ന.മോ.യുടെ അദ്ഭുതവൃത്തികള്‍

ഇന്ദ്രൻ

ഭാവിപ്രധാനമന്ത്രിയുടെ സത്കര്‍മങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. അദ്വാനി ആരാധകര്‍ മുതല്‍ കൊടിയ രാഷ്ട്രശത്രുക്കള്‍വരെ നരേന്ദ്രമോഡിജിയുടെ യശസ്സില്‍ കരിയോയില്‍ ഒഴിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നുണ്ടെന്നത് സത്യം. പക്ഷേ, അവരുടെ എല്ലാ കുടിലശ്രമങ്ങള്‍ക്കും മീതെ ഉയര്‍ന്നുപറക്കുകയാണ് ന.മോ.യുടെ കീര്‍ത്തി. ലിസ്റ്റില്‍ ഒടുവിലുള്ള രണ്ടില്‍ ആദ്യത്തേത് നാലഞ്ച് രാഷ്ട്രശത്രുക്കളെ ഗുജറാത്ത് പോലീസ് പച്ചയ്ക്ക് വെടിവെച്ചുകൊന്നു എന്നതാണ്. ഈ രാജ്യസേവനത്തിന് വ്യാജഏറ്റുമുട്ടല്‍ക്കൊല എന്നാണ് വ്യാജമതേതരക്കാര്‍ വിളിക്കുന്ന പേര്. അവരുടെ പോലീസ് ഇതിന്റെ പേരില്‍ കേസുണ്ടാക്കുകയും ചെയ്യുന്നു. സംഗതി സബ്ജുഡിസ് ആണ്. കോടതിക്കുപുറത്ത് ചര്‍ച്ച പാടില്ല. രണ്ടാമത്തേത് ഉത്തരാഖണ്ഡിലെ അദ്ഭുതപ്രവൃത്തിയാണ്. അതിനെക്കുറിച്ച് ആജീവനാന്ത ചര്‍ച്ചയാകാം.
പ്രളയത്തില്‍ കുടുങ്ങിപ്പോയ 15,000 ഗുജറാത്തികളെ ന.മോ. പറന്നുചെന്ന് ഒരുദിവസംകൊണ്ട് രക്ഷപ്പെടുത്തിയെന്ന് കേട്ടപ്പോഴുണ്ടായ രോമാഞ്ചം ഇപ്പോഴും എഴുന്നുനില്‍ക്കുകയാണ്. മാധ്യമങ്ങളിലും സോഷ്യല്‍ മാധ്യമങ്ങളിലും അക്കഥ പാടി രസിക്കുകയായിരുന്നു മോഡിയാരാധകര്‍. ഇംഗ്ലീഷ് സിനിമകളില്‍ റാംബോ എന്നൊരു കഥാപാത്രമുണ്ടല്ലോ. ശത്രുവിനെ തുരത്താനായാലും ശരി മിത്രത്തെ രക്ഷിക്കാനായാലും ശരി, എന്തും ചെയ്യും ഗുജറാത്തി റാംബോ ആയി ന.മോ. സീതയെ രക്ഷിക്കാന്‍ ഹനൂമാന്‍ കടല്‍ ചാടിക്കടന്ന് ലങ്കയില്‍ പോയതാണ് ജനത്തിന് ഓര്‍മവന്നത്. അദ്ഭുതകഥകളുടെ ഒരു കുഴപ്പം ആഴ്ചയൊന്ന് കഴിയുമ്പോള്‍ അതിന് താനേ കാറ്റുപോകും എന്നതാണ്.

80 ഇന്നോവകാറുകള്‍ ഇറക്കിയാണ് രക്ഷാപ്രവര്‍ത്തനം വിജയകരമായി നിര്‍വഹിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. റോഡ്തന്നെ ഇല്ലാതായ നാട്ടിലെങ്ങനെയാണ് ഇന്നോവ ഓടിയതെന്നായി ചോദ്യം. 15,000 പേരെ രക്ഷിക്കാന്‍ എത്ര ഹെലികോപ്റ്റര്‍ ഇറക്കിയിരിക്കാം എന്നായി അടുത്ത അസംബന്ധചോദ്യം. പട്ടാളം ആഴ്ചകള്‍ ചത്തുപണിയെടുത്ത് രക്ഷപ്പെടുത്തിയത് 40,000 പേരെയാണ്. ന.മോ. ഒരുദിവസംകൊണ്ട് രക്ഷിച്ചത് 15,000 പേരെയും! 80 ഇന്നോവകാറുകള്‍ക്ക് ഇത്രയും പേരെ സമതലത്തിലെത്തിക്കാന്‍ 10 ദിവസം ചുരുങ്ങിയത് വേണ്ടിവരുമെന്ന് ചില ട്രാന്‍സ്‌പോര്‍ട്ട് വിദഗ്ധര്‍ കണക്കുകൂട്ടുന്നുണ്ടായിരുന്നു. ദുരന്തം ഒരു ദേശീയ ദുരന്തമായിരിക്കെ, മുഖ്യമന്ത്രിമാര്‍ ലോറിയും ഓട്ടോറിക്ഷയുമായി വന്നാല്‍ ഉപദ്രവമാകുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കര്‍ശനമായി വിലക്കുമ്പോഴാണോ ഒരു മുഖ്യമന്ത്രി മുന്തിയ കാറുകളും ബസ്സുകളുമായി വന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്? രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുള്ളവര്‍ നിന്ന് നരകിക്കുമ്പോള്‍ ഭാവിപ്രധാനമന്ത്രി എങ്ങനെ സ്വന്തം സംസ്ഥാനക്കാരെമാത്രം തിരഞ്ഞുപിടിച്ച് രക്ഷിച്ചു എന്നായി ചില സംശയരോഗികളുടെ അന്വേഷണം.

