പ്രശ്‌നമോ പ്രതിസന്ധിയോ?

ഇന്ദ്രൻ

ഈ പ്രതിപക്ഷക്കാര്‍ക്കും പത്രക്കാര്‍ക്കും ലവലേശമില്ലാത്ത വസ്തുവാണ് സാമാന്യബുദ്ധി എന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു, അതിന് പ്രത്യേക തെളിവൊന്നും ആവശ്യമില്ലെങ്കിലും. രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇക്കൂട്ടര്‍ വിളിച്ചുചോദിച്ചത് – എന്തേ മാണിസാറിനെ മുഖ്യമന്ത്രിയാക്കിക്കൂടേ എന്ന്. ഇക്കൂട്ടര്‍ ഇപ്പോള്‍ പറയുന്നത് നേരേ തിരിച്ചാണ്. മാണിസാറിന്റെ അതിവിദഗ്ധമായ ഭരണം കാരണം കേരളം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണത്രെ.

ഈ അവസ്ഥ കേരളീയര്‍ അവരുടെ ഏറ്റവും മോശം ദുഃസ്വപ്നത്തില്‍പ്പോലും കണ്ടതല്ല. ക്രമസമാധാനവും അഴിമതിയുമൊക്കെ പെരുകി കേരളം അഗാധഗര്‍ത്തത്തില്‍ വീണാലും സാരമില്ല, സാമ്പത്തികപ്രശ്‌നത്തെക്കുറിച്ച് മാത്രം നമ്മളിനി പേടിക്കേണ്ട എന്നുറപ്പിച്ച് സമാധാനമായി ഉറങ്ങുകയായിരുന്നു കുറേക്കാലമായി കേരളീയര്‍. കാരണം, കേരളം ഭരിക്കുന്നത് ഇടതുപക്ഷമാകട്ടെ, മറ്റേ പക്ഷമാകട്ടെ ധനതത്ത്വശാസ്ത്രത്തില്‍ നമ്മളെ കഴിച്ചേ ലോകത്ത് ആരും വരൂ. ഒരു ഭാഗത്ത് മാണിസാര്‍. ജോണ്‍ മെയ്‌നാഡ് കെയിന്‍സിനുശേഷം ഇതുപോലൊരു പ്രതിഭ ആ രംഗത്ത് ഉണ്ടായിട്ടില്ല. മാണിസാറിന്റെ പേരിന് മുന്നില്‍വെക്കാന്‍ ഒരു ഡോ ഇല്ല എന്നത് ഒരു കുറവേ അല്ല. സാമ്പത്തിക മാനേജ്‌മെന്റ് അരച്ചുകലക്കിക്കുടിച്ച ആളാണ്. സാറിനെ വെല്ലുന്ന ആരെങ്കിലും ഇനി ജനിച്ചാലായി.

ലോകബാങ്ക് പ്രസിഡന്റിന് വല്ല സംശയവും ഉണ്ടായാല്‍ ഇങ്ങോട്ട് വിളിക്കാറാണ് പതിവ്. അതുകൊണ്ട് യു.ഡി.എഫ്. ഭരിക്കുമ്പോള്‍ ആരും ഒന്നും പേടിക്കേണ്ട. ഭരിക്കുന്നത് എല്‍.ഡി.എഫ്. ആണെങ്കിലോ? അപ്പോഴും വേണ്ട പേടി. ചൈനാ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വാങ് ഗാങ്ങിന് സംശയംവന്നാലും വിളിക്കാവുന്ന ആളാണ് മാരാരിക്കുളം ഫെയിം ജുബ്ബക്കാരന്‍ താടിക്കാരന്‍. പാലാക്കാരന്‍ ബജറ്റ് അവതരിപ്പിച്ചാല്‍ മാരാരിക്കുളക്കാരന്‍ ഖണ്ഡനവിമര്‍ശനം നടത്തും. മറിച്ചും. തലനാരിഴയ്ക്ക് വിട്ടുകൊടുക്കില്ല. പിന്നെന്തുപേടിക്കാന്‍? കാലം കുറേയായി രണ്ടുപേരും പരസ്​പരം തിരുത്തിക്കളിക്കുകയായിരുന്നു. എന്നിട്ടെന്തായി, സുഖനിദ്ര ഗ്യാറണ്ടീഡ് അല്ല എന്ന് മനസ്സിലായി. ധനപ്രതിസന്ധി വന്നിരിക്കുന്നുവത്രെ… ധനപ്രതിസന്ധി… രക്ഷപ്പെട്ടുകൊള്ളുവിന്‍… വല്ല കുണ്ടിലോ കുഴിയിലോ ചാടി രക്ഷപ്പെട്ടുകൊള്ളുവിന്‍…

