പച്ചേം മഞ്ഞേം ചോപ്പും

ഇന്ദ്രൻ

സര്‍വശിക്ഷാ അഭിയാന്റെ ചടങ്ങില്‍ അധ്യാപികമാര്‍ പച്ചബ്ലൗസും സെറ്റ് സാരിയും ധരിച്ച് വരണം എന്ന് കല്പനയിറങ്ങിയത് സത്യമാണ്. വിദ്യാഭ്യാസമന്ത്രിയാവും കല്‍പ്പിച്ചതെന്ന ധാരണയില്‍ പലരും വാളൂരി. അത് തന്റെ പണിയല്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഊരിയ വാളുകള്‍ ഉറയിലേക്ക് മടങ്ങിയില്ല. ഉത്തരവിന് പിന്നില്‍ മതഅജന്‍ഡ ഉണ്ടാവാന്‍ സാധ്യത കണ്ടു. ഒരു അലിയാരുടെ പേരിലായിരുന്നല്ലോ ഉത്തരവ്. ദുരുദ്ദേശ്യം ആരോപിക്കാന്‍ വകുപ്പുണ്ട്.അഞ്ചാം മന്ത്രിയെ കിട്ടിയതിന് പച്ച ലഡു ഉണ്ടാക്കിയ കൂട്ടരാണ്. എന്തും ചെയ്യും. വാള്‍ ഉയര്‍ന്നുതന്നെ നിന്നു. അങ്ങേരും അങ്ങനെയൊരു ഉത്തരവേ ഇറക്കിയിട്ടില്ല എന്ന് പറഞ്ഞെങ്കിലും ഒരു ബലിയാടിനെ കിട്ടാതെ കുരുതി പൂര്‍ത്തിയാക്കുന്നതെങ്ങനെ? അലിയാര്‍ സസ്‌പെന്‍ഷനിലായതോടെ തത് കാലം അല ഒന്നടങ്ങിയിട്ടുണ്ട്. ബാക്കി പിന്നെ നോക്കാം.

അല്ല, അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ….ടീച്ചര്‍മാരോട് പച്ചയല്ല, നീല ബ്ലൗസ് ആണ് ധരിക്കാന്‍ പറഞ്ഞിരുന്നത് എങ്കില്‍ ഇവിടെ ആര്‍ക്കുമൊരു വിരോധവും വെപ്രാളവും ഉണ്ടാവുമായിരുന്നില്ലേ? ടീച്ചര്‍മാര്‍ക്കും അവരുടെ വിപ്ലവവീര്യമുള്ള സംഘടനകള്‍ക്കും വനിതാ വിമോചന പ്രസ്ഥാനങ്ങള്‍ക്കുമൊന്നും ആക്ഷേപമുണ്ടാകുമായിരുന്നില്ലേ? ഇല്ല എന്നു വേണം കരുതാന്‍. അവര്‍ ഒരു ക്വറി അങ്ങോട്ട് വിടുമായിരുന്നു… ഇളംനീല മതിയോ സാറേ അല്ല കടുംതന്നെ വേണോ? ഉത്തരവിട്ടത് അബ്ദുറബ്ബ് ആയിരുന്നെങ്കില്‍ പോലും അസല്‍ നീല ബ്ലൗസിട്ട് അവര്‍ സര്‍വശിക്ഷ ഏറ്റുവാങ്ങുമായിരുന്നു. ഘോഷയാത്രയില്‍ അണിനിരന്ന് ആഹ്ലാദചിത്തരായി മടങ്ങുമായിരുന്നു.
ഒരു വിഡ്ഢിച്ചോദ്യം കൂടി ചോദിച്ചോട്ടെ സാറേ… അധ്യാപികമാരോട് കല്പിക്കുന്നതിനുപകരം അധ്യാപകന്മാരോട് നീല പാന്റും വെള്ള ഷര്‍ട്ടും ഇട്ട് ചടങ്ങിന് എത്തണമെന്ന് കല്പിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു പ്രതികരണം? അങ്ങനെയൊരു ഉത്തരവിറക്കാന്‍ തന്നെ ഒരു അലിയാരും കുഞ്ഞിരാമനുമൊന്നും ധൈര്യപ്പെടുമായിരുന്നില്ല. ‘ആണു’ങ്ങള്‍ ചുട്ട മറുപടി കൊടുക്കുമായിരുന്നു. അന്നേ ദിവസം അധ്യാപഹയന്മാര്‍ വെള്ള മുണ്ടുടുത്തേ ചടങ്ങില്‍ വരൂ എന്ന് തീരുമാനിക്കുമായിരുന്നു. അങ്ങനെ തന്നെയാണ് ചെയ്യേണ്ടതും. പെണ്ണുങ്ങളുടെ ബ്ലൗസ് ആയാലും ആണുങ്ങളുടെ മുണ്ട് ആയാലും ഓഫീസുകളിലിരിക്കുന്ന യശ്മാന്‍മാരും സൂപ്പര്‍ ഹേഡ്മാഷ്മാരും അല്ലല്ലോ ഇതൊന്നും തീരുമാനിക്കേണ്ടത്.

