അനൈക്യത്തില്‍ ഐക്യം

ഇന്ദ്രൻ

സി.പി.എമ്മും സി.പി.ഐ.യും തമ്മില്‍ വലിയ സൗഹൃദത്തിലാണെന്ന കാര്യം അറിയാത്തവരില്ല. ഒരാള്‍ ഇടത്തോട്ട് നടക്കുമ്പോള്‍ മറ്റേയാള്‍ വലത്തോട്ട് നടക്കുമെന്ന കുഴപ്പമേ മുമ്പും ഉള്ളൂ. രണ്ടാളും രണ്ടുദിശയില്‍ ചരിക്കുമെങ്കിലും ഇരുകൂട്ടരും ലക്ഷണപ്രകാരം നിര്‍വ്യാജ ഇടതുപക്ഷക്കാരാണ്. ഇവരുടെ ഐക്യം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നത് സത്യമാണ്. പക്ഷേ, എപ്പോഴും ചുമലില്‍ കൈയിട്ടും കെട്ടിപ്പിടിച്ചും നടക്കുന്നത് ജനത്തിന് ഇഷ്ടപ്പെടില്ല. അതുകൊണ്ട് അനൈക്യം പ്രകടിപ്പിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമായി വന്നിരിക്കുന്നു. ഭരണവും സമരവും ഒന്നിച്ചുനടത്താമെന്ന് പറഞ്ഞതുപോലെ ഐക്യവും അനൈക്യവും ഒന്നിച്ചാകാം.

ഇരുപാര്‍ട്ടികളാണെങ്കിലും നമ്മളൊറ്റ കരളല്ലേ ജീവനല്ലേ എന്ന് വിരഹഗാനം പാടി നടന്നിരുന്ന പാര്‍ട്ടിയാണ് സി.പി.ഐ. സിദ്ധാന്തത്തിലോ പരിപാടിയിലോ ഇരുപാര്‍ട്ടികളും തമ്മില്‍ അന്തരമില്ലെന്ന് തെളിയിക്കുന്നതിനുള്ള ഗവേഷണപ്രബന്ധങ്ങള്‍ എഴുതി ഡോക്ടറേറ്റ് നേടിയവര്‍ ധാരാളമുണ്ടായിരുന്നു സി.പി.ഐ.യില്‍. അരനൂറ്റാണ്ടുമുമ്പ് അബദ്ധത്തില്‍ തെറ്റിപ്പിരിഞ്ഞുപോയതാണ്. കോണ്‍ഗ്രസ്സിനെ നന്നാക്കി നാട്ടില്‍ സോഷ്യലിസം വരുത്തിക്കളയാമെന്ന് വിചാരിച്ച് കുറേക്കാലം അവരുടെ കൂടെക്കൂടിയെന്നതും അടിയന്തരാവസ്ഥയെപ്പോലും ന്യായീകരിച്ചുവെന്നതും സത്യം. പക്ഷേ, നയം പിശകിപ്പോയി എന്ന് സമ്മതിച്ച് നൂറുവട്ടം ഏത്തമിട്ടാണ് പാര്‍ട്ടി ഇടതുപക്ഷത്തേക്ക് തിരിച്ചുവന്നത്. അതില്‍പിന്നീടാണ് ഇരുപാര്‍ട്ടികള്‍ തമ്മില്‍ ഒരു വ്യത്യാസമില്ലെന്നും ഉടനെ ലയിച്ച് ഒറ്റപ്പാര്‍ട്ടിയാകണമെന്നും തോന്നിത്തുടങ്ങിയത്. ഇപ്പോള്‍ കാലം ഒരുവട്ടംകൂടി കറങ്ങി വന്നിരിക്കുന്നു. ഇത് വെളിയന്മാരുടെയും പന്ന്യന്മാരുടെയും പിണറായിമാരുടെയും ജയരാജന്മാരുടെയും കാലമാണ്. ഒരേ മുന്നണിയില്‍ത്തന്നെയാണ് ഇരു കമ്യൂണിസ്റ്റ്പാര്‍ട്ടികളും. ഒരേ പ്രത്യയശാസ്ത്രവുമാണ് ഇരുവരുടേതും. അതിലൊന്നും കാര്യമില്ല. കോണ്‍ഗ്രസ്സും സി.പി.എമ്മും തമ്മിലോ മുസ്‌ലിം ലീഗും സി.പി.എമ്മും തമ്മിലോ ഉള്ളതിലേറെ ഭിന്നതയും ശത്രുതയും ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ വേണം എന്നതാണ് സാഹചര്യം. പിണറായിയോ മൂക്കുക പന്ന്യനോ മൂക്കുക എന്നത് തെരുവില്‍ തെളിയിക്കേണ്ട പ്രത്യയശാസ്ത്രപ്രശ്‌നം തന്നെയാണ്.
സി.പി.എമ്മിനെക്കാള്‍ വോള്‍ട്ടേജ്കുറഞ്ഞ തരംതാണ ഇനം കമ്യൂണിസ്റ്റ്പാര്‍ട്ടിയാണ് സി.പി.ഐ. എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സി.പി.എമ്മുകാര്‍ കുറേ കാലമായി ശ്രമിച്ചുവരുന്നുണ്ട്. അതെന്തായാലും സഹിക്കാന്‍ സാധ്യമല്ല. കണ്ണൂര്‍ ലോബി എന്ന വിലമതിക്കാനാവത്ത സമ്പത്ത് തങ്ങള്‍ക്കേ ഉള്ളൂ എന്ന് അവര്‍ അഹങ്കരിക്കുന്നുണ്ട്. സി.പി.എമ്മിനുമാത്രമല്ല, സി.പി.ഐ.ക്കുമുണ്ട് കണ്ണൂര്‍ ലോബി. ഇനിയെങ്കിലും അത് നാട്ടാര്‍ മനസ്സിലാക്കട്ടെ. സി.പി.ഐ. സംസ്ഥാന സെക്രട്ടറി രവീന്ദ്രന്‍ മാത്രമല്ല, അസി. സെക്രട്ടറി ചന്ദ്രനും കണ്ണൂരുകാരാണ്. കണ്ണൂര്‍ പോര, പിണറായി ലോബി തന്നെ വേണമെങ്കില്‍ അതുമുണ്ട് സി.പി.ഐ.യില്‍. അസി.സെക്രട്ടറി പിണറായി പ്രദേശത്തുകാരനാണ്. എന്നിട്ടും എന്തേ മാര്‍ക്‌സിസ്റ്റുകാര്‍ക്ക് സി.പി.ഐ.യോട് ഒരു ബഹുമാനക്കുറവ് ?