സത്യം പറയണമല്ലോ, പതിനയ്യായിരത്തിന്റെ കഥയൊന്നും നരേന്ദ്രമോഡി പറഞ്ഞതല്ല. വിനയവാനായതുകൊണ്ട് ഇത്തരം അവകാശവാദങ്ങളൊന്നും ഉന്നയിക്കാറില്ല. പതിനയ്യായിരം പേരെ രക്ഷിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ നെഞ്ചളവ് ഇനിയും കൂട്ടാന്‍ കഴിയില്ല. അത് മാക്‌സിമത്തില്‍ നില്‍ക്കുകയാണല്ലോ. കണക്കൊന്നും പറഞ്ഞിട്ടേയില്ലെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞപ്പോള്‍, പിന്നെ ആരുപറഞ്ഞതാണെന്ന അന്വേഷണമായി പാര്‍ട്ടി. പ്രസിഡന്റ് രാജ്‌നാഥ്‌സിങ് മോഡിയെത്തന്നെ വിളിച്ചുചോദിച്ചു. സംഗതി മാധ്യമസൃഷ്ടിയാണെന്ന നിഗമനത്തിലെത്തി പാര്‍ട്ടി. അങ്ങനെവിട്ടാല്‍ പറ്റില്ലല്ലോ. ദേശീയപത്രങ്ങളും അന്വേഷണമായി. ഒടുവിലിതാ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍ കണ്ടെത്തിയിരിക്കുന്നു- ഉത്തരാഖണ്ഡിലെ ഹല്‍ഡ്വാണിയിലെ പാര്‍ട്ടിവക്താവ് പറഞ്ഞതാണ് പതിനയ്യായിരത്തിന്റെ കണക്ക്. പക്ഷേ, അയാള്‍ക്കും ന്യായീകരണമുണ്ട്. രക്ഷിച്ചുകൊണ്ടുപോയി എന്നല്ല പറഞ്ഞത്. മോഡിയുടെ വരവ് പതിനയ്യായിരം ഗുജറാത്തുകാര്‍ക്ക് പ്രയോജനപ്പെട്ടു എന്നാണ്. ഉള്ളിയുടെ തോല് പൊളിച്ചുപൊളിച്ച് ചെന്നാല്‍ അവസാനത്തെ ഒരു തുമ്പുണ്ടല്ലോ, അതാണ് ഇത്.

വേറെയും ചില വിവരങ്ങള്‍ അന്വേഷകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മോഡിയല്ല, അദ്ദേഹത്തിന്റെ പ്രതിച്ഛായനിര്‍മാണ സ്ഥാപനമായ അപ്‌കോ വേള്‍ഡ് വൈഡ് ആണ് ഇക്കഥ സൃഷ്ടിച്ചതത്രേ. അമേരിക്കന്‍ കമ്പനിയാണ്. ചില്ലറക്കാരല്ല ഇവര്‍. കസാഖിസ്താനിലെയും അസര്‍ബൈജാനിലെയും തുര്‍ക്‌മെനിസ്താനിലെയും നൈജീരിയയിലെയുമെല്ലാം ഏകാധിപതിമാര്‍ക്ക് പ്രതിച്ഛായ സമാവറില്‍ തിളപ്പിച്ചെടുക്കുന്നത് ഇവരത്രേ. പുകവലികൊണ്ട് ഗുണമേയുള്ളൂവെന്ന് ജനത്തെ വിശ്വസിപ്പിക്കാന്‍ സിഗരറ്റ്കമ്പനികളുടെ വക്കാലത്ത് എടുത്ത കൂട്ടര്‍ക്ക് എന്താണ് പാടില്ലാത്തത്? ആറുവര്‍ഷംമുമ്പ് വൈബ്രന്‍ഡ് ഗുജറാത്ത് പൊലിപ്പിച്ചെടുക്കാന്‍ ഇവര്‍ക്ക് മാസം 25,000 ഡോളറാണ് കൂലി കൊടുത്തിരുന്നതത്രേ. ഒരു പ്രധാനമന്ത്രിയെ സൃഷ്ടിച്ചെടുക്കാന്‍ മാസം എന്ത് ചെലവുവരുമെന്ന് അറിഞ്ഞുവെക്കുന്നത് നല്ലതാണ്.
പക്ഷേ, നാട്ടിന്‍പുറത്ത് പറയുന്നതുപോലെ വാര്‍ക്കുമ്പോള്‍ കാതുള്ള ചെമ്പ് വാര്‍ക്കണം. എങ്കിലേ പിടിക്കാന്‍ കിട്ടൂ. ഇല്ലെങ്കില്‍ വീണ് പൊട്ടിപ്പൊളിഞ്ഞുപോകും. വേറെ പ്രശ്‌നമൊന്നുമില്ല.

