പ്രസ് അക്കാദമി സമഗ്രമാറ്റത്തിന്റെ പാതയില്‍

എൻ.പി.രാജേന്ദ്രൻ

‘ അടുത്ത മാസം ശമ്പളം കൊടുക്കാന്‍ പണമില്ല. നമ്മുടെ അലോട്ട്‌മെന്റ് തീര്‍ന്നു. ധനമന്ത്രിയെ കണ്ട് പ്രശ്‌നം പരിഹരിച്ചേ തീരൂ…..’  ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത എനിക്ക് ലഭിച്ച ആദ്യ ഫോണ്‍കോളുകളിലൊന്ന് അപ്പോഴത്തെ സിക്രട്ടറി വി.ജി.രേണുകയുടേതായിരുന്നു. അക്കാദമിയെ കുറിച്ച് മനസ്സുനിറയെ പദ്ധതികളും പരിപാടികളുമായി കയറിച്ചെന്ന എനിക്ക് ഇങ്ങനെയൊരു പ്രശ്‌നം നേരിടേണ്ടി വരുമെന്ന് ദുസ്വപ്‌നത്തില്‍ പോലും കണ്ടിരുന്നില്ല. ശമ്പളം കൊടുക്കുന്നതാണ് കാര്യക്ഷമമായി നടക്കുന്ന ഏക പണി എന്ന് മുമ്പ് ഞാനവിടെ വൈസ് ചെയര്‍മാനായിരുന്ന കാലത്ത് വിമര്‍ശനം കേട്ടിരുന്നതുമാണ്. അതും നടക്കുന്നില്ല എന്നായോ?!

എന്തുകൊണ്ടാണ് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ സര്‍ക്കാര്‍ പണം അനുവദിക്കാത്തത് എന്ന് മനസ്സിലാക്കിയെടുക്കാനും പ്രശ്‌നം പരിഹരിക്കാനും സമയം കുറച്ചെടുത്തു. ഓരോ വര്‍ഷവും ബജറ്റില്‍ അലോട്ട്‌മെന്റ് കുറയുമ്പോള്‍ അക്കാദമി സ്വന്തം ഫണ്ട് എടുത്ത് ശമ്പളം കൊടുത്തുപോന്നതാണ്  പ്രശ്‌നത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞത് ഒടുവിലാണ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വിദ്യാര്‍ത്ഥികള്‍ അടക്കുന്ന ഫീസ് മാത്രമാണ് അക്കാദമിയുടെ സ്വന്തം ഫണ്ട്. സര്‍ക്കാര്‍ നിയമിച്ച ജീവനക്കാര്‍ക്ക് ശമ്പളം സര്‍ക്കാര്‍ നല്‍കണം. ഫീസ് തുകയെടുത്ത് ശമ്പളം നല്‍കുന്ന പ്രശ്‌നമേയില്ല എന്ന കര്‍ക്കശ നിലപാട് എടുക്കേണ്ടിവന്നു. ഒരു തവണ ഒന്നര മാസത്തോളം ശമ്പളം  വൈകിയെന്നത് ശരി, പക്ഷേ ധനവകുപ്പ് ഉദ്യോഗസ്ഥരും ധനമന്ത്രി കെ.എം. മാണിയും പ്രശ്‌നം പരിഹരിക്കാനുള്ള സന്മനസ് കാട്ടി. ഉദ്യോഗസ്ഥരുടെ ശമ്പളം ഏതാണ്ട് മുഴുവനായും ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിക്കുന്നു. ജീവനക്കാര്‍ക്ക് ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള ശമ്പളപരിഷ്‌കാരവും നടപ്പാക്കിക്കഴിഞ്ഞു.