സര്‍ക്കാര്‍ കല്‍പ്പനയ്‌ക്കൊത്ത് എന്തും ചെയ്യാന്‍ ബാധ്യസ്ഥരാണ് കുട്ടികളെ പഠിപ്പിക്കുന്നവരെന്ന ധാരണ മുമ്പേ ഉണ്ട്. ഏറ്റവും പ്രാധാന്യം കുറഞ്ഞ പണിയാണ് പഠിപ്പിക്കല്‍. സെന്‍സസ് കണക്കെടുപ്പും റേഷന്‍ കണക്കെടുപ്പും ഘോഷയാത്രയും സ്റ്റാമ്പ് വില്‍പ്പനയുമെല്ലാം കഴിഞ്ഞ് ബാക്കിസമയം മതി പഠിപ്പിക്കല്‍. കുട്ടികളെ പഠിപ്പിക്കേണ്ടവര്‍ വോട്ട് ചേര്‍ക്കാനും ജനസംഖ്യാകണക്കെടുക്കാനും കാടുംമേടും തെണ്ടാന്‍ നിര്‍ബന്ധിക്കപ്പെടുന്നത് വേറേതെങ്കിലും നാട്ടിലുണ്ടോ ആവോ. എയ്ഡ്‌സ് വരാതിരിക്കാന്‍ ഗര്‍ഭനിരോധന ഉറ ധരിക്കണം എന്നെഴുതിയ പ്ലക്കാര്‍ഡും പിടിച്ച് ജാഥ നടത്താന്‍ പത്തുവയസ്സുകാരികളെ നമ്മള്‍ ടീച്ചര്‍മാര്‍ക്കൊപ്പം തെരുവിലിറക്കിയിട്ടുണ്ട്. പോരേ

പോട്ടെ, പച്ചബ്ലൗസിലേക്ക് മടങ്ങാം. അലിയാരെ എന്തുപറഞ്ഞിട്ടായിരിക്കാം സസ്‌പെന്‍ഡ് ചെയ്തത്? ബ്ലൗസിന്റെ നിറം പച്ചയാവണം എന്ന് പറഞ്ഞതിനോ? പച്ച നിരോധിക്കപ്പെട്ട നിറമല്ലാത്തതുകൊണ്ട് പച്ചബ്ലൗസിടാന്‍ പറഞ്ഞത് ഒരു കുറ്റമാവാന്‍ ഇടയില്ല. ബ്ലൗസിന്റെ നിറവും അളവും ബ്യൂറോക്രാറ്റ് യശ്മാന്‍മാര്‍ തീരുമാനിക്കുന്നതില്‍ ആര്‍ക്കും വിരോധമില്ല. മന്ത്രിയുടെ പാര്‍ട്ടിക്കൊടിയുടെ നിറമായതാണ് പ്രശ്‌നം. പച്ചയില്‍ ഗൂഢഅജന്‍ഡ കണ്ടതില്‍ ആളുകളെ കുറ്റം പറഞ്ഞുകൂടാ. അഞ്ചാം മന്ത്രിയെ കിട്ടിയതില്‍ പച്ച ലഡു വിതരണം ചെയ്ത കൂട്ടരാണിത്. എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയാണെന്നും ചുവപ്പ് ബ്ലൗസിടാനാണ് ഇണ്ടാസ് ഇറങ്ങിയതെന്നും കരുതുക – പതിന്മടങ്ങാവുമായിരുന്നു കോലാഹലം. മതത്തിനും നിറമുണ്ട്. കമ്യൂണിസ്റ്റ് മതത്തിന്റെ നിറം ചോപ്പാണ്. ജാതിക്കും നിറമുണ്ട്. പാര്‍ട്ടിക്കും നിറമുണ്ട്.

