പത്രങ്ങളെ കഴുത്തുഞെരിച്ചു കൊല്ലരുത്

എൻ.പി.രാജേന്ദ്രൻ

ഒരു മലയാള ദിനപത്രംനടത്തിപ്പുകാര്‍ക്ക് ജില്ലാ ഭരണാധികാരികളില്‍ നിന്ന് സമീപനാളുകളില്‍ ലഭിച്ച നോട്ടീസ്, സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ മറ്റേതെങ്കിലും പ്രസിദ്ധീകരണത്തിന് ലഭിച്ച തരത്തില്‍ പെട്ടതല്ലെന്ന് തോന്നുന്നു. 1847 ലെ പ്രസ് ആന്റ് രജിസ്റ്റ്രേഷന്‍ ഓഫ് ബുക്‌സ് ആക്റ്റിലെ പ്രത്യേക വകുപ്പ് എടുത്ത് ചേര്‍ത്താണ് തേജസ് ദിനപത്രത്തിന് കോഴിക്കോട് എഡിഎം നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് കാട്ടി നോട്ടീസ് അയച്ചത്. ഈ നടപടി കണ്ടില്ലെന്ന് നടിക്കാനോ, വെറുമൊരു നോട്ടീസല്ലേ എന്ന് ചുരുക്കിക്കാട്ടി അവഗണിക്കാനോ പത്രസ്വാതന്ത്ര്യത്തിലും അതിന് ആധാരമായ ഭരണഘടനയിലെ അഭിപ്രായസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന ഒരാള്‍ക്കും കഴിയുകയില്ല.

അഭിപ്രായ സ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവുമെല്ലാം നിയമത്തിന്റെ പരിധികള്‍ക്ക് അകത്തുനിന്നുകൊണ്ടുമാത്രം അനുഭവിക്കേണ്ട സ്വാതന്ത്ര്യങ്ങളാണ്. നിരവധി നിയമങ്ങള്‍ കൊണ്ട് ബന്ധിതമാണ് നമ്മുടെ എല്ലാ സ്വാതന്ത്ര്യങ്ങളും. നിയമങ്ങളുടെ ഓരോ ലംഘനം നടക്കുമ്പോഴും നിയമനടത്തിപ്പുകാര്‍ അതിനെതിരെ നടപടി എടുക്കേണ്ടതുണ്ട്. പോലീസിനോ ജില്ലാ ഭരണാധികാരികള്‍ക്കോ മറ്റേതെങ്കിലും സ്ഥാപനങ്ങള്‍ക്കോ നടപടിയെടുക്കാം. നിയമലംഘനങ്ങള്‍ നീണ്ട കാലം കണ്ണും പൂട്ടി നോക്കി നിന്നവര്‍ പെട്ടന്ന് ഉറക്കമുണര്‍ന്ന്്- താങ്കള്‍ കാലം  കുറെയായി സമാധാനപരമായ ജനജീവിതത്തിന് ഭീഷണിയാണ്, അതുകൊണ്ട് താങ്കളെ ജയിലിലടക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണം- എന്നൊരു നോട്ടീസ് ആര്‍ക്കെങ്കിലും അയക്കുകയാണെങ്കില്‍ അതെന്തുമാത്രം പരിഹാസ്യമായിരിക്കും, അന്തസാരശൂന്യമായിരിക്കും !

തേജസ് പത്രത്തിന് കിട്ടിയ നോട്ടീസ് ഇതുപോലെ അര്‍ത്ഥശൂന്യവും പരിഹാസ്യവുമാണ്.

