ഇന്ത്യ ഭരിക്കുന്ന യു.പി.എ.യ്ക്ക് ഒരു കാര്യത്തില്‍ വലിയ സൗകര്യമുണ്ട്. അവിടെ രണ്ടാമന്‍ സ്ഥാനത്തിന് വേണ്ടിയേ പോരുള്ളൂ. ഒന്നാം സ്ഥാനം ആരും സ്വപ്നം കാണുകയേ ഇല്ല. ഒന്നാമന്‍ ആയിക്കളയാം എന്നു വിചാരിക്കുന്നത്, പണ്ട് ജോര്‍ജ് ഓര്‍വല്‍ പറഞ്ഞതുപോലെ ചിന്താക്കുറ്റമാണ്. ഇന്ത്യയിലെ മിക്ക പാര്‍ട്ടികളും അങ്ങനെയാണ്. മുലായം, ലാലു പ്രസാദ്, മായാവതി, ജയലളിത, ഫാറൂഖ് അബ്ദുല്ല, നിധീഷ് കുമാര്‍, ശരദ് പവാര്‍ തുടങ്ങിയ ഒറ്റയാന്മാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടികളെല്ലാം അങ്ങനെത്തന്നെ. ഒറ്റയാന്മാര്‍ക്ക് പ്രായപൂര്‍ത്തിയായ മക്കളുണ്ടെങ്കില്‍ രണ്ടാം സ്ഥാനവും നോക്കേണ്ട.
കോണ്‍ഗ്രസ്സില്‍ രണ്ടാം സ്ഥാനത്ത് രാഹുല്‍ ആണോ ഡോ. മന്‍മോഹന്‍ജി ആണോ എന്നറിയില്ല. എന്തൊരു അത്ഭുതം. പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനം പോലും ഉറപ്പില്ലാത്ത ആളാണ് ഇന്ത്യാ ഭരണകൂടത്തിലെ ഒന്നാമന്‍. കോണ്‍ഗ്രസ്സിലെ ഒന്നാമന്‍ ഒന്നാമന്‍ എന്ന് പറയുമ്പോള്‍ അതില്‍ പുരുഷസ്വരം ഉണ്ട്. ഒന്നാമ എന്നുവേണം പറയാന്‍സോണിയാ ഗാന്ധിയാണ്. അവിടെ നിന്നുള്ള കല്പനകള്‍ അനുസരിച്ചേ ഭരണത്തിലെ ഒന്നാമന് പ്രവര്‍ത്തിക്കാനാവൂ. ആ സുവര്‍ണനിയമം മന്‍മോഹന്‍ജി ലംഘിക്കാറില്ല. ലംഘിച്ചിരുന്നുവെങ്കില്‍ ഒന്നാമന്റെ കസേരയില്‍ മറ്റാരെങ്കിലും കയറിയിരിക്കുമായിരുന്നു. വര്‍ഷം പത്താവാറായിട്ടും കസേരയിലിരിക്കുന്ന ആള്‍ക്ക് മാറ്റമില്ല. മറ്റാര്‍ക്കായാലും ഇനി ഞാന്‍തന്നെ ഒന്നാമന്‍ എന്ന തോന്നല്‍ ഉണ്ടാകുമായിരുന്നു. ഉടനെ പുറത്താവുകയും ചെയ്യുമായിരുന്നു.