അക്കാദമിയെ കുറെ കാലമായി ആര്‍ക്കും പ്രയോജനമില്ലാത്ത  വെള്ളാനയാക്കി മാറ്റിയതിന് പിന്നിലെ കാരണങ്ങളിലൊന്ന് ഈ ശമ്പളപ്രശ്‌നം തന്നെയായിരുന്നു. ശമ്പളം കൊടുക്കാനും ഭരണച്ചെലവുനടത്താനും ഉപയോഗിക്കേണ്ടത് ബജറ്റിലെ നോണ്‍ പ്ലാന്‍ ഫണ്ടാണ്. അത് തികയാഞ്ഞപ്പോള്‍, വികസന-അക്കാദമിക് പ്രവര്‍ത്തനത്തിന് അനുവദിച്ച പ്ലാന്‍ ഫണ്ട് വകമാറ്റിയെടുത്താണ് മുന്‍വര്‍ഷങ്ങളില്‍ ശമ്പളം കൊടുത്തുപോന്നത്. എന്നിട്ടും തികയാഞ്ഞപ്പോള്‍ സ്വന്തം ഫണ്ടും തീര്‍ത്തു. ഫലത്തില്‍ ശമ്പളത്തുകയുമില്ല, പ്ലാന്‍ ഫണ്ടുമില്ല, സ്വന്തം ഫണ്ടുമില്ല എന്ന ദുരിതാവസ്ഥയായിരുന്നു ഇപ്പോഴത്തെ ഭരണസമിതി സ്ഥാനമേല്‍ക്കുമ്പോള്‍ അക്കാദമിയില്‍ ഉണ്ടായിരുന്നത്. അഭിമാനത്തോടെ പറയട്ടെ, മൂന്നുഫണ്ടുകളും ഇപ്പോള്‍ ആവശ്യത്തിനുണ്ട്. കഴിഞ്ഞ കാലത്തൊന്നും നടക്കാത്ത അത്ര വേഗത്തില്‍ അക്കാദമിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

പത്രപ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് അക്കാദമി

അക്കാദമിയില്‍ അധികാരം കൈയ്യാളിയിരുന്ന ചിലര്‍ പോലും സ്ഥാപനത്തെ കുറിച്ച് പുലര്‍ത്തിയിരുന്ന വലിയ തെറ്റിദ്ധാരണയുണ്ട്. അക്കാദമി എന്നു പറയുന്നത് കുട്ടികളെ ജേണലിസം പഠിപ്പിക്കാന്‍ തുടങ്ങിയ സ്ഥാപനമാണ് ! ഈ അബദ്ധധാരണ അക്കാദമിക്കും കേരളത്തിലെ പത്രപ്രവര്‍ത്തക സമൂഹത്തിനും ചില്ലറദോഷമൊന്നുമല്ല ചെയ്തത്. അക്കാദമിക്ക് കീഴിലുള്ള ഒരു സ്ഥാപനം മാത്രമാണ് ഇന്‍സ്റ്റിറ്റിയൂട്ട്. അവിടെ കുട്ടികളെ പഠിപ്പിക്കുന്നു. അതൊരു സ്വാശ്രയ സ്ഥാപനമാണ്. ഭരണഘടനയനുസരിച്ചും സ്ഥാപകരായ മഹാന്മാര്‍ സ്വപ്‌നം കണ്ടിരുന്നതനുസരിച്ചും അക്കാദമി പത്രപ്രവര്‍ത്തകരെ തൊഴില്‍രംഗത്ത് ഉയര്‍ത്താനും മാധ്യമപ്രവര്‍ത്തനം സമൂഹത്തിന് ഗുണകരമാക്കാനുമാണ് പ്രവര്‍ത്തിക്കേണ്ടത്. ഇന്‍സ്റ്റിറ്റിയൂട്ട് വളരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നതിനോടൊപ്പം അക്കാദമിയെ അതിന്റെ സ്ഥാപിത ലക്ഷ്യത്തോടടുപ്പിക്കാനുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.