രാജ്യത്തിന്റെ ദേശീയ ഐക്യത്തെയും താത്പര്യത്തെയും അത്യന്തം ഗുരുതരമായ രീതിയില്‍ ബാധിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും എഡിറ്റോറിയലുകളും ലേഖനങ്ങളും അച്ചടിച്ചുവരുന്നതായി ശ്രദ്ധയില്‍ പെട്ടിരിക്കുന്നു എന്നാണ് നോട്ടീസില്‍ പറയുന്നത്. രാജ്യതാല്പര്യങ്ങള്‍ സംരക്ഷിക്കാനും രാജ്യദ്രോഹികളെ ഒതുക്കാനും നാട്ടില്‍ നിയമങ്ങളുണ്ട്, വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കാന്‍ വ്യവസ്ഥകളുണ്ട്, മതങ്ങള്‍ തമ്മിലുള്ള സൗഹൃദം തകര്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമങ്ങളുണ്ട്. വര്‍ഗീയ ലഹളകള്‍ക്ക് പ്രേരിപ്പിക്കുന്നവരെ പിടികൂടാനും രാജ്യത്തിന്റെ ശത്രുക്കളെ സഹായിക്കുന്നവരെ ജയിലിലടക്കാനും വ്യക്തികളെ തേജോവധം ചെയ്യുന്നവരെ ശിക്ഷിക്കാനുമെല്ലാം നിയമങ്ങളുണ്ട്. ഇത്തരം ഒരുപാടൊരുപാട് കാര്യങ്ങളില്‍ പരാതികള്‍ ഉയര്‍ന്നുവരികയും കുറെയെങ്കിലും പരാതികളില്‍ കുറ്റക്കാരെന്ന് കാണുകയും അപൂര്‍വമായെങ്കിലും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ള ഒരു മാധ്യമത്തിന് എതിരെയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നത് എങ്കില്‍ അത്  ന്യായീകരിക്കപ്പെടുമായിരുന്നു. അത്തരമൊരു കേസ് പോലും തേജസ് പത്രത്തിന് എതിരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, തേജസ് പത്രത്തിന് എതിരായ നോട്ടീസ് പത്രസ്വാതന്ത്ര്യത്തിന്റെ ലംഘനം തന്നെയാണ്.

തേജസ് പത്രത്തിന്റെ അധിപര്‍ക്ക് കിട്ടിയ നോട്ടീസ് പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്‌സ് ആക്റ്റിലെ 8ബി വ്യവസ്ഥ പ്രകാരമാണ് എന്ന് കോഴിക്കോട് അഡീഷനല്‍  ജില്ലാ മജിസ്‌ട്രേറ്റ് സപ്തംബര്‍ 13 ന് തേജസ് പത്രാധിപര്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നുണ്ട്.  എട്ട് ബി വ്യവസ്ഥ എന്താണ് ? എണ്ണമറ്റ വെബ്‌സൈറ്റുളില്‍ നിയമം പൂര്‍ണരൂപത്തില്‍ കൊടുത്തിട്ടുണ്ട്. ആര്‍ക്കും എളുപ്പം മനസ്സിലാക്കാവുന്ന ഒരു കാര്യം, രാജ്യത്തിന്റെ ദേശീയ ഐക്യത്തെയും താത്പര്യത്തെയും ഗുരുതരമായ ബാധിക്കുന്ന   വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിച്ച് നിര്‍മിച്ചതല്ല ആ വകുപ്പ് എന്നുള്ളതാണ്. പ്രസിദ്ധീകരണം രജിസ്റ്റര്‍ ചെയ്ത പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ സാങ്കേതികമായി പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ അല്ലാതാവുകയോ രജിസ്റ്റ്രേഷന് നല്‍കിയ വിവരങ്ങള്‍ വ്യാജമോ തെറ്റോ ആണെന്ന് മനസ്സിലാവുകയോ രജിസ്റ്റ്രേഷന്‍ നല്‍കിയ അതേ പേരില്‍ വേറെ പ്രസിദ്ധീകരണം ഉണ്ടെന്ന് അറിയുകയോ പോലുള്ള  തീര്‍ത്തും സാങ്കേതികമായ കാരണങ്ങളുടെ പേരില്‍ നോട്ടീസ് നല്‍കാന്‍ ജില്ലാ മജിസ്‌ട്രേറ്റിന് അധികാരപ്പെടുത്തുന്നതാണ് നിയമവ്യവസ്ഥ.

നോട്ടീസിനുള്ള മറുപടി കിട്ടിയ ഉടനെ പത്രത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിക്കളയുമെന്ന ഭയമൊന്നും ആര്‍ക്കുമില്ല. അടിയന്തരാവസ്ഥക്കാലത്ത് പോലും അത്രയൊന്നും ചെയ്യാന്‍ അധികമാരും മുതിര്‍ന്നിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടുപോലും പത്രത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയോ മറ്റോ ചെയ്താല്‍ പ്രസ് കൗണ്‍സില്‍ നിയോഗിക്കുന്ന അപ്പലറ്റ് കൗണ്‍സില്‍ മുമ്പാകെ അപ്പീല്‍ നല്‍കാന്‍ അവസരം കിട്ടും. അപ്പലറ്റ് കൗണ്‍സിലാണ് അവസാന തീരുമാനമെടുക്കേണ്ടത്.

