ജനിതകമാറ്റങ്ങള്‍

ഇന്ദ്രൻ

സി.പി.എമ്മിന് ജനിതകമാറ്റം സംഭവിക്കുന്നു എന്നാണ് വിമര്‍ശകര്‍ വിളിച്ചുപറയാറുള്ളത്. മാറ്റത്തിലാണ് വിമര്‍ശകരുടെ നോട്ടം. മുമ്പൊക്കെ നയവ്യതിയാനം, തിരുത്തല്‍വാദം, പിന്തിരിപ്പനിസം തുടങ്ങിയ വാക്കുകള്‍കൊണ്ട് വിശേഷിപ്പിച്ചിരുന്ന ഇനത്തില്‍പ്പെട്ട മാറ്റമൊന്നുമല്ല ഈ ആഗോളീകരണ കലികാലത്ത് സംഭവിക്കുന്നത്. കമ്യൂണിസ്റ്റുകാര്‍ മാറുകയാണോ വേണ്ടത് അതല്ല പണ്ട് നിന്നിടത്തുതന്നെ നില്ക്കുകയാണോ വേണ്ടത് എന്ന കാര്യത്തില്‍ വിമര്‍ശകര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും ഒരുപോലെ ആശയക്കുഴപ്പമാണുള്ളത്. മാറിയാലും വിമര്‍ശിക്കാം മാറിയില്ലെങ്കിലും വിമര്‍ശിക്കാം എന്നതാണ് വിമര്‍ശകരുടെ പൊതുസമീപനം. മാറി എന്നാരെങ്കിലും കുറ്റപ്പെടുത്തിയാല്‍ മാറിയിട്ടില്ല എന്നും മാറിയിട്ടില്ല എന്നു കുറ്റപ്പെടുത്തിയാല്‍ ധാരാളം മാറി എന്നും വാദിച്ചു സ്ഥാപിക്കുകയായിരുന്നു താര്‍ക്കികരായ താത്ത്വികാചാര്യന്മാരുടെ മുഖ്യചുമതല. രണ്ടും മുറയ്ക്ക് നടക്കുന്നുണ്ട്.

സി.പി.എമ്മിന്റെ ജനിതകമാറ്റം നോക്കിനില്ക്കുന്നതൊക്കെ ശരിതന്നെ. പക്ഷേ, വിമര്‍ശകരും നിരീക്ഷകരും എല്ലായ്‌പ്പോഴും സി.പി.ഐ.യെ ഇങ്ങനെ അവഗണിക്കുന്നത് അക്ഷന്തവ്യമായ അപരാധമാ ണ്. എന്തെല്ലാം ജനിതകമാറ്റങ്ങളാണ് സി.പി.ഐ.യില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാരും അന്വേഷിക്കുന്നില്ല. കാര്‍ഷികരംഗത്ത് ജനിതകമാറ്റം പാടില്ലെന്ന് സി.പി.ഐ. പ്രഖ്യാപിച്ചതാരും കേട്ടില്ലേ? അങ്ങനെ പറഞ്ഞതുതന്നെ പാര്‍ട്ടിയില്‍ കുറച്ചുകാലത്തിനിടെ ഉണ്ടായ വമ്പന്‍ മാറ്റത്തിന്റെ ലക്ഷണമാണെന്ന് എന്തേ ആരും മനസ്സിലാക്കാത്തത്. സി.പി.എമ്മിന്റെ ജനിതകമാറ്റനയം പുറത്തുവന്നപ്പോഴാണ് സി.പി.ഐ. നേരേ എതിര്‍ദിശയിലുള്ള അവരുടെ ജനിതകമാറ്റനയം നാട്ടാരെ അറിയിച്ചത്. സി.പി.എം. പറഞ്ഞതിന് എതിരുണ്ടെങ്കിലേ സി.പി.ഐ. ഇപ്പോള്‍ എന്തെങ്കിലും പറയാറുള്ളൂ- എതിരില്ലാതിരിക്കുന്ന പ്രശ്‌നമേ ഇല്ല. ശാസ്ത്രവികാസങ്ങള്‍ അപ്പടി തള്ളിക്കളയുകയില്ല എന്നേ പൊളിറ്റ്ബ്യൂറോ അംഗം എസ്.ആര്‍.പി. സഖാവ് പറഞ്ഞിട്ടുള്ളൂ. വായയ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ടായി വിളമ്പുന്ന ആളല്ല സഖാവ്. ബയോടെക്‌നോളജിയിലോ മറ്റോ ഡിഗ്രിയെടുത്ത മട്ടിലാണ് പൊതുവെ എതിര്‍ക്കുന്ന നേതാക്കളും അനുകൂലിക്കുന്ന നേതാക്കളും ജനിതകമാറ്റ തിയറികള്‍ തട്ടിവിടാറുള്ളതെങ്കിലും എസ്.ആര്‍.പി. സഖാവ് അത്രയ്‌ക്കൊന്നും പോയിരുന്നില്ല.