2011 നവംബര്‍ 16 ന് ദേശീയ പത്രദിനം ആചരിച്ചുകൊണ്ടാണ് ഈ ടേമിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അക്കാദമി ആദ്യമായാണ് അത് ആചരിക്കുന്നത്. തിരുവനന്തപുരത്ത് കേസരി മന്ദിരത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രശസ്തമാധ്യമ ചിന്തകന്‍ ശശികുമാര്‍ നടത്തിയ പ്രഭാഷണം ശരിക്കും മൂന്നുവര്‍ഷത്തെ ക്രിയാത്മകമായ അക്കാദമിക പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനമായി. അതിന് ശേഷം 2013 സപ്തമ്പര്‍ വരെ ശ്രദ്ധേയമായ ഒരു പൊതുപരിപാടിയെങ്കിലും ഇല്ലാതെ ഒരു മാസം പോലും കടന്നുപോയിട്ടില്ല. വിവിധ ജില്ലകളില്‍ പത്രപ്രവര്‍ത്തകര്‍ക്ക് വേണ്ടി ദ്വിദിന പഠനക്യാമ്പുകള്‍ നടന്നു. നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അത് ജീവിതത്തില്‍ തന്നെ ആദ്യത്തെ അനുഭവമായിരുന്നു. വിവരാവകാശം മാധ്യമപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുന്നതിന് നിരവധി ജില്ലകളില്‍ ഏക ദിന ക്യാമ്പുകള്‍ നടത്തി. സംസ്ഥാനതലത്തില്‍ ആദ്യമായി ഇന്റര്‍നെറ്റ് ഉപയോഗത്തെ കുറിച്ച് പഠിക്കാന്‍ പത്രപ്രവര്‍ത്തകക്യാമ്പ് സംഘടിപ്പിച്ചു. ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘുറായിയുടെ സാന്നിദ്ധ്യത്തില്‍ കൊച്ചിയില്‍ ഫോട്ടോഗ്രാഫി സ്റ്റഡി ക്യാമ്പ്, സ്‌പോര്‍ട്‌സ് ലേഖകര്‍ക്കായി കോഴിക്കോട്ട് സ്റ്റഡി ക്യാമ്പ്, നൂറിലധികം ജേണലിസം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച രണ്ടുതവണ കോഴിക്കോട്ട് നടത്തിയ സംസ്ഥാനതല ജേണലിസം വര്‍ക്കഷോപ്പ്, കണ്ണൂരില്‍ കഴിഞ്ഞ പത്രദിനത്തില്‍ നടന്ന മുഴുവന്‍ദിന സെമിനാര്‍ , സൗത്ത് കരോലിന യൂണിവേഴ്‌സിറ്റിയിലെ ന്യൂസ് പ്ലക്‌സ് ടെയ്‌നിങ്ങ് ക്യാമ്പ് ഡയറക്റ്റര്‍ റാന്‍ഡി കോവിങ്ങ്ടണ്‍ ന്യൂമിഡിയയെ കുറിച്ച് കൊച്ചിയില്‍ നടത്തിയ പ്രഭാഷണം തുടങ്ങിയവ എടുത്തുപറയാവുന്ന പ്രവര്‍ത്തനങ്ങളാണ്. അക്കാദമിയുടെ ചരിത്രത്തിലാദ്യമായാണ് രാഷ്ട്രത്തിന്റെ തലസ്ഥാനനഗരിയില്‍ മാധ്യമസെമിനാര്‍ നടത്തിയത് എന്ന് എടുത്തുപറയേണ്ടതുണ്ട്. ഇത് സംഘടിപ്പിക്കുന്നതില്‍ ഡല്‍ഹിയിലെ കെ.യു.ഡബ്യു. ജെ.ഘടകം നല്‍കിയ സഹായം ചെറുതല്ല