ഭാഗ്യവശാല്‍, മാണിസാറോ ധനവകുപ്പോ ഇതംഗീകരിക്കുന്നില്ല. ഇപ്പോള്‍ മുന്നിലുള്ള ജന്തു, പ്രതിസന്ധി എന്ന സ്​പീഷീസില്‍ പെട്ടതല്ല എന്നാണ് ധനവകുപ്പ് വിസ്തരിച്ച് തയ്യാറാക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. ഇത് വെറുമൊരു പ്രശ്‌നം മാത്രമാണ്. കാട്ടുപൂച്ചയെ കണ്ട് പുലിയാണെന്ന് പറഞ്ഞാല്‍ സമ്മതിക്കാന്‍ ഒക്കില്ല. പുലി പുലിയാണ്, പൂച്ച പൂച്ചയാണ്. പെരുത്ത കടമുണ്ട്. ഓണത്തിന് ഇരട്ടശമ്പളം കൊടുക്കാന്‍ കാശില്ല. സപ്തംബര്‍ പാതിക്കുമുമ്പ് 2,500 കോടി കൈയില്‍ കിട്ടിയില്ലെങ്കില്‍ ഓണം കുളമാകും. ട്രഷറി പൂട്ടും. നാണക്കേടാകും. സോളാറും മറ്റും ഉണ്ടാക്കിയ നാണക്കേടിനേക്കാള്‍ വലുത് ട്രഷറിയല്ല, സെക്രട്ടേറിയറ്റ് പൂട്ടിയാലും വരാനില്ലെന്നത് വേറെ കാര്യം (ഒരു സാമ്പിള്‍ ആയി രണ്ടുദിവസം സെക്രട്ടേറിയറ്റ് പൂട്ടിനോക്കിയതുമാണ്). കൊടുക്കാനുള്ളതൊക്കെ ലാവിഷായി കൊടുത്തതുകൊണ്ടുമാത്രമാണ് ഇപ്പോള്‍ ഈ പ്രശ്‌നം ഉണ്ടായതെന്ന് എന്തേ ഈ പ്രതിപക്ഷക്കാരും പത്രക്കാരും താടി, ജുബ്ബക്കാരുമൊന്നും മനസ്സിലാക്കാത്തത്?

കുടിശ്ശിക ചോദിച്ചവര്‍ക്ക് കുടിശ്ശിക കൊടുത്തു. ട്രാന്‍. കോര്‍പ്പറേഷന്‍ 150 കോടി ചോദിച്ചു, ഉടനെ കൊടുത്തു. വൈദ്യുതി ബോര്‍ഡിന് 205 കോടി നീക്കിവെച്ചു, പാതി കൈയില്‍ കൊടുത്തു. വിലക്കയറ്റം തടയാന്‍ കൊടുത്തു കുറേ കോടി, റോഡ് നന്നാക്കാന്‍ കൊടുത്തു… ചോദിച്ച സകലതിനും കൊടുത്തു. ചോദിക്കുന്നവരോട് മാത്രമല്ല ലാവിഷായത്. നികുതി കൊടുക്കാന്‍ വയ്യെന്ന പരാതിയുമായി വന്നവര്‍ക്കെല്ലാം മനസ്സറിഞ്ഞ് സഹായം ചെയ്തതുകൊണ്ടും വേറെ പുറത്തുപറയാന്‍ കൊള്ളാത്ത പല കാരണങ്ങള്‍ കൊണ്ടും വരുമാനം കുറയുകയും ചെയ്തു. അത്‌കൊണ്ടാണ് ഇന്നത്തെ പ്രശ്‌നം ഉണ്ടായത്. പ്രശ്‌നം മാത്രം, പ്രതിസന്ധിയല്ല. പ്രതി എന്ന രണ്ടക്ഷരമുള്ള വാക്കുമാത്രം ആരും മിണ്ടിപ്പോകരുത്. പലരും ‘പ്രതി’കളായിട്ടാണ് ഇവിടെ ഒരു സര്‍ക്കാര്‍ ‘പ്രതി’ച്ഛായ തകര്‍ന്ന് അവശനിലയിലായത്. അതിനുശേഷമിനി വേറൊരു ‘പ്രതി’സന്ധികൂടി വയ്യ.