മുന്‍കാലങ്ങളില്‍ സംഭവിച്ചതിനെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് ഒരു മുന്‍കൂര്‍ ജാമ്യമെടുത്തു എന്നേ അതിനെ കാണേണ്ടിയിരുന്നുള്ളൂ. എതിര്‍ക്കുന്നുണ്ടോ എന്നുചോദിച്ചാല്‍ ഉണ്ട്, ഉണ്ടോ എന്നുറച്ചുചോദിച്ചാല്‍ ഇല്ല. അങ്ങനെ കൈയാലപ്പുറത്തെ തേങ്ങയായി നിന്നാല്‍ ചിലതിനെ എതിര്‍ക്കുകയും ചെയ്യാം, ചിലതിനെ അനുകൂലിക്കുകയും ചെയ്യാം. രണ്ടായാലും വിരോധമില്ല. ആരോ പറഞ്ഞുപേടിപ്പിച്ചിട്ടാണ് പണ്ട് കമ്പ്യൂട്ടറിനെ എതിര്‍ക്കാന്‍ പോയത്. ഒടുവില്‍ ബാഗില്‍ അതില്ലാതെ വീട്ടില്‍നിന്നിറങ്ങാന്‍ പറ്റാത്ത നിലയായി. കളര്‍ ടെലിവിഷന്‍ കൊണ്ടുവരുന്നതിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പറയാനിനി ഒന്നും ബാക്കി വെച്ചിരുന്നില്ല. കേട്ടവര്‍ക്കും തോന്നി കാര്യം ശരിയല്ലേ എന്ന്. കോടിക്കണക്കിനാളുകള്‍ക്ക് ഒരുനേരം തിന്നാന്‍ കഴിയാത്തപ്പോഴാണോ കളര്‍ടെലിവിഷന്‍ കൊണ്ടുവരാന്‍ പണമിറക്കുന്നത് എന്നായിരുന്നു ന്യായമായ ചോദ്യം. ഇപ്പോള്‍ മൂന്നുനേരം തിന്നില്ലെങ്കിലും വേണ്ടില്ല, ടെലിവിഷന്‍ മതി എന്നായിട്ടുണ്ട് ജനത്തിന്. പാടത്ത് ട്രാക്ടര്‍ ഇറക്കുന്നതിന് എതിരെയും ന്യായമായ ചോദ്യങ്ങള്‍ പാര്‍ട്ടി പണ്ട് ചോദിച്ചിരുന്നു. കാര്യമുണ്ടായില്ല, ചോദിച്ചവര്‍ തന്നെയാണിപ്പോള്‍ ട്രാക്ടര്‍ ഓടിച്ച് പാടത്തേക്ക് വരുന്നത്. ഏഷ്യാഡ് നടത്താന്‍ എന്തിനാണ് കോടികള്‍ ചെലവാക്കുന്നത് എന്ന് പണ്ട് ചോദിച്ചവര്‍ ഇപ്പോള്‍ ചോദിക്കുന്നത് എന്തേ ഒളിമ്പിക്‌സ് നടത്താന്‍ ഈ സര്‍ക്കാറിന് കഴിയാത്തത് എന്നാണ്. ഇങ്ങനെ ഏറെ ചൂടുവെള്ളത്തില്‍ വീണ പൂച്ചകള്‍ക്ക് ജി.എം. പച്ചവെള്ളം കണ്ടപ്പോഴും പേടിയായതില്‍ കുറ്റപ്പെടുത്താനാവില്ല.

