കോണ്‍ഗ്രസ്സുകാര്‍ക്ക് ടി.കെ. ഹംസയെക്കുറിച്ച് ആദ്യമായി ചില്ലറ സന്തോഷം തോന്നിക്കാണണം. പഴയ സഹപ്രവര്‍ത്തകനാണ്. കോണ്‍ഗ്രസ്സിനെ കുലംകുത്തിപ്പോയി സഖാവായശേഷം ഹംസയെക്കുറിച്ച് സന്തോഷിക്കാന്‍ ഒട്ടും അവസരം കിട്ടിക്കാണില്ല. ഇപ്പോള്‍ കിട്ടി. കോണ്‍ഗ്രസ്സിലായിരുന്ന കാലത്ത് പഠിച്ച വളരെ പ്രധാനപ്പെട്ട ഒരു പാഠം ഹംസ കൃത്യമായി ഓര്‍മിച്ചുവെക്കുകയും ഉചിതമായ സമയത്ത് പ്രയോഗിക്കുകയും ചെയ്തു. എതിര്‍ഗ്രൂപ്പില്‍പ്പെട്ട ഏതെങ്കിലുമൊരു നേതാവിനെ മാസത്തിലൊരിക്കലെങ്കിലും കോലിട്ട് തിരുകി വെപ്രാളപ്പെടുത്തുക എന്നത് കോണ്‍ഗ്രസ് പാരമ്പര്യത്തില്‍പ്പെട്ടതാണ്. പക്ഷേ, മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതുകൊണ്ട് പാര്‍ട്ടി വിട്ട് ഇടതുപക്ഷ ആദര്‍ശപ്പാര്‍ട്ടിയില്‍ ചേര്‍ന്നതിനുശേഷം പഴയ ശീലങ്ങള്‍ പുറത്തെടുക്കാന്‍ അവസരം കിട്ടിയില്ല. പുറത്തെടുക്കുന്നത് അപകടവുമാണല്ലോ. കോണ്‍ഗ്രസ്സിലെ കളിയൊന്നും അവിടെ നടക്കാറില്ല. അവിടെ നേതാക്കളെ ഇക്കിളിപ്പെടുത്താനേ സ്വാതന്ത്ര്യമുള്ളൂ, നോവിച്ചാല്‍ കളിമാറും. എത്രകാലമാണ് പഴയ ശീലങ്ങള്‍ മനസ്സില്‍ അടിച്ചമര്‍ത്തിവെക്കുക. ഓര്‍ക്കാപ്പുറത്ത് അത് പുറത്തുചാടി. കോണ്‍ഗ്രസ്സില്‍പ്പോലും നാട്ടിന്‍പുറത്തെ പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടി നേതാവിനിട്ട് തോണ്ടുന്ന സമ്പ്രദായമില്ല. അത് പത്രക്കാരെ കാണുമ്പോഴേ പതിവുള്ളൂ. ഹംസ പൊതുയോഗത്തില്‍ത്തന്നെ കൃത്യം നിര്‍വഹിച്ചു.
