കൈവിടുന്ന മാന്യത

ഇന്ദ്രൻ

മാധ്യമങ്ങള്‍ നിന്ദ്യമായ രീതി തുടര്‍ന്നാല്‍ തങ്ങള്‍ മാന്യത കൈവിടുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മാന്യത കൈവിട്ടിട്ടില്ല, കൈവിടാന്‍ പോകുന്നതേയുള്ളൂ. കൈവിടുന്നതിനു മുമ്പത്തെ മാന്യത കാണുമ്പോള്‍ മറ്റേത് എന്താവും എന്ന് സങ്കല്പിക്കുക പ്രയാസമാണ്. കൊല്ലന്റെ ആലയില്‍ കെട്ടിയ ആടിനെപ്പോലെ കുറേയായി നിരന്തരം ഞെട്ടുകയായിരുന്നു ജനം. മാന്യത മുഴുവനായി കൈവിട്ടാല്‍ അടി ആടിന്റെ തലയ്ക്കാവാന്‍ വലിയ താമസമുണ്ടാവില്ല. പിന്നെ ഞെട്ടേണ്ടിവരില്ല.

നാലു വര്‍ഷത്തെ മാന്യമായ രീതിയുടെ ഫലമായി ആസ്​പത്രിയിലായ വിമര്‍ശകരുടെയും രാഷ്ട്രീയ എതിരാളികളുടെയും എണ്ണം ചെറുതൊന്നുമല്ല. ഏറ്റവും ഒടുവില്‍ ആ കൂട്ടത്തിലേക്കു വന്നത് സി.ആര്‍. നീലകണ്ഠനാണ്. കുറച്ച് വൈകിപ്പോയി. ഹൈദരാബാദിലെ കെല്‍ട്രോണ്‍ ഓഫീസില്‍ വെറുതെ കുത്തിയിരുന്ന് ഒരു പണിയും ചെയ്യാതെ ശമ്പളം വാങ്ങാനുള്ള അവസരം കൊടുത്തിട്ട് അതു ചെയ്യാതെ പാര്‍ട്ടിക്കെതിരെ പ്രസംഗിക്കുകയും ലേഖനമെഴുതുകയും ചെയ്യുന്ന ഇടതുപിന്തിരിപ്പനാണ് ഈ നീലാണ്ടന്‍. എത്ര കാലമായി പാര്‍ട്ടി അക്ഷമരായി ഇതു കണ്ടുനില്‍ക്കുന്നു.

പ്ലാച്ചിമട ജലചൂഷണത്തിനും എക്‌സ്​പ്രസ് ഹൈവേക്കും കരിമണല്‍ ഖനനത്തിനും മുത്തങ്ങ വെടിവെപ്പിനും എതിരെ പൊരുതിയതെല്ലാം ശരി. അതൊക്കെ യു.ഡി.എഫ്. അതിക്രമങ്ങളായിരുന്നല്ലോ. നമുക്കൊട്ടും വിരോധമില്ല. അവിടംകൊണ്ട് നിര്‍ത്താതെ ചെങ്ങറയിലും മൂലമ്പള്ളിയിലും ടിയാന്‍ ഇടപെട്ടുകളഞ്ഞു. അതും സഹിക്കാം. എന്തു കണ്ടിട്ടാണ് ലാവലിന്‍ എന്നും പറഞ്ഞ് വാളെടുത്തത്? ‘കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി തുറന്നുകാണിക്കുന്ന രേഖകള്‍’ എന്ന് ലേബലൊട്ടിച്ച ഒരു പുസ്തകം എഴുതി ഇങ്ങേര് നാടുമുഴുക്കെ പ്രചരിപ്പിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനോ രാഷ്ട്രീയപ്രവര്‍ത്തകനോ അല്ലാത്ത ഒരു നീലാണ്ടന്‍ എന്തിനാണ് ഇത്തരം പുസ്തകങ്ങള്‍ എഴുതുന്നത്. കേരളത്തില്‍നിന്ന് നാടുകടത്തിയാലെങ്കിലും ഈ വിദ്വാന്‍ പാഠം പഠിക്കുമെന്ന് വിചാരിച്ചു. പ്രയോജനമുണ്ടായില്ല. നാട് കടത്തല്‍ വിവാദം ആയതോടെ നീലാണ്ടന്റെ ഡിമാന്‍ഡ് കൂടി, ഒപ്പം പ്രസംഗത്തിന്റെ വോള്യവും കൂടി. പാര്‍ട്ടിയെ കൈവിട്ട മുന്‍ പാര്‍ട്ടിയംഗത്തിനോട് സാധാരണ ഇത്ര ക്ഷമയൊന്നും കാട്ടാറില്ല.