ഇത് വലിയ പൊല്ലാപ്പ് തന്നെയാണ്. മുമ്പാണെങ്കില്‍ ഒരുവിധം സംഗതികളെല്ലാം ഇ.എം.എസ്സിന് വഴങ്ങുമായിരുന്നു. ജന്മനാതന്നെ ജനറ്റിക്കലി മോഡിഫൈഡ് ആയ, അതുപോലൊരു ആചാര്യര്‍ ഇന്ന് എവിടെയുമില്ല. പത്രങ്ങളില്‍ വരുന്ന സംഗതികള്‍തന്നെ മനസ്സിലാക്കിയെടുക്കാനും അതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കാനും ചില്ലറ പാടൊന്നുമല്ല. ഐസ്‌ലന്‍ഡില്‍ ആട്ടിറച്ചി ഗോതമ്പുണ്ടയാക്കി മാറ്റുന്ന ടെക്‌നോളജി കണ്ടെത്തിയതായി പത്രങ്ങളിലുണ്ടല്ലോ, എന്താണ് അതിനെക്കുറിച്ച് സഖാവിന്റെ അഭിപ്രായം എന്ന് ചാനലുകാരികളും കാരന്മാരും കോലുമായി വന്ന് മൂക്കിനു തട്ടി ചോദിക്കുമ്പോള്‍ എന്തോ ചെയ്യാനാ… നാവില്‍നിന്ന് അബദ്ധംവല്ലതും വീണുപോയാല്‍ പിന്നെ ആജീവനാന്തം അതേ ടി.വി.യില്‍ കാട്ടുകയുള്ളൂ. കല്ലില്‍കൊത്തിയത് മാഞ്ഞേക്കും, ചാനലില്‍ പറഞ്ഞത് മായില്ല. ബി.ടി. രണദിവയെക്കുറിച്ച് എഴുതുന്നതുപോലെ ബി.ടി. വഴുതനയെക്കുറിച്ച് എഴുതാനാവില്ലല്ലോ. ചൈനയില്‍ ജി.എം. വിത്താണ് പരക്കെ ഉപയോഗിക്കുന്നതെന്നുവെച്ച് അത് ഇവിടെയും ഉപയോഗിക്കാം എന്നൊന്നും പറയാനുമാവില്ല. അവിടെ പാര്‍ട്ടി പൊളിറ്റ്ബ്യൂറോവിലിരിക്കുന്നതും ശാസ്ത്രജ്ഞര്‍ തന്നെയാണ്. അവര്‍ക്കെന്തിനെയാണ് ന്യായീകരിച്ചുകൂടാത്തത്? സി.പി.ഐ.യുടെകാര്യമാണ് കൂടുതല്‍ കഷ്ടം. പണ്ട് സോവിയറ്റ് യൂണിയനില്‍നിന്ന് വരുമായിരുന്നു എല്ലാറ്റിനുമുള്ള വ്യാഖ്യാനം. നമ്മള്‍ മലയാളത്തിലാക്കിയാല്‍ മതിയായിരുന്നു. അവിടെ മഴ പെയ്താല്‍ ഇവിടെ കുടപിടിക്കാമായിരുന്നു. ഇപ്പോഴിതാ ഇവിടെ കുടയുമില്ല, വടിയുമില്ല.