ഇപ്പോള്‍ ഒരു തര്‍ക്കം ഉടലെടുത്തിരിക്കുന്നു. കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമന്‍ ആരാണ്? ആരായാലെന്താ എന്നുപറയരുത്. ഭയങ്കര സ്ഥാനമാണ് രണ്ടാമന്റേത്. ഒന്നാമന്റെ അടുത്തുള്ള കസേരയിലിരിക്കാം. മന്ത്രിസഭായോഗത്തിനിടയില്‍ ചായ കൊണ്ടുവന്നാല്‍ പ്രധാനമന്ത്രിക്ക് കൊടുത്തുകഴിഞ്ഞാല്‍ പിന്നെ ആര്‍ക്ക് കൊടുക്കുന്നുവോ അതാണ് രണ്ടാമന്‍. ഓഫീസിലെ ക്ലാര്‍ക്കുമാര്‍ക്കും പ്യൂണുമാര്‍ക്കും രണ്ടാമനെ വലിയ ബഹുമാനമായിരിക്കും. കാരണം രണ്ടാമന്‍ ആര് എന്ന് അറിയുന്ന അപൂര്‍വം ആളുകളില്‍ അവര്‍ പെടും. പ്രണബ് മുഖര്‍ജി രണ്ടാമന്‍ ആണ് എന്ന് പ്രണബ് മുഖര്‍ജിക്ക് അറിയുമായിരുന്നു എന്ന് തോന്നുന്നു. എന്തായാലും ജനത്തിന് അത് മനസ്സിലായത് അദ്ദേഹം കേന്ദ്രമന്ത്രി അല്ലാതായപ്പോഴാണ്. രണ്ടാമന്‍ സ്ഥാനം അത്ര വലിയ കേമന്‍ സ്ഥാനം ആണെങ്കില്‍ എന്തുകൊണ്ട് ഉപപ്രധാനമന്ത്രി എന്ന് നാമകരണം ചെയ്തുകൂടാ എന്നുനമ്മള്‍ അറിവില്ലായ്മകൊണ്ട് ചോദിച്ചുപോകും. ഇല്ല ചെയ്യുകയില്ല. ചെയ്താല്‍ കുടുങ്ങി.
മുമ്പ് ചിലപ്പോഴൊക്ക നിവൃത്തികേടുകൊണ്ട് അങ്ങനെ ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടിയ ഉടനെ നെഹ്രു സര്‍ദാര്‍ പട്ടേലിനെ ഉപപ്രധാനമന്ത്രിയാക്കി. നെഹ്രുവിന് പിന്നെ സമാധാനമുണ്ടായിട്ടില്ല. എന്തായാലും അത് അധികകാലം നീണ്ടുനിന്നില്ല. മൂന്നുവര്‍ഷമേ പട്ടേല്‍ ജീവിച്ചിരുന്നുള്ളൂ. നെഹ്രു പിന്നെയും കുറെക്കാലം ഭരിച്ചു. മരിക്കുവോളം അദ്ദേഹം ഒരാളെയും ഉപപ്രധാനമന്ത്രിയാക്കിയില്ല. രണ്ടുവട്ടം പ്രധാനമന്ത്രിയാകാന്‍ കുപ്പായമിട്ടതുകൊണ്ടാണ് മൊറാര്‍ജി ദേശായിയെ പിന്നീട് ഇന്ദിരാഗാന്ധിയുടെ കാലത്ത് ഉപന്‍ ആക്കിയത്. അതിന്റെ ഫലമായി കോണ്‍ഗ്രസ് തന്നെ രണ്ടായി. അടിയന്തരാവസ്ഥാനന്തര ജനതാപാര്‍ട്ടി കാലഘട്ടത്തിന്റെ തുടക്കം മുതല്‍തന്നെ ഞാനോ മുമ്പന്‍ നീയോ മുമ്പന്‍ എന്ന തര്‍ക്കം ഉണ്ടായി. മധ്യസ്ഥം പറഞ്ഞാണ് അതില്‍ തീര്‍പ്പാക്കിയത്. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയും പ്രധാനമന്ത്രിയായേ മരിക്കൂ എന്ന് പ്രതിജ്ഞയെടുത്ത ചരണ സിംഹന്‍ ഉപനും ആയി. അതില്‍പ്പിന്നീട് ഒരു രാത്രിയിലും മൊറാര്‍ജി ദേശായി സമാധാനമായി ഉറങ്ങിയിട്ടില്ല. നാനാവിധ ഉപദ്രവങ്ങള്‍ കാരണം സഹികെട്ടപ്പോള്‍ ഉപനെ ഇല്ലാതാക്കുകയല്ല, ഉപന്റെ എണ്ണം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ജഗ്ജീവന്‍ റാമിനെക്കൂടി ഉപപ്രധാനമന്ത്രിയാക്കി. ഒരു പ്രധാനമന്ത്രി, രണ്ട് ഉപപ്രധാനമന്ത്രി. പിന്നെ വൈകിയില്ല. മന്ത്രിസഭയും ഭരണവും ജനതാപാര്‍ട്ടിയുമെല്ലാം അറബിക്കടലിലായി. വൈ.ബി. ചവാന്‍, ദേവീലാല്‍ തുടങ്ങിയ യമണ്ടന്മാര്‍ പില്‍ക്കാലത്ത് ഉപപ്രധാനമന്ത്രിമാരായെങ്കിലും ആറാറ് മാസം വീതമേ ഉപദ്രവമുണ്ടായുള്ളൂ. അടല്‍ ബിഹാരി വാജ്‌പേയിയുടെ കീഴില്‍ ലാല്‍ കിഷന്‍ അഡ്വാണി ഉപപ്രധാനമന്ത്രിയായി. രണ്ടുപേരും ഡീസന്റ് ഇനത്തില്‍പ്പെട്ടവരായതുകൊണ്ട് വലിയ അപകടമുണ്ടായില്ല.