മീഡിയ-ശ്രദ്ധേയ പ്രസിദ്ധീകരണം

രണ്ടുവര്‍ഷത്തിനിടയില്‍ നടന്ന ഏറ്റവും ശ്രദ്ധേയ കാര്യമെന്ത് എന്ന് ചോദിച്ചാല്‍ എളുപ്പം ഉത്തരം പറയാം. മീഡിയ എന്ന ദ്വിഭാഷാ മാധ്യമ മാസിക തുടങ്ങിയതുതന്നെ. 2012 ഏപ്രില്‍ മുതല്‍ മുടങ്ങാതെ നടന്നുവരുന്ന ഈ പ്രസിദ്ധീകരണം ഇന്ന് ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധിക്കപ്പെടുന്ന മാധ്യമ അക്കാദമിക് പ്രസിദ്ധീകരണമാണ്. ഇന്ത്യയില്‍ ഇറങ്ങുന്ന ഏറ്റവും മികച്ച മാധ്യമ മാസികയും ഇതുതന്നെ എന്നാരും സമ്മതിക്കും. അച്ചടിക്കുന്ന കോപ്പികള്‍ കുറവാണെങ്കിലും ഇന്റര്‍നെറ്റ് വഴി പ്രസിദ്ധീകരണം ഒരു പാട് സര്‍വകലാശാലകളിലും റോബിന്‍ ജെഫ്രി ഉള്‍പ്പെടെയുള്ള പണ്ഡിതന്മാരിലും എത്തുന്നുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തുക എന്നത് അക്കാദമിയുടെ പ്രഖ്യാപിത പരിപാടിയാണ്. പക്ഷേ, 33 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ഇക്കാര്യത്തില്‍ വലിയ നേട്ടമൊന്നും അവകാശപ്പെടാനാവില്ല. ഈ ഭരണസമിതി പ്രസിദ്ധപ്പെടുത്തിയ നാലും മുന്‍കാലത്ത് പ്രസിദ്ധപ്പെടുത്തിയ പത്തും പുസ്തകങ്ങളാണ് നമ്മുടേതായി അവകാശപ്പെടാനുള്ളത്. 33 വര്‍ഷം പ്രസിദ്ധപ്പെടുത്തിയതിനേക്കാളേറെ പുസ്തകങ്ങള്‍ എന്തായാലും ഈ ഭരണസമിതി അതിന്റെ കാലാവധി തീരുംമുമ്പെ പ്രസിദ്ധപ്പെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. നാല് പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു. നാലെണ്ണം പ്രസിദ്ധപ്പെടുത്താന്‍ തയ്യാറായി. മുന്‍കാലത്തും പ്രസിദ്ധപ്പെടുത്തിയ പുസ്തകങ്ങള്‍ കാര്യക്ഷമതയോടെ വായനക്കാരില്‍ എത്തിച്ചിരുന്നില്ല എന്ന പരിമിതിയും ഉണ്ടായിരുന്നു. മികച്ച പുസ്തകങ്ങള്‍ പോലും മഴനനഞ്ഞ് നശിച്ചുപോകുന്ന സ്ഥിതിയുണ്ടായി. ഇക്കാര്യത്തില്‍ മാറ്റം വരുത്താനുള്ള ആത്മാര്‍ത്ഥമായ  ശ്രമങ്ങള്‍ ഭരണനേതൃത്വത്തിന്റെയും ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടായി, അതു പ്രയോജനപ്പെടുകയും ചെയ്തു. വിറ്റിട്ടും പണം അക്കാദമിക്ക് തരാത്ത സ്ഥാപനങ്ങളില്‍ നിന്ന് കര്‍ശനമായി തിരിച്ചുപിടിക്കുന്നുണ്ട്. നാലുപുസ്തകങ്ങള്‍ ഈ കാലയളവില്‍ ഔട്ട് ഓഫ് പ്രിന്റായി. മിക്കതിന്റെയും ചുരുങ്ങിയ കോപ്പികളേ ബാക്കിയുള്ളൂ. പുസ്തകവില്പന കമ്പനികളെ സമീപിച്ചും മാര്‍ക്കറ്റിങ്ങിന് ആളെ നിയോഗിച്ചും വരുംദിനങ്ങളില്‍ പ്രകടമായ മാറ്റമുണ്ടാക്കും എന്ന് തീര്‍ച്ച.