നീലകണ്ഠനു പാലേരിയില്‍ കൊടുത്തത് മാന്യമായ ഇനമാണ് എന്ന് പറയാന്‍ കാരണമുണ്ട്. പ്രസംഗിച്ച് ക്ഷീണിച്ച ശേഷമല്ല കൈവെച്ചത്. തുടങ്ങുംമുമ്പ് കൊടുത്തു. ഈ ഇനത്തില്‍പ്പെട്ട ആദ്യപ്രതികരണമാണിത്. പയ്യന്നൂരില്‍ സക്കറിയയെ കൈകാര്യം ചെയ്തതില്‍നിന്ന് ഇതിനു വ്യത്യാസമുണ്ട്. സക്കറിയ, നീലാണ്ടന്റെ അത്ര പാര്‍ട്ടിവിരുദ്ധനല്ല. എന്നുവെച്ച് രാജ്‌മോഹന്‍ ഉണ്ണിത്താനെ ന്യായീകരിക്കുന്നത് സഹിക്കാന്‍ പറ്റുമോ? പഴയകാല സഖാക്കള്‍ ഒളിവില്‍ വേറെയെന്തോ മാന്യമല്ലാത്ത കാര്യങ്ങള്‍ ചെയ്യുകയായിരുന്നു എന്നുപറഞ്ഞാല്‍ സഹിക്കുമോ? എങ്കിലും പ്രസംഗം തീരും വരെ ക്ഷമിച്ചു. നീലാണ്ടന്റെ പ്രസംഗം തുടങ്ങിയിട്ടുപോലുമുണ്ടായിരുന്നില്ല. ”മൈക്കിനു മുന്നില്‍ വന്നുനിന്ന് സുഹൃത്തുക്കളേ” എന്നു വിളിക്കുംമുമ്പ് സംഗതി നടന്നിരുന്നു. അദ്ദേഹം എന്തുപറയുന്നു എന്നറിയാന്‍ പ്രസംഗം കേള്‍ക്കേണ്ട കാര്യമൊന്നുമില്ല. അതുകൊണ്ടാണ് സംഗതി അഡ്വാന്‍സായി കൊടുത്തത്. ഇനിയുള്ള കാലത്ത് ഓരോരുത്തര്‍ പ്രസംഗിക്കാന്‍ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ത്തന്നെ അര്‍ഹതപ്പെട്ടത് തരാന്‍ സംവിധാനമേര്‍പ്പെടുത്തുന്നതാണ്.