പച്ച നല്ലനിറമാണ്. മുണ്ടിനുമാത്രമേ പച്ച പറ്റാതുള്ളൂ. പച്ച പ്രകൃതിയുടെ പ്രതീകനിറമാണ്. ഗ്രീന്‍ പാര്‍ട്ടികളുണ്ട് ലോകത്തെങ്ങും. കേരളത്തിന്റെ പ്രതീകം പച്ചയാണ്. ദേശീയപതാകയുടെ മുന്നിലൊന്നുപച്ചയാണ്. ഇതൊക്കെയാണെങ്കിലും പച്ച കണ്ടാല്‍ നമ്മളില്‍ പലര്‍ക്കും വിറളി പിടിക്കും. ചുകപ്പ് കണ്ടാല്‍ വിളറി പിടിച്ചുകുത്താന്‍ ചാടുന്നവരുണ്ട്. മഞ്ഞ കണ്ടാല്‍ വിറളി പിടിക്കുന്നവരുണ്ട്, കാവി കണ്ടാല്‍ വിറളി പിടിക്കുന്നവരുണ്ട്. വിറളി പിടിക്കുക എന്നതാണ് നമ്മുടെ സ്ഥായീഭാവം. ആരെങ്കിലും പച്ചയിട്ട്, കാവിയിട്ട്, മഞ്ഞയിട്ട് വഴിയെ നടക്കുന്നതുകണ്ടാല്‍ വിറളി പിടിച്ച് തല്ലിക്കൊല്ലാന്‍ ഓടിച്ചെല്ലുകയാണ് പുരോഗതിയുടെ അടുത്ത ഘട്ടം. വൈകാതെ അതും ഉണ്ടാകും.

*** ** ** *

യൂത്ത് കോണ്‍ഗ്രസ് അതിവേഗം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഗംഭീരന്‍ യുവജന പ്രസ്ഥാനമാണ് എന്നാണ് ധാരണയെങ്കില്‍ തിരുത്താന്‍ സമയമായി. യൂത്ത് കോണ്‍ഗ്രസ് ഇപ്പോള്‍ പൂരം കഴിഞ്ഞ പറമ്പ് പോലെയാണ് എന്ന് മനസ്സിലാക്കുക. പറയുന്നത് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ്. സംസ്ഥാന ക്യാമ്പിന്റെ സംഘടനാ പ്രമേയം വായിച്ചാല്‍ ഡി.വൈ.എഫ്.ഐ.ക്കാര്‍ക്കുപോലും കരച്ചില്‍ വരും.

ടാലന്റ് ഹണ്ട് എന്ന ഏര്‍പ്പാട് ആണത്രേ സംഘടനയെ ഉപ്പ് വെച്ച കലം പോലെ ദ്രവിപ്പിച്ചെടുത്തത് എന്നാണ് വിലാപകാവ്യത്തില്‍ പറയുന്നത്. പക്ഷേ, യുവഭാരതത്തിന്റെ ആശയും പ്രതീക്ഷയും ഒക്കെയായ രാഹുല്‍ഗാന്ധിയെ കുറിച്ച് പ്രമേയത്തില്‍ ഒന്നും പറയുന്നില്ല. ആ സാറിന്റെ മഹത് ആശയമായിരുന്നല്ലോ ടാലന്റ് ഹണ്ട്. സംഘടനയില്‍ പ്രതിഭകളെ വളര്‍ത്താനുള്ള ആശയത്തിന്റെ പേരുതന്നെ ഹണ്ട് എന്നാക്കിയവരുടെ ഉദ്ദേശ്യശുദ്ധി പരിശോധിക്കേണ്ടതുണ്ട്. ഹണ്ട് എന്നാല്‍ വേട്ട. പോറ്റാനുള്ളതല്ല വേട്ട, കൊല്ലാനുള്ളതാണ്. പ്രതിഭകളെ വേട്ടയാടുക!