ഒരാള്‍ പ്രതിസന്ധിയില്‍പെട്ടാല്‍ സുഹൃത്ത് സഹായിക്കേണ്ടേ എന്ന അതിഗഹനമായ പ്രത്യയശാസ്ത്ര പ്രശ്‌നമാണ് സി.പി.എം. ഉന്നയിച്ചിട്ടുള്ളത്. മുന്നണി ബന്ധങ്ങളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ഗുരുതരമായ പ്രശ്‌നം ചര്‍ച്ചചെയ്യുന്നത്. ഒന്നോ രണ്ടോ കൊല നടത്തിയെന്നുവെച്ച് റോഡില്‍ക്കണ്ടാല്‍ മിണ്ടാതെ നടക്കാന്‍ പാടുണ്ടോ സുഹൃത്ത് ? കൊലക്കേസില്‍ നേതാവിനെ ജയിലിലിട്ടതിന്റെ പേരില്‍ ഹര്‍ത്താല്‍ ആഹ്വാനിക്കുന്നതിനുമുമ്പ് കൂട്ടുകക്ഷികളോടൊക്കെ ആലോചിക്കേണ്ട കാര്യമുണ്ടോ? നിര്‍ഭാഗ്യവശാല്‍ മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍, മാവോ ഇത്യാദി സൈദ്ധാന്തികരൊന്നും ഈ പ്രശ്‌നം ചര്‍ച്ചചെയ്യുകയേ ഉണ്ടായിട്ടില്ല. അതുകൊണ്ട് കിത്താബ് നോക്കിയൊന്നും തര്‍ക്കത്തിന് പരിഹാരമുണ്ടാക്കാന്‍ പറ്റില്ല.
അണ്ടിയോ മൂക്കുക, മാങ്ങയോ മൂക്കുക എന്ന ചോദ്യത്തിനും ഉത്തരം കാണേണ്ടത് ചരിത്രപരമായ ആവശ്യമാണ്. യഥാര്‍ഥ കമ്യൂണിസ്റ്റ്പാര്‍ട്ടി സി.പി.ഐ. ആണെന്ന് സി.പി.എമ്മുകാര്‍ അംഗീകരിച്ചേ മതിയാകൂ. മുട്ടയില്‍നിന്നിറങ്ങിയശേഷം വലുതായി എന്നുവിചാരിച്ച് മുട്ടയിട്ട തള്ളയെക്കാള്‍ വലുതാണെന്ന് വിചാരിക്കരുത്. ശരിയാണ് തള്ളയ്ക്ക് കുറേ ശക്തിക്ഷയം ഉണ്ടായിട്ടുണ്ട്. 1967ലെ പൊതുതിരഞ്ഞെടുപ്പില്‍ സി.പി.ഐ. മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയെക്കാള്‍ മുന്നിലായിരുന്നു വോട്ടുനിലയിലും സീറ്റ്‌നിലയിലും. 4.95 ശതമാനം വോട്ടും 23 സീറ്റും നേടി സി.പി.ഐ. സി.പി.എമ്മുകാര്‍ക്ക് 4.44 ശതമാനം വോട്ടും 19 സീറ്റുമേ കിട്ടിയുള്ളൂ. 1971 മുതല്‍ സ്ഥിതി മാറി. 1977ല്‍ ഏതാണ്ട് ഇരട്ടിവോട്ട് സി.പി.എമ്മിന് കിട്ടി. പോട്ടെ, അപ്പോള്‍ ഇരുകൂട്ടരും ശത്രുക്കളായിരുന്നു. എണ്‍പതുമുതല്‍ സുഹൃത്തുക്കളും സഹോദരപാര്‍ട്ടികളുമായില്ലേ? സി.പി.ഐ.യുടെ വോട്ടുപിന്തുണ കുറഞ്ഞുവരികയായിരുന്നു. വലിയ സൗഹൃദതത്ത്വമൊക്കെ ഇപ്പോള്‍ പറയുന്ന സി.പി.എമ്മുകാര്‍ക്ക്, പോട്ടെ സി.പി.ഐ. എടുത്തോട്ടെ കുറേ സീറ്റും വോട്ടും എന്നൊന്നും തോന്നിയില്ല. ഇപ്പോള്‍ ഹര്‍ത്താല്‍ നടത്താന്‍ കൂടെക്കൂടണമത്രെ !