ചില്ലറക്കാരനെയല്ല ഹംസ ഹിംസിച്ചത്. പാര്‍ട്ടി സ്ഥാപകരില്‍ ഒരാള്‍, മുന്‍ പി.ബി. അംഗം, കേന്ദ്രക്കമ്മിറ്റിയംഗം, പ്രതിപക്ഷനേതാവ്-പോരാത്തതിന് വന്ദ്യവയോധികനും. ഇതെല്ലാമായ വി.എസ്സിനെക്കുറിച്ചാണ്, കൊലക്കേസ്സില്‍ പ്രതിയാക്കി ജയിലിലിട്ടിരുന്നുവെങ്കില്‍ ശല്യം തീരുമായിരുന്നു എന്നുപറഞ്ഞത്. സ്വന്തം പാര്‍ട്ടിയാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതെങ്കില്‍ അതിനൊരു ശ്രമമെങ്കിലും നടത്താമായിരുന്നു. ഇപ്പോള്‍ ക്രോധം പറഞ്ഞുതീര്‍ക്കാനേ പറ്റൂ. പാര്‍ട്ടിപ്രമുഖനെ പരസ്യമായി അധിക്ഷേപിച്ചിട്ടും ഹംസയുടെ പാര്‍ട്ടി കാര്‍ഡ് പോക്കറ്റില്‍ത്തന്നെ കിടക്കുന്നു. ഇതിനുമുമ്പാര്‍ക്കും അങ്ങനെയൊരു ഭാഗ്യമുണ്ടായിട്ടില്ല. അഞ്ചുകൊല്ലം മുമ്പായിരുന്നു സംഭവമെങ്കില്‍ വി.എസ്സിനെതിരെ പറയാന്‍ ഹംസയുടെ നാവുപൊങ്ങില്ല. പൊങ്ങിയാല്‍ പാര്‍ട്ടിക്ക് പുറത്താവും കിടപ്പ്.
അച്ചടക്കത്തിന്റെ വാള്‍ വീശാതെ ഹംസയെ പാര്‍ട്ടിയില്‍ നിലനിര്‍ത്തിയതിന് പിണറായി വിജയനോടാണ് ഹംസ നന്ദി പറയേണ്ടത് എന്ന് കരുതുന്നവര്‍ കാണും. പിണറായിയോട് മാത്രം നന്ദി പറഞ്ഞാല്‍ പോര, അച്യുതാനന്ദനോടും പറയണം. കുറേശ്ശെയായി അദ്ദേഹമാണ് പരസ്യവിമര്‍ശനം എന്ന ദുശ്ശീലം പാര്‍ട്ടിയിലുണ്ടാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലഹരിയാണ് അത്. ലഹരികള്‍ക്ക് ഒരു കുഴപ്പമുള്ളത് അതിന്റെ ഡോസ് കൂടിക്കൊണ്ടേ ഇരിക്കും എന്നതാണ്. അതിന്റെ സുഖം അനുഭവിച്ചുകൊണ്ടിരുന്നാല്‍ പിന്നെ പിന്തിരിയാനാവില്ല. വി.എസ്സിനും പറ്റില്ല, ഹംസയ്ക്കും പറ്റില്ല.
ഇതിനെല്ലാം ഇക്കാലത്തെ ദുഷിച്ച മാധ്യമസംസ്‌കാരത്തെയും കുറ്റപ്പെടുത്താതെ പറ്റില്ല. നല്ലതുപറഞ്ഞാലൊന്നും ചാനലുകാരും പത്രക്കാരും മൈന്‍ഡ് ചെയ്യില്ല. ഹംസ മാപ്പിളപ്പാട്ടിനെക്കുറിച്ച് പ്രസംഗിച്ചാല്‍ ലോക്കല്‍പേജില്‍ ഒറ്റക്കോളത്തില്‍ കൊടുത്താലായി. ഉമ്മന്‍ചാണ്ടിയെക്കുറിച്ചോ ചെന്നിത്തലയെക്കുറിച്ചോ പറഞ്ഞാലും പത്രത്തിലും ടി.വി.യിലുമൊന്നും വരില്ല. ഇപ്പോഴിതാ അച്യുതാനന്ദനെക്കുറിച്ച് പറഞ്ഞപ്പോള്‍ കണ്ടില്ലേ, പത്രത്തിലും ചാനലിലും നിറഞ്ഞുനില്‍ക്കുന്നു. അച്യുതാനന്ദന്റെ കാര്യവും അങ്ങനെത്തന്നെ. പാര്‍ട്ടിയെ കോലിട്ട് തിരുകുമ്പോഴേ വാര്‍ത്തയാകുന്നുള്ളൂ. അച്യുതാനന്ദന്‍ നിന്നുചെയ്യുന്നത് താന്‍ നടന്നുചെയ്യുന്നുവെന്നേ ഹംസ ധരിച്ചുകാണൂ. അഭിപ്രായ സ്വാതന്ത്ര്യം എന്ന ലഹരിയുടെ ഡോസ് കൂടിപ്പോയതുകൊണ്ട്, ഉടുതുണിയില്ലാതെയായിരുന്നു കൃത്യനിര്‍വഹണം എന്ന് ഹംസക്ക ഓര്‍ത്തില്ല. ലഹരിയിറങ്ങിയപ്പോഴേ ബോധം വന്നുള്ളൂ.