നീലാണ്ടന്‍സംഭവത്തെക്കുറിച്ച് മാര്‍ക്‌സിസ്റ്റ് വിരുദ്ധന്മാര്‍ കടുത്ത കുപ്രചാരണം തുടങ്ങിയിട്ടുണ്ടല്ലോ. വലതുപക്ഷ അസാംസ്‌കാരിക നായകന്മാര്‍ പ്രസ്താവനകള്‍ ഇറക്കുന്നുണ്ട്. അതൊന്നും പാര്‍ട്ടി അന്ധവിശ്വാസികള്‍ വിശ്വസിക്കാന്‍ പോകുന്നില്ല. എന്താണ് വിശ്വസിക്കേണ്ടത് എന്ന് പാര്‍ട്ടിപത്രത്തില്‍ കൊടുത്തിട്ടുണ്ട്. അതിന്റെ ചുരുക്കം ഇങ്ങനെ…. ”നീലകണ്ഠന്‍ പാലേരിയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. യഥാര്‍ഥ കമ്യൂണിസ്റ്റുകാര്‍ മാവോയിസ്റ്റുകളാണെന്നും പട്ടാളക്കാരെ കൊന്നത് ശരിയാണെന്നും പ്രസംഗിച്ചതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. അതിനെ ചോദ്യം ചെയ്തപ്പോള്‍ നീലകണ്ഠന്‍ മോശമായി പ്രതികരിച്ചു. സ്റ്റേജില്‍ നിന്നിറങ്ങുമ്പോള്‍ നീലകണ്ഠന് വീണു ചെറിയ പരിക്കേറ്റു….” എന്താണ് വസ്തുനിഷ്ഠ റിപ്പോര്‍ട്ട് എന്ന്, സിന്‍ഡിക്കേറ്റ് പത്രക്കാര്‍ ഇതുവായിച്ച് പഠിക്കട്ടെ. വളച്ചൊടിപ്പുമില്ല, അടിച്ചുപരത്തുമില്ല. ചെങ്കൊടികെട്ടിയ സത്യം.
എന്നാലും നീലാണ്ടന്മാര്‍ പാഠം പഠിക്കാന്‍ ഇടയില്ല. വയറ്റുപിഴപ്പിനു നടക്കുന്ന മാധ്യമക്കാരുണ്ടല്ലോ, അവരെങ്കിലും പഠിക്കട്ടെ. മുന്‍കാലങ്ങളിലൊക്കെ എതിര്‍ രാഷ്ട്രീയക്കാരെ മാത്രമേ കൈകാര്യം ചെയ്യാറും കാലപുരിക്ക് അയയ്ക്കാറുമെല്ലാമുള്ളൂ. എം.എന്‍. വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പാര്‍ട്ടി പത്രത്തിലൂടെ 24 കാരറ്റ് മാന്യതയുള്ള മുട്ടന്‍ ലേഖനപ്രഹരങ്ങളേ നല്‍കാറുള്ളൂ. കാലം മാറി. കെ.എസ്. ഹരിഹരനായാലും എം.ആര്‍. മുരളിയായാലും സക്കറിയയായാലും നീലാണ്ടനായാലും അര്‍ഹിക്കുന്നത് അടിയാണ്. ഇനിയും കുറേയെണ്ണമുണ്ട്. വണ്‍ ബൈ വണ്‍ തരാം.

** ** **

ശുദ്ധനും വന്ദ്യവയോധികനുമായ മുഖ്യമന്ത്രിയെ കുടില ബുദ്ധികളായ മാധ്യമശിശുക്കള്‍ ചേര്‍ന്ന് തെറ്റിദ്ധരിപ്പിക്കുന്നതില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് കഠിനമായ ദുഃഖമുണ്ട്. ഇ.കെ. നായനാരുടെ നല്ല ഗുണങ്ങളെന്തെല്ലാമെന്ന് പിണറായി വിജയന്‍ വിവരിച്ചാല്‍, ആ ഗുണങ്ങളൊന്നും ഇല്ലാത്ത ആളാണ് വി.എസ്. എന്നാണ് അര്‍ഥമെന്ന് ഈ ശിശുക്കള്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നു. നായനാര്‍ പാര്‍ട്ടിയെ അനുസരിക്കുന്ന മുഖ്യമന്ത്രിയായിരുന്നു എന്ന് പറഞ്ഞാല്‍ അതിനര്‍ഥം വി.എസ്. അനുസരിക്കാത്ത മുഖ്യമന്ത്രിയാണ് എന്നാണ്. നായനാര്‍ നല്ല ടീം ലീഡര്‍ ആയിരുന്നു എന്നു പറഞ്ഞാല്‍ അര്‍ഥം, വി.എസ്. സെല്‍ഫ് ഗോള്‍ അടിക്കുന്ന ആളായിരുന്നു എന്നാണ്. നായനാര്‍ കയ്യൂര്‍ സമരനായകനാണ് എന്നു പറഞ്ഞാല്‍, വി.എസ്. പുന്നപ്ര-വയലാറിന്റെ നാലയലത്ത് പോയിട്ടില്ല എന്നര്‍ഥം. അങ്ങനെ പോകുന്നു വ്യാഖ്യാനങ്ങള്‍.
ഈ വ്യാഖ്യാനങ്ങളെല്ലാം കേട്ട് പാവം വി.എസ്. തെറ്റിദ്ധരിക്കുന്നു.