നാലഞ്ച് ശതമാനം വോട്ടും സീറ്റുമേ ഇരുപാര്‍ട്ടികള്‍ക്കും ഉള്ളൂ എന്നതും തമ്മില്‍ മൂത്ത അടിയാണെന്നതുമൊക്കെ ശരിയാണ്. പക്ഷേ, ലോക സാമ്രാജ്യത്വം, ആഗോള കുത്തക മുതലാളിത്തം തുടങ്ങിയ ഭീകരശക്തികളെ നേരിടുന്ന കാര്യത്തില്‍ തങ്ങള്‍ക്ക് വീഴ്ചയൊന്നും പറ്റില്ല. അവര്‍ ശക്തിപ്പെട്ടുകൊണ്ടും തങ്ങള്‍ അവര്‍ക്കെതിരെ പൊരുതിക്കൊണ്ടുമിരിക്കും. അതിനിടെ ചിലപ്പോള്‍ ഞങ്ങള്‍ സോദരര്‍ തമ്മില്‍ കുത്തിയെന്നും കൊന്നുവെന്നും ഒക്കെ വരുമെന്നുമാത്രം. സോദരര്‍ തമ്മിലെ കൊലയൊന്നും കൊലയല്ല. ഐ.പി.സി.യില്‍ ഇതനുസരിച്ച് ഭേദഗതി വരുത്തുന്നതായിരിക്കും.