ഇത്രയും കേമമായ ഉപപ്രധാനമന്ത്രി സ്ഥാനം ഭരണഘടനയിലില്ലാത്ത ഒരു വേഷമാണ്. അങ്ങനെയൊരു തസ്തികയെക്കുറിച്ച് വിശുദ്ധഗ്രന്ഥത്തില്‍ പറഞ്ഞിട്ടില്ല. ഓഫീസിന് പുറത്ത് ബോര്‍ഡ് വെക്കാം. അത് ഭരണഘടനാ ലംഘനമാണോ എന്ന് ആരെങ്കിലും സുപ്രീംകോടതിയില്‍ പൊതുതാത്പര്യഹര്‍ജി ഫയല്‍ ചെയ്താലേ അറിയാനൊക്കൂ. എന്നിരിക്കെ, ഉപ എന്ന ബോര്‍ഡ് പോലുമില്ലാത്ത രണ്ടാമന്റെ അവസ്ഥ എത്ര കഷ്ടമാണെന്ന് ആലോചിച്ചുനോക്കിയേ. പ്രധാനമന്ത്രി മരണമടയുകയോ ബോധരഹിതനാവുകയോ ചെയ്താല്‍ മാത്രമാണ് ഉപസ്ഥാനത്തിന് ജീവന്‍ വെക്കുക. പ്രധാനമന്ത്രിയുടെ എല്ലാ അധികാരങ്ങളും ഉപന്‍ കൈയാളും. താത്കാലിക പ്രധാനമന്ത്രിയാകും. നമ്മുടെ ഭരണഘടന വളരെ ബുദ്ധിപൂര്‍വം നിര്‍മിച്ചതായതുകൊണ്ട് എങ്ങനെയും കളിക്കാം. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോള്‍, താത്കാലിക പ്രധാനമന്ത്രിയെങ്കിലും ആയി സത്യപ്രതിജ്ഞ ചെയ്യേണ്ടിവരും എന്ന് പ്രതീക്ഷിച്ചാണ് ബഹു. പ്രണബ്ജി ഡല്‍ഹിക്ക് പറന്നത്. ഉപ പ്രധാനമന്ത്രി പോകട്ടെ, ഉപ മന്ത്രിപോലും അല്ലാത്ത രാജീവ് ഗാന്ധിയെ ആണ് രാഷ്ട്രപതി താത്ക്കാലിക പ്രധാനമന്ത്രിയാക്കിയത്. കേന്ദ്രമന്ത്രിസഭപോലും സംഭവം അറിഞ്ഞില്ല. അതാണ് നല്ല ഒരു രാഷ്ട്രപതി ഉണ്ടെങ്കിലുള്ള മെച്ചം. എങ്ങനെയും കളിക്കാം. രാഷ്ട്രപതി സെയില്‍ സിങ് പ്രണബിനോട് ചെയ്തത് ഭരണഘടനയിലില്ലാത്ത കടുംകൈ ആയിരുന്നു. ഒരു ദിവസമെങ്കിലും രാഷ്ട്രപതി ആകണം എന്ന് പ്രണബ് മോഹിച്ചെങ്കില്‍ കുറ്റം പറഞ്ഞുകൂടാ.