ഇഷ്ടമില്ലാത്ത പത്രങ്ങള്‍ക്കെതിരെ ഭീഷണി ഉയര്‍ത്താന്‍ ഭരണകൂടത്തിന്റെ ഭാഗമായ പല ശക്തികളും തുനിയുന്നു എന്നതാണ് പ്രശ്‌നം. ഇപ്പോഴുണ്ടായ ഈ വിവാദത്തിന് പിന്നില്‍ മറ്റു ഉദ്ദേശ്യങ്ങളുള്ള, ദുരുദ്ദേശങ്ങളുള്ള ആരെല്ലാമോ ഉണ്ട് എന്ന് ബോധ്യപ്പെടുത്തുന്നതാണ് തേജസ് പത്രത്തിന് പരസ്യം നിഷേധിക്കുന്ന  നടപടിയും. പരസ്യം പത്രത്തിന്റെ അവകാശമല്ല, ശരിതന്നെ. പക്ഷേ, അത് സര്‍ക്കാറിന് ഇഷ്ടം പൊലെ ആര്‍ക്കും നല്‍കാനോ നല്‍കാതിരിക്കാനോ അവകാശമുള്ള സ്വകാര്യമുതലുമല്ല. അത് പൊതുപ്പണമാണ്. പല പത്രങ്ങളും – ചെറുകിട പത്രങ്ങള്‍ പ്രത്യേകിച്ചും –  നില നില്‍ക്കുന്നതുതന്നെ പരസ്യങ്ങളിലൂടെയാണ്. കോടാനുകോടി രൂപ സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിക്കുന്നു. ഏത് പ്രസിദ്ധീകരണത്തിന് പരസ്യം നല്‍കാം, ആര്‍ക്ക് നല്‍കില്ല എന്നെല്ലാം തീരുമാനിക്കുന്നതിന് കൃത്യമായ വ്യവസ്ഥകളുണ്ട്. അധികൃതരുടെ വിവേചനം ഇക്കാര്യത്തിലും കുറെയെല്ലാം അനുവദീയമാവാം. പക്ഷേ, ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കും, ഇല്ലാത്തവര്‍ക്ക് ഒട്ടുമില്ല എന്നത് ഒരു ജനാധിപത്യവ്യവസ്ഥയില്‍ അനുവദനീയമല്ല.

വാര്‍ത്തയുടെ ഉള്ളടക്കവും പരസ്യം നല്‍കുന്നത് സംബന്ധിച്ച തീരുമാനവും തമ്മില്‍ ഒരു ബന്ധവും പാടില്ല എന്നത് ജനാധിപത്യലോകം വിട്ടുവീഴ്ചയില്ലാതെ പാലിക്കുന്ന തത്ത്വമാണ്. സര്‍ക്കാറിന് അനുകൂലമായി എഴുതിയാലേ പരസ്യം നല്‍കൂ എന്ന നിലപാട് ഒരു സര്‍ക്കാറിനുമുണ്ടാകാന്‍ പറ്റില്ല, സംസ്ഥാന സര്‍ക്കാറിന് അത്തരമൊരു നിലപാടേ ഇല്ല. തേജസ്സിന് പരസ്യം നിഷേധിക്കാന്‍ തുടങ്ങിയിട്ട് മൂന്നുവര്‍ഷത്തിലേറെയായി.
പരസ്യം പുന:സ്ഥാപിക്കാന്‍ തീരുമാനമായതുമാണ്. പക്ഷേ, പരസ്യം നല്‍കിയില്ല.

പത്രത്തിന്റെ ഉള്ളടക്കം രാജ്യവിരുദ്ധമാണെങ്കില്‍ അത്തൊരു പത്രം നിലനിന്നുകൂടാ. രാജ്യവിരുദ്ധമാണോ എന്നത് ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ വേണം തീരുമാനിക്കപ്പെടാന്‍. പ്രസ് കൗണ്‍സിലും ജുഡീഷ്യറിയും പോലുള്ള സംവിധാനങ്ങള്‍ ഈ രാജ്യത്തുണ്ട്. ഏതെങ്കിലും ഡിപാര്‍ട്ട്‌മെന്റിന്റെ മേധാവികളോ ഇടത്തട്ടിലെ ഉദ്യോഗസ്ഥരോ അല്ല ഇക്കാര്യം തീരുമാനിക്കേണ്ടത്. അങ്ങനെ തീരുമാനിക്കപ്പെടുംവരെ മറ്റാരേയും പോലെ തേജസ് പത്രത്തിനും പ്രസിദ്ധീകരണസ്വാതന്ത്ര്യമുണ്ടാവണം, അവരെ നിയമമുപയോഗിച്ചോ സാമ്പത്തികമായോ ഞെരിച്ചുകൊല്ലാന്‍ അനുവദിച്ചുകൂടാ. അങ്ങനെ ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണ്, ജനാധിപത്യവിരുദ്ധമാണ്.

( മീഡിയ മാസികയുടെ നവമ്പര്‍ 2013 ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത്)

Leave a Reply

Your email address will not be published. Required fields are marked *

Go Top