ആന്റണിയുടെ വഹ

ഇന്ദ്രൻ

സാഹിത്യകാരനായതുകൊണ്ടാവണം, കെ.വി.തോമസിനേ അത് മനസ്സിലായുള്ളൂ. ആന്റണി പറഞ്ഞത് പച്ചമലയാളമാണ്. പച്ചയുടെ കാര്യംവന്നാല്‍ ആളുകള്‍ക്ക് സംശയമാണ്. ഈയിടെയായി പച്ചബ്ലൗസ് കണ്ടാല്‍പോലും അതില്‍ വിദ്യാഭ്യാസവകുപ്പിന്റെയോ വ്യവസായവകുപ്പിന്റെയോ ഇടപെടല്‍ സംശയിക്കുകയാണ് ജനം. ആന്റണിയുടെ പച്ചമലയാളം അത്യന്താധുനിക സാഹിത്യംപോലെ ദുര്‍ഗ്രഹമായിരുന്നു. കെ.വി.തോമസിന് സംഗതി മനസ്സിലായി. മുഖ്യമന്ത്രിക്ക് അത്തരം സാഹിത്യസിദ്ധികളൊന്നുമില്ല. അതുകൊണ്ട് ആന്റണിയുടെ പ്രസംഗംകേട്ട്, ഇതെന്ത് സംസ്‌കൃതമോ ഫ്രഞ്ചോ എന്നറിയാതെ അദ്ദേഹം തരിച്ചിരുന്നുപോയി. പ്രസംഗാനന്തരം ആന്റണി ഉമ്മന്‍ചാണ്ടിയെക്കണ്ട് സ്വന്തം പ്രസംഗം വ്യാഖ്യാനിച്ച് ബോധ്യപ്പെടുത്തിയെന്നും അതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സമനില വീണ്ടെടുത്തുവെന്നുമാണ് റിപ്പോര്‍ട്ട്.

എന്നാല്‍, ശേഷം ജനനേതാക്കളുടെയും മാധ്യമപണ്ഡിതരുടെയും സ്ഥിതി കഷ്ടമാണ്. അവര്‍ക്കൊന്നും മനസ്സിലായിട്ടില്ല. പ്രസംഗത്തിന്റെ അര്‍ഥം വ്യാഖ്യാനിക്കുന്നതിന് നിരവധി രാഷ്ട്രീയ, മാധ്യമ, ഭാഷാ, ബഹുഭാഷാ പണ്ഡിതന്മാര്‍ രംഗത്തുവന്നിട്ടുണ്ട്. പ്രസംഗത്തിന്റെ ശബ്ദറെക്കോഡുകള്‍ അവര്‍ പരിശോധിച്ചു. പ്രസംഗം മനസ്സിലായില്ലെങ്കിലും പ്രസംഗിച്ചതൊന്നുമല്ല പത്രത്തില്‍ വന്നതെന്ന് മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടുണ്ട്. പ്രസംഗം റിപ്പോര്‍ട്ട്‌ചെയ്യാനും അതിനെ വ്യാഖ്യാനിക്കാനും ഇക്കാലത്ത് ഭാഷ മാത്രമറിഞ്ഞാല്‍ പോര. ശരീരഭാഷയും അറിയണം. ശരീരഭാഷാപഠനത്തില്‍ ബിരുദാനന്തരബിരുദമുള്ളവര്‍ക്കാണ് ദൃശ്യമാധ്യമങ്ങളില്‍ നിയമനം നല്‍കുന്നത്. പ്രസംഗത്തിന്റെ ശരിയായ വ്യാഖ്യാനത്തിന് അവരുടെ സഹായവും തേടിയിട്ടുണ്ട്. എന്തായാലും വ്യാഖ്യാനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ആന്റണിയുടെ ബ്രഹ്മോസ്ത്രപ്രസംഗം സര്‍വകാല റെക്കോഡ് സൃഷ്ടിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയും വി.എസ്.അച്യുതാനന്ദനും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് അറിയാത്തവരില്ല. അത് അറിയുന്നതുകൊണ്ടാണല്ലോ ഉമ്മന്‍ചാണ്ടിയെ മാറ്റി വി.എസ്സിനെയും പിന്നെ വി.എസ്സിനെ മാറ്റി വീണ്ടും ഉമ്മന്‍ചാണ്ടിയെയും ജനം മുഖ്യമന്ത്രിയാക്കിയത്. ആന്റണി പ്രസംഗത്തിലൂടെ ആ സത്യം ഒന്നുകൂടി ഉറപ്പിച്ചു. ഇതിനുപുറമേ, രണ്ട് സാര്‍വത്രിക അജ്ഞതകള്‍ അദ്ദേഹം തിരുത്തിയതായി വ്യാഖ്യാതാക്കള്‍ വിവരിക്കുന്നു. അത് ഇങ്ങനെയാണ്. അജ്ഞത നമ്പര്‍ വണ്‍: വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും മുന്‍ വ്യവസായമന്ത്രി എളമരം കരീമും വേര്‍തിരിച്ച് മനസ്സിലാക്കാന്‍പോലും പറ്റാത്തവിധം ഇരട്ടപെറ്റ ചേട്ടന്‍ബാവ അനിയന്‍ ബാവമാരാണ്. അജ്ഞത നമ്പര്‍ ടു: എളമരം കരീമിന്റെ വ്യവസായവിപ്ലവശ്രമത്തെ സഹായിക്കുകയായിരുന്നില്ല, സദാ പാരവെക്കുകയായിരുന്നു അന്നത്തെ മുഖ്യമന്ത്രി ആജീവനാന്ത വിപ്ലവകാരി വി.എസ്. അച്യുതാനന്ദന്‍.