പറഞ്ഞുവന്നത് രണ്ടാമന്റെ കാര്യമാണല്ലോ. ശരദ് പവാര്‍ എന്ന അന്യപാര്‍ട്ടിക്കാരനെ എങ്ങനെ രണ്ടാമന്‍ ആക്കും എന്നതാണ് കോണ്‍ഗ്രസ്സിന്റെ പ്രശ്‌നം. മുമ്പ് സോണിയാജിയെ തുരത്താന്‍ കോണ്‍ഗ്രസ് വിട്ട് വേറെ പാര്‍ട്ടിയുംകൊണ്ട് നടന്ന ആളെ എങ്ങനെ രണ്ടാമനാക്കും ! പ്രധാനമന്ത്രി, രാഷ്ട്രപതി സ്ഥാനങ്ങള്‍ക്കും താന്‍ യോഗ്യന്‍ എന്ന് ഉറച്ച വിശ്വാസം ഉണ്ടെന്നതും അത് ഇടയ്‌ക്കെല്ലാം പുറത്തുകാണിക്കും എന്നതുമാണ് പവാറിന്റെ ശനിദോഷം. രണ്ടാമന്‍ അല്ല പന്ത്രണ്ടാമന്‍ ആണ് എന്ന് പറഞ്ഞാലും വിരോധമില്ല എന്നു മറുപടി പറയുന്ന ആന്റണിയാണ് പവാറിന്റെ എതിര്‍പക്ഷത്ത്.
പവാറിന്റെ കാലം തെളിഞ്ഞുകൂടെന്നില്ല. എന്‍.സി.പി. മോഡല്‍ ഒറ്റയാന്‍ പാര്‍ട്ടികള്‍ രാജ്യത്തുടനീളമുണ്ട്. യു.പി., ബിഹാര്‍, ആന്ധ്ര, തമിഴ്‌നാട്, പ.ബംഗാള്‍, മഹാരാഷ്ട്ര, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നുള്ള ഇത്തരക്കാര്‍ കൂടിച്ചേര്‍ന്നാല്‍ ഭൂരിപക്ഷത്തിലേക്ക് വലിയ അകലമില്ല. പുറത്തുനിന്ന് പിന്താങ്ങാന്‍ വന്‍കിടക്കാരെ കിട്ടിയേക്കും. ദേവഗൗഡയ്ക്കും ഗുജ്‌റാലിനും ചന്ദ്രശേഖറിനും പ്രധാനമന്ത്രിയാകാന്‍ പറ്റുമെങ്കില്‍ ശരദ് പവാറും ഒട്ടും മോശക്കാരനല്ല.
വരാനുള്ളത് വഴിയില്‍ തങ്ങില്ല.
* * * * * * * * * *
കേന്ദ്രമന്ത്രിസഭയിലെ ഒന്നാമനായ ഡോ. മന്‍മോഹന്‍സിങ്ങിനെക്കുറിച്ച് ലോകപ്രശസ്ത മാഗസിന്‍ ‘ടൈം’ കവര്‍ സ്‌റ്റോറി അടിച്ചിരിക്കുന്നു. കവറില്‍ത്തന്നെ പറഞ്ഞിട്ടുള്ളത് ഡോ. മന്‍മോഹന്‍സിങ് പ്രതീക്ഷയ്‌ക്കൊപ്പം എത്തിയില്ല എന്നാണ്. അങ്ങനെ പറഞ്ഞുരക്ഷപ്പെടാം ടൈമിന്. നമുക്ക് അത് അങ്ങനെയങ്ങ് സ്വീകരിക്കാന്‍ പറ്റില്ല. അണ്ടര്‍എച്ചീവര്‍ എന്ന വാക്കിന് പല അര്‍ഥങ്ങള്‍ വ്യാഖ്യാനിക്കാം. എന്തുനേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്? ആരുടെ പ്രതീക്ഷയ്‌ക്കൊപ്പമാണ് എത്താതിരുന്നത്? എന്തായിരുന്നു സായ്പ്പിന്റെ പ്രതീക്ഷ ? പ്രതീക്ഷയ്‌ക്കൊപ്പം എത്തിയില്ലെങ്കിലും പാസ് മാര്‍ക്ക് ഉണ്ടോ? നൂറുശതമാനം മാര്‍ക്ക് നേടുമെന്ന് പ്രതീക്ഷിച്ചയാള്‍ 95 ശതമാനം നേടിയാലും അണ്ടര്‍എച്ചീവര്‍ ആണ്. 50 ശതമാനം കിട്ടുമെന്ന് കരുതിയ ആള്‍ 45 വാങ്ങിയാലും സംഭവം അത്രയേ ഉള്ളൂ എന്നാണോ വിലയിരുത്തല്‍ ? ഒന്നും വ്യക്തമല്ല.