പുതിയ വെബ്‌സൈറ്റ്, പുതിയ ഉള്ളടക്കം

ലോകം അക്കാദമിയെ കാണുക കാക്കനാട്ട് വന്നിട്ടല്ല. ഇന്റര്‍നെറ്റിലെ സ്ഥാപനത്തിന്റെ സാന്നിദ്ധ്യം നോക്കിയാണ്. 2012 ഏപ്രിലില്‍ അക്കാദമിക്ക് നല്ലൊരു ഇന്റര്‍നെറ്റ് സൈറ്റ് ഉണ്ടായി. ദിവസംതോറും അപ്‌ഡേറ്റ് ചെയ്യുന്ന, മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമവിദ്യാര്‍ത്ഥികള്‍ക്കും വലിയ പ്രയോജനം ചെയ്യുന്ന വെബ്‌സൈറ്റാണ് ഇപ്പോഴുള്ളത്. സൈറ്റിലുള്ള ഏതാനും സംഗതികള്‍ പ്രത്യേകം പറയാതെ വയ്യ.

1. ജീവിച്ചിരിക്കുന്നവരും മണ്‍മറഞ്ഞവരുമായ കേരളീയരായ പ്രമുഖ മാധ്യമപ്രവര്‍ത്തകരെ ലോകത്തിന് പരിചയപ്പെടാനുള്ള പേജ് ആദ്യത്തെ യജ്ഞമാണ്. മാധ്യമപ്രവര്‍ത്തരുടെ ഒരു ഹു ഈസ് ഹു ആയിരിക്കും ഇത്. അമ്പതോളം എന്‍ട്രികളേ ഇതുവരെ നടത്തിയിട്ടുള്ളൂ. വായനക്കാര്‍ക്കും എന്‍ട്രികള്‍ സംഭാവന ചെയ്യാവുന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ മലയാളത്തിലെ ശ്രദ്ധേയരായ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെ കുറിച്ചുമുള്ള വിവരങ്ങള്‍ ഈ സൈറ്റില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
2. കേരളത്തിലെ സര്‍വകലാശാലകളില്‍ മാധ്യമപ്രവര്‍ത്തനത്തെ കുറിച്ച് നടന്ന ഗവേഷണങ്ങളുടെയെല്ലാം പ്രബന്ധങ്ങള്‍ സൈറ്റില്‍ പ്രസിദ്ധപ്പെടുത്താം. നിരവധി ഗവേഷകര്‍ ഇപ്പോള്‍തന്നെ ഈ സൗകര്യം ഉപയോഗപ്പെടുത്തിക്കഴിഞ്ഞു.
3. ലോകത്തെവിടെയും ലഭ്യമാകുന്ന, മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രയോജനപ്പെടുന്ന ഇ ഡോക്കുമെന്റുകള്‍ സൈറ്റില്‍ ചേര്‍ത്തുവരുന്നു. സുപ്രധാനമായ പഠനങ്ങള്‍,  നിയമ രേഖകള്‍, പ്രബന്ധങ്ങള്‍ എന്നിവ ഈ ഇ ലൈബ്രറിയില്‍ ലഭ്യമാണ്.
4. അക്കാദമിയില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥികളുടെ സൃഷ്ടികള്‍ തുടങ്ങിയവയുടെ വീഡിയോകള്‍ സൈറ്റില്‍ സമാഹരിച്ചിട്ടുണ്ട്. അക്കാദമി വീഡിയോകള്‍ യൂട്യൂബിലും ലഭ്യമാണ്. ഇതിനായി ഒരു ചാനല്‍ ഒരുക്കിയിട്ടുണ്ട്.
ഇതാദ്യമായി ഫെയ്‌സ് ബുക്കില്‍ അക്കാദമിക്ക് പേജ് ഒരുക്കി സോഷ്യല്‍ നെറ്റ് വര്‍ക്കിലും നാം ചുവടുവെച്ചുകഴിഞ്ഞു. ഈ രംഗത്തും ഇനിയേറെ ചെയ്യാനുണ്ട്.