നമ്പര്‍ വണ്‍ ആദ്യം. എളമരം കരീമും കുഞ്ഞാലിക്കുട്ടിയും അടിയുറച്ച് വിശ്വസിക്കുന്ന ചില പ്രത്യയശാസ്‌ത്രേതര സത്യങ്ങളുണ്ട്. വ്യവസായം തെങ്ങിന്റെ മണ്ടയില്‍ വളരില്ല എന്നതാണ് അതിലൊന്ന്. പണം മരത്തില്‍ ഉണ്ടാകുന്ന ഒന്നല്ലെന്ന് സാമ്പത്തികശാസ്ത്രജ്ഞനായ ഡോ. മന്‍മോഹന്‍സിങ് വെളിപ്പെടുത്തുംവരെ തെങ്ങുമണ്ട സംബന്ധിച്ച എളമരം കരീം തിയറിയായിരുന്നു ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ധനശാസ്ത്രതത്ത്വം. ഇതിനോട് പൂര്‍ണ യോജിപ്പായിരുന്നു കുഞ്ഞാലിക്കുട്ടിക്കും. എക്‌സ്​പ്രസ് ഹൈവേ ആകട്ടെ, കടല്‍നികത്തി കരയാക്കി കെട്ടിടം വെക്കുന്നതാകട്ടെ കരീമും കുട്ടിയും തമ്മില്‍ അഭിപ്രായവ്യത്യാസമില്ല. അവര്‍ ആവര്‍ത്തിച്ചുപറയാറുള്ള ഒരു തത്ത്വമുണ്ട്. ജനം വേണമെങ്കില്‍ രസത്തിന് ഇടയ്ക്കിടെ ഭരണകക്ഷിയെ മാറ്റിക്കളിച്ചോട്ടെ. പക്ഷേ, ഭരണകക്ഷി മാറുന്നതിനനുസരിച്ച് വ്യവസായനയം മാറാന്‍ പാടില്ല. എങ്കിലേ കേരളം വികസിക്കൂ.