ചോദിക്കുന്നവര്‍ക്കെല്ലാം മുന്‍പിന്‍ നോട്ടമില്ലാതെ എടുത്തുകൊടുത്ത് ഗതിയില്ലാതാകുന്നതിനെ നാം നിത്യജീവിതത്തില്‍ വേറെ പലപേരുകളുമാണ് വിളിക്കുക. അത്തരമാളുകള്‍ പലരും വിഷമോ ഒരു മീറ്റര്‍ കയറോ വാങ്ങി ജീവനൊടുക്കുകയാണ് ചെയ്യുക. സര്‍ക്കാര്‍ ആവുമ്പോള്‍ അതുവേണ്ട. ഏറിയാല്‍ ട്രഷറി പൂട്ടിയാല്‍ മതി. പ്രശ്‌നം പ്രതിസന്ധിയിലേക്ക് ഒറ്റയടിക്ക് കടക്കുകയില്ല. ഘട്ടംഘട്ടമായാണ് മരണം സംഭവിക്കുക. ട്രഷറി പൂട്ടുക എന്ന് പറഞ്ഞാല്‍ സര്‍ക്കാറിന്റെ ചെക്കും കൊണ്ട് ട്രഷറിയില്‍ ചെന്നാല്‍ അങ്ങോട്ട് കേറ്റില്ല എന്നര്‍ഥം. ബാങ്കാണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ ബാങ്ക് പൊളിഞ്ഞു എന്നാണ് പറയുക. ബാങ്കുകാരെ ഉടന്‍ തിരഞ്ഞുപിടിച്ച് ജയിലിലാക്കും. സര്‍ക്കാര്‍ ആകുമ്പോള്‍ പണംകിട്ടണമെന്ന് വാശിപിടിക്കുന്നവനെയാണ് ജയിലിലാക്കുക. അങ്ങനെ പല സൗകര്യങ്ങളുമുണ്ട്. യഥാര്‍ഥത്തില്‍ പ്രതിസന്ധിപോലും വലിയ പ്രശ്‌നമല്ല. അതിനപ്പുറം എന്തെല്ലാം ഘട്ടങ്ങളുണ്ടെന്നോ… പല പ്രതിസന്ധികള്‍ പ്രകടനമായി വരുന്ന ഒരു ഘട്ടമുണ്ട്. മൊത്തം പാപ്പരാവുന്ന ഘട്ടം. അന്ത്യം ചിന്ത്യം. അതിനിനി എത്രദൂരം ബാക്കിനില്‍ക്കുന്നു.

സര്‍ക്കാറും മുന്നണിയും മന്ത്രിയും കൊടിയുടെ നിറവും ഒക്കെ മാറും എന്നേ ഉള്ളൂ. ഭാഷ മാറില്ല. ഓര്‍മയുണ്ടോ പഴയ പ്രതിസന്ധി? അധികം കാലമൊന്നും മുമ്പല്ല ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയും ശിവദാസമേനോന്‍ ധനകാര്യമന്ത്രിയും ആയി ഇടതുഭരണം പൊടിപൊടിച്ചത്. ട്രഷറി സ്ഥിരമായി പൂട്ടിയതുകൊണ്ട് പൂട്ട് തുരുമ്പെടുത്തകാലം. കടുത്ത പ്രതിസന്ധി എന്ന് പ്രതിപക്ഷം മുറവിളികൂട്ടി. അന്ന് മുഖ്യമന്ത്രി നായനാര്‍ തറപ്പിച്ചുപറഞ്ഞു – ഇതുവെറും സാമ്പത്തികപ്രശ്‌നം മാത്രം, പ്രതിസന്ധി അല്ലേയല്ല. ‘വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിക്കല്ലേ’ എന്ന് കവി പാടിയതുപോലെ. ഒടുവില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ വിവരമറിഞ്ഞു. ഇടതുമുന്നണിതന്നെ പ്രതിസന്ധിയിലായി.