ജീവിതസായാഹ്നത്തിലെത്തി നില്‍ക്കുന്ന നമ്മുടെ മുന്‍തലമുറയെ വരാനിരിക്കുന്ന തലമുറയ്കള്‍ക്കായി വീഡിയോകളില്‍ ചിത്രീകരിക്കുന്ന പ്രവര്‍ത്തനം സംസ്ഥാനത്തുടനീളം ഇപ്പോള്‍ നടന്നുവരികയാണ്. ഇതിന്റെ ചിത്രീകരണം നടത്തുന്നത് വിക്‌റ്റേഴ്‌സ് ചാനലാണ്. പഴയ കാല പത്രപ്രവര്‍ത്തകനും കെ.യു.ഡബ്ല്യൂ. ജെ സ്ഥാപകരില്‍ ഒരാളുമായ  പി.വിശ്വംഭരനുമായുള്ള അഭിമുഖമാണ് ചാനലില്‍ ആദ്യം സംപ്രേഷണം ചെയ്തത്. അക്കാദമിയുടെ പ്ലാന്‍ ഫണ്ട് ഉപയോഗപ്പെടുത്തി നടക്കുന്നതാണ് ഈ പ്രവര്‍ത്തനം. വീഡിയോകള്‍ അക്കാദമിയുടെ സൈറ്റിലും  ക്രമേണ ദൃശ്യമാകും.

വിപുലമായ ആര്‍ക്കൈവിങ്ങിന് തുടക്കമായി

മാധ്യമരംഗത്തെ കുറിച്ചുള്ള പഠനവും ഗവേഷണവും സാധ്യമാക്കുന്ന അമൂല്യസമ്പത്താണ് നമ്മുടെ മുന്‍തലമുറക്കാര്‍ പ്രസിദ്ധപ്പെടുത്തിയ പത്രങ്ങളും ആഴ്ചപ്പതിപ്പുകളും മറ്റും. നശിച്ചുകൊണ്ടിരിക്കുന്ന ഈ അമൂല്യ പൈതൃകം സംരക്ഷിക്കേണ്ട്ത നമ്മുടെ ചുമതലയാണ്. രണ്ട് രീതിയിലാണ് അക്കാദമി ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നത്. പ്രത്യേകം നിയോഗിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് എവിടെ എന്തെല്ലാം സൂക്ഷിച്ചിരിക്കുന്നു എന്ന് കണ്ടെത്തുകയും അവയുടെ വിവരണം അക്കാദമി സൈറ്റില്‍ ലഭ്യമാക്കുകയും ചെയ്യും.

അക്കാദമിയിയിലും സ്വകാര്യ ശേഖരങ്ങളിലുമുള്ള പ്രസിദ്ധീകരണങ്ങള്‍, പുസ്തകങ്ങള്‍, രേഖകള്‍ എന്നിവ ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കും. ഈ പ്രവര്‍ത്തനം അക്കാദമിയില്‍ ആരംഭിച്ചുകഴിഞ്ഞു. ആ

അക്കാദമിയില്‍ നിലവിലുള്ള അവാര്‍ഡുകള്‍ എന്‍ഡോവ്‌മെന്റുകളെ ആസ്പദമാക്കിയുള്ളവയാണ്. അവാര്‍ഡ്തുക കാലോചിതമായി പരിഷ്‌ക്കരിക്കാനും അവാര്‍ഡുകളുടെ പൂര്‍ണ്ണ ചുമതല അക്കാദമി ഏറ്റെടുക്കാനും തീരുമാനമെടുത്തു. എഡിറ്റോറിയല്‍ മികവിന് വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, ഹ്യൂമണ്‍ ഇന്ററസ്റ്റ് സ്റ്റോറിക്ക് എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡ്, പ്രാദേശിക ലേഖകനുള്ള ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്, മികച്ച റിപ്പോര്‍ട്ടിംഗിന് ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് എന്നിവയ്ക്ക് പുറമെ ഫോട്ടോഗ്രാഫിക്കും ടെലിവിഷന്‍ റിപ്പോര്‍ട്ടിങ്ങിനും പസ് അക്കാദമി അവാര്‍ഡുകള്‍ എന്ന നിലയില്‍ 25000രൂപ വീതം അവാര്‍ഡ് തുക ഉയര്‍ത്തി. പുരസ്‌കാരവിതരണം നല്ല ഒരു ചടങ്ങായി ഒക്‌റ്റോബറില്‍ അക്കാദമിയില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.