ആന്റണിയുടെ പ്രസംഗത്തോടെ ആ തെറ്റിദ്ധാരണ തീര്‍ന്നു. വ്യവസായമന്ത്രി എന്നനിലയില്‍ എളമരം കരീമിന്റെ വ്യവസായനയം കുഞ്ഞാലിക്കുട്ടി പിന്തുടരുന്നില്ല എന്നാണ് ആന്റണി പറഞ്ഞതിന്റെ പച്ചമലയാളം. എളമരം കരീമിന്റെ സഹകരണത്തെക്കുറിച്ച് വിശേഷിപ്പിക്കാന്‍ എന്റെ നിഘണ്ടുവില്‍ വാക്കുകളില്ല” എന്ന് പറഞ്ഞതിന് വ്യാഖ്യാനം വേണ്ട. ആന്റണിയുടെ സര്‍ട്ടിഫിക്കറ്റ് ഉമ്മന്‍ചാണ്ടി കഴുത്തില്‍ക്കെട്ടി നടക്കട്ടെ എന്ന് അച്യുതാനന്ദന്‍ പറഞ്ഞതുപോലുള്ള നിന്ദാസ്തുതിയല്ല ഇത്. (അതിനിടെ, ആന്റണിയുടെ സര്‍ട്ടിഫിക്കറ്റ് വി.എസ്സും കരീമും ലാമിനേറ്റ്‌ചെയ്യാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ശിഷ്ടകാലം കഴുത്തില്‍ തൂക്കാന്‍) പത്രക്കാരും മറ്റും അറിയാതെ ദിവസങ്ങളോളം കരീമും താനും ബ്രഹ്മോസ് സ്ഥാപനം കൊണ്ടുവരുന്ന കാര്യം ചര്‍ച്ചചെയ്തിരുന്നു എന്ന് ആന്റണി വെളിപ്പെടുത്തുന്നു. അത്തരത്തിലുള്ള യാതൊന്നും യു.ഡി.എഫ്. വന്നതിനുശേഷം നടക്കുന്നില്ല.

കേരളത്തിലേക്ക് വ്യവസായം കൊണ്ടുവരാന്‍ കേന്ദ്ര വ്യവസായമന്ത്രിയോടോ മുതല്‍മുടക്കാന്‍ കൈയില്‍ കാശുള്ള മുതലാളിമാരോടോ വേണം സംസാരിക്കാന്‍ എന്നാവണം കുഞ്ഞാലിക്കുട്ടി ധരിച്ചിരുന്നത്. തുപ്പാക്കിയും ടാങ്കും അല്ലാതെ പ്രതിരോധവകുപ്പില്‍ വ്യവസായത്തിന്റെ ഏര്‍പ്പാടുണ്ടെന്ന് അറിഞ്ഞുകാണില്ല. അതുകൊണ്ടാവും ആ വഴിക്ക് പോകാതിരുന്നത്. സത്യമായും അറിഞ്ഞിരുന്നെങ്കില്‍ പോകാതിരിക്കുമോ കുഞ്ഞാലിക്കുട്ടി ? പറന്നുപോകും. പ്രതിരോധത്തിലെ വ്യവസായരഹസ്യം കരീം കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞിരുന്നെങ്കില്‍ ഈ ബ്രഹ്മോസ്ത്ര പൊല്ലാപ്പൊന്നും ഉണ്ടാകുമായിരുന്നില്ല.
ഇനി, തിരുത്തപ്പെട്ട രണ്ടാം അജ്ഞതയുടെ കാര്യം. എളമരം കരീം പഴയ തൊഴിലാളിനേതാവൊക്കെ ആയിരുന്നെങ്കിലും പാര്‍ട്ടിയിലെ വി.എസ്. പക്ഷ കമ്യൂണിസ്റ്റുകാര്‍ക്ക് എളമരത്തെക്കുറിച്ച് നല്ല അഭിപ്രായമല്ല ഉണ്ടായിരുന്നത്. നാലാംലോകവാദിയും മുതലാളിത്തപാതക്കാരനും സോഷ്യല്‍ ഡെമോക്രാറ്റും മറ്റും മറ്റും ആണെന്നായിരുന്നു വിപ്ലവകാരികളുടെ വിലയിരുത്തല്‍. വി.എസ്. അതല്ല. ഊണിലും ഉറക്കത്തിലും വിപ്ലവം വെടിയാത്ത സഖാവാണ്. കേരളത്തെ പുരോഗമിപ്പിക്കാന്‍ കരീമിനൊപ്പം വി.എസ്സും പോയെന്നോ? വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ഒരു പക്ഷേ, വി.എസ്സിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ആന്റണിയുടെ കുപ്രചാരണമാകാമത്. വേറെ ഒരു നിവൃത്തിയുമില്ലെങ്കിലേ വി.എസ്. ഇത്തരം മുതലാളിത്ത സംരംഭങ്ങള്‍ക്ക് അനുമതി കൊടുക്കാറൂള്ളൂ. ആന്റണിയുടെ പ്രശംസയ്ക്ക് വി.എസ്. പാത്രീഭൂതനായെങ്കില്‍ എവിടെയോ പിശകുണ്ട്. ചില കൂട്ടരെക്കുറിച്ച് സഖാവ് ഇ.എം.എസ്. പണ്ട് പറഞ്ഞിട്ടുണ്ട്. അവര്‍ തന്നെ പ്രശംസിക്കുന്നുണ്ടെങ്കില്‍ തനിക്ക് എന്തോ പിശകുപറ്റിയിട്ടുണ്ട് എന്നാണ് അതിനര്‍ഥം എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. സര്‍ട്ടിഫിക്കറ്റ് കഴുത്തില്‍ തൂക്കുംമുമ്പ് വി.എസ്. ഇത് ആലോചിക്കണമെന്നുമാത്രം. സീതാറാം യെച്ചൂരിക്കൊന്നും കഥ മനസ്സിലായിട്ടില്ല. ആന്റണിയെത്തന്നെ ഇടതുപക്ഷത്ത് ചേര്‍ക്കാന്‍ പുറപ്പെട്ടിരിക്കയാണ് വിദ്വാന്‍.