* * * *

കേസ് ഒന്ന്, കുറ്റവും ഏതാണ്ട് ഒന്ന്. പി.ജയരാജനെ അറസ്റ്റുചെയ്തപ്പോള്‍ കണ്ണൂര്‍ജില്ലയില്‍ പാര്‍ട്ടി തീപ്പന്തമായി. കത്തിക്കാന്‍ ഇനി അധികമൊന്നും ബാക്കിയില്ല. ഇതേകേസില്‍ നിയമസഭാംഗവും വേറൊരു അസ്സല്‍ നിരപരാധിയുമായ രാജേഷ് പോലീസിനെ ബുദ്ധിമുട്ടിക്കേണ്ട എന്നുവിചാരിച്ച് അങ്ങോട്ടുചെന്ന് കീഴടങ്ങി. മഹാത്മാഗാന്ധി ചെയ്തിട്ടില്ല ഇങ്ങനെ. പാവത്തിനെ ജയിലിലടച്ചിട്ട് ഹര്‍ത്താലും കത്തിക്കലും ഇല്ലാത്തതുപോകട്ടെ, ഒരിലയും അനങ്ങിയില്ല. എന്തൊരു വിവേചനം. സഹിക്കാന്‍ ആവുന്നില്ല.
കൊല നടത്താന്‍ പോകുന്നു എന്നറിഞ്ഞിട്ട് മിണ്ടാതിരുന്നു എന്ന ക്രൂരമായ കുറ്റമാണ് രാജേഷിന്റെ പേരില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതുകേട്ട കണ്ണൂരുകാര്‍ക്ക്, മുമ്പ് പിണറായി വിജയന്‍ പത്രക്കാരോട് പറഞ്ഞതാണ് പോലീസുകാരോട് പറയാന്‍ തോന്നിപ്പോകുന്നത്. പോലീസുകാര്‍ക്ക് ഈ പാര്‍ട്ടിയെ പറ്റി ഒരു ചുക്കും അറിഞ്ഞുകൂടാ. പാര്‍ട്ടി ആരെയെങ്കിലും വധിക്കാന്‍ തീരുമാനിക്കുന്നത് ആസ്?പത്രി മുറിയില്‍ കമ്മിറ്റികൂടി വോട്ടിനിട്ടാണ് എന്നാരേ പറഞ്ഞത് ? രാജേഷിനോട് ചോദിച്ചാണോ ഇത്തരം ഗൗരവമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്? ഇനി ചോദിച്ചെന്നുതന്നെ വെക്കുക. രാജേഷ് അത് എങ്ങനെ തടയാനാണ് ? പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് ഇതാ സഖാക്കള്‍ ലീഗുകാരനെ കൊല്ലാന്‍ പോകുന്നുണ്ടേ എന്ന് പറയുകയാണോ വേണ്ടത്?
അങ്ങോട്ടുചെന്ന് കീഴടങ്ങുകവഴി ഒരു റൗണ്ട് ഹര്‍ത്താല്‍ പ്രതിഷേധത്തിന് ചാന്‍സ് ഇല്ലാതാക്കി. മഹാമോശമായിപ്പോയി. ഒന്നുകില്‍ ജയരാജനും ചെന്ന് കീഴടങ്ങി തീക്കളി ഒഴിവാക്കേണ്ടതായിരുന്നു. അല്ലെങ്കില്‍ രാജേഷും അറസ്റ്റിന് വഴങ്ങാതെ തീപ്പന്തമാകണമായിരുന്നു. ജാമ്യം കിട്ടാതായിപ്പോകേണ്ട എന്നുവിചാരിച്ച് നല്ലപുള്ളി ചമയുന്നത് ഇടതുവിപ്ലവകാരികള്‍ക്ക് യോജിച്ച പണിയാണോ എന്ന സംശയവും ഉണ്ട്…

* * * *

കേന്ദ്രസര്‍ക്കാറിന്റെ വിപ്ലവകരമായ പുതിയ ഐഡിയ രാജ്യത്തെല്ലാവര്‍ക്കും മൊബൈല്‍ ഫോണ്‍ സൗജന്യമായി നല്‍കുക എന്നതാണ്. രാജ്യത്തെല്ലാ വീട്ടിലും ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, വൈദ്യസഹായം, വൈദ്യുതി, ശുദ്ധജലം, ഗതാഗതം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങളെല്ലാം എത്തിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി എന്ത് നല്‍കേണ്ടൂ എന്ന് തലപുകഞ്ഞ് ആലോചിച്ചപ്പോഴാകണം ഇങ്ങനെയൊരു ഐഡിയ വീണുകിട്ടിയത്. കമ്പനികള്‍ക്ക് ഓര്‍ഡര്‍ കൊടുത്താല്‍ മതിയാകും. എന്തെളുപ്പം!
വലിയൊരു പങ്ക് വീടുകളില്‍ വൈദ്യുതിയില്ലാത്തപ്പോള്‍ ഫോണ്‍കൊണ്ട് ഇവരെന്തുചെയ്യാനാണ് എന്ന് ചിലരെങ്കിലും സംശയിച്ചിരിക്കാം. ഒരു ബുദ്ധിമുട്ടുമില്ല. വൈദ്യുതിയില്ലാത്ത ഗ്രാമങ്ങളില്‍ ഫോണ്‍ ചാര്‍ജ്‌ചെയ്യാന്‍ കൗണ്ടറുകള്‍ തുടങ്ങാം. ആഫ്രിക്കയിലെ ചില നഗരങ്ങളിലെ ഏറ്റവും ലാഭകരമായ ഏര്‍പ്പാട് ഇതാണ്. വേറൊന്നുമുണ്ട്ശുദ്ധജലക്കച്ചവടം. ടെലിഫോണ്‍കമ്പനികള്‍ക്കുതന്നെ വേണമെങ്കില്‍ ചാര്‍ജിങ്‌സെന്ററുകളും തുടങ്ങാം. ഇരട്ടിയാക്കാം ലാഭം വാട്ട് ഏന്‍ ഐഡിയ!

Leave a Reply

Your email address will not be published. Required fields are marked *

Go Top