സി.പി.ഐ.ക്കുണ്ടായ ജനിതകമാറ്റങ്ങളെ ക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. പി.കെ. വാസുദേവന്‍നായരുടെ കാലത്തെ സി.പി.ഐ.യില്‍നിന്ന് വെളിയം ഭാര്‍ഗവന്റെ കാലത്തെ സി.പി.ഐ.യിലേക്കുള്ള ജനിതകമാറ്റം തന്നെ അത്യസാധാരണമായിരുന്നു. പച്ചച്ചീരയില്‍ ജീന്‍ കയറ്റി കഞ്ചാവാക്കിയതുപോലെ. സി.പി.ഐ.ക്കാര്‍ക്കു തന്നെ മതിയായിട്ടാണ് വെളിയം ആശാനെ ഉമ്മറപ്പടിയിലെ ചാരുകസേരയില്‍നിന്ന് അകത്തെ ഇരുട്ടുമുറിയിലെ കട്ടിലിലേക്ക് മാറ്റിയതെന്ന് കേള്‍ക്കുന്നു. എന്തായിരുന്നു പുക്കാറ്…. വി.എസ്.ഭരണം വന്നതിനുശേഷം ആഴ്ചയില്‍ ഒന്നെന്ന റേറ്റിലാണ് വിവാദങ്ങള്‍ നിര്‍മിച്ചുവിട്ടുകൊണ്ടിരുന്നത്. പണ്ടൊക്കെ പാര്‍ട്ടിമന്ത്രിമാരുടെ അസല്‍ ഭരണനേട്ടങ്ങളായിരുന്നു സി.പി.ഐ.യുടെ യശസ്സ്. ഇപ്പോള്‍ അതൊന്നും വയ്യ. ഞാന്‍ ഞാന്‍ മുന്നിലെന്ന് വാശി പിടിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുണ്ട് സി.പി.ഐ.മന്ത്രിമാര്‍. മുട്ട-കോഴി ഭക്ഷ്യക്രമവും മൂന്നാറും പൊന്നാനി രണ്ടത്താണിയും മെര്‍ക്കിന്‍സ്റ്റണും എച്ച്.എം.ടി. പോക്കുവരവും റവന്യൂവകുപ്പ് വ്യാജനിയമനവും ഇങ്ങൊടുവില്‍ നടുറോഡില്‍ അര്‍ധരാത്രി മന്ത്രിയുടെ മരംചുറ്റി പ്രേമകവിത വരെയുണ്ട് ഭരണനേട്ടങ്ങളുടെ നീണ്ട പട്ടികയില്‍. വെളിയംഇസ്മയില്‍ പ്രതിഭകള്‍ സി.പി.എമ്മിലെ ജയരാജവിജയന്മാര്‍ക്ക് വിനയത്തിന്റെയും എളിമയുടെയും കാര്യത്തില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ചാനലില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ജനം അറിഞ്ഞു വോട്ടുചെയ്തതുകൊണ്ടാണ് പാര്‍ട്ടിക്ക് ലോക്‌സഭയില്‍ ആരുമില്ലാതെ പോയത്. സി.പി.എമ്മുകാരുടെ ഔദ്ധത്യത്തിന് ചുട്ട മറുപടി നല്‍കാനാണ് ജനം സി.പി.ഐ.ക്കാരെ തോല്പിച്ചതെന്ന് മാര്‍ക്‌സ്, ലെനിന്‍ ആദിയായവരുടെ പ്രോഗ്രസ് ബുക്‌സ് എഡിഷനുകള്‍ വായിച്ച് വിലയിരുത്തി സി.പി.ഐ. സംസ്ഥാന കമ്മിറ്റി കണ്ടെത്തുകയുണ്ടായി.