അമേരിക്കയുടെ പ്രതീക്ഷയ്‌ക്കൊപ്പം എത്തിയില്ല എന്നാണ് നിഗമനമെങ്കില്‍ സംഗതി കോണ്‍ഗ്രസ്സുകാര്‍തന്നെ നാടൊട്ടുക്ക് ചെണ്ട കൊട്ടി അറിയിക്കേണ്ടതാണ്. കാരണം അതൊരു ബഹുമതിയാണ്. ഇവിടത്തെ പട്ടിണി മാറ്റി സമൃദ്ധി കൈവരിക്കുമെന്നോ അമേരിക്കയെ വെല്ലുന്ന വന്‍ശക്തിയായി ഇന്ത്യയെ വികസിപ്പിക്കുമെന്നോ ഒന്നുമല്ലല്ലോ അമേരിക്കന്‍ പ്രസിദ്ധീകരണം ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുക. ആഗോളീകരണത്തിന്റെ അജന്‍ഡയ്‌ക്കൊപ്പം ഇന്ത്യയെ മുന്നോട്ട് നയിച്ചില്ലെന്നാവാം അവരുടെ പരിഭവം. വേണ്ടെന്ന് വെച്ചതൊന്നുമല്ലന്നേ…. പരിശ്രമിക്കുന്നുണ്ട്. ആവാഞ്ഞിട്ടാണ്. ഇവിടത്തെ പ്രാരാബ്ധങ്ങളൊന്നും അവിടത്തേക്ക് മനസ്സിലാവുകയില്ല. രണ്ടറ്റം മുട്ടിക്കാന്‍തന്നെ അടിയങ്ങള്‍ പെടുന്ന പാട് അടിയങ്ങള്‍ക്കേ അറിയൂ. ഇന്ത്യയുടെ മൂന്നിലൊന്നു ജനവും ഇന്ത്യയുടെ മൂന്നിരട്ടി വിസ്തൃതിയും പ്രകൃതിവിഭവവും ഉള്ള അമേരിക്ക ഭരിക്കുന്നതുപോലെയൊന്നും ഈ രാജ്യം ഭരിക്കാനാവുകയില്ല. മുന്നണി ഭരണത്തിന്റെ പങ്കപ്പാടൊന്നും ഒബാമയും ടൈമും അറിയേണ്ടല്ലോ.
നമ്മുടെ പ്രധാനമന്ത്രിയെ കവര്‍ സ്‌റ്റോറിയാക്കി ലോകമെങ്ങും അപകീര്‍ത്തിയുണ്ടാക്കിയെന്നൊന്നും ആരും തെറ്റിദ്ധരിക്കേണ്ട. നാട്ടിലെ പത്രങ്ങള്‍ പോലെ ടൈം പോലുള്ള പ്രസിദ്ധീകരണങ്ങള്‍ക്കും ഉണ്ട് ലോക്കല്‍ എഡിഷന്‍. ഇന്ത്യന്‍ എഡിഷനിലോ ഏഷ്യന്‍ എഡിഷനിലോ വന്നതാണ് വിലയിരുത്തല്‍. എന്തായാലും ഇതൊന്നും നമ്മെ ഒട്ടും ബാധിച്ചിട്ടില്ല. മന്‍മോഹന്‍ജിക്ക് ലവലേശം തളര്‍ച്ച ഇല്ലെങ്കിലും യുവതാരം രാഹുലിനെ നാം രംഗത്ത് ഇറക്കാന്‍, അല്ല കയറ്റാന്‍ പോവുകയാണ്. കുറെ വര്‍ഷങ്ങളായി അദ്ദേഹം എം.പി.യും യുവരാജാവും ആയി പരക്കം പായുകയായിരുന്നു. പ്രധാനമന്ത്രിയായിട്ടു വേണമൊന്നുവിശ്രമിക്കാന്‍. ആള്‍ ഇപ്പോള്‍ത്തന്നെ ഒരു അണ്ടര്‍എച്ചീവര്‍ ആണെന്ന പരാതിയുണ്ട്. കാര്യമാക്കേണ്ട. പ്രധാനമന്ത്രിയാകുമ്പോഴേക്കും നന്നാവും. അമേരിക്കയും ടൈമും ഒക്കെ ആവശ്യത്തിന് ഉപദേശം കൊടുത്താല്‍ മതി.