പ്രതിസന്ധി ആവട്ടെ, ബജറ്റ് ഉള്‍പ്പെടെ മറ്റെന്തുമാകട്ടെ. ഒരേ വാക്കുകളും ഒരേ വിമര്‍ശനവും ഒരേ കണക്കുകളും മതി ഇരുപക്ഷത്തിനും. എതിര്‍പക്ഷം ഭരണത്തിലുള്ളപ്പോള്‍ പറയുന്നത് സ്വന്തം മുന്നണി ഭരിക്കുമ്പോള്‍ പറയരുതെന്ന് മാത്രം. പത്രപ്രസ്താവനയില്‍പ്പോലും പേര് മാറ്റിയാല്‍ മതി. വി.എസ്. എന്നത് ഉമ്മന്‍ചാണ്ടി എന്നാക്കണം, മറിച്ചും. വേറെ പ്രശ്‌നമില്ല.

* * *

മാണിസാറിനെയും തോമസ് ഐസക് സാറിനെയുമെല്ലാം വെല്ലുന്ന ലോക സാമ്പത്തികശാസ്ത്രജ്ഞന്‍ അഞ്ചുപത്തുവര്‍ഷമായി ഭരിക്കുന്ന ഇന്ത്യാ മഹാരാജ്യം സ്വര്‍ഗതുല്യമായ അവസ്ഥയിലെത്തേണ്ട സമയമായി. സാമ്പത്തികശാസ്ത്രത്തിലും രാഷ്ട്രീയജ്ഞാനത്തിലും ഡോ. മന്‍മോഹന്‍ജിയെ കവച്ചുവെക്കുന്ന ഒരു പ്രധാനമന്ത്രി ലോകത്തില്ല. പിന്നെ സ്വര്‍ഗരാജ്യം പണിതുയര്‍ത്താന്‍ എന്ത് തടസ്സം!

പക്ഷേ, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് കേള്‍ക്കുന്നത്. രൂപയ്ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പുല്ലുവില എന്ന് പറയുന്നതുപോലും വസ്തുതാപരമായി ശരിയല്ല. പുല്ലിന് ഇക്കാലത്ത് വലിയ വിലയാണ്. വളര്‍ച്ച താഴോട്ട്, മാന്ദ്യം മേലോട്ട്. ഇതാണ് ഇന്ത്യന്‍ അവസ്ഥ. പ്രതിസന്ധി തീരുമ്പോഴേക്ക് ജനത്തിന്റെ നടുവൊടിയും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ആകെ ഒരു സമാധാനം അതേ ഉള്ളൂ. വിദഗ്ധര്‍ പറയുന്നത് സംഭവിക്കാറ് പതിവില്ലല്ലോ.

ഗള്‍ഫിലെത്താന്‍വേണ്ടി പുരയും പറമ്പും പണയംവെച്ച് പണംകൊടുത്ത് ഉരുവില്‍ കേറിയവര്‍ രാത്രി കേരളത്തിലെ കടലോരത്തുതന്നെ നീന്തിക്കയറുന്നതായി ചിത്രീകരിച്ച സിനിമപോലെയാണ് ഇന്ത്യയുടെ നില. 1991-ല്‍ ലോകബാങ്കില്‍ സ്വര്‍ണം പണയംവെച്ചാണ് തടികാത്തത്. പിന്നെ ആഗോളീകരണ-ഉദാരീകരണ വിമാനത്തിലായിരുന്നു യാത്ര. വികസിതമായ മധുരമനോജ്ഞ ഭാരതത്തിലാണ് ഇനി ലാന്‍ഡ് ചെയ്യുക എന്നാണ് പറഞ്ഞിരുന്നത്. ഇതാ നമ്മള്‍ പുറപ്പെട്ട ’91-ല്‍ തന്നെ തിരിച്ചെത്തിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Go Top