ഒരുഘട്ടം കഴിഞ്ഞാല്‍ പിന്നെ ഒന്നും പ്രശ്‌നമല്ല. നോക്കുകൂലിയെ പിണറായി വിജയനും സി.ഐ.ടി.യു.വും തള്ളിപ്പറഞ്ഞെന്നു കരുതി അത് ഗാന്ധിയന്‍ അധികാരവികേന്ദ്രീകരണമാണെന്ന് പറഞ്ഞ് പിന്താങ്ങാന്‍ രമേശ് ചെന്നിത്തലയെപ്പോലും കിട്ടില്ല. പക്ഷേ, സി.പി.ഐ.ക്കാരെ കിട്ടും. നോക്കുകൂലി എന്ന പേര് ശരിയല്ലെന്നേ ഉള്ളൂ. സംഗതി നഷ്ടപരിഹാരമാണ്. എന്തിനുള്ള നഷ്ടപരിഹാരം? ഒരു ടെക്‌നോളജി വന്ന് ഒരാള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടാല്‍ അയാള്‍ അവിടെ ബീഡിവലിച്ച് നിന്നാല്‍ മതി. പുതിയ ടെക്‌നോളജി ഉപയോഗിക്കുന്ന ആള്‍ നഷ്ടപരിഹാരം കൊടുത്തുകൊള്ളും. മാര്‍ക്‌സും ലെനിനും എഴുതിയിട്ടുണ്ട് അങ്ങനെ. അപ്രകാശിത കൃതികളിലുള്ളത് എ.ഐ.ടി.യു.സി.ക്കാര്‍ ഈയിടെ എം.എന്‍. മന്ദിരത്തിലെ തട്ടിന്‍പുറത്ത് കണ്ടെത്തിയതാണ്. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സൈക്കിള്‍ റിക്ഷ വന്നപ്പോള്‍ തൊഴില്‍ പോയ വെറുംറിക്ഷ, ഓട്ടോറിക്ഷ വന്നപ്പോള്‍ പണി പോയ സൈക്കിള്‍ റിക്ഷ, കാറുവന്നപ്പോള്‍ പണി പോയ ഓട്ടോഡ്രൈവര്‍…. തുടങ്ങിയ എണ്ണമറ്റ ജനവിഭാഗങ്ങളെ നഷ്ടപരിഹാരസമരത്തിന് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എ.ഐ.ടി.യു.സി. ഇനി പിടിച്ചാല്‍ കിട്ടില്ല, സി.പി.എമ്മിനെ തോല്പിക്കും.വയലാര്‍ വിപ്ലവപാരമ്പര്യമൊക്കെയുണ്ടെങ്കിലും പച്ചപ്പാവമാണ് സി.കെ. ചന്ദ്രപ്പനെന്നാണ് ജനം മാത്രമല്ല സി.പി.എമ്മുകാരും ധരിച്ചിരുന്നത്. വേണ്ടാതീനമൊന്നും വിളിച്ചുപറയാറില്ല. പച്ചവെള്ളം കടിച്ചിറക്കുകയും ചെയ്യും. പക്ഷേ, സി.പി.ഐ. സെക്രട്ടറിയായതില്‍പ്പിന്നെ ലാവലിന്‍ അഴിമതിയെക്കുറിച്ചാണ് പ്രധാന ചിന്ത. പഠന കോണ്‍ഗ്രസ്സില്‍ പോയിട്ടും അഴിമതിയെക്കുറിച്ചാണ് പ്രസംഗിക്കുന്നതെങ്കില്‍ ഗൗരവത്തിലെടുക്കേണ്ട രോഗമാണ്. ഇരിക്കുന്ന കസേരയിലാണ് കുഴപ്പം. അതൊന്നും പുതിയ ജീനുകള്‍ മൂലമല്ലെന്നും 1964-ലെ ജീനുകള്‍ തന്നെയാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും മാധ്യമ-രാഷ്ട്രീയ ജീന്‍ ടെക്‌നോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Go Top