”പിണറായി വിജയന്‍ താങ്കളെപ്പറ്റി ഇങ്ങനെ പറഞ്ഞല്ലോ”എന്ന് ഏതോ മാധ്യമശിശു ചോദിച്ചപ്പോഴേക്ക് അതു സത്യമാണെന്ന് മുഖ്യമന്ത്രിക്ക് തോന്നിപ്പോകുന്നു. പാര്‍ട്ടി സെക്രട്ടറിയിലുള്ളതിലേറെ വിശ്വാസം മുഖ്യമന്ത്രിക്ക് മാധ്യമശിശുക്കളിലുണ്ടാകുന്നതു മാധ്യമശിശുക്കളുടെ കുറ്റം തന്നെയാണ്. ജനത്തിന്റെ കാര്യവും അങ്ങനെത്തന്നെ. പ്രസംഗം ലൈവ് ആയി കേട്ടാലും അതല്ല വിശ്വസിക്കുക. അതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. ഇനി ഇതു കേട്ട് കാരാട്ടും പൊളിറ്റ് ബ്യൂറോക്രാറ്റുകളും തന്നെ അവിശ്വസിച്ചേക്കുമോ എന്ന് പാര്‍ട്ടി സെക്രട്ടറിക്ക് സംശയം തോന്നാം. മഹാ കഷ്ടപ്പാടുതന്നെ.

** ** **

സി.പി.എമ്മിനെ മാത്രം ബാധിച്ചിരുന്ന വാര്‍ത്തചോര്‍ത്തല്‍ രോഗം മുസ്‌ലിം ലീഗിനെയും ബാധിച്ചിരിക്കുന്നു. പകര്‍ച്ചവ്യാധിയാകാനാണ് സാധ്യത. ഇത് ലീഗിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആരെങ്കിലും പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തയൊന്നുമല്ല. പി.കെ. കുഞ്ഞാലിക്കുട്ടി സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.

ചര്‍ച്ചയാകട്ടെ, മറ്റെന്തെങ്കിലുമാകട്ടെ രാഷ്ട്രീയനേതാവിനു രഹസ്യമായി ഇടപാടൊന്നും പാടില്ലത്രെ. ഇതെന്ത് ന്യായമാണ്, എന്ത് രാഷ്ട്രീയപ്രവര്‍ത്തനസ്വാതന്ത്ര്യമാണ് സുഹൃത്തേ? ജമാഅത്തെ ഇസ്‌ലാമി അറുപിന്തിരിപ്പന്‍ വര്‍ഗീയ ഫാസിസ്റ്റ് കച്ചറ പാര്‍ട്ടിതന്നെ. പണ്ടു കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സംഘടനയാണ്. അതിന്റെ കാരണമൊന്നും ചോദിക്കരുത്. അത്തരമൊരു സംഘടനയെ മുസ്‌ലിം ലീഗ് ഗ്ലൗസിട്ട കൈകൊണ്ടുപോലും തൊടില്ല. പക്ഷേ, അതിനര്‍ഥം രഹസ്യം പാടില്ല എന്നാണോ?

പുറത്തറിഞ്ഞാല്‍ മോശമായ കാര്യങ്ങളാണ് പൊതുവെ മനുഷ്യര്‍ രഹസ്യമായി ചെയ്യാറുള്ളത്. ജീവിതത്തിലും രാഷ്ട്രീയത്തിലും അങ്ങനെ തന്നെ. രാഷ്ട്രീയത്തില്‍ രഹസ്യമേ പാടില്ല എന്നു പറയാന്‍ നമ്മളാരും മഹാത്മാഗാന്ധിയല്ലല്ലോ. പുറത്തറിയാന്‍ കൊള്ളാത്ത കാര്യങ്ങള്‍ ചെയ്യുന്നതല്ല തെറ്റ്, അങ്ങനെ ചെയ്യുന്ന കാര്യങ്ങള്‍ പുറത്തറിയിക്കുന്നതാണ് തെറ്റ്. ഇതിനു മുമ്പും ശത്രുക്കള്‍ ഇത്തരം ചില രഹസ്യങ്ങള്‍ നമ്മുടെ മേല്‍ ആരോപിച്ചിട്ടുണ്ട്. നമ്മള്‍ അതിനെയെല്ലാം മറികടന്നില്ലേ മക്കളേ…പുലിയല്ല, പുപ്പുലിയാണ് കേട്ടാ…