* * * *

കേരളത്തില്‍നിന്നുള്ള തീര്‍ഥാടകരും കുടുങ്ങിപ്പോയിരുന്നു ഉത്തരാഖണ്ഡില്‍. അവരെ കൊണ്ടുവരാന്‍ മലയാളിറാംബോമാരൊന്നും കുതിച്ചുചെല്ലാഞ്ഞതില്‍ പരിഭവവും പരാതിയും സ്വഭാവികംമാത്രം. പക്ഷേ, വലിയ പ്രതിഷേധമുണ്ടായത് ഇവിടെനിന്നുപോയ സന്ന്യാസിമാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിലാണ്. യുക്തിവാദികള്‍ക്ക് എന്തും പറയാം. തീര്‍ഥാടകരെയും സന്ന്യാസിമാരെയും രക്ഷിക്കാന്‍ ദൈവം ഹെലികോപ്റ്റര്‍ അയയ്ക്കട്ടെയെന്നുമാത്രം അവര്‍ പറയില്ല. കാരണം, അവര്‍ക്ക് ദൈവമില്ലല്ലോ! സന്ന്യാസിമാര്‍ സത്യാഗ്രഹം ഇരിക്കേണ്ടത് സന്ന്യാസിമാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെടാനല്ല, സാധാരണ തീര്‍ഥാടകരെ രക്ഷിക്കണമെന്ന് ആവശ്യപ്പെടാനാണ് എന്നുംമറ്റും പ്രസ്താവനയിറക്കാം. അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ എന്ന് പറഞ്ഞതുപോലെ, സ്വന്തം കാര്യം വരുമ്പോഴാണോ സിദ്ധാന്തം പറയേണ്ടത്.
ഇന്നോവകാര്‍ അയച്ചുതരട്ടേയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി വിളിച്ചുചോദിച്ചെന്നും ഇവിടെനിന്ന് ഉമ്മന്‍ചാണ്ടി ഏതാനും നാനോ കാര്‍ എങ്കിലും അയച്ചുതരുമെന്ന പ്രതീക്ഷയില്‍ അത് നിരസിച്ചെന്നും സന്ന്യാസിമാര്‍ പറഞ്ഞതായി കേള്‍ക്കുന്നുണ്ട്. സത്യമാവാനിടയില്ല. പ്രളയഭൂമിയില്‍ മരണത്തെ മുന്നില്‍ക്കണ്ടുനില്‍ക്കുന്നവര്‍ കാളവണ്ടിയില്‍ പിടിച്ചുതൂങ്ങിയും രക്ഷപ്പെടും. ബദരീനാഥിലെ ബോലാനന്ദ ആശ്രമത്തില്‍ സാമാന്യം ഭേദപ്പെട്ടനിലയില്‍ കഴിയുന്നവര്‍ക്ക് അങ്ങനെ ധൃതിപ്പെടേണ്ട കാര്യമൊന്നുമില്ലല്ലോ. ബദരീനാഥിലെ ആസ്ഥാന പുരോഹിതനായ റാവല്‍ജിയുടെ സഹായമുണ്ടായിട്ടുംകേരള സന്ന്യാസിമാര്‍, തങ്ങളെ കേരള സര്‍ക്കാര്‍ ഹെലികോപ്റ്ററയച്ചുതന്നെ രക്ഷപ്പെടുത്തണമെന്ന് വാശിപിടിച്ചതായി പത്രവാര്‍ത്തയുണ്ട്. അതും മാധ്യമസൃഷ്ടിയാവും. ഇനി സത്യമാണെങ്കില്‍ത്തന്നെ അത് തെറ്റല്ല. എല്ലാവരെയുംപോലെ റോഡ്മാര്‍ഗം പോവേണ്ടവരല്ല തങ്ങള്‍ എന്നുതോന്നിയാല്‍ അവരെ കുറ്റപ്പെടുത്തുന്നതെങ്ങനെ?