ക്യാമ്പസ് സുന്ദരമാകുന്നു

തിരക്കേറിയ കാക്കനാട് സൈബര്‍ കേന്ദ്രത്തില്‍ ഒരു നോക്കുകുത്തിയായിരുന്നു അക്കാദമിയുടെ ആസ്ഥാനവും ക്യാമ്പസ്സും. ക്യാമ്പസ് നവീകരണത്തിന് അക്കാദമിയുടെ മുന്‍ ഭരണ സമിതി സമര്‍പ്പിച്ച ഇക്കോ ഫ്രന്റ്‌ലി ക്യാമ്പസ് പദ്ധതി സിക്രട്ടേറിയറ്റില്‍ പൊടിപിടിച്ചുകിടപ്പായിരുന്നു. 25 ലക്ഷം രൂപ ചെലവുവരുന്ന ആ പദ്ധതി പൊടിതട്ടിയെടുത്ത് നടപ്പാക്കാനായത് ചെറിയ കാര്യമായിരുന്നില്ല. ആ മാറ്റം അക്കാദമി ആസ്ഥാനത്ത് വരുന്ന ആര്‍ക്കും കണ്‍കുളിര്‍ക്കെ കാണാനാവും. കൊടുംകാടായി കിടന്നിരുന്ന ക്യാമ്പസ് വെട്ടിത്തെളിച്ച് വെളിച്ചം കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ക്യാമ്പസ്സും കെട്ടിടവും നവീകരിക്കുന്നതിന് വിഷന്‍ 2025 എന്ന ബൃഹദ് പ്ലാനിന് രൂപം കൊടുത്തുകൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷം കൊണ്ട് ക്യാമ്പസ്സിന്റയും ആസ്ഥാന മന്ദിരത്തിന്റെയും മുഖച്ഛായ മാറും എന്നുമാത്രം ഉറപ്പിച്ചുപറയട്ടെ.

33 വര്‍ഷം മുമ്പ് രൂപം കൊടുത്ത അക്കാദമി ഭരണഘടന ഇതുവരെ മാറ്റിയിട്ടില്ല. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സമഗ്രമായ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചുകഴിഞ്ഞു.

അക്കാദമി അച്ചടിമാധ്യമത്തിന്റേത് മാത്രമാണ് എന്ന പരാതിയും പരിഭവവും നിലവിലുണ്ട്. ഭാഗികമായെങ്കിലും ഈ അവസ്ഥ മാറുകയാണ്. ആദ്യമായി അക്കാദമി ദൃശ്യമാധ്യമ കോഴ്‌സ് ആരംഭിച്ചിരിക്കുന്നു. സെപ്തംബര്‍ അഞ്ചിന് കോഴ്‌സിന്റെ ഉദ്ഘാടനം മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ശ്രീ കെ.ജയകുമാര്‍ നിര്‍വഹിച്ചു. ടി.വി.ജേണലിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള പഠനക്യാമ്പുകളും പരിപാടികളും ആസൂത്രണം ചെയ്തുവരികയാണ്. ഒരു കാര്യം ഉറപ്പിച്ചു പറയാം. പ്രസ് അക്കാദമി അച്ചടിമാധ്യമക്കാരുടേത് മാത്രമല്ല, മാധ്യമരംഗത്തുള്ള എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്.