ഉമ്മന്‍ചാണ്ടിയാണ് ഏറ്റവും സന്തോഷവാന്‍. ഒരു രാത്രി മുഴുവന്‍ ഉറക്കൊഴിഞ്ഞ് ലക്ഷംപേരില്‍ നിന്ന് നിവേദനംവാങ്ങി അവരുടെ കരച്ചില്‍ കേട്ടാലാണ് അദ്ദേഹത്തിന് ഏറ്റവും സമാധാനമായി വീട്ടില്‍പോകാന്‍ കഴിയുക എന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ അതില്‍നിന്ന് അവസ്ഥ പുരോഗമിച്ചിട്ടുണ്ട്. ഏറ്റവും അടുത്ത അനുയായി, അല്ലെങ്കില്‍ ഘടകകക്ഷിയിലെ മന്ത്രി, അല്ലെങ്കില്‍ സ്വന്തം ഗ്രൂപ്പിലെ നേതാവ്-അങ്ങനെയാരെങ്കിലും തിരിഞ്ഞുകുത്തുന്ന ദിവസമാണ് പുള്ളിക്കാരന്‍ ഏറ്റവും സംതൃപ്തന്‍. ഒരു ഭരണപ്രതിസന്ധിയോ മറ്റോ ഉണ്ടാകുന്നെങ്കില്‍ ബഹുസന്തോഷമായി. കോളേജില്‍ പഠിക്കുന്ന കാലംമുതല്‍ മാര്‍ഗദര്‍ശിയും കൂട്ടാളിയുമായ ആന്റണിയില്‍നിന്ന് ഇങ്ങനെയൊരു അത്യാനന്ദകരമായ അനുഭവം പ്രതീക്ഷിച്ചുകാണില്ല. സ്വര്‍ഗരാജ്യം പതിച്ചുകിട്ടിയ ആളെപ്പോലെ സന്തോഷംകൊണ്ട് ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയിലായിക്കാണും. ജൂലിയസ് സീസര്‍ മാതൃകയില്‍ ‘യു ടൂ ആന്റണിജീ ‘ എന്നുപറഞ്ഞ് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞിരിക്കണം ഉമ്മന്‍ചാണ്ടി.

Leave a Reply

Your email address will not be published. Required fields are marked *

Go Top