മരണം താണ്ഡവനൃത്തം ചവിട്ടുന്ന പ്രളയഭൂമിയില്‍ ഒരുവശത്ത് രാഷ്ട്രീയനേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള അല്പത്തം നിറഞ്ഞ വിക്രിയകള്‍, തന്‍പോരിമ കാട്ടുന്ന ചെറിയ മനുഷ്യര്‍, കൊള്ളകള്‍, തട്ടിപ്പുകള്‍, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്. ബലാത്സംഗംപോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു ആ പുണ്യഭൂമിയില്‍നിന്ന്. പാലുള്ള അകിട്ടില്‍ ചോരതന്നെ കൊതുക് നോക്കുന്നത്. ആദര്‍ശവും ആത്മീയതയും ഒന്നും നെറ്റിയിലൊട്ടിച്ചുനടക്കാത്തതിന്റെ ദോഷമാവും, നാല് കുറ്റംപറയിപ്പിക്കാന്‍ പട്ടാളക്കാര്‍ക്കുമാത്രം കഴിഞ്ഞില്ല. മോശമായിപ്പോയി.

* * *

66 വര്‍ഷമായി കോണ്‍ഗ്രസ് ഭരണകക്ഷി-പ്രതിപക്ഷം കളിക്കാന്‍ തുടങ്ങിയിട്ട്. ഇപ്പോഴിതാ സോളാര്‍ ഫെയിം സരിതാനായര്‍ വേണ്ടിവന്നു പാര്‍ട്ടിയെ ഒരു പാഠം പഠിപ്പിക്കാന്‍. മന്ത്രിമാരെ പാര്‍ട്ടി കയറൂരിവിട്ടതിന്റെ ഫലമാണത്രേ യു.ഡി.എഫ്. ഇപ്പോള്‍ അനുഭവിക്കുന്ന ധനനഷ്ടം, ആള്‍നഷ്ടം, മാനനഷ്ടം തുടങ്ങിയ സകലമാന ദുരന്തങ്ങളും. മന്ത്രിമാരെ പാര്‍ട്ടി നിയമിക്കുന്നു. പിന്നെയെല്ലാം മന്ത്രിയായി, മന്ത്രിയുടെ പാടായി. മന്ത്രിമാരുടെ സ്റ്റാഫിനെ നിയമിക്കുന്നതില്‍ പാവപ്പെട്ട കെ.പി.സി.സി. പ്രസിഡന്റിനെ അടുപ്പിക്കുകയേ ഇല്ല. ഇനിമേല്‍ അത് നടപ്പില്ല. ഇനി എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നിതാ പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരിക്കുന്നു.

കളി കൈവിട്ടുപോയിരിക്കുന്നു എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണല്ലോ പേഴ്‌സണല്‍ സ്റ്റാഫിന് പെരുമാറ്റച്ചട്ടം ഉണ്ടാക്കിയത്. ഉണ്ടാക്കിയത് പാര്‍ട്ടിയാണോ ഉദ്യോഗസ്ഥരാണോ എന്ന് വ്യക്തമല്ല. ആകപ്പാടെ ഒരു സമാധാനമുള്ളത് മന്ത്രിസഭ അധികാരത്തില്‍ വന്നാല്‍ കൊല്ലം മൂന്ന് കഴിയും കോര്‍പ്പറേഷനും ബോര്‍ഡുകളുമെല്ലാം ഓഹരിവെച്ച് നിയമനം നടത്താന്‍. പേഴ്‌സണല്‍ സ്റ്റാഫ് നിയന്ത്രണം പതിന്മടങ്ങ് സങ്കീര്‍ണമാണ്. അഞ്ചുവര്‍ഷ കാലാവധിയോട് അടുക്കുമ്പോഴേ അതുണ്ടാകാന്‍ വഴിയുള്ളൂ. അതുവരെ ഒന്നോ രണ്ടോ ബുദ്ധിയുള്ള ഐ.എ.എസ്സുകാരെവെച്ച് കാര്യംനടത്തിയാല്‍ ഭരണം അടിപൊളിയാവും. ജനത്തിന് അത്രയും നികുതിപ്പണം ലാഭമാവുകയും ചെയ്യും.

 

One thought on “ന.മോ.യുടെ അദ്ഭുതവൃത്തികള്‍

  1. സർ,‘മോഡി‘ വന്നാലും, ‘താടി‘ വന്നാലും, ഞമ്മക്ക് ‘കാടി‘ തന്നെ നിശ്ചയം!

Leave a Reply

Your email address will not be published. Required fields are marked *

Go Top