ഡി.സി.സി. പ്രസിഡന്റായി നടന്ന ആള്‍ പാര്‍ട്ടിയിലേക്ക് മാറി സ്ഥാനങ്ങളെല്ലാം നേടിയശേഷം ഇപ്പോള്‍ തനിക്കെതിരായി തിരിഞ്ഞെന്നാണ് വി.എസ്. പറഞ്ഞത്. സ്ഥാനങ്ങളെല്ലാം നേടിയെന്ന് പറയുന്നത് ശരിയല്ല. എഴുപത്തഞ്ചുവയസ്സേ ആയിട്ടുള്ളൂ. ഇനിയും ചിലതെല്ലാം നേടാനാവും. രാജ്യസഭാംഗമായി അഞ്ചാറുകൊല്ലം വിശ്രമജീവിതം നയിച്ചുകൂടേ? പിന്നെയും വന്ന് മന്ത്രിയായിക്കൂടേ? കോണ്‍ഗ്രസ്സില്‍ ത്തന്നെയായിരുന്നെങ്കില്‍ കേന്ദ്രമന്ത്രിപോലും ആകാമായിരുന്നെന്ന് ഇപ്പോള്‍ നഷ്ടബോധം തോന്നിക്കാണും. കോണ്‍ഗ്രസ്സില്‍ പതിവുള്ള രീതിയാണ് സ്ഥാനം കിട്ടാന്‍ നേതാക്കളെ സുഖിപ്പിക്കുക എന്നത്. സി.പി.എമ്മില്‍ അത് പറ്റില്ലെന്നത് പുറത്ത് പ്രചാരത്തിലുള്ള ഒരു തെറ്റിദ്ധാരണയാണ്. പാര്‍ട്ടി സെക്രട്ടറിയെ സുഖിപ്പിക്കുന്നതുകൊണ്ട് ദോഷം വരില്ല, ഗുണം ഇന്നല്ലെങ്കില്‍ നാളെ കിട്ടാതിരിക്കില്ല.
വിശ്വസിച്ച് കേസ് ഏല്പിക്കുന്ന ആള്‍ കൊലയാളിയാണ് എന്ന് ബോധ്യപ്പെട്ടാലും വക്കാലത്ത് കളയില്ല ഒരു വക്കീലും. ടി.കെ.ഹംസ തൊഴില്‍ ധാര്‍മികതയില്‍ വിശ്വസിക്കുന്ന വക്കീലാണ്. സഖാവ് കുഞ്ഞാലിയെ കൊന്ന കേസ്സിലെ പ്രതി ആര്യാടന്‍ മുഹമ്മദിന് വേണ്ടിയും അദ്ദേഹം പണ്ട് കേസ് വാദിച്ചത് അതുകൊണ്ടുകൂടിയാണ്, അതുകൊണ്ടുമാത്രമല്ലെങ്കിലും. ഈ കേസ്സിലും ഹംസവക്കീല്‍ തന്റെ കക്ഷിക്കുവേണ്ടി വാദിക്കും. സത്യവും ധര്‍മവും നോക്കിയേ കേസ് എടുക്കൂ എന്ന് വാശിപിടിച്ചാല്‍ വക്കീലിന്റെ കഞ്ഞികുടി മുടങ്ങും, സത്യമൊട്ട് ജയിക്കുകയുമില്ല.