പുതിയ സിലബസ്, പുതിയ കോഴ്‌സ്

1986 മുതല്‍ നടന്നുവരുന്ന ജേണലിസം കോഴ്‌സിന് കാലാനുസൃതമായി പരിഷ്‌കരിച്ച പുതിയ  സിലബസ് അനുസരിച്ചാണ് ഇത്തവണ പഠിപ്പിക്കുന്നത്. വിദഗ്ദ്ധരുടെ ഒരു സമിതി നിരന്തരം കോഴ്‌സ് മോണിട്ടര്‍ ചെയ്യുന്നുണ്ട്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് മാത്രമായി ഒരു ഭരണസമിതി യും ഇന്‍സ്റ്റിറ്റിയൂട്ടിന് നിയമാവലിയും ഉണ്ടാക്കിയിട്ടുണ്ട്. ഫാക്കല്‍ട്ടിക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയും വിധം വിദ്യാര്‍ത്ഥികളുടെ എണ്ണം 50 ല്‍ നിന്ന് 35 ആയികുറച്ചിട്ടുണ്ട്. മാധ്യമരംഗത്ത് പരിചയമുള്ള ഒരു ഡയറക്റ്ററുടെ അഭാവം പരിഹരിക്കുന്നതിന് പുതിയ നിയമനം നടത്തുന്നുണ്ട്. എന്‍.ഡി.ക്ലര്‍ക്കിന് നല്‍കുന്ന ശമ്പളം പോലും ഡയറക്റ്റര്‍ക്ക് അനുവദിക്കാത്ത ഉദ്യോഗസ്ഥ മനോഭാവം തിരുത്തിയെടുക്കുവാന്‍ കുറച്ച് സമയമെടുത്തുവെന്ന് പറയട്ടെ.

നീണ്ടുപോയ ഈ കുറിപ്പ് , ഒരു കാര്യം കൂടി സൂചിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കാം. ഇന്ത്യയിലൊരിടത്തും ഒരു മാധ്യമ മ്യൂസിയം ഇല്ല. ലോകത്ത് പലേടത്തുമുണ്ട്. കേരളത്തില്‍ പ്രസ്  അക്കാദമിയുടെ മുന്‍കൈയോടെ ഒരു മീഡിയ മ്യൂസിയം സ്ഥാപിക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് നാം തുടക്കം കുറിച്ചുകഴിഞ്ഞു. അക്കാദമിക്കുവേണ്ടി മുന്‍ മ്യൂസിയം ഡയറക്റ്ററും മ്യൂസിയോളജിസ്റ്റുമായ ശ്രീ ചന്ദ്രന്‍പിള്ള തയ്യാറാക്കിയ പ്രൊജക്റ്റ് റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. വലിയ മുതല്‍മുടക്കും സാങ്കേതിക വൈദഗ്ദ്ധ്യവും ആവശ്യമുള്ള ഒരു പദ്ധതിയാണ് ഇത്. പറ്റുമെങ്കില്‍ അക്കാദമയുടെ കാക്കനാട് ക്യാമ്പസ്സില്‍ മ്യൂസിയം സ്ഥാപിക്കണം എന്നാണ് ആഗ്രഹിക്കുന്നത്.

അഭിമാനാര്‍ഹമായ നേട്ടങ്ങളോടെ ഭരണസമിതിയുടെ ആദ്യപാതി പിന്നിട്ടുകഴിഞ്ഞു. ഭരണസമിതിക്ക് മുഴുവന്‍ അവകാശപ്പെട്ടതാണ് ഇതിനുള്ള അഭിനന്ദനം. അക്കാദമി ജീവനക്കാരുടെ നിര്‍ലോപമായ സഹായവും സഹകരണവുമില്ലാതെ ഇത് സാധ്യമാവുമായിരുന്നില്ല.പബഌക് റിലേഷന്‍സ് വകുപ്പിന്റെ ചുതമല  വഹിക്കുന്ന മന്ത്രി കെ.സി.ജോസഫിന്റെ ആത്മാര്‍ത്ഥമായ സഹായം ഏറെ പ്രയോജനപ്പെട്ടു. ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പാക്കുന്നതിലാണ് ഇനിയുള്ള പാതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഏറെ പുതിയ പരിപാടികള്‍ 2014-15 സാമ്പത്തിക വര്‍ഷത്തിലെ പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തുന്നതിന് സമര്‍പ്പിച്ചിട്ടുമുണ്ട്.

(കെ.യു.ഡബ്ല്യൂ.ജെ പ്രസിദ്ധീകരണമായ പത്രപ്രവര്‍ത്തകന് വേണ്ടി തയ്യാറാക്കിയത് )

Leave a Reply

Your email address will not be published. Required fields are marked *

Go Top