പാര്‍ലമെന്റിലേക്ക് മത്സരിക്കുംപോലെ കാശ് കെട്ടിവെച്ചാലേ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ പറ്റൂ എന്നതാണ് സംഘടനയിലെ അവസ്ഥയത്രേ. കാശുള്ള കുടുംബത്തില്‍ നിന്ന് ടൈയും കോട്ടുമായി വരുന്ന ബബിള്‍ഗം ബേബിമാരാണത്രേ സ്ഥാനങ്ങള്‍ കൈയടക്കുന്നത്. ആയിക്കോട്ടെ, പോസ്റ്റര്‍ ഒട്ടിക്കുക, ബേബിമാരുടെ ബാഗ് തൂക്കുക, ജാഥ നടത്തി തല്ലുവാങ്ങുക, വോട്ടുപിടിക്കുക തുടങ്ങിയ പണികള്‍ ബാക്കിയില്ലേ? എന്തുകൊണ്ട് അതൊന്നും ചെയ്തുകൂടാ? യൂത്ത് കോണ്‍ഗ്രസ് പാപ്പരായി ലിക്വിഡേറ്റ് ചെയ്യപ്പെട്ടുപോകുമെന്ന പേടിയൊന്നും ആര്‍ക്കുംവേണ്ട. ബിസിനസ് എക്‌സിക്യൂട്ടീവ് ഇനം നേതാക്കള്‍ വന്നാലും സ്വയംതൊഴില്‍കണ്ടെത്തല്‍ മേഖല ഇല്ലാതാവുകയൊന്നുമില്ല. രസീറ്റ് ബുക്ക് ഉള്ള കാലത്തോളം സ്വയംതൊഴില്‍ കണ്ടെത്താം. സെല്‍ഫ് ഫൈനാന്‍സിങ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ആവാം. യൂത്ത് കോണ്‍ഗ്രസ്സുകാര്‍ വെറുതെ വേവലാതിപ്പെടുകയാണ്.
ഭാരതത്തിന്റെ ഭാവി പ്രതീക്ഷയുടെ പോക്കറ്റില്‍ ഇത്തരം കിണ്ണന്‍ ആശയങ്ങള്‍ വേറെ എന്തെല്ലാമാണ് ഉള്ളതെന്ന് ആര്‍ക്കുമറിയില്ല. പ്രധാനമന്ത്രിയാകാന്‍ കാത്തിരിക്കുകയാവും അദ്ദേഹം. ഉള്‍ക്കിടിലത്തോടെ നമ്മളും കാത്തിരിക്കുക !

*** ** ** *

കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും ഏതെങ്കിലും ജാതിയോടോ മതത്തോടോ അമിത സ്‌നേഹം കാട്ടേണ്ട എന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി ഉപദേശിച്ചത് കേട്ടിരിക്കുമല്ലോ. എല്ലാ സമുദായങ്ങള്‍ക്കും തുല്യനീതിവേണം, ആരോടും അകല്‍ച്ച പാടില്ല എന്നും ഉപദേശിച്ചിട്ടുണ്ട് ആന്റണി. അത്രത്തോളം സഹിക്കാം. അമിത സമുദായ താത്പര്യവുമായി വരുന്നവര്‍ക്ക് വയറുനിറയെ ഉപദേശം കൊടുത്തുവിടാന്‍ ഉള്ള ധൈര്യം കാട്ടണം എന്നുകൂടി ആന്റണി ഉപദേശിച്ചു എന്നാണ് പത്രങ്ങളില്‍ കാണുന്നത്.
നെയ്യാറ്റിന്‍കരയില്‍ പരീക്ഷിച്ച ഐഡിയ കേരളം മുഴുവന്‍ നടപ്പാക്കാനാവണം ആന്റണി ഉദ്ദേശിക്കുന്നത്. അവിടെ കോണ്‍ഗ്രസ്സും യു.ഡി.എഫും അമിത സമുദായ താത്പര്യവുമായി വന്ന ആളുകളെ കൈകാര്യം ചെയ്തത് ആന്റണിയന്‍ പ്രിന്‍സിപ്പ്ള്‍സ് അനുസരിച്ചായിരുന്നു. സമൃദ്ധമായ ജാതിവിരുദ്ധ ഉപദേശം കിട്ടി നാടാര്‍, നായര്‍, ക്രിസ്ത്യന്‍ അമിത സമുദായതാത്പര്യക്കാര്‍ മലര്‍ന്നടിച്ചുവീണു. അതിന്റെ ഫലമായി ജാതിയും മതവുമെല്ലാം മറന്ന് ജനം വോട്ടുചെയ്തതിന്റെ ഫലമായാണ് യു.ഡി.എഫ്. വന്‍ജയം ജയിച്ചത്. ഇതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് ‘ഹൗ ടു വിന്‍ ഫ്രണ്ട്‌സ് ആന്‍ഡ് ഇന്‍ഫ്‌ളുവന്‍സ് പീപ്പ്ള്‍’ മാതൃകയിലുള്ള ഒരു കൈപ്പുസ്തകം ഉടനെ പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്. ‘ഹൗ ടു വിന്‍ കാസ്റ്റ്‌സ് ആന്‍ഡ് ഇന്‍ഫ്‌ളുവന്‍സ് വോട്ടേഴ്‌സ്’ എന്നാവും പേര്. സംശയം വേണ്ട ബെസ്റ്റ് സെല്ലറാവും. കാത്തിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Go Top