******
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലഹരിപോലെ ചിലര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുത്തുന്ന ഒന്നാണ് മൈക്കിന്റെ ലഹരി. ഇഞ്ചിഞ്ചായി ചതച്ചാലും രഹസ്യങ്ങളൊന്നും പറയാത്ത ചിലയിനം കുറ്റവാളികള്‍ക്ക് മൂക്കറ്റം മദ്യം കൊടുത്താല്‍ രഹസ്യങ്ങള്‍ മണി മണിയായി പറയുമത്രെ. മൈക്കിന് മുന്നിലെത്തിയാല്‍ ചില സഖാക്കളും അങ്ങനെയാണ്.
ഒഞ്ചിയത്ത് നടന്നത് ആദ്യത്തെ രാഷ്ട്രീയ കൊലപാതകമൊന്നുമല്ലല്ലോ എന്ന് സഖാവ് എളമരം കരീം പറഞ്ഞത്, അത് രാഷ്ട്രീയക്കൊലയാണെന്ന കുറ്റസമ്മതമായാണ് ചിലര്‍ എടുത്തത്. കരീം പറഞ്ഞത് വേറെ. ഇതിനുമുമ്പും ഇങ്ങനെ പലരെയും പാര്‍ട്ടി കൊന്നിട്ടുണ്ട്, അന്നൊന്നുമില്ലാത്ത വേവലാതിയും വെപ്രാളവും ഇപ്പോഴെന്തിന് എന്നേ കരീം ചോദിച്ചുള്ളൂ. തീര്‍ച്ചയായും അത് വിസ്മയകരം തന്നെയാണ്. കൊലയാളികള്‍ക്ക്-പ്രത്യേകിച്ച് വാടകക്കൊലയാളികള്‍ക്ക്-എല്ലാ കൊലയും ഒരുപോലെയാണ്. ഇത്രയും കോളിളക്കം പാര്‍ട്ടിയിലും പുറത്തും ഉണ്ടാകും എന്നറിഞ്ഞിരുന്നെങ്കില്‍ കൊല്ലാന്‍ വേറെ എന്തെല്ലാം വഴി നോക്കാമായിരുന്നു. പാതിരായ്ക്ക് വല്ല ജീപ്പും ഇടിപ്പിച്ചാല്‍ മതിയായിരുന്നു എന്ന് പശ്ചാത്താപം.
കരീമിനെ കടത്തിവെട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി എന്നാണ് പലരും കരുതുന്നത്. മണിക്ക് കരീമിന്റെ പരിഷ്‌കാരവും നാട്യവും ഒന്നുമില്ല. അതുകൊണ്ട് കുറെ സത്യം മണി മണിയായി പറഞ്ഞുപോയി. കാര്യമായി എടുക്കേണ്ട. ഹംസയുടെ ഏറനാടന്‍ തമാശ പോലെയൊരു മലനാടന്‍ തമാശ ആയിരുന്നു മണിയുടേതെന്ന് പാര്‍ട്ടി സെക്രട്ടറി നാളെ പറഞ്ഞേക്കും. പാര്‍ട്ടിയില്‍ മൊത്തം തമാശക്കാരുടെ വിളയാട്ടമാണ്.
നടത്തിയ കൊലയുടെ കണക്കുകള്‍ പൊതുയോഗത്തില്‍ നിരത്തിയത് ചന്ദ്രശേഖരനെയും തങ്ങള്‍ കൊന്നതാണ് എന്ന് സമ്മതിക്കാനല്ല, ചന്ദ്രശേഖരനെ തങ്ങള്‍ കൊന്നിട്ടില്ല എന്ന് വിശ്വസിപ്പിക്കാനാണ്. കൊല്ലുമെന്നേ ഉള്ളൂ, പാര്‍ട്ടിക്ക് സത്യം വിട്ട് കളിയില്ല കേട്ടോ.