേത പീത കഥ

  1. കള്ള് കുടിക്കാന്‍ തീരുമാനിച്ചവന്‍ ത്രീ സ്റ്റാര്‍ ബാറില്‍ തന്നെ പോണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ലല്ലോ, ഷാപ്പിലാണേലും കള്ള് കിട്ടിയാല്‍ പോയിക്കുടിച്ചേ പറ്റു എന്നതുതന്നെ ആം ആദ്മി പാര്‍ട്ടിയുടെയും നയം…

    പക്ഷേ ചിലര്‍ പറയുന്നപോലെ ഞാന്‍ ഷാപ്പീ പോയത് കള്ള് കുടിക്കാനല്ല, കപ്പേം പൊടിമീനും കഴിക്കാനെന്നുമാത്രമേ ആം ആത്മീയക്കാര്‍ പറയൂ….

    എ.എസ്

Leave a Reply

Your email address will not be published. Required fields are marked *

Go Top