** ** **

കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്സില്‍ അംഗത്വത്തില്‍ ഇടിവുണ്ടായെന്നറിഞ്ഞ് ഹൈക്കമാന്‍ഡ് അസ്വസ്ഥമായത്രെ. അതില്‍ അത്ഭുതമില്ല. യുത്തിനെ ശാക്തീകരിക്കാന്‍ യുവരാഹുല്‍ രാവും പകലുമില്ലാതെ പറന്നുനടക്കുന്നു, കോളേജുകളില്‍ കയറി ഓട്ടോഗ്രാഫ് ഒപ്പിടുന്നു, വഴിയിലെ ഹോട്ടലില്‍ കയറി വഷള് ചായകുടിക്കുന്നു. ഈ ത്യാഗത്തിനെല്ലാം ശേഷവും അംഗത്വം കൂടുന്നില്ലെങ്കില്‍ എന്തോ കാര്യമായ പ്രശ്‌നമുണ്ടെന്ന് ഉറപ്പ്.

മെമ്പര്‍ഷിപ്പ് എടുക്കുക പോലുള്ള ദുശ്ശീലങ്ങള്‍ പതിവില്ലാത്ത സംഘടനയാണത്. ഇതിലാണ് രാഹുല്‍ജി മുന്‍പിന്‍ നോക്കാതെ ഇങ്ങനെ ഓരോ പരിഷ്‌കാരം കൊണ്ടുവരുന്നത്. സ്വമേധയാ പോയി അംഗത്വം എടുക്കുന്ന രീതി ഈ പ്രസ്ഥാനത്തിലില്ല. അംഗത്വം കൊണ്ടെന്താണ് പ്രയോജനം ? ഗ്രൂപ്പുകള്‍ സ്ഥാനങ്ങള്‍ പിടിച്ചെടുക്കാനാണ് മെമ്പര്‍മാരെ ചേര്‍ക്കാറുള്ളത്. ഗ്രൂപ്പ് വാശി കൂടുന്നതിനനുസരിച്ച് മെമ്പര്‍ഷിപ്പും കൂടും. വോട്ടേഴ്‌സ് ലിസ്റ്റ് നോക്കിയാണ് മെമ്പര്‍മാരെ ചേര്‍ക്കാറുള്ളത്. തികച്ചും ജനാധിപത്യപരവും മാന്യവുമായ രീതിയാണത്. ആവശ്യത്തിനുള്ള കാശേ കൈയില്‍ കാണേണ്ടൂ. അങ്ങുമിങ്ങും അലഞ്ഞ് ചെരിപ്പ് തേയേണ്ട കാര്യമൊന്നുമില്ല.

ഗ്രൂപ്പുകള്‍ പാടില്ല, മെമ്പര്‍ഷിപ്പ് എമ്പാടും വേണം എന്ന് പറഞ്ഞിട്ട് കാര്യമില്ല. വോട്ടെടുപ്പു നടക്കുമെന്ന് ഉറപ്പില്ലാതെ എന്തിനു പരക്കെ മെമ്പര്‍ഷിപ്പ് ചേര്‍ക്കണം? പണം മുടക്കി വോട്ടര്‍മാരെ ചേര്‍ത്ത ശേഷം നിങ്ങള്‍ സ്ഥാനങ്ങള്‍ ഓഹരി വെക്കുകയാണെങ്കില്‍ പണം മുടക്കിയവന്റെ വയറ്റത്തടിയാവില്ലേ സാര്‍ ?

Leave a Reply

Your email address will not be published. Required fields are marked *

Go Top